Sunday, November 24, 2024

ad

Homeകവര്‍സ്റ്റോറിഅയ്യാ വൈകുണ്ഠര്‍ കാലങ്ങളുടെ പ്രതിരോധത്തെ കണ്ണിചേര്‍ക്കുന്ന ഒരാള്‍

അയ്യാ വൈകുണ്ഠര്‍ കാലങ്ങളുടെ പ്രതിരോധത്തെ കണ്ണിചേര്‍ക്കുന്ന ഒരാള്‍

ഡോ. പ്രസീത കെ

അകത്തും പുറത്തും അവിടെയും ഇവിടെയും എല്ലാ സ്ഥലങ്ങളിലും സകല ചരാചരങ്ങളിലും എന്‍റെ ജീവാത്മാവിലും ചൈതന്യം നല്കിക്കൊണ്ടിരിക്കുന്നത് നമ്മുടെ അയ്യാ തന്നെയാണ് (വേലായുധന്‍, വിരാലി, 2022: 27) എന്നര്‍ത്ഥം വരുന്ന ഈരടികളെ യുക്തിക്കു നിരക്കാത്ത കേവലം ഒരു വിശ്വാസപ്രമാണമായി കാണാം. എന്നാലിത് എഴുതപ്പെട്ട കാലത്തിന്‍റെ സാമൂഹികസാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വരികളുടെ കരണപ്രതികരണങ്ങള്‍ പ്രസക്തമാകുന്നത്. കേരള നവോത്ഥാനത്തിന്‍റെ ആദ്യപഥികന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അയ്യാ വൈകുണ്ഠരുടെ അരുള്‍നൂലിലെ ഉകപ്പഠിപ്പ് എന്ന അധ്യായത്തിലെ എട്ടാമത്തെ ഈരടികളാണിത്. ചാന്നാര്‍ ജാതിയില്‍പ്പെട്ട ഒരച്ഛനും അമ്മയ്ക്കും ജാതിമേലാളരുടെ ഭീഷണിക്കുവഴങ്ങി തന്‍റെ മകന് നല്കിയ മുടിചൂടും പെരുമാള്‍ എന്ന പേരു പിന്‍വലിച്ച് മുത്തുക്കുട്ടി എന്ന് നല്കേണ്ടിവന്ന കടുത്ത ജാതിവിവേചനത്തിന്‍റെ കാലത്താണ് ഈ കൃതി എഴുതപ്പെടുന്നത്. ജാതിശ്രേണിയില്‍ താണവരുടെ ശരീരം നികൃഷ്ടമായി കരുതിയിരുന്ന കാലത്ത്, ആ ശരീരത്തിന് അവരാഗ്രഹിക്കുന്ന വിധം ഒരു പേരുപോലും നല്കാന്‍ കഴിയാതിരുന്ന കാലത്ത് ആ വിവേചനത്തോട് അയ്യാ വൈകുണ്ഠര്‍ ആദ്യം കലഹിച്ചത് തന്‍റെ ശരീരം കൊണ്ടു കൂടിയാണ്.

