ഇന്ത്യയിൽ നിലനിന്ന ജാതിവ്യവസ്ഥയ്ക്കുകീഴിൽ സമ്പത്തിൽനിന്നും വിജ്ഞാനത്തിൽനിന്നും അകറ്റി നിർത്തപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരുമാണ് പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പട്ടികവിഭാഗങ്ങൾ സാമൂഹികക്ഷേമ സൂചികകളിൽ ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലാണ്. എന്നാൽ കേരളത്തിലെ തന്നെ ഇതര സമുദായ വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഇവർ ഏറെ പിന്നിലാണുതാനും. ഈ സ്ഥിതി മാറ്റേണ്ടതുണ്ട്.
അതിന് വിശദമായ പഠനം അനിവാര്യമാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2019ൽ നടത്തിയ ‘‘കേരള പഠനം 2.0’’ എന്ന വിശകലനമാണ് പട്ടികവിഭാഗങ്ങളുടെ സാമൂഹ്യ പിന്നോക്കാവസ്ഥ സംബന്ധിച്ച് ലഭ്യമായ ഏറ്റവും പുതിയ വിവരസ്രോതസ്സ്. വരുമാനം, ജീവിതനിലവാരം തുടങ്ങിയ ഘടകങ്ങളിൽ കേരളത്തിലെ പൊതുസ്ഥിതിയും പട്ടികവിഭാഗങ്ങളുടെ സ്ഥിതിയും താരതമ്യ പഠനത്തിന് വിധേയമാക്കാൻ ഈ വിശകലനം സഹായകരമാകും. വരുമാനം, സാമ്പത്തിക നില, സ്ത്രീകളുടെ അവസ്ഥ, തൊഴിൽ എന്നിങ്ങനെയുള്ള ഘടകങ്ങളിൽ പട്ടികവിഭാഗങ്ങൾ എത്രമാത്രം പിന്നോക്കാവസ്ഥയിലാണ് എന്ന് ഈ പഠനം വ്യക്തമാക്കുന്നുണ്ട്.
ഈ പിന്നാക്കാവസ്ഥയുടെ മുഖ്യകാരണം ചരിത്രപരമാണ്. ഇതുവരെയുള്ള സാമൂഹിക പ്രസ്ഥാനങ്ങൾക്കോ വികസനമുന്നേറ്റങ്ങൾക്കോ അതിനെ മറികടക്കാനായിട്ടില്ല. ശക്തമായ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ കേരളത്തിൽ ദളിതർക്കിടയിലും ഉയർന്നുവന്നിരുന്നു. പിന്നീടുയർന്നുവന്ന കർഷകത്തൊഴിലാളി പ്രസ്ഥാനം ദളിതരുടെ അവകാശങ്ങൾ ശക്തമായി ഉയർത്തി. പക്ഷേ, സംസ്ഥാനത്തെ സാമൂഹിക മുന്നേറ്റത്തിൽ നിർണായക പങ്കു വഹിച്ച ഭൂപരിഷ്കരണത്തിന്റെ -ഫലം ഏറ്റവും കുറച്ച് ലഭിച്ച വിഭാഗങ്ങളായി ആദിവാസി, ദളിത് വിഭാഗങ്ങൾ മാറി. 1957ലെ ഭൂപരിഷ്കരണ നിയമം അട്ടിമറിക്കപ്പെട്ടതും പിന്നീടുവന്ന വലതുപക്ഷ സർക്കാരുകൾ മിച്ചഭൂമി ഇല്ലാതാക്കുന്നതിനുള്ള നിയമഭേദഗതികൾ സ്വീകരിച്ചതും ഭൂപരിഷ്കരണം സമഗ്രമായി നടപ്പാക്കുന്നതിന് വിലങ്ങുതടിയായി. കൂടാതെ, 1930 കൾ മുതൽ 70 കൾ വരെ നടന്ന കുടിയേറ്റം ആദിവാസി ഭൂമി വലിയ തോതിൽ നഷ്ടപ്പെടുന്നതിന് കാരണമായി.
നൂതന പദ്ധതികളുടെ 10 വർഷം
കഴിഞ്ഞ 10 വർഷത്തിനിടയിൽ, ആദിവാസി, ദളിത് വിഭാഗങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ച ഇടപെടലുകൾ പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് നിർണായക സ്വാധീനമായി.
