ഒരു ഉൽപന്നത്തിന്റെ നിർമാണം മുതൽ അതിന്റെ ഉപയോഗം അവസാനിക്കുന്നതുവരെ പരിസ്ഥിതി സൗഹാർദത്തോടെയാണ് കെെകാര്യം ചെയ്യപ്പെടുന്നത് എന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം നിർമാതാക്കളിൽ നിക്ഷിപ്തമാക്കുന്ന നിയമാധിഷ്ഠിത സംവിധാനത്തെയാണ് Extended Producer Resposibility (EPR). ഇൗ കാഴ്ചപ്പാടനുസരിച്ചുള്ള ആശയം ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത് 2011ലെ ഇ – വെയിസ്റ്റ് (മാനേജ്മെന്റ് ആന്റ് ഹാൻഡിലിങ്) ചട്ടങ്ങൾ പ്രകാരമാണ്. പ്ലാസ്റ്റിക് പാക്കേജിങ്ങിന്റെ സുരക്ഷിതവും ശാസ്ത്രീയവുമായ നിർമാർജനം നിർമാതാക്കളിൽ നിക്ഷിപ്തമാക്കിയുള്ള ചട്ടങ്ങൾ 2016ൽ രൂപീകരിക്കപ്പെട്ടെങ്കിലും 2022ലാണ് ഇതു സംബന്ധിച്ച ചട്ടങ്ങൾ മാത്രമായി നിലവിൽവന്നത്.
സർക്കുലർ ഇക്കണോമി
ഉൽപാദകരുടെ സാമ്പത്തിക പിന്തുണയോടെ മാലിന്യശേഖരണവും സംസ്കരണവും നടത്തുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഫലപ്രദമായി സംയോജിപ്പിക്കാൻ ഇപിആർ സംവിധാനം വഴിയൊരുക്കുന്നു. മാലിന്യങ്ങളുടെ പുനരുപയോഗം, ശാസ്ത്രീയമായ മാലിന്യ നിർമാർജനം, പ്രകൃതി വിഭവ സംരക്ഷണം, മലിനീകരണ നിയന്ത്രണം എന്നീ ലക്ഷ്യങ്ങൾ ഒരേ സമയം കെെവരിക്കാൻ ഈ സംവിധാനം സഹായകമാണ്. മാലിന്യത്തെ മൂല്യമുള്ള വിഭവങ്ങളാക്കി മാറ്റുന്ന സർക്കുലർ ഇക്കോണമി എന്ന ആശയത്തെ ശക്തിപ്പെടുത്തുന്നതിലും ഇപിആർ നിർണായക പങ്കാണ് വഹിക്കുന്നത്.
നിയമലംഘനങ്ങൾക്കെതിരെ
പ്ലാസ്റ്റിക് പാക്കേജ് നിർമാതാക്കളും ഇറക്കുമതിക്കാരും ബ്രാൻഡ് ഉടമകളും ഇപിആർ ടാർജറ്റ് പാലിച്ചില്ലെങ്കിൽ അവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഈ നിയമംമൂലം സാധിക്കും. ഇ –വെയ്സ്റ്റ്, ബാറ്ററി മാലിന്യം ഉപയോഗിച്ചുള്ള എണ്ണ തുടങ്ങി മാലിന്യ വിഭാഗങ്ങളിലേക്കുകൂടി ഇപിആർ വ്യാപിപ്പിക്കപ്പെട്ടു. ഇന്ത്യയിൽ ബാറ്ററി മാലിന്യങ്ങൾ ശാസ്ത്രീയമായും പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത രീതിയിൽ കെെകാര്യം ചെയ്യുന്നതിന് ആവിഷ്കരിക്കപ്പെട്ട നിയമമാണ് ബാറ്ററി വേസ്റ്റ് മാനേജ്മെന്റ് റൂൾസ് 2022. ടയർ നിർമാതാക്കളും ഇറക്കുമതി ചെയ്യുന്നവരും വിപണിയിലെത്തിക്കുന്ന ടയറുകൾ ഉപയോഗിക്കപ്പെട്ടതിനുശേഷം അവ ശേഖരിക്കുന്നതിനും പുനരുപയോഗത്തിനും മറ്റുമുള്ള ഉത്തരവാദിത്വം ഇപിആർ അനുസരിച്ച് ഏറ്റെടുക്കണം. മാലിന്യ ടയറുകൾ പുനഃചംക്രമണത്തിലൂടെ ഉപകാരപ്രദമായ ഉൽപന്നങ്ങളാക്കുന്നതിന് നിയമം പ്രോത്സാഹനം നൽകുന്നു.
