Thursday, March 28, 2024

ad

Homeപുസ്തക പരിചയംമാനിഫെസ്റ്റോ വായനയ്ക്ക് ഒരു വഴികാട്ടി

മാനിഫെസ്റ്റോ വായനയ്ക്ക് ഒരു വഴികാട്ടി

പി എസ് പൂഴനാട്

തേതരമായ മറ്റൊരു ഗ്രന്ഥവും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെപ്പോലെ ഇത്രയും തീവ്രവും അഗാധവുമായ നിലകളില്‍ ലോകത്തെ പിടിച്ചുകുലുക്കിയിട്ടില്ല. എത്രയെത്ര സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും രാസത്വരകമായിട്ടായിരുന്നു ആ ലഘുഗ്രന്ഥം ചരിത്രത്തിന്‍റെ നാഡീ ഞരമ്പുകളിലേക്ക് പടര്‍ന്നുകയറിയത്; ഇപ്പോഴും പടര്‍ന്നുകയറിക്കൊണ്ടിരിക്കുന്നത്..! 1848 നു ശേഷം ലോകചരിത്രം ദര്‍ശിച്ച എല്ലാ വിപ്ലവാഭിലാഷങ്ങളുടെയും പോരാട്ടസ്വരൂപങ്ങളുടെയും ജൈവഇന്ധനമായി പ്രതിപ്രവര്‍ത്തിച്ചത് ഈ രാഷ്ട്രീയരേഖയിലെ ആശയലോകങ്ങളുടെ സൂക്ഷ്മതയായിരുന്നു. പാരീസ് കമ്യൂണും റഷ്യന്‍ വിപ്ലവും ചൈനീസ് വിപ്ലവവും ക്യൂബന്‍ വിപ്ലവപോരാട്ടങ്ങളും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ സ്വപ്നപ്രതീക്ഷകളുടെ ഏറ്റവും സമരോത്സുകങ്ങളായ ആവിഷ്ക്കാരങ്ങളായിരുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആശയലോകങ്ങള്‍ ഇനിയും കടന്നുചെന്നിട്ടില്ലാത്ത ആധുനികമായ ഏതെങ്കിലുമൊരു ഭാഷയും ദേശവുമുണ്ടോ എന്ന കാര്യം സംശയമാണ്. അത്രയ്ക്ക് അതിവിപുലവും അത്യഗാധവുമായിട്ടായിരുന്നു ആ വിപ്ലവഗ്രന്ഥം മനുഷ്യലോകത്തിന്‍റെ സ്വപ്നങ്ങള്‍ക്കും പുതുപ്രതീക്ഷകള്‍ക്കുമൊപ്പം സഞ്ചരിച്ചതും സഞ്ചരിച്ചുകൊണ്ടിരിക്കുന്നതും.

