Wednesday, March 4, 2026

ad

Homeകവര്‍സ്റ്റോറികേരളത്തിന്റെ
 ദാരിദ്ര്യ 
നിർമാർജനയജ്ഞം

കേരളത്തിന്റെ
 ദാരിദ്ര്യ 
നിർമാർജനയജ്ഞം

സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഇന്ത്യ നേരിട്ട കടുത്ത ജീവിത യാഥാർഥ്യം ദാരിദ്ര്യമായിരുന്നു. ജനസംഖ്യയുടെ 80 ശതമാനവും ദാരിദ്ര്യരേഖയ്ക്കു താഴെയായിരുന്നു. ദരിദ്രരുടെ എണ്ണം കുറയ്ക്കുന്നതിൽ ഇന്ത്യയുടെ പ്രകടനം മറ്റ് ഏഷ്യൻ രാജ്യങ്ങളെക്കാൾ വളരെ മോശമായിരുന്നു. ദാരിദ്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെയും പോലെ തന്നെയായിരുന്നു കേരളവും. കേരളത്തിന്റെ ദാരിദ്ര്യനിരക്ക് ദേശീയ ശരാശരിയായ 55 ശതമാനത്തേക്കാൾ ഉയർന്ന നിരക്കായ 59 ശതമാനമായിരുന്നു. മാത്രവുമല്ല, ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, രാജസ്താൻ, തമിഴ്നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ദാരിദ്ര്യ നിരക്കിനേക്കാൾ കൂടുതലുമായിരുന്നു. ഈ സ്ഥിതിയിൽനിന്നും വെറും മൂന്ന് ദശകങ്ങൾകൊണ്ട് കേരളത്തിന്റെ ദാരിദ്ര്യനിരക്ക് അഖിലേന്ത്യാ ശരാശരിയുടെ പകുതിയിൽ താഴെയാക്കി കൊണ്ടുവരാൻ കഴിഞ്ഞു. മാറി മാറി ഭരണത്തിൽ വന്ന ഇടതുപക്ഷ സർക്കാരുകളുടെ ഭാവനാപൂർണമായ ഇടപെടൽ ഇതിനു ശക്തിപകർന്നു എന്നതാണ് യാഥാർഥ്യം. അതേസമയം രാജ്യതലത്തിൽ ദാരിദ്ര്യരേഖ മാറ്റിവരച്ചുകൊണ്ട് കണക്കുകളിൽ ദരിദ്രരുടെ എണ്ണത്തെകുറച്ചുകാണിക്കാനുള്ള ശ്രമങ്ങളാണുണ്ടായത്. മോദി ഗവൺമെന്റ് 2018–19 മുതൽ, ദാരിദ്ര്യനിരക്കുകൾ പ്രതിഫ-ലിപ്പിക്കുന്ന നാഷണൽ സാമ്പിൾ സർവേ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതുതന്നെ അവസാനിപ്പിച്ചു. ആഗോളഏജൻസികൾ കൃത്യമായ രീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ലോക പട്ടിണി സൂചിക പോലെയുള്ള കണക്കുകളിൽ ഇന്ത്യയുടെ പ്രകടനവും റാങ്കും വളരെ പിന്നിലായിരിക്കുമ്പോഴും കേരളം രണ്ട് എൽഡിഎഫ് സർക്കാരുകൾക്കുകീഴിൽ കഴിഞ്ഞ 10 വർഷംകൊണ്ട് ദാരിദ്ര്യനിർമാർജനത്തിന്റെ കാര്യത്തിൽ അതിവേഗം കുതിക്കുകയായിരുന്നു.

