Sunday, April 28, 2024

ad

Homeലേഖനങ്ങൾഅഴകിലേക്ക് മാറുന്ന കോഴിക്കോട്

അഴകിലേക്ക് മാറുന്ന കോഴിക്കോട്

ഡോ. ജയശ്രീ

ട്ടനവധി കാരണങ്ങളാൽ പ്രത്യേകതകളുള്ള ഒരു നഗരമാണ് കോഴിക്കോട്. ലോകത്തിലെതന്നെ അതിവേഗം വളർന്നുവരുന്ന നഗരങ്ങളിൽ ഒന്ന്.ബേപ്പൂർ മുതൽ പുതിയാപ്പ വരെ മനോഹരമായി നിവർന്നുനിൽക്കുന്ന 23 കിലോമീറ്ററോളം നീളമുള്ള കടലോരം നഗരത്തിന്റെ ഉമ്മറപ്പടി പോലെ നിൽക്കുന്നു.സത്യസന്ധതയ്‌ക്കും , സ്നേഹം തുളുമ്പുന്ന ആതിഥേയ മര്യാദയ്‌ക്കും തനതായ കലാ സാംസ്കാരിക തനിമയ്‌ക്കും വിശിഷ്ടമായ മതസൗഹാർദ്ദത്തിനും
പേരുകേട്ട നഗരം.കൂടിയ ജനസാന്ദ്രതയും ഈർപ്പം നിലനിൽക്കുന്ന മണ്ണും നഗരത്തിന്റെ പ്രത്യേകതകളിൽ പെടും. ഏകദേശം ഏഴ് ലക്ഷത്തിനടുത്ത് ആളുകൾ താമസിക്കുന്ന നഗരമാണ് കോഴിക്കോട്. നഗരത്തിന്റെ ഈ പ്രത്യേകതകൾ മനസ്സിൽ വച്ചുമാത്രമേ നഗരത്തിന്റെ ആരോഗ്യത്തെയും ശുചിത്വത്തെയും കുറിച്ച് ചിന്തിക്കാൻ കഴിയുകയുള്ളൂ.തൊള്ളായിരത്തി എൺപതുകളുടെ തുടക്കത്തിലാണ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം അധികരിക്കാൻ തുടങ്ങിയത്.തുടക്കത്തിൽ ക്രമമായി ഉയർന്ന ഉപഭോഗം 2000 ആകുമ്പോഴേക്കും അതിന്റെ പാരമ്യതയിൽ എത്തി.ഇപ്പോഴും അത് തുടർന്നുകൊണ്ടേയിരിക്കുന്നു എന്ന യാഥാർഥ്യമാണ്.

ഭാരക്കുറവ് കൊണ്ടും ദീർഘകാലം നിലനിൽക്കുന്നതു കൊണ്ടും മറ്റ് പല വസ്തുക്കളിൽ നിന്നും വ്യത്യസ്തമായ ഉപയോഗം ഉള്ളതാണ് പ്ലാസ്റ്റിക്കുകൾ. പക്ഷേ ഉപയോഗം കഴിഞ്ഞശേഷം ഇതിനെ എന്താണ് ചെയ്യുക എന്നതിനെക്കുറിച്ച് ആർക്കും ധാരണ ഇല്ലാതെയായി. മാത്രവുമല്ല ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളും വലിയതോതിൽ വർദ്ധിച്ചുവന്നു. ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയേണ്ടതാണെന്നോ കത്തിച്ചു കളയേണ്ടതാണെന്നോ ഉള്ള ബോധം ജനങ്ങളിൽ ഉണ്ടായി.കത്തിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും വലിച്ചെറിയുമ്പോൾ പരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാകുമെന്ന് പിന്നീട് മനസ്സിലാക്കിയെങ്കിലും ജനങ്ങൾ അതിൽ നിന്നും മാറാൻ മടിച്ചു. വ്യാപകമായി പ്ലാസ്റ്റിക് കത്തിക്കുവാൻ തുടങ്ങിയപ്പോഴാണ് കത്തിക്കരുത് എന്ന് നിയമം വരുന്നത്. പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പാരിസ്ഥിതിക-‐ആരോഗ്യ പ്രശ്നങ്ങളക്കുറിച്ച് ഇന്ന് എല്ലാവർക്കും അറിയാം. പക്ഷേ ഓരോരുത്തരും കരുതുന്നത്, അത് ഞാൻ ഒഴികെ മറ്റുള്ളവർ എല്ലാവരും ചെയ്യേണ്ടതാണെന്നാണ്. പ്ലാസ്റ്റിക് വസ്തുക്കൾ അജൈവമാലിന്യം എന്ന തരത്തിലാണ് വരിക. അതിനെ തരംതിരിച്ച് പുനരുപയോഗത്തിന് സാധ്യമാക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗം. നമ്മുടെ ഉപയോഗം കഴിഞ്ഞാൽ മൂന്നോ നാലോ തരമായി തിരിച്ചു വീടുകളിൽ സൂക്ഷിച്ച്‌ അത് ശേഖരിക്കാൻ വരുന്നവർക്ക് കൈമാറണം. അവിടെനിന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ മെറ്റീരിയൽ കളക്ഷൻ കേന്ദ്രങ്ങളിൽ എത്തിച്ചു അവ വീണ്ടും തരംതിരിക്കാം. അവിടെനിന്ന് മെറ്റീരിയൽ റിക്കവറി കേന്ദ്രങ്ങളിൽ എത്തിച്ച്‌ അവയെ പുനരുപയോഗത്തിന് ലഭ്യമാക്കാൻ കഴിയും

