മുഖ്യധാരയിലെ പുതുതലമുറ താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന രാജീവ് രവിയുടെ തുറമുഖം ഇതിവൃത്തത്തിന്‍റെ കാലത്തോടും ആവിഷ്കാരത്തിന്‍റെ കാലത്തോടും ഒരുപോലെ നീതി പുലര്‍ത്തുന്നു. 1968ല്‍ കെ എം ചിദംബരന്‍ എഴുതിയ നാടകത്തെ അവലംബമാക്കി, അദ്ദേഹത്തിന്‍റെ മകനായ ഗോപന്‍ ചിദംബരം തയ്യാറാക്കിയ തിരക്കഥയാണ് ഈ സിനിമയ്ക്കുള്ളത്.
പ്രാകൃതമായ തൊഴില്‍ സാഹചര്യത്തില്‍, അടിമത്തസമാനമായ അവസ്ഥകളില്‍നിന്ന് അന്തസ്സും ആത്മാഭിമാനവും മികച്ച കൂലിയും ജോലിസ്ഥിരതയുമുള്ള ആധുനിക തൊഴിലാളിയെ നിര്‍മ്മിച്ചെടുത്ത അനവധി സമരങ്ങളും ത്യാഗങ്ങളും രക്തസാക്ഷിത്വങ്ങളും ആണ് കേരളത്തിന്‍റെ ചരിത്രത്തിലെ ഉജ്വലമായ ഏടുകള്‍. മട്ടാഞ്ചേരിയില്‍ 1953 സെപ്തംബര്‍ 15ന് നടന്ന വെടിവെപ്പില്‍ മൂന്ന് കമ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെട്ടു. ആ സംഭവത്തെ ആസ്പദമാക്കി പ്രമുഖ നാടകരചയിതാവും നടനുമായ പി ജെ ആന്‍റണി എഴുതിയ മുദ്രാവാക്യം ഇപ്രകാരമാണ്: കാട്ടാളന്മാര്‍ നാടു ഭരിച്ചു നാട്ടില്‍ തീമഴ പെയ്തപ്പോള്‍ പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ?
ഈ തൊഴിലാളി മുന്നേറ്റത്തിന്‍റെ നേര്‍രേഖയാണ് തുറമുഖം എന്ന സിനിമ. അടുത്ത കാലത്തിറങ്ങിയ കെ ജി എഫ് (ഒന്നും രണ്ടും) എന്ന സിനിമയിലൂടെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിലെ തൊഴിലാളി മുന്നേറ്റത്തെയും അവിടത്തെ കമ്യൂണിസ്റ്റ് രക്തസാക്ഷികളെയും അപ്രത്യക്ഷരാക്കിയിരുന്നു. ഫാസിസത്തിന്‍റെ പ്രചാരണവണ്ടിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍മുഖ്യധാരാ സിനിമകള്‍ക്കുള്ള കൃത്യമായ ഉപഹാരമായിരുന്നു കെ ജി എഫ്. കൊട്ടിഘോഷിക്കപ്പെട്ട ആര്‍ ആര്‍ ആര്‍ എന്ന സിനിമയിലെ കൊമുറം ഭീം എന്ന ആദിവാസി വംശജനായ സ്വാതന്ത്ര സമരപ്പോരാളിയുടെ പ്രവര്‍ത്തനകാലത്തില്‍ അട്ടിമറി നടത്തി എന്നു മാത്രമല്ല, അദ്ദേഹത്തിന്‍റെ കമ്യൂണിസ്റ്റ് ബന്ധത്തെ തന്ത്രത്തില്‍ മറച്ചുവെക്കുകയുംചെയ്തു. ആ പശ്ചാത്തലത്തിലാണ്, കമ്യൂണിസ്റ്റുകാരുടെ പോരാട്ടത്തെ അതേ രീതിയില്‍ ചരിത്ര സൂക്ഷ്മതയോടെ അവതരിപ്പിക്കുന്ന തുറമുഖത്തിന്‍റ പ്രസക്തി. ഇന്ത്യന്‍ സിനിമയിലെ വര്‍ഗസമരപ്പാതയില്‍, തൊഴിലാളിവര്‍ഗപക്ഷം നിസ്സങ്കോചം സ്വീകരിക്കുന്ന സിനിമയാണ് തുറമുഖം എന്നു ചുരുക്കം.