ഇന്ന് കാണുന്ന ഈയൊരു ലോകത്തിന്‍റെ പുരോഗമനപരവും വിപ്ലവാത്മകവുമായ വശങ്ങളെ പരുവപ്പെടുത്തിയെടുക്കുന്നതില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ധൈഷണികപ്രായോഗിക ജീവിതം വഹിച്ച പങ്ക് പറഞ്ഞറിയിക്കാനാവാത്തതാണ്. പണിയെടുക്കുന്ന മനുഷ്യരോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഇത്രത്തോളം ശാസ്ത്രീയമായി ഐക്യപ്പെട്ടിട്ടുള്ള മറ്റൊരു ആശയലോകവും ലോകത്തിതുവരെ ഉണ്ടായിട്ടുമില്ല. അതുകൊണ്ടുതന്നെ ചൂഷണമെന്ന ചരിത്രാവസ്ഥ നിലനില്‍ക്കുന്നിടത്തോളം കാലം ചരിത്രത്തിന്‍റെ സമൂര്‍ത്തതകള്‍ക്കനുസരിച്ച് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും നിലനില്‍ക്കും. അതുകൊണ്ടാണ് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ പകുതിയിലെഴുതിയ മാനിഫെസ്റ്റോയിലെ ഓരോ ഖണ്ഡികയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നമ്മുടെ കാലഘട്ടത്തിനാണ് കൂടുതല്‍ യോജിക്കുന്നതെന്ന് ലോക പ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകനായ സമിര്‍ അമിന്‍ നിരീക്ഷിച്ചത്.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചിട്ട് നൂറ്റി എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ തികയുകയാണ്. എന്നാല്‍ മാനിഫെസ്റ്റോയുടെ പ്രസിദ്ധീകരണ ദിനമായ ഫെബ്രുവരി 21 (1848) ചുവപ്പു പുസ്തക ദിനമായി ആചരിക്കപ്പെടാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷങ്ങള്‍ ആകുന്നതേയുള്ളൂ. ഫെബ്രുവരി 21 നെ ഇപ്പോള്‍ നമ്മള്‍ കൂടുതല്‍ ഗാഢമായി അറിയാനും പ്രചരിപ്പിക്കാനും ആഘോഷിക്കാനും തുടക്കമിട്ടിരിക്കുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ പുതിയ തലമുറകള്‍ക്ക് പരിചയപ്പെടുത്താനും അതിന്‍റെ ആശയലോകത്തെ കൂടുതല്‍ അറിയാനും പഠിക്കാനുമുള്ള വേദിയായിക്കൂടി ഈ ദിനം മാറിത്തീര്‍ന്നിട്ടുണ്ട്. ഇതൊരു തുടക്കമാണ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉള്‍പ്പെടെയുള്ള വിപ്ലവഗ്രന്ഥങ്ങളെ അറിയാനും പഠിക്കാനും പ്രചരിപ്പിക്കാനുമുള്ള പുതിയൊരു തുടക്കം.

മുമ്പെല്ലാ കാലങ്ങളിലും ഉണ്ടായിരുന്നെങ്കിലും അതിനെക്കാള്‍ ഭീകരവും ഭയാനകവുമായ നിലകളില്‍ ലോകത്തിന്‍റെ ഭൂരിപക്ഷം ഇടങ്ങളിലും തീവ്രവലതുപക്ഷ ശക്തികളുടെ അയുക്തികതയും അശാസ്ത്രീയതയും മേല്‍ക്കൈ നേടിക്കൊണ്ടിരിക്കുന്ന ഒരു സവിശേഷ സന്ദര്‍ഭത്തിലാണ് അതിനെതിരെയുള്ള സാംസ്കാരികവും ധൈഷണികവുമായ പ്രതികരണമെന്ന നിലയില്‍ 2020 ഫെബ്രുവരി 21 ചുവപ്പു പുസ്തക ദിനമായി ആചരിക്കപ്പെടാന്‍ തീരുമാനിക്കപ്പെടുന്നത്. ഇന്ത്യയിലെ ലെഫ്റ്റ്വേഡ് ഉള്‍പ്പെടെയുള്ള ലോകത്തിലെ ഇടതുപക്ഷ പുരോഗമന പ്രസാധകരുടെ ഐക്യവേദിയായിരുന്നു ഈ ചുവപ്പു പുസ്തക ദിനത്തിന് ആരംഭം കുറിക്കുന്നത്. ഈ ദിനത്തിന്‍റെ ആവിര്‍ഭാവത്തോടെ മാനിഫെസ്റ്റോ വായനയ്ക്കും പഠനത്തിനും പുതിയൊരു ഊര്‍ജം കൈവന്നിരിക്കുന്നതായും കാണാം.

