Friday, September 20, 2024

ad

Homeകവര്‍സ്റ്റോറിമഹാമാരിക്കാലത്തെ മാലാഖമാർ

മഹാമാരിക്കാലത്തെ മാലാഖമാർ

സി പി സുരേഷ് ബാബു

ലോകമെങ്ങും പ്രകീർത്തിക്കപ്പെട്ട കേരളീയ ആരോഗ്യ മാതൃക ഒട്ടേറെ വെല്ലുവിളികളേയും പ്രതിസന്ധികളേയും അതിജീവിച്ച് മുന്നോട്ട് കുതിക്കുകതന്നെയാണ്. അതിന്റെ തെളിവുകളാണ് ആരോഗ്യ സൂചികകളിലെല്ലാം പ്രതിഫലിക്കുന്നത്.

ആരോഗ്യ രംഗത്ത് നാം നേടിയ നേട്ടങ്ങൾ നിലനിർത്തുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനും നമ്മുടെ ആശാ പ്രവർത്തകർ വഹിക്കുന്ന പങ്കും വളരെ വലുതാണ്.

ലോകത്തെ മുഴുവൻ നടുക്കിക്കൊണ്ട് രംഗപ്രവേശം ചെയ്ത കോവിഡ് 19 എന്ന മഹാമാരി നമ്മുടെ നാടിനേയും വല്ലാത്ത രീതിയിലാണ് പ്രതിസന്ധിയിലാക്കിയത്.

ആ പ്രതിസന്ധികളിൽ നിന്നും നാം ഇതുവരെ കരകയറി എന്ന് പറയാറായിട്ടുമില്ല. സാമ്പത്തികമായും സാമൂഹികമായുമുള്ള പ്രതിസന്ധികളോടൊപ്പം തന്നെ ആരോഗ്യകരമായി കൂടിയുള്ള ചില പ്രതിസന്ധികൾ ഇപ്പോഴും നാം അനുഭവിച്ചു കൊണ്ടിരിക്കുകയുമാണ്.

മേൽ സൂചിപ്പിച്ചതുപോലെ നമ്മുടെ നാടും കോവിഡ് മഹാമാരിയുടെ പിടിയിൽ അകപ്പെട്ടപ്പോൾ അതിനെ പ്രതിരോധിക്കാൻ തുടക്കം മുതൽ ഒടുക്കംവരെ നേതൃത്വ പരമായ പങ്കാണ് നമ്മുടെ ആശാ പ്രവർത്തകരും വഹിച്ചിട്ടുള്ളത്.

ചൈനയിൽ കോവിഡ് റിപ്പോർട്ട് ചെയ്തു കഴിഞ്ഞതിനെ തുടർന്ന് നമ്മുടെ നാട്ടിലും കോവിഡ് രോഗ പ്രതിരോധത്തിനായി വലിയ മുന്നൊരുക്കങ്ങൾ ആരംഭിച്ചു.

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവരെയെല്ലാം ക്വാറന്റയിനിൽ നിർത്തി കൊണ്ടായിരുന്നു തുടക്കം.

അവരെ ദിവസേന നിരീക്ഷിക്കാൻ, അതിന്റെ റിപ്പോർട്ടിംഗ്, അവർക്ക് വേണ്ട മാനസിക പിന്തുണയും മറ്റ് സഹായങ്ങളും ലഭ്യമാക്കൽ എന്നിവയെല്ലാമായിരുന്നു ആദ്യ ഘട്ട പ്രവർത്തനങ്ങൾ.

ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായി ഊന്നൽ നൽകിയ SMS ( സോപ്പ്, സാനിറ്റെെസർ , മാസ്ക്, സാമൂഹ്യ അകലം പാലിക്കൽ ) പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകൽ, തെർമൽ സ്കാനിംഗ് നടത്തൽ തുടങ്ങി നിരവധി ദൈനം ദിനപ്രവർത്തനങ്ങളും ഇതോടൊപ്പം നടത്തിയിരുന്നു.

