Friday, September 20, 2024

ad

Homeകവര്‍സ്റ്റോറിആരോഗ്യനയവും ജനങ്ങളും

ആരോഗ്യനയവും ജനങ്ങളും

അമിതാവ ഗുഹ

രോഗ്യവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ഒട്ടേറെ നയങ്ങളുണ്ട്. അവയോരോന്നും ചില വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഒന്നും പ്രവൃത്തിയിൽ വന്നിട്ടില്ല. എല്ലാവർക്കും ആരോഗ്യം പ്രദാനം ചെയ്യുകയെന്നത് പൂർണമായും നിരാകരിക്കുന്ന ഈ നയങ്ങൾ പക്ഷേ, സ്വകാര്യസ്ഥാപനങ്ങൾക്ക് വലിയതോതിൽ ലാഭം കുന്നുകൂട്ടുന്നതിന് മതിയാവോളം സാധ്യത നൽകുന്നു. യഥാർഥത്തിൽ, ആരോഗ്യസംവിധാനം ലോകത്ത് ഏറ്റവും കൂടുതൽ സ്വകാര്യവൽക്കരിക്കപ്പെട്ട രാജ്യം ഇന്ത്യയാണ്. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, എൻ എച്ച് എം പോലെ ആരോഗ്യമേഖലയിൽ അഖിലേന്ത്യാ തലത്തിലെയും സംസ്ഥാനങ്ങളിലെയും വിവിധ സ്കീമുകൾക്കുകീഴിൽ ഏറ്റവും മോശമായ സാഹചര്യത്തിലും പണിയെടുക്കുന്ന, ഇന്ത്യയുടെ ആരോഗ്യചട്ടക്കൂടിനെയാകെ താങ്ങിനിർത്തുന്ന ഫെസിലിറ്റേറ്റർമാർ, ആശാവർക്കർമാർ എന്നിവരുൾപ്പെടെയുള്ള എല്ലാ ആരോഗ്യപ്രവർത്തകരെയും വാസ്തവത്തിൽ ഈ നയം ഇല്ലാതാക്കുകയാണ്.

കോവിഡ് കാലത്ത് ലക്ഷക്കണക്കിന് ഇന്ത്യൻ പൗരർക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ട പരമദയനീയമായ സാഹചര്യം, പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ആരോഗ്യസംവിധാനത്തിന്റെ പരാജയം ലോകത്തിനുമുന്നിൽ തുറന്നുകാട്ടി. ശരിയായ പോഷണം, സുരക്ഷിതമായ കുടിവെള്ളം, സാനിറ്റേഷൻ എന്നിവയ്ക്കൊപ്പം മാന്യമായ തൊഴിൽ, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ, ലഹരിവസ്തുക്കളോടുള്ള നിയന്ത്രണം, വിവിധ തരത്തിലുള്ള വിവേചനങ്ങൾ ഇല്ലാതാക്കൽ എന്നിവയിൽ നിന്നെല്ലാമാണ് മികച്ച ആരോഗ്യം ഉണ്ടാകുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം എന്നിവ സാർവത്രികമായി ലഭിക്കണം. മെച്ചപ്പെട്ട ആരോഗ്യ സൃഷ്ടിക്കായുള്ള ഒരൊറ്റഘടകം, ദാരിദ്ര്യം കുറയ്ക്കുക എന്നതുതന്നെയാണ്. ഒരു രാഷ്ട്രത്തിന്റെ പുരോഗതിക്ക്, അത് എല്ലാവരെയും ഉൾക്കൊള്ളുന്നതും നീതിപൂർവകവും പ്രത്യേകിച്ച്, അങ്ങേയറ്റം അരികുവൽക്കരിക്കപ്പെട്ടവരുടെ ആവശ്യങ്ങൾ കണ്ടറിയുന്നതും ആയിരിക്കണം; എല്ലാ പ്രോഗ്രാമുകളുടെയും ആരോഗ്യ ആഘാതവിലയിരുത്തൽ നടത്തുകയും വേണം. അതിനാൽ നയപരമായ എല്ലാ മുൻകൈയും ആരോഗ്യപരിരക്ഷയെ ഏറ്റവും കാതലായ പരിഗണനാവിഷയമായി കണക്കാക്കണം.


