സോഷ്യലിസം എന്ന ഇംഗ്ലീഷ് പദത്തിന് സമത്വവാദം എന്നാണ് ആദ്യകാലത്ത് മലയാളപരിഭാഷയായി നല്‍കിയിരുന്നത്. ഇപ്പോള്‍ സോഷ്യലിസം എന്ന പദത്തെ നമ്മള്‍ മലയാളമാക്കിക്കഴിഞ്ഞു. എന്നാല്‍ ആ പദം സാര്‍വത്രികമായി മലയാളത്തില്‍ ഉപയോഗിക്കുന്നതിനുമുമ്പ് സമത്വവാദം എന്നുതന്നെയായിരുന്നു പ്രയോഗിച്ചിരുന്നത്. അങ്ങനെയെങ്കില്‍ മലയാളത്തില്‍ സമത്വം എന്ന പദം ആദ്യം ഉപയോഗിക്കുന്ന വ്യക്തി വൈകുണ്ഠസ്വാമികള്‍ (1809-1851) ആയിരിക്കും. അദ്ദേഹം സ്ഥാപിച്ച സംഘടനയുടെ പേരായിരുന്നു ‘സമത്വസമാജം’. മലയാളികളുടെ ആദ്യത്തെ സംഘടനയും അതുതന്നെയാണ്.
ജാതി-ജന്മി-നാടുവാഴി വ്യവസ്ഥയെന്ന് ഇ എം എസ് വിശേഷിപ്പിച്ച പ്രതിഭാസം കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ പൊതുവെയും ഒരേ സ്വഭാവത്തിലുള്ളതായിരുന്നു. വിശദാംശങ്ങളില്‍ വ്യത്യാസമുണ്ടാകാം. സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ അവസ്ഥ ഏകദേശം ഒരേപോലെയായിരുന്നു. ഇവയ്ക്കെതിരെയുള്ള കലാപം ആരംഭിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിലായിരുന്നുവെങ്കിലും പ്രത്യക്ഷത്തില്‍ അത് അനുഭവത്തിലെത്തുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടുകൂടിയായിരുന്നു. കേരളത്തിന്‍റെ സാമ്പത്തികഘടനയെ നിര്‍ണായകമായി സ്വാധീനിച്ചിരുന്ന ഇന്ത്യാ സമുദ്രവാണിജ്യം ചീനരുടെയും അറബികളുടെയും നിയന്ത്രണത്തില്‍നിന്ന് പോര്‍ച്ചുഗീസകാര്‍മുതല്‍ ഇംഗ്ലീഷുകാര്‍വരെയുള്ള യൂറോപ്യന്‍ കൊളോണിയല്‍ രാജ്യങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. ഈ വ്യാപാരത്തെ ആശ്രയിച്ചുകഴിഞ്ഞിരുന്ന നാടുവാഴി സ്വരൂപങ്ങള്‍ തകരുകയും ഇംഗ്ലീഷുകാരുടെ നിയന്ത്രണത്തിലാവുകയും ചെയ്തു. ഇംഗ്ലീഷുകാര്‍ക്കെതിരെ നടന്ന നാടുവാഴി കലാപങ്ങള്‍ നിഷ്ഠുരമായി അടിച്ചമര്‍ത്തപ്പെട്ടു. അത്തരത്തില്‍ സാമ്പത്തികവും രാഷ്ട്രീയവുമായ അവസ്ഥയ്ക്ക് മാറ്റം വന്നു. അതിന്‍റെ പ്രതിഫലനം സാമൂഹികരംഗത്തും ഉണ്ടായി. അതാണ് ജാത്യാചാരങ്ങള്‍ക്കെതിരെയുള്ള സാമൂഹികപരിഷ്കരണപ്രസ്ഥാനങ്ങള്‍. അതിലാദ്യത്തേതാണ് സമത്വസമാജം.
