Monday, May 6, 2024

ad

Homeകവര്‍സ്റ്റോറിസംയോജിത മാലിന്യ സംസ്കരണം - അടുത്ത ഘട്ട പ്രവർത്തനങ്ങളിലേക്ക് നീങ്ങുമ്പോൾ

സംയോജിത മാലിന്യ സംസ്കരണം – അടുത്ത ഘട്ട പ്രവർത്തനങ്ങളിലേക്ക് നീങ്ങുമ്പോൾ

എൻ ജഗജീവൻ

ശുചിത്വ-മാലിന്യ സംസ്കരണ രംഗത്ത് കേരളം വളരെ മുന്നേറിയെന്നതിൽ സംശയമില്ല. നിർഭാഗ്യവശാൽ സംഭവിച്ച ബ്രഹ്മപുരം തീയുടെ ബഹളത്തിനിടയിൽ, നമ്മൾ മുന്നേറിയതും സൃഷ്ടിച്ചതുമായ കാര്യങ്ങൾ മറക്കാൻ പാടില്ല. ഈ രംഗത്ത് നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വളരെ സവിശേഷമായ പല സംഭാവനകളും ചെയ്തിട്ടുണ്ട്. എന്നാൽ, നികത്തേണ്ട നിരവധി വിടവുകളും പരിഹരിക്കേണ്ട നിരവധി വെല്ലുവിളികളുമുണ്ട്. ശാസ്ത്രീയമായി മാലിന്യം കൈകാര്യം ചെയ്യുന്ന രീതി സമൂഹത്തിന്റെ പൊതുബോധമാക്കി മാറ്റാൻ കഴിയുന്നതിലൂടെ മാത്രമേ മാലിന്യ സംസ്കരണ സംവിധാനത്തിലെ ആധുനികവും ശാസ്ത്രീയവുമായ രീതികൾ സുസ്ഥിരമാക്കി മാറ്റാൻ കഴിയൂ.

ഇക്കാര്യത്തിൽ വിപുലവും ശാസ്ത്രീയവുമായ ജനകീയ വിദ്യാഭ്യാസ ക്യാമ്പയിൻ അനിവാര്യമാണ്. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ അനുകൂല ശീലം വളർത്താൻ കഴിയണം. ഇതിനുള്ള ബഹുജന ക്യാമ്പയിനാണ് നമുക്കുവേണ്ടത്. ഔപചാരിക വിദ്യാഭ്യാസത്തിലും അനൗപചാരിക വിദ്യാഭ്യാസ പരിപാടികളിലും രാഷ്ട്രീയ, സാംസ്കാരിക, ശാസ്ത്ര സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണ വിദ്യാഭ്യാസ പരിപാടികളിലുമെല്ലാം മാലിന്യ സംസ്കരണ രീതികളും വിഷയമായി മാറണം. ആർക്കും ഒഴിഞ്ഞുമാറാൻ പറ്റാത്ത തരത്തിലുള്ള ജനകീയ പരിപാടിയാക്കി മാറ്റാൻ നമുക്ക് കഴിയണം. ഇതോടൊപ്പം തെറ്റായ മാലിന്യ സംസ്കരണ രീതികൾ പിന്തുടരുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കാനും നമുക്ക് കഴിയണം. നിയമ നടപടി സ്വീകരിക്കുന്നത് ശക്തിപ്പെടുത്തുന്നതിനും യഥാസമയം നിയമ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സംസ്ഥാനത്ത് 23 എൻഫോഴ്സ്-മെന്റ് ടീമിനെ സർക്കാർ നിയോഗിച്ചുകഴിഞ്ഞു.

കേരളത്തിലെ ശുചിത്വ -മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തനങ്ങൾ ഒരു പ്രത്യേക ഘട്ടത്തിലാണ്. 2017 ൽ ആരംഭിച്ച ഹരിത കേരളം മിഷൻ പ്രവർത്തനത്തിലൂടെ വികേന്ദ്രീകൃത മാലിന്യ സംസ–്കരണത്തിന്റെ പ്രാധാന്യവും സാധ്യതയും കേരളത്തിലാകമാനം എത്തിക്കാൻ കഴിഞ്ഞു. അതിന്റെ തുടർച്ചയായി അടുത്ത ഘട്ട പ്രവർത്തനങ്ങൾ ചിട്ടയായി ആവിഷ്–കരിച്ചും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചും മുന്നോട്ടുനീങ്ങണം. ഇതോടൊപ്പം കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനങ്ങളിൽ നിന്നും പ്രത്യേക ശ്രദ്ധ നൽകേണ്ട കാര്യങ്ങളിൽ ഇടപെട്ട് പരിഹാര വഴികൾ കാണാനും നമുക്ക് കഴിയണം. ഇങ്ങനെ ശ്രദ്ധ നൽകേണ്ട ചില കാര്യങ്ങളാണ് ചുവടെ ചേർക്കുന്നത്.