പി.ഗോവിന്ദപ്പിള്ള സൂചിപ്പിച്ചതുപോലെ അയ്യാ വൈകുണ്ഠര്‍ ജനിക്കുന്ന കാലം കേരളത്തിന്‍റെ ചരിത്രത്തില്‍ നിര്‍ണായകമാണ്. വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്തതും പില്‍ക്കാലത്ത് തെക്കന്‍ തിരുവിതാംകൂറില്‍ രാഷ്ട്രീയവും സാമൂഹ്യവുമായ വലിയ ശക്തിയായി ഉയര്‍ന്നുവന്ന ലണ്ടന്‍ മിഷന്‍ സൊസൈറ്റിയുടെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി മൈലാടി എന്ന സ്ഥലത്ത് സ്ഥാപിക്കപ്പെട്ടതും (കേരള നവേത്ഥാനം : ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം. പി ഗോവിന്ദപ്പിള്ള – പേജ് 135) 1809 ലാണ്. അയ്യാ വൈകുണ്ഠരുടെ ജനനസമയത്തോടടുത്ത കാലമെന്നത് മേല്‍സൂചിപ്പിച്ച പോലെ ബ്രിട്ടീഷാധിപത്യം തിരുവിതാംകൂറില്‍ പിടിമുറുക്കിത്തുടങ്ങുന്ന കാലമാണ്. നികുതിപിരിവും ജാത്യാധികാരവും രാജാധികാരവും കൊണ്ട് സാമൂഹികശ്രേണിയില്‍ താഴേക്കുതള്ളപ്പെട്ട ജനങ്ങള്‍ ഏറെ കഷ്ടത അനുഭവിക്കുന്ന സമയം. അങ്ങേയറ്റം ജാതിവിവേചനം നിലനിന്ന കാലത്ത് എല്‍.എം.എസ് മിഷനറിപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി മതപരിവര്‍ത്തനങ്ങള്‍ വളരെയധികം നടന്നു. ഈ കാലത്താണ് നാഗര്‍കോവിലിനടുത്തുള്ള ശാസ്താംകോയില്‍വിളയില്‍ ഒരു സാധാരണ ചാന്നാര്‍ കുടുംബത്തില്‍ അയ്യാവൈകുണ്ഠര്‍ ജനിച്ചത്. വൈഷ്ണവവിശ്വാസികളായ മാതാപിതാക്കള്‍ തന്‍റെ അരുമയായ മകന് മുടിചൂടും പെരുമാള്‍ എന്നാണ് നല്കിയ പേര്. എന്നാല്‍ സവര്‍ണപ്രമാണികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അവര്‍ക്ക് ആ പേര് മാറ്റേണ്ടിവന്നു. അങ്ങനെ മുടിചൂടും പെരുമാള്‍ വെറും മുത്തുക്കുട്ടിയായി.

കുടുംബത്തിന്‍റെ വൈഷ്ണവപാരമ്പര്യം കൊണ്ട് വൈഷ്ണവഭക്തിയില്‍ വളര്‍ന്ന അദ്ദേഹം പരമ്പരാഗത തമിഴ് പഠനത്തിലേര്‍പ്പെട്ടു. മതം മാറിയ ചാന്നാര്‍ സ്ത്രീകള്‍ മാറുമറച്ചതും തുടര്‍ന്ന് ചാന്നാര്‍ ലഹള നടന്നതും ചാന്നാര്‍ വിഭാഗത്തില്‍പ്പെട്ട അയ്യാ വൈകുണ്ഠരുടെ ബാല്യത്തില്‍ പല ചലനങ്ങളും സൃഷ്ടിച്ചിരിക്കാം. പി ഗോവിന്ദപ്പിള്ള തന്‍റെ ലേഖനത്തില്‍ റോബര്‍ട്ട് എല്‍ ഹാര്‍ഡ്ഗ്രേവിനെ ഉദ്ധരിച്ച്, നമ്പൂതിരിമാരില്‍ നിന്ന് മുപ്പത്തിയാറ് അടിയും നായന്‍മാരില്‍ നിന്ന് പന്ത്രണ്ട് അടിയും ദൂരെ മാറി നില്‍ക്കേണ്ടിയിരുന്ന ചാന്നാര്‍ സമുദായത്തിന്‍റെ സാമൂഹികാവസ്ഥ വ്യക്തമാക്കുന്നുണ്ട്. കീഴാള ജാതിക്കാരായതിനാല്‍ അവര്‍ക്ക് കുട, ചെരിപ്പ്, സ്വര്‍ണാഭരണങ്ങള്‍ എന്നിവ വിലക്കപ്പെട്ടിരുന്നു. അവര്‍ പശുവിനെ കറക്കാന്‍ പാടില്ലായിരുന്നു. ചാന്നാര്‍ സ്ത്രീകള്‍ക്ക് അരയ്ക്കുമേല്‍ ശരീരം മറയ്ക്കാനോ ഇടുപ്പില്‍ വെച്ച് വെള്ളം ചുമക്കാനോ അനുവാദമുണ്ടായിരുന്നില്ല. സര്‍ക്കാരിനു വേണ്ടി നിര്‍ബന്ധിതമായി കൂലിയില്ലാ വേല ചെയ്യേണ്ടിയിരുന്നു വെന്നു മാത്രമല്ല അവരില്‍ നിന്ന് കനത്ത നികുതിയും ഈടാക്കിയിരുന്നു.

