Thursday, April 25, 2024

ad

Homeമാധ്യമ നുണകള്‍പൊളിഞ്ഞ സ്വപ്നക്കൂട്

പൊളിഞ്ഞ സ്വപ്നക്കൂട്

ഗൗരി

ഡ്വക്കേറ്റ് മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സിനിമാപടത്തെ ഓര്‍മിപ്പിക്കുന്നതാണ് നമ്മുടെ പ്രതിപക്ഷത്തിന്‍റെ ചെയ്തികള്‍! നിയമസഭാ സാന്നിധ്യമുള്ള പ്രതിപക്ഷമാകട്ടെ ദേശീയതലത്തിലും ഇടതുപക്ഷത്തെപ്പോലെ തന്നെ പ്രതിപക്ഷമാണ്. എന്നാല്‍ അഖിലേന്ത്യാ ഭരണകക്ഷിയുടെ വാലേല്‍ തൂങ്ങിയാണ് ഇവിടെ പക്ഷേ നിയമസഭാ പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നത്. സിനിമയിലെ മുകുന്ദനുണ്ണിക്ക് (വിനീത് ശ്രീനിവാസന്‍) മൂര്‍ഖന്‍ പാമ്പ് വീടിനുള്ളിലേക്ക് കടന്നുവരുമ്പോള്‍ മുഖത്ത് വിരിയുന്ന പുഞ്ചിരിയെയും ആഹ്ലാദത്തെയും ഓര്‍മിപ്പിക്കുന്നു, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്‍റെ നെഗറ്റീവ് സമീപനം. വിഷം മുറ്റിയ പാമ്പിനെ വീട്ടിനുള്ളില്‍ കൂട്ടിലടച്ച് പാലൂട്ടി വളര്‍ത്തിയ ഉണ്ണി വക്കീലിനെ പോലെയാണ് നമ്മുടെ പ്രതിപക്ഷവും അവരുടെ നാവായ, പലപ്പോഴും തലയും കൂടിയായ മാധ്യമങ്ങളും. ജനവിരുദ്ധ പ്രതിപക്ഷവും ജനവിരുദ്ധമാധ്യമങ്ങളും ചേര്‍ന്ന കെമിസ്ട്രിയാണ് കേരള സമൂഹത്തെ വിഷയമയമാക്കുന്നത്.

മാര്‍ച്ച് 11-ാം തീയതിയിലെ മനോരമയുടെ ഒമ്പതാം പേജില്‍ പ്രതിപക്ഷനേതാവിന്‍റെ ഒരു പ്രസ്താവന മൂന്നു കോളത്തില്‍ ആമോദത്തോടെ അവതരിപ്പിച്ചിരിക്കുന്നു. തലവാചകം ഇങ്ങനെ: “സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ അവിശ്വസിക്കേണ്ടതില്ല.” എന്താ സ്വപ്ന വെളിയില്‍പെടുത്തിയത് സതീശന്‍ സാറെ? 10-ാം തീയതിയിലെ മനോരമയുടെ ഒന്നാം പേജില്‍ “തീച്ചൂള”യ്ക്കടുത്തായി വലതുവശത്ത് 6 കോളത്തില്‍ നിരത്തിയിരിക്കുന്നു അത്: “സ്വപ്നയുടെ ആരോപണം: പിന്മാറാന്‍ 30 കോടി വാഗ്ദാനം. അനുസരിച്ചില്ലെങ്കില്‍ വകവരുത്തുമെന്ന് എം വി ഗോവിന്ദിനുവേണ്ടി വിജേഷ്പിള്ള ഭീഷണിപ്പെടുത്തി.” അപ്പോള്‍ അതാണല്ലേ കാര്യം? ഇതേ സ്വപ്നക്കൂടായിരുന്നല്ലോ മനോരമയും സതീശനാദികളും മറ്റൊരവതാരത്തെ പൊക്കിയെടുത്തിട്ടത്. ഏഷ്യാനെറ്റിലെ മുന്‍മാധ്യമപ്രവര്‍ത്തകനും ഇപ്പോള്‍ അത് വിട്ട് വസ്തുക്കച്ചോടത്തിന്‍റെ ഇടനിലക്കാരനുമായ കുപ്രസിദ്ധ തള്ള് മാമന്‍ ഷാജ്കിരണ്‍ കോടികള്‍ വാഗ്ദാനം ചെയ്തതായും പിന്മാറിയില്ലെങ്കില്‍ കൊല്ലുമെന്ന് വിരട്ടിയതായും ഇതേ സ്വപ്നയെ മുന്‍നിര്‍ത്തി കുറേക്കാലം ആടിത്തിമിര്‍ത്തല്ലോ നിങ്ങള്‍. എന്നിട്ടെന്തായി? മോദിയുടെ വസ്ത്രത്തിന്‍റെ തുമ്പില്‍ കിടക്കുന്ന ഇഡി അണ്ണന്‍സാണല്ലോ അന്വേഷിച്ചത്!