സ്വാതന്ത്ര്യം ലഭിച്ചിരുന്നെങ്കിലും തൊഴിലാളി വര്‍ഗത്തിനോ ദരിദ്രര്‍ക്കോ ആശ്വാസങ്ങളൊന്നും ലഭ്യമായിരുന്നില്ല. ഐക്യകേരളംപോലും രൂപീകൃതമായിരുന്നില്ല. തിരുക്കൊച്ചി സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു ഭരിച്ചിരുന്നത്. മനുഷ്യത്വവിരുദ്ധമായ ചാപ്പ സമ്പ്രദായമാണ് കൊച്ചി തുറമുഖത്തെ കയറ്റിറക്കു മേഖലയിലും മറ്റും നിലനിന്നിരുന്നത്. അതാതു ദിവസം അതികാലത്ത്, അന്നാവശ്യമുള്ള തൊഴിലാളികള്‍ക്കായി എണ്ണിത്തിട്ടപ്പെടുത്തി വെച്ചിരിക്കുന്ന ചാപ്പ (ടോക്കണ്‍) തൊഴിലന്വേഷിച്ചെത്തുന്ന തൊഴിലാളികള്‍ക്കിടയിലേയ്ക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. സിനിമയുടെ തുടക്കത്തില്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ ഹൃദയം നുറുങ്ങിക്കൊണ്ടു മാത്രമേ കണ്ടിരിക്കാനാവൂ.
പിന്നീട് രൂപീകരിക്കപ്പെട്ട രണ്ടു വലതുപക്ഷ യൂണിയനുകള്‍, ചാപ്പയെറിയലിനുപകരം തങ്ങളുടെ ഇഷ്ടപ്രകാരം തൊഴില്‍ വീതിച്ചു നല്‍കുന്ന പതിവ് ആരംഭിച്ചു. കൊച്ചിന്‍ തുറമുഖ തൊഴിലാളി യൂണിയന്‍ (സിഐടിയു), ഐഎന്‍ടിയുസി എന്നിവയായിരുന്നു ആ സംഘടനകള്‍. തുറമുഖം സിനിമയില്‍ ചെറുതായി പേരു മാറ്റി സിടിടിഎസ് എന്നും എന്‍ടിയുസി എന്നുമാണ് അടയാളപ്പെടുത്തുന്നത്. എന്നാല്‍, ഐഎന്‍ടിയുസിയെ ചുരുക്കിവിളിക്കുന്ന ഇണ്ടക്ക് എന്ന വിളി സിനിമയിലുമുണ്ട്. വിവേചനപൂര്‍ണവും ക്രൂരവുമായ ഈ വ്യവസ്ഥിതിയില്‍നിന്ന് തൊഴിലാളികള്‍ക്കാകെ മോചനം നല്‍കുന്നതിനു വേണ്ടിയാണ് കമ്യൂണിസ്റ്റുകാര്‍ അവിടെ യൂണിയനുണ്ടാക്കുന്നത്. പാര്‍ട്ടിയെ നിരോധിച്ചതിന്‍റെ ഭാഗമായി തൊഴിലാളി സംഘടനയെയും നിരോധിച്ചു.