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ പ്രധാനമായും രണ്ടുപരിഷ്കരണ പ്രസ്ഥാനങ്ങളാണ് ഇന്ത്യയിലുണ്ടായിരുന്നത്. ആദ്യത്തേത് ബംഗാളില്‍ റാംമോഹന്‍റോയി തുടങ്ങിവച്ച ബ്രഹ്മസമാജം. അത് ബംഗാളിലെ ബ്രാഹ്മണ ജാതിക്കകത്തുണ്ടായിരുന്ന അനാചാരങ്ങള്‍ക്കെതിരെയുള്ളതായിരുന്നു. രണ്ടാമത്തേത് കേരളത്തിലാണ്. തെക്കന്‍ തിരുവിതാംകൂറില്‍ വൈകുണ്ഠസ്വാമികള്‍ തുടക്കം കുറിച്ച സമത്വസമാജം. അത് പിന്നാക്കജാതിയില്‍പ്പെട്ടവരുടെ പ്രതിഷേധമായിരുന്നു. സമ്പന്നസവര്‍ണര്‍ക്കെതിരെയുള്ള അവര്‍ണദരിദ്രരുടെ ലഹള. അതായത് വര്‍ഗസമരത്തിന്‍റെ ആദിമരൂപം എന്നുപറയാം. സവര്‍ണര്‍ അവരുടെ ജാത്യാചാരത്തിനെതിരെ നടത്തിയ പരിഷ്കരണ കലാപമായിരുന്നു ബ്രഹ്മസമാജത്തില്‍ ദൃശ്യമായത്. എന്നാല്‍ സമത്വസമാജം സവര്‍ണര്‍ അടിച്ചേല്‍പ്പിച്ച സാമ്പത്തികവും ജാതീയവും സാംസ്കാരികവുമായ അധീശത്വത്തിനെതിരെയുള്ള കലാപമായിരുന്നു. അതിനാല്‍ത്തനെ കലാപത്തിന്‍റെ സ്വഭാവം വര്‍ഗപരവും സ്ഥാപിക്കപ്പെട്ട സംഘടനയുടെ പേര് അന്വര്‍ഥവുമായിരുന്നു.
‘കൂലിയില്ലാതെ വേല ചെയ്യരുത് ‘
‘കൂലിയില്ലാതെ വേല ചെയ്യരുത്’ എന്ന ഉപദേശം സ്വാമി നല്‍കുമ്പോള്‍ അത് നിലവിലിരുന്ന സാമ്പത്തിക്രമത്തിനെതിരെയുള്ള സമരാഹ്വാനമായിരുന്നു. ജന്മിമാരുടെയും നാടുവാഴികളുടെയും പറമ്പിലും ദേവസ്വം ഭൂമിയിലും ജോലി ചെയ്തിരുന്ന അടിയാളര്‍ക്ക് കൂലിയോ ഭക്ഷണമോ നല്‍കിയിരുന്നില്ല. ഊഴിയവേല എന്നാണതിന്‍റെ പേര്. നിലവിലിരിക്കുന്ന സാമുദായികാചാരമാണ് ഊഴിയവേല. ആ സാമുദായികാചാരത്തിലടങ്ങിയിരുന്ന സാമ്പത്തികമായ ചൂഷണത്തെയാണ് വൈകുണ്ഠ സ്വാമി ചോദ്യം ചെയ്തത്. എന്നാല്‍ ഈ സമരത്തിന്‍റെ ഭാഗമായി സ്ത്രീകളുടെ വസ്ത്രാധാരണവകാശം കൂടി ചേര്‍ക്കപ്പെട്ടപ്പോള്‍ അതിനായിരുന്നു പ്രാധാന്യം കിട്ടിയത്. അതായിരുന്നു ചാന്നാര്‍ ലഹള. ആ ലഹളയ്ക്ക് രണ്ടുവശമുണ്ടായിരുന്നു- സാമ്പത്തികവും സാമൂഹികവും. അതിന്‍റെ സാമൂഹികവശത്തിന് പ്രാധാന്യം നല്‍കിയവര്‍ സാമ്പത്തികവശത്തെ അവഗണിച്ചു. അതുകൊണ്ടാണ് ചാന്നാര്‍ ലഹള വസ്ത്രധാരണാവകാശത്തിനുവേണ്ടിയുള്ള സമരം മാത്രമായി ന്യായീകരിക്കപ്പെട്ടത്. “ഊഴിയവേലയ്ക്ക് വിടുതലൈ”, “തോള്‍ശീലയ്ക്ക് ഉരിമൈ” എന്നതായിരുന്നു മുദ്രാവാക്യം. അതായത് ഊഴിയവേലയില്‍ നിന്ന് മോചനം, തോള്‍ ശീല (മേല്‍മുണ്ട്) തങ്ങളുടെ അവകാശം എന്നീ രണ്ടു ഭാഗങ്ങളുള്ളതാണ് സമരം. എന്നു മാത്രമല്ല ഇതിനു പ്രേരകമായിത്തീര്‍ന്ന എല്‍എംഎസ് മിഷണിമാരുടെ പ്രവര്‍ത്തനം ശ്ലാഘിക്കപ്പെടുകയും സമരത്തിന്‍റെ തദ്ദേശീയമായ പ്രേരണ തമസ്കരിക്കപ്പെടുകയും ചെയ്തു.