വല്ലതുമ്പും കിട്ടിയോ? എന്‍ഐഎയെന്ന മോദിയുടെ തന്നെ കീഴിലെ സൂപ്പര്‍ പൊലീസ് കേസാകെ അരച്ചുകലക്കി പരിശോധിച്ചിട്ടു കോടതിയില്‍ കൊടുത്ത പ്രസ്താവനയെങ്കിലും ഒന്നു പുനഃപ്രസിദ്ധീകരിക്കാമോ മനോരമയ്ക്ക്!

സ്വപ്ന വെളിയില്‍പെടുത്തിയതിനു പിന്നാലെ അമിട്ട് ഷാജിയും വന്ന് ഇടതുപക്ഷത്തിനും മുഖ്യമന്ത്രിക്കും നേരെ കണ്ണുരുട്ടിയല്ലോ. അതിയാന് നിയന്ത്രണമുള്ള നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി സ്വര്‍ണക്കേസ് അന്വേഷിച്ച് ക്ലോഷര്‍ സ്റ്റേറ്റ്മെന്‍റും കൊടുത്ത് ഓടിയ കാര്യം കൃത്യമായി അമിട്ടിന് അറിയാമായിരിക്കുമല്ലോ. അന്വേഷണവുമായി മുന്നോട്ടുപോയാല്‍ കേന്ദ്ര സഹമന്ത്രിയും കേന്ദ്ര ഭരണകക്ഷിയുടെ ഇവിടത്തെ മുഖ്യനും പോരെങ്കില്‍ കേരളത്തിലെ സംഘപരിവാര്‍ സാമ്പത്തികവിദഗ്ധനും ഉപദേഷ്ടാവുമായ ഭീമന്‍ സ്വര്‍ണക്കച്ചോടക്കാരനുമെല്ലാം കുടുങ്ങുമെന്നായപ്പോഴല്ലേ അതിനെയങ്ങ് ഡല്‍ഹീലെ കൂട്ടിലടച്ചത്? എന്നിട്ടിപ്പം മോദി-ഷാ സെറ്റിന്‍റെ വേട്ടുപ്പട്ടിയായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ സര്‍വപ്രതിപക്ഷകക്ഷികളെയും സര്‍ക്കാരുകളെയും കടിക്കാനിറക്കിവിട്ടിരിക്കുന്ന ഇഡിയെയല്ലേ ഏല്‍പ്പിച്ചത്.

