Saturday, November 23, 2024

ad

Homeലേഖനങ്ങൾമാലിന്യം ഒരു സങ്കീർണ്ണ പ്രശ്നമല്ല

മാലിന്യം ഒരു സങ്കീർണ്ണ പ്രശ്നമല്ല

മണലിൽ മോഹനൻ

ബ്രഹ്മപുരത്തെ തീപിടുത്തതോടെ കേരളത്തിൽ മാലിന്യം പ്രശനം സജീവ ചർച്ചാവിഷയമായിരിക്കുകയാണ്. യഥാർത്ഥത്തിൽ മാലിന്യം ഒരു സങ്കീർണ്ണ പ്രശ്നമല്ല. സാങ്കേതികതയുടെ കുറവോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പണത്തിന്റെ പ്രശ്നമോ,സംസ്ഥാന സർക്കാരിന്റെ പ്രതികൂലമായ സമീപനങ്ങളോ ഒന്നും തന്നെയില്ല. ശീലത്തിന്റെയും മനോഭാവത്തിന്റെയും പ്രശ്നമാണ്. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും ഇച്ഛാശക്തിയോടെ വികേന്ദ്രീകൃത മാലിന്യ സംസ്കരണരീതി സ്വീകരിക്കാത്തതിന്റെ പ്രശ്നമാണ്.

വടകര നഗരത്തിലും മനുഷ്യവിസർജ്യവും മറ്റ് മാലിന്യങ്ങളുമെല്ലാം കൂട്ടിക്കലർത്തി നിക്ഷേപിക്കുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു‐ പുതിയാപ്പ്. നാട്ടുകാർ ‘കാട്ടിയാപ്പ്’ എന്ന ഓമനപേരിൽ വിളിക്കുന്ന സ്ഥലം. പിന്നീട് വീടുകളിൽ കക്കൂസ് വന്നു. ഇന്ത്യയിൽ ആദ്യമായി മനുഷ്യൻ മലം ചുമന്ന് നിക്ഷേപിക്കുന്ന രീതി അവസാനിപ്പിച്ച ആദ്യ തദ്ദേശസ്വയംഭരണ സ്ഥാപനം ഒരുപക്ഷേ വടകര നഗരസഭയായിരിക്കും. അതിനുശേഷം പുതിയാപ്പിന് ട്രഞ്ചിംഗ് ഗ്രൗണ്ട് എന്ന വിളിപ്പേരായി. അഴുകുന്നതും അഴുകാത്തതുമായ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലമായതിനെത്തുടർന്ന് പ്രദേശവാസികളുടെ പ്രക്ഷോഭങ്ങളും ഒട്ടേറെ സമരങ്ങളും ഉണ്ടായി. തുടർന്ന് മാറ്റത്തന്റെ കാറ്റ് വീശിയത് 1997 മുതൽക്കുള്ള ജനകീയാസൂന്ത്രണ കാലത്താണ്. ഖരമാലിന്യ സംസ്കരണ പ്രവർത്തനത്തിന് പ്ലാന്റ് അവിടെ തുടങ്ങിയെങ്കിലും പൂർണ്ണമായും വിജയിച്ചില്ല. പക്ഷേ അത്തരം പ്രവർത്തനത്തിന് തുടക്കം കുറിക്കാൻ കഴിഞ്ഞത് ആ കാലത്താണ്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി ആ കാലം മുതൽ കേരളം ആവിഷ്കരിച്ച വികേന്ദ്രീകൃത ഉറവിട മാലിന്യ സംസ്കരണ പദ്ധതി പ്രവർത്തനങ്ങൾ വടകര നഗരഭയിലും ഒട്ടേറെ മാതൃകകൾ സംഭാവന ചെയ്തിട്ടുണ്ട്.ഇന്ന് ലോകം തന്നെ അഭിമുഖീകരിക്കുന്ന ഗുരുതരമായ കാലാവസ്ഥാവ്യതിയാന പ്രതിനന്ധികൾക്കെതിരെയുള്ള വലിയൊരു ജനകീയ മുന്നേറ്റം തന്നെയാണ് ഇപ്പോൾ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഈ കാലാവസ്ഥാവ്യതിയാന പ്രതിസന്ധിക്ക് ഒരു പരിധിവരെ കാരണമാകുന്ന മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ സാധ്യതകൾ തടി കൊണ്ട് തൊഴിലധിഷ്ഠിത സംരംഭങ്ങൾ സൃഷ്ടിക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് വടകര നഗരസഭയിൽ ഇപ്പോൾ നടപ്പാക്കി വരുന്നത്.

