കുടുംബശ്രീയുടെ സമഗ്രനവീകരണം പ്രാവർത്തികമാക്കാൻ 2006–2011 കാലഘട്ടത്തിൽ എൽഡിഎഫ് സർക്കാരിനു കഴിഞ്ഞു. കുടുംബശ്രീയുടെ സംഘടനാശാക്തീകരണം, സംരംഭ വികസനം, വിപണി വികസനം, ജൻഡർ സെൽഫ്-ലേണിങ് തുടങ്ങി വിവിധ മേഖലകളിൽ നടത്തിയ പ്രത്യേക ഇടപെടലുകൾ വഴി മികച്ച പുരോഗതി കെെവരിക്കാൻ കഴിഞ്ഞത് കുടുംബശ്രീയെ നാഷണൽ റിസോഴ്സ് ഓർഗനെെസേഷനായി ദേശീയ ഉപജീവന മിഷൻ അംഗീകരിക്കുന്നതിനിടയാക്കി. 33% ആയിരുന്ന തിരഞ്ഞെടുപ്പിലെ സ്ത്രീ സംവരണം 2010ൽ എൽഡിഎഫ് സർക്കാർ 50 ശതമാനമായി ഉയർത്തുന്നതിൽ കുടുംബശ്രീയുടെ നേതൃപരമായ ശേഷി വലിയ പ്രേരകഘടകമായി. കേരളത്തിലെ വലിയൊരു വിഭാഗം സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിൽ കുടുംബശ്രീ മുഖ്യ പങ്കുവഹിക്കുന്നു. അയൽക്കൂട്ടതലത്തിലുള്ള മെെക്രോഫിനാൻസ് പ്രവർത്തനങ്ങൾ ഇതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. പ്രാദേശിക സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മാത്രമല്ല, പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലും അതിന്റെ ഗുണഫലം സാധാരണ ജനങ്ങളിലെക്കെത്തിക്കുന്നതിലും കുടുംബശ്രീ മുഖ്യ പങ്കുവഹിക്കുന്നു. സർക്കാരിന്റെ അതിദാരിദ്ര്യം ഇല്ലാതാക്കൽ പദ്ധതിയുടെ മുഖ്യ ഏജൻസിയും കുടുംബശ്രീയാണ്.
കുടുംബശ്രീ അഭിമാനാർഹമായ നേട്ടങ്ങൾ കെെവരിച്ചെങ്കിലും കേവലം സാമ്പത്തിക പ്രവർത്തനത്തിലും മെെക്രോ-ഫിനാൻസിന്റെ നൂലാമാലകൾക്കുമപ്പുറം വേതനാധിഷ്ഠിത തൊഴിൽ രംഗത്തെ സാധ്യത വേണ്ടത്ര പ്രയോജനപ്പെടുത്താനായിട്ടില്ല. അതോടൊപ്പം ജൻഡർ അവബോധം ശക്തിപ്പെടുത്തേണ്ട കർമപരിപാടികളും ആവിഷ്കരിക്കേണ്ടതുണ്ട്. സ്ത്രീകൾക്കിടയിലെ വർധിച്ചുവരുന്ന തൊഴിലില്ലായ്മയെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടുള്ള സമഗ്ര പരിപാടിയാണ് കഴിഞ്ഞ 10 വർഷമായി എൽഡിഎഫ് സർക്കാർ പ്രവൃത്തിപഥത്തിലെത്തിച്ചത്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 50 ശതമാനമായി ഉയർത്തുന്നത് ലക്ഷ്യമിട്ട് വിജ്ഞാന കേരളവുമായി സഹകരിച്ച് തൊഴിൽ മേളകൾ സംഘടിപ്പിക്കുകയും അർഹരായവർക്ക് ഹെെപ്പർ–ലോക്കൽ തൊഴിലുകൾക്കായുള്ള നെെപുണി പരിശീലനം നൽകുകയും ചെയ്തു. ഇതിന്റെ തുടർച്ച ആവശ്യമാണ്.