ഷാജ് കിരണനെ ഉപയോഗിച്ചുള്ള കളിയിലും മുന്‍പും സ്വപ്നക്കൂടില്‍നിന്ന് വെളിയില്‍ ഒലിച്ചിറങ്ങിയത് വെറും സംഘിത്തള്ളുകളാണെന്നു വന്നപ്പോള്‍ ചര്‍ച്ചയ്ക്ക് വിഷയമില്ലാതായ കോണ്‍ഗ്രസാദികള്‍ക്കും മനോരമാദികള്‍ക്കും കടിച്ചുവലിക്കാന്‍ എല്ലിന്‍ കഷ്ണം എറിഞ്ഞുകൊടുക്കലാണല്ലോ ഇഡിയാദി കേന്ദ്ര ഏജന്‍സികളുടെ കേരള ദൗത്യം. അതങ്ങട് വിജയിപ്പിച്ചുകളയാമെന്ന മോഹത്തിലാണല്ലോ ഞങ്ങള്‍ കേരളവും പിടിക്കുമെന്ന് മോദിയാശാന്‍ മൊഴിഞ്ഞത്? ഷാജ് കിരണന്‍ ഷോയില്‍ കോടിയേരിക്കും മുഖ്യമന്ത്രിക്കും വേണ്ടി ഒരു പൊലീസ് മേധാവി വഴിയുള്ള വാഗ്ദാനവും വെരട്ടലുമായിരുന്നങ്കില്‍ ഇപ്പം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ മാഷിനെ പിടിച്ചിട്ടിരിക്കുന്നുവെന്നല്ലാതെ എന്തു വ്യത്യാസം. അതില്‍നിന്നുതന്നെ അജന്‍ഡ വ്യക്തമാകുമല്ലോ.

ഛത്തീസ്ഗഢിലും രാജസ്ഥാനത്തും ഡല്‍ഹീലെ കോണ്‍ഗ്രസ് ആസ്ഥാനത്തും ഇഡി ഗുര്‍ണോകള്‍ മണംപിടിച്ച് നടക്കുമ്പോള്‍ അത് രാഷ്ട്രീയവേട്ടയായി കാണുന്ന മനോരമയ്ക്കും കോങ്കികള്‍ക്കും കേരളത്തിലാകുമ്പോള്‍ സത്യാന്വേഷണമാകുന്നതിലെ വിരോധാഭാസം തിരിച്ചറിയാനാകുന്നവരാണ് കേരളീയര്‍. സംഘിവക്കീലിന്‍റെ ആപ്പീസിലിരുത്തി, സംഘിക്കൂടില്‍ പാലൂട്ടി വളര്‍ത്തുന്ന സ്വര്‍ണക്കടത്തുകാരിയെ കഥ പഠിപ്പിച്ച് വിട്ടുള്ള വെളിയില്‍ തള്ളലുകളാണല്ലോ ഷാജ് കിരണ്‍ സ്റ്റോറിയും വിജയന്‍പിള്ള അഥവാ വിജേഷ് പിള്ള സ്റ്റോറിയുമെല്ലാം. പല കാലങ്ങളില്‍ പല കോലങ്ങളില്‍ പല പേരുകള്‍ തള്ളുമ്പോള്‍ ചിലപ്പോള്‍ പേര് മാറിപ്പോകുന്നത് സ്വാഭാവികം. അതാണ് വിജേഷ്പിള്ളയെ വിജയന്‍പിള്ളയായി അവതരിപ്പിച്ചുപോയത്. എന്നാലും പത്രസമ്മേളന സ്ഥലത്തുതന്നെ ഉണ്ടായിരുന്ന സംഘി പ്രോംപ്ടര്‍മാര്‍ അത് കയ്യോടെ തിരുത്താത്തതിലുള്ള ആകുലതയാണ് സംഘികേന്ദ്രങ്ങള്‍ക്കുള്ളത്. മനോരമ കൊച്ചന്മാരെങ്കിലും തിരക്കഥയിലെ യഥാര്‍ഥ പേരുകാരനെ അപ്പംതന്നെ അവതരിപ്പിക്കേണ്ടതായിരുന്നില്ലേന്ന് സ്വപ്നക്കൂടില്‍ നിന്ന് വിലാപവും കേള്‍ക്കാം. എന്തായാലും ജനംടിവിയും ജന്മഭൂമിയും മണിക്കൂറുകള്‍ക്കു ശേഷമെങ്കിലും തിരുത്തീല്ലോ എന്ന ആശ്വാസവും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്കുണ്ട്.