1. ഉറവിടത്തിൽ തരം തിരിക്കൽ കർശനമാക്കൽ
ബ്രഹ്മപുരം തീയുടെ മുഖ്യ കാരണം ഉറവിടത്തിൽ തരംതിരിക്കാതെ കൂടിക്കലർന്ന മാലിന്യം പ്ലാന്റിൽ എത്തിച്ചതാണ്. 2016-ലെ ഖരമാലിന്യ പരിപാലന ചട്ടങ്ങളിൽ പ്രധാന ഘടകം ഉറവിടത്തിൽ തരം തിരിക്കലാണ്. മാത്രമല്ല ജൈവ മാലിന്യം കമ്പോസ്റ്റ് / ബയോഗ്യാസ് ആക്കി മാറ്റുകയും വേണം. അജൈവ മാലിന്യം തദ്ദേശ ഭരണ സ്ഥാപനം നിശ്ചയിക്കുന്ന യൂസർ ഫീ നൽകി ചുമതലപ്പെടുത്തിയിട്ടുള്ള ഏജൻസിക്കു കൈമാറണമെന്നാണ്; എന്നാൽ ഇക്കാര്യത്തിലാണ് നമ്മൾ ഇനിയും മികവ് കൈവരിക്കേണ്ടത് . ഇതിന് ശക്തമായ പൗര വിദ്യാഭ്യാസ പരിപാടിക്ക് ഊന്നൽ നൽകണം. ഒപ്പം ഉറവിടത്തിൽ തരം തിരിക്കാതെ മാലിന്യം കൈമാറുന്നവർക്കെതിരെ പിഴ ചുമത്താനും തദ്ദേശഭരണ സ്ഥാപനങ്ങൾ സന്നദ്ധമാകണം.

2. അനാവശ്യമായ എതിർപ്പുകൾ
വികേന്ദ്രീകൃത മാലിന്യ സംസ്–കരണം ഒരു തരത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല. എന്നാൽ മിനി എം.സി.എഫ്, എം.സി.എഫ്, ആർ ആർ എഫ്, കമ്യൂണിറ്റി കമ്പോസ്റ്റിംഗ് സൗകര്യം, കക്കൂസ് മാലിന്യ സംസ്കരണത്തിനുള്ള എഫ്.എസ്.ടി.പി, ഇറച്ചിമാലിന്യ സംസ്കരണത്തിനായുള്ള റെൻഡറിംഗ് പ്ലാന്റുകൾ തുടങ്ങിയവ നിർമ്മിക്കാൻ തുടങ്ങുമ്പോൾ പഴയകാല മാലിന്യ ഡമ്പിങ് യാർഡുകളോടുള്ള എതിർപ്പിന്റെ മാതൃകയിൽ പ്രാദേശിക ചെറുത്തുനിൽപ്പുകളും സമരങ്ങളും ഉണ്ടായി വരുന്നു. ഇത്തരം എതിർപ്പുകൾ കാരണം മാലിന്യ സംസ്ക–രണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാൻ പ്രയാസപ്പെടുന്ന നിരവധി തദ്ദേശ ഭരണ സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ട്. ഇത്തരം എതിർപ്പുകൾക്ക് നേതൃത്വം നൽകുന്നവരിൽ എല്ലാ രാഷ്ട്രീയ കക്ഷിയിലും ഉൾപ്പെടുന്നവരും ഉണ്ട്. മാലിന്യം ഉല്പാദിപ്പിക്കുന്നവർക്കാണ് അതിന്റെ സംസ്–കരണ ചുമതല. അതിനാവശ്യമായ അടിസ്ഥാനസൗകര്യം സൃഷ്ടിക്കലും മേൽനോട്ടം വഹിക്കലും മാത്രമേ സർക്കാരും തദേശ ഭരണ സ്ഥാപനങ്ങളും ചെയ്യേണ്ടതുള്ളൂ. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും പൊതു ധാരണയിലെത്തണം. ഓരോ വാർഡിലേയും തദ്ദേശ ഭരണ സ്ഥാപനത്തിലേയും രാഷ്ട്രീയ പാർട്ടി നേതാക്കൾ അതാതിടത്ത് ഉണ്ടാകുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ ആവശ്യമായ അടിസ്ഥാനസൗകര്യം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണം.

3. പ്രത്യേക പരിഗണന വേണ്ട മാലിന്യങ്ങൾ
സംസ്ഥാനത്ത് ഇനിയും സംസ്കരണ സംവിധാനം ഉണ്ടായി വരേണ്ട സാനിറ്ററി മാലിന്യം, കെട്ടിടങ്ങളും മറ്റും പൊളിക്കുമ്പോൾ ഉണ്ടാകുന്ന മാലിന്യം, ഗാർഹിക – മെഡിക്കൽ മാലിന്യം, മുടിമാലിന്യം, സ്–കൂൾ–- കോളേജ് -ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലബോറട്ടറി മാലിന്യങ്ങൾ (ചെറിയ അളവിലെങ്കിലും ഇതിനും സൗകര്യങ്ങൾ ഉണ്ടാക്കുന്നതിന് നടപടികൾ ആവശ്യമാണ്), അപകടകരമായ മാലിന്യങ്ങൾ തുടങ്ങിയ സവിശേഷ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ സൃഷ്ടിക്കേണ്ടത്. ഇതിൽ പലതിനും സ്വകാര്യ സംരംഭകർ മുന്നോട്ടുവന്നു കഴിഞ്ഞു. കെട്ടിട നിർമാണ മാലിന്യം, മുടി, സാനിട്ടറി മാലിന്യം തുടങ്ങി ഒട്ടുമിക്ക പ്രത്യേക മാലിന്യങ്ങൾക്കും പരിഹാരം കണ്ടെത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചുകഴിഞ്ഞു എന്നതും നമുക്ക് കൂടുതൽ പ്രതീക്ഷ തരുന്നു.

