ഇന്ത്യയിലെ ചെറുപട്ടണങ്ങളിലെ മാലിന്യ ഉൽപ്പാദന നിരക്ക് പ്രതിദിനം 0.41 കിലോഗ്രാം ആണ്, ഗ്രാമങ്ങൾ പ്രതിദിനം 0.08 കിലോഗ്രാം ഖരമാലിന്യം ഉത്പാദിപ്പിക്കുന്നു എന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. ഇവയിൽ 70–-80 ശതമാനവും ജൈവമാലിന്യങ്ങളാണ്. വിവിധ പഠനങ്ങൾ പ്രകാരം കേരളത്തിൽ 37 ലക്ഷം ടൺ ഖരമാലിന്യമാണ് പ്രതിവർഷം ഉല്പാദിപ്പിക്കപ്പെടുന്നത്. അതിൽ 77 ശതമാനവും ജൈവമാലിന്യങ്ങളാണ്, 18 ശതമാനം അജൈവമാലിന്യങ്ങളും. കേരളത്തിൽ ആകെയുള്ള 6 കോപർപ്പറേഷനുകളിൽ നിന്ന് പ്രതിദിനം 1,415 ടൺ ഖരമാലിന്യവും, 87 മുനിസിപ്പാലിറ്റികളിൽ നിന്ന് പ്രതിദിനം 4,523 ടൺ ഖരമാലിന്യവും 941 ഗ്രാമപഞ്ചായത്തുകളിൽ നിന്ന് പ്രതിദിനം 4,106 ടൺ ഖരമാലിന്യവും ഉല്പാദിപ്പിക്കപ്പെടുന്നു. ആകെ ഉല്പാദിപ്പിക്കപ്പെടുന്നതിൽ 49 ശതമാനം ഖരമാലിന്യങ്ങളും വീടുകളിൽ നിന്നുമാണ് 36 ശതമാനം സ്ഥാപനങ്ങളിൽ നിന്നും 15 ശതമാനം പൊതുസ്ഥലങ്ങളിൽ നിന്നുമാണ്.
ഇന്ന് കേരളത്തിൽ മാത്രമല്ല ദേശീയ അടിസ്ഥാനത്തിലും അന്തർദേശീയ അടിസ്ഥാനത്തിലും വളരെ ഗൗരവമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മാലിന്യ സംസ്കരണം. വിവിധ മാലിന്യങ്ങളുടെ സംസ്കരണ രീതിയെക്കുറിച്ച് തന്നെ വ്യത്യസ്ത്യങ്ങളായ അഭിപ്രായങ്ങൾ ഉയർന്നു വരുന്നുണ്ട്, സംവാദങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, അത്തരമൊരു ചർച്ചയിലേക്ക് കടക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇത്രയും നാളത്തെ അനുഭവങ്ങൾ മുൻനിർത്തി, ഇതിന്റെ ശാസ്ത്ര വശങ്ങളെ അടിസ്ഥാനപ്പെടുത്തി ആലോചിക്കുമ്പോൾ മനസിലാകുന്നത്, ഇവയിൽ ഉപേക്ഷിക്കാനായി ഒന്നും തന്നെയില്ല എന്നാണ്. ഭൂമിയിൽ നിന്ന് തന്നെ എടുക്കുന്ന വിഭവങ്ങളെ പല രൂപത്തിൽ നമ്മുടെ ആവശ്യങ്ങൾക്കായാണ് രൂപാന്തരപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇവയെ തിരിച്ചു ഭൂമിയിലേക്ക് തന്നെ മൂലകങ്ങളും ഘടകങ്ങളും ധാതു ലവണങ്ങളുമായൊക്കെ എത്തിക്കാനുള്ള ശ്രമമാണ് വേണ്ടത്.
ഇതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് മാലിന്യ പരിപാലന ചട്ടങ്ങളും രൂപപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഒരു പ്രധാന ഭാഗവും ജൈവ -– അജൈവ മാലിന്യങ്ങളെ ഉറവിടത്തിൽ തന്നെ തരംതിരിക്കുന്നതിനെ പ്പറ്റിയാണ് പറയുന്നതും. ജൈവമാലിന്യം മണ്ണിന്റെ മിത്രമാണ്. ജൈവ മാലിന്യങ്ങളെ പുനഃചംക്രമണം നടത്തി ഉല്പാദിപ്പിക്കപ്പെടുന്ന ജൈവ വളം മണ്ണിലേക്ക് തന്നെ എത്തുമ്പോൾ മണ്ണിന്റെ സ്വാഭാവിക ഫലഭൂയിഷ്ഠതയും വർധിക്കുന്നു, മണ്ണിൽ നിന്നും എടുത്ത മൂലകങ്ങളെ തിരിച്ച് മണ്ണിലേക്ക് നൽകാനും ഇതുമൂലം സാധിക്കുന്നു. ഉല്പാദന ക്ഷമതയുള്ളതും, ആരോഗ്യമുള്ളതുമായ മണ്ണ് നിർമിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു.