ഇന്ത്യയിലാകട്ടെ നരേന്ദ്ര ധാബോല്‍ക്കറും ഗോവിന്ദ് പന്‍സാരെയും ഗൗരി ലങ്കേഷും കല്‍ബുര്‍ഗിയും ഉള്‍പ്പെടെയുള്ള പുരോഗമന ചിന്തകര്‍ വധിക്കപ്പെടുകയും അയുക്തികതയുടെയും മൂലധന ചൂഷണത്തിന്‍റെയും നിയോലിബറല്‍ ഹിന്ദുത്വ രാഷ്ട്രീയ സിദ്ധാന്തത്തിന് മേല്‍ക്കൈ ലഭിക്കുകയും ചെയ്തു. ആഗോള മുതലാളിത്തത്തിന്‍റെ കേന്ദ്രസ്ഥാനമായ അമേരിക്കന്‍ ഐക്യനാടുകളിലാകട്ടെ വംശീയ വിദ്വേഷത്തിന്‍റെയും അശാസ്ത്രീയതയുടെയും അപ്പോസ്തലനായ പുതിയൊരു ഭരണാധികാരി ഭരണകേന്ദ്രത്തിലേക്ക് ഉയര്‍ന്നുവന്നു. ബ്രസീല്‍ ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ പലയിടങ്ങളിലും ജെയ്ര്‍ ബൊല്‍സനാരോ ഉള്‍പ്പെടെയുള്ള തീവ്ര വലതുപക്ഷ പെന്തക്കോസ്തലിസ്റ്റ് രാഷ്ട്രീയ സംഘങ്ങള്‍ അധികാരകേന്ദ്രങ്ങളില്‍ പിടിമുറുക്കാന്‍ തുടങ്ങിയിരുന്നു. ലണ്ടനിലെ ഹൈഗേറ്റിലെ മാര്‍ക്സിന്‍റെ ശവകുടീരം ആക്രമിക്കപ്പെട്ടു. റോസാ ലെക്സംബര്‍ഗ്ഗിന്‍റെ അന്ത്യവിശ്രമസ്ഥാനവും അടിച്ചുതകര്‍ത്തു. ചിലിയിലെ വിപ്ലവഗായകനായിരുന്ന വിക്ടര്‍ ഹാറയുടെ അന്ത്യവിശ്രമസ്ഥലവും ഛിന്നഭിന്നമാക്കപ്പെട്ടു. പുരോഗമന പ്രസാധകശാലകളും പ്രസാധകരും പലയിടങ്ങളിലും വേട്ടയാടപ്പെട്ടു. ലണ്ടനിലെ ഇടതുപക്ഷ പ്രസാധകശാലയായ ബുക്ക്മാര്‍ക്കിലേക്ക് നവനാസികള്‍ ഇരച്ചുകയറി. ഇങ്ങനെ ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ അരങ്ങുതകര്‍ത്തുകൊണ്ടിരിക്കുന്ന തീവ്രവലതുപക്ഷ ശക്തികള്‍ക്കും അതിന്‍റെ അടിസ്ഥാന പ്രേരകമായ മൂലധനാധിപത്യത്തിനും എതിരെയുള്ള സാംസ്കാരികവും ധൈഷണികമായ പ്രതിരോധമെന്ന നിലയിലാണ് പുതിയ സന്ദര്‍ഭത്തില്‍ മാനിഫെസ്റ്റോ വായനയും പഠനവും ചരിത്രത്തിന്‍റെ സമൂര്‍ത്തകള്‍ക്കുള്ളിലേക്ക് ഉയര്‍ന്നുവരുന്നത്.