മിഷണിമാരുടെ പ്രവര്‍ത്തനം ഇക്കാര്യത്തിലും മറ്റു പലതിലും രാസത്വരകമായി വര്‍ത്തിച്ചു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ പലപ്പോഴും ചരിത്രകാരന്മാര്‍ വിസ്മരിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം മിഷണറിമാരുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സംരക്ഷണം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഏറ്റെടുത്തിരുന്നുവെന്ന കാര്യമാണ്. കൊച്ചിയിലും തിരുവിതാംകൂറിലും ബ്രിട്ടീഷ് റസിഡന്‍റായിരുന്ന കേണല്‍ മെക്കാളെ നല്‍കിയ അനുമതിപത്രവുമായിട്ടാണ് വില്യം തൊബിയാസ് റിംഗിള്‍ താബ് എന്ന എല്‍ എം എസ് പാതിരി തിരുവിതാംകൂറിലെത്തുന്നതും 1806ല്‍ ആദ്യത്തെ പള്ളി നാഗര്‍കോവിലിനടുത്തുള്ള നെയൂരില്‍ സ്ഥാപിക്കുന്നതും. എല്‍എംഎസ് പ്രവര്‍ത്തകനും റസിഡന്‍റുമായിരുന്ന കേണല്‍ ജോണ്‍ മണ്‍റോയാണ് ക്രിസ്തുമതം സ്വീകരിച്ചവര്‍ക്ക് കുപ്പായം ധരിക്കാന്‍ അവകാശം നല്‍കുന്നത്.എന്നു മാത്രമല്ല പള്ളിയില്‍ പോകുന്നവരെ ഞായറാഴ്ചകളില്‍ ഊഴിയവേലയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇത് രണ്ടുതരത്തില്‍ ജന്മിമാര്‍ക്ക് ദോഷകരമായിത്തീര്‍ന്നു. ആദ്യത്തേത് ഹിന്ദു എന്ന് വിശേഷിപ്പിക്കപ്പെട്ട ജാതി സമൂഹത്തില്‍നിന്നുള്ളവരാണ് ക്രിസ്തുസഭയില്‍ ചേര്‍ന്നത്. അത്തരക്കാരെ ദേവാലയങ്ങളിലോ ജന്മിഭവനങ്ങളിലോ വേല ചെയ്യിപ്പിക്കാന്‍ പറ്റില്ല. കാരണം അവര്‍ മാര്‍ഗം കൂടിയവരാണ്. രണ്ടാമത്തേത് പള്ളിയില്‍ ചേര്‍ന്നാല്‍ ഊഴിയവേല ചെയ്യേണ്ടയെന്നത് പള്ളിയില്‍ ചേരുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കുകയും അത് സാമ്പത്തികമായി തൊഴില്‍ ശക്തിയുടെ ശോഷണത്തിനിടയാക്കുകയും ചെയ്തു. സ്വാഭാവികമായും ആക്രമണം പള്ളിക്കുനേരെയും തിരിഞ്ഞു. ഇക്കാര്യങ്ങളെല്ലാം വൈകുണ്ഠ സ്വാമിയുടെ യൗവനാരംഭത്തിനുമുമ്പുതന്നെ നടന്നു കഴിഞ്ഞിരുന്നു.
