ഇന്ന് കേരളം നേരിടുന്ന വികസന വെല്ലുവിളികളിൽ പ്രധാനമായത് വയോജന സംരക്ഷണത്തിന് സാമൂഹ്യപിന്തുണയോടുകൂടിയ ഒരു പദ്ധതിക്ക് രൂപം നൽകലാണ്. കേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ‘ജനസംഖ്യാപരമായ മാറ്റവും വയോജനങ്ങളുടെ വർധനവും’ ആണെന്ന് 1994ലെ പഠന കോൺഗ്രസ് വിലയിരുത്തിയിരുന്നു. കേരളത്തിന്റെ മെച്ചപ്പെട്ട ആരോഗ്യനിലവാരവും ഉയർന്ന ആയുർദെെർഘ്യവുമാണ് ഇതിനു കാരണം.
വയോജന നയം
വയോജനങ്ങളെ സമൂഹത്തിന്റെ ബാധ്യതയായി കാണാതെ അവരുടെ അനുഭവസമ്പത്തിനെ കൂടി പ്രയോജനപ്പെടുത്തി പുതിയൊരു വയോജന നയം രൂപീകരിക്കുന്നതിന് 2006–11 കാലത്തെ ഇടതുപക്ഷ സർക്കാർ മുൻകെെയടുത്തു. അതൊരു സുപ്രധാന വഴിത്തിരിവായിരുന്നു. വയോജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി വയോമിത്രം പരിപാടി ആരംഭിച്ചു. അസംഘടിത മേഖലയിലെ വയോജനങ്ങളുടെ സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്നതിനായി പെൻഷൻ തുക ഘട്ടംഘട്ടമായി 120 രൂപയിൽനിന്ന് 500 രൂപയായും പിന്നീടത് 2000 രൂപയിലേക്കും ഉയർത്തി. നിലവിൽ ഇത് വലിയൊരു താങ്ങായി മാറിയിരിക്കുന്നു. വയോസൗഹൃദ പഞ്ചായത്തുകൾ/നഗരസഭകൾ എന്ന ആശയത്തിലധിഷ്ഠിതമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ജീവിത സൗഖ്യം അവകാശം
2016–26 ലെ പിണറായി വിജയൻ സർക്കാർ മുതിർന്ന പൗരരുടെ ജീവിത സൗഖ്യത്തിനുള്ള സൗകര്യങ്ങൾ അവരുടെ അവകാശമെന്ന നിലയിൽ അത് ഉറപ്പുവരുത്താൻ ശ്രമിച്ചു. വാതിൽപ്പടി സേവനം പദ്ധതിയിലൂടെ പെൻഷൻ മസ്റ്ററിങ്, ലെെഫ് സർട്ടിഫിക്കറ്റ്, മരുന്നുകൾ എന്നിവ ആശാപ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും സഹായത്തോടെ വീട്ടിലെത്തിച്ചു. ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്കായി സംസ്ഥാനത്തുടനീളം നൂറിലധികം സായംപ്രഭ ഹോമുകളും പകൽവീടുകളും തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴി ആരംഭിച്ചു. ഒറ്റപ്പെടൽ അകറ്റുന്നതിനായി സല്ലാപം പദ്ധതി, 24 മണിക്കൂറും പ്രവർത്തിക്കുന്ന എൽഡർ ലെെൻ ടോൾ ഫ്രീ ഹെൽപ്പ് ലെെൻ എന്നിവയും ആരംഭിച്ചു. 2025ൽ ഇന്ത്യയിലാദ്യമായി സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിച്ചു. ഇതാദ്യമായി, ഒരു എൽഡർ ബജറ്റ് 2026–27 ലെ ബജറ്റിന്റെ ഭാഗമായി അവതരിപ്പിച്ചു. ചുരുക്കിപ്പറഞ്ഞാൽ, വയോജന സേവനങ്ങൾക്ക് അവകാശാധിഷ്ഠിത സമീപനം കൊണ്ടുവരാനും എല്ലാ വകുപ്പുകളിലൂടെയും ഈ രംഗത്തെ ഇടപെടലിന് തുടക്കം കുറിക്കാനും ഇടതുപക്ഷ സർക്കാരിനു കഴിഞ്ഞു.