4. പൊതു നിരത്തിലെ മാലിന്യം
പൊതുയിടങ്ങളിൽ മാലിന്യം ഉണ്ടായി വരുന്നതിൽ സംഘടനകൾക്കും പങ്കുണ്ട്. ജാഥകൾ, സമ്മേളനങ്ങൾ, ഘോഷയാത്രകൾ, ഉത്സവങ്ങൾ തുടങ്ങി വിവിധ സാമൂഹ്യ പരിപാടികൾ കഴിയുമ്പോൾ പൊതു നിരത്തിൽ ഫ്ലക്സ് ബോർഡുകൾ, ഭക്ഷണപദാർത്ഥങ്ങൾ, ഡിസ്പോസബിൾ ഗ്ലാസ്-പാത്രങ്ങൾ, കൊടിതോരണങ്ങൾ തുടങ്ങിയവ പൊതുയിടങ്ങളിൽ വലിച്ചെറിഞ്ഞിരിക്കുന്നത് കാണാം. കേരളത്തിൽ എല്ലാവരും ഏതെങ്കിലും ഒരു സംഘടനയിൽ അംഗമായിരിക്കും. വ്യക്തികളിൽ പൊതുമൂല്യബോധം സൃഷ്ടിക്കുന്നതിൽ സംഘടനകൾക്ക് നിർണ്ണായക പങ്കുണ്ട്. അതുകൊണ്ട് ഓരോ സംഘടനയും ഇക്കാര്യത്തിൽ സ്വന്തം ക്യാമ്പയിൻ പരിപാടിക്ക് രൂപം നൽകണം. ഒപ്പം സ്വയം തിരുത്താനും തയ്യാറാകണം. നിരവധി സംഘടനകൾ സമ്മേളനങ്ങൾക്കും ജാഥകൾക്കും, ആരാധനാലയങ്ങൾ ആഘോഷങ്ങൾക്കും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു തുടങ്ങി എന്നതും നമുക്ക് പ്രതീക്ഷ നൽകുന്നു.

5. സ്വകാര്യ സംരംഭകരുടെയും സ്റ്റാർട്ടപ്പുകളുടെയും ഏകോപനം
ശുചിത്വ മാലിന്യ സംസ്–കരണ രംഗത്ത് നിരവധി സംരംഭക ഗ്രൂപ്പുകൾ ഇതിനകം സംസ്ഥാനത്ത് വന്നു കഴിഞ്ഞു. അജൈവ മാലിന്യം, വാതിൽപ്പടി ശേഖരണവും ജൈവ മാലിന്യ പരിപാലനവും, സംസ്–കരണ സേവനം, ഉപാധികളുടെ ഉല്പാദനം, സാങ്കേതിക വിദ്യാ വികസനം, സാങ്കേതിക സഹായം, ഉപാധികളുടെ വില്പനയും സർവീസിങ്ങും, ഡിജിറ്റൽ സർവ്വീസ്, ബദൽ ഉല്പന്നങ്ങൾ തുടങ്ങി വ്യത്യസ്ത മേഖലകളിലാണ് തൊഴിൽ സംരംഭങ്ങൾ സർക്കാർ സംവിധാനത്തിന് പുറത്തു വളർന്നു വന്നിരിക്കുന്നത്. ഇവരെ ഏകോപിപ്പിക്കുന്നതിനും സംസ്ഥാനത്തിന്റെ ശുചിത്വ മാലിന്യ സംസ്കരണത്തിനുള്ള സർക്കാർ സംവിധാനത്തിലേക്ക് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനും കഴിയണം. അതിനുള്ള ഫലപ്രദമായ പ്രവർത്തനം ഇനിയും നമുക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഈ രംഗത്തേക്ക് വന്നിരിക്കുന്നതിൽ വലിയൊരു ശതമാനവും യുവതയിൽ നിന്നാണ്. സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന എന്റെ തൊഴിൽ – എന്റെ അഭിമാനം, സംരംഭ വർഷം, പ്രാദേശിക സാമ്പത്തിക വികസനം, കെ-–ഡിസ്ക്, തുടങ്ങിയവയുമായി സംയോജിപ്പിച്ച് ഇവരെ പ്രയോജനപ്പെടുത്താൻ കഴിയും. സർക്കുലാർ ഇക്കോണമിയിൽ അധിഷ്ഠിതമായ – സംയോജിത തൊഴിൽ വികസനത്തിനുള്ള വലിയ സാധ്യത ഈ രംഗത്തുണ്ട്. അത് പ്രയോജനപ്പെടുത്താൻ നമുക്ക് സാധിക്കണം. ഇതിന്റെ ഭാഗമായി തുടക്കമെന്ന നിലയിൽ ഫ്രീഡം -ഫെസ്റ്റ് – പ്രയോജനപ്പെടുത്താൻ ഒരു ശ്രമം നടത്താവുന്നതാണ്.

കേരളത്തിൽ നടക്കാൻപോകുന്ന വളരെ നൂതനമായ പരിപാടിയാണ് ഫ്രീഡം ഫെസ്റ്റ്. വിജ്ഞാനവും സാങ്കേതിക വിദ്യയും സ്വാതന്ത്ര്യ സംരക്ഷണത്തിന് രാഷ്ട്രീയ ആത്മവിശ്വാസം നൽകുന്നവയാണ്. ഈ ഉത്സവത്തിന്റെ ഭാഗമായി ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് പുതിയ സാങ്കേതിക വിദ്യകളും ഉല്പന്നങ്ങളും ഉൾക്കൊള്ളുന്ന ഒരു പരിപാടികൂടി പരിഗണിക്കാവുന്നതാണ്.