മാലിന്യ ഉത്പാദനം വടകരയിൽ
കേരളത്തിലെ ആകെ നഗരഖരമാലിന്യ ഉത്പാദനം പ്രതിവർഷം 37 ലക്ഷം ടണ്ണാണ്. ഇതിൽ പ്രതിദിനം കോർപ്പറേഷനുകളിൽ ശരാശരി 1415 ടണ്ണും നഗരസഭകളിൽ 4106 ടണ്ണും ബാക്കി ഗ്രാമപഞ്ചായത്തുകളിലുമാണ് ഉണ്ടാകുന്നത്. ഇതിൽ 69 ശതമാനം ജൈവമാലിന്യവും 31 ശതമാനം അജൈവമാലിനവും ആണ്.

വടകര നഗരസഭയിൽ ദിവസേന തെരുവുകൾ വൃത്തിയാക്കുന്നത് വഴി പ്രതിദിനം ശരാശരി 0.25 ടണ്ണും വീടുകളിൽ നിന്നും കടകളിൽ നിന്നും ശരാശരി ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്നത് വഴി 7.32 ടണ്ണും അടക്കം മൊത്തം 8.54 ടൺ. അതായത് 1.22 ടണ്ണിന്റെ വിടവ് ഇപ്പോഴും നിലനിൽക്കുന്നു എന്നർത്ഥം. അതുകൊണ്ടാണ് അവ പലപ്പോഴായി ഇടയ്ക്കിടെ റോഡുകളിലും കടലോരങ്ങളിലും വലിച്ചെറിയുന്നതായി നാം കാണുന്നത്. ദിനംപ്രതി ഉണ്ടാകുന്ന 8.00 ടൺ ജൈവമാലിന്യങ്ങൾക്ക് വിവിധസ്ഥലങ്ങളിൽ എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

മാലിന്യ സംരംഭത്തിലെ നാൾവഴികൾ
2017 ലാണ് വടകര നഗരസഭയിൽ അന്നത്തെ മുനിസിപ്പൽ ചെയർമാനായിരുന്ന കെ. ശ്രീധരന്റെ ഇടപെടലിനെ തുടർന്ന് കെ.എസ്.ഇ.ബിയിൽ നിന്ന് വിരമിച്ച ഈ ലേഖകൻ മുനിസിപ്പാലിറ്റിയുടെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ മുഴുകുന്നത്.

‘”വടകര മുനിസിപ്പാലിറ്റിയിലെ വലിയൊരു തലവേദനയാണ് പുതിയാപ്പ് ട്രെഞ്ചിങ് ഗ്രൗണ്ട്.ഇവിടെത്തെ മാലിന്യസംസ്കരണത്തിന് ശാസ്ത്രീയമായ ഒരു സംവിധാനമൊരുക്കാൻ പരിഷത് പ്രവർത്തകനായ മണലിനോട് ഞാൻ ആവശ്യപ്പെടുകയാണ്. ശമ്പളമൊന്നും തരാൻ പറ്റൂല്ല.’’