വൈകുണ്ഠസ്വാമിയുടെ പ്രതിഷേധം നിലവിലിരിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ വ്യവസ്ഥയോടായിരുന്നു. അവ അടിച്ചേല്‍പ്പിച്ചത് സവര്‍ണ സമ്പന്ന വിഭാഗമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്‍റെ സമരം സവര്‍ണാധിപത്യത്തിനെതിരെയായിരുന്നു. ക്രിസ്തുസഭയ്ക്ക് ഇക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം കരുതി. എന്തെന്നാല്‍ സഭയ്ക്ക് മാറ്റത്തിന്‍റെ വേഗം വര്‍ധിപ്പിക്കാനല്ലാതെ മാറ്റത്തിന്‍റെ കാരണമാകാന്‍ കഴിയില്ലായെന്നതുതന്നെയാണ്. പില്‍ക്കാലാനുഭവം ചൂണ്ടിക്കാണിക്കുന്നത് സഭയും കേരളത്തിലെ ജാതിവ്യവസ്ഥയുടെ കാര്‍ക്കശ്യത്തിനു വിധേയമാകേണ്ടിവന്നു എന്നതുതന്നെയാണ്. പൊയ്കയില്‍ യോഹാന്നാന്‍റെ അനുഭവം അക്കാര്യം ശരിവയ്ക്കുന്നുമുണ്ട്. അതിനാല്‍ വൈകുണ്ഠസ്വാമി ക്ഷേത്രകേന്ദ്രിതമായ സാമൂഹികഘടനയിലെ അനാചാരങ്ങള്‍ക്കെതിരെയാണ് തിരിഞ്ഞത്.
ശുചീന്ദ്രക്ഷേത്രത്തിലെ രഥോത്സവത്തില്‍ ചാന്നാര്‍ ജാതിയില്‍പ്പെട്ടവര്‍ക്ക് രഥം വലിക്കുന്ന കയര്‍ പിടിക്കാന്‍ അവകാശമുണ്ടായിരുന്നില്ല. വൈകുണ്ഠസ്വാമിയും അനുയായികളും അവിടേക്ക് കടന്നുചെന്ന് കയര്‍ പിടിച്ചുവലിക്കുകയും അത് കയ്യാങ്കളിയില്‍ കലാശിക്കുകയും ചെയ്തു. കുമാരകോവിലില്‍ സവര്‍ണര്‍ക്കുമാത്രം പങ്കെടുക്കാന്‍ കഴിയുന്ന അഗ്നിക്കാവടിയിലും സ്വാമിയും കൂട്ടരും പങ്കെടുക്കുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ‘വിധ്വംസക’ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിനാല്‍ അദ്ദേഹം ഭരണകൂടത്തിന്‍റെ രോഷത്തിനിരയാകുകയും തുറുങ്കിലടയ്ക്കപ്പെടുകയും ചെയ്തു. ക്ഷേത്രാചാരങ്ങള്‍ ലംഘിച്ചതിന്‍റെ പേരില്‍ തടവിലാക്കപ്പെടുന്ന ആദ്യത്തെ സാമൂഹികപരിഷ്കര്‍ത്താവാണ് വൈകുണ്ഠസ്വാമി.
നാല്‍പ്പത്തിരണ്ടാം വയസ്സില്‍ വൈകുണ്ഠസ്വാമി അകാലത്തില്‍ അന്തരിച്ചുപോയ ആ കര്‍മയോഗിയുടെ പ്രവര്‍ത്തനങ്ങള്‍ പലതും പില്‍ക്കാല പരിഷ്കര്‍ത്താക്കള്‍ നടപ്പാക്കിയിട്ടുണ്ട്. അതില്‍ പ്രധാനം അദ്ദേഹത്തിന്‍റെ സാമൂഹികദര്‍ശനത്തിന്‍റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട ഒരു സൂക്തമാണ്. “ഒരു ജാതി, ഒരു മതം, ഒരു ദൈവം, ഒരു ഭാഷ, ഒരു കുലം, ഒരു ലോകം” എന്നതായിരുന്നു ആ സൂക്തം. ഏകദേശം നാലു പതിറ്റാണ്ടുകള്‍ക്കുശേഷം തൈക്കാട് അയ്യാഗുരു (1814-1909) ഇതാവര്‍ത്തിക്കുന്നുണ്ട്. പിന്നീട് ശ്രീനാരായണഗുരുവിലെത്തുമ്പോള്‍ അത് സാര്‍വത്രികമായി അംഗീകരിക്കപ്പെടുന്ന മുദ്രാവാക്യമായി മാറി. വൈകുണ്ഠസ്വാമിയും തൈക്കാട് അയ്യാഗുരുവും സമകാലികരായിരുന്നു. അവര്‍ തമ്മില്‍ ആദാനപ്രദാനങ്ങളുണ്ടായിട്ടുണ്ടോയെന്ന് നമുക്ക് ഉറപ്പിച്ചുപറയാനാവില്ല. എന്തായാലും പരോക്ഷ സ്വാധീനമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അത് മറ്റൊരു കാര്യത്തിലും പ്രകടമാണ്.