6. നിരന്തര അവലോകനവും 
മോണിട്ടറിങ്ങും
ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനം യഥാസമയം എല്ലായിടങ്ങളിലും ഉണ്ടായി വന്നതായി ഉറപ്പാക്കണമെങ്കിൽ കർശനമായ അവലോകനവും മോണിട്ടറിങ്ങും നിരന്തരം നടത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ ചില പരിമിതികളുണ്ടായിരുന്നു. ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തനങ്ങളിൽ അവലോകനവും മോണിട്ടറിങ്ങും ഫലപ്രദമാക്കാനുള്ള നടപടിയും ഫലം കണ്ടുതുടങ്ങി. അത് എന്താണ് എന്ന് നോക്കാം. പഞ്ചായത്ത് / നഗരസഭാ വാർഡുതലത്തിലെ ക്ലസ്റ്റർ മുതൽ സംസ്ഥാനതലംവരെ നിരന്തര അവലോകനവും മോണിറ്ററിങ്ങും നടത്തുന്നതിനും ക്രമീകരണം വന്നുകഴിഞ്ഞു. വാർഡ് മെമ്പറുടെ നേതൃത്വത്തിലുള്ള വാർഡുതല ശുചിത്വാരോഗ്യ സമിതിയുടെ നേതൃത്വത്തിൽ വാർഡുതല അവലോകനവും, തദ്ദേശ ഭരണ സ്ഥാപനതലത്തിൽ സെക്രട്ടറി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രതിദിന പ്രവർത്തന അവലോകനവും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ട് ദിവസത്തെ അവലോകനവും ആഴ്ചതോറും തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്റെ നേതൃത്വത്തിലും എല്ലാ മാസവും നടക്കുന്ന ഭരണ സമിതി യോഗത്തിൽ വിശദമായി അവതരിപ്പിക്കുന്ന പ്രവർത്തന പുരോഗതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും അവലോകനവും വിലയിരുത്തലും നടത്തുന്ന തരത്തിലാണ് മോണിറ്ററിങ് പ്രക്രിയ വിഭാവനം ചെയ്തിരിക്കുന്നത്.

സംസ്ഥാനതലത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തദ്ദേശ ഭരണ വകുപ്പ് ഡയറക്ടർമാർ, ഈ രംഗത്തെ വിവിധ സർക്കാർ ഏജൻസിയുടെ ചുമതലക്കാർ , ജില്ലാ ഉദ്യോഗസ്ഥർ എന്നിവരുടെ മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തനങ്ങളുടെ അവലോകനം എല്ലാ ദിവസവും എന്ന രീതിയിൽ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ തുടർച്ചയായി ജില്ലാതലത്തിൽ കളക്ടറുടെ നേതൃത്വത്തിലും റിവ്യൂ നടക്കുന്നു. ഇവയുടെ അടിസ്ഥാനത്തിൽ തദ്ദേശ ഭരണ വകുപ്പ് മന്ത്രിയുടെ നിരന്തര അവലോകനവും ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും സർക്കാർ തലത്തിലും നടക്കുന്ന അവലോകനയോഗങ്ങളും വിലയിരുത്തലും ഫലപ്രദമാകുന്നതിന് ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പ്- ഡിജിറ്റൽ ഡേറ്റാ ശേഖരണ സംവിധാനവും നിലവിൽ വന്നു കഴിഞ്ഞു. മാലിന്യത്തിന്റെ ഉത്ഭവസ്ഥാനം മുതൽ സംസ്കരണതലംവരെ മാലിന്യം കൊണ്ടുപോകുന്നതും സംസ്കരണ രീതിയും കൃത്യമായി പരിശോധിക്കാൻ കഴിയുന്ന തരത്തിലാണ് ഡിജിറ്റൽ മോണിട്ടറിങ് സംവിധാനം ആവിഷ്കരിച്ചിട്ടുള്ളത്. ഇതിനായി കെൽട്രോണിന്റെ നേതൃത്വത്തിൽ വികസിപ്പിച്ച ഹരിതമിത്രം ഡിജിറ്റൽ മോണിട്ടറിങ് സംവിധാനം മുഴുവൻ തദ്ദേശ ഭരണ സ്ഥാപനത്തിലും നിലവിൽ വരുന്നതോടെ (2023 മാർച്ച്) കേരളത്തിലെ മുഴുവൻ വീടുകളിലേയും സ്ഥാപനത്തിലേയും പ്രതിദിന ജൈവ മാലിന്യ പരിപാലനരീതി, ഉണ്ടാകുന്ന അജൈവ മാലിന്യത്തിന്റെ അളവ്, സ്വഭാവം, ഇനം, ഉറവിടത്തിൽ തരംതിരിക്കുന്നുണ്ടോ, യുസർ ഫീ നൽകുന്നുണ്ടോ, കൃത്യമായി വാതിൽപ്പടി ശേഖരണം നടക്കുന്നുണ്ടോ എന്നിവ മനസ്സിലാക്കാൻ കഴിയും. ഈ വിവരസമാഹാരം സൂക്ഷ്മസ്ഥൂലതല ആസൂത്രണത്തിന് ഏറെ സഹായകമാകും. വാർഡുതലം മുതൽ സംസ്ഥാനതലം വരെ ചുമതലപ്പെട്ട മുഴുവൻ പേർക്കും അതാത് തലത്തിലെ ഉത്തരവാദിത്തങ്ങളുടെ നിർവ്വഹണത്തിന് ഇത് സഹായകരമായിരിക്കും.