എന്റെ റിട്ടയർമെൻറ് യോഗത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇത്. നിഷ്കളങ്കവും ആത്മാർത്ഥവുമായ ആ സംസാരം ഒരു വെല്ലുവിളിപോലെ ഏറ്റെടുക്കുകയായിരുന്നു. ആ കാലത്ത് നഗരസഭയിൽ ആരോഗ്യ വിഭാഗത്തിൽ ഉണ്ടായിരുന്ന ജെ. എഫ്. ഐ.ടി.പി. ബിജു, നഗരസഭ സെക്രട്ടറി കെ. യു. ബിനി തുടങ്ങി ഇപ്പോഴത്തെ ചെയർമാൻ കെ. പി ബിന്ദു ഉൾപ്പെടെ നിരവധി പേരുടെ കൂട്ടായ പ്രവർത്തനമാണ് ഇന്ന് മുനിസിപ്പാലിറ്റിയിലെ മാലിന്യസംസ്കരണ പ്രവർത്തനത്തിന് ആക്കം കൂട്ടിയത്. ‘‘ക്ലീൻ സിറ്റി -ഗ്രീൻ സിറ്റി -സീറോ വേസ്റ്റ് വടകര’’ എന്ന ലക്ഷ്യത്തിൽ ഊന്നിയുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കി കുടുംബശ്രീയിൽ നിന്ന് വനിതകളെ ഇന്റർവ്യൂവും എഴുത്തുപരീക്ഷയും നടത്തി ഹരിയാലി എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു.ഹരിത കർമ്മ സേനാംഗങ്ങളായ ഇവരെ പ്രോജക്ട് എക്സിക്യൂട്ടീവ് എന്ന പേരിലാണ് വിളിക്കുന്നത്. ആ കാലത്ത് ഇത്തരത്തിലുള്ള കുടുംബശ്രീ കൺസോ ർഷ്യത്തിന് മുൻസിപ്പാലിറ്റിയിൽ മാലിന്യ നിർമാർജ്ജന പ്രവർത്തനം നടത്തുന്നതിനുള്ള സർക്കാർ അംഗീകാരം ഉണ്ടായിരുന്നില്ല. സ്വകാര്യ ഏജൻസികൾക്ക് മാത്രമായിരുന്നു അതിനുള്ള അധികാരം.

അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഡി.പി.ആർനും കുടുംബശ്രീയുടെ അംഗീകാരത്തിനും സംസ്ഥാനതലത്തിൽ തന്നെ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു. പക്ഷേ ചെയർമാൻ ശ്രീധരേട്ടന്റെ ഇടപെടലിലൂടെ ശുചിത്വ മിഷൻ ഡയറക്ടർ വാസുകി IAS അംഗീകാരം നൽകുകയും കേരളത്തിലുടനീളം 2018 ഓടെ കുടുംബശ്രീ സംവിധാനത്തിലും മാലിന്യനിർമാർജന പ്രവർത്തനത്തിന് ഹരിതകർമസേനയെ അംഗീകരിക്കാനുള്ള സർക്കാർ ഉത്തരവുകൾ ഉണ്ടാവുകയും ചെയ്തു. മുനിസിപ്പാലിറ്റിയിലെ 47 വാർഡുകളിലും വാർഡ് അടിസ്ഥാനത്തിൽ 50 വീടുകൾക്ക് ഒരു ക്ലസ്റ്ററും,ക്ളസ്റ്ററിന് സന്നദ്ധ പ്രവർത്തകനായി ഒരു ലീഡറും, മുനിസിപ്പൽ തലത്തിൽ മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിച്ച ശേഷം നടന്ന അജൈവ മാലിന്യ വാതിൽപ്പടി ശേഖരണം വിജയകരമായി മുന്നേറി. കച്ചവടസ്ഥാപനങ്ങളെയും ഇതേ രീതിയിൽ 100 മുതൽ 200 വരെയുള്ള കടകളെ ക്ലസ്റ്ററുകൾ ആക്കി തിരിച്ചാണ് ശേഖരണം.വീടുകളിൽ നിന്നുള്ള ശേഖരണം മുൻകൂട്ടി പ്രസിദ്ധീകരിക്കുന്ന ഒരു കലണ്ടർ മുഖേനയാണ്. എല്ലാ മാസവും പ്ലാസ്റ്റിക് കവറുകൾ സ്വീകരിക്കുന്നതോടൊപ്പം തുണികൾ, ഇ -വേസ്റ്റ്, ഗ്ലാസ്,ചെരിപ്പ്, റബ്ബർ എന്നിവയ്‌ക്ക് 50 രൂപ യൂസർ ഫീ ഈടാക്കിയാണ് ശേഖരിക്കുന്നത്.കച്ചവട സ്ഥാപനങ്ങളിൽ നിന്ന് തരം തിരിക്കാതെയുള്ള അജൈവ മാലിന്യങ്ങൾക്ക് 100 രൂപയാണ് യൂസർഫീ.