വൈകുണ്ഠസ്വാമിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്‍റെ ആസ്ഥാനമായ ശുചീന്ദ്രത്തെ സ്വാമിത്തോപ്പില്‍ നാനാജാതി മതസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമപന്തിഭോജനം 1839 മുതല്‍ നടത്തി വന്നിരുന്നു. പട്ടിണിക്ക് വിവേചനമില്ലായെന്ന ലൗകികസത്യം സഹപ്രവര്‍ത്തകര്‍ക്കും സമൂഹത്തിനും ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിനുവേണ്ടിയാണ് അദ്ദേഹമതാരംഭിച്ചത്. തൈക്കാട് അയ്യാഗുരു 1881 മുതല്‍ എല്ലാ വര്‍ഷവും മകരപ്പൊങ്കല്‍ ദിനത്തില്‍ തന്‍റെ ഭവനത്തിലും സമപന്തിഭോജനം നടത്തിവന്നിരുന്നു. അവിടെ നിന്നും അന്നം കഴിച്ചവരുടെ കൂട്ടത്തില്‍ ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും അയ്യങ്കാളിയും ഉണ്ടായിരുന്നു. ഇതൊന്നും കലാപത്തിനിടയാക്കിയിരുന്നില്ല. ഭക്ഷണം കഴിച്ചവര്‍ക്ക് ഊരുവിലക്ക് ആരും കല്‍പ്പിച്ചില്ല. എന്നാല്‍ സഹോദരന്‍ അയ്യപ്പന്‍ 1917ല്‍ ചെറായിയില്‍ പന്തിഭോജനം നടത്തിയപ്പോള്‍ അന്ന് സമുദായപ്രമാണിമാര്‍ക്ക് ഹിതകരമായില്ല. അയ്യങ്കാളിയെന്ന പുലയനേതാവിനെ എതിര്‍ക്കാന്‍ കഴിയാത്തവര്‍ പാവപ്പെട്ട പുലയക്കുട്ടികളോട് വിരോധം തീര്‍ത്തു. എന്തായിരുന്നാലും സമപന്തിഭോജനമെന്ന കര്‍മപരിപാടിയുടെ പ്രോദ്ഘാടകന്‍ വൈകുണ്ഠസ്വാമിയായിരുന്നു.
സവര്‍ണദേവനായിരുന്നാലും അവര്‍ണദേവനായിരുന്നാലും ബിംബാരാധന ആവശ്യമില്ലായെന്നതായിരുന്നു സ്വാമിയുടെ കാഴ്ചപ്പാട്. അതിന്‍റെ സാക്ഷാത്കാരമായിരുന്നു സ്വാമിത്തോപ്പിലെ കണ്ണാടിപ്രതിഷ്ഠ. അര്‍ദ്ധനഗ്നരായി അമ്പലത്തില്‍ കയറി ആരാധന നടത്തണമെന്ന സവര്‍ണാചാരത്തോടുള്ള പ്രതിഷേധമായിരുന്നു വസ്ത്രം ധരിച്ച് തലയില്‍ തോര്‍ത്തുമുണ്ടുകെട്ടി കണ്ണാടിക്കുമുന്നില്‍ നിന്ന് അതില്‍ കാണുന്ന ബിംബത്തെ വണങ്ങിയാല്‍ മതിയെന്ന അയ്യാ വൈകുണ്ഠരുടെ നിര്‍ദേശം. അവനവനെയല്ലാതെ മറ്റാരെയും വണങ്ങേണ്ടതില്ലായെന്നും അതുവഴി ആത്മവും ബ്രഹ്മവും ഒന്നുതന്നെയാണെന്ന അദ്വൈതദര്‍ശനം സാധൂകരിക്കപ്പെടുന്നുണ്ടെന്നും വ്യാഖ്യാനിക്കപ്പെടുന്നു. മന്ത്രോച്ചാരണവും ആചാരാനുഷ്ഠാനങ്ങളുമൊന്നുമില്ലാതെ ആര്‍ക്കും നടപ്പാക്കാവുന്ന ഒരു ആരാധനാരീതിയാണ് ഇതുവഴി നടപ്പാക്കപ്പെട്ടത്.