യഥാര്‍ത്ഥത്തില്‍, നവലിബറല്‍ മുതലാളിത്തത്തിനും അതിന്‍റെ സന്തതികളായ നവഫാസിസ്റ്റ് ലോകബോധത്തിനുമെതിരെയുള്ള സമരോത്സുകമായ സാംസ്കാരിക ധൈഷണിക രാഷ്ട്രീയ പ്രതിരോധത്തിന്‍റെ അടയാളവാക്യമായാണ് ചുവപ്പു പുസ്തകദിനവും മാനിഫെസ്റ്റോ വായനയും വീണ്ടും പിറന്നുവീഴുന്നത്. അതുകൊണ്ടുതന്നെ ഈയൊരു ബദല്‍ സാംസ്കാരിക ധൈഷണിക രാഷ്ട്രീയ പ്രതിരോധത്തിന്‍റെ മണ്ഡലങ്ങളെ സര്‍ഗ്ഗാത്മകമായി വികസിപ്പിക്കുകയും ചുവപ്പിന്‍റെ പോരാട്ട പാരമ്പര്യങ്ങളെ ധൈഷണികമായി വീണ്ടെടുക്കുകയും അതിലൂടെ പുതിയൊരു ലോകത്തിന്‍റെ സ്വപ്നങ്ങളെ തീക്ഷ്ണമാക്കുകയുമാണ് പുതിയ സന്ദര്‍ഭത്തിലെ മാനിഫെസ്റ്റോ വായനയുടെ സൂക്ഷ്മ രാഷ്ട്രീയം.

മാനിഫെസ്റ്റോ വായനയുടെ ഈയൊരു സവിശേഷ സന്ദര്‍ഭത്തിലാണ് അമേരിക്കയിലെ ഇടതുപക്ഷ അക്കാദമിഷ്യനും ആക്ടിവിസ്റ്റുമായ ഫില്‍ ഗാസ്പെര്‍ എഡിറ്റ് ചെയ്ത, “കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ: ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയരേഖയ്ക്ക് ഒരു വഴികാട്ടി” (The Communist Manifesto: A Road Map to History’s Most important Political Document, Penguin Books 2018) എന്ന പുസ്തകം ഏറെ പ്രസക്തമായിത്തീരുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ മാനിഫെസ്റ്റോയുടെ നിരവധി പതിപ്പുകള്‍ നമുക്ക് ലഭ്യമാണ്. എന്നാല്‍ ഈ പതിപ്പിനെ മറ്റ് പതിപ്പുകളില്‍നിന്ന് വ്യതിരിക്തമാക്കിത്തീര്‍ക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതിലൊന്ന് ഈ പുസ്തകം എഡിറ്റ് ചെയ്തിട്ടുള്ളത് മാര്‍ക്സിസ്റ്റ് ആശയങ്ങളെയും അതിന്‍റെ വിപ്ലാത്മകതയെയും മാറോട് ചേര്‍ത്തുപിടിച്ചുള്ള ഒരാളാണ് എന്നതാണ്. ആദ്യമായി മാനിഫെസ്റ്റോ വായിച്ചുതുടങ്ങുന്നവരെ ആ നിലയ്ക്ക് ഈ പുസ്തകം അഭിസംബോധന ചെയ്യുന്നു. അതോടൊപ്പം കോര്‍പറേറ്റ് മുതലാളിത്തത്തിനെതിരെയും യുദ്ധങ്ങള്‍ക്കെതിരെയും പാരിസ്ഥിതിക തകര്‍ച്ചകള്‍ക്കെതിരെയും ലോകത്തിന്‍റെ വ്യത്യസ്ത ഇടങ്ങളില്‍ പോരാടിനില്‍ക്കുന്നവരോടും ഈ പുസ്തകം സംവദിക്കുന്നു. ഇത്തരം പോരാട്ടവേദികളില്‍ മാര്‍ക്സിന്‍റെയും എംഗല്‍സിന്‍റെയും ആശയലോകം എന്തുകൊണ്ട് കൂടുതല്‍ പ്രസക്തമായിത്തീരുന്നുവെന്നും പുസ്തകം അടിവരയിടുന്നു. മാനിഫെസ്റ്റോയുടെ ഓരോ ഖണ്ഡികയെയും അതിന്‍റെ ചരിത്രസന്ദര്‍ഭത്തിനുള്ളില്‍വച്ചും സമകാലികസന്ദര്‍ഭങ്ങളോട് കൂട്ടിച്ചേര്‍ത്തുകൊണ്ട് വിശകലനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു എന്നതാണ് ഈ പുസ്തകത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഇങ്ങനെ മാനിഫെസ്റ്റോയിലെ ഓരോ വാക്യവും പിറന്ന കാലഘട്ടത്തെയും ആ വാക്യങ്ങളുടെ സമകാലിക പ്രസക്തിയെയും അടിവരയിട്ടുകൊണ്ടാണ് മാനിഫെസ്റ്റോയെക്കുറിച്ചുള്ള ഈ വഴികാട്ടി മുന്നോട്ടുനീങ്ങുന്നത്.

“ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയരേഖ” (History Most important Political Document) എന്നാണ് പുസ്തകത്തിന്‍റെ ആമുഖത്തിന് കൊടുത്തിട്ടുള്ള തലക്കെട്ട്. ചരിത്രത്തിന്‍റെ സമൂര്‍ത്തകള്‍ക്കുള്ളില്‍ എങ്ങനെയാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പിറന്നുവീണതെന്ന് ഈ ആമുഖവും സവിസ്തരം വിശദീകരിക്കുന്നുണ്ട്. തുടര്‍ന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഓരോ ഖണ്ഡികയുടെയും വിശകലനവും വിശദീകരണവുമാണ് ഉള്‍ച്ചേര്‍ത്തിട്ടുള്ളത്. “കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഇപ്പോഴും പ്രസക്തമോ?” (Is the Manifesto Still Relevant?) എന്ന തലക്കെട്ടിലുള്ള ഉപസംഹാരത്തിലൂടെ മാനിഫെസ്റ്റോയുടെ സമകാലികപ്രസക്തിയെയും പ്രാധാന്യത്തെയും ഫില്‍ ഗാസ്പെര്‍ സമരോത്സുകമായി വരച്ചുകാട്ടുകയും ചെയ്യുന്നു. ഈ മൂന്ന് ഭാഗങ്ങളും കടന്നുകഴിഞ്ഞാല്‍ പിന്നീട് അധികവായനയ്ക്കുള്ള വിഭവങ്ങളാണ് പുസ്തകത്തില്‍ ഒതുക്കിയിട്ടുള്ളത്. മാനിഫെസ്റ്റോയുടെ പില്‍ക്കാല എഡിഷനുകള്‍ക്ക് മാര്‍ക്സും എംഗല്‍സും എഴുതിയ ആമുഖങ്ങളാണ് തുടര്‍ന്നുവരുന്നത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ വായനയെ പൂരിപ്പിക്കുന്നതിനാവശ്യമായ അധികവിഭവങ്ങളെ മാര്‍ക്സിന്‍റെയും എംഗല്‍സിന്‍റെയും മറ്റു കൃതികളില്‍ നിന്നും കണ്ടെത്തി അവതരിപ്പിക്കുന്ന ഭാഗമാണ് പിന്നീട് ചേര്‍ത്തിട്ടുള്ളത്. ഇങ്ങനെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ സമകാലിക സന്ദര്‍ഭത്തില്‍ സമഗ്രമായി മനസ്സിലാക്കിയെടുക്കുന്നതിനനിവാര്യമായ വലിയൊരു വിഭവസമാഹരണത്തിന്‍റെ സാക്ഷ്യപത്രം കൂടിയായി ഈ പുസ്തകം മാറിത്തീരുന്നുണ്ട്.

മാര്‍ക്സിന്‍റെ ഇരുന്നൂറാം ജന്മവാര്‍ഷികത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ നൂറ്റിഎഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ മാനിഫെസ്റ്റോയുടെ കൂടുതല്‍ സമരോത്സുകമായ ഒരു വായനക്കുള്ള വഴികാട്ടിയായി നമുക്കുമുന്നില്‍ പുതിയൊരു ലോകത്തെ സ്വപ്നംകണ്ട് വീണ്ടും കൊണ്ട് ചുരുട്ടി നില്‍ക്കുകയാണ്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 + nineteen =

Most Popular