ഒരു രാജ്യത്ത് ഒരു മതതീവ്ര രാഷ്ട്രീയ കക്ഷി ഭരണം നടത്തുന്നു എന്നതിന് സാമാന്യ അർത്ഥം മാത്രമല്ല ഉള്ളത്. അതിൻ്റെ നാനാർത്ഥങ്ങൾ ദൂരവ്യാപകവും ഭീകരവുമാണ്. പ്രത്യക്ഷ രാഷ്ട്രീയ രംഗത്ത് മാത്രമല്ല പ്രത്യാഘാതം ഉണ്ടാവുക. സാമൂഹ്യവും സാംസ്കാരികവുമായ സകല ജീവിതമേഖലകളിലും അത് പ്രതിഫലിക്കും. കുടുംബം അയൽപക്കം തുടങ്ങിയ സാമൂഹ്യ ബന്ധങ്ങളെ ശിഥിലമാക്കും. മനുഷ്യബന്ധങ്ങളിൽ നിന്ന് അത് സ്നേഹത്തെ നിർമ്മാർജ്ജനം ചെയ്യുന്നതിൻ്റെ നിരവധി ഉദാഹരണങ്ങൾ വാർത്തകളിൽ നിറയുന്നുണ്ട്.
ഒരു മതരാഷ്ട്രീയ കക്ഷിക്ക് ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കാനാവില്ല എന്നതാണ് പ്രധാന സംഗതി. അങ്ങനെ പ്രവർത്തിച്ച ചരിത്രയില്ല. അവരുടെ ആദ്യ അജണ്ട നിലവിലുള്ള ജനാധിപത്യ സംവിധാനത്തെ തകർക്കുക എന്നതായിരിക്കും. സർവ്വാധിപത്യവും ഫാസിസവുമാണ് മതരാഷ്ട്രീയത്തിൻ്റെ മാർഗ്ഗങ്ങളായി കണ്ടിട്ടുള്ളത്. അത്തരം അവസ്ഥയിലൂടെ നമ്മുടെ രാജ്യം കടന്നു പോവുന്നതിൻ്റെ അനുഭവങ്ങളാണ് ചുറ്റും. വിഭജനവും വിദ്വേഷവും സമസ്ത മേഖലയിലും മുറിവേൽപ്പിച്ചു കൊണ്ടിരിക്കയാണ്. നവോത്ഥാനത്തിലൂടെ ജനാധിപത്യവൽക്കരിക്കപ്പെട്ട കേരളം പോലുള്ള സമൂഹങ്ങൾക്കും അതിൻ്റെ ആക്രമണങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാവില്ല. ജാതിമേതാവിത്തവും സവർണ്ണമൂല്യങ്ങളും പുനരവതരിച്ച് അംഗീകരം നേടിക്കൊണ്ടിരിക്കുന്നു. മനുഷ്യൻ അവൻ്റെ സ്വത്വങ്ങളിലേക്ക് ചുരുങ്ങുന്നു. ജനകീയരാഷ്ട്രീയത്തിനു ബദലായി സ്വത്വരാഷ്ട്രീയം എന്ന അപകടം അരങ്ങേറുന്നു.
സ്വത്വരാഷ്ട്രീയത്തിൻ്റെ അപകടത്തെക്കുറിച്ച് നാം നേരത്തേ തിരിച്ചറിഞ്ഞിട്ടുണ്ട്. വർഗ്ഗ ജനാധിപത്യ പ്രസ്ഥാനങ്ങളിൽ അണിനിരക്കേണ്ട പണിയെടുക്കുന്ന ജനങ്ങൾ – പിന്നാക്ക, ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങൾ – ജാതിയും ഉപജാതിയുമായി വിഭജിക്കപ്പെട്ടു സംഘടിക്കുന്നതിനെയാണ് സ്വത്വരാഷ്ട്രീയമായി പൊതുവെ നാം കാണുന്നത്. ഇങ്ങനെ തൊഴിലെടുക്കുന്ന ജനങ്ങൾ സ്വത്വത്തിൻ്റെ പേരിൽ വിഭജിക്കപ്പെട്ട് ശക്തിഹീനമായി തീരുന്നതിൻ്റെ കാരണങ്ങളും അന്വേഷിക്കേണ്ടതുണ്ട്.
വിഭിന്ന സ്വത്വവാദങ്ങൾ ഉണർന്ന് ശക്തിപ്പെട്ടു വരുന്നതിന് ഇന്നത്തെ പ്രധാന കാരണം വ്യവസ്ഥയുടെ ഭാഗമായ ഒരു സവർണ്ണ പുരോഹിതസ്വത്വം അധികാരത്തിൽ വന്നിരിക്കുന്നു എന്നതാണ്. തങ്ങളെ സാമൂഹ്യമായും സാംസ്കാരികമായും ചവിട്ടിയരക്കുന്ന ബ്രാഹ്മണിക് പ്രത്യയശാസ്ത്രത്തിൻ്റെ അധികാരാരോഹണം വ്യത്യസ്ത ജീവിതരീതികൾ പിന്തുടരുന്ന ജനങ്ങളെ അസ്വസ്ഥരാക്കുന്നു. ഇത് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ഭൂരിപക്ഷമാണ് ന്യൂനപക്ഷത്തെ ഉണ്ടാക്കുന്നത്; മറിച്ചല്ല എന്ന് ഭരണഘടനാ അസംബ്ലിയിൻ അംബേദ്ക്കർ നടത്തിയ പ്രസ്താവന ഇവിടെ പ്രസക്തമാണ്.
