Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിആരോഗ്യമേഖലയിലെ ‘ആശാ'കിരണം

ആരോഗ്യമേഖലയിലെ ‘ആശാ’കിരണം

വീണാജോർജ്

കേരളത്തിന്റെ ആരോഗ്യരംഗം കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ആകത്തുകയാണ്. ആരോഗ്യ സൂചികകളുടെ കാര്യത്തില്‍ നമ്മുടെ സംസ്ഥാനം ലോകത്തിലെ മികച്ച ആരോഗ്യനിലവാരമുള്ള രാജ്യങ്ങളിലെ ആരോഗ്യസൂചികകളോടൊപ്പം എത്തിനില്‍ക്കുന്നു. ഇതിന്റെ കാരണം സാമൂഹിക– സാമ്പത്തിക ഭിന്നതകളില്ലാതെ എല്ലാവര്‍ക്കും ഒരുപോലെ ആരോഗ്യരക്ഷ ഉറപ്പാക്കുന്നു എന്നതാണ്. കേരളത്തിന്റെ ആരോഗ്യമേഖലയുടെ അടിസ്ഥാന പ്രവര്‍ത്തകരാണ് ആശ. ഓരോ കുടുംബത്തിലേക്കും ആരോഗ്യസേവനങ്ങള്‍ എത്തിക്കുന്നത് ആശ മുഖേനയാണ്. നമ്മുടെ ഗ്രാമീണ മേഖലയിലേക്ക് ആരോഗ്യസേവനം എത്തിക്കുന്നതില്‍ ആശ വഹിക്കുന്ന സേവനം എടുത്തുപറയേണ്ട ഒന്നാണ്. കൊവിഡ് മഹാമാരിയോ പ്രളയഭീതിയോ പ്രവര്‍ത്തന മേഖലയില്‍ നിന്ന് അവരെ പിന്നോട്ടു വലിക്കുന്നില്ല. മറിച്ച് കൂടുതല്‍ ഉത്തരവാദിത്വത്തോടെയും ഊര്‍ജ്ജസ്വലതയോടെയും കര്‍മനിരതരായി അവര്‍ മികവോടെ പ്രവര്‍ത്തിക്കുകയാണ്.

കേരളത്തില്‍ ആശാപദ്ധതി ആരംഭിക്കുന്നത് 2007 ലാണ്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ലഭ്യമായ ആരോഗ്യ സേവനങ്ങളെക്കുറിച്ച് അവരെ ബോധവല്‍ക്കരിക്കുക, അത്തരം സേവനങ്ങള്‍ നേടിയെടുക്കാന്‍ ജനങ്ങളെ സഹായിക്കുകയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അവരോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആശ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ 14 ജില്ലകളിലായി നിലവില്‍ 22,230 പേര്‍ ഗ്രാമ പ്രദേശങ്ങളിലും 3,650 പേര്‍ നഗര പ്രദേശങ്ങളിലും 454 പേര്‍ ട്രൈബല്‍ മേഖലയിലുമായി ആകെ 26,334 പേര്‍ ആശ പ്രവര്‍ത്തകരായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. എട്ട് ഘട്ടങ്ങളിലായി 40 ദിവസത്തെ പരിശീലനം ഇതിനോടകം ആശാപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്.