അപകടകരമായ ആരോഗ്യസാഹചര്യം സംബന്ധിച്ച ആശങ്ക

മുമ്പൊരിക്കലും നമ്മുടെ രാജ്യത്തിന്റെ ആരോഗ്യസ്ഥിതി ഇന്നുകാണുന്നതുപോലെ ഇത്രകണ്ട് അപകടാവസ്ഥയിലായിരുന്നിട്ടില്ല. ആഗോളപട്ടിണി സൂചികയിൽ 117 രാജ്യങ്ങളിൽ 104–ാം സ്ഥാനത്താണ് ഇന്ത്യ. പ്രധാനമന്ത്രി, താൻ 53 കോടി ഇന്ത്യക്കാരെ തീറ്റിപ്പോറ്റുകയാണെന്ന് വീമ്പിളക്കുകയുണ്ടായി. അതിനർഥം, സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിനുശേഷവും ഇപ്പറയുന്ന 53 കോടിപ്പേർ പട്ടിണിമൂലം മരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളതെന്നാണ്. രോഗങ്ങൾ സംബന്ധിച്ച എല്ലാ ഡാറ്റകളിലെയും പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം മോശപ്പെട്ട നിലയിലാണ്. ഉദാഹരണത്തിന്, യാതൊരു പുനരധിവാസ സംവിധാനങ്ങളും ലഭിക്കാത്ത അന്ധർ, ലോകത്ത് ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്; ക്ഷയരോഗം ബാധിച്ച് ദുരിതമനുഭവിക്കുകയോ മരണമടയുകയോ ചെയ്യുന്നവർ ഏറ്റവും കൂടുതലുള്ള രാജ്യം, 5 വയസ്സിൽ താഴെയുള്ള കുട്ടികൾ മരണപ്പെടുന്ന രാജ്യം –- ഇതിലെല്ലാം ഇന്ത്യയാണ് മുന്നിൽ.

ഈ മോശപ്പെട്ട ആരോഗ്യസാഹചര്യത്തിന്റെ മുഖ്യകാരണം, ഇന്ത്യാ ഗവൺമെന്റ് ആരോഗ്യരംഗത്തെ ചെലവഴിക്കൽ ഇല്ലാതാക്കിയതാണ്. മൊത്തം ആരോഗ്യച്ചെലവിന്റെ 29 ശതമാനം മാത്രമാണ് പൊതുജനാരോഗ്യരംഗത്തെ ചെലവഴിക്കൽ. ഇക്കാര്യത്തിൽ 129 രാജ്യങ്ങളിൽ വെറും 17 രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയ്ക്കുതാഴെയുള്ളത്. ആരോഗ്യത്തിനുവേണ്ടി ഗവൺമെന്റ് ഒരു വ്യക്തിയ്ക്കായി പ്രതിവർഷം ചെലവാക്കുന്നത് ശരാശരി 600 രൂപ മാത്രമാണ്; ജനങ്ങളെ മരണത്തിൽനിന്നും രോഗങ്ങളിൽനിന്നും രക്ഷിക്കുന്നതിനുവേണ്ടിയുള്ളതാണ് ആരോഗ്യമേഖലയ്ക്കായുള്ള ചെലവഴിക്കൽ. മനുഷ്യരുടെ ഉന്മൂലനം ലക്ഷ്യമിട്ടുള്ള പ്രതിരോധമേഖലയ്ക്കായി ചെലവഴിക്കുന്നത് ഇതിനേക്കാൾ പല മടങ്ങ് അധികമാണ്.

24 മണിക്കൂറും പ്രവർത്തിക്കേണ്ട ഏകദേശം 8743 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ (പിഎച്ച്സി) നിലവിൽ നമുക്കുണ്ട്. പക്ഷേ, ഗവൺമെന്റ് പിഎച്ച്സികളുടെ എണ്ണം 24,000 ആക്കാൻ ലക്ഷ്യമിടുന്നു. എന്നാൽ 6000 ആയി വർധിപ്പിക്കേണ്ടിയിരുന്ന സിഎച്ച്സികളുടെ സ്ഥാനത്ത് 2600 എണ്ണം മാത്രമേയുള്ളുതാനും.

നിരവധി സംഘടനകളും അവ നടത്തിയ പ്രക്ഷോഭങ്ങളും ആവശ്യപ്പെട്ടതനുസരിച്ച്, ആരോഗ്യരംഗത്തെ പൊതുമേഖലയുടെ പ്രകടനം സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു ഹിയറിങ് നടത്തിയിരുന്നു. അസം, റാഞ്ചി, ഭോപ്പാൽ, മുംബൈ എന്നിവിടങ്ങളിൽ നടത്തപ്പെട്ട പബ്ലിക്ക് ഹിയറിങ്ങിനെത്തിയ പാവപ്പെട്ട മനുഷ്യരുടെ നേർസാക്ഷ്യങ്ങൾ ഇന്ത്യയിലെ വൃത്തികെട്ട, അധികാരധാർഷ്ട്യവും അഴിമതിയും നിറഞ്ഞ, ന്യൂനതകളേറെയുള്ള പൊതു ആരോഗ്യസംവിധാനത്തെ തുറന്നുകാട്ടി. പ്രമുഖ അഭിഭാഷകരും ആരോഗ്യരംഗത്തെ ശാസ്ത്രജ്ഞരും കേന്ദ്ര ഗവൺമെന്റുദ്യോഗസ്ഥരും പങ്കെടുത്ത, രണ്ടു ദിവസം ഡൽഹിയിൽനടന്ന സമ്മേളനത്തിലാണ് ഹിയറിങ് അവസാനിച്ചത്. സമ്മേളനത്തിൽ അംഗീകരിക്കപ്പെട്ട പ്രമേയം, ആരോഗ്യമന്ത്രാലയവുമായുള്ള ചർച്ചയ്ക്കു വഴിയൊരുക്കുകയും അത് 2000ത്തിൽ നാഷണൽ റൂറൽ ഹെൽത്ത് മിഷന്റെ (NRHM) രൂപീകരണത്തിലേക്കു നയിക്കുകയും ചെയ്തു. 2005ൽ പ്രവർത്തനമാരംഭിച്ച എൻഎച്ച്ആർഎം ആശപ്രവർത്തകർക്കായുള്ള സ്കീം അംഗീകരിച്ചു.