ബ്രാഹ്മണിക് സ്വത്വവാദത്തിൻ്റെ ആരോഹണം എല്ലാവിധ മേധവിത്തബോധങ്ങളേയും അധികാരഘടകങ്ങളേയും സ്വാധീനിക്കുന്നുണ്ട്. “തിരുമേനി”മാർ മാത്രമല്ല “തറവാടിനായർ”, “തറവാടി ഈഴവൻ”, “സവർണ്ണ ക്രിസ്ത്യാനി” തുടങ്ങിയ അഹങ്കാരങ്ങളും തിരിച്ചു വരുന്നു. ബ്രാഹ്മണിക് പ്രത്യയശാസ്ത്രത്തോടുള്ള വിമർശനം ബ്രാഹ്മണജാതിയിൽ ജനിച്ച മനുഷ്യരോടുള്ള എതിർപ്പായി കാണരുത്. അങ്ങനെ ഒരു പ്രവണതയുണ്ട്. ഒരു കാര്യം ഓർമ്മിക്കണം: പൗരോഹിത്യ ജാതിമേധാവിത്തത്തിൻ്റെ ആക്രമണം അനുഭവിച്ചത് അധസ്ഥിതർ മാത്രമല്ല. ചരിത്രം പരിശോധിച്ചാൽ അത് മനസ്സിലാക്കാനാവും. പൗരോഹിത്യ ജാതികളിൽ ഉൾപ്പെട്ട മനുഷ്യരെക്കൂടി അത് ഇരകളാക്കിയിരുന്നു. നവോത്ഥാനം മനുഷ്യരാക്കി മോചിപ്പിച്ചത് കേരളത്തിലെ മുഴുവൻ മനുഷ്യരേയുമാണ്.
നവോത്ഥാനത്തിനു മുമ്പുള്ള കേരളീയ സമൂഹത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കുക. (“പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം” പി.ഭാസ്ക്കരനുണ്ണി; കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണം.) മൃഗത്തേക്കാൾ അധഃപതിച്ച ജീവിതമായിരുന്നു നമ്പൂതിരിമാരുടേതെന്ന് വി.ടി. രേഖപ്പെടുത്തിയിട്ടുണ്ട്. (കണ്ണീരും കിനാവും). സമ്പത്തുണ്ടായിട്ടും മാനം മറക്കുന്ന വിധമുള്ള വസ്ത്രം ധരിക്കാൻ പോലും അവകാശമില്ലാതെ ജീവിച്ച കാലത്തെക്കുറിച്ച് ദേവകി നിലയങ്ങോട് എഴുതുന്നു. (നഷ്ടബോധങ്ങളില്ലാതെ.) ദുരവസ്ഥയിലെ നായകൻ ചാത്തനും നായിക സാവിത്രിയും ഒരുപോലെ വ്യവസ്ഥയുടെ അടിമകളായിരുന്നു. ഇരുവർക്കും അക്ഷരം പഠിക്കാൻ അവകാശമുണ്ടായിരുന്നില്ല. ഇരുവർക്കും ശരീരം മറക്കാനോ അക്ഷരം പഠിക്കാനോ പാടില്ലായിരുന്നു. സ്വന്തം അച്ഛനെ തൊടാൻ അവകാശമില്ലാത്ത മക്കളുടെ കാലമായിരുന്നു അത്. ഇല്ലങ്ങളിലേയും കൊട്ടാരക്കെട്ടുകളിലേയും ദാമ്പത്യം തികച്ചും ആചാരപരവും യാന്ത്രികവുമായിരുന്നു. അഫന്മാരുടേയും അന്തർജ്ജനങ്ങളുടേയും കണ്ണീരിൽ നിന്നാണല്ലോ വി.ടി.യും ഇ.എം.എസും ജനാധിപത്യത്തെ കിനാവു കണ്ടത്.
ആർ.എസ്.എസ് വാഴ്ചയിലൂടെയും ജാതി മേധാവിത്തത്തിൻ്റെ പുന:സ്ഥാപനത്തിലൂടെ തങ്ങൾക്ക് നഷ്ടപ്പെട്ട സമ്പത്തും പ്രിവിലേജുകളും തിരിച്ചു കിട്ടുമെന്ന് സവർണ്ണ ജാതി സമൂഹങ്ങളിൽ ജീവിക്കുന്നവർ കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഡികളുടെ സ്വർഗ്ഗത്തിലാണ്. വിദ്വേഷങ്ങൾ പ്രചരിപ്പിച്ച് വിഭജനം നടത്തി ഇന്ത്യൻ സമൂഹത്തെ മൂലധന സാമ്രാജ്യത്വത്തിന് കീഴ്പ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ജാതി മേധാവിത്തത്തിൻ്റെ പുനഃസ്ഥാപനം. ♦