Saturday, April 20, 2024

ad

Homeമുഖപ്രസംഗംഗവർണർക്ക് വീണ്ടും 
കോടതിയിൽനിന്ന് തിരിച്ചടി

ഗവർണർക്ക് വീണ്ടും 
കോടതിയിൽനിന്ന് തിരിച്ചടി

കേരള ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഏതാണ്ട് നാലു പതിറ്റാണ്ടായി കേന്ദ്ര സർക്കാരിന്റെയും മറ്റും ഭാഗമായി ഉന്നതപദവികളിലിരുന്ന ആളാണ്. ഇത്രയൊക്കെയായിട്ടും, ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്ത അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടോ എന്നു സംശയമാണ്. ഭരണഘടനാ പദവികൾ വഹിക്കുന്നവർക്കൊക്കെ ധാരാളം അധികാരങ്ങളും ഉത്തരവാദിത്വങ്ങളും അത് നൽകുന്നുണ്ട്. എന്നാൽ, അക്ഷരാർഥത്തിലല്ല ഭരണഘടനാ വ്യവസ്ഥകളെ മനസ്സിലാക്കേണ്ടത്; അവ തമ്മിലുള്ള പരസ്-പര ബന്ധങ്ങളുടെയും കഴിഞ്ഞ 75 വർഷമായുള്ള പ്രയോഗത്തിലൂടെയും കോടതി വിധികളിലൂടെയും അവർക്കു ലഭിച്ച അർഥതലങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഈ പ്രാഥമിക തത്വം അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടോ എന്നു സംശയമാണ്. ഭരണഘടനാ വ്യവസ്ഥകളും സംസ്ഥാന നിയമങ്ങളും പ്രകാരം ഗവർണറാണ് സംസ്ഥാനത്തിന്റെ പരമാധികാരി. സംസഥാനത്തെ മിക്ക സർവകലാശാലകളുടെയും ചാൻസലറും അദ്ദേഹമാണ്. ചാൻസലറിലാണ് സർവകലാശാലാ നിയമമനുസരിച്ച് അതിന്റെ അധികാരമെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത്. അത് പക്ഷേ, ഔപചാരികമായാണ്.

പ്രയോഗത്തിൽ എന്താണ് സ്ഥിതി? സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുള്ള നിയമസഭയുണ്ട്. അത് അംഗീകരിക്കുന്നവയാണ് അതാതിടത്തെ നിയമങ്ങൾ. അവ അനുസരിച്ച് ഭരണം നടത്തുന്നത് നിയമസഭയിലെ ഭൂരിപക്ഷ കക്ഷി രൂപീകരിക്കുന്ന മന്ത്രിസഭയാണ്. മന്ത്രിസഭയിലും നിയമസഭയിലുമാണ് പ്രയോഗത്തിൽ അധികാരം കൂടികൊള്ളുന്നത്. സംസ്ഥാനത്തെ എല്ലാ ഉത്തരവുകളും ‘‘ഗവർണറുടെ ഉത്തരവുപ്രകാരം’’ എന്ന തലക്കെട്ടോടെയാണ് എഴുതപ്പെടുന്നത്. എന്നാൽ, ഗവർണർ ഔപചാരിക ഭരണത്തലവൻ മാത്രമാണ്. ഗവർണറുടെ പേരിൽ അധികാരം വിനിയോഗിക്കുന്നത് മന്ത്രിസഭയാണ്. അതുപോലെ സർവകലാശാലകളിൽ സകല ഉത്തരവുകളും ചാൻസലറായ ഗവർണറുടെ പേരിലാണ് നൽകപ്പെടുന്നത്. എന്നാൽ, ഗവർണർക്ക് ഭരണഘടനാപരമായി നിയമസഭയോ മന്ത്രിസഭയോ അംഗീകരിച്ച തീരുമാനങ്ങൾക്ക് ചുവടെ ഒപ്പിടുകയല്ലാതെ ഒന്നും ചെയ്യാനില്ല ഭരണഘടനയിൽ മറിച്ച് തെളിച്ചുപറഞ്ഞിട്ടുള്ള ചില കാര്യങ്ങളിൽ ഒഴികെ. ഇതുതന്നെയാണ് കേന്ദ്രതലത്തിൽ രാഷ്ട്രപതിയുടെയും സ്ഥിതി. കേന്ദ്ര മന്ത്രിസഭയും പാർലമെന്റും പാസാക്കുന്ന കാര്യങ്ങളിൽ കയ്യൊപ്പിടുകയാണ് രാഷ്ട്രപതിയുടെ സാധാരണ കടമ.

