പ്രധാന നഗരങ്ങളിൽ മാത്രം ഒതുങ്ങാതെ എല്ലാ ഗ്രാമങ്ങളിലും, എല്ലാ നഗരങ്ങളിലും മാലിന്യപരിപാലനം ഉറപ്പാക്കുന്ന ഇന്ത്യയിലെ ഏകസംസ്ഥാനം കേരളമാണ്. കേരളത്തിലെ മാലിന്യപരിപാലനവും പൊതുയിടത്തിലെ ശുചിത്വവും അന്തർദേശീയ തലത്തിൽതന്നെ ശ്രദ്ധേയമായിരിക്കുന്നു. വ്യക്തി ശുചിത്വത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്ന മലയാളിയുടെ വൃത്തിശീലങ്ങളെ പൊതുഇടങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചത് കൃത്യമായ രാഷ്ട്രീയ നിലപാടുകളും നയങ്ങളും വഴിയാണ്.
ശുചിത്വം കേരളത്തിലെ സാമൂഹ്യപരിഷ്കരണത്തിന്റെ ഭാഗമായിരുന്നു. 1950കളുടെ അവസാനത്തോടെ തോട്ടിപ്പണി നിരോധിച്ച സംസ്ഥാനമായിമാറി കേരളം. സാക്ഷരതാ പ്രസ്ഥാനത്തിൽ അക്ഷരം മാത്രമല്ല, പട്ടിണിയും ശുചിത്വവും പാഠങ്ങൾ ആയിരുന്നു. പിന്നീട് അധികാരവികേന്ദ്രീകരണം ശുചിത്വത്തിന് പുതിയൊരു ഊന്നൽ നൽകി. 1999ൽ സമ്പൂർണ ശുചിത്വ കാമ്പെയ്ൻ ആരംഭിച്ചു. 2000ത്തിലെ കോട്ടയം നിർമൽ പ്രോജക്ട് മറ്റൊരു നാഴികക്കല്ലാണ്. 2008ൽ ശുചിത്വമിഷന് തുടക്കംകുറിക്കുമ്പോഴേക്കും മാലിന്യത്തിന്റെ അളവ് സംസ്ഥാനത്ത് ഗണ്യമായി ഉയർന്നിരുന്നു. ജനപ്പെരുപ്പവും നഗരവത്കരണവും ഉപഭോഗ സമ്പ്രദായങ്ങളിൽവന്ന മാറ്റവുമെല്ലാം അതിന് കാരണമായി.
വികേന്ദ്രീകൃത മാലിന്യ സംസ്കരണം
ഈ ഘട്ടത്തിലാണ് ആലപ്പുഴയിൽ വികേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനം പരീക്ഷിക്കപ്പെട്ടത്. മാലിന്യസംസ്കരണം ഒരു ജനകീയ കാമ്പെയ്നായി സിപിഐ എം ഏറ്റെടുത്തതോടെ അതിന് ജനകീയ മുഖം കെെവന്നു. ഒന്നും രണ്ടും പഠന കോൺഗ്രസുകൾ ചർച്ചചെയ്ത പോലെ, വികേന്ദ്രീകൃത സംവിധാനത്തിൽ കേരളത്തെ മാലിന്യവിമുക്തമാക്കാനാണ് 2016ൽ അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാർ മുൻകയ്യെടുത്തത്. വികേന്ദ്രീകൃതവും സംയോജിതവുമായ മാലിന്യസംസ്കാരണം ആ സർക്കാരിന്റെ പൊതുനയമാക്കി മാറ്റി. നവകേരള വികസനപദ്ധതികളുടെ ഭാഗമായി സർക്കാർ രൂപീകരിച്ച 4 മിഷനുകളിലൊന്ന് ഹരിത കേരള മിഷൻ ആയിരുന്നു. ഈ മിഷന്റെ ഭാഗമായി ഹരിതകർമ്മസേന, മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ, റിസോഴ്സ് റിക്കവറി ഫെസിലിറ്റികൾ, കമ്യൂണിറ്റി ജെെവ മാലിന്യ സംസ്കരണ പ്ലാന്റുകൾ എന്നിവ സംസ്ഥാനത്തൊട്ടാകെ സ്ഥാപിക്കുന്നതിനും വീടുകളിൽ ഗാർഹിക ജെെവ മാലിന്യസംസ്കരണ ഉപാധികൾ സ്ഥാപിക്കുന്നതിനും വേണ്ട പ്രവർത്തനങ്ങളും ബഹുജന വിദ്യാഭ്യാസ പരിപാടികളും നടന്നു.
