കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയും സാമൂഹിക ജീവിതവും തമ്മിലുള്ള ബന്ധം വളരെ സങ്കീർണമാണ്. ജെെവ വെെവിധ്യത്താൽ സമ്പന്നമായ വനമേഖലകളാണ് ജലസുരക്ഷയുടെയും കാലാവസ്ഥാ നിയന്ത്രണത്തിന്റെയും അടിത്തറ. അത് ഒരു വശത്ത്. മറുവശത്താകട്ടെ, മറ്റു സംസ്ഥാനങ്ങളെക്കാൾ ഉയർന്ന ജനസാന്ദ്രതയും കൃഷി ഭൂമിയുടെ ആവശ്യകതയും കൂടികൂടി വരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വരെ കേരളത്തിൽ ഭൂരിപക്ഷം പ്രദേശങ്ങളും നിബിഡ വനങ്ങളായിരുന്നുവെന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്.
എന്നാൽ ഇന്ന് വികസനത്തിന്റെയും ജനപ്പെരുപ്പത്തിന്റെയും ഫലമായി സ്ഥിതിഗതികളിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. നമുക്ക് വികസനവും വനസംരക്ഷണവും അനിവാര്യമാണ്.
ഏകദേശം 300 മുതൽ 500 ചതുരശ്ര കിലോമീറ്റർ വരെ വിസ്തൃതിയുള്ള ഇടവിട്ട നിരവധി വനപ്രദേശങ്ങളായാണ് കേരളത്തിലെ വനങ്ങൾ സ്ഥിതി ചെയ്യുന്നത്. ആറ് ദേശീയോദ്യാനങ്ങളും പതിനെട്ട് വന്യജീവി സങ്കേതങ്ങളും കേരളത്തിന്റെ സംരക്ഷിത വനപ്രദേശത്തുണ്ട്. കൂടാതെ നീലഗിരി, അഗസ്ത്യമല എന്നീ രണ്ട് ബയോസ്ഫിയർ റിസർവുകളും കേരളത്തിലേക്ക് വ്യാപിച്ചുകിടക്കുന്നുണ്ട്.
ഇന്ത്യയിലെ സസ്യജാലങ്ങളിൽ ഏതാണ്ട് 25 ശതമാനവും കേരളത്തിലെ വനങ്ങളിലാണുള്ളത്. അതുപോലെ പശ്ചിമഘട്ടത്തിലെ 95% സസ്യങ്ങളും ജന്തുവർഗങ്ങളും ഈ പ്രദേശത്താണ്. ഇതൊക്കെ വലിയ പരിസ്ഥിതി പ്രാധാന്യമാണ് നമ്മുടെ സംസ്ഥാനത്തിന് നൽകുന്നത്. ഇവിടെ കാണപ്പെടുന്ന 5000ത്തിലധികം സസ്യവർഗങ്ങളിൽ 1846 ഇനങ്ങളും സ്വദേശീയമാണ്, ഈ പ്രദേശത്തു മാത്രമുള്ളവയാണവ. വംശനാശ ഭീഷണി നേരിടുന്ന ഉരഗങ്ങൾ, ശലഭങ്ങൾ, പക്ഷികൾ, ഉഭയചരങ്ങൾ എന്നിവയുടെയൊക്കെ സുരക്ഷിതമായ ആവാസകേന്ദ്രമാണിവിടം.
കേരളത്തിലെ കാലാവസ്ഥയെ നിർണയിക്കുന്നതിൽ പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. നമ്മുടെ നദികളുടെയെല്ലാം ഉത്ഭവം പശ്ചിമഘട്ട മലനിരകളിലാണ്. മഴവെള്ളം കുത്തിയൊലിച്ചുപോകാതെ അതിനെ സ്പോഞ്ചുപോലെ ആഗിരണം ചെയ്ത് മഴക്കാലത്തിനുശേഷവും ഉറവകളായും അരുവികളായും നദിയിലേക്ക് ഒഴുക്കുന്നതിൽ വനങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.
