കേരളം ജലസമൃദ്ധമാണെങ്കിലും ഭാവിയിൽ ശുദ്ധജലക്ഷാമം നേരിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ജൽ ജീവൻ മിഷൻ, നാഷണൽ റൂറൽ ഡ്രിങ്കിങ് വാട്ടർ പ്രോഗ്രാം, അമൃത് എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികളും സംസ്ഥാന സർക്കാരിന്റെ മുൻകെെയിലുള്ള കുടിവെള്ള പദ്ധതികളും വാട്ടർ അതോറിറ്റി വഴിയാണ് നടപ്പാക്കുന്നത്. സ്റ്റേറ്റ് പ്ലാൻ, കിഫ് ബി, റീബിൽഡ് കേരള എന്നിവയാണ് സംസ്ഥാന സർക്കാരിന്റെ മുൻകയ്യിലുള്ള കുടിവെള്ള പദ്ധതികൾ.
കിഫ്ബി വഴി 5406 കോടി രൂപയുടെ 77 പ്രോജക്ടുകളാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. 2025 ആഗസ്ത് വരെ 3.45 ലക്ഷം ജനങ്ങൾക്കായി 200 കുടിവെള്ള പദ്ധതികൾ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്ക് വാട്ടർ അതോറിറ്റി കെെമാറിയിട്ടുണ്ട്. 1285 സ്കീമുകൾ പ്രാദേശിക സർക്കാരുകൾക്ക് കെെമാറിയെങ്കിലും സങ്കീർണമായ നിരവധി പ്രായോഗിക പ്രശ്നങ്ങൾ മൂലം അത് -ഫ-ലപ്രദമായി നടപ്പാക്കാനായിട്ടില്ല.
വെല്ലുവിളികൾ
കുടിവെള്ള മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ജലസ്രോതസ്സുകളുടെ ഗുണനിലവാരത്തകർച്ചയാണ്. മാലിന്യസംസ്കരണത്തിലെ അപാകതകൾ നേരിട്ടു ബാധിക്കുന്നത് കുടിവെള്ളത്തെയാണ്. നദികളിലേക്കും മറ്റു ജലസ്രോതസ്സുകളിലേക്കും മാലിന്യങ്ങൾ തള്ളുന്നത് വലിയ പ്രശ്നമാണ്. നിലവിലെ സ്രോതസ്സുകൾ സംരക്ഷിക്കുകയും ശുചീകരിക്കുകയും ചെയ്യേണ്ടത് കുടിവെള്ള സുരക്ഷ ഉറപ്പാക്കാൻ അനിവാര്യമാണ്.
ഉൽപ്പാദിപ്പിക്കപ്പെടുന്ന കുടിവെള്ളത്തിന്റെ 25 ശതമാനം ചോർച്ചയും മോഷണവും മൂലം നഷ്ടപ്പെടുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രതിവർഷം 400 കോടി രൂപയാണ് ഇതുമൂലം വാട്ടർ അതോറിറ്റിക്ക് നഷ്ടമാകുന്നത്.
പ്രതിമാസം 8.69 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി 15000 ലിറ്റർ കുടിവെള്ളം വാട്ടർ അതോറിറ്റി നൽകുന്നുണ്ട്. കൂടാതെ ഓരോ ലിറ്റർ വെള്ളത്തിനും ഏതാണ്ട് 5 രൂപ വീതം സബ്സിഡിയുമുണ്ട്.
615 കോടി രൂപയാണ് വാട്ടർ അതോറിറ്റിയുടെ പ്രതിവർഷ നഷ്ടം. സഞ്ചിത നഷ്ടം 6839 കോടി രൂപയാണ്. ഈ അവസ്ഥ മാറിയേ തീരു.
ഭാവി വികസന നിർദേശങ്ങൾ
വാട്ടർ അതോറിറ്റിയുടെ പ്രവർത്തനത്തിൽ സമൂലമായ അഴിച്ചുപണി അനിവാര്യമാണ്. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാൻ ജലജീവൻ മിഷനെയും അമൃത് പദ്ധതിയെയും ഉപയോഗിക്കണം.
സ്മാർട്ട് മീറ്ററുകളുടെ ഉപയോഗം, പമ്പ് ഹെെഡുകളുടെ ഓട്ടോമേഷൻ, പഴക്കം ചെന്ന പെെപ്പുകൾ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ നടപടികളിലൂടെ ജലച്ചോർച്ച 10 ശതമാനത്തിൽ താഴെയാക്കി കുറയ്ക്കാൻ നടപടികൾ സ്വീകരിക്കണം.
ജലമലിനീകരണം തടയാൻ ബോധവത്കരണവും ശക്തമായ നിയമനിർമാണവും നടത്തണം. ജലസ്രോതസ്സുകളുടെ ഗുണനിലവാര പരിശോധന നടത്താൻ സ്കൂൾ ലബോറട്ടറികളെ ഉപയോഗിക്കണം. അധ്യാപകരുടെയും വിദ്യാർഥികളുടെയും സേവനം അതിനായി തേടണം. ജലസ്രോതസുകൾ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും തൊഴിലുറപ്പ് പദ്ധതി സംവിധാനത്തെ പ്രയോജനപ്പെടുത്തണം.
കുടിവെള്ള പദ്ധതികൾ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണം. ജനങ്ങളുടെ പരാതികൾക്ക് പരിഹാരമുണ്ടാക്കാൻ ഓരോ കർമപരിപാടി ഓരോ കുടിവെള്ള പദ്ധതിക്കുമുണ്ടാകണം.
സംസ്ഥാനത്ത് ഇപ്പോഴും ഗണ്യമായ വീടുകളിൽ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് കിണറുകളെയാണ്. കിണറുകളും മറ്റു കുടിവെള്ള സ്രോതസ്സുകളും വൃത്തിയായി സൂക്ഷിക്കുന്നതിനും മഴക്കാലത്ത് റീചാർജ് ചെയ്യുന്നതിനും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കർമപരിപാടികൾ തയ്യാറാക്കണം.
കേരളത്തിൽ പ്രതിവർഷം 3000 മില്ലി ലിറ്റർ മഴ ലഭിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. മഴവെള്ള സംസ്കരണം ഒരു സംസ്കാരമായി മാറണം. പെയ്യുന്ന ജലം ഒഴുകിപ്പോകാതെ ഭൂമിയിലും കിണറുകളിലും നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം.
വാട്ടർ അതോറിറ്റിയിലെ ജീവനക്കാരുടെ പൂർണ സഹകരണത്തോടുകൂടി മാത്രമേ കുടിവെള്ള വിതരണ മേഖലയെ നവീകരിക്കാൻ സാധിക്കൂ. ഇതിന് ആരോഗ്യകരമായ തൊഴിൽ ബന്ധങ്ങൾ ഉറപ്പുവരുത്തണം; സാമൂഹ്യപ്രതിബദ്ധതയോടെ ജീവനക്കാർ പ്രവർത്തിക്കണം.
നമ്മുടെ നദികളെ വീണ്ടെടുത്തും മഴവെള്ളം ഫലപ്രദമായി സംരക്ഷിച്ചും ശാസ്ത്രീയമായ വിതരണ ശൃംഖലകൾ നിർമിച്ചും ഇച്ഛാശക്തിയോടെ പ്രവർത്തിച്ചാൽ ലോകത്തിലെ തന്നെ മികച്ച ജലസുരക്ഷാ മാതൃകയാക്കി കേരളത്തെ മാറ്റാൻ നമുക്കു സാധിക്കും. l



