കേരളം 2003-ൽ ബയോടെക്‌നോളജി നയം അവതരിപ്പിച്ചപ്പോൾ, ഇന്ത്യയിലെ സംസ്ഥാനതല നയചിന്തയിൽ ലൈഫ് സയൻസിനെ വികസനത്തിന്റെ പ്രായോഗിക ഘടകമായി കാണുന്ന സമീപനം അപൂർവമായിരുന്നു.
ഈ നയത്തിന്റെ ഭാഗമായി, ലൈഫ് സയൻസ് ഗവേഷണങ്ങൾക്ക് സ്ഥാപനപരമായ പിന്തുണ ലഭിക്കുകയും, ബയോമെഡിക്കൽ ഗവേഷണം, ഔഷധ സസ്യ പഠനം, ഡയഗ്നോസ്റ്റിക് സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ കേരളം ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കുകയും ചെയ്തു. പിന്നീടുരൂപംകൊണ്ട വൈറോളജി, ജീനോമിക്സ്, ബയോഇൻഫർമാറ്റിക്സ് തുടങ്ങിയ ഗവേഷണ ശേഷികൾ, ഈ ആദ്യകാല നയ ഇടപെടലുകളുടെ ദീർഘകാല ഫലങ്ങളായി കരുതാം. ബയോടെക്‌നോളജി നയം ശാസ്ത്രത്തെ സാമ്പത്തിക മൂല്യത്തിലേക്കു മാത്രമല്ല, പൊതുജനാരോഗ്യ സുരക്ഷയിലേക്കും സാമൂഹിക ക്ഷേമത്തിലേക്കും ബന്ധിപ്പിച്ച ഒരു ദർശനമായി കേരളത്തിൽ പ്രവർത്തിച്ചു.
ഈ നയം, ഗവേഷണവും നവീകരണവും അക്കാദമിക ലോകത്ത് ഒതുങ്ങിപ്പോകാതെ, സംരംഭകത്വത്തിലേക്കും തൊഴിൽ സൃഷ്ടിയിലേക്കും മാറേണ്ടതിന്റെ ആവശ്യകത ശക്തമായി മുന്നോട്ടുവച്ചു. സ്റ്റാർട്ടപ്പുകൾ, ഇൻക്യൂബേഷൻ കേന്ദ്രങ്ങൾ, ടെക്‌നോളജി പാർക്കുകൾ, ഫണ്ടിംഗ് സംവിധാനങ്ങൾ എന്നിവയെ ഒരേ നയഫ്രെയിമിൽ കൊണ്ടുവന്ന്, ഒരു സമഗ്ര നവീകരണ പരിസ്ഥിതി സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.
സ്ഥാപനപരമായ അടിത്തറ:
KSCSTEയും ശാസ്-ത്രഭരണവും
കേരളത്തിന്റെ ശാസ്ത്ര–സാങ്കേതിക പരിസ്ഥിതിയുടെ നട്ടെല്ലായി പ്രവർത്തിക്കുന്നത് കേരള സംസ്ഥാന ശാസ്ത്ര–സാങ്കേതിക–പരിസ്ഥിതി കൗൺസിലാണ് (KSCSTE).
2016-ന് ശേഷം, കേരളത്തിലെ ശാസ്ത്ര–സാങ്കേതിക മേഖലയിലുണ്ടായ മാറ്റം എപ്പിസോഡിക് ആയിരുന്നില്ല; മറിച്ച് സ്ഥാപനപരമായ ഒരു പരിവർത്തനമായിരുന്നു. ജലസുരക്ഷ, കാലാവസ്ഥാ പ്രതിരോധം, പൊതുജനാരോഗ്യം, ഊർജ്ജ സുരക്ഷ, ഗതാഗതം, ജൈവവൈവിധ്യ സംരക്ഷണം, ദുരന്തനിവാരണം എന്നിവയെ സംസ്ഥാനത്തിന്റെ ശാസ്ത്ര മുൻഗണനകളായി തിരിച്ചറിഞ്ഞു. ഈ മുൻഗണനകളെ 13 ഉം 14 ഉം പഞ്ചവത്സര പദ്ധതികളിൽ വ്യക്തമായി ഉൾപ്പെടുത്തി, ശാസ്ത്ര ഗവേഷണം വികസന ആവശ്യങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കപ്പെട്ടു.