ഗ്രീൻ ഷോപ്പ്
സംസ്ഥാനസർക്കാർ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളും മറ്റ് ഡിസ്പോസിബിൾ ഉൽപ്പന്നങ്ങളും നിരോധിച്ചപ്പോഴാണ് പരിസ്ഥിതിസൗഹൃദ ഉല്പന്ന നിർമ്മാണ കേന്ദ്രത്തെപ്പറ്റി ആലോചന നടത്തിയത്. അങ്ങനെ തുണികൾ കൊണ്ട് ഉപയോഗിച്ചവയും പുതിയവയും ഉപയോഗിച്ച് വിവിധ അളവുകളിൽ ഗുണനിലവാരമുള്ള ബദൽ സഞ്ചികൾ നിർമ്മിക്കാനായി 10 ഹരിതകർമസേന അംഗങ്ങളെ ചേർത്ത് ഒരു സൂക്ഷ്മതല ഹരിത കുടുംബശ്രീയിൽ അഫിലിയേറ്റ് ഇതാണ് ഗ്രീൻ ഷോപ്പ്. പിന്നീട് ഓഫീസുകളിൽ പോകുന്നവർക്ക് പോലും മടക്കി കൊണ്ടുപോകാൻ പറ്റുന്ന രീതിയിലുള്ള പഴ്സ് ബാഗ്, മത്സ്യം, മാംസം എന്നിവ തുണിസഞ്ചിയിൽ വാങ്ങാൻ ഉതകുന്ന രീതിയിൽ പഴയ കുടയുടെ തുണി അകത്ത് വെച്ച് പുറമേ സാധാരണ തുണി കവർ ചെയ്ത് മടക്കി സൂക്ഷിക്കാവുന്നതു മായ ഫിഷ് ബാഗ്, വിവിധ പലവ്യഞ്ജനങ്ങൾ വ്യത്യസ്ത അറകളിൽ സൂക്ഷിക്കാൻ കഴിയുന്ന മൾട്ടി ഷോപ്പർ, ജീൻസ് തുണി കൊണ്ടുള്ള സ്കൂൾ ബാഗ്, കോളേജ് ബാഗ്,ട്രാവൽ ബാഗ്, ചാർലി ബാഗ്, മുറിച്ചിട്ട കട്ട് പീസുകൾ കൊണ്ട് വിവിധ തരം ചവിട്ടി ഇങ്ങനെ 27 ഇനം പരിസ്ഥിതി സൗഹൃദ ഉല്പ്പന്നങ്ങൾ ഇവിടെ നിർമ്മിക്കുന്നുണ്ട്. കൊറോണ കാലത്ത് വിവിധതരം മാസ്കുകൾ, മാവേലി സ്റ്റോർ വഴി പൊതുജനങ്ങൾക്ക് സാധനസാമഗ്രികൾ നൽകാൻ കിറ്റി നായുള്ള ഒന്നരലക്ഷത്തിലധികം തുണിസഞ്ചികൾ എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങൾ ഇവിടെ നിർമ്മിച്ചിട്ടുണ്ട്.അനുബന്ധമായി ഫാഷൻ ടെക്നോളജി, ടൈലറിങ് തുടങ്ങിയ കോഴ്സുകൾ ഗ്രീൻ ടെക്നോളജി മുഖേന ഇപ്പോൾ നൽകുന്നു.