പോര്‍ട്ട് കാര്‍ഗോ ലേബര്‍ യൂണിയന്‍ എന്നതാണ് കമ്യൂണിസ്റ്റുകാരുടെ യൂണിയന്‍റെ സിനിമയിലെ പേര്. യഥാര്‍ത്ഥ പേര് കൊച്ചിന്‍ പോര്‍ട്ട് കാര്‍ഗോ ലേബര്‍ യൂണിയന്‍ (സിപിസിഎല്‍യു) എന്നാണ്. സാന്‍റോ ഗോപാലനും ജോര്‍ജ് ചടയംമുറിയും ടി എം അബുവും പി ഗംഗാധരനുമെല്ലാമായിരുന്നു കമ്യൂണിസ്റ്റുകാരുടെ യൂണിയന്‍റെ നേതാക്കള്‍. തുറമുഖം സിനിമയില്‍ സാന്‍റോ ഗോപാലനെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത് സുകുമാരന്‍ ആണ്. മിതത്വമുള്ള അഭിനയം കൊണ്ട് ഈ കഥാപാത്രത്തെ അദ്ദേഹം ഭദ്രമാക്കി. എന്നാല്‍, ഈ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങള്‍, പൂര്‍ണിമ ഇന്ദ്രജിത്തിന്‍റേതും അര്‍ജുന്‍ അശോകന്‍റേതുമാണ്. പാത്തുവായും മകന്‍ ഹംസയായുമാണ് അവര്‍ അഭിനയിച്ചത്. ഹംസ പൊലീസ് വെടിവെപ്പില്‍ രക്തസാക്ഷിയാവുകയും ചെയ്തു. നായകത്വമോ പ്രതിനായകത്വമോ സാധാരണത്തമോ എന്തുമാവട്ടെ, അതിനെയെല്ലാം സാധ്യമാക്കുന്നത് അതിനിടയില്‍ അദൃശ്യമാകുന്ന സ്ത്രീജീവിതങ്ങളാണെന്ന യാഥാര്‍ത്ഥ്യം തുറന്നു കാട്ടുന്നതിനു വേണ്ടിയാണ് പാത്തുവിന്‍റെയും മകള്‍ ഖദീജ(ദര്‍ശനാ രാജേന്ദ്രന്‍) യുടെയും, മൊയ്തു കൂടെക്കൂട്ടിയെങ്കിലും ദാമ്പത്യജീവിതം ആരംഭിക്കാനാവാത്ത ഉമാനി(നിമിഷ സജയന്‍)യുടെയും ദുരന്തങ്ങള്‍ തെളിമയോടെ ചിത്രീകരിച്ചിരിക്കുന്നത്.
കഥാപാത്രങ്ങളൊന്നും വാണിജ്യ സിനിമകളില്‍ പതിവുള്ളതുപോലെ, പ്രതികാരവാഞ്ഛ സമാഹരിക്കുകയും ദുശ്ശീലങ്ങളില്‍ നിന്ന് വിമോചിതരായി നന്മമരങ്ങളായി മഹത്വപ്പെടുകയും ചെയ്യുന്നില്ല. മൊയ്തു(നിവിന്‍ പോളി) തന്നെയാണ് നല്ല ഉദാഹരണം. അയാളുടെ ബാപ്പയെ കൊന്നത് പാച്ചിക്ക(സുദേവ് നായര്‍) ആണെന്നത് അയാളറിയുകയോ അയാളെ പരിക്കുപറ്റുമ്പോള്‍ ശുശ്രൂഷിക്കുന്ന ഉമ്പൂച്ച (മണികണ്ഠന്‍) പറയുകയോ ചെയ്യുന്നില്ല. കള്ളും ചാരായവും കുടിക്കുകയും വ്യഭിചരിക്കുകയും ചെയ്യുന്ന അയാള്‍ ഉമ്പൂച്ചയോടൊപ്പം റഷ്യന്‍ കപ്പലില്‍ മോഷ്ടിക്കാന്‍ കയറുമ്പോളാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. നിയമപ്രകാരം അയാളുടേത് മോഷണമാണെങ്കിലും ചൂഷണ വ്യവസ്ഥയുടെ ഇരയെന്ന നിലയില്‍, ആ ചെയ്തി രാഷ്ട്രീയമായി സാധൂകരിക്കപ്പെടുന്ന ഒന്നാണെന്നത് സംവിധായകന്‍ പറയാതെ പറയുന്നു. മൊയ്തുവെന്ന കഥാപാത്രത്തെക്കുറിച്ച് ശ്രീജിത്ത് ദിവാകരന്‍ പറയുന്നതിപ്രകാരമാണ്: “മൊയ്തു ചെറുപ്പത്തില്‍ കടന്ന് പോയ വഴി നമുക്കറിയില്ല. മെയ്മൂദിന്‍റെ മകനെന്ന ലെഗസിയില്‍ പട്ടിണിയോ കഷ്ടപ്പാടോ മാറില്ല. അവന്‍ അനുഭവിച്ചത്ര അനിയന്‍ ഹംസ അനുഭവിച്ചു കാണില്ല. അവന്‍ ചെറുപ്പകാലത്തില്‍ സ്നേഹം നിറഞ്ഞ ഒരു മകനും ആങ്ങളയും ആയിരുന്നിരിക്കണം. ഉമ്മയും കാച്ചിയെന്ന് വിളിക്കപ്പെടുന്ന ഖദീജയെന്ന അനുജത്തിയും ആ സ്നേഹത്തിന്‍റെ മാറ്റ് കണ്ടവരായിരിക്കണം. പക്ഷേ നമുക്കതിന്‍റെ സൂചനകളേ ഉള്ളൂ. പക്ഷേ വളര്‍ന്ന് ആണായപ്പോള്‍ കച്ചറയായിപ്പോയവനാണ് അവന്‍. മദ്യപാനി, വ്യഭിചാരി, തെമ്മാടി, ഒറ്റുകാരന്‍, കള്ളന്‍, ഗുണ്ട.. മനുഷ്യരെന്തായിരിക്കരുത് എന്ന് നിങ്ങളാഗ്രഹിക്കുന്നത് മുഴുവന്‍ ചേര്‍ത്തുകൊള്ളൂ. അതാണ് മൊയ്തു. പക്ഷേ കാലം സങ്കീര്‍ണമാണ്. ശരിതെറ്റുകളുടെ തുലാസില്‍ മനുഷ്യരെ കേറ്റി നിര്‍ത്താന്‍ പറ്റുന്ന സാഹചര്യങ്ങളല്ല. മനുഷ്യര്‍ ക്രൂരജന്തുക്കളാകും. വിശപ്പും വിവേചനവും വെറുപ്പുമാണ് ആ കാലത്തെ നിയന്ത്രിക്കുന്നത്. പട്ടിണിയില്‍ നിന്ന് രക്ഷപ്പെടാന്‍, മനുഷ്യാന്തസിന് അല്പമെങ്കിലും നിവര്‍ന്നുനില്‍ക്കാന്‍ പറ്റുന്ന വഴികളാണ് ഏവരും നോക്കുന്നത്. മുതലാളിമാരുടെ കങ്കാണികളാണ് കരുത്തരെന്ന് കണ്ട് അവരുടെ ആരാധകനായി മാറിയതാണ് മൊയ്തുവിന് പറ്റിയത്. കിട്ടിയത് മുഴുവന്‍ കള്ളുഷാപ്പിലും വ്യഭിചാരശാലകളിലും കൊടുത്ത് എന്നും നിസ്വനായിതന്നെ അവന്‍ നിലനിന്നു. സ്വന്തം പെങ്ങളുടെ മുഖത്ത് കപ്പല്‍ പുണ്ണ് എന്ന് അക്കാലത്ത് എല്ലാവരും വിളിച്ചരുന്ന സിഫിലിസിന്‍റെ ലക്ഷണങ്ങള്‍ കാണുമ്പോള്‍ ഭയന്നോടുന്നവിധം, ഉമ്മയുടേയോ ഉമാനിയുടേയോ സ്നേഹത്തെ അഭിമുഖീകരിക്കാന്‍ കഴിയാത്ത വിധം ദുര്‍ബലനാണ് സര്‍വ്വരേയും തല്ലുന്ന ആ ക്രിമിനല്‍. സ്വയം വെറുക്കുന്ന ഒരു മനുഷ്യനുണ്ട് അവന്‍റെയുള്ളില്‍. ഒരു കാരണവശാലും നായകനല്ല മൊയ്തു. പക്ഷേ മൊയ്തു മനുഷ്യരുടെ നിലവിട്ടു പോവലിന്‍റെ പ്രതീകമാണ്. ചൂഷണത്തിന്‍റെ മറ്റൊരിര. എങ്ങനെയാണ് മുതലാളിത്തവും ഫാസിസവുമെല്ലാം അവരുടെ കിങ്കരന്മാരെ, ഇരകള്‍ക്കിടയില്‍നിന്നുതന്നെ, സൃഷ്ടിച്ചെടുക്കുന്നത് എന്നതിന്‍റെ ക്ലാസിക് ഉദാഹരണം.”