ചൂഷണത്തോടും വിവേചനത്തോടും കലഹിക്കുന്നു
ജാതിയുടെ പേരിലുള്ള സാമൂഹികവും സാമ്പത്തികവുമായ കടുത്ത ചൂഷണത്തിനോടും വിവേചനത്തിനോടും കലഹിക്കാന്‍ അദ്ദേഹം സധൈര്യം മുന്നോട്ടുവന്നു; എന്നുമാത്രമല്ല, വിവേചനവും ചൂഷണവും നേരിടുന്ന നാനാജാതിക്കാരെ ഒരുമിച്ചുചേര്‍ക്കാനും എല്ലാ വിവേചനങ്ങള്‍ക്കുമതീതമായി സമത്വം സ്ഥാപിക്കാനും അദ്ദേഹം പദ്ധതികളാവിഷ്കരിച്ചു. സമത്വസമാജം സ്ഥാപിക്കുകയും ജാതിവെറിയോട് കലഹിക്കുന്നതിന്‍റെ പാരമ്യത്തില്‍ താന്‍ തന്നെ വിഷ്ണുവിന്‍റെ അവതാരമെന്ന് പ്രഖ്യാപിക്കുകയുമാണ് അദ്ദേഹം ചെയ്തത്. വിലക്കുകളെയെല്ലാം എതിര്‍ക്കുന്ന ബദലായി അദ്ദേഹം സ്വയം അവരോധിക്കുകയും അരികുകളില്ലാത്ത തന്‍റെ വഴിയേ – അയ്യാ വഴിയേ – നടക്കാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുകയും ചെയ്തു.

‘അഹം ബ്രഹ്മാസ്മി’, ‘തത്ത്വമസി’ എന്നീ വേദതത്ത്വങ്ങള്‍ പറയുകയും ആ വേദത്തേയും ബ്രഹ്മത്തെയും തന്നെ കുത്തകയാക്കിവച്ച ബ്രാഹ്മണ്യത്തോടുള്ള കലഹത്തിന് ഭാരതത്തില്‍ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബ്രാഹ്മണ്യത്തോടും അവര്‍ കയ്യടക്കിവച്ച ജ്ഞാനത്തോടും ഭാഷയോടും കൃതികളോടും തത്വചിന്തയോടും എതിരിട്ട ഭക്തിപ്രസ്ഥാനമിന്നും പലപ്പോഴും ഒരു ജനകീയപ്രസ്ഥാനമായി മനസ്സിലാക്കപ്പെട്ടിട്ടില്ല. ദൈവത്തെ ആയുധമാക്കി അധികാരം കയ്യടക്കിയവര്‍ക്കെതിരെയുള്ള പരോക്ഷമായ ആയുധമായിരുന്നു ഭക്തിപ്രസ്ഥാനത്തിലെ പലര്‍ക്കും ഭക്തി. ബ്രാഹ്മണ്യത്തിന് വിധേയപ്പെട്ടുനിന്ന ഭക്തകവികളും ഇല്ലാതില്ല. എന്നാല്‍ സംസ്കൃതമറിയുന്നവന് മാത്രം പ്രാപ്യമായിരുന്ന ദൈവികലോകങ്ങളെയും തത്ത്വചിന്താപദ്ധതികളെയും സാധാരണക്കാര്‍ക്കും പ്രാപ്യമാക്കിക്കൊണ്ടാണ് അധികാരത്തെ ഭക്തിപ്രസ്ഥാനം എതിര്‍ത്തത്. അവിടെ വിഗ്രഹാരാധനയേയും ക്ഷേത്രത്തേയും ആചാരമര്യാദകളേയും പ്രത്യക്ഷമായിത്തന്നെ വെല്ലുവിളിച്ച കബീര്‍ദാസിനേയും വചനകവികളേയും പോലുള്ളവരും വിരളമായിരുന്നില്ല. ഭാരതം ഒരുകാലത്തും ഏകമുഖമായിരുന്നില്ല എന്നതിനുള്ള ഏറ്റവും ശക്തമായ ഉദാഹരണമായിക്കൂടി ഭക്തിപ്രസ്ഥാനത്തെ കാണാം, ഇന്നങ്ങനെ സമീപിക്കേണ്ടതുണ്ടു താനും. ‘പ്രതിരോധപാരമ്പര്യം ഇന്ത്യന്‍ കവിതയില്‍’ എന്ന കെ. സച്ചിദാനന്ദന്‍റെ ഗ്രന്ഥം(ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണങ്ങളുടെ പുസ്തകരൂപം) അത്തരത്തില്‍ പ്രധാനപ്പെട്ട ഒരു പഠനമാണ്. ഈ ഭക്തിപ്രസ്ഥാനത്തിലെ സിദ്ധകാവ്യപാരമ്പര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വിലയിരുത്തലുകള്‍ അയ്യാ വൈകുണ്ഠരെ കാണാനുള്ള ഒരു വീക്ഷണകോണ്‍ കൂടി നമുക്ക് നല്കും.