കാമ്പെയ്നുകൾ
‘‘വലിച്ചെറിയൽ മുക്ത കേരളം’’, ‘‘മാലിന്യമുക്ത നവകേരളം’’, ‘‘നവകേരളം വൃത്തിയുള്ള കേരളം’’, ‘‘ശുചിത്വ സാഗരം സുന്ദര തീരം’’ എന്നിങ്ങനെ 2017 മുതൽ 2026 വരെ നടന്ന വിവിധ കാമ്പെയ്നുകൾ കേരളത്തിന്റെ മാലിന്യസംസ്കരണ മേഖലയിൽ വലിയ മുന്നേറ്റം സൃഷ്ടിച്ചു. പലയിടങ്ങളിലായി മാലിന്യങ്ങൾ കുന്നുകൂടി ദുർഗന്ധവും രോഗവും പടരുന്ന ഭീകരാവസ്ഥയിൽനിന്നും തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ മാലിന്യങ്ങൾ ശേഖരിച്ച് ഇനംതിരിച്ച് പുനരുപയോഗവും പുനഃചംക്രമണവും നടത്തി; മാലിന്യം സമ്പത്താക്കി മാറ്റി. ബ്രഹ്മപുരം പോലെയുള്ള മാലിന്യമലകൾ നിർമാർജനം ചെയ്യുന്നതിന് ബൃഹത്തായ പ്രൊജക്ടുകൾ നടപ്പാക്കി.
അജെെവ മാലിന്യത്തിന്റെ വാതിൽപ്പടി ശേഖരണത്തിന് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ രൂപംകൊണ്ട ഹരിതകർമ്മസേനയെ വിപുലപ്പെടുത്തി. 2017ൽ 5000 ആയിരുന്ന ഇവരുടെ എണ്ണം ഇന്ന് 38355 ആയി. ഇതുമൂലം അജെെവ മാലിന്യത്തിന്റെ വാതിൽപ്പടിശേഖരണത്തിന്റെ അളവ് 2023ൽ 47 ശതമാനമായിരുന്നത് 2025ഓടെ 99 ശതമാനമായി ഉയർന്നു.
ഹരിതകർമ്മ സേന ശേഖരിക്കുന്ന അജെെവ മാലിന്യങ്ങൾ വാങ്ങി സംസ്കരിക്കുകയോ വിൽക്കുകയോ ചെയ്യുന്നത് ക്ലീൻ കേരള കമ്പനിയാണ്. ഈ കമ്പനിയെയും കഴിഞ്ഞ 10 വർഷക്കാലത്ത് അത്യസാധാരണമാംവിധം വിപുലപ്പെടുത്തി. 87300 sq.ft ആയിരുന്ന കമ്പനിയുടെ ശേഖരണശേഷി 2,81,260 sq.ft ആയി വർധിപ്പിച്ചു.
മാലിന്യപരിപാലനം സംബന്ധിച്ച പൊതുബോധം ഉയർത്തുന്നതിന് ബഹുജന വിദ്യാഭ്യാസ പരിപാടിയും ഇടതുപക്ഷം നടത്തുകയുണ്ടായി. പുതുതലമുറയെ മാലിന്യപരിപാലനത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതിന് 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പാഠപുസ്തകങ്ങളിൽ മാലിന്യപരിപാലനം ഉൾപ്പെടുത്തി; എക്കോ സയൻസ് സ്കോളർഷിപ്പ് ഏർപ്പെടുത്തി.
മലിനജലം ശുദ്ധീകരിച്ച് വികേന്ദ്രീകൃത സംവിധാനങ്ങളുടെ പരമാവധി പുരരുപയോഗം നടത്തണം. ജെെവ–അജെെവമാലിന്യത്തിന്റെ വാതിൽപ്പടിശേഖരണം, ഉറവിട ജെെവ മാലിന്യസംസ്കരണം, പുനഃചംക്രമണം എന്നിങ്ങനെ ബൃഹത്തായ ശാഖകളുള്ള മാലിന്യസംസ്കരണത്തിലും ശുചിത്വ നവകേരളം സാധ്യമാക്കുന്നതിലും നാമിനിയുമേറെ മുന്നോട്ടുപോകേണ്ടതുണ്ട്. നിലവിലുള്ള സംവിധാനങ്ങളെയെല്ലാം കൂടുതൽ വിപുലപ്പെടുത്തുകയും ഖര–ദ്രവ മാലിന്യങ്ങൾ, ഇ–വേസ്റ്റ്, സാനിട്ടറി എന്നിങ്ങനെ വിവിധയിനം മാലിന്യങ്ങളുടെ സംസ്കരണ–പുനഃചംക്രമണത്തിന് കൂടുതൽ നൂതന സംവിധാനങ്ങൾ സജ്ജമാക്കുകയും വേണം. l