നയങ്ങൾ സ്വകാര്യമേഖലയ്ക്കുവേണ്ടി
ആരോഗ്യരംഗത്തെ സർക്കാർ സംവിധാനങ്ങളുടെ അഭാവം വൻനഗരങ്ങളിലുടനീളം നഴ്സിങ് ഹോമുകൾ, സ്വകാര്യ ആശുപത്രികൾ, സ്വകാര്യ ക്ലിനിക്കുകൾ, സ്വകാര്യ ആശുപത്രികളുടെയും ഡയഗ്നോസ്റ്റിക് സെന്ററുകളുടെയും ശൃംഖലകൾ എന്നിവ തഴച്ചുവളരുന്നതിന് വഴിയൊരുക്കി. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഇവ അഭൂതപൂർവമാംവിധം വളർന്നു. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കുപ്രകാരം 2003നും 2008നുമിടയ്ക്ക് 30 സ്വകാര്യ ഹെൽത്ത് കെയർ കമ്പനികളുടെ ലാഭം കുതിച്ചുയർന്നു. ഉദാഹരണത്തിന്, അപ്പോളോ ആശുപത്രിയുടെ ലാഭം കഴിഞ്ഞ 5 വർഷത്തിനിടയ്ക്ക് 500 കോടിരൂപയിൽനിന്നും 1458 കോടി രൂപയായി ഉയർന്നു. ഇത്തരത്തിൽ സ്വകാര്യ ഹെൽത്ത്കെയർ മേഖലയുടെ ലാഭം വൻതോതിൽ കുതിച്ചുയരുകയായിരുന്നു. ഇപ്പോൾ വിദൂരഗ്രാമങ്ങളിൽപോലും വിവിധ തരത്തിലുള്ള നഴ്സിങ് ഹോമുകളുടെ എണ്ണം അതിവേഗം വർധിക്കുകയാണ്.

വലുതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഈ മേഖലയ്ക്ക് സർക്കാർ നിയന്ത്രണങ്ങളൊന്നും തന്നെ ബാധകമല്ല. അമിതവും യുക്തിരഹിതവുമായ മരുന്നുകൾ രോഗികൾക്കുമേൽ അടിച്ചേൽപ്പിക്കുന്നതിനും രോഗികളിൽനിന്നും മരുന്നുകൾക്ക് അമിതനിരക്ക് ഈടാക്കുന്നതിനും ഇത് വഴിയൊരുക്കി. അനാവശ്യമായ ഇടപെടലുകൾക്കും ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾക്കും വിധേയരാകാൻ രോഗികൾ നിർബന്ധിതരാകുന്നു. ഭീമമായ തുക നൽകിയിട്ടും സ്വകാര്യ ആശുപത്രികളിൽനിന്നും അതിനു തക്ക പരിചരണം ലഭിക്കുന്നില്ല എന്നത് വിരോധാഭാസമാണ്. പൊതു ആരോഗ്യസംവിധാനം ലഭ്യമാകാതെ വരുന്നതിനാൽ ഇത്തരം ആരോഗ്യസംവിധാനങ്ങൾക്കു വിധേയമാകാൻ ദരിദ്രർ നിർബന്ധിതരായിത്തീരുന്നു. ഇപ്പോൾ സംസ്ഥാന സർക്കാർ നടത്തുന്ന ജില്ലാ ആരോഗ്യകേന്ദ്രങ്ങൾ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിന് ഇടപാടുകാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സർക്കുലർ നിതി ആയോഗ്, സംസ്ഥാനസർക്കാരുകൾക്ക് നൽകിയിരിക്കുകയാണ്. നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ കൊണ്ടുവരുന്നത്, ആരോഗ്യസംവിധാനത്തെ കച്ചവടവൽക്കരിക്കുന്നതിനു മാത്രമല്ല, ആരോഗ്യസംവിധാനത്തിൽ യാതൊരു തരത്തിലുള്ള നിയന്ത്രണമോ നൈതികതയോ അവശേഷിപ്പിക്കാതെ നിലവിലെ നിയമങ്ങളെല്ലാം എടുത്തുകളയുകയുന്നതിനും കൂടിയാണ്.

ആരോഗ്യമേഖലയുടെ സ്വകാര്യവൽക്കരണം ലക്ഷ്യമാക്കി കോവിഡ് മഹാമാരിക്കാലത്ത് കൊണ്ടുവന്ന നിതി ആയോഗ് രേഖ, ഒരു വ്യവസായമെന്ന നിലയിൽ ആരോഗ്യരംഗത്തെ കച്ചവടവൽക്കരിക്കുന്നതാണ്. ‘വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ്’ എന്ന പേരിൽ ആരോഗ്യമേഖലയെ ഏറ്റെടുക്കുന്നതിന് സ്വകാര്യകോർപറേറ്റുകൾക്ക് ഫണ്ടുനൽകാൻ ഗവൺമെന്റ് ഇതിൽ നിർദേശിക്കുന്നു. തൊഴിലുകൾ സൃഷ്ടിക്കുക എന്നതാണ് ഈ നയത്തിന്റെ ലക്ഷ്യമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും രേഖയിലെങ്ങും ആരോഗ്യമേഖലയിലെ തൊഴിലാളികളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതുസംബന്ധിച്ച് ഒരു പരാമർശവുമില്ല. സ്കീം തൊഴിലാളികൾക്കായി കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കാനുള്ള നിർദേശമുണ്ട്. എന്നാൽ സ്വകാര്യമേഖലയുടെ നിയന്ത്രണം സംബന്ധിച്ച് ഒരു പരാമർശവും രേഖയിലില്ല.