‘സിദ്ധരും വിശുദ്ധ ശരീരികളായാണ് കണക്കാക്കപ്പെട്ടിരുന്നത്. ശരീരമെന്നാല്‍, ആത്മീയാന്വേഷണയാത്രയില്‍ ആത്മാവിന്‍റെ പുരോഗതിക്കായുള്ള ബലവത്തായ ഒരു ആധാരം മാത്രമല്ല, അതേസമയം തന്നെ അത് ദൈവത്തിന്‍റെ വാസസ്ഥാനം കൂടിയാണ് എന്നാണ് തിരുമൂലര്‍ പറയുന്നത്’. (പ്രതിരോധ പാമ്പര്യം ഇന്ത്യന്‍ കവിതയില്‍. കെ സച്ചിദാനന്ദന്‍ – പേജ് 21)

തിരുമൂലരുടെയും തിരുവള്ളുവരുടെയും സ്വാധീനം
തിരുമൂലരെയും തിരുവള്ളുവരേയും പോലെയുള്ളവരുടെ ചിന്തകളും കൃതികളുമായുള്ള പരിചയം, നൂറ്റാണ്ടുകള്‍ക്കിപ്പുറം നിലനില്‍ക്കുന്ന അയിത്താചാരങ്ങളുടെ നിരര്‍ത്ഥകതയെക്കുറിച്ച് ചിന്തിക്കുന്നതിലും അതിനെതിരെ തത്വചിന്താപരമായി തന്നെ പ്രതിരോധങ്ങള്‍ തീര്‍ക്കുന്നതിലും അയ്യാ വൈകുണ്ഠരെ സ്വാധീനിച്ചിരിക്കാം. രോഗപീഡയും സാമൂഹികപീഡനവും ഏല്‍ക്കേണ്ടിവന്ന തന്‍റെ ശരീരത്തെ പവിത്രമായും ദൈവികാവതാരമായും എല്ലാം അദ്ദേഹം വാഴ്ത്തിയതിനു പിന്നിലെ പ്രേരണയും ഈ സ്വാധീനമായിരിക്കും. എന്നാല്‍ നികൃഷ്ടമായി കരുതിയ കീഴാളശരീരം ദൈവികമാണെന്ന് പറയുന്നിടത്ത് അത് ജാതിമേധാവിത്തത്തിനെതിരെ പ്രത്യക്ഷമായുള്ള വെല്ലുവിളിയായി.

‘ജാതിഭേദങ്ങള്‍ ഞങ്ങള്‍ ചുട്ടെരിക്കും !
തത്വചിന്തകള്‍ ഞങ്ങള്‍ ചന്തയില്‍ ചര്‍ച്ച ചെയ്യും
നിന്ദ്യഗാര്‍ഹികതകളില്‍ ഞങ്ങള്‍ വ്യവഹരിക്കും
ചുറ്റും ഭിന്നപാതകളില്‍ ഞങ്ങള്‍ വിരാജിക്കും’ (ചിത്തര്‍ ജ്ഞാനക്കോവൈ കാവ്യം 123) എന്ന സിദ്ധകാവ്യം (സച്ചിദാനന്ദന്‍, 2018: 17) പവിത്രമായി അവരോധിക്കപ്പെട്ടതിന്‍റെ അസാമാന്യതയെ വെല്ലുവിളിച്ച് സാമാന്യജനതയോടടുപ്പിച്ചുകൊണ്ടാണ് സാംസ്കാരികമേല്ക്കോയ്മയെ പ്രതിരോധിക്കുന്നത്. അയ്യാ വൈകുണ്ഠര്‍ തത്വചിന്ത ചര്‍ച്ച ചെയ്യാനും വിഭിന്ന ജനവിഭാഗങ്ങള്‍ക്ക് ഒന്നിച്ചിരിക്കാനുമുള്ള ഇടമൊരുക്കിക്കൊണ്ടാണ് സാമൂഹിക വിപ്ലവത്തിന് തിരികൊളുത്തിയത്. പതികള്‍ നിര്‍മ്മിച്ചുകൊണ്ട് അവിടെ കൂടിയിരിക്കാനും പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനും അദ്ദേഹം അരുള്‍നൂലിലെ പത്തിരം എന്ന അധ്യായത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ആദ്യത്തെ പതിയായ സ്വാമിത്തോപ്പ് പതിയില്‍ പണിവിടൈകള്‍ ചെയ്ത് അനുഭവസമ്പത്തുള്ളവരെ മാത്രമേ പുതിയ പതിതാങ്ങുകളിലേക്ക് അയക്കാവൂ (അയ്യാ വൈകുണ്ഠനാഥര്‍ അരുള്‍നൂല്‍, വേലായുധന്‍, വിരാലി, പേജ് 267) എന്ന് വൈകുണ്ഠരുടെ നിര്‍ദ്ദേശം ആത്മീയഗുരുവിന്‍റെ മാത്രമല്ല, അതിലുപരി ഒരു പൊതുലക്ഷ്യത്തിനായി ഒന്നിച്ചുചേര്‍ത്ത ഒരു സംഘമാളുകളെ നയിക്കുന്ന സംഘടനാനേതാവിന്‍റെതാണ്.