റിപ്പയർ ഷോപ്പ്
ആറുമാസത്തിലൊരിക്കൽ ശേഖരിക്കുന്ന ഇ‐-വേസ്റ്റിലെ പ്രധാന ഇനമായ എൽ.ഇ.ഡി ബൾബുകൾ മൂന്നുനാല് ലോറിയിൽ റിജക്റ്റ് വേസ്റ്റ് എന്ന നിലയിൽ കയറ്റി അയക്കാൻ ആയിരക്കണക്കിന് രൂപ സ്വകാര്യ ഏജൻസികൾക്ക് നൽകേണ്ടി വന്നതിനെ തുടർന്നാണ് ഇവ റിപ്പയർ ചെയ്താൽ എന്തെന്ന ആലോചന വന്നത്. അങ്ങനെ മറ്റൊരു 10 ഹരിത കർമ്മ സേനാംഗങ്ങളുടെ ഗ്രൂപ്പ് ഉണ്ടാക്കി. ഇവർക്ക് എൽ.ഇ.ഡി ബൾബ്, ടെലിവിഷൻ, കംപ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ റിപ്പയർ ചെയ്യുന്നതിന് മോഡൽ പോളിടെക്നിക്കിലെയും ഇലക്ട്രോണിക്സ് അസോസിയേഷന്റെയും സഹായം തേടി. പ്രളയകാലത്ത് ഓൺലൈൻ വിദ്യാഭ്യാസത്തിന് മൊബൈൽ ഫോണും ടെലിവിഷനും ഇല്ലാത്ത 42 വിദ്യാർത്ഥികളുടെ കുടുംബത്തിനാണ് ഇ വേസ്റ്റിൽനിന്ന് കിട്ടിയ ഇവ റിപ്പയർ ചെയ്ത് നൽകിയത്.2018ൽ നിന്ന് ആറുവർഷം കഴിഞ്ഞപ്പോൾ ഗ്രീൻ ടെക്നോളജി സെന്റർ മുഖേനയും ഒരുലക്ഷത്തിലധികം എൽ. ഇ. ഡി ബൾബുകൾ റിപ്പയർ ചെയ്യാൻ കഴിഞ്ഞു. ഇങ്ങനെ ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്ത് പുനരുപയോഗിക്കുന്നത് വഴി മാലിന്യത്തിന്റെ അളവ് കുറയ്‌ക്കാനും, തൊഴിലധിഷ്ഠിത സംരംഭം ഒരുക്കാനും, ഉപകരണങ്ങളുടെ ഉപയോഗകാലാവധി (life span) നീട്ടുന്നതു വഴി അന്തരീക്ഷത്തിലേക്കുള്ള കാർബൺ ഉത്സർജനം കുറയ്ക്കാനും കഴിയുന്നു.

റെന്റ് ഷോപ്പ്
മാലിന്യശേഖരണത്തോടൊപ്പം മാലിന്യം ഉണ്ടാക്കുന്നതിന്റെ അളവ് കുറച്ചാലേ സമ്പൂർണ്ണ മാലിന്യരഹിത പ്രദേശം ആകാൻ കഴിയൂ എന്ന കാഴ്ചപ്പാടോടെ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിനാവശ്യമായ നിയമനടപടികൾ കൈക്കൊള്ളുന്നതോടൊപ്പം പൊതുചടങ്ങുകളിൽ എങ്കിലും ഡിസ്പോസിബിൾ പാത്രങ്ങൾ ഒഴിവാക്കാൻ ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, തോരണങ്ങൾ അലങ്കാരങ്ങൾ എന്നിവയ്‌ക്ക് നിയന്ത്രണം കൊണ്ടുവരുവാൻ അത്തരം ചടങ്ങിനുള്ള ഇവന്റ് മാനേജ്മെൻറ് ഗ്രൂപ്പായി 10 ഹരിതകർമ്മസേന അംഗങ്ങൾ ചേർന്ന് റെന്റ് ഷോപ്പ് ആരംഭിച്ചു. പൊതുചടങ്ങുകളിൽ വിതരണം ചെയ്യാൻ ആവശ്യമായ സ്റ്റീൽ പാത്രം, ഗ്ലാസുകൾ, മറ്റുപകരണങ്ങൾ എന്നിവ വാടകയ്‌ക്ക് നൽകാനും അത്തരം ചടങ്ങുകൾക്ക് നഗരസഭയിലെ ജനപ്രതിനിധികൾ നേരിട്ടെത്തി കുടുംബങ്ങളെ ആദരിക്കുകയും ചെയ്തുവരുന്നു.