എന്തായാലും ഇഡി കൃത്യമായി എത്തിയത്, അതും മണിക്കൂറുകള്‍ക്കുള്ളില്‍, വിജേഷ് പിള്ളയെന്ന സംഘിബന്ധമുള്ള മനോരമ ഭാഷയില്‍ ‘തരികിട’യുടെ അടുത്തുതന്നെ എത്തിയല്ലോ. എന്തായാലും മനോരമയുടെ 11-ാം തീയതിയിലെ ഒന്നാം പേജ് തള്ളിന്‍റെ ശീര്‍ഷകം വിജേഷ് പിള്ള പറഞ്ഞതല്ല, സ്വപ്നത്തള്ളാണ്. വിജേഷിന്‍റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സ്വപ്ന. അപ്പോള്‍ വിജേഷ്പിള്ളയുടെ വെല്ലുവിളിയെന്താ മനോരമേ? അത് കണ്ണില്‍പെടണമെങ്കില്‍ ഒന്നാം പേജുമുതല്‍ ‘നേര്‍ക്കാഴ്ച’ വരെ അരിച്ചുപെറുക്കണം. ഒന്നാം പേജില്‍ സ്വപ്നക്കൂടിനകത്ത്, “ഞാന്‍ സ്വപ്നയുടെ ഇര: വിജേഷ്പിള്ള” എന്നൊരിനം നല്‍കീറ്റുണ്ട്. അതില്‍ പക്ഷേ വെല്ലുവിളിയുടെ സ്വരമില്ല. അപ്പോ ഇനി നേര്‍ക്കാഴ്ചയിലേക്ക് പോകാം. അതായത്, 11-ാം പേജ് അതില്‍ “സ്വപ്ന ഃ വിജേഷ് എന്നൊരൈറ്റവും “30 കോടി”, “ഹരിയാന, മലേഷ്യ, വധഭീഷണി” “നിയമവഴി” എന്നിത്യാദി ഉപശീര്‍ഷകങ്ങളുമായി എടുത്തിട്ടിട്ടുണ്ട്. അതാകട്ടെ, സ്വപ്നത്തള്ളുകളും അതിന് വിജേഷിന്‍റെ മറുപടിയുമാണ്. “നിയമവഴി” എന്ന അവസാനഭാഗത്ത് “നിയമവഴി സ്വീകരിക്കു”മെന്ന കള്ളക്കടത്തുകാരിയുടെ വാക്കിനു മറുവാക്കായി “ഞാന്‍ നിയമവഴി സ്വീകരിച്ചുകഴിഞ്ഞു” വെന്ന തള്ള് വിജേഷും പറയുന്നതാണോ വെല്ലുവിളി? അങ്ങനെയാണെങ്കില്‍ “സ്വപ്നയുടെ വെല്ലുവിളി വിജേഷ് ഏറ്റെടുക്കുന്നു”വെന്നല്ലേ മനോരമക്കാരേ ടൈറ്റിലിടേണ്ടത്?