ഖരമാലിന്യ സംസ്കരണത്തിനായി ഹരിത കർമ്മസേന മുഖേനയുള്ള വാതിൽപ്പടി സേവനം പാഴ്–വസ്തു ശേഖരണം, മിനി എം.സി.എഫ്. -എം.സി എഫ്.-ആർ.ആർ എഫ്, ക്ലീൻ കേരള കമ്പനി മുഖേനയുള്ള പാഴ് വസ്തു നീക്കം, ഗാർഹിക-സ്ഥാപന പൊതുതലങ്ങളിൽ ജൈവ മാലിന്യ സംസ്കരണോപാധികൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കൽ തുടങ്ങി വികേന്ദ്രീകൃതവും സംയോജിതവുമായ മാലിന്യ സംസ്കരണ – ശൃംഖലാ സംവിധാനത്തിനുകീഴിലെ പ്രവർത്തനങ്ങൾ വാർഡുതലം മുതൽ സംസ്ഥാനതലം വരെ ഏകീകൃത ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനമാണ് ഹരിതമിത്രം.

ഹരിത മിത്രത്തിൽ പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടുള്ള കസ്റ്റമർ ആപ്പിലെ പൊതുജന പരാതി പരിഹാര ഘടകത്തിലൂടെ പൊതുജനങ്ങളെ നേരിട്ട് ആപ്ലിക്കേഷന്റെ ഭാഗമാക്കുകയും ഒരു ശുചിത്വ പൗരാവബോധം ഇതിലൂടെ പൊതുവിൽ രൂപപ്പെടുത്തുകയും ചെയ്യുന്നു. കെൽട്രോണിന്റെ സാങ്കേതിക സഹായത്തിൽ ശുചിത്വ മിഷന്റെയും ഹരിത കേരള മിഷന്റെയും മേൽനോട്ടത്തിൽ, കുടുംബശ്രീയുടെ പങ്കാളിത്തത്തോടുകൂടിയാണ് , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇത് പ്രായോഗിക തലത്തിൽ എത്തിക്കുന്നത്.

ആദ്യഘട്ടത്തിൽ 376 തദ്ദേശ സ്ഥാപനങ്ങളിലാണ് ഹരിത മിത്രം പ്രയോഗത്തിൽ വന്നത്. നിലവിൽ 4 കോർപ്പറേഷനുകളിലും, 59 മുനിസിപ്പാലിറ്റികളിലും 313 ഗ്രാമപഞ്ചായത്തുകളിലും ഹരിതമിത്രം ഉപയോഗിക്കുന്നുണ്ട്.

ഹരിതമിത്രം സ്മാർട്ട് ഗാർബേജ് 
മോണിട്ടറിങ് സിസ്റ്റത്തിലൂടെ 
ലഭ്യമാകുന്ന സേവനങ്ങൾ
• മാലിന്യം രൂപപ്പെടുന്ന ഉറവിടങ്ങളായ വീടുകൾ, സ്ഥാപനങ്ങൾ, പൊതുയിടങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ.
• ജൈവ മാലിന്യം വീടുകളിലും സ്ഥാപനങ്ങളിലും ഉറവിടത്തിൽ സംസ്കകരിക്കുന്നതിനു ഉപയോഗിക്കുന്ന ഉപാധി, രീതി.
• എത്ര ജൈവ മാലിന്യം പൊതു കമ്പോസ്റ്റിംഗ് / പൊതുബയോഗ്യാസ് – വഴി പ്രതിദിനം സംസ്കരിക്കുന്നു.
• ഹരിത കർമ്മസേനകളുടെ സേവനങ്ങളും അനുബന്ധ പ്രവർത്തനങ്ങളും നിരീക്ഷിക്കൽ.
• വാതിൽപ്പടി ശേഖരണത്തിലൂടെ സംഭരിക്കുന്ന പാഴ്–വസ്തുക്കളുടെ അളവ്, ഇനം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ.
• എം.സി.എഫ്, ആർ. ആർ.എഫ്.കളിലേക്ക് എത്തിക്കപ്പെടുന്ന പാഴ് വസ്തുക്കളുടെ ഇനം, തൂക്കം എന്നിവ സംബന്ധിച്ച വിവരങ്ങൾ.
• എം.സി.എഫ്, ആർ.ആർ.എഫുകളിൽ നിന്ന് ക്ലീൻ കേരള കമ്പനി/ സ്വകാര്യ ഏജൻസികൾക്ക് കൈമാറ്റം ചെയ്യുന്ന പാഴ് വസ്തുക്കളുടെ അളവ്, തൂക്കം സംബന്ധിച്ച വിശദാംശങ്ങൾ.
• എം.സി.എഫ്, ആർ.ആർ.എഫുകളിൽ നിന്ന് ക്ലീൻ കേരള കമ്പനി/ സ്വകാര്യ ഏജൻസികൾ സംഭരിക്കുന്ന പാഴ് വസ്തുക്കളുടെ അളവും തൂക്കവും സംബന്ധിച്ച വിശദാംശങ്ങൾ.
• പാഴ് വസ്തുക്കൾ നീക്കം ചെയ്യുന്നതിനുപയോഗിക്കുന്ന വാഹനങ്ങളുടെ സഞ്ചാരദിശ ജി.പി.എസ് സംവിധാനം ഉപയോഗപ്പെടുത്തി ട്രാക്ക് ചെയ്യൽ
• മാലിന്യ സംസ്കരണ സേവനങ്ങൾ ഏകീകരിക്കുന്നതിനും മോണിട്ടർ ചെയ്യുന്നതിനുമാവശ്യമായ വെബ് പോർട്ടൽ (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡ് തലം മുതൽ സംസ്ഥാന തലം വരെയുള്ള വിവരങ്ങൾ തത്സമയം കാണാൻ കഴിയുന്ന ഡാഷ്ബോർഡ് ഇതിന്റെ ഭാഗമായി ഉണ്ട്).
• ഗുണഭോക്താക്കൾക്ക് സേവനം ആവശ്യപ്പെടുന്നതിനും പരാതികൾ അറിയിക്കുന്നതിനും ഫീസുകൾ അടയ്ക്കുന്നതിനുമുള്ള സംവിധാനങ്ങൾ.
• പ്രാദേശിക മലിനീകരണ പ്രശ്നങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തൽ (മാലിന്യങ്ങൾ അലക്ഷ്യമായും അപകടകരമായും വലിച്ചെറിയുന്നതും ഒഴുക്കിവിടുന്നതും കത്തിക്കുന്നതുമുൾപ്പെടെയുള്ള പ്രശ്നങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിക്കുന്നതിനുള്ള സംവിധാനങ്ങൾ ഇതിലൂടെ സാധ്യമാവും).
• മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട വിവിധ തരം റിപ്പോർട്ടുകൾ തത്സമയം ലഭ്യമാകുന്ന സംവിധാനം.