അരുള്‍നൂലിലെ ഉകപ്പഠിപ്പ്, വാഴപഠിപ്പ് എന്നീ അധ്യായങ്ങളിലായി തന്‍റെ ഭക്തര്‍ക്ക് അയ്യാ വൈകുണ്ഠര്‍ കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍, ശ്രീ നാരായണ ഗുരുവിന്‍റെ വരികള്‍ പോലെ ‘അവനവനാത്മ സുഖത്തിനാചരിക്കുന്നവയൊക്കെയും അപരന്നു സുഖത്തിനായ് വരേണം’ എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ്. പരസ്പരം സമഭാവന പുലര്‍ത്തണമെന്ന് ഉദ്ബോധിപ്പിച്ച അദ്ദേഹം അതിനായി സമത്വസമാജം രൂപീകരിച്ചു. ക്ഷേത്രവും ആരാധനയും നിഷേധിക്കപ്പെട്ട എല്ലാ ജാതിയില്‍പ്പെട്ട ജനങ്ങള്‍ക്കുമായി നിഴല്‍ തങ്കലുകള്‍ സ്ഥാപിച്ചു. പൊതുകിണറുകളിലും കുളങ്ങളിലും താഴ്ന്ന ജാതിക്കാര്‍ക്കുണ്ടായിരുന്ന വിലക്കിനെ മുത്തിരിക്കിണര്‍ നിര്‍മ്മിച്ചുകൊണ്ട് അദ്ദേഹം വെല്ലുവിളിച്ചു. അയിത്തത്തിനെതിരെ എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്ന സമപന്തിഭോജനത്തിന് വൈകുണ്ഠസ്വാമികള്‍ തുടക്കം കുറിച്ചു. അദ്ദേഹം നിര്‍ദ്ദേശിച്ച ധര്‍മ്മങ്ങള്‍ എല്ലാം തന്നെ സാമൂഹികസമത്വത്തിലൂന്നിക്കൊണ്ടുള്ളതായിരുന്നു എന്നു കാണാം.

‘താഴൈ കിടപ്പാരെ തര്‍ക്കാപ്പതേ ധര്‍മം’ ജീവിതത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതാണ് പരമമായ മനുഷ്യധര്‍മമായി അദ്ദേഹം വിവക്ഷിച്ചത് (അയ്യാ വൈകുണ്ഠനാഥര്‍ അരുള്‍ നൂല്‍, വേലായുധന്‍, വിരാലി, പേജ് 61). അരുള്‍നൂലിലെ ചാട്ടുനീട്ടോലയില്‍ വൈകുണ്ഠര്‍ പരാമര്‍ശിക്കുന്ന തന്‍റെ ജീവിതാനുഭവങ്ങളും താന്‍ അനുഭവിച്ച പീഡനങ്ങളും അക്കാലത്തെ സാമൂഹികാവസ്ഥകളിലേക്ക് വെളിച്ചം വീശുന്നവയാണ്. അതേസമയം ആ വരികളിലുള്‍ക്കൊള്ളിക്കുന്ന ധര്‍മോപദേശങ്ങള്‍ സാമൂഹികവിപ്ലവത്തിനുള്ള ആഹ്വാനങ്ങളുമാണ്.