തൊഴിലവസരങ്ങളുടെ കുറവ്, നെെപുണ്യമില്ലാത്തത്, കുറഞ്ഞ വേതനം, തൊഴിലിലെ വിവേചനം, കുടുംബ ജോലികൾ, തൊഴിലിടങ്ങളിലെ സുരക്ഷ തുടങ്ങിയ പ്രശ്നങ്ങൾ നിലവിൽ പരിഹരിക്കപ്പെടേണ്ടതുണ്ട്. അതിനായി വിപുലമായ സാമൂഹ്യ ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്. നിലവിൽ കുടുംബശ്രീ മുൻകെെയെടുത്ത് നടപ്പാക്കുന്ന സ്വയംതൊഴിൽ സംരംഭങ്ങളായ വ്യവസായ യൂണിറ്റുകൾക്കുപുറമെ സേവന ശൃംഖലകളും ആരംഭിക്കാം. സേവന സംരംഭങ്ങൾക്കു പുറമെ നാട്ടിലുള്ള ചെറുതും വലുതുമായ സംരംഭങ്ങൾക്കാവശ്യമായ വേതനാധിഷ്ഠിതമായ തൊഴിലുകളിൽ സ്ത്രീകൾക്ക് പരിശീലനം നൽകുന്നു. അയൽക്കൂട്ടങ്ങൾ വഴി തൊഴിലാളികളെ കണ്ടെത്തി അവർക്ക് സംരംഭകർ ആവശ്യപ്പെടുന്ന പരിശീലനം തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും വിജ്ഞാന കേരളത്തിന്റെയും സഹായത്തോടെ കുടുംബശ്രീ നൽകിവരുന്നു. പരീക്ഷാണാടിസ്ഥാനത്തിൽ നടത്തിയ ഈ ഇടപെടൽ വിജയമായി.
ഭാവി ഇടപെടലുകൾ
കുടുംബശ്രീയുമായി ബന്ധപ്പെട്ടുള്ള നിലവിലെ ദൗർബല്യങ്ങളെ മറികടക്കാൻ അയൽക്കൂട്ട പ്രവർത്തനത്തിന്റെ പുനഃസംഘാടനം ആവശ്യമാണ്. മെെക്രോഫിനാൻസിനപ്പുറം തൊഴിൽ നൽകലും സാമൂഹ്യപിന്തുണ നൽകലും സുപ്രധാനമാണ്. ഇതിന്റെ ഭാഗമായാണ് എല്ലാ അയൽക്കൂട്ടങ്ങളിലും ജൻഡറും തൊഴിലും സംബന്ധിച്ച് ക്ലാസുകൾ നടത്താനുള്ള ചുമതല ‘ഉയരെ’ കാമ്പെയ്ൻ ഏറ്റെടുത്തിട്ടുള്ളത്. കുടുംബശ്രീയുടെ ജൻഡർ കാമ്പെയ്ൻ സംഘടനാശാക്തീകരണം, സംരംഭ തൊഴിൽ വികസനപരിപാടികൾ, സാമൂഹ്യവികസന പരിപാടികൾ എന്നിവയുമായി സംയോജിപ്പിച്ചു നടത്തണം. തൊഴിലെടുക്കുന്ന സ്ത്രീകൾക്കാവശ്യമായ സാമൂഹ്യപിന്തുണ ഉറപ്പുവരുത്തണമെങ്കിൽ കുടുംബശ്രീക്കുള്ളിലും സമൂഹത്തിലും ജൻഡർ കാമ്പെയ്ൻ ആവശ്യമാണ്. സ്ത്രീകളുടെ സാമൂഹ്യ സാന്നിധ്യം വർധിച്ചിട്ടുണ്ടെങ്കിലും വിശ്വാസങ്ങളുടെ പേരിൽ പലപ്പോഴും പിന്തിരിപ്പൻ ആശയങ്ങൾ സ്ത്രീകൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിൽ സ്ത്രീകൾ നിരന്തരം ഇടപെടുന്ന സാംസ്കാരിക ഇടങ്ങളും ജനാധിപത്യ സംവിധാനത്തിലൂന്നിക്കൊണ്ടുള്ള മതേതര ഇടങ്ങളും വളർത്തിക്കൊണ്ടു വരേണ്ടതുണ്ട്. നഗരസഭകൾ, ത്രിതല പഞ്ചായത്ത് തുടങ്ങി എല്ലാ സർക്കാർ സംവിധാനങ്ങളുടെയും സ്കീമുകളുടെയും പദ്ധതികളുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തി, പരമാവധി സംയോജിത പരിപാടികൾ നടപ്പാക്കുന്ന തരത്തിൽ കുടുംബശ്രീ മിഷൻ പ്രവർത്തനം നവീകരിക്കണം. l



