Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറിമൃഗപരിപാലന
മേഖല

മൃഗപരിപാലന
മേഖല

കേരളത്തിലെ കന്നുകാലി വളർത്തൽ രീതികൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. വൻകിട ഫാമുകൾക്ക് പകരം, തൊഴിലില്ലാത്തവർ, വീട്ടമ്മമാർ, പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നിവർ നയിക്കുന്ന ചെറുകിട-വീട്ടുമുറ്റത്തെ കൃഷി (Homestead Farming) യാണ് നമ്മുടെ ശക്തി. ശക്തമായ സഹകരണ പ്രസ്ഥാനങ്ങൾ, ഉയർന്ന സാക്ഷരത, സ്ത്രീകളുടെ സജീവ പങ്കാളിത്തം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ എന്നിവ ഈ മേഖലയ്ക്ക് സവിശേഷമായ കരുത്ത് നൽകുന്നു.

ഉൽപ്പാദനം
2025-ലെ 21-ാമത് കന്നുകാലി സെൻസസ് പ്രകാരം കേരളത്തിലെ പശുക്കളുടെ ശരാശരി പ്രതിദിന പാൽ ഉൽപ്പാദനം 11.20 ലിറ്ററായി വർദ്ധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്. പാൽ ചുരത്തുന്ന ആറ് ലക്ഷത്തിലധികം പശുക്കളുള്ളതിനാൽ ആകെ ഉൽപ്പാദനത്തിൽ പ്രതിദിനം ഏകദേശം ആറ് ലക്ഷം ലിറ്ററിന്റെ വർദ്ധനവുണ്ടായിട്ടുണ്ട്.

എങ്കിലും, ഐ.സി.എം.ആർ (ICMR) നിർദ്ദേശിക്കുന്ന അളവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ പ്രതിശീർഷ പാൽ ഉപഭോഗം (197 മില്ലി/പ്രതിദിനം) ഇപ്പോഴും കുറവാണ്. വർദ്ധിച്ചുവരുന്ന ജനസംഖ്യയും ജീവിതശൈലീ മാറ്റങ്ങളും കണക്കിലെടുക്കുമ്പോൾ ഡിമാൻഡ്-–സപ്ലൈ വിടവ് നികത്താൻ പ്രാദേശിക ഉൽപ്പാദനം ഇനിയും ഗണ്യമായി വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. മുട്ട, മാംസം എന്നിവയുടെ ഉപയോഗവും വർദ്ധിച്ചുവരികയാണ്.

സ്വതന്ത്രവ്യാപാര കരാറുകൾ
ക്ഷീരമേഖലയിലെ സ്വതന്ത്ര വ്യാപാരത്തിന്റെ അപകടസാധ്യതകൾ വെറും വില ഇടിവിലോ വരുമാന നഷ്ടത്തിലോ ഒതുങ്ങുന്നില്ല. പാൽ വിലയിൽ സ്ഥിരത നഷ്ടപ്പെടുമ്പോൾ, ചെറുകിട ഉൽപ്പാദകർ പശുപരിപാലനത്തിൽ നിന്ന് പിന്മാറുകയും, മൃഗസംരക്ഷണത്തിൽ നിക്ഷേപം കുറയുകയും ചെയ്യും. ഇത് ഗ്രാമീണ തൊഴിൽ നഷ്ടത്തിനും സ്ത്രീകളുടെ സാമ്പത്തിക സ്വയംഭരണത്തിൽ തിരിച്ചടിയ്ക്കും ഗ്രാമീണ പോഷകസുരക്ഷ ദുർബലമാകുന്നതിനും വഴിവയ്ക്കും.

ഗോവധ നിരോധനം
ഇന്ത്യയിൽ സമീപ വർഷങ്ങളിൽ ശക്തിപ്പെട്ട ഗോവധ നിരോധനവും കന്നുകാലി വ്യാപാരത്തിനുമേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കേരളത്തിന്റെ മൃഗസംരക്ഷണ–ക്ഷീര സമ്പദ്‌വ്യവസ്ഥയെ ആഴത്തിൽ പ്രതികൂലമായി ബാധിച്ച ഘടനാപരമായ ഇടപെടലുകളാണ്. കന്നുകാലികളെ പാലിനായി മാത്രമല്ല, അവയുടെ ഉൽപ്പാദനചക്രം അവസാനിക്കുന്ന ഘട്ടത്തിൽ സാമ്പത്തിക മൂല്യമായി തിരിച്ചെടുക്കുന്ന ഒരു സമഗ്ര ലൈവ്‌സ്റ്റോക്ക് സമ്പദ്ഘടനയായാണ് കേരളം ചരിത്രപരമായി ആശ്രയിച്ചിരുന്നത്.

പ്രശ്നങ്ങൾ
പ്രജനന പ്രശ്നങ്ങൾ, തീറ്റയുടെയും പുല്ലിന്റെയും ദൗർലഭ്യം, രോഗബാധ, വർധിക്കുന്ന ഉൽപ്പാദന ചെലവ്, പ്രോത്സാഹന സംവിധാനങ്ങളുടെ അപര്യാപ്തത, വിവരസാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ വേണ്ടത്ര ഉപയോഗപ്പെടുത്താതിരിക്കൽ, വനാതിർത്തികളിലെ വന്യജീവി ശല്യം, സംരംഭകത്വത്തിലെ പിന്നോക്കാവസ്ഥ തുടങ്ങിയവയാണ് പ്രധാന പ്രശ്നങ്ങൾ.

ഭാവി
കേരളത്തിലെ മൃഗസംരക്ഷണ മേഖലയെ കർഷകരുടെ സമൃദ്ധി, ഭക്ഷ്യസുരക്ഷ, പാരിസ്ഥിതിക സുസ്ഥിരത എന്നിവ ഉറപ്പാക്കുന്ന, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഒരു സ്വയംപര്യാപ്ത സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുക എന്നതാണ് നമ്മുടെ ലക്ഷ്യം. കേവലമായ ഉൽപ്പാദന വർദ്ധനവിനപ്പുറം, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക, തനത് ജനുസ്സുകളെ സംരക്ഷിക്കുക, കർഷക കൂട്ടായ്മകളിലൂടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, നയങ്ങളിലും പരിപാടികളിലും ‘വൺ ഹെൽത്ത്’ (One Health) തത്വങ്ങൾ സമന്വയിപ്പിക്കുക എന്നിവയാണ് നമ്മുടെ വികസന കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × three =

Most Popular