എന്നാൽ അജൈവ പാഴ് വസ്തുക്കൾ ഒരു വ്യാവസായിക പ്രവർത്തനത്തിന്റെ ഫലമായി ഉണ്ടായവയാണ്. അവയെ അത്തരത്തിൽ മാത്രമേ പുനഃചംക്രമണം നടത്താനും സാധിക്കുകയുള്ളു. എന്നാൽ പ്ലാസ്റ്റിക്കിന്റെ ഉത്ഭവത്തിനു മുൻപുള്ള കാലഘട്ടം പരിശോധിക്കുകയാണെങ്കിൽ മാലിന്യം എന്നത് ഒരു പ്രശ്നമേ ആയിരുന്നില്ല. കാരണം, പായ്ക്കങ്ങിനായി ഉപയോഗിച്ചിരുന്ന ഇല, പേപ്പർ തുടങ്ങിയവ മണ്ണിൽ കിടന്നുള്ള സ്വാഭാവികമായ വിഘടനം സാധ്യമായവയായിരുന്നു. എന്നാൽ ഇന്ന് ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ വലിയൊരളവും പ്ലാസ്റ്റിക് കൊണ്ടാണ് പായ്ക്ക് ചെയ്തുന്നത്. ഉപഭോക്തൃ സംസ്കാരത്തിൽ ഉണ്ടായ മാറ്റങ്ങളും വിപണി വികസനവുമൊക്കെ മാലിന്യത്തിന്റെ അളവ് കൂടുന്നതിന് പ്രധാന കാരണങ്ങളായി. ഇതിനെയെല്ലാം ആസൂത്രിതമായും ശാസ്ത്രീയമായും സമീപിക്കുക എന്ന ഉത്തരവാദിത്വം നമുക്കുണ്ട്. അതിനാൽ ഈ ഘടകങ്ങളെയെല്ലാം പരിഗണിച്ചുകൊണ്ടാണ് നാം മാലിന്യ സംസ്കരണത്തെ സമീപിക്കുന്നത്.
മാലിന്യ സംസ്കരണം- കേരളത്തിൽ
കേരളത്തിലെ മാലിന്യ സംസ്കരണം പരിശോധിക്കുമ്പോൾ 2015 ൽ സിപിഐ എം മാലിന്യ സംസ്കരണത്തെ ഒരു രാഷ്ട്രീയ അജൻഡയായി എടുക്കുകയും അതൊരു വലിയ പ്രസ്ഥാനമായി വളർത്തിക്കൊണ്ടു വരാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. 2012 – 2013 കാലഘട്ടങ്ങളിൽ മാലിന്യ പ്ലാന്റുകൾക്കെതിരെയുള്ള സമരങ്ങൾ വ്യാപകമായി നടന്നിരുന്നു. സമരങ്ങൾ രൂക്ഷമായി വന്നതോടുകൂടി ഇതിനായുള്ള ബദൽ അന്വേഷിക്കൽ ആലപ്പുഴയിൽ ഡോ. ടി എം തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ ആരംഭിക്കുകയും, തുടർന്ന് തിരുവനന്തപുരത്തു മേയർ ചന്ദ്രികയുടെ നേതൃത്വത്തിലും 2015 ൽ തിരുവനന്തപുരം മേയർ വി കെ പ്രശാന്തിന്റെ നേതൃത്വത്തിൽ വലിയൊരു ക്യാമ്പയിനായും ആരംഭിക്കുകയും ചെയ്തു.
2015 ൽ തന്നെയാണ് കേരളത്തിലൊട്ടാകെ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ മാലിന്യ സംസ്കരണ രംഗത്ത് വികേന്ദ്രീകൃത മാലിന്യ സംസ്കരണം എന്ന പുതിയൊരു രീതി കൊണ്ടുവന്നു. ഇതോടെയാണ് വലിയൊരു ക്യാമ്പയിന് തുടക്കം കുറിക്കുന്നത്. ഈ സമയത്ത് കണ്ണൂർ ജില്ലയിലെ ചെമ്പിലോട്, പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ തുടങ്ങിയ പഞ്ചായത്തുകളിലും ചിറ്റൂർ -തത്തമംഗലം,ചാവക്കാട്,ആറ്റിങ്ങൽ തുടങ്ങി ഏതാനും നഗരസഭകളിലും മാത്രമായിരുന്നു കുറച്ചെങ്കിലും ശാസ്ത്രീയമായി മാലിന്യ സംസ്കരണം നടത്തിയിരുന്നത്.
