കൃഷിയുടെ നിലനിൽപ്പ് ഇനി വിളവിന്റെ അളവിൽ മാത്രം ആശ്രയിച്ചായിരിക്കില്ല എന്നതാണ്. വിളവിനുശേഷമുള്ള ഘട്ടങ്ങൾ – അതായത് സംഭരണം, ശേഖരണം (aggregation), ഗതാഗതം, സംസ്കരണം (processing), പാക്കേജിംഗ്, ബ്രാൻഡിംഗ്, വിപണനം – എന്നിവയെല്ലാം ചേർന്ന ഒരു സമഗ്ര മൂല്യശൃംഖലയിലൂടെയാണ് കൃഷി ഇന്ന് നിലനിൽക്കുന്നത്. ഈ മൂല്യശൃംഖലയിൽ എവിടെയാണ് കർഷകർ നിൽക്കുന്നത് എന്ന ചോദ്യം അത്രമേൽ രാഷ്ട്രീയവും സാമൂഹ്യവുമായ അർത്ഥമുള്ളതാണ്.
വിപണനം
വിപണനം ഒരു സങ്കീർണമായ സാമൂഹ്യ-,സാമ്പത്തിക പ്രക്രിയയാണ്. ആരാണ് വില നിശ്ചയിക്കുന്നത്, ആ വില എങ്ങനെ രൂപപ്പെടുന്നു, വിപണിയിലെ റിസ്ക് ആരാണ് വഹിക്കുന്നത്, നഷ്ടം സംഭവിച്ചാൽ അതിന്റെ ഭാരം ആരുടെ മേലാണ് വീഴുന്നത് – എന്നിവയെല്ലാം വിപണനത്തിന്റെ രാഷ്ട്രീയ പ്രശ്നങ്ങളാണ്.
കേരളത്തിലെ കൃഷിയിൽ വിപണനം ഏറെക്കുറെ കർഷകവിരുദ്ധമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. കർഷകർ കാലാവസ്ഥാ വ്യതിയാനം, രോഗബാധ, വിലത്തകർച്ച എന്നിവയൊക്കെ മൂലമുണ്ടാകുന്ന ഉത്പാദന റിസ്ക് മുഴുവൻ ഏറ്റെടുക്കുന്നു. എന്നാൽ വിപണിയിലെ ലാഭത്തിന്റെ വലിയൊരു പങ്ക് ഇടനിലക്കാർക്കും വ്യാപാരികൾക്കും സംസ്കരണ വ്യവസായങ്ങൾക്കും പോകുന്നു. ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്ന കാർഷിക കോർപ്പററ്റൈസേഷൻ ഈ പ്രവണത ശക്തിപ്പെടുത്തും. ഇതിനെതിരെ ബദൽ സൃഷ്ടിക്കാൻ കേരളത്തിനാകണം.
ശേഖരണം
ഇതിന്റെ ആദ്യപടി ശേഖരണം അഥവാ ‘aggregation’ എന്നതാണ്. ചെറുകിട കർഷകരുടെ ഉത്പാദനം കൂട്ടായ്മകളിലൂടെ ശേഖരിച്ച് ഒരു കുറഞ്ഞ തോതെങ്കിലും വലിപ്പം അഥവാ scale സൃഷ്ടിക്കുമ്പോൾ, കർഷകർക്കു വിപണിയിൽ വിലപേശൽ-ശേഷി (bargaining power) ലഭിക്കുന്നു. ശേഖരണവും സംഭരണവും ഇല്ലാതെ കേരളത്തിലെ കൃഷിക്ക് മൂല്യവർധനയുടെ വാതിലുകൾ തുറക്കാൻ സാധിക്കില്ല.
ശേഖരണത്തെ സംസ്ഥാനത്തിന്റെ കാർഷിക നയത്തിന്റെ കേന്ദ്രഘടകമാക്കണം. ഭൂമി പാട്ടം, കൂട്ടുകൃഷി, കർഷക കൂട്ടായ്മകൾ – എന്നിവയെല്ലാം സ്കെയിൽ സൃഷ്ടിക്കുന്ന ഉപാധികളായി ശക്തിപ്പെടുത്തണം. തദ്ദേശതല വിപണി സ്ഥാപനങ്ങൾ വേഗത്തിൽ വ്യാപിപ്പിക്കണം. ഇവയെ വെറും വിപണികളായല്ല, ഗ്രാമീണ കാർഷിക ഹബ്ബുകളായി വികസിപ്പിക്കണം.
അതുപോലെ സംഭരണ സംവിധാനങ്ങൾ കർഷകകേന്ദ്രിതമാക്കണം. PACS, സഹകരണ സംഘങ്ങൾ, കർഷക സംഘടനകൾ എന്നിവയ്ക്ക് സംഭരണത്തിൽ കൂടുതൽ പങ്കു നൽകണം.
മൂല്യവർദ്ധനാ സംരംഭങ്ങൾ
ശേഖരണം-, സംഭരണം എന്നീ സംവിധാനങ്ങൾ കൊണ്ട് മാത്രം കൃഷി ഉയിർത്തെഴുന്നേൽക്കില്ല. ഈ ശൃംഖലയ്ക്ക് അർത്ഥം ലഭിക്കുന്നത് സംസ്കരണവും മൂല്യവർദ്ധനവും വഴിയാണ്. ഇതിൽ സ്വകാര്യ സംരംഭങ്ങൾക്കും പ്രധാനപ്പെട്ട പങ്കുണ്ട്. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയും വേണം. നൂതനമായിട്ടുള്ള കാർഷിക മൂല്യവർദ്ധന രീതികൾ കണ്ടെത്താനും പുതിയ ഉല്പന്നങ്ങൾ ഇറക്കി ബ്രാൻഡ് ചെയ്യുന്നതിനും കഴിയണം.
അതോടൊപ്പം, കർഷക കൂട്ടായ്മകളായ സഹകരണ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ സംഘങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ മുൻകൈയെടുക്കണം. വയനാട്ടിലെ നിർദ്ദിഷ്ട കോഫി പാർക്കും ഇടുക്കിയിലെ സഹ്യ പോലുള്ള സംസ്കരണ സ്ഥാപനങ്ങളും പോലെ കേരളത്തിൽ വിജയപ്രഥമായ ഒട്ടനവധിയായ ഉദാഹരണങ്ങൾ ഇപ്പോൾ തന്നെയുണ്ട്. കേരളത്തിലെ കൃഷിക്കാരെ മൂല്യവർദ്ധന ശൃംഖലയുടെ മുകൾത്തട്ടിലേക്ക് ഉയർത്തുക എന്നുള്ളതായിരിക്കണം നമ്മുടെ ലക്ഷ്യം. l



