Wednesday, March 4, 2026

ad

ടൂറിസം

സംസ്ഥാനത്തിന്റെ സാമ്പത്തിക ഘടനയിൽ ഒരു പുതിയ കേന്ദ്രബിന്ദുവായി ഉയർന്നുവന്ന മേഖലയാണ് ടൂറിസം. ഇന്ന് കേരളത്തിൽ ടൂറിസം ഒരു വിനോദപ്രവർത്തനമോ ഉപമേഖലയോ മാത്രമല്ല; മറിച്ച്, വരുമാനം, തൊഴിൽ, ഉപജീവനം, പ്രാദേശിക വികസനം, വിദേശനാണ്യ സമാഹരണം, സാമൂഹിക ഇടപെടൽ എന്നിവയെ ഒരേസമയം സ്വാധീനിക്കുന്ന ഒരു സമഗ്ര സാമ്പത്തിക പ്രക്രിയയാണ്.

ടൂറിസ്റ്റുകളുടെ എണ്ണം
കോവിഡിന്റെ തിരിച്ചടിയെ കേരളത്തിലെ ടൂറിസം മറികടന്നു. 2025 ൽ ടൂറിസ്റ്റുകളുടെ എണ്ണം 2.6 കോടിയായി ഉയർന്നു. എന്നാൽ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇനിയും പൂർവ്വനില പ്രാപിച്ചിട്ടില്ല. മൊത്തം ടൂറിസ്റ്റുകളിൽ 3.1% ആണ് വിദേശികൾ. ടൂറിസം വരുമാനം കണക്കിലെടുക്കുമ്പോൾ ഇവരുടെ എണ്ണം ഇനിയും ഉയരേണ്ടത് പ്രധാനമാണ്. കേരളത്തെക്കുറിച്ചുള്ള ആഗോള പ്രതീതി മെച്ചമാണെങ്കിലും ഇന്ത്യയെ കുറിച്ചുള്ളത് അനുദിനം മോശമാവുകയാണ്. ഇതും ഒരു കാരണമാണ്.

അടിസ്ഥാനസൗകര്യങ്ങൾ
അടിസ്ഥാന ടൂറിസം സൗകര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഗതാഗത സൗകര്യമാണ്. അതോടൊപ്പം ശുചിത്വവും മറ്റുമായി ബന്ധപ്പെട്ടുള്ള പൊതു പശ്ചാത്തല സൗകര്യങ്ങൾ ഓരോ കേന്ദ്രത്തിലും ഉറപ്പു വരുത്തേണ്ടതുണ്ട്. ടൂറിസം ഇടനാഴികൾ വികസിപ്പിച്ചെടുക്കണം.

ഡെസ്റ്റിനേഷൻ മാനേജ്‌മെന്റിൽ സുപ്രധാനമാണ് ഡിസൈൻ നയവും ഡിജിറ്റൽ സാങ്കേതിക വിദ്യയും മാർക്കറ്റിങ്ങും. ടൂറിസത്തിൽ സർക്കാരിന്റെ പങ്ക് പ്രാഥമികമായും ഇവ മൂന്നുമാണ്. വലുതും ചെറുതുമായ സ്വകാര്യ നിക്ഷേപത്തെ ടൂറിസത്തിലേക്ക് ആകർഷിക്കാനാവണം.

സുസ്ഥിര ടൂറിസം
നിയന്ത്രണവും സമതുലിതവുമായ ടൂറിസമാണ് നാം ലക്ഷ്യമിടേണ്ടത്. ഓരോ പ്രദേശത്തിന്റെയും ആവാഹക ശേഷി കണക്കിലെടുത്തുവേണം ടൂറിസത്തെ പ്രോത്സാഹിപ്പിക്കേണ്ടത്. ഉത്തരവാദിത്വ ടൂറിസത്തിൽ നിന്ന് പുനരുജ്ജീവന ടൂറിസത്തിലേക്കുള്ള പരിവർത്തനം പ്രധാനമാണ്. ഉത്തരവാദിത്വ ടൂറിസത്തിൽ സമൂഹം ഗുണഭോക്താവും പങ്കാളിയുമായിരുന്നുവെങ്കിൽ, പുനരുജ്ജീവന ടൂറിസത്തിൽ സമൂഹം സംരക്ഷകനും സഹ–നിർണയകർത്താവും കൂടിയാണ്.

അടുത്ത അഞ്ചുവർഷം
നമ്മൾ അടുത്ത അഞ്ചു വർഷത്തേക്കുള്ള ടൂറിസം നയം നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ലക്ഷ്യങ്ങളെ ഇങ്ങനെ ചുരുക്കാം: വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലെ വർദ്ധനവ്, റീബ്രാൻഡിങ്, മാനേജ്‍മെന്റ് നവീകരണം, ഉത്തരവാദിത്വ ടൂറിസവും പുനരുജ്ജീവന ടൂറിസവും. ടൂറിസത്തെ കഥപറച്ചിലിന്റെ (storytelling) കലയിൽ ആധാരമാക്കുന്ന ഒരു സമീപനമാണ് കേരളം സ്വീകരിക്കേണ്ടത്. ഒരു സ്ഥലത്തിന്റെ ചരിത്രവും മനുഷ്യരുടെ ജീവിതവും അനുഭവമായി മാറ്റുകയാണ് ലക്ഷ്യം.
ഈ ലക്ഷ്യങ്ങൾ പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നതാണ്. അതിന് സുസ്ഥിര അടിസ്ഥാന സൗകര്യങ്ങളും പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തവും ആവശ്യമാണ്.

പുനരുജ്ജീവന നയം
ക്യാരിയിംഗ് കപ്പാസിറ്റി, കാർബൺ ന്യൂട്രാലിറ്റി, ജൈവവൈവിധ്യ സംരക്ഷണം, പ്രാദേശിക സാമ്പത്തിക ബന്ധങ്ങൾ എന്നിവയെ വികസന തീരുമാനങ്ങളുടെ കേന്ദ്രത്തിലാക്കുന്ന ഒരു സുസ്ഥിരതാ നൈതികത കേരള ടൂറിസത്തിന്റെ ഭാവിയെ നയിക്കണം. ഈ നൈതികത വിജയകരമായി സ്ഥാപിക്കാനായാൽ, കേരളത്തിന് ലോകത്തോടു പറയാൻ കഴിയുന്നത് ഒരു സന്ദേശം മാത്രമായിരിക്കും: ടൂറിസം വളർച്ചയും പരിസ്ഥിതി സംരക്ഷണവും സാമൂഹിക നീതിയും തമ്മിൽ വിരുദ്ധമല്ല; മറിച്ച്, ശരിയായ ദർശനവും രാഷ്ട്രീയ ചുമതലയും ഉണ്ടെങ്കിൽ അവ പരസ്പരം ശക്തിപ്പെടുത്താൻ കഴിയുന്ന പ്രക്രിയകളാണ്. l

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two + 17 =

Most Popular