ഒന്നാം പഠന കോൺഗ്രസ് (1994) കഴിഞ്ഞ് രണ്ട് പതിറ്റാണ്ടായപ്പോഴേക്കും ഇന്ത്യയിൽ ഭൂരിപക്ഷ മത സ്വത്വത്തിലൂന്നിയ സാംസ്കാരികാധിപത്യം രാഷ്ട്രീയ നയമായി സ്വീകരിച്ച ഒരു നവഫാസിസ്റ്റ് സർക്കാർ നിലവിൽ വന്നു. ഇത് നിലവിൽ വന്നിട്ടുതന്നെ ഇന്ന് ഒരു പതിറ്റാണ്ടിലേറെയായി. ഇന്ത്യയിൽ 90കളോടെ സംഭവിച്ച ആഗോളവത്കരണവും കോർപറേറ്റ്-വത്കരണവും വർഗീയവത്ക്കരണവും മറ്റു ധ്രുവീകരണങ്ങളുമൊക്കെയാണ് ഈ നവഫാസിസ്റ്റു വാഴ്ചയ്ക്ക് ഇടയാക്കിയത്. ഇന്ന് സംസ്കാരവും ഒരു മൂലധന രൂപമോ വ്യവസായ രൂപമോ ആയിക്കഴിഞ്ഞതായാണ് സാംസ്കാരിക പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് ഇന്ന് സാംസ്കാരിക ഇടപെടലുകളെക്കാൾ സംസ്കാരത്തിലുള്ള ഇടപെടലാണ് പ്രധാനം.
സാംസ്കാരിക ശക്തിയാകണം
ഇന്ന് വ്യാപകമായിട്ടുള്ള സമൂഹ മാധ്യമങ്ങൾതന്നെ കുത്തക മുതലാളിത്തത്തിന് യാതൊരു മറയുമില്ലാതെ മനുഷ്യചിന്തയെ നിയന്ത്രിക്കാനുള്ള ഉപകരണമായി മാറിയിരിക്കുന്നു. ഒരു കെെവിരലിലെണ്ണാവുന്നത്ര അമേരിക്കൻ കുത്തക കമ്പനികളാണ് ഇന്ന് മനുഷ്യരുടെ ആശയവിനിമയോപാധികളെയാകെ നിയന്ത്രിക്കുന്നത്. നിർമിതബുദ്ധിയുടെ വികാസത്തെയും ഇതിനായി ഉപയോഗിക്കുന്ന ജനങ്ങൾക്കുമേൽ പിടിമുറുക്കുന്ന ഇത്തരം ആശയങ്ങൾ ക്രമേണ ചാലകശേഷിയുള്ള സാംസ്കാരികശക്തിയായി മാറും. തിരുനാവായയിലെ മാമാങ്കത്തെ കുംഭമേളയാക്കി മാറ്റിയത് കേരളത്തിലുണ്ടാവുന്ന സാംസ്കാരിക അപചയത്തിന് ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ്. കേരളമിന്ന് നവോത്ഥാന പാതയിൽനിന്നുള്ള ഒരു പിൻനടത്തത്തിലാണ്. ഇതിനെതിരെ ഒരു പ്രതിസംസ്കാരം രൂപപ്പെടുത്തിയേ പറ്റൂ. സാംസ്കാരിക രംഗം നിർണായകമായ സമരമുഖമായിരിക്കുന്നു. ഇതിന് സാംസ്കാരികപ്രവർത്തകർ മാത്രം ഇടപെട്ടാൽ പോര, മറിച്ച് എല്ലാവരും സാംസ്കാരിക പ്രവർത്തരാകണം.
ജാതി മത വിവേചനത്തെ നിരന്തരം ഫലപ്രദമായി ചോദ്യം ചെയ്യുന്നതിനൊപ്പം സ്വത്വരാഷ്ട്രീയത്തിന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ് തിരുത്താനും കഴിയണം. നമ്മുടെ ജൻഡർ ബന്ധങ്ങളെ ജനാധിപത്യവത്ക്കരിക്കണം.