ഹരിത കർമസേനയും പാഴ് വസ്തുശേഖരണവും
കേരളത്തിലെ തന്നെ ഏറ്റവും അംഗ ബലമുള്ള ഹരിത കർമസേനയാണ് കോഴിക്കോടിന്റേത് . പാഴ്‌വസ്‌തു ശേഖരണവും തരം തിരിക്കലും കലണ്ടർ അടിസ്ഥാനത്തിൽ നടന്നുവരുന്നുണ്ട്. ഹരിതകർമസേനയിലൂടെ ആണ് ശേഖരണ പ്രവർത്തനങ്ങൾ നടത്തുന്നത്. . 598 അംഗങ്ങളുള്ള സേനയാണ് ഇത്.സെൻട്രൽ, നോർത്ത്, സൗത്ത് എന്നിങ്ങനെ മൂന്ന് കോൺസോർഷ്യങ്ങളായി തിരിച്ചാണ് അവരുടെ പ്രവർത്തനം നടത്തുന്നത്. കോഴിക്കോട് കോർപ്പറേഷനിലെ ഹരിത കർമസേന ജൈവ മാലിന്യവും അജൈവ മാലിന്യവും ശേഖരിക്കുന്നു എന്ന പ്രത്യേകത കൂടി ഉണ്ട് .ജൈവ മാലിന്യം ശേഖരിക്കുന്നതിന് 291 പേരുള്ള ഹരിത കർമ്മ സേനയും അജൈവ മാലിന്യം ശേഖരിക്കുന്നതിന് 307 ഹരിത കർമ്മ സേനയും പ്രവർത്തിക്കുന്നു.

75 വാർഡുകളെ 3 കൺസോർഷ്യതിന് കീഴിൽ വിഭജിച്ചു കൊടുത്തിട്ടുണ്ട്. ഒരു കൺസോർഷ്യത്തിൽ നിന്ന് ഒരു വാർഡ് എന്ന നിലയ്ക്ക് ഒരു ദിവസം മൂന്ന് വാർഡുകളിൽ നിന്നുമാണ് അജൈവ മാലിന്യം ശേഖരിക്കുന്നത്.