കേരളത്തിന്റെ ആരോഗ്യമേഖലയിലാകെ ആശ വ്യാപിച്ചുകിടക്കുകയാണ്. ആരോഗ്യമുള്ള ഒരു ജനതയെന്ന വലിയ ഉത്തരവാദിത്വമാണ് ആശയ്ക്കുള്ളത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പാക്കുകയും അവര്‍ക്ക് വേണ്ട ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യപൂര്‍ണ്ണമായ ഒരു തലമുറയാണ് പിറവിയെടുക്കുന്നത്. ഒരു സ്ത്രീ ഗര്‍ഭിണി ആവുന്നത് മുതല്‍ അവരുടെ ആരോഗ്യകാര്യങ്ങള്‍ ആശ നേരിട്ടെത്തി അന്വേഷിക്കുകയാണ്. കുഞ്ഞ് പിറന്ന് കഴിഞ്ഞാല്‍ അവരുടെ പ്രതിരോധ കുത്തിവെപ്പുകളും മാതാപിതാക്കളെന്ന പോല ആശയുടെയും ഉത്തരവാദിതത്വമാകുന്നു. കൂടാതെ, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമൊപ്പം കൊതുകുനിവാരണം, ജീവിതശൈലീരോഗങ്ങള്‍, സാന്ത്വനശുശ്രൂഷ, സാമൂഹിക പങ്കാളിത്തത്തോടെയുള്ള മാനസികാരോഗ്യപരിപാടി തുടങ്ങിയവയും ആശയുടെ ചുമതലകളാണ്. കോവിഡ് കാലത്ത് കേരളത്തിലെ ഓരോരുത്തരും ആശയുടെ സേവനം നേരിട്ടറിഞ്ഞവരായിരിക്കും. കോവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്ന രോഗികള്‍ക്കുവേണ്ട മരുന്ന് എത്തിക്കുന്നതിലും ക്വാറന്റൈനില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് വേണ്ട സഹായങ്ങള്‍ എത്തിക്കുന്നതിലും ആശ നിസ്വാര്‍ഥ സേവനമാണ് കാഴ്ച വെച്ചത്. കോവിഡ് വാക്സിനേഷന്‍ നല്‍കുന്നതിനും മുന്‍പന്തിയില്‍ നിന്നത് ആശയാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഒരു വാര്‍ഡിന്റെ ആരോഗ്യം ആശയില്‍ നിക്ഷിപ്തമാണ്. ആ വാര്‍ഡില്‍ വരുന്ന മുഴുവന്‍ വീടുകളും ആശക്ക് പരിചിതമായിരിക്കും. അവിടത്തെ അടിസ്ഥാനപരമായ ശുചീകരണം, വൃത്തി, ജീവിത- തൊഴില്‍ പരിതഃസ്ഥിതികള്‍, ആരോഗ്യസേവനങ്ങളെക്കുറിച്ചുള്ള വിവര കൈമാറ്റം തുടങ്ങി എല്ലാ വിവരങ്ങളും പകര്‍ന്നു നല്‍കി കൃത്യമായ ആരോഗ്യ ബോധവല്‍ക്കരണം ആശ ലക്ഷ്യമിടുന്നുണ്ട്. ഗ്രാമീണ മേഖലയില്‍, സ്ത്രീകള്‍ക്ക് പ്രസവവുമായി ബന്ധപ്പെട്ട വിവരങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നു. ഗര്‍ഭിണികളായ സ്ത്രീകളെയും കിടത്തി ചികിത്സ ആവശ്യമായ കുട്ടികളെയും ആവശ്യമുള്ള ഘട്ടതങ്ങളില്‍ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുന്നതിനുവേണ്ട സജ്ജീകരണവും ആശ നിര്‍വ്വഹിക്കും. സുരക്ഷിതമായ പ്രസവം, മുലയൂട്ടല്‍, അനുപൂരകമായ ഭക്ഷണം കുഞ്ഞിന് നല്‍കല്‍, രോഗപ്രതിരോധം, ഗര്‍ഭ നിരോധനം, ശിശുക്കളുടെ പരിരക്ഷ എന്നിവയെക്കുറിച്ച് ആശ വിവരങ്ങള്‍ നല്‍കുന്നു. പ്രസവത്തിന് മുമ്പുള്ള പരിശോധന, പ്രസവത്തിനുശേഷമുള്ള പരിശോധന, സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ എന്നിവ എത്തിക്കുന്നതിന് ആശ സഹായിക്കുന്നു. കൂടാതെ ഒ ആര്‍ എസ്, അയണ്‍ ഫോളിക് ആസിഡ് ഗുളിക, ഗര്‍ഭ നിരോധന ഗുളികകളും ഉറകളും തുടങ്ങി ഓരോ പ്രദേശത്തിനും ലഭ്യമാക്കിയിട്ടുള്ള അവശ്യസാധനങ്ങളുടെ സൂക്ഷിപ്പുചുമതലയും ആശയ്ക്കാണ്.

ഗ്രാമത്തിന്റെ ആരോഗ്യ പദ്ധതി ആവിഷ്‌കരിക്കുന്നതിനായി ഗ്രാമ പഞ്ചായത്തിലെ ഗ്രാമ- ആരോഗ്യ ശുചിത്വ കമ്മിറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതും ആശയാണ്. പ്രാദേശിക ആരോഗ്യപ്രശ്നങ്ങള്‍ മനസ്സിലാക്കി അവ പരിഹരിക്കുന്നതിന് വേണ്ട നടപടികളും ആശ സ്വീകരിക്കുന്നു.


ആശ നല്‍കിവരുന്ന സേവനങ്ങള്‍ക്ക് അനുസൃതമായി അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. 2016-17-ല്‍ പ്രതിമാസം നല്‍കിയിരുന്ന ഓണറേറിയം 1500 രൂപ മാത്രമായിരുന്നു. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാരാണ് ഇത് ഘട്ടംഘട്ടമായി വര്‍ദ്ധിപ്പിച്ച് 6,000 രൂപയാക്കിയത്. ഇന്ത്യയില്‍ തന്നെ ആശാ പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന വിഹിതമായി ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഇനിയും അത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ട്.

സമൂഹത്തില്‍ അധ:സ്ഥിതരായ വിഭാഗത്തിന് ആരോഗ്യകരമായ എന്ത് സേവനത്തിനും വിളിപ്പുറത്ത് ആശയുണ്ട്. പൊതുജനാരോഗ്യ മേഖല കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതില്‍ അവരുടെ സംഭാവന ചെറുതല്ല. ജനങ്ങള്‍ക്ക് മികച്ച ആരോഗ്യവും ആരോഗ്യമുള്ള ചുറ്റുപാടും ഉറപ്പുവരുത്താന്‍ ആശ കൃത്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. പൊതുജനാരോഗ്യരംഗത്തെ അവിഭാജ്യ ഘടകമായി ആശ മാറിക്കഴിഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായും ആശയെ കാണാം. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven + fourteen =

Most Popular