കേരളത്തിലെ വനംവകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തോട്ടങ്ങൾക്കാകെ 1400 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്. ഇവയിൽ 52 ശതമാനത്തിലും തേക്ക്, ഈട്ടി, മഹാഗണി തുടങ്ങിയവയും 6 ശതമാനത്തിൽ ഈറ്റ, മുള എന്നിവയും 2 ശതമാനത്തിൽ പെെൻ, സിൽവർ ഓക്ക് തുടങ്ങിയവയുമാണ്. 40 ശതമാനത്തിൽ മറ്റു മരങ്ങളുമാണ്.
ഏകവിളത്തോട്ടങ്ങളെ മറ്റു മരങ്ങൾ കൂടി വെച്ചുപിടിപ്പിച്ച് പാരിസ്ഥിതിക പുനരുദ്ധാരണ (Ecorestoration) ത്തിലേക്ക് മാറ്റുക എന്നതാണ് എൽഡിഎഫ് ഗവൺമെന്റിന്റെ നയം. 450 ചതുരശ്ര കിലോമീറ്റർ തേക്ക് തോട്ടങ്ങൾ പാരിസ്ഥിതിക പുനരുദ്ധാരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. അതുപോലെ 270 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ വിദേശവൃക്ഷങ്ങൾ ഘട്ടംഘട്ടമായി നീക്കം ചെയ്യുന്നതിനും ആരംഭം കുറിച്ചിട്ടുണ്ട്. ഇത് ജലലഭ്യത വർധിപ്പിക്കാനും സ്വാഭാവിക ആവാസ വ്യവസ്ഥ തിരിച്ചുപിടിക്കാനും സഹായകമാണ്.
വനത്തിന് പുറത്തുള്ള വൃക്ഷങ്ങൾ എന്ന ആശയത്തിനും കേരളത്തിൽ വലിയ പ്രസക്തിയാണുള്ളത്. ഗാർഹികത്തോട്ടങ്ങൾ, റബ്ബർ തോട്ടങ്ങൾ, കണ്ടൽക്കാടുകൾ എന്നിവയൊക്കെ വിപുലീകരിക്കപ്പെടുന്നത് ഗുണകരമാണ്. സ്കൂൾ– കോളേജ് തലങ്ങളിൽ വിദ്യാവനം, സ്കൂൾ നേഴ്സറി യോജന തുടങ്ങിയ പദ്ധതികൾ പുതുതലമുറയിൽ അവബോധം ജനിപ്പിക്കാൻ സഹായിക്കുന്നു. ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ 4107 പച്ചതുരുത്തുകൾ സൃഷ്ടിച്ചത് വലിയ നേട്ടമാണ്.
മനുഷ്യ–വന്യമൃഗ സംഘർഷം ഇന്ന് കേരളത്തെ ഉത്കണ്ഠപ്പെടുത്തുന്ന ഒന്നാണ്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ കർക്കശമായ വ്യവസ്ഥകൾ ഈ പ്രശ്നം പരിഹരിക്കുന്നതിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. വനസംരക്ഷണം കൺകറന്റ് ലിസ്റ്റിലാക്കിയതോടെ സംസ്ഥാനങ്ങളുടെ അധികാരം കുറഞ്ഞു. ശാസ്ത്രീയമായ പരിഹാരമാർഗങ്ങൾ തേടുന്നതിൽ ഇത് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലും അനുബന്ധ മാർഗനിർദേശങ്ങളിലും കാലാനുസൃതവും യാഥാർത്ഥ്യബോധത്തിലധിഷ്ഠിതവുമായ പരിഷ്കാരങ്ങൾ അനിവാര്യമാണ്.
പശ്ചിമഘട്ട മലനിരകൾ വ്യാപകമായ കയ്യേറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഈ കയ്യേറ്റങ്ങളോട് കർക്കശമായ നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനു കഴിയുന്നുണ്ട്. ആവാസ വ്യവസ്ഥ പരിപാലനരീതി ഈ കാര്യത്തിൽ അനുവർത്തിക്കേണ്ടതുണ്ട്.
നിലവിലുള്ള കേന്ദ്രീകൃത വനപരിപാലന രീതിയിൽനിന്നു വ്യത്യസ്തമായി, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്ന ഒരു ഘടനാപരമായ മാറ്റം ഉണ്ടാകണം. ആദിവാസി വിഭാഗങ്ങളെ വനവിഭവങ്ങളുടെ ഉടമകളാക്കുന്ന വനാവകാശ നിയമം ഫലപ്രദമായി നടപ്പാക്കണം. l