ഗ്രന്ഥശാലാ പ്രസ്ഥാനം
സവിശേഷമായ ജനകീയാടിത്തറയുള്ള സാംസ്കാരിക കൂട്ടായ്മയാണ് കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം. സമർഥരായ ചെറുപ്പക്കാരുടെ സാമൂഹ്യബോധവും വ്യവസ്ഥാവിമർശനവും പ്രയോജനകരമായി വഴിതിരിച്ചുവിടാൻ ഗ്രന്ഥശാലാപ്രസ്ഥാനം സഹായകമാകേണ്ടതാണ്. വിവര സാങ്കേതികവിദ്യ, നവമാധ്യമങ്ങൾ എന്നിവയുടെ അനന്ത സാധ്യതകൾ ഇതിനായി പ്രയോജനപ്പെടുത്തേണ്ടതാണ്. ഗ്രന്ഥശാലാ നിയമത്തിൽ ഇതിനായി വേണ്ട ഭേദഗതികൾ വരുത്തേണ്ടതാണ്. ആഴ്ചയിൽ ഒരിക്കൽ 25 പേർ പങ്കെടുക്കുന്ന പുസ്തക ചർച്ചകൾ ഗ്രന്ഥശാലകളിൽ സംഘടിപ്പിക്കുന്നതിനുവേണ്ട പശ്ചാത്തല സൗകര്യങ്ങളൊരുക്കണം. ഗ്രന്ഥാശാലാ പ്രസ്ഥാനത്തിന്റെ സുവർണ നാളുകളിൽ വായിക്കാനുള്ള ഒരിടം എന്നതിലുപരി ശക്തമായ സാംസ്കാരിക ഇടപെടലിനും ഇടം കൂടിയായിരുന്നു അവ. നാം കെെവരിച്ച ഈ മുന്നേറ്റം വിവരസാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പുനരാവിഷ്കരിക്കണം.
വെല്ലുവിളികളും സാധ്യതകളും
നമ്മുടെ അക്കാദമികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പുതിയ ഭാവുകത്വത്തോടുകൂടി സംവദിക്കാൻ അവയ്ക്കു കഴിയുന്നില്ലയെന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതികളാകണം യഥാർഥത്തിൽ അവയുടെ ഭരണം നടത്തേണ്ടത്. കേരള സംഗീത നാടക അക്കാദമി ഡോക്യുമെന്റേഷൻ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. സാഹിത്യ അക്കാദമിയെ കേന്ദ്ര സാഹിത്യ അക്കാദമി രൂപീകരിച്ച രീതിയിൽ പുനഃസംഘടിപ്പിക്കണം. സ്വതന്ത്രമായ വിഭവസമാഹരണത്തിന് സ്വാതന്ത്ര്യമുണ്ടാകണം.
ഗവൺമെന്റ് നേരിട്ടു നടത്തുന്ന പ്രസിദ്ധീകരണ സ്ഥാപനങ്ങൾ അച്ചടിക്കുന്ന പുസ്തകങ്ങളുടെ വിപണനത്തിനു വേണ്ട സംവിധാനം കാര്യക്ഷമമാക്കണം. പഴയ കൃതികളുടെ പ്രസാധനവും ഏറ്റെടുക്കേണ്ടതാണ്.
കേരളത്തിൽ സൃഷ്ടിക്കപ്പെട്ട പൊതുമണ്ഡലം തകർന്നുപോകുന്നത് തിരിച്ചുപിടിക്കാൻ സാംസ്കാരിക ഇടനാഴികൾ രൂപപ്പെടുത്തണം. കൊച്ചി ബിനാലെ, ചലച്ചിത്രോത്സവം, ഇറ്റ്ഫോക്, നിശാഗന്ധി നൃത്തോത്സവം എന്നിവ മലയാള കലാരംഗത്തെ അടയാളപ്പെടുത്തലുകളാണ്. നവരാത്രി സംഗീതോത്സവത്തിന്റെ മാതൃകയിൽ അന്താരാഷ്ട്ര സംഗീതോത്സവം സംഘടിപ്പിക്കണം. കേരള സർക്കാർ നടത്തിയ കൾച്ചറൽ കോൺഗ്രസ് കൂടുതൽ വിപുലമായി തുടർന്നും നടത്തണം. കലാപഠനമാണ് മറ്റൊരു പ്രധാന മേഖല. ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണവും, പെെതൃക സംരക്ഷണം, പ്രാദേശിക കലാസമിതികളുടെ പുനരുജ്ജീവനം എന്നിവ ശ്രദ്ധിക്കപ്പെടേണ്ടതാണ്. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയാനുഭവങ്ങളുടെ പ്രതിഫലനം എന്ന നിലയിലും രാഷ്ട്രീയ ഇച്ഛാശക്തിയുടെ ആവിഷ്-ക്കാരമെന്ന നിലയിലും മാതൃഭാഷയിലൂന്നിയുള്ള വികസന സങ്കൽപ്പങ്ങൾക്ക് രൂപം നൽകണം. l