2016 ൽ സർക്കാർ നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ രൂപീകരിക്കുകയും, 2017 ൽ “മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം” എന്ന ജനകീയ ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്തു. അവിടം മുതലാണ് മാലിന്യ സംസ്കരണത്തിൽ പുതിയൊരു സമീപനം കൊണ്ടുവന്നത്. ഇതനുസരിച്ച് ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിച്ച് കമ്പോസ്റ്റ് ആക്കി മാറ്റുകയും, അതിനായി സ്ഥല ലഭ്യത പരിമിതമായ സ്ഥലങ്ങളിൽ അവയെ തരംതിരിച്ച് ശേഖരിച്ച്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ളിൽ തന്നെ ക്രമീകരിച്ചിട്ടുള്ള കമ്യൂണിറ്റി ഫെസിലിറ്റിയിലേക്ക് കൊണ്ടുവന്നു സംസ്കരിക്കുകയും ചെയ്യാനാണ് തീരുമാനിച്ചത്. അജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിച്ചു ഹരിതകർമസേന വഴി ശേഖരിച്ചു മിനി എം സി എഫ്, എം സി എഫ്, ആർ ആർ എഫ് എന്നിവയിൽ സംഭരിച്ച്, റീസൈക്ലിങ്ങിനായി കൈമാറുക എന്ന സമീപനം ആയിരുന്നു. ഇതല്ലാതെ ഉണ്ടാകുന്ന പ്രത്യേക മാലിന്യങ്ങൾക്കു പ്രത്യേകമായി സംസ്കരണ സംവിധാനം ഉണ്ടാകണം എന്നുമായിരുന്നു അന്ന് തീരുമാനമെടുത്തത്.
എന്നാൽ ഇന്ന് ബ്രഹ്മപുരത്തിന്റെ പശ്ചാത്തലത്തിൽ നാം ഈ രംഗത്ത് മുന്നോട്ടു പോയത് കാണാതിരിക്കുകയും, ബ്രഹ്മപുരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന അവസ്ഥയുമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണാൻ കഴിഞ്ഞത്. ബ്രഹ്മപുരത്ത് എന്ത് സംഭവിച്ചു എന്നതിനെപ്പറ്റി ഞങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നില്ല. ബ്രഹ്മപുരം രീതി തിരുത്തുന്നതിന് നഗരസഭ മുന്നോട്ടു വന്നിട്ടുണ്ട്. പ്രശ്നത്തെപ്പറ്റി മാത്രം എന്നും സംസാരിച്ചുകൊണ്ടിരിക്കാനല്ല, പരിഹാരത്തിനോടൊപ്പം നിൽക്കാനാണു ഞങ്ങൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ കൊച്ചി നഗരസഭയുടെ മാലിന്യസംസ്കരണത്തിലെ പുതിയ നിലപാടുകളെ പരമാവധി പിന്തുണച്ചുകൊണ്ടുനിൽക്കുകയാണ് ലക്ഷ്യം
കേരളത്തിലെ മാലിന്യ സംസ്കരണം- എന്തെല്ലാം മാറ്റങ്ങളുണ്ടായി? നിലവിലെ അവസ്ഥ എന്ത്?