ഗ്രീൻ ആർമി
സംസ്ഥാന സർക്കാർ ഹരിത കേരളം മിഷനിലൂടെ വിഭാവനം ചെയ്യുന്ന വെള്ളം, വൃത്തി, വിളവ് എന്ന മുദ്രാവാക്യത്തിന് അനുഗുണമായി വിളവുണ്ടാക്കാൻ 10 ഹരിതകർമസേനയെ ഉൾപ്പെടുത്തി ഗ്രീൻ ആർമി (കാർഷിക കർമസേന രൂപീകരിച്ചു. കൃഷിചെയ്യാൻ സ്ഥലവും പണവും ഉണ്ടെങ്കിലും അവ പ്രാവർത്തികമാക്കാൻ സമയം കിട്ടാത്തവരെ സഹായിക്കാനാണ് ഗ്രീൻ ആർമിക്ക് രൂപംനൽകിയത്.വീടുകളിൽ 10 ഇനം പച്ചക്കറി തൈകൾ കൃഷിചെയ്തു നൽകാനും അവ പരിപാലിക്കുന്നതിനും 2000 രൂപ ഈടാക്കിക്കൊണ്ടുള്ളതാണ് പരിപാടി. ഇതുകൂടാതെ മുറ്റത്തൊരു പൂന്തോട്ടം പദ്ധതിയുടെ ഭാഗമായി നാലടി ചതുരത്തിൽ അക്വാപോണിക്സ് കൃഷി മത്സ്യകൃഷി, വാഴകൃഷി (ബനാന ബാങ്ക് വഴി എന്നിങ്ങനെ ചെയ്‌തുവരുന്നു.

മുനിസിപ്പൽ പാർക്ക് സംരംഭം
ഇരുപത് വർഷത്തിലധികം പൂട്ടിക്കിടന്നതുമൂലം കാടുപിടിച്ചു കിടന്ന മുനിസിപ്പൽ പാർക്ക്, നഗരസഭ ആസ്തി വികസന ഫണ്ട് മുഖേന നവീകരിച്ച ശേഷം അവയുടെ പരിപാലനത്തിന് ഹരിയാലിയുടെ ഒരു സംരംഭക ഗ്രൂപ്പിനെയാണ് ഏൽപ്പിച്ചത്. ഇതിന് 10 ലക്ഷം രൂപ ഡെപ്പോസിറ്റും പ്രതിവർഷം നാല് ലക്ഷം രൂപ വാടകയും, വൈദ്യുതി കുടിവെള്ള ചാർജ്ജും ഹരിയാലിയുടെ സൂക്ഷ്മതല സംരംഭക ഗ്രൂപ്പ് നൽകുന്നുണ്ട്. മുതിർന്നവർക്ക്‌ 10 രൂപയും കുട്ടികൾക്ക് അഞ്ച് രൂപയുമാണ് പ്രവേശന ഫീസ്. 200 പേരെ ഉൾക്കൊള്ളാവുന്ന ഏസി മിനി ഓഡിറ്റോറിയത്തിൽ പ്രൊജക്ടർ, മൈക്ക് സെറ്റ് എന്നിവയും ഉണ്ട്. വനിതാ വികസന കോർപ്പറേഷനിൽ നിന്ന് 18 ലക്ഷം രൂപ ലോണെടുത്ത് ഒട്ടേറെ മറ്റു ഭൗതിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്..