2020 ഏപ്രിൽ മാസത്തിൽ തന്നെ കോവിഡ് എന്ന മഹാമാരി ലോകത്ത് എല്ലാ രാജ്യങ്ങളിലും എന്നപോലെ നമ്മുടെ രാജ്യത്തും പടർന്നു പിടിക്കുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയിരുന്നു. ഒരുപക്ഷേ നമുക്ക് ഇതുവരെ പരിചയമില്ലാത്ത ലോക്ഡൗൺ ഇന്ത്യയിലും പ്രഖ്യാപിക്കപ്പെട്ടു.


നാടും നഗരവും നിശ്ചലമായപ്പോൾ
പ്രാദേശികമായി RRT അംഗങ്ങളോടൊപ്പം നിരവധി പ്രവർത്തനങ്ങൾക്കാണ് ആശ പ്രവർത്തകർ നേതൃത്വം നൽകിയത്. ഭക്ഷണം വേണ്ടവരുടെ ലിസ്റ്റ് എടുത്ത് സാമൂഹ്യ അടുക്കളകളിൽ നിന്നും ഭക്ഷണ പൊതികൾ എത്തിക്കൽ, മരുന്ന് വേണ്ടവർക്ക് മരുന്ന് എത്തിക്കൽ, മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന വരുണ്ടെങ്കിൽ അവർക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കൽ , ക്വാറന്റയിനിൽ ഉള്ളവരുടെ നിരീക്ഷണവും റിപ്പോർട്ടിംഗും നടത്തൽ, തെരുവ് പട്ടികൾക്ക് ഭക്ഷണം നൽകൽ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ.

ലോക് ഡൗണിൽ പല ഗ്രാമ, നഗര പ്രദേശങ്ങളിലും തൊഴിലും ഭക്ഷണവും ഇല്ലാതായ അതിഥി സംസ്ഥാന തൊഴിലാളികളെ കണ്ടെത്തി അവർക്ക് സമൂഹ അടുക്കളകളിൽ നിന്നും ഭക്ഷണം ഉറപ്പാക്കുന്നതിനും സ്വന്തം വീടുകളിലേക്ക് പോകാൻ താൽപര്യപ്പെടുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതർക്ക് നൽകുന്നതിനുമെല്ലാം ആശ പ്രവർത്തകരും നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്.

ആശാപ്രവർത്തകർ , RRT അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ , ജനപ്രതിനിധികൾ, ആരോഗ്യ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ ഒരു ടീം ഒരു മനസ്സായി ഒരേ ലക്ഷ്യത്തോടു കൂടിയാണ് ഈ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

ഓരോ ആശാപ്രവർത്തകയും അവർക്ക് ചുമതലയുള്ള പ്രദേശത്താണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകിയിരുന്നത്. നിലവിൽ ഒരു വാർഡിന് ഒരു ആശാ പ്രവർത്തക വീതം എല്ലായിടത്തും ഉണ്ട്.

കേരളത്തിൽ 2007 ൽ ഏതാണ്ട് ആയിരം പേർക്ക് ഒരു ആശാപ്രവർത്തക എന്ന തരത്തിലാണ് നിയമിക്കപ്പെട്ടിരുന്നത്.

സന്നദ്ധ ആരോഗ്യ പ്രവർത്തക എന്ന തരത്തിൽ തുടങ്ങിയ ഈ സന്നദ്ധ സംഘത്തിന് ഇന്ന് സർക്കാരിന്റെ ഇച്ഛാശക്തിയുള്ള തീരുമാനങ്ങൾ വഴി ഒരു നിശ്ചിത ഹോണറേറിയവും നിർദ്ദേശിക്കപ്പെട്ട പ്രവർത്തനങ്ങൾക്ക് ഇൻസെന്റീവുകളും ലഭിച്ചു വരുന്നുണ്ട്.

പുതിയ ഉത്തരവ് പ്രകാരം ഒരു വാർഡിൽ ഒരു ആശാപ്രവർത്തക നിർബന്ധമായും ഉണ്ടായിരിക്കണം.

