നവകേരളത്തിലേക്കുള്ള യാത്ര ജനങ്ങളുടെ സാമൂഹ്യക്ഷേമ നേട്ടങ്ങൾ വർധിപ്പിച്ചുകൊണ്ടു വേണമെന്നതാണ് എൽഡിഎഫിന്റെ അടിസ്ഥാന നിലപാട്. അധികാരവികേന്ദ്രീകരണത്തിലൂടെയും പ്രാദേശിക ആസൂത്രണത്തിലൂടെയും മാത്രമേ ഇത് ഉറപ്പുവരുത്താനാകൂ.
1987ലെ എൽഡിഎഫ് സർക്കാർ ആരംഭിച്ച സമ്പൂർണ സാക്ഷരതായജ്ഞവും തുടർന്നു നടത്തിയ പങ്കാളിത്ത വിഭവ ഭൂപടനിർമാണവുമെല്ലാം അധികാരവികേന്ദ്രീകരണത്തിന് ബലം പകർന്നു. 1987ലെ എൽഡിഎഫ് സർക്കാരാണ് അധികാരവികേന്ദ്രീകരണ ആശയങ്ങൾ പൂർണമായി ഉൾക്കൊണ്ടുകൊണ്ടുള്ള ജില്ലാ കൗൺസിലുകൾ രൂപീകരിച്ചത്. എന്നാൽ തുടർന്നുവന്ന യുഡിഎഫ് സർക്കാർ ജില്ലാ കൗൺസിലുകളെ തന്നെ ഇല്ലാതാക്കി.
1993–94 കാലഘട്ടത്തിലാണ് ഭരണഘടനാ ഭേദഗതികളിലൂടെ ഇന്ത്യയിൽ ത്രിതല തദ്ദേശ സ്വയംഭരണ സംവിധാനത്തിന് തുടക്കം കുറിക്കപ്പെട്ടത്. 1996ൽ എൽഡിഎഫ് സർക്കാർ എടുത്ത ആദ്യ തീരുമാനങ്ങളിലൊന്ന് ഒമ്പതാം പദ്ധതിയുടെ 35–40 ശതമാനം തുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കെെമാറുക എന്നതായിരുന്നു. അധികാരവികേന്ദ്രീകരണം സുഗമമാക്കുന്നതിനും തദ്ദേശ ഭരണസ്ഥാപനങ്ങളെ സഹായിക്കുന്നതിനുമായി ജനകീയാസൂത്രണപ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. ഇ എം എസ് ആണ് ഈ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്.
പരമാവധി ജനപങ്കാളിത്തവും സുതാര്യതയും ശാസ്ത്രീയതയും ഉറപ്പുവരുത്തുന്ന ആസൂത്രണ പ്രക്രിയയാണ് ജനകീയാസൂത്രണം. കൂടുതൽ പണവും ഉദ്യോഗസ്ഥരെയും താഴേക്ക് വിന്യസിച്ചു. ഇന്ന് തദ്ദേശ ഭരണസ്ഥാപനങ്ങളുടെ ഡിജിറ്റലെെസേഷൻ സമ്പൂർണമാക്കി. പശ്ചാത്തലസൗകര്യം, പാർപ്പിടം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, ദാരിദ്ര്യ നിർമാർജനം തുടങ്ങിയ രംഗങ്ങളിലെല്ലാം കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളാണ് കേരളത്തിന് നേടാൻ കഴിഞ്ഞത്.
അധികാരവികേന്ദ്രീകരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗർബല്യം പ്രാദേശിക സാമ്പത്തിക വികസനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രതീക്ഷിച്ച മുൻകെെ നേടാൻ കഴിഞ്ഞില്ല എന്നതാണ്.
ഭാവി വികസന നിർദേശങ്ങൾ
വിദ്യാഭ്യാസം, വയോജനം, കുട്ടികൾ, പാർപ്പിടം, പ്രകൃതി സംരക്ഷണം, ശുചിത്വം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ നൂതനമായ ആശയങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കിയ നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുണ്ട്. അവയെ സ്വതന്ത്രമായി പ്രവർത്തിക്കാനനുവദിക്കുകയും മറ്റുള്ളവയെ അവയോടൊപ്പം എത്തിക്കാനുള്ള കർമപദ്ധതികൾ തയ്യാറാക്കുകയും ചെയ്യണം.
അധികാരവികേന്ദ്രീകരണത്തെ അട്ടിമറിക്കുന്ന സമീപനങ്ങളാണ് യൂണിയൻ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഈ സമീപനങ്ങൾക്ക് ബദൽ സൃഷ്ടിക്കാൻ നമുക്കു കഴിയണം.
ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. പുതിയ സാങ്കേതികവിദ്യകളും വിജ്ഞാനവും ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിൽ തദ്ദേശ സ്വയംഭരണ സംവിധാനത്തെ ശക്തിപ്പെടുത്തണം.
സംസ്ഥാന സർക്കാർ ചെയ്യുന്നതുപോലെ, എല്ലാ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും പ്രോഗ്രസ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണം.
വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായുള്ള അകൽച്ച വർധിച്ചുവരുന്നുണ്ട്. ആ സ്ഥിതിക്ക് മാറ്റം വരുത്താനുള്ള പരിപാടി ആവിഷ്കരിക്കണം. എല്ലാ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളെ നിർവഹണ ഏജൻസികളായി മാത്രം കാണാതെ, ആസൂത്രണ പ്രക്രിയകളിൽ പങ്കാളിത്തം വഹിക്കുകകൂടി ചെയ്യണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ ധനസഹായം ലഭ്യമാക്കേണ്ടതുണ്ട്; അതോടൊപ്പം അവ നികുതി– നികുതിയേതര വരുമാനം വർധിപ്പിക്കുകയും വേണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാർഗരേഖ ലളിതമാക്കണം, ജനപങ്കാളിത്തം ഉറപ്പാക്കി കൂടുതൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരമൊരുക്കണം. പ്രാദേശിക സാമ്പത്തിക വികസനം സംബന്ധിച്ച് ആസൂത്രണ ബോർഡ് ഇറക്കിയ മാർഗനിർദേശങ്ങൾ പുനഃക്രമീകരിച്ച് നടപ്പാക്കണം.
ഉദ്യോഗസ്ഥർക്ക് ആസൂത്രണം, പങ്കാളിത്ത ആസൂത്രണം, വിവരശേഖരണം, വിവരവിശകലനം, പദ്ധതി തയ്യാറാക്കൽ എന്നിവയിൽ പരിശീലനം നൽകണം.
ഗ്രാമസഭകളിലെ പങ്കാളിത്തം കുറഞ്ഞുവരുന്നു. തദ്ദേശ ഭരണസ്ഥാപനങ്ങളിലെ പൊതുഅയൽക്കൂട്ടങ്ങൾ, ക്ലബ്ബുകൾ, കുടുംബശ്രീ എഡിഎസുകൾ, ഗ്രന്ഥശാലകൾ എന്നീ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി വാർഡ് കൗൺസിലുകൾ രൂപീകരിക്കണം. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സ്കിൽ കൗൺസിലുകൾ രൂപീകരിക്കണം.
ദുരന്ത പ്രതിരോധത്തിലും ദുരന്തശേഷമുള്ള പുനരധിവാസ പ്രവർത്തനങ്ങളിലും തദ്ദേശസ്ഥാപനങ്ങൾക്ക് മുഖ്യചുമതല നൽകണം. l