ഇൻഷുറൻസ് അധിഷ്ഠിത 
ആരോഗ്യസംവിധാനം 
സ്വകാര്യമേഖലയുടെ ലാഭത്തിന്
ഗവൺമെന്റിന്റെ നയങ്ങളിൽ ഈയടുത്തയിടെയുണ്ടായ ചുവടുമാറ്റം, സ്വകാര്യ ആരോഗ്യമേഖലയെ സഹായിക്കുന്നതിനാണ്. പൊതു ആരോഗ്യമേഖലയിലേക്ക് സ്വകാര്യസ്ഥാപനങ്ങൾക്ക് നുഴഞ്ഞുകയറാനുള്ള വഴിയൊരുക്കിക്കൊടുന്നതിനുള്ള അഭ്യാസങ്ങളാണ് ഈ പുതിയ മാതൃകകൾ. ആരോഗ്യം സംബന്ധിച്ച ഉറപ്പുകളിലൂടെയാണ് (Health Assurance ) ഇത് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴത് ഇൻഷുറൻസുമായി ബന്ധികപ്പിക്കപ്പെട്ട ആരോഗ്യ പരിരക്ഷ പ്രക്രിയ എന്ന തരത്തിൽ പ്രകടമായിരിക്കുന്നു. തുടക്കത്തിൽ ഗവൺമെന്റ് 2007ൽ രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജന (RSBY) കൊണ്ടുവന്നു. ആദ്യഘട്ടത്തിൽ, ഏകദേശം 30.2 കോടി പേർക്ക്, അതായത് ജനസംഖ്യയുടെ ഏകദേശം നാലിലൊന്നിന് ഇതിന്റെ പരിരക്ഷ ലഭിച്ചു. എന്നാൽ ആനുകൂല്യപാക്കേജിന്റെ കാര്യത്തിൽ, എല്ലാ സ്കീമുകളും ചുരുക്കം സിഎച്ച്സികൾക്കും മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ചികിത്സയ്ക്കും മാത്രമാണ് ബാധകമായിട്ടുള്ളത്. ഇത് ഇഎസ്ഐ സ്കീമുകളിൽനിന്നും കേന്ദ്ര ഗവൺമെന്റ്സ്കീമുകളിൽനിന്നും വ്യത്യസ്തമാണ്.

സൗജന്യവും നീതിപൂർവകവുമായ ആരോഗ്യപരിരക്ഷ എല്ലാവർക്കും പ്രദാനം ചെയ്യുന്നതിൽ ഇൻഷുറൻസ് പദ്ധതി ഫലപ്രദമല്ല. ചുരുങ്ങിയ കാലംകൊണ്ട് സ്വകാര്യ ആശുപത്രികൾ ഇൻഷുറൻസ് പട്ടികയിലുൾപ്പെടുന്നതിൽ ഗവൺമെന്റ് ആശുപത്രികളെ അപേക്ഷിച്ച് മേൽക്കൈ നേടി. എന്നാൽ ഇൻഷുറൻസിന്റെ പ്രയോജനം ഗ്രാമീണമേഖലകളിലേക്കെത്തിക്കുന്നതിൽ അവ പരാജയമായിരുന്നു; പ്രത്യേകിച്ചും ഉൾനാടൻഗ്രാമങ്ങളിൽ. ഒടുവിൽ ഗവൺമെന്റ് ഈ പദ്ധതി പിൻവലിച്ചു. പിഎംജെഎവൈ (പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന) എന്ന പേരിലുള്ളതാണ് നിലവിലെ പദ്ധതി. ഓരോ കുടുംബത്തിനും എല്ലാ വർഷവും 5 ലക്ഷം രൂപ നൽകുന്നതിന് ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. പിഎംജെഎവൈ പദ്ധതി മുഖ്യമായും നേരത്തേയുള്ള രാഷ്ട്രീയ സ്വാസ്ഥ്യബിമ യോജനയുടെ തുടർച്ചയാണ്. ഇത് പ്രശ്നങ്ങൾ നിറഞ്ഞതും ജനങ്ങളുടെ കീശ കാലിയാക്കുന്നതുമായ ‘മാതൃക’യാണ്. ജനങ്ങളുടെ കീശയിലെ വലിയൊരു ഭാഗവും ചെലവാകുന്നത്, ഇൻഷുറൻസ് സ്കീമിൽപെടാത്ത ഔട്ട് പേഷ്യന്റ് പരിചരണത്തിനുവേണ്ടിയാണ്. പാവപ്പെട്ടവരും അരികുവൽക്കരിക്കപ്പെട്ടവരുമായവർ ഔട്ട് പേഷ്യന്റ് പരിചരണത്തെ ആശ്രയിക്കേണ്ടിവരുന്നത് തങ്ങളുടെ അന്നന്നത്തെ വരുമാനം നഷ്ടമാകുന്നത് താങ്ങാനാകാത്തതു മൂലമാണ്.