കോവിഡ് രോഗ പ്രതിരോധം കർശനമായി പാലിച്ചിരുന്നുവെങ്കിലും ചില ഇടങ്ങളിൽ രോഗം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. അതേ തുടർന്ന് വ്യാപകമായ രോഗപരിശോധന ക്യാമ്പുകൾ ആരംഭിച്ചു.ആ രോഗപരിശോധന ക്യാമ്പുകളിലേക്ക് രോഗമുള്ളവരുമായി സമ്പർക്കത്തിലേർ പ്പെട്ട ആളുകളേയും രോഗലക്ഷണങ്ങളുള്ളവരേയും പറഞ്ഞയക്കുകയും അവർക്ക് രോഗമുണ്ട് എന്ന് കണ്ടെത്തിയാൽ ഉടൻതന്നെ അവരെ ആരോഗ്യപ്രവർത്തകരുടെ സഹായത്തോടുകൂടി സിഎഫ്എൽടിസികളിലേക്കും ആശുപത്രികളിലേക്കും മാറ്റുക, അതുകഴിഞ്ഞ് വീട്ടിലുള്ള ആളുകളെ ക്വാറന്റൈനിൽ നിർത്തുക, അവരെ നിരീക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കും ആശ പ്രവർത്തകർ നേതൃത്വം നൽകി.


കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് കോവിഡ് രോഗികളെ സി എഫ് എൽ ടി സി തലത്തിലും ഗൃഹതലത്തിലും ചികിത്സിക്കാൻ ആരംഭിച്ചു. ഈ ഘട്ടത്തിൽ പല ആശ പ്രവർത്തകരും ആരോഗ്യ പ്രവർത്തകരും രോഗബാധിതരാവുകയുമുണ്ടായി.ഈ സമയത്ത് രോഗികൾക്ക് ആവശ്യമായ മരുന്ന്, പൾസ് ഓക്സി മീറ്റർ , ഭക്ഷണം എന്നിവ സമയാസമയങ്ങളിൽ എത്തിക്കുന്നതിനുള്ള നേതൃത്വപരമായ പങ്കും ആശാപ്രവർത്തകരാണ് വഹിച്ചിട്ടുള്ളത്.

കോവിഡ് രോഗബാധയെ തുടർന്ന് ലോകത്തെമ്പാടും ഒട്ടേറെ പേർ മരണമടഞ്ഞിരുന്ന ഘട്ടത്തിൽ മരണം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തന പരിപാടിയാണ് കേരള ഗവൺമെൻറ് നടപ്പിലാക്കിയിരുന്നത്. രോഗിക്ക് ന്യൂമോണിയ ഉൾപ്പെടെയുള്ള ഗുരുതരമായ രോഗാവസ്ഥ റിപ്പോർട്ട് ചെയ്താൽ ഉടൻ അവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുക എന്നതായിരുന്നു അതിൽ പ്രധാനം. അതോടൊപ്പം ഗൃഹചികിത്സയിലുളള രോഗികളെ രാപകൽ വ്യത്യാസമില്ലാതെ ഫോൺ വഴിയും നേരിട്ടും ബന്ധപ്പെടുകയും രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് അത് ആരോഗ്യപ്രവർത്തകർക്ക് കൈമാറുകയും വിദഗ്ധ ചികിത്സ ആവശ്യമായി വന്നാൽ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയത് ആശാ പ്രവർത്തകർക്കായിരുന്നു.

ഈ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 12 ആശ പ്രവർത്തകർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു എന്നത് ഏറെ സങ്കടത്തോടെ മാത്രമേ ഓർമ്മിക്കാനാവൂ.

രണ്ടാംഘട്ടത്തിലാണ് കോവിഡ് വാക്സിനേഷൻ ആരംഭിക്കുന്നത്. കോവിഡ് രോഗമുണ്ട് എന്ന് സംശയിക്കുന്നവർക്ക് പരിശോധന നടത്തുന്നതിനും പോസിറ്റീവായവർക്ക് ആവശ്യമായ ഐസൊലേഷനും ചികിത്സയും നടത്തുന്നത് തുടരുകയും അതോടൊപ്പം കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങളുടെ സംഘാടനവും ആശാപ്രവർത്തകരുടെ നേതൃത്വത്തിലാണ് നടന്നത്.