പരിമിതികൾ ഭാവിപരിപാടികൾ
വയോജനങ്ങൾക്കായി വിപുലമായ പദ്ധതികൾ നിലവിലുണ്ടെങ്കിലും അവയുടെ ഗുണഫലം ആവശ്യമായ എല്ലാവരിലേക്കും എത്തുന്നില്ല എന്ന ഒരു പരിമിതിയുമുണ്ട്. അതൊരു പ്രശ്നമായിത്തന്നെ നിലനിൽക്കുന്നുണ്ട്. നയങ്ങളുടെയോ പദ്ധതികളുടെയോ അഭാവമല്ല ഇന്നുള്ളത്. മറിച്ച് അവയെ ഏകോപിതവും സുസ്ഥിരവുമായ ഒരു പരിപാലന രീതിയിലേക്ക് മാറ്റുക എന്നതാണ്. അതിനായി ഒരു ദീർഘകാല സംയോജിത പരിപാടിക്ക് രൂപം നൽകേണ്ടതുണ്ട്. വിട്ടുമാറാത്ത രോഗങ്ങളുടെ മാനേജ്മെന്റ്, മാനസികാരോഗ്യം, ഡിമെൻഷ്യ കെയർ, പുനരധിവാസം, ഭിന്നശേഷി സഹായം, പാലീയേറ്റിവ് കെയർ എന്നിവയെ വെവ്വേറെ കാണാതെ ഒരു തുടർച്ചയായ സേവനമായിക്കണ്ട് സംയോജിപ്പിക്കാനുള്ള നടപടി വേണം. ഇതിനായി ആരോഗ്യം, സാമൂഹികനീതി, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ ഒരു ഔദ്യോഗിക ഏകോപന സംവിധാനം ഉണ്ടാകേണ്ടതുണ്ട്. ഗുണഭോക്താക്കളുടെ പൊതു രജിസ്ട്രിയും ഡാറ്റാ സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കാൻ കഴിയണം. പരിചരണ സേവനം നൽകുന്നതിന് മികച്ച വെെദഗ്ധ്യ പരിശീലനം സിദ്ധിച്ച ഒരു കെയർ ഗിവിങ് വർക്ക് ഫോഴ്സിനെ വാർത്തെടുക്കണം. യൂണിയൻ സർക്കാർ തൊഴിലുറപ്പിൽ മാറ്റങ്ങൾ കൊണ്ടുവന്നത് വരുമാന നഷ്ടവും ഒറ്റപ്പെടലും തീവ്രമാക്കുമെന്നതിനാൽ അത്തരക്കാർക്ക് അനുയോജ്യമായ തൊഴിലവസരം ഉറപ്പാക്കണം. വയോജനങ്ങളെ, സജീവാവസ്ഥയിലുള്ളവരെയൊഴികെ, 4 വിഭാഗങ്ങളായി തിരിച്ച് ഒരു ഡിജിറ്റൽ ഗ്രിഡ് രജിസ്റ്റർ ചെയ്യുന്ന സംവിധാനം വേണം. വയോജന സൗഖ്യം ഉറപ്പാക്കുന്നതിന് ഒൗദ്യോഗിക സംവിധാനങ്ങൾക്കൊപ്പം പ്രത്യേക ഇടപെടൽ ആവശ്യമുള്ള ഇടങ്ങളിൽ സാമൂഹ്യ സംഘടനകളെയും സന്നദ്ധ സംഘടനകളെയും ഇടപെടുവിക്കണം. അയൽക്കൂട്ടങ്ങൾക്കും വലിയ പങ്കു വഹിക്കാനാകും. ഇത്തരത്തിൽ സംസ്ഥാന സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ, സാമൂഹ്യ–സന്നദ്ധ സംഘടനകൾ തുടങ്ങി എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് വയോജനങ്ങൾക്കായി ഒരു സമ്പൂർണ പരിപാലന സംവിധാനം സൃഷ്ടിക്കാൻ നമുക്ക് സാധിക്കണം. l



