മോഡി ഗവണ്‍ണ്‍മെന്‍റിന്‍റെയും ഷിന്‍ഡെ സര്‍ക്കാരിന്‍റെയും കര്‍ഷക ദ്രോഹ നയങ്ങള്‍ കാരണം ജീവിതം താറുമാറായ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ വീണ്ടുമൊരിക്കല്‍ കൂടി നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് മാര്‍ച്ചു ചെയ്യുകയാണ്. മുംബൈയില്‍ നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ മുംബൈയിലേക്ക് വരുന്ന പതിനായിരത്തിലേറെ സമര വളണ്ടിയര്‍മാര്‍ ഏറ്റവും അടിയന്തരമായ പ്രശ്നനങ്ങള്‍ക്ക് പരിഹാരം കണ്ടല്ലാതെ തിരിച്ചു പോകില്ല എന്ന തീരുമാനം എടുത്തിരിക്കുകയാണ്. മാര്‍ച്ച് 13ന് ആരംഭിച്ച ലോംഗ് മാര്‍ച്ചില്‍ 17 ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. അവയില്‍ ഏറ്റവും അടിയന്തര സ്വഭാവമുള്ളത് കാര്‍ഷികോല്പന്നങ്ങളുടെ ഭീമമായ വിലയിടിവ് തടഞ്ഞുവെക്കാന്‍ സര്‍ക്കാര്‍ ഇടപെടുക എന്നതാണ്. ഉള്ളിക്ക് ക്വിന്‍റലിന് 2000 രൂപ താങ്ങ് വില നല്‍കണം, അടിയന്തിര സഹായം എന്ന നിലയില്‍ ക്വിന്‍റലിനു 600 രൂപ സബ്സിഡി നല്‍കണം എന്നാണ് ആവശ്യപ്പെടുന്നത്. ഉള്ളി, പരുത്തി, സോയാബീന്‍, പരിപ്പ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്ന വിലയിടിവ് കാരണം മഹാരാഷ്ട്രയിലെ ഉള്‍നാടുകളിലെ കോടിക്കണക്കായ കര്‍ഷക സമൂഹം കടുത്ത ജീവിത പ്രതിസന്ധിയെ നേരിടുകയാണ്. കാര്‍ഷിക മേഖലയില്‍ ഒരു ദിവസം 8 മണിക്കൂര്‍ മാത്രമേ വിദ്യച്ഛക്തി വിതരണം നടക്കുന്നുള്ളൂ. ചുരുങ്ങിയത് 12 മണിക്കൂറെങ്കിലും വിദ്യച്ഛക്തി വിതരണം നടത്തണം, കാര്‍ഷിക മേഖലയിലെ വിലയിടിവ് കാരണം ഉണ്ടായിരിക്കുന്ന കുടിശ്ശിക എഴുതിത്തള്ളണം എന്നീ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിക്കുന്നു. 2018ലെ ലോങ്ങ് മാര്‍ച്ചും അതിനെ തുടര്‍ന്നുണ്ടായ നിരവധി സമരങ്ങളിലും കര്‍ഷകര്‍ ഉന്നയിച്ച ആവശ്യം അനുസരിച്ച് എഴുതി തള്ളും എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ആ വാഗ്ദാനങ്ങള്‍ ഇനിയും പൂര്‍ണ്ണമായി പാലിച്ചിട്ടില്ല.
കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കെല്ലാം ന്യായമായ താങ്ങുവില നിശ്ചയിച്ചു നടപ്പാക്കുക, വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, വനാധികാര നിയമപ്രകാരം ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി പതിച്ചു നല്‍കുക, അടിസ്ഥാന സൗകര്യ വികസനത്തിന് ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിക്ക് കേരളത്തില്‍ നല്‍കുന്നതു പോലുള്ള ന്യായമായ നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും നല്‍കുക, ഗ്രാമീണ മേഖലയില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തി കര്‍ഷക കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം സാധ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഈ സമരം നടക്കുന്നത്.
സമരം തന്നെ ജീവിതം
കിസാന്‍ സഭ ദേശീയ അധ്യക്ഷനും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായ അശോക് ധാവ്ലെ, കിസാന്‍ സഭ നേതാക്കളായ ജെപി ഗാവിത്, ഉമേഷ് ദേശ്മുഖ്, അജിത് നവലെ, സിപിഐഎം സംസ്ഥാന സെക്രട്ടറി ഉദയ് നാര്‍കര്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി മറിയം ധാവ്ലെ സിഐടിയു ദേശീയ വൈസ് പ്രസിഡന്‍റ് ഡി എല്‍ കരാഡ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആണ് മാര്‍ച്ച് ആരംഭിച്ചിരിക്കുന്നത് മൂന്നര പതിറ്റാണ്ടായി രാജ്യത്ത് നടപ്പാക്കുന്ന വിനാശകരമായ ഉദാരവല്‍ക്കരണ നയങ്ങള്‍ ദാരിദ്ര്യത്തിലേക്കു തള്ളി നീക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങള്‍ പ്രതിരോധത്തിന്‍റെ ശക്തികേന്ദ്രങ്ങളായി രൂപാന്തരപ്പെടുന്നതാണ് ഇന്നത്തെ കാലത്ത് ഏറ്റവും അധികം പ്രതീക്ഷ ഉണര്‍ത്തുന്ന രാഷ്ട്രീയ അനുഭവം.
രാഷ്ട്രീയം അന്തിമ വിശകലനത്തില്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് തിരിച്ചു വന്നേ തീരൂ എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ് മഹാരാഷ്ട്രയിലെ ഈ സമരാനുഭവം. മാര്‍ച്ച് 16ന് രാവിലെ ഈ കുറിപ്പ് എഴുതുമ്പോള്‍ ലഭിക്കുന്ന വിവരം മുഖ്യമന്ത്രി കിസാന്‍ സഭാ നേതാക്കളെ മാര്‍ച്ച് 16ന് ഉച്ചക്ക് ശേഷം ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട് എന്നാണ്. നാസിക്കില്‍നിന്ന് പുറപ്പെട്ടു കസാറ കുന്നുകള്‍ കയറിയിറങ്ങി ചുട്ടുപൊള്ളുന്ന വെയിലില്‍ മുംബൈയിലേക്ക് നടന്നു നീങ്ങുന്ന കര്‍ഷക സഹസ്രങ്ങളുടെ കാലടികളും ചുരുട്ടിയ മുഷ്ടികളും മുംബൈയിലെ അധികാരക്കുന്നുകളെയും കീഴടക്കുക തന്നെ ചെയ്യും.
(സിപിഐഎം മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി അംഗമാണ് ലേഖിക)