പ്രായമായവർ, വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ , ജോലി സംബന്ധമായി വിദേശത്തേക്ക് പോകേണ്ടവർ, വിദ്യാഭ്യാസ ആവശ്യവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് തിരിച്ചു പോകേണ്ടവർ ഇത്തരത്തിൽ പ്രിയോറിറ്റി ഗ്രൂപ്പിൽപ്പെട്ട ആരോഗ്യ പ്രവർത്തകർ മറ്റു തൊഴിൽ ചെയ്യുന്ന ആളുകൾ എന്നിവരെയെല്ലാം ഘട്ടം ഘട്ടമായി മുൻഗണന അടിസ്ഥാനത്തിൽ ഗ്രാമതലത്തിൽ നിന്നും കണ്ടെത്തി ഓരോ പഞ്ചായത്ത് തലത്തിൽ ദിവസേന നടക്കുന്ന കോവിഡ് വാക്സിനേഷൻ ക്യാമ്പുകളിലേക്ക് എത്തിക്കുന്ന പ്രധാനമായ പ്രവർത്തനവും ആശാ പ്രവർത്തകർ ഏറ്റെടുത്തു.

ആശാ പ്രവർത്തകരുടെ കോവിഡ് മഹാമാരി കാലത്തെ ഉത്തരവാദിത്വങ്ങളെ താഴെ പറയുന്ന രീതിയിൽ നമുക്ക് ക്രോഡീകരിക്കാനാവും :
♦ കോവിഡ് പോസിറ്റീവ് ആയ രോഗികൾക്ക് വീട്ടിൽ തന്നെ ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടോ എന്ന് അന്വേഷിച്ച് അതിന്റെ റിപ്പോർട്ട് നൽകുക
♦ കോവിഡ് പോസിറ്റീവായ രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കാൻ ആരോഗ്യവകുപ്പിനെ സഹായിക്കുക
♦ ക്വാറന്റയിൽ കഴിയുന്ന ആളുകൾ കൃത്യമായ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക; അല്ലാത്തപക്ഷം അധികൃതർക്ക് റിപ്പോർട്ട് നൽകുക
♦ കോവിഡ് രോഗികൾക്ക് പൾസ് ഓക്സിമീറ്റർ ലഭ്യമാക്കുക. എല്ലാ ദിവസവും രക്തത്തിലെ ഓക്സിജൻ വിവരങ്ങൾ രോഗിയിൽ നിന്നും ശേഖരിച്ച് ആരോഗ്യ പ്രവർത്തകരെ അറിയിക്കുക
♦ കോവിഡ് രോഗിക്ക് ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കൃത്യസമയത്ത് എത്തിച്ചു നൽകുക
♦ ജീവിതശൈലീ രോഗങ്ങൾക്ക് ചികിത്സ തേടുന്ന ആളുകൾക്ക് മരുന്ന് വീട്ടിൽ എത്തിച്ചു നൽകുക
♦ കോവിഡ് വാക്സിനേഷന് മുൻഗണനാ പട്ടിക തയ്യാറാക്കി നൽകുക
വാക്സിൻ എടുത്തവരുടെയും എടുക്കാത്തവരുടെയും ലിസ്റ്റ് തയ്യാറാക്കുക
♦ ഗർഭിണികളുടെ ലിസ്റ്റ് തയ്യാറാക്കി നൽകുക
♦ 25 മുതൽ 50 വരെ ഉള്ള വീടുകളുടെ ക്ലസ്റ്റർ വിഭജിച്ച് സന്നദ്ധപ്രവർത്തകർക്ക് ചുമതല നൽകുകയും അവർക്ക് വേണ്ട പരിശീലനങ്ങളും നിർദ്ദേശങ്ങളും നൽകുക
♦ RRTകളുടെ യോഗങ്ങളിൽ പങ്കെടുക്കുക.
♦ വാർഡ് തല അവലോകനയോഗങ്ങളിൽ റിപ്പോർട്ടുകൾ സമർപ്പിക്കുക.
♦ വീട്ടിൽ ചികിത്സയിൽ ഉള്ളവരെ കൃത്യസമയങ്ങളിൽ വിളിച്ച് വിവരങ്ങൾ ശേഖരിക്കുകയും അത് റിപ്പോർട്ട് ചെയ്യുകയും ചെയ്യുക
♦ കോവിഡ് വാക്സിനേഷൻ സെന്ററുകളിൽ വേണ്ട സഹായങ്ങൾ ചെയ്യുക
♦ ദുർബല വിഭാഗങ്ങളിൽ പെട്ടവർക്ക്, പ്രത്യേകിച്ച് രോഗികൾക്ക് കോവിഡ് വാക്സിനേഷൻ നൽകാൻ വേണ്ട ഇടപെടലുകൾ വാർഡ് ആരോഗ്യ ശുചിത്വ സമിതികളുമായി ചേർന്ന് നടത്തുക.
