കേരളത്തിലെ 46 ലക്ഷം ഗ്രാമീണ കുടുംബങ്ങളിൽ 19.5 ലക്ഷം കുടുംബങ്ങൾ (42%) മാത്രമാണ് “കാർഷിക കുടുംബങ്ങൾ’. ഇന്ത്യയുടെ മൊത്തം കണക്കെടുത്താൽ ഇത് ഏകദേശം 60 ശതമാനത്തിനടുത്താണ്. ഈ 19.5 ലക്ഷം കാർഷിക കുടുംബങ്ങളിൽ 5.76 ലക്ഷം കുടുംബങ്ങൾ (29.5%) വിള ഉത്പാദനത്തിലും 43,700 കുടുംബങ്ങൾ കന്നുകാലി കൃഷിയിലും 64,900 കുടുംബങ്ങൾ മറ്റ് കാർഷിക പ്രവർത്തനങ്ങളിലും സ്വയംതൊഴിൽ ചെയ്യുന്നവരായിരുന്നു. ഏകദേശം 4.37 ലക്ഷം കാർഷിക കുടുംബങ്ങൾ കാർഷികേതര പ്രവർത്തനങ്ങളിൽ സ്വയം തൊഴിൽ ചെയ്യുന്നവരായിരുന്നു. ഏകദേശം 3.06 ലക്ഷം ഗ്രാമീണ കുടുംബങ്ങൾ കാർഷിക തൊഴിലാളി കുടുംബങ്ങളും ആയിരുന്നു.
ആഗോളവൽക്കരണം
ആഗോളവൽക്കരണ നയങ്ങൾ മുച്ചൂടും മുടിച്ച കാർഷിക മേഖലയാണ് കേരളത്തിന്റേത്. ഏതാണ്ട് ഒരു ദശാബ്ദക്കാലം അഞ്ച് ശതമാനത്തിലേറെ വേഗതയിൽ വളർന്നുകൊണ്ടിരുന്ന കേരളത്തിന്റെ കാർഷിക മേഖലയിലെ വളർച്ച ആസിയാൻ കരാറിനെത്തുടർന്ന് ഏതാണ്ട് പൂജ്യത്തിലേക്കു വീണു. ഇപ്പോൾ ട്രംപിന്റെ നയങ്ങളുടെ ഭീഷണി നേരിടുകയുമാണ്. അതോടൊപ്പം കേന്ദ്ര സർക്കാർ പിന്തുടരുന്ന കാർഷിക മേഖലയുടെ കോർപ്പറേറ്റെെസേഷൻ നയവും കേരളത്തിനു ഭീഷണിയാണ്.
കാർഷിക വളർച്ചാ നിരക്ക് പുനരുജ്ജീവിപ്പിക്കുക എന്നതായിരിക്കണം കേരളത്തിന്റെ പ്രാഥമിക ലക്ഷ്യം എന്നാണ് എൽഡിഎഫ് സർക്കാർ 2021ൽ ജനങ്ങളോട് പറഞ്ഞത്. ഈ ലക്ഷ്യം കൈവരിക്കാൻ ഒരു പരിധി വരെ നമുക്ക് സാധിച്ചു. പക്ഷേ, ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്.
വെല്ലുവിളികൾ രണ്ട്
അടിസ്ഥാനപരമായി കാർഷിക മേഖലയിലെ പ്രശ്നങ്ങൾ രണ്ടാണ്. ഒന്നാമത്തേത്, ഉല്പാദനക്ഷമതയാണ്. നമ്മുടെ ഓരോ വിളയുടെയും ഉല്പാദനക്ഷമത ദേശീയ ആഗോള നിലവാരങ്ങളേക്കാൾ വളരെ താഴ്ന്നതാണ്. രണ്ടാമത്തേത്, വലിയ സംസ്കരണമൊന്നും ഇല്ലാതെ പ്രാഥമിക കാർഷിക വിഭവങ്ങളാണ് നമ്മൾ വിപണനം ചെയ്യുന്നത്. അതുകൊണ്ട് മൂല്യവർദ്ധനയുടെ ഗുണം കൃഷിക്കാർക്കു ലഭിക്കുന്നില്ല. ഉപഭോക്തൃ വിലയുടെ 10 മുതൽ 30 ശതമാനം വരെ മാത്രമേ കൃഷിക്കാർക്ക് ലഭിക്കുന്നുള്ളൂ.
സംയോജിത കൃഷി
കാർഷിക മേഖലയിലെ പദ്ധതികൾ കേരളത്തിലെ കൃഷിയുടെ സ്വഭാവം നന്നായി പ്രതിഫലിപ്പിക്കുന്നതായിരിക്കണം. കേരളത്തിന്റേത് ഒരു സംയോജിത, ബഹുവിള കൃഷി സമ്പ്രദായമാണ്. വിളകൾ, കന്നുകാലികൾ, മത്സ്യബന്ധനം, തേനീച്ച വളർത്തൽ, സെറികൾച്ചർ തുടങ്ങിയ മറ്റ് പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന സംയോജിത കാർഷിക പദ്ധതികളിലേക്ക് പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇവിടെയാണ് ഫാം പ്ലാനുകൾ എന്ന ആശയം പ്രധാനപ്പെട്ടതാകുന്നത്.
ഭൂവിനിയോഗം
കൃഷിയിൽ ഭൂമിയുടെ ഉപയോഗം മാറണം. കൃഷിഭൂമിയെ ഊഹക്കച്ചവടത്തിനുള്ള ഒരു ഉപകരണമായി കാണാതെ ഒരു ഉൽപ്പാദനവിഭവമായി കാണണം. കാർഷികേതര ആവശ്യങ്ങൾക്കായി ഭൂമി തരിശായി ഉപേക്ഷിക്കുന്നതും തണ്ണീർത്തടങ്ങൾ നികത്തുന്നതും നിരുത്സാഹപ്പെടുത്തണം. കൃഷിയിൽ താൽപ്പര്യമില്ലാത്ത ഭൂവുടമകൾ ഭൂരഹിതരും കൃഷി ചെയ്യാൻ താൽപ്പര്യമുള്ളവരുമായവർക്ക് ഭൂമി പാട്ടത്തിന് നൽകുന്നത് പ്രോത്സാഹിപ്പിക്കണം.
സഹകരണം
സഹകരണ മേഖലയുടെ കാര്യക്ഷമത ഉയർത്തുകയും ആധുനികവൽക്കരണത്തിനും മൂല്യവർദ്ധനവിനുമുള്ള പ്രൊജക്ടുകൾക്ക് കൃത്യമായ പരിശോധനയുടെയും മേൽനോട്ടത്തിന്റെയും അടിസ്ഥാനത്തിൽ സുലഭമായി ലഭ്യമാക്കുകയും വേണം.
ചുരുക്കത്തിൽ, അടുത്ത പഞ്ചവത്സര പദ്ധതിയുടെ ശ്രദ്ധ കേരളത്തിലെ കാർഷിക സമ്പദ്‌വ്യവസ്ഥയെ നവീകരിക്കുക എന്നതായിരിക്കണം. ഉൽപ്പാദനക്ഷമത ഉയർത്തുകയും മൂല്യവർദ്ധനയും ഫലപ്രദമായ വിപണനവും ഉറപ്പാക്കിയാൽ കേരളത്തിലെ കൃഷിയെ തിരിച്ചുപിടിക്കാം. l