കേരള മാതൃക
ഇ എം എസ് സർക്കാരിന്റെ കാലത്തു നടപ്പാക്കിയ ഭൂപരിഷ്കരണത്തിന്റെയും സാർവത്രിക വിദ്യാഭ്യാസത്തിന്റെയും ശക്തമായ അടിത്തറയാണ് കേരളത്തിലെ ദാരിദ്ര്യനിർമാർജനത്തിന് തുടക്കവും തുടർച്ചയും സാധ്യമാക്കിയത്. ഇതോടൊപ്പം എടുത്തുപറയേണ്ട ഘടനാപരമായ ഒരു മാറ്റമാണ് അധികാരവികേന്ദ്രീകരണവും കുടുംബശ്രീയുടെ ആവിർഭാവവും. ദാരിദ്ര്യം ഇല്ലാതാക്കുന്നതിന് ജനപങ്കാളിത്തത്തോടെ വിവിധ പ്രോജക്ടുകളുണ്ടായി. ആശ്രയ, അഗതിരഹിത കേരളം തുടങ്ങിയ ദാരിദ്ര്യലഘൂകരണ പദ്ധതികളും സാർവത്രിക റേഷനിങ്ങും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയും -ഫ-ലപ്രദമായി നടപ്പാക്കി. സർവതോമുഖവും സമഗ്രവുമായ വികസനത്തിനാണ് ഇടതുപക്ഷ സർക്കാർ ഊന്നൽ നൽകിയത്. 13ഉം (2017–22) 14 ഉം (2022–27) പഞ്ചവത്സര പദ്ധതികളുടെ സമീപനരേഖയിൽ ഒരാളെപ്പോലും അവഗണിക്കാതെയുള്ള വികസന പരിപ്രേക്ഷ്യമാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ചത്. 13–ാം പദ്ധതിയുടെ അവസാനത്തിൽ 2021ൽ തന്നെ അതിദാരിദ്ര്യം തുടർച്ചുനീക്കുന്നതിനുള്ള പദ്ധതികൾക്ക് തുടക്കമിട്ടിരുന്നു. മാത്രവുമല്ല വരുന്ന 5 വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ അതിദാരിദ്ര്യം പൂർണമായും തുടച്ചുനീക്കുകയെന്നത് 2021ൽ വീണ്ടും അധികാരത്തിൽവന്ന പിണറായി വിജയൻ സർക്കാരിന്റെ മുൻഗണനകളിലൊന്നുമായിരുന്നു.

അതീവ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള യജ്ഞം, ആരംഭിക്കുമ്പോൾ ‘അതീവദരിദ്രർ’ ആരെന്ന് കൃത്യമായി കണ്ടെത്തുകയെന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഓരോരുത്തരുടെയും സവിശേഷമായ പ്രശ്നങ്ങൾ മനസ്സിലാക്കി മെെക്രോ പ്ലാനിങ് നടത്തുന്ന രീതിയാണ് ആവശ്യമെന്നു കണ്ടെത്തി. അങ്ങനെ കണ്ടെത്തിയ 64,000 കുടുംബങ്ങളെ അവരുടെ ഓരോ പ്രശ്നത്തിനും പരിഹാരം കണ്ടെത്തിയതിലൂടെയാണ് കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കാൻ കഴിഞ്ഞത്.

തുടർപ്രക്രിയ അനിവാര്യം
ഇങ്ങനെ അതിദാരിദ്ര്യത്തിൽനിന്ന് കരകയറിയവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് വഴുതിപ്പോകാതിരിക്കാൻ നിരന്തരമായ മോണിറ്ററിങ് ആവശ്യമാണ്. അതിദാരിദ്ര്യ നിർമാർജനത്തിന്റെ വിജയപ്രഖ്യാപനത്തിനുശേഷവും ചില വിഭാഗങ്ങളെ വിട്ടുപോയി എന്ന ആക്ഷേപം ഉയർന്നുവന്നിട്ടുണ്ട്. അവരെയും കണ്ടെത്തി അതിദാരിദ്ര്യനിർമാർജനത്തിന്റെ തുടർപ്രക്രിയ ഉണ്ടാവണം. അതുകൊണ്ടുതന്നെ രണ്ടാം ഘട്ട പ്രവർത്തനം ആരംഭിക്കണം. ബഹുമുഖ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ ദാരിദ്ര്യത്തെ പുനർ നിർവചിക്കേണ്ടതുണ്ട്. വ്യക്തിഗത ഗുണഭോക്താക്കളുടെ പ്രശ്നങ്ങൾ വെവ്വേറെ പരിഹരിക്കുന്നതിനൊപ്പം കുടുംബങ്ങൾ കേന്ദ്രീകരിച്ചുള്ള ഇടപെടലുകൾ ശക്തിപ്പെടുത്തണം. ദാരിദ്ര്യനിർമാർജനത്തിനായുള്ള ജനകീയ ഓഡിറ്റിങ് സംവിധാനം ശക്തിപ്പെടുത്തണം. വാർഡടിസ്ഥാനത്തിൽ ദരിദ്രരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റർ സൂക്ഷിക്കുകയും ആരെങ്കിലും പുതിയതായി ദാരിദ്ര്യത്തിലേക്കു വീഴുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കുകയും വേണം. ബഹുമുഖ ദാരിദ്ര്യത്തെയടിസ്ഥാനപ്പെടുത്തിയുള്ള കേവല ദാരിദ്ര്യനിർമാർജന ലക്ഷ്യമാണ് ഇനി വേണ്ടത്.
കേവല ദാരിദ്ര്യനിർമാർജനത്തിൽ ലോകശ്രദ്ധ നേടിയ ചെെനയുടെ ‘ടാർഗറ്റഡ് പോവർട്ടി അലിവിയേഷൻ’ നമുക്ക് മാതൃകയാക്കാം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 − 2 =

Most Popular