പിഎംജെഎവൈയിലേക്കുള്ള 2019–-20 ലെ ചെലവഴിക്കലിനായുള്ള തുക കണ്ടെത്തുന്നതിനായി ആവശ്യമായ 7,400 കോടി രൂപ നാഷണൽ ഹെൽത്ത് ഏജൻസി (എൻഎച്ച്എ) ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും 6,400 കോടി രൂപ മാത്രമാണ് ഗവൺമെന്റ് അനുവദിച്ചത്. കൂടാതെ, ടയർ 2, ടയർ 3 നഗരങ്ങളിൽ സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ഭൂമിയും മറ്റ് സൗകര്യങ്ങളും നൽകാമെന്ന് ഗവൺമെന്റ് വ്യക്തമാക്കിയിരുന്നു. സ്വകാര്യകച്ചവട താൽപ്പര്യങ്ങൾക്കനുകൂലമായ ചുവടുവെപ്പാണിത്. ഒരു വശത്ത് സ്വകാര്യ ആരോഗ്യപരിചരണ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോൾ മറുവശത്ത് മൊത്തം ആരോഗ്യ ബജറ്റിലെ എൻഎച്ച്എമ്മിനായുള്ള വിഹിതം 2014–-15ൽ 61 ശതമാനമായിരുന്നത് 2019–-20 ൽ 49 ശതമാനമാക്കി.

മോദി ഗവൺമെന്റ് വലിയ അവകാശവാദങ്ങളൊക്കെ നടത്തുമ്പോഴും ആരോഗ്യമേഖലയ്ക്കായുള്ള കേന്ദ്ര ഗവൺമെന്റിന്റെ ബജറ്റ് വകയിരുത്തൽ/ചെലവഴിക്കൽ 2014-15 നുശേഷം ജിഡിപിയുടെ ഏകദേശം 0.3 ശതമാനമായി നിശ്ചലമായി തുടരുകയാണ്. 2025 ഓടെ ജിഡിപിയുടെ 2.5 ശതമാനം എന്ന ഗവൺമെന്റ് (കേന്ദ്രവും സംസ്ഥാനവും ചേർന്ന്) ലക്ഷ്യം നേടുന്നതിന് 40 ശതമാനം കേന്ദ്രത്തിൽനിന്ന് ലഭിക്കണം. അതിന് കേന്ദ്ര ബജറ്റിന്റെ കുറഞ്ഞത് 1 ശതമാനമെങ്കിലും ഇതിനായി വകയിരുത്തേണ്ടതുണ്ട്.

പൊതുആരോഗ്യസംവിധാനത്തെ കരുതിക്കൂട്ടി ദുർബലപ്പെടുത്തുന്നതാണ് വർഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. പിഎംജെ–എവൈയ്ക്കുള്ള ബജറ്റ് വകയിരുത്തലിനെ എൻആർഎച്ച്എമ്മിനുള്ളതുമായി താരതമ്യംചെയ്താൽ ഇത് വെളിവാകും. പിഎംജഎ–വൈയ്ക്കുള്ള വകയിരുത്തൽ 167 ശതമാനം വർധിപ്പിച്ചപ്പോൾ എൻആർഎച്ച്എമ്മിനുള്ള വകയിരുത്തൽ വെറും 2 ശതമാനം മാത്രമാണ് വർധിപ്പിച്ചത്. 2017–18ൽ എൻആർഎച്ച്എമ്മിനുള്ള വകയിരുത്തൽ 1.5 ശതമാനം കണ്ട് വീണ്ടും കുറച്ചു. കൂടാതെ ആയുഷ്മാൻ ഭാരതിന്റെ രണ്ടാമത്തെ ഘടകത്തിനായുള്ള ഹെൽത്ത് വെൽനസ് സെന്ററുകൾക്കുള്ള ബജറ്റ് വിഹിതം എൻആർഎച്ച്എമ്മിനു കീഴിലാക്കി. ഇത് സൂചിപ്പിക്കുന്നത്, എച്ച്ഡബ്ല്യുസികൾക്കായുള്ള ചെലവിനുള്ള വിഹിതം കണ്ടെത്തേണ്ടത് എൻആർഎച്ച്എമ്മിൽനിന്നാണ് എന്നാണ്.