ഗവർണർമാർക്ക് നിയമന ഉത്തരവ് നൽകുന്നത് രാഷ്ട്രപതിയാണ്. പക്ഷേ, യഥാർഥത്തിൽ അവരെ തിരഞ്ഞെടുക്കുന്നതും നിയമിക്കുന്നതും കേന്ദ്രമന്ത്രിസഭയാണ്. അതിനാൽ ഗവർണർമാർക്ക് സ്വാഭാവികമായി കേന്ദ്ര സർക്കാരിനോട് ഭരണപരമായും രാഷ്ട്രീയമായും വിധേയത്വമുണ്ടാകും. അത്തരം അലിഖിതമായ വിവക്ഷ ഗവർണർ നിയമനത്തിലുണ്ട് താനും. അമ്മട്ടിൽ തന്നെയാണ് ആരിഫ് മൊഹമ്മദ് ഖാൻ കേരളത്തിലെ എൽഡിഎഫ് മന്ത്രിസഭയോടും പെരുമാറി വരുന്നത്. എവിടെയും കേന്ദ്ര സർക്കാരിനോടും കേന്ദ്ര ഭരണകക്ഷിയോടുമുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ വിധേയത്വം അദ്ദേഹം വച്ചുപുലർത്തുന്നു. കേരളത്തിലെ സർവകലാശാല കാര്യങ്ങളിൽ ഇടപെടുമ്പോൾ അദ്ദേഹത്തിന്റെ ചെയ്തികളിൽ ഇത് പ്രകടമാണ്. കേരളത്തിലെ സകല സർവകലാശാലകളിലെയും വെെസ്ചാൻസലർമാരെ ഒറ്റയടിക്ക് പിരിച്ചുവിടാൻ അദ്ദേഹം ഒരു ഘട്ടത്തിൽ സന്നദ്ധനായത് ഈ ചേതോവികാരം കൊണ്ടാകണം. അതിനു വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നു കണ്ടപ്പോൾ അദ്ദേഹം അത് വേണ്ടെന്നുവച്ചു. ഭരണഘടനാപരമായി ഗവർണർക്ക് ചാൻസലർ പദവി നൽകി സർവകലാശാലയുടെ പരമാധികാരിയായി പ്രവർത്തിക്കാൻ ഭരണഘടന അധികാരം നൽകിയിരിക്കുന്നത് സേ-്വച്ഛാപരമായി പ്രവർത്തിക്കാനല്ല. സർവകലാശാലാ കാര്യങ്ങളിൽ ദെെനംദിന ഇടപെടൽ നടത്താത്ത അധികാരി എന്ന നിലയിൽ വിവേകപൂർവംപ്രവർത്തിക്കാനാണ്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങൾ നിറവേറ്റുന്ന ആൾ എന്ന നിലയിലാണ് മിക്ക ഗവർണർമാരും ഇന്നു പ്രവർത്തിക്കുന്നത്. അതിനുതകുന്ന തരത്തിൽ ഭരണതന്ത്രജ്ഞതകയ്ക്കുപകരം കേന്ദ്ര ഭരണകക്ഷിയുടെ രാഷ്ട്രീയപക്ഷപാതം മുറ്റിനിൽക്കുന്നവരാണ് ഇന്നത്തെ ഗവർണർമാരിൽ മിക്കവരും.