ഗ്രീൻ ടെക്നോളജി സെന്റർ
കേരളത്തിൽ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിൽ ഹരിതകർമ്മസേനയുടെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണ് ഗ്രീൻ ടെക്നോളജി സെന്റർ. വടകര ജൂബിലി ടാങ്കിനടുത്ത് 2019ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് ഉദ്ഘാടനം ചെയ്തത്. ജലപരിശോധന, മണ്ണ് പരിശോധന, എൽ.ഇ.ഡി റിപ്പയർ ചെയ്യൽ, ബി.എൽ.ഡി. സി ഫാൻ നിർമ്മാണം, പതിനഞ്ചോളം ടോയ്ലറ്റ്റി ഉൽപ്പന്നങ്ങളുടെ (സോപ്പ്, ഡിഷ് വാഷ്, വാഷിംഗ്‌ പൗഡർ,തുടങ്ങിയവ) നിർമ്മാണം, ഉപയോഗം കഴിഞ്ഞ ഉൽപ്പന്നങ്ങൾ പുനരുപയോഗിക്കാൻ അപ്പ് -സൈക്കിളിങ് സെന്റർ, ജൈവവളം വിൽപന, വ്യത്യസ്തങ്ങളായ ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ (ബയോഗ്യാസ് പ്ലാൻറ്, ബയോബിൻ റിങ് കമ്പോസ്റ്റ് തുടങ്ങിയവ) വിൽപ്പന, ജലസ്രോതസ്സുകളിൽ ഖര മാലിന്യം നീക്കം ചെയ്യാൻ റോബോട്ടിക് സെൻസറിന്റെ സഹായത്തോടെ സോളാർ വൈദ്യുതി ഉപയോഗിച്ച് അവ നീക്കം ചെയ്യാവുന്ന യന്ത്രം, പാഴ് തുണികളിൽ നിന്ന് ചവിട്ടി നിർമിക്കാനുള്ള യന്ത്രം, വലിച്ചെറിഞ്ഞ ടൈലുകൾ കൊണ്ടുള്ള വിവിധ തരം പൂച്ചട്ടികൾ, പഴയ ടയറുകളും പൊട്ടിയ എൽ. ഇ. ഡിയും ഉപയോഗിച്ചുള്ള ഫർണിച്ചറുകൾ, പഴയ ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ ഉപയോഗിച്ചുള്ള സോഫാ സെറ്റുകൾ എന്നിവ ഇവിടെ രൂപപ്പെടുത്തിയ ചില ജനകീയ ഗവേഷണങ്ങളുടെ ഉൽപ്പന്നങ്ങളാണ്. വിവിധ മേഖലകളിൽ ശാസ്ത്ര‐സാങ്കേതിക വിദ്യയുടെ സഹായത്തോടെ തൊഴിൽ നൈപുണി വർദ്ധിപ്പിക്കാനുള്ള സ്കിൽ ഡെവലപ്മെന്റ് സെന്റർ ഇവിടെ പ്രവർത്തിക്കുന്നു.

സ്വാപ്പ് ഷോപ്പ് ആൻഡ് ഇനോക്കുലം യൂണിറ്റ്
ഉപയോഗം കഴിഞ്ഞ ഉൽപ്പന്നങ്ങൾ ചെറിയതോതിൽ റിപ്പയർ ചെയ്തു മറ്റുള്ളവർക്ക് ഉപയോഗപ്രദമാകും വിധം കൈമാറ്റം ചെയ്യുന്ന സ്വാപ്പ് ഷോപ്പ് അഥവാ കൈമാറ്റകൾ ഗ്രീൻ ടെക്നോളജി സെന്ററിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പ്രധാനമായും വസ്ത്രങ്ങളാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. മുൻസിപ്പാലിറ്റിയിലെ എയറോബിക് കമ്പോസ്റ്റ് യൂണിറ്റുകളിൽ നിന്ന് ഉണ്ടാകുന്ന ജൈവവളവും, ഇനോക്കുലവും നിർമ്മിക്കുന്ന പത്തുപേരുടെ ഒരു സംരംഭവവും ഇവിടെ പ്രവർത്തിക്കുന്നു. ഒരു കിലോവിന് 20 രൂപയാണ് വില.