നേരില്ലാത്ത ‘നേര്‍ക്കാഴ്ച’ പേജില്‍ തന്നെ ഒരു സൂപ്പര്‍തള്ളു കൂടി വായിക്കാം. “മാനനഷ്ടം ഗോവിന്ദനു മാത്രമോ? സമ്മര്‍ദത്തില്‍ മറ്റു നേതാക്കള്‍. മറ്റു നേതാക്കള്‍ എന്തുകൊണ്ട് കേസിന് പോകുന്നില്ല എന്ന ചോദ്യം വ്യാപകം”. അപ്പോള്‍ ഈ “വ്യാപകം” മനോരമ കുടുംബത്തിന്‍റേം ശിങ്കിടികളുടേം അകത്തളത്തിലും ഉള്ളകങ്ങളിലും മാത്രമേ ഒള്ളോ മനോരമക്കാരേ? മനോരമത്തള്ളുകള്‍ക്ക് പുറകേ പോകലല്ല സിപിഐ എമ്മിന്‍റേം ഇടതുപക്ഷത്തിന്‍റെം പണി. ഡോളര്‍ കടത്തും ഈന്തപ്പഴത്തിന്‍റെ കുരുവും ഖുറാനും പിന്നെ ബിരിയാണി ചെമ്പുമെല്ലാം ഏതു പാതാളത്തില്‍ പോയ്മറഞ്ഞെന്‍റെ മനോരമ കൊച്ചന്മാരെ? ഇതിന്‍റേല്ലാം പുറകെ നടന്ന് എന്‍ഐഎ മുതല്‍, കസ്റ്റംസ്, സിബിഐ പിന്നെ ഇഡി വരെ മണംപിടിച്ചതാണല്ലോ? എന്തേലും കിട്ടിയോ? അവറ്റോള്‍ടെ കാലുകഴച്ചതല്ലാതെ! കണ്ട കൂതറകളുടെ പിറകെ “മാനനഷ്ട”മെന്നും പറഞ്ഞ് നടക്കലല്ല (“നിയമവഴി ആലോചിക്കു”മെന്ന ഗോവിന്ദന്‍മാഷിന്‍റെ വാക്കിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് മാഷ് മാനനഷ്ടം കൊടുക്കുമെന്ന് മനോരമാദികള്‍ പറയുന്നത്) സിപിഐ എമ്മിന്‍റെയും എല്‍ഡിഎഫിന്‍റെയും പണി.

ഇതൊരു രാഷ്ട്രീയമാണ്. സംഘപരിവാറിലെ കള്ളക്കടത്തു സംഘത്തെ ലച്ചിക്കാനുള്ള ബദല്‍വഴിയാണ്; പുകമറ സൃഷ്ടിക്കലാണ് കള്ളക്കടത്തുകാരിയെ കൊണ്ടുള്ള നാടകമാടലും വെളിയില്‍പെടുത്തല്‍ തള്ളുകളുമെല്ലാം. സംഘപരിവാറും ഇഡിയുമാണ് അതിനു പിന്നലെന്ന് ആര്‍ക്കാണറിയാത്തത്! അത് കേരള പ്രതിഭാസം മാത്രമല്ല, രാജസ്താനിലും മുന്‍പ് മഹാരാഷ്ട്രയിലും ബിഹാറിലും ഛത്തീസ്ഗഢിലും തെലങ്കാനയിലുമെല്ലാം പല വിധത്തില്‍ അഴിഞ്ഞാടുന്നുണ്ട്. അതിനെ രാഷ്ട്രീയമായാണ് നേരിടേണ്ടതെന്ന് അറിയാവുന്നതുകൊണ്ടാണ് 15ന് ഡല്‍ഹീല് പ്രതിപക്ഷ എംപിമാര്‍ ഇഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. അതില് കേരളത്തീന്നുള്ള ഖദര്‍ എംപിമാരും ഒണ്ടാരുന്നല്ലോ. ആരാണ്ടെ പറേണ കേട്ട്, “ഞമ്മന്‍റാളെ വിട്ടുകള, മറ്റുള്ളോരെ പിടികൂടിക്കോ” എന്നാരുന്നത്രേ കേരള കോങ്കി എംപിമാര്‍ മുദ്രാവാക്യം മൂളിയത്! എന്തൊരു ഗതികേടാണെന്ന് നോക്കണേ, ഈ കോങ്കികള്‍ക്കും മനോരമാദികള്‍ക്കും!

അതവിടെ നില്‍ക്കട്ടെ! പോയവാരത്തില്‍ മുഖ്യധാരക്കാര്‍ അഴിഞ്ഞാടിയത്, പ്രതിപക്ഷം നിയമസഭയിലും കൊച്ചിനഗരസഭേലും തല്ലുണ്ടാക്കി ചോരയൊഴുക്കാന്‍ പ്ലാന്‍ ചെയ്തതുമെല്ലാം, ബ്രഹ്മപുരത്തെ തീയെപിടിച്ചാണല്ലോ! തീയണച്ചിട്ടും മുറുമുറുത്തോണ്ട് നടക്കണ കോങ്കി നേതാക്കളെ കണ്ടാല്‍, ഫയര്‍ഫോഴ്സുകാര്‍ രാപ്പകല്‍ പണിപ്പെട്ട് തീയണയ്ക്കണ്ടാരുന്നുവെന്നാണ് ഇവരുടെ മനോഗതം എന്നു തോന്നും.