തൊഴിലാളി സമരത്തിന്‍റെയും മുതലാളിവര്‍ഗത്തിന്‍റെ അടിച്ചമര്‍ത്തലിന്‍റെയും അനിവാര്യമായ രക്തസാക്ഷിത്വത്തിന്‍റെയും ചരിത്രഗാഥ വിവരിക്കുന്നതിനിടയില്‍ ആ കാലത്തെ അടയാളപ്പെടുത്തുന്നതിന് ഒരു കുടുംബത്തെയാണ് കൂടുതല്‍ വിശദീകരിക്കുന്നത്. മൈമൂദി(ജോജു ജോര്‍ജ്)ന്‍റെയും പാത്തു(പൂര്‍ണിമ)യുടെയും കുടുംബമാണത്. ഫലപ്രദമായില്ലെങ്കിലും ചാപ്പയേറിനെ ചെറുക്കാന്‍ ശ്രമിച്ചവനാണ് മൈമു. കൊല്ലപ്പെട്ട സ്രാങ്കിന്‍റെ കുടുംബത്തെ കുടിയൊഴിപ്പിക്കുന്നതിനെ ചോദ്യം ചെയ്തതിനാണ് മൈമു കൊല്ലപ്പെടുന്നത്. അനാഥരും കൂടുതല്‍ ദരിദ്രരുമായിത്തീര്‍ന്ന പാത്തുവും മൂന്നു മക്കളും ദുരിത ജീവിതം നയിച്ചതുകൊണ്ടു കൂടിയാണ് മൊയ്തു അവന്‍റെതന്നെ ഭാഷയില്‍ കച്ചറയായി മാറിയത്. സംസ്കാരവും സദാചാരവും സാമ്പത്തികമര്യാദയുമെല്ലാം വര്‍ഗ ചൂഷണത്തെ അടയാളപ്പെടുത്തുമെന്ന വ്യാഖ്യാനമാണ് ഈ കുടുംബത്തിന്‍റെ കഥയിലൂടെ നാം തിരിച്ചറിയുന്നത്.
ഈ കുടുംബത്തെക്കുറിച്ചും സംഘടനയെക്കുറിച്ചും പ്രമേയത്തിന്‍റെ ദിശയെസംബന്ധിച്ചും ശ്രീജിത്ത് ദിവാകരന്‍ പറയുന്നു: ‘മെയ്മൂദിന്‍റെ മകന്‍, ഒറ്റുകാരനും ചതിയനും കുലംകുത്തിയുമായി, സ്വന്തം വംശത്തിനും വര്‍ഗ്ഗത്തിനുമെതിരെയുള്ള മുതലാളിത്തത്തിന്‍റെ ചട്ടുകമായി മാറുന്നതെങ്ങനെ എന്നതാണ് സിനിമ അന്വേഷിക്കുന്ന കഥ. ആ ഖനീഭവിച്ച ഇരുട്ടിന്‍റെ സാന്നിധ്യമാണ് ഹംസയും സെയ്ദും സെയ്താലിയും ആന്‍റണിയും ഗംഗാധരനും അബുവും അവരുടെ നേതാവ് സഖാവ് സാന്‍റോ ഗോപാലനും വെളിച്ചം നല്‍കുന്നത്. കപ്പലിലേയും കടലിലെ പക്ഷികളേയും കിനാവ് കാണുന്ന ഖദീജയുടെ, ആരുമില്ലാത്ത നേരം കൂടെനിന്ന ആണൊരുത്തനെ വിശ്വസിച്ച, സ്നേഹിച്ചുപോയ ഉമാനിയുടെ, അവസാനിക്കാത്ത ദുരിതങ്ങളുമായി പ്രാര്‍ത്ഥനകളും പ്രാക്കുകളും ബാക്കിയായ ജീവിതം തുടരുന്ന പാത്തുമ്മയുടെ ജീവിതത്തെ കൂടുതല്‍ സങ്കടങ്ങളിലേയ്ക്കാഴ്ത്തുന്നത് ഇതേ കഥാപാത്രം തന്നെയാണ്.’