മാലിന്യ സംസ്‌കരണത്തിലെ ജനകീയ ഇടപെടൽ
ഓരോ വാർഡിലും ഉള്ള വീടുകളെ 50 വീടുകൾ വീതമുള്ള ക്ലസ്റ്ററുകൾ ആക്കി വിഭജിച്ച്‌ ഓരോ പത്തു വീടുകൾ വീതമുള്ള ഹൗസ് ക്ലബ്ബുകൾ ആയി തിരിച്ചിരിക്കുന്നു. ഓരോ ഹൗസ് ക്ലബ്ബിനും ഓരോ ലീഡർ ഉണ്ടാകും. ഹരിതകർമസേന ഏതുതരം മാലിന്യമാണ് ശേഖരിക്കുക, ഏതു ദിവസമാണ് ശേഖരിക്കുക എന്നീ കാര്യങ്ങൾ മുൻകൂട്ടി അറിയിക്കുന്നു. ഹെൽത്ത് ഇൻസ്പെക്ടർമാർ, ഹരിത കർമ്മ സേനയ്ക്ക് വാർഡിൽ ചുമതലയുള്ള ലീഡർ ഇവരുടെ സഹായത്തിൽ പ്രത്യേകം തയ്യാറാക്കിയ ചാക്കുകളിൽ വൃത്തിയാക്കിയ മാലിന്യങ്ങൾ മാത്രം ശേഖരിക്കുന്നു. ക്ലസ്റ്റർ അടിസ്ഥാനത്തിൽ ക്ലസ്റ്റർ ചാർജുള്ളവരുടെ സഹായത്തോടെ എംആർഎഫ് കളിലേക്ക് എത്തിച്ച്‌ തരംതിരിച്ച്‌ ഏജൻസിക് കൈമാറുന്നു. വേണ്ട മുൻകരുതലുകളൊക്കെ എടുത്തുതന്നെയാണ് കോർപ്പറേഷൻ പദ്ധതി ആരംഭിച്ചത്.കോർപ്പറേഷൻ തലത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തി റിസോഴ്സ് പേഴ്സൺ പൂൾ ഉണ്ടാക്കി പദ്ധതി വിശദീകരിച്ചു പരിശീലനം നൽകി. വാർഡിൽ നിന്നുംഅഞ്ചുപേർ എന്ന കണക്കിൽ 75 വാർഡുകളിൽ നിന്നായി 225 ഡിവിഷൻ റിസോഴ്സ് പേഴ്സൺ മാരെ തിരഞ്ഞെടുത്ത് അവർക്കും പരിശീലനം നൽകി. അതിനുശേഷം നിലവിലുള്ള 600 ഓളം വരുന്ന ഹരിതകർമസേനയ്‌ക്കു മൂന്നുദിവസത്തെ പരിശീലനം നൽകി. 75 വാർഡിലും കൺവെൻഷനുകൾ നടത്തി ആളുകളോട് കാര്യങ്ങൾ വിശദീകരിച്ചു.ജനകീയ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടി 2867 ക്ലസ്റ്ററുകൾ രൂപകരിച്ചാണ് പ്രവർത്തനം നടത്തുന്നത്.

ജൈവ മാലിന്യ സംസ്ക്കരണത്തിൽ കരുതലോടെ ..
കോഴിക്കോട് കോർപ്പറേഷനിലെ 44 വാർഡുകളിൽ നിന്ന് ഹരിത കർമ്മസേനയെ ഉപയോഗപ്പെടുത്തി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ജൈവ മാലിന്യം ശേഖരിക്കുന്ന പ്രവർത്തനം നടന്നുവരുന്നുണ്ട്. ശുചിത്വം -മാലിന്യസംസ്‌കരണ മേഖലയ്ക്ക്‌ കോടിക്കണക്കിന് രൂപയുടെ പദ്ധതിയാണ് ഈ സാമ്പത്തിക വർഷം മാറ്റിവെച്ചിട്ടുള്ളത്. ഉറവിട മാലിന്യ സംസ്‌ക്കരണത്തിനായി 21.52 കോടി രൂപയുടെ പദ്ധതി നടന്നു കൊണ്ടിരിക്കുകയാണ്.56327 വീടുകളിലേക്ക് ഉറവിടത്തിൽ ജൈവ മാലിന്യം സംസ്‌കരിക്കുന്നതിനു റിംഗ് കമ്പോസ്റ്റ്, ജിബിൻ ,ബൊകാഷി ബക്കറ്റ്, ബയോഗ്യാസ്, പൈപ്പ് കമ്പോസ്റ്റ് എന്നിവ നൽകുന്നതിനു വേണ്ടിയുള്ള പദ്ധതിയാണ് നടപ്പിലാകുന്നത് .

