Friday, November 22, 2024

ad

Homeനിരീക്ഷണംകേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബിജെപിയുടെ സഖ്യകക്ഷികളോ?

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബിജെപിയുടെ സഖ്യകക്ഷികളോ?

ഗിരീഷ് ചേനപ്പാടി

2024 മെയ് വരെയാണ് ഇപ്പോഴത്തെ ലോക്സഭയുടെ കാലാവധി. അതിനുമുന്‍പായി ഈ വര്‍ഷവും അടുത്ത വര്‍ഷം ആദ്യവുമായി ഒമ്പത് സംസ്ഥാന നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഈ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷനേതാക്കളെ വേട്ടയാടാനും ഭിന്നിപ്പിക്കാനുമുള്ള തന്ത്രം ബിജെപി സര്‍ക്കാര്‍ ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്.

ഡല്‍ഹി ഉപമുഖ്യമന്ത്രിയും മന്ത്രിസഭയില്‍ പ്രധാനപ്പെട്ട പല വകുപ്പുകളും കൈകാര്യം ചെയ്യുന്ന വ്യക്തിയും ആം ആദ്മി പാര്‍ട്ടിയിലെ രണ്ടാമനുമായ മനീഷ് സിസോദിയയെ അറസ്റ്റുചെയ്ത് ജയിലിലാക്കിയത് അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. കേജ്രിവാള്‍ മന്ത്രിസഭയിലെ മറ്റൊരംഗമായിരുന്ന സത്യേന്ദര്‍ ജയിനിനെ മാസങ്ങള്‍ക്കുമുന്‍പ് തുറുങ്കിലടച്ചു. ഇതെഴുതുമ്പോള്‍ ഡല്‍ഹി മദ്യനയ അഴിമതി ക്കേസുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു (കെ സി ആര്‍)വിന്‍റെ മകളും മുന്‍ എംപിയുമായ കെ കവിതയെ സിബിഐ ചോദ്യം ചെയ്തുവരികയാണ്.

ഡല്‍ഹി ജന്തര്‍മന്തറില്‍ മറ്റു വനിതാ സംഘടനകളുമായി ചേര്‍ന്ന് വനിതാ സംവരണ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 10ന് പ്രതിഷേധ പരിപാടികള്‍ കവിതയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ 9-ാം തീയതി ഹാജരാകണമെന്നാവശ്യപ്പെട്ട് സിബിഐ തിടുക്കത്തില്‍ നോട്ടീസ് നല്‍കുകയായിരുന്നു. അന്ന് കവിത ഹാജരായില്ലെങ്കിലും തുടര്‍ന്ന് സിബിഐ ആവശ്യപ്പെട്ട സമയത്ത് ഹാജരായി.

ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിമാരുമായ ലാലു പ്രസാദ് യാദവ്, റാബ്രി ദേവി എന്നിവരുടെ വീട് സിബിഐ റെയ്ഡ് ചെയ്തത് മാര്‍ച്ച് ആദ്യമാണ്. അവരുടെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്‍റെ വീടും ഓഫീസുകളും റെയ്ഡ് ചെയ്ത് കേസ് എടുത്തിരിക്കുകയാണ്. ലാലു പ്രസാദ് യാദവ് രോഗാവസ്ഥമൂലം വലയുകയാണെന്ന കാര്യംപോലും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിഗണിച്ചില്ല. യുപിയില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്‍റെ വീട്ടിലും ഓഫീസുകളിലും അടുത്തിടെ സിബിഐ റെയ്ഡ് നടത്തുകയുണ്ടായി.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് 121 രാഷ്ട്രീയനേതാക്കള്‍ക്കെതിരെ കേസ് എടുത്തു. അതില്‍ 115 പേരും ബിജെപിയെ എതിര്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളാണ്. 120 പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ സിബിഐ അന്വേഷണം നടന്നുവരുന്നു. ഒരു അന്വേഷണ ഏജന്‍സി കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനു പിന്നാലെ മറ്റേ ഏജന്‍സിയും അന്വേഷണം നടത്തി കേസ് എടുക്കുന്ന തന്ത്രമാണ് ബിജെപി സര്‍ക്കാരിന്‍റെ കാര്‍മികത്വത്തില്‍ നടക്കുന്നത്. മനീഷ് സിസോദിയയുടെ കാര്യം തന്നെ എടുക്കാം. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26നാണ് അദ്ദേഹത്തെ സിബിഐ അറസ്റ്റു ചെയ്തത്. അന്നുമുതല്‍ ജയിലിലാണ് സിസോദിയ. സിബിഐ ചാര്‍ജ് ചെയ്ത കേസില്‍ ജാമ്യം കിട്ടേണ്ട സമയമായപ്പോള്‍ ഇഡിയുടെ കേസ് കോടതി മുമ്പാകെ എത്തി. അതിനെ തുടര്‍ന്ന് സിസോദിയയ്ക്ക് വീണ്ടും ജയിലില്‍ കഴിയേണ്ട അവസ്ഥയാണുള്ളത്.

യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് രണ്ടു തവണകളായി ധനകാര്യവകുപ്പും ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്ത കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ ഇഡി അറസ്റ്റ് ചെയ്ത് 106 ദിവസം ജയിലിലടച്ചു. ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും എതിരെ ചുമത്തിയ കേസിനെക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കാനേയില്ല. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാഗാന്ധിയെ, അവരുടെ ആരോഗ്യനിലപോലും പരിഗണിക്കാതെയാണ് ദിവസങ്ങളോളം മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് സിബിഐ വിധേയയാക്കിയത്. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിനെത്തുടര്‍ന്ന് സിബിഐ അന്വേഷണം നടന്നുവരികയാണ്. അതില്‍ സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രതികളാണ്. രാഹുലിനെയും സിബിഐ പല തവണ ചോദ്യം ചെയ്തിരുന്നു.

മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചന്ദ്രജിത് സിങ് ചന്നിയുടെ അനന്തരവന്‍ ഭൂപീന്ദര്‍സിങ് ഹണി, ഛത്തീസ്ഗഢിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരൊക്കെ സിബിഐയുടെയോ ഇഡിയുടെയോ രണ്ടിന്‍റെയുമോ അന്വേഷണം നേരിട്ടുവരുന്നവരാണ്.

സിബിഐയും ഇഡിയും ഇപ്പോള്‍ ബിജെപി യുടെ സഖ്യകക്ഷികളെപ്പോലെയാണ് പെരുമാറുന്നത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നു പറഞ്ഞതുപോലെയാണ് ഇഡി ഡയറക്ടര്‍ സഞ്ജയ്കുമാര്‍ മിശ്രയുടെ നിലപാട്. 2018 മുതല്‍ ഇഡി ഡയറക്ടറായ മിശ്ര, മോദിയും അമിത്ഷായും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അവരുടെ പ്രതീക്ഷയെപ്പോലും മറികടക്കുന്ന രീതിയില്‍ നടപ്പാക്കും. അതിനുള്ള ഉപകാരസ്മരണയെന്ന നിലയ്ക്ക് രണ്ടുതവണ അദ്ദേഹത്തിന്‍റെ കാലാവധി നീട്ടി നല്‍കി. ഈയിടെ മൂന്നാമതും നീട്ടിനല്‍കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. രണ്ടുവര്‍ഷത്തേക്കായിരുന്നു മിശ്രയുടെ നിയമനം. അതാണ് 2020ല്‍ പെന്‍ഷന്‍ പറ്റേണ്ട മിശ്രയെ ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍ ഇഡി ഡയറക്ടര്‍ സ്ഥാനത്ത് തുടരാനനുവദിക്കുന്നത് എന്നതുതന്നെ അസാധാരണമായ നടപടിയാണെന്ന് നിയമവിദ്ഗധര്‍ ചൂണ്ടിക്കാട്ടുന്നു.

