തൊഴിലാളി സംരക്ഷണവും പുതിയ തൊഴിൽ സംസ്കാരവും മുൻനിർത്തി 1957ലെ ഇഎംഎസ് സർക്കാർ കൈക്കൊണ്ട നയങ്ങളും നിയമനിർമാണങ്ങളും സംസ്ഥാനത്തെ തൊഴിലാളികളുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി. ട്രേഡ് യൂണിയനുകൾ രൂപീകരിക്കാനും സമരങ്ങൾ നടത്താനുമുള്ള അവകാശം തൊഴിലാളികൾക്ക് ലഭ്യമായി. ജീവിക്കാനാവശ്യമായ വേതനം എന്ന തത്വവും സർക്കാർ ഉയർത്തിപ്പിടിച്ചു. മിനിമം കൂലി, ജോലി സമയം ക്ലിപ്തപ്പെടുത്തൽ, ക്ഷേമ പദ്ധതികൾ, പൊതു അവധി, പ്രസവാനുകൂല്യം, തൊഴിൽ സുരക്ഷയും സംരക്ഷണവും എന്നിവ ഉറപ്പുവരുത്തുന്ന നിയമനിർമാണം യാഥാർഥ്യമായി. ഇങ്ങനെ തൊഴിലാളി സംരക്ഷണത്തിന് ശക്തവും ശാസ്ത്രീയവുമായ നയങ്ങളും നടപടികളും 1957ലെ സർക്കാരാണ് ആരംഭിച്ചത്. തുടർന്നുവന്ന ഇടതുപക്ഷ നേതൃത്വമുള്ള സർക്കാരുകൾ ഇതേ സമീപനം തുടർന്നു.
കേരളത്തിലെ വ്യാവസായിക ഘടന മാറിക്കൊണ്ടിരിക്കുകയാണ്. 1960 – 70 കാലഘട്ടത്തിൽ നെയ്ത്ത്, കയർ, കശുവണ്ടി തുടങ്ങിയ പരമ്പരാഗത മേഖലകളിലായിരുന്നു വ്യാവസായിക തൊഴിലാളികളിലധികവും ജോലിചെയ്തിരുന്നത്. ഒരു പ്രദേശത്തിന്റെ വ്യാവസായിക ഘടനയും സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളും ആ പ്രദേശത്തിന്റെ വ്യാവസായിക ബന്ധങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കേരളത്തിന്റെ പ്രത്യേകത, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ താരതമേ-്യന അസംഘടിതമായിരിക്കുന്ന ചെറുകിട മേഖലയിലേക്കുപോലും ട്രേഡ് യൂണിയൻ പ്രസ്ഥാനം വ്യാപിച്ചുവെന്നതാണ്. ഇത് രൂക്ഷമായ സംഘർഷങ്ങൾക്കും സമരങ്ങൾക്കും ഇടയാക്കി. ട്രേഡ് യൂണിയനുകളിൽ സംഘടിക്കുന്നവരുടെ എണ്ണം മറ്റു സംസ്ഥാനങ്ങളിലേതിനേക്കാൾ കൂടിയതുകൊണ്ട് സമരങ്ങളും നഷ്ടപ്പെടുന്ന തൊഴിൽ ദിനങ്ങളും കേരളത്തിൽ ദേശീയ ശരാശരിയേക്കാൾ അധികമായിരുന്നു.
1960കളുടെ തുടക്കം മുതൽ 1970കളുടെ പകുതി വരെ ഇന്ത്യയിൽ തൊഴിൽ സമരങ്ങൾ വളരെയധികമായിരുന്നു. 1980 കളോടുകൂടി ഇന്ത്യയിൽ സമരങ്ങൾ ഗണ്യമായി കുറയാൻ തുടങ്ങി; കേരളത്തിലും സമരങ്ങൾ കുറഞ്ഞു. 1990 കളോടെ കേരളത്തിൽ തൊഴിൽ സമരങ്ങളിൽ 95% ത്തോളം കുറവുണ്ടായി. കേരളത്തിലെ തൊഴിൽ തർക്കങ്ങളുടെ എണ്ണവും നഷ്ടപ്പെടുന്ന തൊഴിൽ ദിനങ്ങളുടെ എണ്ണവും ഗണ്യമായി കുറഞ്ഞുവെന്നു മാത്രമല്ല ദേശീയ ശരാശരിയോ അതിലും കുറവോ ആണിപ്പോൾ. എന്നിട്ടും കേരളവിരുദ്ധ പ്രചാരണം ഇപ്പോഴും തുടരുകയാണ്.
ഇന്ത്യയിലെ തൊഴിലാളികൾ ദീർഘകാലത്തെ സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളിൽ ഭൂരിഭാഗവും കേന്ദ്ര സർക്കാർ പുതിയ ലേബർ കോഡുകളിലൂടെ കവർന്നെടുക്കുകയാണ്. മൂലധന ഉടമകളുടെ ലാഭം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യം മാത്രമാണ് കേന്ദ്ര സർക്കാർ ലേബർ കോഡിലൂടെ ഉറപ്പാക്കുന്നത്. ഇതിനെതിരായ ബദൽ പരിപാടിയാണ് ഇടതുപക്ഷ സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. ഒപ്പം തന്നെ അനഭിലഷണീയമായ ചില പ്രവണതകൾ കേരളത്തിൽ തിരുത്തപ്പെടേണ്ടവയായുണ്ട്.
സാങ്കേതികവിദ്യ വികസിക്കുന്നതിനനുസരിച്ച് തൊഴിലാളികളുടെ നൈപുണ്യ വികസനം തുടർച്ചയായി നടക്കണം. ജോലിസ്ഥലം സ്ത്രീ സൗഹൃദമാക്കാൻ കർശന നിയമവ്യവസ്ഥകളുണ്ടാകണം.
സംസ്ഥാനത്ത് നടപ്പാക്കിയ തൊഴിലാളി ക്ഷേമ പദ്ധതികൾ രാജ്യത്തിനാകെ മാതൃകയാണ്. സംസ്ഥാനം നിക്ഷേപ സൗഹൃദമാണെന്ന ധാരണ വികസിച്ചിട്ടുണ്ട്. തൊഴിലാളികളുടെ താൽപര്യം സംരക്ഷിച്ചുകൊണ്ടുതന്നെ പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാൻ ട്രേഡ് യൂണിയനുകളും സർക്കാരും പ്രായോഗിക സമീപനം സ്വീകരിക്കണം. പുതിയ അനൗപചാരിക മേഖലകൾക്കുവേണ്ടി നിയമനിർമാണം അനിവാര്യമാണ്. പൊതുമേഖലയെ സംരക്ഷിക്കുന്ന സമീപനമാണ് ഇപ്പോൾ കേരള സർക്കാർ സ്വീകരിക്കുന്നത്. ഇതിനോട് പൂർണമായും സഹകരിക്കാൻ ട്രേഡ് യൂണിയനുകൾ തയ്യാറാകണം. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്കെതിരെ സംസ്ഥാനത്ത് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ നിലപാടെടുത്തിട്ടുണ്ട്. തൊഴിൽ വകുപ്പ് നവീകരിക്കുകയും വിപുലപ്പെടുത്തുകയും വേണം. l