♦ വാഹന സൗകര്യങ്ങൾ ഇല്ലാത്ത ഇടങ്ങളിൽ സന്നദ്ധ സംഘടനകളുടെ സഹായത്താൽ വാഹനങ്ങൾ ലഭ്യമാക്കുക
♦ റിവേഴ്സ് ക്വാറന്റയിൻ ശക്തമാക്കുക (രോഗം ബാധിച്ചവർ വീട്ടിലെ മുതിർന്ന പൗരർ, കിടപ്പിലായ രോഗികൾ, കുഞ്ഞുങ്ങൾ, ഗർഭിണികൾ എന്നിവരുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കുക)
♦ കോവിഡ് ടെസ്റ്റ് സംവിധാനത്തെ കുറിച്ച് നാട്ടിലെ ആളുകൾക്ക് അറിയിപ്പ് നൽകുക.
♦ രോഗ ലക്ഷണം ഉള്ളവരെ ടെസ്റ്റ് ചെയ്യുന്നതിന് വേണ്ട ഇടപെടലുകൾ നടത്തുക
♦ വാർഡിൽ നടക്കുന്ന ആഘോഷങ്ങളിലും മറ്റു ചടങ്ങുകളിലും കോവിഡ് പ്രോട്ടോകോൾ ലംഘിക്കാതിരിക്കാൻ ഉള്ള ഇടപെടലുകൾ നടത്തുക. ആവശ്യമെങ്കിൽ ബന്ധപ്പെട്ടവരെ വിവരമറിയിക്കുക
♦ മറ്റു പകർച്ചവ്യാധികൾക്ക് വേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ ഇതോടൊപ്പം നടത്തുക
♦ പോസ്റ്റ് കോവിഡ് ക്ലിനിക്കിലേക്ക് ആവശ്യമുള്ളവരെ പറഞ്ഞയക്കുക
♦ ആശാപ്രവർത്തകരുടെ പ്രവർത്തന മേഖലയിലെ മുഴുവൻ ഗർഭിണികളെയും വാക്സിനേഷൻ ചെയ്യിക്കുക
♦ കോവിഡിനെതിരെ തെറ്റായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യവകുപ്പിനെ വിവരമറിയിക്കുക
♦ കോവിഡ് വാക്സിനേഷൻ എടുക്കാൻ വിമുഖത കാണിക്കുന്നവരെ സംഘപ്രവർത്തനത്തിലൂടെ കണ്ടെത്തി വാക്സിനേഷൻ ഉറപ്പാക്കുക
♦ ഒറ്റപ്പെട്ടുപോയ കോവിഡ് രോഗികൾക്ക് ഭക്ഷണം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾ പരിഹരിക്കാനുള്ള ഇടപെടലുകൾ നടത്തുക
♦ കോവിഡ് കാലത്ത് പാലിക്കേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ച് ജനങ്ങൾക്ക് ആവശ്യമായ അറിവ് നൽകുക
♦ മരണം നടന്ന വീടുകളിൽ സമ്പർക്ക രോഗ നിയന്ത്രണ പ്രോട്ടോകോൾ പ്രകാരം പാലിക്കേണ്ട കാര്യങ്ങൾ അറിയിക്കുക
♦ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അന്യ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ആവശ്യമായ ക്വാറന്റയിൻ ഉറപ്പാക്കുക. അതോടൊപ്പം ആർആർടിയുടെ സഹായത്തോടുകൂടി ജാഗ്രത പോർട്ടലിൽ റിപ്പോർട്ടുകൾ സമർപ്പിക്കുക.
♦ ഓൺലൈൻ സർട്ടിഫിക്കറ്റുകൾ അവർക്ക് ലഭ്യമാക്കാൻ സഹായങ്ങൾ നൽകുക
♦ രോഗികൾക്ക് വീട്ടിൽ വച്ച് തന്നെ ഡോക്ടറെക്കൊണ്ട് ചികിത്സ നൽകുന്നതിനുള്ള “ഈ സഞ്ജീവനി ” പോലുള്ള സംവിധാനങ്ങൾ ഉറപ്പാക്കുക.
♦ അതിഥി സംസ്ഥാന തൊഴിലാളികളുടെ വാക്സിനേഷൻ, രോഗനിരീക്ഷണം എന്നിവ നടത്തുക.
♦ പാർശ്വവൽക്കരിക്കപ്പെട്ട പട്ടികവർഗ്ഗം, പട്ടികജാതി കോളനികൾ, തീരദേശവാസികൾ എന്നിവർക്ക് വാക്സിൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ഉറപ്പാക്കുക.
♦ വാക്സിനേഷൻ സർട്ടിഫിക്കറ്റ്, കോവിഡ് ടെസ്റ്റ് റിപ്പോർട്ട് എന്നിവ പൊതു ജനങ്ങൾക്ക് ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക

കോവിഡ് ഉൾപ്പെടെയുള്ള മഹാമാരികളും വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങളും ഉണ്ടാകുമ്പോൾ ജനങ്ങൾക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങൾ നൽകുന്ന ഗ്രാമതലത്തിലെ ഏറ്റവും വലിയ ആരോഗ്യ സന്നദ്ധ സെെനികരാണ് നമ്മുടെ ആശാ പ്രവർത്തകർ.

ആശാപ്രവർത്തകരുടെ റോൾ പതിന്മടങ്ങ് വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കു ന്നത്.

കേരള സർക്കാർ കോവിഡാനന്തരകാലത്ത് ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് നിരവധിയായ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. വാതിൽപ്പടി സേവനം, അതിദാരിദ്ര്യ നിർമ്മാർജ്ജനം, ശൈലീ ആപ്പ് വഴി ജീവിതശൈലി രോഗമുള്ളവരെ കണ്ടെത്തുകയും അവർക്ക് ഘട്ടം ഘട്ടമായി രോഗനിർണയവും ചികിത്സയും ഉറപ്പാക്കുക, കോവിഡ് പോലുള്ള പകർച്ചവ്യാധികളെ നേരിടാൻ ജനങ്ങളെ ഒന്നാകെ സജ്ജരാക്കുക, കുഞ്ഞുങ്ങളുടെ രോഗപ്രതിരോധ കുത്തിവെപ്പ് സമയാസമയങ്ങളിൽ എടുക്കുക, കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് നാട്ടിൽ പൊട്ടിപ്പുറപ്പെടുന്ന പകർച്ചവ്യാധികളെ പ്രതിരോധിക്കുക, കൊതുക് ജന്യ രോഗങ്ങളെ നിയന്ത്രിക്കുക, കോളറ ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങളെ നിയന്ത്രിക്കാൻ ജനപങ്കാളിത്തം ഉറപ്പാക്കി ക്ലോറിനേഷൻ നടത്തുക, ശുദ്ധജലം ജനങ്ങൾക്ക് ലഭ്യമാകുന്നു എന്ന് ഉറപ്പാക്കുക. ഇത്തരത്തിൽ ഒരു പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തിന്റെ കാവൽ മാലാഖമാരായി മാറിയ ഒരു സംഘമാണ് നമ്മുടെ ആശ പ്രവർത്തകർ.

ആശാപ്രവർത്തകരുടെ കൂടി വലിയ ഇടപെടൽ വഴി നാം നേടിയ ആരോഗ്യ നേട്ടങ്ങൾ നിലനിർത്തേണ്ടതുണ്ട്.

നമ്മുടെ ആരോഗ്യ സംരക്ഷണത്തിനായി പോരാടി ക്കൊണ്ടിരിക്കുന്ന ആശ പ്രവർത്തകർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കാനാവും വിധമുള്ള ആനുകൂല്യങ്ങൾ കാലാനുസൃതമായി നൽകേണ്ടതുണ്ട്. അത് പരിഗണിച്ചുകൊണ്ടുള്ള ഇടപെടലുകൾ പൊതുജനങ്ങളുടെയും ഗവൺമെന്റുകളുടേയും ഭാഗത്ത് നിന്നും ഉണ്ടായേ പറ്റൂ. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven + 10 =

Most Popular