‘എന്‍ മക്കള്‍ ചാന്‍റോര്‍കള്‍ ഇടുപ്പില്‍ എടുത്തകുടം

ഏണ്ടി ഇറക്കു എന്‍റാനേ ശിവനേ അയ്യാ!’ (പേജ് 124) ചാന്നാര്‍ സ്ത്രീകളെ ഇടുപ്പില്‍ വെള്ളം വയ്ക്കാനനുവദിക്കാത്ത അധര്‍മ്മത്തിന് തന്നില്‍ത്തന്നെയുള്ള ശിവന്‍ സാക്ഷിയെന്ന വരികള്‍ക്കുള്ളില്‍ അധാര്‍മ്മികരെ ഭയക്കേണ്ടതില്ലെന്നും എല്ലാത്തിനും സാക്ഷിയായിരിക്കുന്ന ശിവനോടാണ് ഭയഭക്തിബഹുമാനങ്ങള്‍ ഉണ്ടാകേണ്ടതെന്നുമുള്ള നിര്‍ദ്ദേശമുണ്ട്. അത് ജാതിമേധാവിത്തത്തിനെതിരെയുള്ള വിപ്ലവാഹ്വാനം തന്നെയാണ്. ക്ഷേത്രത്തിന്‍റെയും അധികാരത്തിന്‍റെയും മറ്റും പേരില്‍ കൂലിയില്ലാതെ വേല ചെയ്യിക്കുന്ന ഊഴിയം ചെയ്യരുതെന്നും ധര്‍മോപദേശങ്ങളില്‍ പ്രധാനമാണ്.

‘കൊത്തൈ കുറൈയാതെ കുറൈവു മരക്കാല്‍ വൈയാതേ

തുലങ്കുതപ്പാ മേര്‍പതിതാന്‍ തുണൈയാകും ഉങ്കളുക്കു’ നെല്‍പ്പാടങ്ങളില്‍ ജോലി ചെയ്യുന്ന കര്‍ഷകര്‍ക്ക് കൂലിയായി നെല്ല് കൊടുക്കുന്നുവെങ്കില്‍ മരക്കാലില്‍ ശരിയായി അളന്നുതന്നെ കൊടുക്കണമെന്ന് പറയുന്നത് സത്യമാര്‍ഗമെന്ന സദാചാരബോധത്തിലാണ്. എന്നാല്‍ അയ്യാ വൈകുണ്ഠരുടെ സദാചാരബോധവും ബോധനവും ഒരിക്കലും ജനസാമാന്യത്തിന്‍റെ പൊതുജീവിതത്തിനപ്പുറത്തായിരുന്നില്ല എന്നിടത്താണ് അയ്യാ വൈകുണ്ഠരുടെ ഭക്തിമാര്‍ഗ്ഗം സാമൂഹികവിപ്ലവത്തിന്‍റെ മാര്‍ഗ്ഗമാകുന്നത്. ജയില്‍വാസകാലത്ത് താനനുഭവിച്ച ശാരീരകബുദ്ധിമുട്ടുകള്‍ വിസ്തരിക്കുന്നത് രാജാധികാരത്തിനെതിരെയുള്ള ജനങ്ങളുടെ എതിര്‍പ്പിനെ വൈകാരികമായി ഉണര്‍ത്തുന്നതാണ്. നൂലുകളില്‍ പലതും രാജാവിനേയും രാജാധികാരത്തേയും തുറന്നെതിര്‍ക്കുന്നതുമാണ്.

ബ്രിട്ടീഷ് ആധിപത്യത്തെ ചോദ്യം ചെയ്യുന്നു
ബ്രിട്ടീഷാധിപത്യവും ആത്യന്തികമായി സാമ്പത്തികമായും ശാരീരികമായും പീഡിപ്പിച്ചത് താഴ്ന്നജാതിക്കാരെയാണ് എന്ന തിരിച്ചറിവുള്ള അയ്യാ വൈകുണ്ഠര്‍ മതപരിവര്‍ത്തനത്തിനു പിന്നിലെ അധികാരയുക്തികളെ മനസ്സിലാക്കുകയും സാമൂഹികമായ മാറ്റം സമൂഹത്തിനകത്തുനിന്നു തന്നെ ഉണ്ടാകണമെന്ന ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തു.