ഇൻഷുറൻസ് കമ്പനികൾ വഴി ആശുപത്രിച്ചെലവുകൾ നിർവഹിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ് പിഎംജെവൈ പദ്ധതി. തുടക്കത്തിൽ, ഗവൺമെന്റ് ആശുപത്രികളിലെ സാധ്യതകളെ അവഗണിച്ചുകൊണ്ട്, എംപാനൽ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളിലേക്ക് വലിയ തോതിൽ രോഗികൾ അയക്കപ്പെട്ടു. ഇൻഷുറൻസ് കമ്പനികൾക്ക് തുക നൽകുന്നതിൽ ഗവൺമെന്റ് വീഴ്ച വരുത്തിയതിനെത്തുടർന്ന് അടയ്ക്കാനുള്ള ബില്ലുകൾ കുന്നുകൂടുന്നതിനിതിടയാക്കി. മിക്ക കേസുകളിലും ഇൻഷുറൻസ് കമ്പനികൾ മുഴുവൻ ചെലവും വഹിക്കുന്നതിൽനിന്നും പിന്മാറിയതുമൂലം ബാക്കിവന്ന ചെലവുകൾ സ്വന്തം ചെലവിൽ വഹിക്കാൻ രോഗികൾ നിർബന്ധിതരാക്കപ്പെട്ടു. ഗവൺമെന്റ് നിശ്ചയിച്ച നിരക്കുകളും ചാർജുകളും തൃപ്തികരമല്ലാത്ത സ്വകാര്യസ്ഥാപനങ്ങൾ എംപാനലിൽ ഉൾപ്പെടാൻ വിസ്സമ്മതിച്ചു. അങ്ങനെ പിഎംജെഎവൈ അഥവാ ആയുഷ്മാൻ ഭാരത് വൻ പരാജയമായി മാറി.

കുറഞ്ഞ പ്രതിഫലവും ഭീകരമായ തൊഴിൽ സമ്മർദ്ദവും നിറഞ്ഞ ആരോഗ്യരംഗത്തെ തൊഴിൽസേനയുടെ കരാർവൽക്കരണം വർധിച്ചുവരികയാണ്. പ്രാഥമിക ആരോഗ്യപരിചരണ രംഗത്തെ നട്ടെല്ലായ ആശ, അംഗൻവാടി പ്രവർത്തകർ, തൊഴിൽ സ്ഥിരപ്പെടുത്തലും തൊഴിലാളി എന്ന നിലയിലുള്ള പരിഗണനയും വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ അതിനെ സൗകര്യപൂർവം അവഗണിക്കുകയാണ്.

മരുന്നുകളുടെ പേരിൽ
നമ്മുടെ രാജ്യത്തെ ആരോഗ്യപരിരക്ഷയുടെ ചെലവിൽ വലിയൊരു ഭാഗവും പോകുന്നത് മരുന്നുവാങ്ങുന്നതിനായാണ്. രാജ്യത്തെ 65 ശതമാനം ജനങ്ങൾക്കും മരുന്നു വാങ്ങാൻ കഴിയാത്ത സാഹചര്യമായിരുന്നിട്ടും നമ്മുടെ രാജ്യത്തെ മരുന്നു വിൽപ്പന 1,40,000 കോടി രൂപയിലേറെയാണ്. മരുന്നുവില എല്ലായ്–പ്പോഴും ഒരു ജീവൻമരണ പ്രശ്നം തന്നെയാണ്. മരുന്നുകളിൽനിന്നുള്ള ലാഭം സങ്കൽപാതീതമാണ്. ഒരേ ഗുളിക പത്തെണ്ണം 85 രൂപയ്ക്കും 2.50 രൂപയ്ക്കും ലഭ്യമാണ്. ഫാർമസ്യൂട്ടിക്കൽ വകുപ്പ് വിളിച്ചുചേർത്ത മിക്ക യോഗങ്ങളിലും ഇത് തുറന്നുകാട്ടപ്പെട്ടെങ്കിലും മരുന്നു കമ്പനികൾ ലാഭം വാരിക്കൂട്ടുന്നതിൽ ഒരു നിയന്ത്രണവും ഉണ്ടായില്ല. വിവിധ ബ്രാൻഡുകളിലുള്ള ഒരേ മരുന്നിന്, ആയിരം ഇരട്ടിയിലേറെ വിലയിടുന്നത് എന്തുകൊണ്ടാണെന്നതിന് മരുന്നുകമ്പനികൾക്ക് ഒരു കാരണവും മുന്നോട്ടുവയ്ക്കാനില്ല. ജനങ്ങളുടെ കണ്ണിൽപൊടിയിടാൻ ഗവൺമെന്റ് 2013ൽ മരുന്നുവില നിയന്ത്രണ ഉത്തരവ് കൊണ്ടുവന്നു. മരുന്നുകളുടെ ഉൽപാദനച്ചെലവിന്റെ അടിസ്ഥാനത്തിൽ ചില മരുന്നുകളുടെ വില നിയന്ത്രിച്ചതായി കണ്ടു. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡുകളുടെ ശരാശരി ചെലവിനെ അടിസ്ഥാനമാക്കിയുള്ള വിപണിയധിഷ്ഠിത വിലയിലേക്ക് ഈ പുതിയ വില നിയന്ത്രണ ഉത്തരവ് മാറ്റം വരുത്തുകയാണ് ചെയ്തത്. ഉയർന്ന വിൽപ്പനയുള്ള ബ്രാൻഡുകളുടെ വില എല്ലായ്പ്പോഴും ഉയർന്നിരിക്കുമെന്ന് നമുക്കറിയാം. അതിനാൽ ശരാശരി വിലയും ഉയർന്നിരിക്കും. എല്ലാ വില നിയന്ത്രിത മരുന്നുകളുടെയും വില 10% കണ്ട് ഏകപക്ഷീയമായി വർധിപ്പിച്ചപ്പോൾ ഇതിലും മാറ്റംവന്നു. അതിനാൽ ഫലത്തിൽ ഇപ്പോൾ മരുന്നുവിലയിൽ യാതൊരു നിയന്ത്രണവും ഇല്ലെന്ന സ്ഥിതിയായി.