ഹരിതമിത്രം സ്മാർട്ട് ഗാർബേജ് 
മോണിട്ടറിംഗ് സിസ്റ്റം 
ഉപ ആപ്ലിക്കേഷനുകൾ
ഹരിത കർമ്മസേന ആപ്പ്
• ഗുണഭോക്തൃ വിവര ശേഖരണം: ഹരിത കർമ്മസേനാംഗങ്ങൾ നേരിട്ട്, വീടുകൾ, ഫ്ളാറ്റുകൾ, വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ, എന്നിവ സന്ദർശിച്ച് ഉപയോക്താക്കളായ വീട്/ സ്ഥാപന ഉടമസ്ഥരുടെ വിവരങ്ങളും, വീടുകളുടേയും സ്ഥാപനങ്ങളുടേയും ജിയോ ലൊക്കേഷനും ഫോട്ടോയും ഉൾപ്പെടെയുള്ള വിവരങ്ങൾ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം. ഇതിന്റെ അടിസ്ഥാനത്തിൽ വീടുകൾക്കും സ്ഥാപനങ്ങൾക്കും ക്യൂ.ആർ കോഡ് സ്റ്റിക്കർ നൽകുന്നതുൾപ്പെ ടെയുള്ള പ്രവർത്തനങ്ങളാണ് ഗുണഭോക്തൃ വിവര ശേഖരണഘട്ടത്തിലുളളത്.
• സേവന നിർവ്വഹണം: സേവനദാതാക്കളായ ഹരിത കർമ്മ സേനയ്ക്ക് ഉപയോഗിക്കാൻ കഴിയും വിധത്തിലുള്ള സേവനങ്ങളാണ് ഇവിടെ ലഭ്യമാകുന്നത്. വാതിൽപ്പടി പാഴ്–വ.സ്തു ശേഖരണത്തിനായി സന്ദർശിക്കേണ്ട ഇടങ്ങൾ, സന്ദർശന തീയതി, നൽകേണ്ട സേവനങ്ങൾ, ഉപഭോക്താക്കൾ ഉന്നയിച്ചിട്ടുള്ള പരാതികൾ തുടങ്ങിയവയെല്ലാം സേവനദാതാക്കൾക്ക് ഇതിലൂടെ ലഭ്യമാകും. ഓരോ വീട്/സ്ഥാപനത്തിൽ നിന്നും ശേഖരിക്കുന്ന പാഴ്–വവസ്തുക്കളുടെ അളവ്, തരം, അവിടെ നൽകിയ സേവനങ്ങൾ, ശേഖരിച്ച യൂസർഫീ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്താനും ഈ ആപ്പിൽ സൗകര്യമുണ്ട്.

കസ്റ്റമർ ആപ്പ്
• സേവനങ്ങൾ യഥാസമയം ആവശ്യപ്പെടുന്നതിനും സേവന ലഭ്യതയിലുണ്ടാകുന്ന കാലതാമസം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുന്നതിനും ഓരോ പ്രദേശത്തും ഏതെല്ലാം ദിവസങ്ങളിൽ ഏത് തരം പാഴ്‌വസ്തു ശേഖരണമാണ് നടക്കുന്നത്, വിശദമായ ശേഖരണ കലണ്ടർ, സേവനദാതാക്കളെക്കുറിച്ചുള്ള പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം എന്നിവയും കസ്റ്റമർ ആപ്പിലുണ്ട്.
• രജിസ്റ്റർ ചെയ്യപ്പെടുന്ന പരാതികളിൽ നിശ്ചിത സമയപരിധിക്കുള്ളിൽ പരിഹരിക്കപ്പെടാത്ത പരാതികൾ തൊട്ടടുത്ത ഉയർന്ന തലത്തിലുള്ള പരാതിപരിഹാര സംവിധാനത്തിലേയ്ക്ക് സ്വയം എത്തിച്ചേരുംവിധമുള്ള സംവിധാനങ്ങളാണ് ആപ്പിൽ ഉള്ളത്.
• ഉന്നയിക്കപ്പെട്ട പരാതികളുടെ എണ്ണം, ഓരോ തലത്തിലും പരിഹരിക്കപ്പെട്ടവയുടെ എണ്ണം എന്നിവയെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും ലഭ്യമാകും. നിയമവിരുദ്ധമായ മലിനീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള സംവിധാനങ്ങളും കസ്റ്റമർ ആപ്പിൽ ലഭ്യമാണ്.

എം.സി. എഫ്/ ആർ.ആർ. എഫ് ആപ്പ്
• വാതിൽപ്പടി ശേഖരണം വഴി സംഭരിക്കുന്ന പാഴ്–വസ്തുക്കൾ തരംതിരിച്ച് ശാസ്ത്രീയ സംസ്കരണത്തിന് കൈമാറുന്നതുവരെയുള്ള വിവരങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം.