ഈയിടെ കേരള ഹെെക്കോടതി കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളുടെ നാമനിർദേശം പിൻവലിച്ച ഗവർണറുടെ ഉത്തരവ് റദ്ദാക്കിയിരുന്നു. അദ്ദേഹം തന്നെയായിരുന്നു അവരെ നേരത്തെ നാമനിർദേശം ചെയ്തിരുന്നത്. അവർ തന്റെ ആഗ്രഹമനുസരിച്ച് പ്രവർത്തിക്കാത്തതിന്റെ പേരിലായിരുന്നു അദ്ദേഹം അവരുടെ നാമനിർദേശം പിൻവലിച്ചത്. സർവകലാശാലാ നിയമമനുസരിച്ച് ചാൻസലർ എന്ന നിലയിൽ ഗവർണർ ഇവരെ സർവകലാശാലാ സെനറ്റിലേക്ക് നാമനിർദേശം ചെയ്യുന്നത് തന്റെ ആജ്ഞാനുവർത്തികളായി പ്രവർത്തിക്കാനല്ല. സെനറ്റ് അംഗങ്ങളിൽ അർപ്പിതമായ ഉത്തരവാദിത്വം നിറവേറ്റാനാണ്. അവരെ നാമനിർദേശം ചെയ്യുന്നതോടെ ചാൻസലർക്ക് അവരുടെ മേലുള്ള നിയന്ത്രണം അവസാനിക്കുന്നു. സർവകലാശാലാ നിയമവ്യവസ്ഥകളും ഉത്തമബോധ്യവും അനുസരിച്ചാണ് അവർ പ്രവർത്തിക്കേണ്ടത്. അല്ലാതെ ഗവർണറുടെ ഇഷ്ടാനിഷ്ടങ്ങൾ നിറവേറ്റുന്ന കയ്യാളുകളായല്ല. ഒരു ഗവർണർ 21–ാം നൂറ്റാണ്ടിലെ കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാനെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് സംസ്ഥാനത്ത് നിലനിൽക്കുന്ന പൊതുബോധത്തെ വെല്ലുവിളിക്കലാണ്.

ചാൻസലർ സർവകലാശാലയുടെ ദെെനംദിന പ്രവർത്തനത്തിൽ ഇടപെടാൻ പാടില്ലാത്ത ആളാണ്. ‍ അതിനാൽ അങ്ങനെ ഇടപെട്ടുകൊണ്ടിരിക്കുന്ന വെെസ്ചാൻസലർ മുതൽക്കുള്ള സർവകലാശാലാ ഓഫീസർമാരുടെ സമീപനത്തിലും നടപടികളിലും ഉണ്ടാകുന്ന വീഴ്-ച ഉടനെ കണ്ടെത്തി പരിഹാര നടപടികൾ കെെക്കൊള്ളാൻ കഴിയേണ്ടതാണ്. സർവകലാശാല പ്രവർത്തനം അന്യൂനമായി പുരോഗമിക്കുന്നു എന്നുറപ്പുവരുത്തുന്നതിന് അത് സംബന്ധിച്ച നിയമത്തിൽ ഉൾച്ചേർത്തിട്ടുള്ള മുൻകരുതലാണ് ചാൻസലറുടെ അധികാരങ്ങൾ പലതും.

എന്നാൽ, ബിജെപി കേന്ദ്രത്തിൽ അധികാരം കെെക്കൊണ്ടതോടെ ഇത്തരം ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം സങ്കുചിത ലക്ഷ്യങ്ങളോടെ വിനിയോഗിക്കുകയാണ് അവർ. സംസ്ഥാന ഭരണത്തിൽ പിൻവാതിലിലൂടെ ഇടപെടുന്നതിന് ആ കക്ഷി ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം തങ്ങളാൽ കഴിവത് ദുരുപയോഗിക്കുകയാണ്. അതിന്റെ നഗ്നമായ ഒരുദാഹരണമാണ് ഗവർണറുടെ ചാൻസലർ പദവിയെ ദുരുപയോഗം ചെയ്യൽ. കേരളത്തിൽ മാത്രമല്ല, തെലങ്കാന, തമിഴ്നാട് തുടങ്ങി ബിജെപിക്ക് വഴങ്ങാത്ത സർക്കാരുകൾ ഉള്ള സംസ്ഥാനങ്ങളിലെല്ലാം ഗവർണർമാർ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുകയാണ്. അതുവഴി അവിടങ്ങളിലെ ഉന്നതവിദ്യാഭ്യാസം പോലുള്ള മർമപ്രധാന മേഖലകൾ അസമാധാനത്തിന്റെയും അരാജകത്വത്തിന്റെയും വിളയാട്ട ഭൂമികളായി മാറ്റപ്പെടുന്നു.