പട്ടികവിഭാഗങ്ങളുടെ വികസനത്തിനായി അവരുടെ ജനസംഖ്യാനുപാതത്തേക്കാൾ കൂടിയ പദ്ധതിവിഹിതം 2016–2026 കാലത്ത് ഇടതുപക്ഷ സർക്കാർ കേരള ബജറ്റിൽ നീക്കിവെയ്ക്കുകയുണ്ടായി. വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതിവിഹിതത്തിന്റെ ഗണ്യമായൊരു ഭാഗം കെെമാറിയത് ഗുണകരമായി. ഭൂമി, ഭവനം, വിദ്യാഭ്യാസം, തൊഴിൽ, നെെപുണി വികസനം, സംരംഭകത്വ വികസനം, ആരോഗ്യ സുരക്ഷ, സാമൂഹ്യശാക്തീകരണം എന്നിങ്ങനെ വിവിധ മേഖലകളിൽ നൂതനവും വെെവിധ്യവുമാർന്ന പദ്ധതികൾ പട്ടികജാതി – പട്ടികവർഗ വകുപ്പുകളും പ്രാദേശിക സർക്കാരുകളും നടപ്പാക്കിവരുന്നു. ഭൂമിയും, ലെെഫ് മിഷൻ വഴി പാർപ്പിടവും SAFE പദ്ധതിയിൽ പാർപ്പിട നവീകരണവും പൂർത്തീകരണവും കുട്ടികൾക്കുള്ള പഠനമുറിയും മില്ലറ്റ് വില്ലേജുമെല്ലാം ഉദാഹരണങ്ങളാണ്. മികച്ച നേട്ടങ്ങളാണ് ഇതുവഴി കെെവരിച്ചത്.
ഈ വിഭാഗങ്ങളുടെ അടിസ്ഥാന വികസനോപാധി പട്ടികജാതി ഉപപദ്ധതിയും പട്ടികവർഗ ഉപപദ്ധതിയുമാണ്. എന്നാൽ ഇത് വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയിൽ പഞ്ചവൽസര പദ്ധതി അവസാനിപ്പിച്ചതോടെ പട്ടികജാതി വികസനത്തിന് വകയിരുത്തുന്ന തുകയിൽ വലിയ ഇടിവ് സംഭവിച്ചു. എന്നാൽ കേരളത്തിൽ പദ്ധതിയുടെ പത്തിലേറെ ഭാഗംവരുന്ന തുക പട്ടികജാതി വിഭാഗത്തിനായി വകയിരുത്തുന്നുണ്ട്. വികേന്ദ്രീകൃത മാതൃകയിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾവഴി ഗുണഭോക്താക്കളുടെ പങ്കാളിത്തത്തോടെ ഈ തുക ഫലപ്രദമായി ചെലവഴിക്കാനായാൽ വലിയ പുരോഗതി നേടാനാകും. എന്നാൽ ആദിവാസി മേഖലയിൽ പദ്ധതി നടത്തിപ്പിന്റെ കാര്യത്തിൽ ഇന്നും നിലനിൽക്കുന്ന ഗുരുതരമായ അവസ്ഥാവിശേഷം വികേന്ദ്രീകരണത്തിന്റെ കൂടി ദൗർബല്യത്തിന്റെ ഭാഗമാണ്. ഇത് പരിഹാരമാക്കേണ്ടതുണ്ട്. അധികാരവികേന്ദ്രീകരണം മുന്നോട്ടുവെയ്ക്കുന്ന ജനാധിപത്യ ഇടം പൂർണ്ണമായും ഉപയോഗപ്പെടുത്തണം.
പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങളുടെ വികസനത്തിന് കഴിഞ്ഞ പത്തുവർഷമായി ഇടതുപക്ഷ സർക്കാർ സമഗ്രമായ ഇടപെടലുകൾ നടത്തുന്നുണ്ട്. ഇൗ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുതകുന്ന വികസന ഇടപെടലുകൾ സമഗ്രമായും സുതാര്യമായും നടപ്പാക്കാനായാൽ വലിയ നേട്ടം കെെവരിക്കാനാകും. പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങളുടെ സമസ്ത ജീവിതമേഖലയിലും ഈ ഇടപെടലുകൾ അനിവാര്യമാണ്. l