‘എല്‍എംഎസിന് ബ്രിട്ടീഷ് സംരക്ഷണവും നായര്‍ പ്രഭു വാഴ്ചയ്ക്ക് രാജകീയ രക്ഷാകര്‍തൃത്വവും ഉണ്ടായിരുന്നതിനാല്‍ ഇരു ഭരണസംവിധാനങ്ങളും വൈകുണ്ഠര്‍ക്ക് എതിരായിരുന്നു. അങ്ങനെയാണ് എല്‍.എം.എസിന്‍റെയും മദ്രാസിലെ ബ്രിട്ടീഷ് ഗവര്‍ണര്‍മാരുടേയും പ്രേരണപ്രകാരം തിരുവിതാംകൂര്‍ രാജാധികാരം വൈകുണ്ഠരെ അറസ്റ്റ് ചെയ്ത് കിഴക്കേക്കോട്ടയ്ക്ക് എതിരെ ശിങ്കാരത്തോപ്പില്‍ ഇപ്പോഴും നിലവിലുള്ള സബ് ജയിലില്‍ അടച്ച് ശിക്ഷിച്ചത്’. (കേരള നവോത്ഥാനം: ഒരു മാര്‍ക്സിസ്റ്റ് വുക്ഷണം.പി ഗോവിന്ദപ്പിള്ള, പേജ് 138)

വൈകുണ്ഠരുടെ പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളിയായി എല്‍.എം.എസ് കരുതുകയും അത് ലണ്ടനിലേക്കുള്ള വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നുവെന്ന് വേലായുധന്‍ വിരാലി തന്‍റെ ഗ്രന്ഥത്തില്‍ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന എല്‍.എം.എസ് റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തന്‍റെ ദിവ്യത്വം ഉദ്ഘോഷിച്ചുകൊണ്ട് അയ്യാ വൈകുണ്ഠര്‍ ആരംഭിച്ച ആത്മീയപ്രവര്‍ത്തനങ്ങള്‍ ഓരോന്നും ഉണ്ടാക്കിയ സാമൂഹികപ്രതികരണങ്ങള്‍ കേരളത്തിന്‍റെ സാമൂഹികനവോത്ഥാനത്തില്‍ പ്രധാനമാണ്.

‘തലൈവാശലാനതിലേ തലൈത്തൂക്കി മയിര്‍മുടിത്തു കര്‍പ്പുടൈയ രാശന്‍ വന്തു കണ്ണാടി വൈത്തുപ്പാര്‍ത്താന്‍!’ (2022: 293) എന്ന അരുള്‍നൂലിലെ തിങ്കള്‍പദം എന്ന അദ്ധ്യായത്തിലെ വരികള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. അയ്യാ വൈകുണ്ഠര്‍ പള്ളിയറയില്‍ ചെയ്തിരിക്കുന്ന കണ്ണാടി പ്രതിഷ്ഠയ്ക്കു മുന്നിലേക്ക് ഭക്തജനങ്ങള്‍ മുന്‍വാതിലിലൂടെ തന്നെ തലയുയര്‍ത്തി, തലപ്പാവ് കെട്ടി വരണമെന്നാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്. മുണ്ട് അരയില്‍ ചുറ്റി ഓച്ഛാനിച്ചു നില്‍ക്കേണ്ട സാമൂഹികപദവി കല്പിച്ചുനല്കപ്പെട്ട ജനങ്ങള്‍ തലയില്‍ക്കെട്ടി തലയുയര്‍ത്തി നോക്കുമ്പോള്‍ തങ്ങളുടെ ആ പ്രതിബിംബം അവരെ എപ്രകാരം ആത്മാഭിമാനത്തിലേക്കും മാനുഷികതയിലേക്കും ഉണര്‍ത്തുമെന്ന് അയ്യാ വൈകുണ്ഠര്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ക്ഷേത്രത്തിലും കല്ലിലുമല്ല, ദൈവമെന്നും സര്‍വചരാചരങ്ങളിലുമുള്ള ജീവാത്മാവ് തന്നെയാണ് ദൈവമെന്നുമുള്ള തത്വചിന്തയും താന്‍ തന്നെയാണ് ദൈവമെന്ന അദ്വൈതചിന്തയുമാണ് തന്‍റെ പ്രതിബിംബത്തെത്തന്നെ കാണിക്കുന്ന കണ്ണാടി പ്രതിഷ്ഠയ്ക്കു പിന്നില്‍. സിദ്ധകവികളടക്കമുള്ള ഭക്തിപ്രസ്ഥാനകാലത്തെ കവികള്‍ വിഗ്രഹാരാധനയെ പൊളിച്ചെഴുതാന്‍ നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് അയ്യാ വൈകുണ്ഠരിലും കാണാനാകുക. ‘ജാതി ഏകമാണ്, ദൈവവും ഏകമാണ്’ എന്ന് തിരുമൂലര്‍ തന്‍റെ 2104-ാം കാവ്യത്തില്‍ പറഞ്ഞിരിക്കുന്നതിനെ സച്ചിദാനന്ദന്‍ ഉദ്ധരിക്കുന്നുണ്ട് അതു തന്നെയാണ് അയ്യാവഴി ഒരുക്കിയ അദ്ദേഹത്തിന്‍റെ അഖിലത്തിരട്ട് അമ്മാനൈ എന്ന കൃതിയിലും കാണാനാകുക