മുകുന്ദനുണ്ണിയെപ്പോലെ പാമ്പുവളര്‍ത്തി കമ്യൂണിസ്റ്റുകാരെയെന്നല്ല, നാട്ടുകാരെയാകെ കൊലപ്പെടുത്താനും അതിലൂടെ സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാനുമുള്ള നീച നീക്കത്തിനുപോലും മടിക്കാത്തവരാണ് നമ്മുടെ പ്രതിപക്ഷവും അവരുടെ ശികിടി മാധ്യമങ്ങളും. ബ്രഹ്മപുരത്ത് മൂന്ന് മാസത്തിലേറെയായി കൃത്രിമശ്വാസോച്ഛ്വാസത്തില്‍ (ഓക്സിജന്‍ സിലിണ്ടറിന്‍റെ പിന്‍ബലത്തില്‍ മാത്രം) ജീവിച്ചിരുന്ന ഒരാള്‍ മരണപ്പെട്ടു. അത് മാലിന്യം കത്തിയതുമൂലമുള്ള പുക ശ്വസിച്ചതുകൊണ്ടാണെന്ന്. ബ്രേക്കിങ് ന്യൂസും പ്രതിപക്ഷ പ്രസ്താവനയും ഭവനസന്ദര്‍ശനവും കൊണ്ട് കലക്കുകയായിരുന്നു തുടര്‍ന്ന്. കിട്ടിയത് നേട്ടമെന്ന മട്ടില്‍ ആ ദുഃഖകരമായ മരണത്തെപ്പോലും രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കാന്‍ കച്ചകെട്ടി ഇറങ്ങിയ മാധ്യമങ്ങളും പ്രതിപക്ഷവും മുകുന്ദനുണ്ണിയെയാണ് നമ്മെ ഓര്‍മിപ്പിക്കുന്നത്. എന്നാല്‍ മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ ചൂലെടുത്തതോടെ നട്ടുകളഞ്ഞ അണ്ണാനെപ്പോലെ ഇളിഭ്യരായി ബ്രേക്കിങ് ന്യൂസുകാരും അവരുടെ രാഷ്ട്രീയമേലാക്കളും! എന്നിട്ടുംമനോരമ ഒന്നാം പേജില്‍ ചെറിയൊരു ബോക്സാക്കി അവതരിപ്പിച്ചിട്ടുണ്ട്. അതുകണ്ടാ തോന്നുക കള്ളം പൊളിഞ്ഞില്ലാരുന്നെങ്കില്‍ ഒന്നു കത്തിക്കയറാമായിരുന്നുവെന്ന മനോഭാവമാണെന്ന്!