നാല്പതുകളിലെയും അമ്പതുകളിലെയും മട്ടാഞ്ചേരിയുടെയും കൊച്ചിത്തുറമുഖത്തിന്‍റെയും പുനരാവിഷ്കരണം ഏറെ മികവോടെ നിര്‍വഹിച്ച ഗോകുല്‍ദാസ് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. കാലത്തെ കൃത്യമാക്കുന്നതിന് ഈ പശ്ചാത്തലവും ഏറെ സഹായം ചെയ്തു.ചാപ്പ സമ്പ്രദായം അവസാനിപ്പിക്കണമെന്നും സ്ഥിരം തൊഴില്‍ ഉറപ്പാക്കണമെന്നും കൂലി പിടിച്ചുപറിക്കരുതെന്നും മറ്റും ആവശ്യപ്പെട്ടുകൊണ്ട് ബി ജെ ഘോന കമ്പനിയുടെ മുന്നില്‍ ആരംഭിച്ച സത്യാഗ്രഹത്തിന്‍റെ എഴുപത്തഞ്ചാം ദിനത്തിലാണ് (1953 സെപ്തംബര്‍ 15) മട്ടാഞ്ചേരി തെരുവില്‍ പൊലീസ് വെടിവെപ്പ് നടന്നത്. മൂന്നു യൂണിയനുകളുമായും നടത്തിയ ചര്‍ച്ചയില്‍ വഞ്ചന ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പിസിഎല്‍യു നേതാവ് ടി എം അബു ഇറങ്ങിപ്പോന്നതിന്‍റെ പിന്നാലെയാണ് തൊഴിലാളികള്‍ കൂടുതല്‍ വികാരഭരിതരായതും സമരോത്സുകതയുടെ മൂര്‍ധന്യത്തില്‍ വെടിയേറ്റ് മൂന്നു പേര്‍ രക്തസാക്ഷികളായതും. ഈ ദൃശ്യങ്ങളെല്ലാം, രാജീവ് രവിയുടെ പ്രൊഫഷണലിസം തികഞ്ഞ ഛായാഗ്രഹണത്തിലൂടെയും അജിത് കുമാറിന്‍റെ എഡിറ്റിങ്ങിലൂടെയും മറക്കാനാവാത്ത ചലച്ചിത്രാനുഭവങ്ങളായി പരിണമിച്ചു.
കടക്കെണി, മൈസൂര്‍ കല്യാണം, നിരക്ഷരത, തൊഴിലാളികള്‍ക്കിടയിലെ അനൈക്യം, അവകാശബോധമില്ലായ്മ എന്നിങ്ങനെ മനുഷ്യരുടെ സമാധാന ജീവിതത്തെയും സംഘടനാ മുന്നേറ്റത്തെയും തടയുന്ന മുതലാളിത്ത മര്‍ദനോപാധികളെല്ലാം സിനിമയില്‍ തുറന്നു കാട്ടപ്പെടുന്നു.
ട്രേഡ് യൂണിയനുകളെക്കുറിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും നേതൃത്വം കൊടുക്കുന്ന പൊതുരാഷ്ട്രീയത്തെക്കുറിച്ചും അവഹേളനവും കടന്നാക്രമണവും കടുത്ത പരിഹാസവുമാണ് എണ്‍പതുകള്‍ക്കു ശേഷമുള്ള മലയാള സിനിമ നടത്തിക്കൊണ്ടിരുന്നത്. സന്ദേശം, വരവേല്‍പ്പുപോലുള്ള ജനപ്രിയവലതുപക്ഷ സിനിമകള്‍ പൊതുബോധത്തെ നിര്‍ണയിക്കുന്ന വിധത്തില്‍ വ്യാപകപ്രചാരം നേടിയെടുത്ത സിനിമകളാണ്. വിമോചനസമരാനന്തര കേരളത്തിന്‍റെ വലതു പൊതുബോധത്തെയാണ് ഇക്കൂട്ടര്‍ മുതലെടുത്തത്. ഐക്യകേരളം നിവര്‍ന്നു നിന്നതെങ്ങനെ? കേരളീയര്‍ അഭിമാനബോധത്തോടെ തലയുയര്‍ത്തിയതെങ്ങനെ? എന്നിങ്ങനെയുള്ള ചരിത്രപരമായ ചോദ്യങ്ങള്‍ ബോധപൂര്‍വ്വം മലയാള സിനിമ അവഗണിക്കുകയായിരുന്നു. ആ അവഗണനയില്‍ ഒലിച്ചുപോയ ചരിത്രത്തിന്‍റെ വീണ്ടെടുപ്പാണ് രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം.
