Wednesday, April 29, 2026

ad

Homeആമുഖംആമുഖം

ആമുഖം

ട്രംപിന്റെ നേതൃത്വത്തിൽ അമേരിക്കൻ സാമ്രാജ്യത്വവും ഇസ്രയേലിലെ സയണിസ്റ്റ് ഭരണവും ചേർന്ന് ലോകത്തെ ഭീതിയുടെ തടവറയിലാക്കിയിരിക്കുകയാണ്. ഫെബ്രുവരി 28ന് അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ ഇറാനുനേരെ നടത്തിയ വേ-്യാമാക്രമണത്തെ തുടർന്നാണ് ഇപ്പോഴത്തെ യുദ്ധം ആരംഭിച്ചത്. അന്നുതന്നെ മിക്കവാറും എല്ലാ രാഷ്ട്രീയ നിരീക്ഷകരും ഒരേപോലെ പ്രസ്താവിച്ചത് ഈ യുദ്ധം ഇറാനിൽ മാത്രമായി ഒതുങ്ങിനിൽക്കില്ലായെന്നാണ്. അത് മധ്യപൂർവ മേഖലയിലാകെ വ്യാപിക്കുമെന്ന് ഉറപ്പായിരുന്നു. ഇറാനെതിരായ ആക്രമണത്തിൽ അമേരിക്ക പങ്കാളിയായതുകൊണ്ടുതന്നെ മധ്യപൂർവ മേഖലയിലെ അമേരിക്കൻ സെെനികത്താവളങ്ങൾക്കും അമേരിക്കൻ എണ്ണക്കമ്പനികൾക്കുംനേരെ ആക്രമണം നടത്താൻ ഇറാൻ നിർബന്ധിതമാകുമെന്നതിനാലാണത്.

ഈ യുദ്ധം സൃഷ്ടിച്ച കെടുതികൾ ഇപ്പോൾ മിഡിൽ ഈസ്റ്റിന്റെ പരിധിയും കടന്ന് ലോകത്തെയാകെ ബാധിച്ചിരിക്കുകയാണ്. നമ്മുടെ അടുക്കളകളെവരെ യുദ്ധം ബാധിച്ചുവെന്നു പറയുമ്പോൾ, അത് നമുക്ക് അനുഭവപ്പെടുമ്പോൾ അതിന്റെ വ്യാപ്തിയും ഭീകരതയും എത്രത്തോളമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. യുദ്ധം നീണ്ടുപോകുന്തോറും പ്രത്യാഘാതങ്ങൾ കൂടുതൽ രൂക്ഷമാവുകയും ചെയ്യും. 48 മണിക്കൂറിനകമെന്നും പിന്നീട് ഒരാഴ്ചയ്ക്കകമെന്നും യുദ്ധത്തിന്റെ സമയപരിധിയെക്കുറിച്ച് ട്രംപ് വീരവാദം മുഴക്കിയെങ്കിലും ഇപ്പോൾ എന്നവസാനിക്കുമെന്ന് ആ യുദ്ധക്കൊതിയനുപോലും പറയാനാവാത്ത അവസ്ഥയിലാണ്. ഒന്നുകിൽ അണുവായുധ പ്രയോഗം അല്ലെങ്കിൽ ഏകപക്ഷീയമായി തുടങ്ങിയ ആക്രമണം അതേപോലെ ഏകപക്ഷീയമായി തന്നെ അമേരിക്ക അവസാനിപ്പിക്കുക എന്ന സ്ഥിതിയാണിന്നുള്ളത്.

ഈ അവസ്ഥയിലും വിവേകമുള്ളവരുടെ വാക്കുകൾക്ക് ചെവികൊടുക്കാൻ ട്രംപ് തയ്യാറല്ല എന്നുമാത്രമല്ല, അതുപറയുന്നവരെ കടന്നാക്രമിക്കുകയുമാണ്. പോപ്പ് ലിയൊ പതിനാലാമനെതിരെ ട്രംപ് നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണവും അതാണ് കാണിക്കുന്നത്. ബെെബിൾ വചനങ്ങൾ ഉയർത്തിപ്പിടിച്ച് ഓരോ ലോകസംഭവത്തിലും സഭയുടെ അഭിപ്രായം ലോകമെങ്ങുമുള്ള സഭാംഗങ്ങളോട് പ്രതികരിക്കുന്നത് മാർപാപ്പമാരുടെ പതിവാണ‍്. ലോകത്തെ മനുഷ്യരെയാകെ ഞെട്ടിച്ച ട്രംപിന്റെ ഇറാൻ ആക്രമണവും ട്രംപിന്റെ പിന്തുണയോടെ ഇസ്രയേൽ പലസ്തീനിലും ഇറാനിലും ലബനനിലും നടത്തുന്ന ആക്രമണവും അവസാനിപ്പിക്കണമെന്ന് മാർപാപ്പ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് പോപ്പിന്റെയോ ഏതെങ്കിലും പ്രതേ-്യക മതവിഭാഗത്തിന്റെയോ മാത്രം അഭിപ്രായമല്ല. സമാധാനം ആഗ്രഹിക്കുന്ന ലോകത്തെ മുഴുവൻ ആളുകളുടെയും ആഗ്രഹവും ആവശ്യവുമാണത്. ക്രിസ്തീയ ദർശനത്തിലെ ഏറെ പ്രചാരമുള്ള, കാതലായ ആശയമാണ് ‘‘സമാധാനം ആഗ്രഹിക്കുന്നവർ അനുഗ്രഹീതർ: അവർ ദെെവപുത്രന്മാർ’’ എന്ന വചനം. ഈ ലക്കം ചിന്ത ഈ വിഷയമാണ് കവർസ്റ്റോറിയാക്കിയിരിക്കുന്നത്. പോപ്പിന്റെ സമാധാന സന്ദേശങ്ങൾക്കുപുറമെ വാഷിങ്ടണിലെ ബിഷപ്പ് കർദിനാൾ റോബർട്ട് ഡബ്ല്യു മെക്കൽറോയ് ഏപ്രിൽ 12ന്റെ പ്രാർഥനായജ്ഞത്തിൽ നടത്തിയ പ്രസംഗവും ഉൾപ്പെടുത്തിയിരിക്കുന്നു. അതിനുപുറമേ, എം എ ബേബി, ഫാ. പോൾ തേലക്കാട്ട്, ഫാ. മാർട്ടിൻ എടയന്ത്രത്ത്, ഡോ. ടി എം തോമസ് ഐസക്, കെ ജെ ജേക്കബ്, ചെറിയാൻ സി ജോൺ, ഡോ. ജിനു സഖറിയ, എ ശ്യാം എന്നിവരുടെ ലേഖനങ്ങളുമുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen + three =

Most Popular