ബിജെപി നേതാക്കളോട് മൃദു സമീപനം
ഇനി രാഷ്ട്രീയസാഹചര്യങ്ങളുടെ സമ്മര്‍ദം മൂലവും കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും ബിജെപി നേതാക്കള്‍ക്കെതിരെ/ബിജെപിയുടെ വേണ്ടപ്പെട്ടവര്‍ക്കെതിരെ എടുത്ത കേസുകളുടെ കാര്യമോ? സിബിഐയും ഇഡിയും എടുക്കുന്ന അത്തരം കേസുകള്‍ കോടതിയില്‍ ചെല്ലുമ്പോള്‍ ‘തെളിവുകള്‍’ ഇല്ലാതെ രക്ഷപ്പെടുന്നു. ഭൂമി തട്ടിപ്പ്, മൈനിങ് അഴിമതിക്കേസുകളില്‍ വസ്തുനിഷ്ഠമായ തെളിവുകള്‍ ഇപ്പോഴത്തെ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്കെതിരെ ഉണ്ടായിരുന്നു. ബിജെപി നേതാക്കള്‍ പലരും മാസപ്പടിയായി കോടികള്‍ കൈപ്പറ്റിയതിനെക്കുറിച്ചുള്ള വിവാരങ്ങള്‍ യെദ്യൂരപ്പയുടെ ഡയറിയില്‍നിന്ന് സിബിഐക്ക് ലഭിച്ചതുമാണ്. സിബിഐ അന്വേഷണം നടന്നെങ്കിലും കോടതിയില്‍ തെളിവുകള്‍ ഹാജരാക്കാതെ കേസ് അട്ടിമറിച്ചു.

കര്‍ണാടകത്തിലെയും ആന്ധ്രയിലെയും മൈനിങ് രംഗം അടക്കിവാഴുന്നവരാണ് റെഡ്ഡി സഹോദരന്മാര്‍. 16,500 കോടിരൂപയുടെ അഴിമതി ആരോപണമാണ് അവര്‍ക്കെതിരെ ഉണ്ടായത്. ബിജെപിക്കു വേണ്ടപ്പെട്ട അവര്‍ക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. 2018ലെ തിരഞ്ഞെടുപ്പിനു മുന്‍പ് സിബിഐ തിടുക്കത്തിലെടുത്ത കേസ് അങ്ങനെ വെള്ളത്തില്‍ വരച്ച വരയായിമാറി.

’40 ശതമാനം കമ്മീഷന്‍ ഗവണ്‍മെന്‍റ്’ എന്നാണ് യെദ്യൂരപ്പ ഗവണ്‍മെന്‍റ് അറിയപ്പെടുന്നത്. നിയമനങ്ങളില്‍, കരാര്‍ നല്‍കുന്നതില്‍ കോര്‍പറേറ്റുകള്‍ക്ക് ചുളുവിലയ്ക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതില്‍ എല്ലാം ഭരണ-രാഷ്ട്രീയ നേതാക്കള്‍ കമ്മീഷന്‍ കൈപ്പറ്റുന്നു എന്നാണ് ആരോപണം. ബിജെപിയെ അനുകൂലിക്കുന്ന കോണ്‍ട്രാക്ടര്‍മാരുടെ സംസ്ഥാന പ്രസിഡന്‍റ് ഡി കെമ്പണ്ണയാണ് ഗവണ്‍മെന്‍റ് കോണ്‍ട്രാക്ടുകളില്‍ 40 ശതമാനം കമ്മീഷന്‍ കൊടുക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ നിര്‍ബന്ധിതരാകുന്നു എന്ന് ആരോപിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് കെമ്പണ്ണ പ്രധാനമന്ത്രി മോദിക്ക് രണ്ടുതവണ കത്തയച്ചിട്ടും ഒരു നടപടിയുമില്ല.

മണിപ്പാല്‍ ഗ്രൂപ്പിന്‍റെ തലവനും ബിജെപി അനുകൂലിയുമായ മോഹന്‍ദാസ് പൈ ഈയിടെ പരസ്യമായി പറഞ്ഞത്, “കര്‍ണാടകം കണ്ട ഏറ്റവും കഴിവുകെട്ടതും അഴിമതി നിറഞ്ഞതും ഏതിടപാടിനും 40 ശതമാനം കമ്മീഷന്‍ കൈപ്പറ്റുന്നതുമായ ഗവണ്‍മെന്‍റാണിത് എന്നാണ്.

ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയും ഇതില്‍നിന്ന് ഏറെയൊന്നും വ്യത്യസ്തമല്ല. അവിടെയൊന്നും സിബിഐക്കും ഇഡിക്കും അന്വേഷിക്കേണ്ട, ആരെയും ചോദ്യം ചെയ്യുകയും വേണ്ട.

പ്രതിപക്ഷ പാര്‍ടികളിലെയും നേതാക്കളെ ഭീഷണിപ്പെടുത്താനും പ്രലോഭിപ്പിച്ചും വിലയ്ക്കെടുത്തും കൂട്ടത്തില്‍ നിര്‍ത്താനുമാണ് സിബിഐ- ഇഡി അന്വേഷണങ്ങളെ ബിജെപി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നത്. എത്ര വലിയ അഴിമതിയില്‍ മുങ്ങിക്കുളിച്ചയാളും ബിജെപിയില്‍ ചേര്‍ന്നാല്‍ പിന്നെ അന്വേഷണ നടപടികള്‍ പാടേ അട്ടിമറിക്കപ്പെടുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സുവേന്ദു അധികാരിക്കെതിരെ ഗുരുതരമായ കേസുകളാണ് സിബിഐയും ഇഡിയും ചുമത്തിയത്. അയാള്‍ ബിജെപിക്കൊപ്പം ചേര്‍ന്നതോടെ കേസന്വേഷണവും അവസാനിച്ചു. ബിജെപിക്കു ഭൂരിപക്ഷമില്ലാതിരുന്നിട്ടും കുതിരക്കച്ചവടത്തിലൂടെ വരുതിയിലാക്കിയ പല ജനപ്രതിനിധികളും മേല്‍പറഞ്ഞ അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിലോ നിരീക്ഷണത്തിലോ ആയിരുന്നു. എന്നാല്‍ അവരൊക്കെ ബിജെപിക്കൊപ്പം ചേര്‍ന്നതോടെ അന്വേഷണവും നിരീക്ഷണവുമൊക്കെ ആവിയായിപ്പോയി.

അടുത്ത പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചാല്‍ തങ്ങളുടെ ആപ്പീസുപൂട്ടുമെന്ന് മറ്റാരേക്കാള്‍ നന്നായി അറിയാവുന്നത് ബിജെപി നേതാക്കള്‍ക്കാണ്. പ്രതിപക്ഷ ഐക്യം തകര്‍ക്കാനും പ്രതിപക്ഷ നേതാക്കള്‍ക്കും ചുറ്റും അഴിമതിയുടെ പുകമറ സൃഷ്ടിക്കാനും പൊതുജനമദ്ധ്യത്തില്‍ അവരെ താറടിക്കാനും അന്വേഷണ ഏജന്‍സികളെ ആസൂത്രിതമായി ഉപയോഗിക്കുകയാണ് മോദി സര്‍ക്കാര്‍. “തീയില്ലാതെ പുകവരില്ല” എന്നാണ് ബിജെപി നേതാക്കളുടെയും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളുടെയും സംഘപരിവാറിന്‍റെ സൈബര്‍ ഗുണ്ടകളുടെയും ഭാഷ്യം. സിബിഐയും ഇഡിയും അന്വേഷിക്കുന്ന കേസുകളില്‍ 2 ശതമാനം പോലും തെളിയിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നാണ് കണക്കുകള്‍ വെളിവാക്കുന്നത്. (അന്വേഷണ വിധേയര്‍ തെറ്റുകാരാണെങ്കില്‍ ശിക്ഷിക്കപ്പെടണം എന്ന കാര്യത്തില്‍ സംശയമില്ല) ആ നിലയ്ക്ക് കേന്ദ്രത്തിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഒരു മറയുമില്ലാതെ നടക്കുന്ന അഴിമതികള്‍ക്കു നേരെ സിബിഐയും ഇഡിയും കണ്ണടയ്ക്കുകയും പ്രതിപക്ഷനേതാക്കള്‍ക്കു നേരെ പരാക്രമം കാണിക്കുകയും ചെയ്യുന്നു. ആര്‍ക്കും തോന്നുന്ന ഒരു സംശയമുണ്ട്: സിബിഐയും ഇഡിയും ബിജെപിയുടെ സഖ്യകക്ഷികളാണോ എന്നതാണത്.♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − 17 =

Most Popular