മാലിന്യസംസ്കരണ രംഗത്ത് കേരളത്തിലുണ്ടായ മാറ്റം നമ്മളാരും കാണാതെ പോകരുത്. തദ്ദേശസ്വയംഭരണ വകുപ്പ്, നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ തുടങ്ങിയവരുടെ ഒന്നിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായി ഈ രംഗത്ത് ഉണ്ടായ മാറ്റങ്ങൾ അറിയണം. ഇന്ന് 30,000 ത്തിലധികം ഹരിതകർമസേന അംഗങ്ങൾ 1034 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. സംസ്ഥാനത്താകെ 53 ലക്ഷം വീടുകളിലാണ് ഇവർ വാതിൽപ്പടി സേവനം നടത്തുന്നത്. 12,676 മിനി എം സി എഫുകളും, 1,165 എം സി എഫുകളും 173 ആർ ആർ എഫുകളുമാണ് ഈ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാകെ ഇന്ന് പ്രവർത്തിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആകെ 3,800 ഓളം കമ്യൂണിറ്റി കമ്പോസ്റ്റിംഗ്/ ബയോഗ്യാസ് ഫെസിലിറ്റികൾ പ്രവർത്തിക്കുന്നു, ഇവയിൽ പ്രതിദിനം 173 ടൺ ജൈവമാലിന്യം സംസ്കരിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 12,48,000 ത്തോളം ഉറവിട മാലിന്യ സംസ്കരണ ഉപാധികൾ വീടുകളിലും സ്ഥാപനങ്ങളിലുമായി പ്രവർത്തിക്കുന്നുണ്ട്. 43 ചിക്കൻ റെൻഡറിങ് പ്ലാന്റുകളാണ് സംസ്ഥാനത്താകെ പ്രവർത്തിക്കുന്നത്. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് ക്ലീൻ കേരള കമ്പനിയും 32 ഓളം ഹരിതസഹായസ്ഥാപനങ്ങളും, ഇതിനുപുറമെ 39 ഓളം ബിസിനസ് ഏജൻസികളും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്രയും സംവിധാനങ്ങളിലൂടെ സംസ്കരിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവും അറിയണം.
ക്ലീൻ കേരള കമ്പനി മുഖേന മാത്രം പ്രതിമാസം ശരാശരി 750 ടൺ തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു റീസൈക്ലിങ്ങിനായി നൽകുന്നുണ്ട്. ശരാശരി 200 ടൺ ഇ മാലിന്യം, 10 ടൺ ഹസാർഡസ് മാലിന്യം എന്നിവ ശേഖരിച്ച് കെ ഇ ഐ എൽ പോലെയുള്ള സ്ഥാപനങ്ങൾക്ക് റീസൈക്ലിങ്ങിനായി നൽകുന്നു. ശരാശരി 60 ടൺ തുണി മാലിന്യം ശേഖരിക്കുന്നു. ഇത്തരത്തിൽ വിവിധ അജൈവ മാലിന്യങ്ങൾ ചേർത്ത് പ്രതിമാസം ശരാശരി 3400 ടൺ മാലിന്യമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ക്ലീൻ കേരള കമ്പനി ശേഖരിക്കുന്നത്. ഇതുകൂടാതെ ഏകദേശം 2800 ടൺ അജൈവ മാലിന്യം സ്വകാര്യ ഏജൻസികളും ശേഖരിക്കുന്നുണ്ട് എന്നാണ് ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇതിനുപുറമെ കണക്കിൽ വരാതെയുള്ള ഏജൻസികളും 13000 ത്തോളം സ്ക്രാപ്പ് ബിസിനസുകളും മാലിന്യം .നീക്കം ചെയ്യുന്നുണ്ട്. 140 ഓളം റീസൈക്ലിങ് ഇൻഡസ്ട്രികളും ഇന്ന് ഈ രംഗത്തുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ എന്നിവയെല്ലാം ഏകോപിപ്പിച്ചുകൊണ്ട് നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് ഇന്ന് നാം കാണുന്ന ഈ മാറ്റങ്ങൾ. ഇതിനു പുറമെ മാലിന്യത്തിന്റെ അളവ് കുറയ്ക്കാനുള്ള പരിശ്രമങ്ങളും ഈ കാലയളവിൽ നടന്നിട്ടുണ്ട്. അതിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സംസ്ഥാന സർക്കാർ നിരോധിക്കുകയും, സ്ഥാപനങ്ങളിലും, വലിയ ഇവെന്റുകളിലും “ഗ്രീൻ പ്രോട്ടോകോൾ” നടപ്പിലാക്കുകയും ചെയ്തു. ഇത്തരം സ്ഥലങ്ങളിൽ ഗ്രീൻ പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നും സർക്കാർ ഉത്തരവിറക്കി. ഇവിടെ സ്ഥാപിതമായ വലിയൊരു സംവിധാനത്തിന്റെ കണക്കുകൾ നൽകുന്ന സൂചന, നമുക്ക് സമയബന്ധിതമായി കേരളത്തിന്റെ മാലിന്യ പ്രശ്നം പരിഹരിക്കാൻ പറ്റും എന്നുതന്നെയാണ്.
