നവ കേരള നിർമിതിയിൽ ഒഴിച്ചുകൂടാനാകാത്ത മുൻഗണനാവിഷയമാണ് കേരള സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന ലിംഗപരമായ അസമത്വവും വിവേചനങ്ങളും. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഭൗതിക വികസന നേട്ടങ്ങൾ നാം കൈവരിച്ചെങ്കിലും അതിനനുസൃതമായ സാമൂഹ്യ സാമ്പത്തിക നേതൃപരമായ നിലകളിൽ സ്ത്രീകൾ എത്തിച്ചേരാൻ അനുകൂലമായ പശ്ചാത്തലം ഉണ്ടാകേണ്ടതുണ്ട്. കേരളത്തിൽ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് (11.6%) പുരുഷന്മാരുടെ തൊഴിലായ്മ നിരക്കിനേക്കാൾ (4.4%) വളരെ ഉയർന്നതാണ്. വിദ്യാഭ്യാസ യോഗ്യതയിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ ഒട്ടും പിന്നിലല്ലാതിരുന്നിട്ടും സ്ത്രീകളുടെ തൊഴിലില്ലായ്മ ഉയർന്നു തന്നെയിരിക്കുന്നതിന്റെ സാമൂഹ്യ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കേണ്ടതുണ്ട്.
വീടിനടുത്ത് തൊഴിൽ
സ്ത്രീകൾ ഏറ്റെടുക്കേണ്ടതായി വരുന്ന ഗാർഗിക ചുമതലകളും ദൂരസ്ഥലത്തേക്ക് ജോലിക്കു പോകാൻ പറ്റാത്തതും വിവാഹംമൂലം കരിയർ ബ്രേക്ക് ഉണ്ടാകുന്നതും സ്ത്രീകളുടെ തൊഴിലില്ലായ്മയ്ക്കുകാരണമാകുന്ന പ്രധാന ഘടകങ്ങളാണ്. 2021 – 22ലെ കേരള ബജറ്റ് പ്രകാരം, സജീവമായി തൊഴിൽ അന്വേഷിക്കുന്നവരോ കരിയർ ബ്രേക്കായി പോയവരോ ഉൾപ്പെടെ ഏകദേശം 4.7 ദശലക്ഷം വിദ്യാസമ്പന്നരായ സ്ത്രീകൾ തൊഴിൽ സേനയ്ക്കു പുറത്താണ്. നോളജ് ഇക്കോണമി മിഷൻ കരിയർ ബ്രേക്കായ സ്ത്രീകളെക്കുറിച്ച് നടത്തിയ സർവേയിൽ 57% പേരും ജോലി ഉപേക്ഷിക്കാനുണ്ടായ കാരണമായി പറഞ്ഞത് കുട്ടികളുടെ പരിചരണച്ചുമതല ഏൽക്കേണ്ടി വന്നതാണ്. ഇവരിൽ 96.5 ശതമാനം പേരും തിരിച്ച് ജോലിയിലേക്കു പോകാൻ ആഗ്രഹിക്കുന്നവരാണ്. ഇങ്ങനെയുള്ളവർക്ക് വീടിനടുത്ത് ജോലി ലഭിക്കണം. ജോലിലഭിച്ചാൽത്തന്നെ ഒരുപക്ഷേ ആ ജോലി നിർവഹിക്കുന്നതിനുവേണ്ട നൈപുണിയുണ്ടാവണമെന്നില്ല. അത് നൽകണം. ജോലിസ്ഥലത്തും പുറത്തുമുള്ള സുരക്ഷ ഉറപ്പാക്കണം. ഇതിനെല്ലാമുള്ള പരിപാടികളും നയങ്ങളും രൂപപ്പെടുത്തേണ്ടതുണ്ട്. തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്തുകയെന്നത് ലക്ഷ്യമായി കുടുംബശ്രീ ഏറ്റെടുത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നു. പ്രാദേശികമായി സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന സംരംഭങ്ങളിൽ തുടരാനാവശ്യമായ നൈപുണി പരിശീലനം നൽകുന്നതിനുള്ള ചുമതലയും കുടുംബശ്രീ ഏറ്റെടുത്തിട്ടുണ്ട്.
സ്ത്രീകളും ലിംഗവൈവിധ്യ ന്യൂനപക്ഷങ്ങളും ഉൽപാദനക്ഷമമായ തൊഴിലവസരങ്ങളിലും ഉപജീവനമാർഗങ്ങളിലും പ്രവേശിക്കുന്നത് വർധിപ്പിക്കുന്നതിന് മുൻഗണന നൽകണം. ഉയർന്നുവരുന്ന വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ ലിംഗപരമായ സ്വഭാവങ്ങളെക്കുറിച്ച് ശാസ്ത്രീയമായ വിശകലനം നടത്തി നിലവിലുള്ള സ്ത്രീ – പുരുഷ വേതന വിടവ് നികത്താനുള്ള നടപടികളുണ്ടാവണം. വീടിനു പുറത്തുപോയി വരുമാനദായകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽനിന്നും സ്ത്രീകളെ തടയുന്നത് കൂലിയില്ലാത്ത ഗാർഹികാധ്വാനവും നിലവിലെ പുരുഷാധിപത്യ സമൂഹം പിന്തുടരുന്ന സാമൂഹ്യ കീഴ്-വഴക്കങ്ങളുമാണ്. ഇത്തരം തടസ്സങ്ങൾ പരിഹരിക്കപ്പെടണം. അധ്വാനത്തിന് ആനുപാതികമായ കൂലി, വിശ്രമസമയം, വിനോദം, ആരോഗ്യം, സുരക്ഷ തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾക്ക് മുൻതൂക്കം നൽകണം.
ജൻഡർ ബജറ്റ്
വയോജന പരിപാലനം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമായി കാണാതെ, കിടപ്പുരോഗികളെ സംരക്ഷിക്കുന്നതിൽ സാമൂഹ്യ പിന്തുണ സന്നദ്ധ പാലിയേറ്റീവ് സംവിധാനത്തിലൂടെ നൽകണം. ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് ക്രൈം മാപ്പിങ് നടത്തണം. വികസന പദ്ധതികളിൽ സ്ത്രീ പരിഗണന വർധിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമെന്ന നിലയിൽ ജൻഡർ ബജറ്റിങ്ങിനെ ഇടതുസർക്കാരുകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ബജറ്റിനൊപ്പമുള്ള ജൻഡർ ബജറ്റ് സമഗ്രവും ഫലപ്രദവുമാക്കണം. വനിതാ കമ്മീഷനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. സ്ത്രീകൾക്കെതിരായ എല്ലാവിധ അതിക്രമങ്ങളെയും വിവേചനങ്ങളെയും തടയുന്നതിനുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതായിരിക്കണം നവകേരള നിർമിതിയിലെ ലിംഗനീതി വികസനത്തിന്റെ പ്രധാന അജൻഡ. l