• ഓരോ എം.സി.എഫിലും എത്തിച്ചേരുന്ന പാഴ്‌വസ്തുക്കളുടെ ഇനം തിരിച്ചുള്ള അളവ്, അവ ആർ.ആർ.എഫിലേക്ക് നീക്കം ചെയ്തതു സംബന്ധിച്ച വിവരങ്ങൾ, ആർ.ആർ.എഫിൽ വെച്ച് പൊടിയാക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ്, ടാറിങ്ങിനായി കൈമാറിയ പ്ലാസ്റ്റിക്കിന്റെ അളവ്, ബെയിലിംഗ് നടത്തിയ പ്ലാസ്റ്റിക്കിന്റെ അളവ്, ആർ.ആർ. എഫ്. ൽ നിന്ന് ക്ലീൻ കേരള കമ്പനിക്ക് /സ്വകാര്യ ഏജൻസിക്ക് കൈമാറിയ പാഴ്‌വസ്തുക്കളുടെ ഇനം തിരിച്ചുള്ള അളവ് എന്നിവയെല്ലാം ഈ ആപ്പിൽ രേഖപ്പെടുത്താൻ കഴിയും.

പാഴ്‌വസ്തുക്കളുടെ വിലയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ക്ലീൻ കേരള കമ്പനി / സ്വകാര്യ ഏജൻസി നൽകിയ തുക, നെഗറ്റീവ് മൂല്യമുള്ള വസ്തുക്കൾ നീക്കം ചെയ്യാനായി ക്ലീൻ കേരള കമ്പനി കൈപ്പറ്റിയ തുക എന്നീ വിവരങ്ങളും ആപ്പിൽ രേഖപ്പെടുത്താൻ കഴിയും.

ക്ലീൻ കേരള കമ്പനി ആപ്പ്
• എം.സി.എഫ് ആർ ആർ എഫുകളിൽ നിന്നും ശേഖരിക്കുന്ന പാഴ്‌വസ്തുക്കളുടെ ഇനം, തൂക്കം, ശേഖരിക്കുന്ന തീയതി, കൈമാറ്റം ചെയ്യുന്ന ഏജൻസി, കടത്തലിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ വിവരങ്ങൾ, ശേഖരിച്ച പാഴ്‌വസ്തുക്കൾ പുനഃചംക്രമണത്തിന്/ പുനരുപയോഗത്തിന്/ സംസ്ക്കരണത്തിന് കൈമാറുന്നതിന്റെ വിശദാംശങ്ങൾ തുടങ്ങിയവ ക്ലീൻ കേരള കമ്പനി ആപ്പിൽ ലഭ്യമാണ്.

വെബ് പോർട്ടൽ
• സംസ്ഥാനത്തെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്ന ഡാഷ്ബോർഡ് ഉൾപ്പെടെയുള്ള സമഗ്രമായ ഒരു വെബ് പോർട്ടൽ ഈ മോണിട്ടറിംഗ് സിസ്റ്റത്തിന്റെ ഭാഗമായി ലഭ്യമാണ്.
• തദ്ദേശ സ്വയംഭരണ സ്ഥാപനതലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ വിവിധ തലങ്ങളിൽ തരംതിരിച്ച് റിപ്പോർട്ടുകൾ ഇതിലൂടെ ലഭ്യമാണ്.
• ഡാറ്റാബേസിന്റെയും മൊബൈൽ ആപ്പിൽ രേഖപ്പെടുത്തുന്ന വിവരങ്ങളുടേയും അടിസ്ഥാനത്തിൽ നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുന്ന വിവരങ്ങളാവും വെബ് പോർട്ടലിലും അതിന്റെ ഭാഗമായുള്ള ഡാഷ്ബോർഡിലും റിപ്പോർട്ടുകളിലും ലഭ്യമാകുന്നത്.

സംസ്ഥാനത്തൊട്ടാകെ 376 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നടപ്പിലാക്കിയതിൽ 38 ലക്ഷത്തിലധികം ഗുണഭോക്തൃ വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 25 ലക്ഷത്തിലധികം ഉപഭോക്താക്കൾ, വിവിധ മാലിന്യ നിർമാർജ്ജന സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 3 മാസത്തിനുള്ളിൽ 35 ലക്ഷത്തോളം സേവനങ്ങൾ നൽകുകയും, 13 കോടിയിലധികം രൂപ സംസ്ഥാനത്തൊട്ടാകെ ഹരിതമിത്രം വഴി പിരിച്ചെടുക്കുകയും ചെയ്തു.

ഹരിത മിത്രത്തിലൂടെ ലഭ്യമായ വിവരങ്ങളുടെയും, കണക്കുകളുടെയും അടിസ്ഥാനത്തിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാലിന്യ നിർമാർജ്ജന- സംസ്‌കരണ പദ്ധതികൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും സഹായകമായെന്നാണ് പ്രസ്തുത തദ്ദേശഭരണ സ്ഥാപനങ്ങളിൽനിന്നും മനസ്സിലാക്കുന്നത്.