ക്ലീൻലിനെസ്സ് സെന്റർ
ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ നിരവധി ജൈവ സംസ്കരണ സംവിധാനങ്ങൾ ഇന്ന് കോർപ്പറേറ്റ് കമ്പനികൾ പുറത്തിറക്കിയിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും പൊതുജനങ്ങളെ പരിചയപ്പെടുത്താനും വില കൊടുത്തു വാങ്ങാനും ഇവിടെ നിന്ന് കഴിയുന്നു. മാത്രമല്ല ഇവ ഇവിടെത്തന്നെ നിർമ്മിക്കാൻ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകർമസേനാംഗങ്ങൾക്കും കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനം നൽകാനും എല്ലാ സംവിധാനങ്ങളും സെന്ററിൽ ഉണ്ട്.

തെളിമ അണുനശീകരണ യൂണിറ്റ്
ഇത്തരമൊരു കൊറോണക്കാലത്താണ് 10 പേരെ ഉൾപ്പെടുത്തി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംരംഭത്തിന് മുതിർന്നത്. ഒട്ടേറെ വീടുകൾ, സ്ഥാപനങ്ങൾ, പരീക്ഷാകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ യൂണിറ്റിന്റെ പ്രയോജനം സാധ്യമാക്കി എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രവർത്തനക്ഷമമല്ല. അജൈവമാലിന്യ വാതിൽപ്പടി ശേഖരണ തോടൊപ്പം ഈ രീതിയിൽ മാലിന്യത്തിൽ നിന്നുള്ള സംരംഭക സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തിയിരിക്കുകയാണ്‌ ഇപ്പോൾ വടകര.

നഗരസഭയിലെ ഹരിയാലി
സേനയ്ക്ക് അത്ഭുതകരമായ നേട്ടങ്ങളാണ് ഉണ്ടായത്. അക്ഷരാർത്ഥത്തിൽ സ്ത്രീശാക്തീകരണം, സാമ്പത്തിക ശാക്തീകരണം, സാമൂഹ്യ ശാക്തീകരണം എന്നീ ലക്ഷ്യങ്ങൾ സാർത്ഥകമാക്കിയതോടൊപ്പം പ്രതിമാസം ശമ്പളമായി പതിനഞ്ചായിരം രൂപ, ബോണസ് ആയി ആയിരം രൂപ, ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തുമ്പോൾ 10% ഇൻസെന്റീവ്, 60 വയസ്സ് കഴിഞ്ഞ് പിരിഞ്ഞ് പോകുമ്പോൾ എൽ.ഐ.സി യുമായി യോജിച്ചുകൊണ്ട് പെൻഷൻ, രോഗം വന്നാൽ കുടുംബത്തിലെ അഞ്ചുപേർക്ക് ഉൾപ്പെ ടെ സൗജന്യ ചികിത്സകൾക്കായി 5 ലക്ഷം രൂപ വരെ കിട്ടുന്ന ഇ. എസ്. ഐ. ബാങ്കുകളിൽനിന്ന് വീട് നിർമ്മാണത്തിനും വിദ്യാഭ്യാസത്തിനും വായ്പ എന്നിവ ഇപ്പോൾ ഇവർക്ക് ലഭിക്കുന്നു. കേരളത്തിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ രൂപീകൃതമായ ഈയൊരു ഹരിതകർമ്മസേനയെ മാത്രമാണ് കേരള സർക്കാർ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കൂടി മാലിന്യ നിർമാർജന മേഖലയിൽ സാങ്കേതിക സഹായം നൽകുന്നതിനുള്ള ഉയർത്തിക്കൊണ്ട്‌ 2018ൽ ഉത്തരവിറക്കിയത്.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 1 =

Most Popular