മറ്റൊരു വസ്തുത, യുക്തിരഹിതമായ വിധത്തിൽ മരുന്നുകൾ ഇന്ത്യയിൽ വൻതോതിൽ വിറ്റഴിക്കപ്പെടുന്നതാണ്. വൈദ്യശാസ്ത്രപരമായി യാതൊരു മൂല്യവുമില്ലാത്ത, രണ്ടോ അതിലധികമോ മരുന്നുകൾ ചേർന്ന കോമ്പിനേഷനുകൾ നിരവധിയാണ് വിൽക്കപ്പെടുന്നത്. അവയിൽ ചിലത് അപകടസാധ്യതയുള്ളവയുമാണ്. ഇത്തരം ചില മരുന്നുകൾ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ അതോറിറ്റി അംഗീകാരനൽകിയതെന്നു പറഞ്ഞ് കുറേക്കാലംമുൻപ് ഗവൺമെന്റ് നിരോധിച്ചു. എന്നാൽ മറ്റൊരു രാജ്യത്തും കാണാത്ത, ഡസൻ കണക്കിന് മരുന്നുകോമ്പിനേഷനുകൾക്കാണ് കേന്ദ്ര ഡ്രഗ്സ് കൺട്രോൾ അതോറിറ്റി അംഗീകാരം നൽകിയത്. അനാവശ്യവും ചിലപ്പോൾ അപകടകരവുമായേക്കാവുന്ന മരുന്നുകളാണ് നാം വാങ്ങുന്നത് എന്ന് ഇതിൽനിന്ന് വ്യക്തമാണ്.

മറ്റൊരു കാര്യം അനാവശ്യമായ ഒട്ടനവധി മരുന്നുകൾ വിപണിയിൽ വിൽക്കപ്പെടുന്നത് എങ്ങനെയെന്നതാണ്. ഇങ്ങനെ അനാവശ്യമായ നിരവധി മരുന്നുകളുടെ വിൽപ്പന വർധിപ്പിക്കുന്നതിൽ കമ്പനികളുടെ വിപണനതന്ത്രങ്ങൾ വഹിക്കുന്ന പങ്ക് ഒരു ഘടകം മാത്രമാണ്. ചവറ്റുകുട്ടയിലിടേണ്ട ഇത്തരം മരുന്നുകൾ നിർദേശിക്കാൻ മരുന്നുകമ്പനികൾ സാധ്യമായ എല്ലാ വഴികളിലൂടെയും ഡോക്ടർമാരെ പ്രോത്സാഹിപ്പിക്കുന്നു. ചെറിയ സമ്മാനങ്ങൾമുതൽ വിദേശ വിനോദയാത്രകൾ വരെ, ചിലപ്പോൾ സ്വർണ ബിസ്കറ്റുൾപോലും, കമ്പനിക്ക് കൊള്ളലാഭമെടുക്കാൻ കഴിയുന്ന ബ്രാൻഡുകൾ നിർദ്ദേശിക്കുന്നതിനായി ഡോക്ടർമാർക്ക് പാരിതോഷികമായി നൽകാറുണ്ട്. ഡോക്ടർമാർ അവർ പഠിച്ച ധാർമിക വിദ്യാഭ്യാസത്തെ കളങ്കപ്പെടുത്തുന്ന ഒരു പ്രത്യേക സംസ്കാരം സൃഷ്ടിക്കുകയാണ്. ഇത്തരം അന്യായപ്രവൃത്തികൾക്കെതിരെ വിമർശനങ്ങളുയർന്നതിന്റെ പശ്ചാത്തലത്തിൽ ഫാർമസ്യൂട്ടിക്കൽ വകുപ്പ് ഔഷധക്കമ്പനികളുടെയും സംഘടനാ പ്രതിനിധികളുടെയും യോഗം വിളിച്ചുചേർക്കുകയുണ്ടായി. മരുന്നു വിപണനത്തിലെ ഇപ്പറയുന്ന നൈതികത സംബന്ധിച്ച് ഗവൺമെന്റ് മുന്നോട്ടുവച്ച മാർഗനിർദേശങ്ങൾ മരുന്നു കമ്പനികളുടെ സ്വാധീനത്താലുള്ളതാണെന്നത് വലിയ തമാശയായി. ഇത്തരത്തിൽ, ഒരു കമ്പനിയും നടപ്പാക്കാത്ത, എന്നാൽ കമ്പനികളുടെ തീട്ടൂരമനുസരിച്ചുള്ള മാർഗനിർദേശം സ്വമേധയാ നടപ്പാക്കേണ്ടതാണ്. അത് ആരും തന്നെ നടപ്പാക്കുന്നില്ല. മെഡിക്കൽ റെപ്രസെന്റേറ്റീവുമാരുടെ സംഘടന (എഫ്എംആർഎഐ) മരുന്നുകളെ സംബന്ധിച്ച നിയമപരമായ നൈതിക ചട്ടങ്ങൾക്കുവേണ്ടി സുപ്രീംകോടതിയിൽ ഫയൽചെയ്ത ഹർജി വാദം കേൾക്കാൻ സ്വീകരിച്ചിരിക്കുകയാണ്.