ബിജെപിക്ക് ഇക്കാര്യത്തിൽ സങ്കുചിതവും പരിമിതവുമായ ലക്ഷ്യമാണുള്ളത്. തങ്ങൾക്ക് വഴിപ്പെടാത്ത പാർട്ടികളുടെ സർക്കാരുകളെ ഫലപ്രദമായി പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുക; അതുവഴി ആ സംസ്ഥാനങ്ങളെ പല തരത്തിൽ കലാപഭൂമിയാക്കി മാറ്റുക. പിന്നീട് അവിടങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് വിജയസാധ്യത ഉറപ്പുവരുത്താൻ ഇത്തരം അവസരങ്ങളെ ഉപയോഗപ്പെടുത്തുക. ഈ സങ്കുചിത ലക്ഷ്യം കെെവരിക്കുന്നതിനായി ബിജെപി ചെയ്യുന്നത് വിവിധ സംസ്ഥാനങ്ങളിലെ ഉന്നതവിദ്യാഭ്യാസ മേഖലയെയും മറ്റും സംഘർഷങ്ങളുടെയും കലാപങ്ങളുടെയും ഭൂമികയാക്കി മാറ്റുകയാണ്. അതിനുവേണ്ടിയാണ് ആ പാർട്ടി ആ-രിഫ് മൊഹമ്മദ് ഖാനെപോലുള്ള ഗവർണർമാരെ ഇങ്ങനെ കയറൂരി വിടുന്നത്. നിനച്ചിരിക്കാതെ തങ്ങൾക്ക് ഗവർണർ– ചാൻസലർ പദവി നൽകിയ കേന്ദ്ര ഭരണകക്ഷിയോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിന് ഈ വ്യക്തികൾ ഉന്നതവിദ്യാഭ്യാസമേഖലയെ അലങ്കോലമാക്കാൻ മടിക്കുന്നില്ല. കേരള ഹെെക്കോടതി കഴിഞ്ഞ ദിവസം ഗവർണറുടെ ഇത്തരം ഇടപെടലുകളെ അവയുമായി ബന്ധപ്പെട്ട ഉത്തരവുകളുടെയും നടപടികളുടെയും അടിസ്ഥാനത്തിൽ പരിശോധിച്ച് വിധി പ്രസ്താവിച്ചത് ഈ വേളയിൽ ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ദിവസം കേരള ഹെെക്കോടതിയിൽനിന്ന് ഗവർണറുടെ നടപടികളെ നിശിതമായി വിമർശിക്കുന്ന വിധിയുണ്ടായത് ആ ദിശയിലെ ഏറ്റവും ഒടുവിലത്തേത്താണ്. ഗവർണർ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായാണ് ഇടപെടുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഹെെക്കോടതി വിധി. ഇത് ഗവർണർ ആരിഫ് മുഹമ്മദ്ഖാനും അദ്ദേഹത്തെ നിയമിച്ച കേന്ദ്രത്തിലെ ബിജെപി ഗവൺമെന്റിനും മാത്രമല്ല കേരളത്തിലെ യുഡിഎഫിനും മുഖ്യധാരാ മാധ്യമങ്ങൾക്കും ഏറ്റ കനത്ത ആഘാതമാണ്. ഇനിയെങ്കിലും ഗവർണറെ മുന്നിൽ നിർത്തിക്കൊണ്ടുള്ള നിയമവിരുദ്ധമായ ഈ ചൂതാട്ടം യുഡിഎഫും മാധ്യമങ്ങളും അവസാനിപ്പിക്കണം. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 + five =

Most Popular