അനുരാഗ് കശ്യപിന്‍റെയും മറ്റും ഒപ്പം ഹിന്ദിയിലും ഇതര ഇന്ത്യന്‍ ഭാഷകളിലും വാണിജ്യ/വാണിജ്യേതര സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചുകൊണ്ടാണ് രാജീവ് രവി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള ഡിപ്ലോമയ്ക്കുശേഷം സാന്നിധ്യവും കലാവ്യക്തിത്വവും തെളിയിച്ചത്. മലയാളത്തില്‍ സംവിധാനം ആരംഭിച്ച അദ്ദേഹത്തിന്‍റെ അഞ്ചാമതു സിനിമയാണ് തുറമുഖം. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം, കുറ്റവും ശിക്ഷയും എന്നിവയാണ് മുന്‍ സിനിമകള്‍. എല്ലാം ശ്രദ്ധേയമായിരുന്നു. എന്നാല്‍, കമ്മട്ടിപ്പാടത്തിലെ അധഃസ്ഥിതരുടെ ജീവിതപ്രശ്നം ചിത്രീകരിക്കുന്നതിനിടയില്‍, കൃഷ്ണന്‍(ദുല്‍ഖര്‍ സല്‍മാന്‍) എന്ന ആ ജീവിതത്തിനു പുറത്തുനിന്നുള്ള കഥാപാത്രത്തിന്‍റെ സാന്നിധ്യം വിമര്‍ശിക്കപ്പെട്ടിരുന്നു. ഈ വിമര്‍ശനം, രാജീവ് രവി ഗൗരവത്തിലെടുത്തുവെന്നുവേണം മനസ്സിലാക്കാന്‍. താരനായകത്വത്തിനു വേണ്ടിയുള്ള അത്തരം ഒത്തുതീര്‍പ്പുകളോ വിട്ടുവീഴ്ചകളോ മഹത്വവത്കരണങ്ങളോ ഇല്ലാതെ തന്നെ മുഖ്യധാരാ താരങ്ങളെ സഹകരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നതും കൂടിയാണ് തുറമുഖത്തിന്‍റെ വിജയം.
സ്വയം വിമര്‍ശനത്തിലൂടെയും പഠനത്തിലൂടെയും ചരിത്രാവബോധത്തിലൂടെയും രാഷ്ട്രീയ കൃത്യതയിലൂടെയും വികസിക്കുന്ന ചലച്ചിത്രവ്യക്തിത്വമാണ് രാജീവ് രവി എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്.
ജയ് ഭീം(ജ്ഞാനവേല്‍), കാല, കബാലി, സര്‍പ്പാട്ട പരമ്പരൈ, നച്ചത്തിറം നഗര്‍ഗിറത്(പാ രഞ്ജിത്ത്), പരിയേരും പെരുമാള്‍, കര്‍ണന്‍(മാരി ശെല്‍വരാജ്), വിസാരണൈ, വടചെന്നൈ, അസുരന്‍(വെട്രിമാരന്‍) തുടങ്ങിയ സിനിമകളിലൂടെ തമിഴ് സിനിമയുടെ വര്‍ഗ-വംശബോധത്തെ അട്ടിമറിച്ച നവസിനിമകളുടെ സമാന്തരമുഖ്യധാരയ്ക്കു സമാനമായ പരിശ്രമങ്ങളാണ് മലയാള സിനിമയിലുമുണ്ടാകേണ്ടത്. അക്കാര്യത്തില്‍ രാജീവ് രവിയുടെയും സുഹൃത്തുക്കളുടെയും സംരംഭങ്ങള്‍ നല്‍കുന്ന സംഭാവനകളെയാണ് കാലം ഉറ്റുനോക്കുന്നത്. ♦