ജലം, കാലാവസ്ഥ, പ്രതിരോധശേഷി
കേരളത്തിന്റെ ശാസ്ത്ര–സാങ്കേതിക നേട്ടങ്ങളിൽ ഏറ്റവും ദൃശ്യവും സമൂഹപ്രാധാന്യമുള്ളതുമായ മേഖല ജലസുരക്ഷയും കാലാവസ്ഥാ ശാസ്ത്രവുമാണ്. ജലസ്രോതസ്സുകളുടെ ശാസ്ത്രീയ പരിപാലനത്തിൽ ജല വിഭവ വികസനവും മാനേജ്മെന്റും നടത്തുന്ന കേന്ദ്രം (CWRDM) നിർണായക പങ്കുവഹിച്ചു.
ഗതാഗതം, തീരസംരക്ഷണം,
അടിസ്ഥാനസൗകര്യങ്ങൾ
ജിഐഎസ് അധിഷ്ഠിത ഡാറ്റാബേസുകൾ, ട്രാഫിക് മോഡലുകൾ, റോഡ് സുരക്ഷാ ഓഡിറ്റുകൾ എന്നിവ വഴി കേരളത്തിന്റെ ഗതാഗത പദ്ധതികൾ ശാസ്ത്രീയ അടിത്തറയിൽ ഉറപ്പിച്ചു. തീരദേശ ഹൈവേ, ഹിൽ ഹൈവേ, നഗര ഗതാഗത പദ്ധതികൾ എന്നിവയിൽ NATPAC നടത്തിയ പഠനങ്ങൾ നേരിട്ട് നയരൂപീകരണത്തിൽ ഉപയോഗിക്കപ്പെട്ടു.
നവീകരണം, സംരംഭകത്വം,
ഡിജിറ്റൽ കേരളം
ശാസ്ത്ര–സാങ്കേതിക നേട്ടങ്ങൾ നിലനിൽക്കുന്നത് ഗവേഷണത്തിലൊതുങ്ങാതെ, നവീകരണത്തിലേക്കും സംരംഭകത്വത്തിലേക്കും ഒഴുകുമ്പോഴാണ്. ഈ ബോധ്യത്തിലാണ് കേരളം ടെക്‌നോളജി ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് പോളിസി, ഐടി പോളിസി, സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങിയ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയത്. കേരളത്തിന്റെ ശാസ്ത്ര–സാങ്കേതിക നയത്തിന്റെ ശക്തി മനുഷ്യവിഭവ വികസനത്തിലേക്കുള്ള ഊന്നലിലാണ്.
മുന്നോട്ടുള്ള നയാവശ്യകതകൾ
ഭാവിയിലേക്ക് നോക്കുമ്പോൾ, കേരളത്തിന് ശാസ്ത്ര–സാങ്കേതിക മേഖലയിലെ മൂന്ന് പ്രധാന നയപ്രാധാന്യങ്ങൾ തിരിച്ചറിയാം. ഒന്നാമത്, ഗവേഷണവും നയരൂപീകരണവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തണം. ശാസ്ത്രീയ അറിവ് പ്ലാനിംഗ്, ബജറ്റിംഗ്, സേവനവിതരണം എന്നിവയുടെ ഭാഗമാകണം. രണ്ടാമത്, ഗവേഷണ ഫലങ്ങളുടെ ട്രാൻസ്ലേഷൻ—ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും—സ്ഥാപനപരമായി പിന്തുണയ്ക്കണം. മൂന്നാമത്, അന്താരാഷ്ട്ര സഹകരണവും സ്വകാര്യ നിക്ഷേപവും ആകർഷിക്കുന്ന തരത്തിൽ ശാസ്ത്ര പരിസ്ഥിതിയെ കൂടുതൽ തുറന്നതാക്കണം. l