കണ്ണാടി പ്രതിഷ്ഠയുടെ പ്രസക്തി
കണ്ണാടി പ്രതിഷ്ഠ കേരളത്തില്‍ പിന്നീട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. എന്നാല്‍ അതൊന്നും വൈകുണ്ഠസ്വാമിയുടെ പേരിലായിരുന്നില്ല. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ (1825-72) മംഗലത്തുള്ള തന്‍റെ തറവാട്ടുക്ഷേത്രത്തില്‍ 1852ല്‍ ഒരു കണ്ണാടി പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. അതിനും അര്‍ഹിക്കുന്ന പ്രചാരം ലഭിച്ചില്ല. എന്നാല്‍ ശ്രീനാരായണഗുരു കളവംകോട് നടത്തിയ കണ്ണാടി പ്രതിഷ്ഠ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
വൈകുണ്ഠ സ്വാമിയില്‍നിന്നും ശ്രീനാരായണഗുരുവിലേക്ക് അരനൂറ്റാണ്ടിലേറെ ദൂരമുണ്ട്. ആ ദൂരം നിസ്സാരമല്ല. ജന്മിത്ത വ്യവസ്ഥയില്‍നിന്നും മൂലധനവ്യവസ്ഥയിലേക്കുള്ള പരിണാമത്തില്‍ മധ്യവര്‍ഗത്തിന്‍റെ പങ്ക് നിര്‍ണായകമാണ്. ഭൂവുടമാ ബന്ധങ്ങളിലെ മാറ്റവും ആധുനികവിദ്യാഭ്യാസത്തിന്‍റെ വ്യാപനവും കേരളീയ ആധുനികതയ്ക്ക് കാരണമായി. തല്‍ഫലമായി ഉദയം ചെയ്തതാണ് അഭ്യസ്തവിദ്യരായ മധ്യവര്‍ഗം. കേരളത്തിലത് സംഭവിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തിലാണ്. അയ്യാ വൈകുണ്ഠരുടെയും ആറാട്ടുപുഴ വേലായുധപ്പണിക്കരുടെയും സിദ്ധാന്തങ്ങള്‍ പ്രയോഗപഥത്തില്‍ കൊണ്ടുവരാന്‍ ഒരു മധ്യവര്‍ഗമുണ്ടായില്ല. എന്നാല്‍ ശ്രീനാരായണഗുരു തൊട്ടിങ്ങോട്ടുള്ള പരിഷ്കര്‍ത്താക്കളുടെ സിദ്ധാന്തങ്ങളെ നവോത്ഥാനമൂല്യങ്ങളാക്കി ജനസമക്ഷം അവതരിപ്പിച്ച് പ്രചരിപ്പിച്ചത് മധ്യവര്‍ഗമായിരുന്നു. സന്ന്യാസിശ്രേഷ്ഠന്മാരെ മുന്‍നിറുത്തി അവര്‍ സ്ഥാപിച്ച സംഘടനകള്‍ ശക്തമായിത്തന്നെ ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നു. മധ്യവര്‍ഗ പിന്തുണ ലഭിക്കാത്തതിനാല്‍ ജാതിക്കതീതമായ സംഘടനകളായ ‘സമത്വ സമാജവും’ സാധുജന പരിപാലനസംഘവും മണ്‍മറഞ്ഞുപോവുകയും ചെയ്തു.