ഞെളിയൻ പറമ്പിലുള്ള വിൻഡ്രോ കമ്പോസ്റ്റ് യൂണിറ്റിലാണ് നഗരത്തിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റുന്നത്.ഹരിത കർമ്മ സേന മുഖാന്തിരം 6268 വീടുകളിൽ നിന്നും 919 സ്ഥാപനങ്ങളിൽ നിന്നുമാണ് ജൈവ മാലിന്യം ശേഖരിക്കുന്നത്. കോഴിക്കോട് കോർപറേഷനിലെ ഹരിത കർമസേന ജൈവ മാലിന്യവും അജൈവ മാലിന്യവും ശേഖരിക്കുന്നു എന്ന പ്രത്യേകത കൂടി ഉണ്ട്. എന്നാൽ ഇതിനു വെവ്വേറെ ടീമുകളാണ് പ്രവർത്തിക്കുന്നത് .2022 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 12120 ടൺ വളം ഉൽപ്പാദിപ്പിക്കുകയും 5613 ടൺ വളം വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട് .പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ,പ്ലാന്റ് സൂപ്പർവൈസർ എന്നിവർക്ക് ചുമതല നൽകിയാണ് ഇവിടെയുള്ള പ്രവർത്തന ക്രമീകരണം നടത്തുന്നത് .

“അഴക് ജനങ്ങളിലേക്ക്… സേവനം മികവിലേക്ക് ഹരിത കർമസേന’
“അഴക് ജനങ്ങളിലേക്ക്… സേവനം മികവിലേക്ക് ഹരിത കർമസേന’ എന്ന പരിപാടിയുടെ ഭാഗമായി 2022 ഒക്ടോബർ മാസത്തിൽ കോർപറേഷൻ വിഭാവനം ചെയ്ത തരത്തിൽ അജൈവ വസ്തുക്കളുടെ ശേഖരണം തുടങ്ങി.കോഴിക്കോട് നഗരത്തെ വിശ്വോത്തര ശുചിത്വ സംസ്കാരമുള്ള നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് അഴക്. ഒരു മനുഷ്യൻ ഇടപെടുന്ന സമസ്ത മേഖലകളെയും പ്രതിപാദിച്ചുകൊണ്ട് ശുചിത്വ പ്രോട്ടോകോൾ നടപ്പിലാക്കുന്ന ആദ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനം ആയതു കൊണ്ടുതന്നെയാണ് “അഴക്’ പദ്ധതി ഒരു നൂതന പ്രോജക്ട് ആയി അവതരിപ്പിക്കുന്നത്.ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ ജനകീയ ഇടപെടലിലൂടെ പുതുചരിത്രം സൃഷ്ടിക്കുന്നതിനുള്ള ശ്രമമാണ് അഴക് പദ്ധതിയിലൂടെ കോഴിക്കോട് കോർപ്പറേഷൻ മുന്നോട്ടുവെയ്ക്കുന്ന നൂതന ആശയം.ജനകീയ സമിതികൾ രൂപവൽക്കരിച്ചു ആവശ്യമായ പരിശീലന -ബോധവൽക്കരണ പ്രവർത്തനങ്ങളും,അടിസ്ഥാന- പശ്ചാത്തല സൗകര്യ വികസന പരിപാടികളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്നു.

അഴക് പദ്ധതിയുടെ ഭാഗമായി അജൈവ മാലിന്യ സംസ്‌ക്കരണ രംഗത്ത് ഹരിതകർമ്മ സേനയെ ഉപയോഗപ്പെടുത്തി കലണ്ടർ പ്രകാരം മാസം തോറും ശേഖരണ പ്രവൃത്തി നടത്തിവരുന്നുണ്ട്. 2002 ഒക്ടോബർ മാസം മുതൽ നാളിതുവരെയായി 3 ഘട്ടങ്ങളിലായി മാലിന്യ ശേഖരണം നടത്തി. ഹരിത കർമസേനയ്ക്കു വേണ്ടി കൺസോർഷ്യം ഓഫീസ് സ്ഥാപിച്ചു പ്രവർത്തന ഏകോപനം നടത്തി വരുന്നുണ്ട്. ഒക്ടോബർ, -നവംബർ മാസങ്ങളിൽ പ്ലാസ്റ്റിക് ,നവംബർ -ഡിസംബർ മാസങ്ങളിൽ റീജെക്ടഡ് മാലിന്യങ്ങൾ, ജനുവരി, -ഫെബ്രുവരി മാസങ്ങളിൽ പ്ലാസ്റ്റിക്, ചില്ലുകുപ്പികൾ എന്നിവ ശേഖരിച്ചു തരം തിരിച്ചു സംസ്‌കരണത്തിനായി നല്കിയിട്ടുള്ളതാണ് .

ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം
ഹരിത കർമ്മസേനയുടെ സേവനം ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായി കെൽട്രോൺ തയ്യാറാക്കിയ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം ആപ്പിന്റെ എൻറോൾമെന്റും QR കോഡ് പതിക്കലും 27 വാർഡുകളിൽ പൂർത്തീകരിച്ചുകഴിഞ്ഞു. 20 വാർഡുകളിൽ നടന്നുകൊണ്ടിരിക്കുന്നു. വീടുകൾ സ്ഥാപനങ്ങൾ ഉൾപ്പെടെ 173000 പ്രോപ്പർട്ടീസ് ആണ് കോഴിക്കോട് നഗരത്തിൽ ഉള്ളത് ഇതിൽ 71426 എണ്ണം (41.3%) എൻറോൾമെൻറ് നടത്തിക്കഴിഞ്ഞു.

എം ആർ എഫ് / എം സി എഫ്
നെല്ലിക്കോട്,ഞെളിയൻപറമ്പ്, വെസ്റ്റ് ഹിൽ എന്നീ 3 എം ആർ എഫുകളാണ് കോർപറേഷനിൽ പ്രവർത്തിക്കുന്നത്. 52 ഹരിതകർമസേനയെ ഉപയോഗപ്പെടുത്തിയാണ് പാഴ്‌വസ്‌തുക്കൾ തരം തിരിച്ചു യൂണിവേഴ്സൽ ബയോഗ്യാസ് എന്ന ഏജൻസിക്ക് നൽകിയത്. കൂടാതെ പുത്തൂർ, വെസ്റ്റ് ഹിൽ, പാളയം, റഹ്മാൻ ബസാർ, എരവത് കുന്ന്‌, നെല്ലിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ എം സി എഫും പ്രവർത്തിക്കുന്നു.

3 ഘട്ടങ്ങളിലായി ശേഖരിച്ച മാലിന്യം തരം തിരിച്ചു വിറ്റതിലൂടെ 13 ലക്ഷത്തോളം രൂപ നഗരസഭയിലേക്ക് വരുമാനമായി വന്നിട്ടുണ്ട്.

കഴിഞ്ഞ 3 ഘട്ടങ്ങളിലായി 2390 ടൺ മാലിന്യങ്ങളാണ് ഹരിത കർമ്മസേനയെ ഉപയോഗിച്ച് ശേഖരിച്ചിട്ടുള്ളത് .കോർപറേഷനിലെ 98 ശതമാനം വീടുകളിലേക്കും ഹരിത കർമ്മ സേനയുടെ വാതിൽപ്പടി സേവനം എത്തിക്കുന്നുണ്ട്. ഒന്നാംഘട്ടത്തിൽ 27 ശതമാനം വീടുകൾ മാത്രമായിരുന്നു യൂസർഫീ നൽകി ഹരിത കർമ്മസേനയ്ക്കു മാലിന്യം നല്കാൻ തയ്യാറായിരുന്നത്. എന്നാൽ അത് രണ്ടാം ഘട്ടം ആകുമ്പോഴേക്കും 41 ശതമാനം ആയി വർദ്ധിക്കുകയും മൂന്നാം ഘട്ടത്തിൽ എത്തിയപ്പോൾ 43 ശതമാനത്തിലേക്ക് എത്തിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. കൃത്യമായ സേവനം വീടുകളിലേക്ക് എത്തിക്കാൻ കഴിയുന്നതുകൊണ്ട് തന്നെ ആളുകൾ പദ്ധതിയുമായി കൂടുതൽ അടുക്കുന്നതായാണ് മേൽ നൽകിയിട്ടുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും 98 ശതമാനം വീടുകളിലും സേവനം എത്തിക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം ആളുകൾ യൂസർ ഫീ നൽകി മാലിന്യം കൈമാറുന്നതിന് വിമുഖത കാണിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. ജനകീയ ഇടപെടലിലൂടെയാണ് യൂസർഫീ കവറേജ്‌ വർദ്ധിപ്പിക്കാൻ കഴിഞ്ഞത് എന്നത്‌ എടുത്തുപറയേണ്ടതാണ്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജനകീയ ഇടപെടൽ സാധ്യമാകുമോ എന്ന സംശയം ഉണ്ടായിരുന്നെങ്കിലും കൗൺസിലർമാർ, സന്നദ്ധ സംഘടനകൾ,സന്നദ്ധ പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ജനകീയ ഇടപെടൽ സാധ്യമായി എന്നതാണ് അനുഭവം . ♦

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − thirteen =

Most Popular