‘ഊരൊന്‍റു ഉലകമൊന്‍റു ഉലരൈയൊന്‍റുക്കുള്ളാക്കി
ചേത്തിരങ്കളൊന്‍റു തിനമും അതു വിളക്കായ്
ചാത്തിരവേതം ചമയമൊന്‍റായ് നിന്‍റിലങ്കും!’

ലോകം ഒന്ന്, യുഗം ഒന്ന്, മൊഴി ഒന്ന്, ദൈവം ഒന്ന്, ജാതിയും മതവും കുലവും ഒന്ന് എന്ന വൈകുണ്ഠരുടെ വാക്കുകള്‍ക്കാധാരം തിരുമൂലരും മറ്റും മുന്നോട്ടുവച്ച തമിഴ് ഭക്തിപ്രസ്ഥാനത്തിന്‍റെ വഴിയാണ്. അയ്യാവഴി ഭക്തിപ്രസ്ഥാനത്തിലെ പ്രതിരോധപാരമ്പര്യത്തിന്‍റെ തുടര്‍പാതയാണെന്നു മാത്രമല്ല, ആ വഴി പുതുവഴികള്‍ തീര്‍ത്ത് ശ്രീനാരായണ ഗുരുവിലേക്കും സഹോദരന്‍ അയ്യപ്പനിലേക്കുമെല്ലാം നീളുന്നുണ്ട്. കേരളത്തിന്‍റെ ആധുനികീകരണ പ്രക്രിയയുടെ പശ്ചാത്തലത്തില്‍ സഹോദരന്‍ അയ്യപ്പന്‍റെ മിശ്രഭോജനവും മറ്റും യുക്തിയെ മുന്‍നിര്‍ത്തി അയ്യാവഴിയെ മറ്റൊരു ദിശയില്‍ തുടര്‍ന്നപ്പോള്‍ ശ്രീനാരായണഗുരു വൈകുണ്ഠരുടെ ഒരു ജാതി ഒരു മതം എന്ന തത്വത്തേയും കണ്ണാടി പ്രതിഷ്ഠയേയും മറ്റും കൂടുതല്‍ ജനകീയമാക്കുകയും സംഘടിതശക്തിയെ കൂടുതല്‍ സാമൂഹികമായ മാറ്റങ്ങള്‍ക്ക് ഉപയുക്തമാക്കുകയും ചെയ്തു.

അയ്യാ വൈകുണ്ഠര്‍ ദൈവമായി ഒരു പ്രതിഷ്ഠയിലോ ആശ്രമത്തിലോ ചുരുക്കപ്പെടേണ്ട ഒരാളല്ല. ചരിത്രത്തിലെ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയാണ് അദ്ദേഹം എന്നുമാത്രമല്ല. ഏകശിലാത്മകമായ രാഷ്ട്രാധികാരത്തിനും സാംസ്കാരിക മേല്‍ക്കോയ്മക്കും ബദലായി നില്‍ക്കുന്ന പ്രതിരോധത്തിന്‍റെ ചരിത്രത്തിലെ നാഴികക്കല്ലുകൂടിയാണ്. ജനജീവിതത്തിനും സാമൂഹികപരിവര്‍ത്തനത്തിനും അടിത്തറയാകുന്നതാണ് അയ്യാ വൈകുണ്ഠരുടെ തത്വചിന്തയും ഭക്തിമാര്‍ഗ്ഗവും ജ്ഞാനമാര്‍ഗ്ഗവും എന്നതാണ് അവയ്ക്ക് ഇന്നുമുള്ള പ്രസക്തി. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine − 7 =

Most Popular