രഥഘോഷയാത്രയിലും അഗ്നിക്കാവടിയിലും അനുയായികളോടൊപ്പം നേരിട്ടുചെന്ന് പ്രത്യക്ഷ സമരത്തിനു നേതൃത്വം കൊടുത്ത പരിഷ്കര്‍ത്താവായിരുന്നു വൈകുണ്ഠ സ്വാമികള്‍. അത്തരത്തില്‍ രണ്ടാമതൊരു സമരം നയിക്കുന്നത് വേലായുധപ്പണിക്കരായിരുന്നു. അച്ചിപ്പുടവസമരവും മുക്കുത്തി സമരവും പ്രത്യക്ഷസമരങ്ങളായിരുന്നു. അതേ രീതി തന്നെയാണ് അയ്യങ്കാളിയും അവലംബിച്ചത്. കാളയ്ക്കും പട്ടിക്കും നടന്നുപോകാന്‍ കഴിയുന്ന വഴിയില്‍ കൂടി കാളിക്കുപോകാന്‍ കഴിയാത്തതുകൊണ്ടാണല്ലൊ തോര്‍ത്തുമുണ്ട് തലയില്‍ക്കെട്ടി തല ഉയര്‍ത്തിപ്പിടിച്ച് വില്ലുവണ്ടി യാത്ര ചെയ്ത് അദ്ദേഹം ആചാരലംഘനം നടത്തിയത്. അതിന്‍റെ ബാക്കിപത്രമാണ് മൂന്നുപതിറ്റാണ്ടുകള്‍ക്കു ശേഷമുണ്ടായ വൈക്കം സത്യാഗ്രഹം. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കുത്തക ചിലര്‍ അവകാശപ്പെടുന്നതുപോലെ തന്നെ സമരങ്ങളുടെ കുത്തകയും ചിലര്‍ അവകാശപ്പെടുന്നുണ്ട്. അയ്യാ വൈകുണ്ഠരില്‍ നിന്നും അയ്യങ്കാളിയിലേക്കും അദ്ദേഹത്തില്‍ നിന്നും വൈക്കം സത്യാഗ്രഹത്തിലേക്കുമെത്തുമ്പോള്‍ സ്രഷ്ടാക്കള്‍ വിസ്മരിക്കപ്പെടുകയും സൃഷ്ടികള്‍ അപഹരിക്കപ്പെടുകയും ചെയ്യുന്നു. ശില്‍പ്പി നിര്‍മിച്ച ശില്‍പ്പം ദേവനോ ദേവിയോ ആയി പ്രതിഷ്ഠിക്കപ്പെട്ടപ്പോള്‍ ശില്‍പ്പി ബഹിഷ്കൃതനാവുകയും പൂജാരി ശില്‍പ്പത്തെ അപഹരിക്കുകയും ചെയ്തതുപോലെയാണ് വൈകുണ്ഠ സ്വാമിയും അയ്യങ്കാളിയും തമസ്കരിക്കപ്പെട്ടത്.
കാലം പക്വമാകുന്നതിനുമുമ്പ് സിദ്ധാന്തങ്ങള്‍ പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിച്ചാല്‍ അത് പരാജയപ്പെടും. എന്നാലത് അലിയാത്ത മധുര പലഹാരംപോലെയോ മഴ കാത്ത് മണ്ണില്‍ പുതഞ്ഞുകിടക്കുന്ന ചില വിത്തുകളെപ്പോലെയോ സമൂഹത്തിന്‍റെ ഓര്‍മയില്‍ തലമുറകള്‍ കൈമാറി ജീവിക്കും. അനുകൂലമായ കാലാവസ്ഥയില്‍ അവ മുളയ്ക്കുകയും വളരുകയും കായ്ഫലങ്ങള്‍ തരികയും ചെയ്യും. സമത്വവും സാഹോദര്യവും ഒരു ജാതിയും ഒരു ദൈവവും ഒരു ലോകവുമെന്ന സങ്കല്‍പ്പനവും എന്തെന്നു മനസ്സിലാക്കാനുള്ള മധ്യവര്‍ഗ ബോധം അങ്കുരിച്ചിട്ടില്ലാത്ത ഒരു കാലത്ത് ജീവിച്ചിരുന്ന അയ്യാ വൈകുണ്ഠര്‍ ഇന്ത്യയിലെ ആദ്യത്തെ സാങ്കല്‍പ്പിക സമത്വവാദിയായിരുന്നു.$