ഉദാഹരണത്തിന്, ആലപ്പുഴ ജില്ലയിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 19 വാർഡുകൾ ഉൾപ്പെടുന്ന പഞ്ചായത്താണ് പത്തിയൂർ. ഹരിതമിത്ര ആപ്ലിക്കേഷൻ പ്രവർത്തനം ആരംഭിക്കുന്ന ഘട്ടത്തിൽ ജില്ലയിൽതന്നെ ഹരിത കർമ്മസേന പ്രവർത്തനത്തിൽ വളരെ പിന്നാക്കം നിന്ന പഞ്ചായത്തായിരുന്നു പത്തിയൂർ. 19 വാർഡുകളിലായി 38 ഹരിത കർമ്മസേന അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട് എങ്കിലും കൃത്യമായ അജൈവ മാലിന്യ ശേഖരണം ഉണ്ടായിരുന്നില്ല. ശരാശരി 53750 രൂപയാണ് പ്രതിമാസ യൂസർ ഫീ കളക്ഷൻ ലഭിച്ചിരുന്നത്.

ഹരിത മിത്രം ആപ്ലിക്കേഷന്റെ പ്രവർത്തനങ്ങൾ ആരംഭിച്ച ഘട്ടം മുതൽ യൂസർ ഫീ കളക്ഷനിൽ ഉൾപ്പടെ വ്യക്തമായ മാറ്റം പ്രകടമായി. സെപ്തംബർ മാസം യൂസർ ഫീ കളക്ഷൻ 112550 രൂപ എന്ന നിലയിലേക്ക് ഉയരുകയും സർവേ പൂർത്തീകരണശേഷം യൂസർ ഫീ കളക്ഷൻ 151400 എന്ന നിലയിലേക്ക് എത്തുകയും ചെയ്തു. ഹരിത കർമ്മസേന അംഗങ്ങൾക്കും പഞ്ചായത്തിനും ഇത് പ്രചോദനമാകുകയും അജൈവ മാലിന്യ ശേഖരണത്തിൽ പഞ്ചായത്ത് കാര്യക്ഷമമായി ഇടപടുകയും ചെയ്തു. തുടർന്ന് ആപ്ലിക്കേഷൻ ഉപയോഗിച്ചുതന്നെ സർവ്വീസ്, യൂസർ ഫീ കളക്ഷൻ എന്നിവയിലേക്ക് കടക്കുകയും യൂസർ ഫീ 276300 രൂപ എന്ന നിലയിലേക്ക് ഉയരുകയും ചെയ്തു.

7. നമുക്ക് വൻ ജനകീയ 
പ്രസ്ഥാനത്തിലേക്ക് നീങ്ങാം
ഒറ്റപ്പെട്ട പ്രവർത്തനങ്ങളിലൂടെയും സർക്കാർ കേന്ദ്രീകൃത നിർവ്വഹണ രീതിയിലൂടെയും കേരളത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ കഴിയില്ല. നിലവിലുള്ള പൗരബോധം, മനോഭാവം, ശീലം എന്നിവയാണ് മാലിന്യ പ്രശ്നം സങ്കീർണമാക്കുന്നത്. ഇത് മാറ്റിയെടുക്കാനുള്ള പ്രവർത്തനം വലിയൊരു രാഷ്ട്രീയ പ്രവർത്തനമാണ്. പുതിയൊരു പൗരബോധവും വികസന കാഴ്ചപ്പാടും സൃഷ്ടിക്കുന്ന പ്രവർത്തനമാണ് വികേന്ദ്രീകൃതവും സംയോജിതവുമായ മാലിന്യ സംസ്കരണ രീതി. അതുകൊണ്ടുതന്നെ മുഴുവൻ ജന സമൂഹത്തേയും അണിനിരത്തുന്ന പരിപാടിയാക്കി മാറ്റാൻ കഴിയണം. കേരളത്തെ സമ്പൂർണ സാക്ഷരതയിലേക്കും ജനകീയാസൂത്രണത്തിലേക്കും നയിച്ച ജനമുന്നേറ്റത്തെക്കാൾ വലിയ പ്രസ്ഥാനമാണ് വേണ്ടത്. ഈ രണ്ടു പ്രസ്ഥാനങ്ങളിലും സ്വയം മാറുന്നതിനേക്കാൾ കൂടുതൽ സമൂഹത്തിലേക്ക് തന്റെ അധ്വാനവും സർഗ്ഗാത്മകതയും സംഭാവന ചെയ്യുകയായിരുന്നു. നവകേരളം : വൃത്തിയുള്ള കേരളം ക്യാമ്പയിനിൽ സ്വയം മാറാനും സ്വന്തം മനോഭാവവും ശീലവും മാറ്റി തന്റെ അധ്വാനവും സർഗ്ഗാത്മകതയും അറിവും നൈപുണ്യവും വിനിയോഗിക്കാൻ ജനങ്ങളെ തയ്യാറാക്കുകയും ചെയ്യുന്ന ക്യാമ്പയിനാണ് വേണ്ടത്. അതിനുള്ള വിപുലമായ ജനകീയ പ്രസ്ഥാനമായി ശുചിത്വ പ്രസ്ഥാനത്തെ മാറ്റാൻ നമുക്ക് കഴിയണം. ഇതിനായി കക്ഷി രാഷ്ട്രീയ തർക്കങ്ങൾ മാറ്റി വച്ച്, സംഘടനകളുടെ പരിധികൾക്ക് പുറത്തേക്ക് ഇറങ്ങി, സർക്കാർ വകുപ്പുകൾക്കതീതമായി, ഈഗോയും, പ്രാദേശിക തർക്കങ്ങളും ഒഴിവാക്കി നമുക്ക് ശുചിത്വ കേരളം – സുസ്ഥിരകേരളം എന്ന ലക്ഷ്യത്തിനായി മഹാ പ്രസ്ഥാനത്തെ വളർത്തിക്കൊണ്ടുവരാം. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − eight =

Most Popular