കോവിഡ് മഹാമാരിയെ 
സ്വകാര്യലാഭത്തിനായി 
ഉപയോഗിച്ചു
ഇന്ത്യയുടെ, പാപ്പരായിക്കഴിഞ്ഞ പൊതു ആരോഗ്യ സംവിധാനത്തിന്റെ സമ്പൂർണ പരാജയം കോവിഡ് മഹാമാരിയുടെ വിവിധ ഘട്ടങ്ങളിൽ ക്രൂരമാംവിധം തുറന്നു കാട്ടപ്പെട്ടു. മഹാമാരിയെ നേരിടുന്നതിൽ സ്വകാര്യമേഖല ഭീകരമാംവിധം പരാജയപ്പെട്ടു. പൊതുജനാരോഗ്യസംവിധാനത്തിനൊപ്പം നിന്ന്, വിഭവങ്ങളുടെ അഭാവം മൂലമുള്ള പരിമിതികൾക്കുള്ളിൽപ്പോലും, ആരോഗ്യ പ്രവർത്തകർ അവസരത്തിനൊത്ത് ഉയർന്നുപ്രവർത്തിച്ചു.

രണ്ടാം തരംഗത്തിലുണ്ടായ ഓക്സിജൻ പ്രതിസന്ധി, ആശുപത്രികൾ, ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്ന പിഎസ് –യുകൾ എന്നിവയുൾപ്പെടെയുള്ള പൊതുമേഖലയുടെ നിർണായകമായ പ്രാധാന്യത്തെ ദേശീയതലത്തിൽ വീണ്ടും ചർച്ചയിലേക്കു കൊണ്ടുവന്നു.

എന്നാൽ, വിവിധ മരുന്നുകളും അതുപോലെ വാക്സിനുകളും ഗവൺമെന്റ് നിർദേശിക്കുകവഴി, വൻലാഭം കൊയ്യാൻ നാടനും മറുനാടനുമായ സ്വകാര്യ കുത്തകകമ്പനികളെ സഹായിക്കുന്നതിന് അതുസംബന്ധിച്ച യാതൊരു നടപടിക്രമങ്ങളും അന്താരാഷ്ട്ര ചട്ടങ്ങളും പാലിക്കാതെ എല്ലാ ശ്രമങ്ങളും ഗവൺമെന്റ് നടത്തി. പൊതുമേഖലയിൽ 11 വാക്സിൻ കമ്പനികളുണ്ടായിട്ടും അവയുടെ നേട്ടങ്ങളൊന്നും കണക്കിലെടുക്കാതെ വാക്സിന്റെ ഉത്പാദനവും വിതരണവും രണ്ട് സ്വകാര്യ കമ്പനികൾക്ക് നൽകി. അവയാകട്ടെ, ഉല്പാദിപ്പിച്ച വാക്സിനിൽ ഭൂരിഭാഗവും ഗവൺമെന്റിനുതന്നെ വിറ്റ് ലാഭം കുന്നുകൂട്ടി.

ജനകീയ ആരോഗ്യപ്രസ്ഥാനം
നമ്മുടെ രാജ്യത്തെ നിരാശാജനകമായ ആരോഗ്യ സാഹചര്യം ദേശീയ–-അന്തർദേശീയ തലത്തിൽ വിമർശനവിധേയമായി. നിരവധി യോഗങ്ങളിലും സെമിനാറുകളിലും ഇന്ത്യയുടെ പൊതുജനാരോഗ്യസംവിധാനത്തെപ്പറ്റി നിശ്ചിതവിമർശനമുയരുകയും ബദൽ മാർഗനിർദേശങ്ങളുയരുകയും ചെയ്തു. 2000 ലാണ് ആഗോളതലത്തിൽ ജനകീയാരോഗ്യപ്രസ്ഥാനം രൂപീകരിക്കപ്പെട്ടത്. വേൾഡ് ഹെൽത്ത് മൂവ്മെന്റിന്റെ ആഗോളതലത്തിൽ നടന്ന യോഗങ്ങളിൽ, ഒരു സാർവദേശീയ ആരോഗ്യ സംവിധാനത്തിന്റെ ആവശ്യകതയെപ്പറ്റി ഊന്നിപ്പറയുകയുണ്ടായി. നമ്മുടെ രാജ്യത്ത് 2000ൽ രൂപംകൊണ്ട ജൻ സ്വാസ്ഥ്യ അഭിയാൻ മൂന്ന് ദേശീയ ഹെൽത്ത് അസംബ്ലികൾ നടത്തുകയുണ്ടായി. അവ ജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുകയും തുടർന്ന് രണ്ട് സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തു. സാർവത്രിക ആരോഗ്യസുരക്ഷയും ജനങ്ങളുടെ ആരോഗ്യ അവകാശപത്രികയും സംബന്ധിച്ച ആവശ്യം ഉയർന്നുവന്നു. ആരോഗ്യ പദ്ധതികൾ വ്യാപകമാക്കുക എന്ന ആവശ്യവും അതോടൊപ്പം ആശ വർക്കർമാരുടെ ആവശ്യങ്ങളും ഈ വേദി മുന്നോട്ടുവച്ചു. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × two =

Most Popular