മാലിന്യ സംസ്കരണ രംഗത്തെ തൊഴിൽ, സംരംഭ സാധ്യതകൾ
ഈ രംഗത്തു നിരന്തരമായി പ്രവർത്തിക്കുന്ന ഹരിതകർമസേന 30,000 ത്തോളമാണ്. ഇതുകൂടാതെ കമ്യൂണിറ്റി കമ്പോസ്റ്റിംഗ് ഫെസിലിറ്റികളിലും, ജൈവ വളം ഉല്പാദന യൂണിറ്റുകളിലുമായി 5000 ത്തോളം പേര് പ്രവർത്തിക്കുന്നുണ്ട്. റീസൈക്ലിങ് ഇൻഡസ്ട്രികളിൽ 5000 ത്തോളം പ്രവർത്തകരും,ചിക്കൻ വേസ്റ്റ് റെൻഡറിങ് പ്ലാന്റുകളിൽ 2000 ത്തോളം ആളുകളും ഉണ്ടാകും. ഇതു കൂടാതെ ബദൽ ഉത്പന്നങ്ങൾ, ബദൽ സേവനങ്ങൾ എന്നീ മേഖലകളിലും പ്രവർത്തിക്കുന്ന ഒരുപാട് പേരുണ്ട്. ഇത്തരത്തിൽ വിവിധ മേഖലകളിലായി ഒരു ലക്ഷത്തോളം ആളുകൾക്ക് തൊഴിൽ നിലവിലുള്ളത്. ഒരുപക്ഷേ കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ കൊടുക്കുന്ന മറ്റൊരു മേഖലയായി ഇതിനെ വളർത്തിക്കൊണ്ടു വരാൻ സാധിക്കും. എനടന്നു മാത്രമല്ല, ഇതിന്റെ സാങ്കേതിക വികസന മേഖലയിലും ഒരുപാട് മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ബദൽ ഉത്പന്നങ്ങൾ, ഡിജിറ്റൽ ടെക്നോളജി, പ്രോസസ്സിംഗ് രീതി തുടങ്ങിയവയിൽ നിരവധി പുതിയ സ്റ്റാർട്ടപ്പുകളും വളർന്നു വരുന്നുണ്ട്. അതിനാൽ സാങ്കേതികവിദ്യ വികസന രംഗത്തും, ഇതുമായി ബന്ധപ്പെട്ടു വരുന്ന വ്യവസായ രംഗത്തും, അനുബന്ധ വ്യവസായ രംഗത്തും വലിയ തൊഴിൽ സാധ്യതകളുണ്ട്.
ജൈവമാലിന്യം -ശാസ്ത്രവും യുക്തിയും
നിലവിലെ സാഹചര്യത്തിൽ ജൈവമാലിന്യത്തിന്റെ ഉറവിട സംസ്കരണത്തിന് എത്ര മാത്രം പ്രാധാന്യമുണ്ടെന്ന് അവയുടെ സംസ്കരണ ശാസ്ത്രം പരിശോധിക്കുമ്പോൾ മനസിലാക്കാനാകും. ജൈവമാലിന്യത്തെ ഒരു സാധ്യതയാക്കി മാറ്റാനുള്ള ധാരാളം വഴികളുണ്ട്. പുനഃചംക്രമണം നടത്തി പുതിയൊരു ഉത്പന്നം നിർമിക്കാനും, മണ്ണിൽ നിന്നെടുത്ത ഘടകങ്ങളെ മണ്ണിലേക്ക് തന്നെ എത്തിക്കാനും, രോഗാതുരത കുറയ്ക്കാനും, കാലാവസ്ഥാവ്യതിയാനം തടയാനും ആഗോളതാപനം കുറയ്ക്കാനുമുള്ള പ്രവർത്തനങ്ങൾ കൂടിയാണ് ഇവയെല്ലാം. ഇത്രയുമധികം ജൈവമാലിന്യം ഉല്പാദിപ്പിക്കപ്പെടുമ്പോൾ അവയെ ശാസ്ത്രീയമായി സംസ്കരിച്ചാൽ കേരളത്തിലെ കൃഷിക്ക് ആവശ്യമായ ജൈവ വളം ഉല്പാദിപ്പിക്കാൻ കഴിയും. കൂടാതെ വീടുകളിൽ ഉറവിട മാലിന്യ സംസ്കരണം നടത്തി ഉത്പാദിപ്പിച്ച ജൈവ വളം ഉപയോഗിച്ച് ഒട്ടുമിക്ക വീടുകളിലും ചെറിയ കൃഷികൾ ആരംഭിച്ചിട്ടുണ്ട്.
നമുക്ക് നേരിട്ട് ഉപയോഗിക്കാൻ പറ്റാത്ത ജൈവ വസ്തു നാളേക്കുള്ള അമൂല്യ സമ്പത്താണ്. ●
(ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം ചിന്ത പ്ലസിൽ കാണുക. www.chintha.in)