കോട്ടയം എംഎല്‍എ തിരുവഞ്ചൂരിനെ ഭരണപക്ഷവും വാച്ച് ആന്‍ഡ് വാര്‍ഡും ചേര്‍ന്ന് കയ്യേറ്റം ചെയ്തെന്ന വി ഡി സതീശന്‍റെ പ്രസ്താവനയെ തിരുവഞ്ചൂരാന്‍ തന്നെ ഒരു ചെറുചിരിയോടെ നിഷേധിച്ചതോടെ സതീശന്‍ സാറ് ശശിയായി! അടുത്ത ദിവസം നിയമസഭയില്‍ പ്ലേറ്റു മാറ്റിപ്പിടിച്ചതും നമ്മള് കണ്ടു. കയ്യേറ്റവും തല്ലുമല്ല, ഭരണപക്ഷത്തുള്ളവര്‍ ഞങ്ങളെ ആക്ഷേപിച്ചേ എന്നായി വിലാപം! അതും മനോരമാദികള്‍ ഏറ്റുപിടിക്കുന്നു. പത്തിലേറെ വാച്ച് ആന്‍ഡ് വാര്‍ഡ് ജീവനക്കാരെ, ഒരു വനിതയെ തല്ലി കയ്യൊടിച്ചതുള്‍പ്പെടെ ആക്രമിച്ച സംഭവം ചര്‍ച്ചയും കേസുമാകാതിരിക്കാനുള്ള പൂഴിക്കടകന്‍ പണിയാണ് ആ ആക്ഷേപ പരാതി. അതിനു മുഖ്യധാരക്കാരുടെ അകമഴിഞ്ഞ പിന്തുണ! എന്നാല്‍ ഈ മാധ്യമങ്ങള്‍ക്ക് പ്രതിപക്ഷം നിയമസഭയ്ക്കുള്ളില്‍ പച്ചത്തെറി വിളിച്ചതും അഴിഞ്ഞാടിയതും പ്രശ്നമേയല്ല. ഇടതുപക്ഷം ഊതിയാല്‍ പറനുവെന്ന് പ്രചരിപ്പിക്കുന്ന മുഖ്യധാരാക്കാര്‍ വലതുപക്ഷം പറന്നാല്‍ ഊതിയതായിപോലും പറയില്ല. അതാണ് നമ്മുടെ നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം.

മാര്‍ച്ച് 12ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഒരഫിഡവിറ്റ് 13-ാം തീയതി മനോരമയില്‍ നല്‍കീറ്റുണ്ട്, ഒന്നാം പേജില്‍: “സ്വവര്‍ഗ വിവാഹം വേണ്ട: കേന്ദ്രം. നിയമപരമായ സാധുത നല്‍കരുതെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം.” ഏതാനും വര്‍ഷംമുമ്പ് സുപ്രീംകോടതി അന്തിമവിധി പറഞ്ഞ കേസാണ് പുതിയതരത്തില്‍ ഇപ്പോള്‍ കോടതിയുടെ മുന്നില്‍ എത്തിയത്. വിചിത്രമാണ് മോദി സര്‍ക്കാരിന്‍റെ വാദം. കുടുംബമെന്ന ഭാരതീയ സംസ്കാര സങ്കല്‍പ്പത്തിനെതിരാണ് സ്വവര്‍ഗ വിവാഹം എന്നത്രെ കേന്ദ്രം പറയുന്നത്. അച്ഛന്‍, അമ്മ, മക്കള്‍ അടങ്ങുന്നതായാലേ കുടുംബമാകൂന്നാണെങ്കില്‍ മക്കളില്ലാത്ത ദമ്പതികളുടെ ഒരുമിച്ചുള്ള ജീവിതത്തെയും ഇക്കൂട്ടര്‍ എതിര്‍ക്കുമല്ലോ. ഈ സംഘിത്തരംതന്നെയാണ് കുട്ടി സംഘികളെ സദാചാര ഗുണ്ടകളാക്കുന്നത്.

13-ാം തീയതിയിലെ മനോരമയില്‍ ഒന്നാം പേജില്‍ ടോപ്പ് ഐറ്റമായി മൂന്നുകോളത്തില്‍ നല്‍കീറ്റുള്ള ഒരൈറ്റം നോക്കൂ: “സിപിഎം ജാഥയ്ക്ക് ആളെക്കൂട്ടാന്‍ കുട്ടനാട്ടില്‍ കൊയ്ത്തു തടഞ്ഞു.” കമ്യൂണിസ്റ്റു വിരുദ്ധപ്രചാരണത്തിന് കുപ്രസിദ്ധ കമ്യൂണിസ്റ്റു വിരുദ്ധ പത്രമായ മനോരമ ഏതറ്റംവരെയും പോകും. സിപിഐ എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍മാഷ് നയിക്കുന്ന പ്രചാരണജാഥയ്ക്ക് അഭൂതപൂര്‍വമായ പിന്തുണയാണ് ജനങ്ങളില്‍നിന്നു ലഭിക്കുന്നത്. അതുകൊണ്ടുള്ള മനോരമയുടെ ഹാലിളക്കമാണ് ഇത്.♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 5 =

Most Popular