കേരളത്തിന്റെ വികസനത്തിൽ നിർണ്ണായക പങ്ക് പ്രവാസത്തിനുണ്ട്. 1980 കളുടെ അവസാനം മുതൽ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ കുതിപ്പുണ്ടായി. ഇതിനു മുഖ്യ കാരണം, ഗൾഫിലേക്കുള്ള കുടിയേറ്റവും അവിടെ നിന്നുള്ള വിദേശപണ വരുമാനവുമാണ്.
കുടിയേറ്റത്തിന്റെ എല്ലാ ഘട്ടങ്ങളെയും ഉൾക്കൊള്ളുന്ന സമഗ്രമായ സമീപനമാണ് കേരളത്തിന്റെ കുടിയേറ്റ ഭരണനിർവഹണത്തെ വേറിട്ടുനിർത്തുന്നത്. യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള പരിശീലനം, പ്രവാസകാലത്തെ നിയമപരവും സാമ്പത്തികവുമായ പിന്തുണ, തിരിച്ചെത്തുമ്പോഴുള്ള പുനഃസംയോജന പരിപാടികൾ എന്നിങ്ങനെയുള്ള സമഗ്രമായ പിന്തുണ നൽകുന്നതിനാണ് നോർക്കയും അനുബന്ധ സ്ഥാപനങ്ങളും വഴി കേരള സർക്കാർ ശ്രമിക്കുന്നത്. ഇവയുമായി ബന്ധപ്പെട്ടുള്ള എല്ലാ സ്കീമുകളിലും കഴിഞ്ഞ ദശാബ്ദത്തിൽ വലിയ മാറ്റമാണ് ഉണ്ടായത്. ലോക കേരളസഭ രൂപീകരിക്കുകയും അതിന്റെ 5 സമ്മേളനങ്ങളിലൂടെ ആഗോള പ്രവാസിസമൂഹത്തെ ചേർത്തു പിടിക്കുകയും ചെയ്തു.
കുടിയേറ്റ പ്രോത്സാഹനം
ആഗോളതലത്തിൽ വന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള കുടിയേറ്റം സമീപകാലത്ത് മന്ദീഭവിച്ചിരിക്കുകയാണ്. ഇതിനെ മറികടക്കുവാനുള്ള തന്ത്രങ്ങൾ കേരളം ആവിഷ്കരിക്കണം. കേരളത്തിൽ നിന്നുള്ള റിക്രൂട്ട്മെന്റിന് പ്രോത്സാഹനാർഥം എല്ലാ രജിസ്റ്റേർഡ് റിക്രൂട്ടിങ് ഏജൻസികൾക്കും വേണ്ടി പൊതുവായ മേളകൾ നോർക്കയും വിജ്ഞാനകേരളവും ചേർന്ന് സംഘടിപ്പിക്കണം. കൂടുതൽ ശ്രദ്ധ ഇനിമേൽ പാശ്ചാത്യ രാജ്യങ്ങൾക്ക് നൽകേണ്ടതുണ്ട്.
കേരളത്തിൽ പഠിച്ചാലും നല്ല വിദ്യാഭ്യാസവും അതോടൊപ്പം നല്ല ജോലിയും കിട്ടും എന്ന് ഉറപ്പുവരുത്തിയാലേ വിദ്യാർഥി കുടിയേറ്റത്തിനു കടിഞ്ഞാണിടാനാകൂ. സ്ത്രീ കുടിയേറ്റം കൂടുതൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട സുരക്ഷാ വെല്ലുവിളികളുണ്ട്.
നൈപുണി വികസനം
നൈപുണി പരിശീലനം വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കിക്കൊണ്ടും അതിനെ വ്യവസായങ്ങളുടെയും വിദേശരാജ്യങ്ങളുടെയും നൈപുണ്യ ആവശ്യങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടും വിദ്യാഭ്യാസ കാലത്തെ നൈപുണി ശക്തിപ്പെടുത്തണം. ഇതിനായി പ്രവാസികൾ അടക്കമുള്ള പ്രൊഫഷണലുകളെ മെന്റർമാർ എന്ന നിലയിൽ പങ്കാളികളാക്കിക്കൊണ്ടുള്ള അതിവിപുലമായ നൈപുണി ക്യാമ്പയിൻ അനിവാര്യമാണ്.
ക്ഷേമം
പുതിയ പ്രവാസി ക്ഷേമ പുനരധിവാസ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിനേക്കാൾ പ്രധാനം ഇന്നുള്ളവയെ കൂടുതൽ കാര്യക്ഷമമാക്കുകയും വിപുലപ്പെടുത്തുകയുമാണ് വേണ്ടത്. കേരളം നടപ്പിലാക്കിയ പ്രവാസി ക്ഷേമനിധിയും നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസും ലോകത്തിനുതന്നെ മാതൃകയാണെങ്കിലും, മാറുന്ന കാലത്തിനനുസരിച്ച് ഇവ കൂടുതൽ സാർവത്രികവും ആകർഷകവുമാക്കേണ്ടതുണ്ട്. മലയാളം മിഷന്റെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തണം.
നവകേരള നിർമ്മിതിയിൽ
പ്രവാസലോകത്ത് വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന കേരളീയർക്ക് വിജ്ഞാന സമൂഹ നിർമ്മിതിയിൽ വലിയ പങ്ക് വഹിക്കാൻ കഴിയും. പ്രവാസികളുടെ അനുഭവവും നൈപുണിയും പ്രവൃത്തിപരിചയവും കേരളത്തിന്റെ വികസനത്തിനും വിജ്ഞാന സമ്പദ്ഘടനയ്ക്കും സഹായകരമാകും. തിരിച്ചുവരുന്ന പ്രവാസികൾ ബാധ്യതയല്ല കേരളത്തിന്റെ സമ്പത്താണ്.
ഓവർസീസ് മൊബിലിറ്റി ബിൽ, 2025 എന്ന പേരിൽ പുതിയ കരട് ബില്ലിലെ അപകടങ്ങളിലേക്ക് ജാഗ്രത പുലർത്തേണ്ടതുണ്ട്. മറ്റെല്ലാത്തിലും എന്നപോലെ ഈ നിയമവും അധികാരങ്ങൾ കേന്ദ്ര സർക്കാരിൽ കേന്ദ്രീകരിക്കുകയാണ്. l