ഓയിൽ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിനും ശാസ്ത്രീയമായ മാനേജ്മെന്റ് സംവിധാനം ഉറപ്പാക്കുന്നതിനുംവേണ്ടി ഇപിആർ അടിസ്ഥാനമാക്കി ഒരു നിയമവ്യവസ്ഥ നടപ്പിലാക്കിയിട്ടുണ്ട്.
കേരളത്തിന്റെ മാലിന്യ മാനേജ്മെന്റ് സംവിധാനങ്ങളിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിർണായക പങ്കാണ് വഹിക്കുന്നത്. വിവിധ മാലിന്യങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കൃത്യമായി നടപ്പാക്കുന്നത് മലിനീകരണ നിയന്ത്രണ ബോർഡാണ്. അതിനായി ബോർഡ് കൃത്യമായി ഇൻസ്പെക്ഷനുകൾ നടത്തുന്നു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനും ബോർഡിന് ഒരു പരിധിവരെ സാധിക്കുന്നുണ്ട്.
2026ലെ ഖരമാലിന്യ പരിപാലന ചട്ടങ്ങൾ അനുസരിച്ച് ബൾക്ക് വേസ്റ്റ് ജനറേറ്റർ എന്ന വിഭാഗത്തിൽ വരുന്നവർക്ക് കർശനമായ നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്. പ്രതിദിനം 100 കിലോയിൽ കൂടുതൽ ഖരമാലിന്യം ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങൾ 20,000 ചതുരശ്ര കി. മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള സ്ഥാപനങ്ങൾ, 40000 ലിറ്ററോ അതിൽ കൂടുതലോ വെള്ളം പ്രതിദിനം ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ എന്നിവയെല്ലാം ബൾക്ക് വേസ്റ്റ് ജനറേറ്റർ എന്ന വിഭാഗത്തിൽപ്പെടും.
മാലിന്യം ഉറവിടത്തിൽ തന്നെ നാലായി തരംതിരിക്കണമെന്നത് പുതിയ നിയമം നിർബന്ധിതമാക്കുന്നു. ജെെവമാലിന്യം, അജെെവമാലിന്യം, സാനിറ്ററി മാലിന്യം, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള മാലിന്യങ്ങൾ എന്നിവയാണ് അവ.
ഇപിആർ നടപ്പാക്കുന്നതിന്റെ നേട്ടങ്ങൾ
ഉറവിടത്തിൽ തന്നെ സംസ്കരിക്കുക, ഓൺലെെൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക, മാലിന്യത്തിന്റെ അളവും സംസ്കരണരീതിയും റിപ്പോർട്ടു ചെയ്യുക എന്നിവയൊക്കെ ബൾക്ക് വേസ്റ്റ് ജനറേറ്റർമാരുടെ കടമയാണ്.
കേരളത്തിൽ ഇ പി ആർ നടപ്പാക്കുന്നതുവഴി ഉണ്ടാകുന്ന നേട്ടങ്ങൾ താഴെ പറയുന്നു: 1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം കുറയുന്നു. 2. ഹരിതകർമസേനകൾ ശാക്തീകരിക്കപ്പെടുന്നു. 3. സുസ്ഥിര വികസനവും വൃത്തിയുള്ള കേരളവും ഉറപ്പാക്കുന്നു. 4. സർക്കുലർ ഇക്കോണമി ശക്തിപ്പെടുന്നു. 5. ഉൽപന്ന രൂപകൽപ്പനയിൽ ഗുണപരമായ മാറ്റം ഉണ്ടാകുന്നു. l



