രാജ്യത്ത് നിലനിൽക്കുന്ന തൊഴിൽ നിയമങ്ങൾക്കും അത് നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനുള്ള നിയമനിർവഹണ സംവിധാനങ്ങൾക്കുമെതിരായ കടന്നാക്രമണങ്ങൾ നവലിബറൽ നയങ്ങളുടെ വരവോടെതന്നെ തുടങ്ങിയതാണ്. തൊഴിലാളിവർഗത്തിന്റെ ശക്തമായ ചെറുത്തുനിൽപ്പും പാർലമെന്റിനകത്തും പുറത്തും ഇടതുപക്ഷം നടത്തിയ കരുത്തുറ്റ പോരാട്ടങ്ങളുംമൂലം ഭരണവർഗത്തിന് കോർപ്പറേറ്റ് മൂലധനത്തിന്റെ ഇംഗിതമനുസരിച്ച് തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതാൻ കഴിയാതെ ആ നീക്കം നീണ്ടുപോവുകയാണുണ്ടായത്.
എന്നാൽ ഇടതുപക്ഷത്തിന്റെ പാർലമെന്ററി ശക്തിയിൽ ചോർച്ചയുണ്ടാവുകയും സംഘപരിവാറിന്റെ നേതൃത്വത്തിൽ നവഫാസിസ്റ്റുകൾ അധികാരത്തിലെത്തുകയും ചെയ്തതോടെ തൊഴിലാളിവർഗം സുദീർഘമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ കവർന്നെടുക്കാനുള്ള ഭരണവർഗത്തിന്റെ നീക്കങ്ങൾക്ക് ആക്കംകൂടി. 2020ൽ പ്രതിപക്ഷാംഗങ്ങളെ കൂട്ടത്തോടെ സസ്പെൻഡു ചെയ്ത് പുറത്താക്കിയശേഷം, ഒരു ചർച്ചയും കൂടാതെ നിലവിലുള്ള തൊഴിൽ നിയമങ്ങളെയാകെ പൊളിച്ചെഴുതുന്ന നാല് ലേബർ കോഡുകൾ പാസാക്കുകയാണുണ്ടായത്. പാർലമെന്റിൽ നിയമം പാസാക്കുന്നതിന് തടസ്സം നേരിട്ടപ്പോൾ മോദി സർക്കാർ ആദ്യം സംസ്ഥാനങ്ങളോട് അതനുസരിച്ചുള്ള നിയമനിർമാണത്തിന് ആവശ്യപ്പെട്ടിരുന്നു. കോർപ്പറേറ്റുകൾക്ക് അവസരമൊരുക്കാൻ അത്ര തിരക്കായിരുന്നു ഭരണവർഗത്തിന്. ആ ദൗത്യം ആദ്യം ഏറ്റെടുത്തത് രാജസ്താനിലെ അശോക് ഗെലോട്ടിന്റെ കോൺഗ്രസ് സർക്കാരായിരുന്നുവെന്നതും മറക്കാനാവില്ല.
ഇന്ത്യൻ തൊഴിലാളിവർഗം കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ഉൾപ്പെടെ പിന്തുണയോടെ ഒറ്റക്കെട്ടായി അതിനെ ചെറുത്തുതോൽപ്പിക്കാൻ സമരരംഗത്തണിനിരക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഈ ലക്കം വാരികയിൽ തൊഴിലാളിവിരുദ്ധ ലേബർ കോഡുകളെക്കുറിച്ച് കവർസ്റ്റോറി പ്രസിദ്ധീകരിക്കുന്നത്. പിണറായി വിജയൻ, എം എ ബേബി, വിജൂ കൃഷ്ണൻ, എ ആർ സിന്ധു, കരുമലയാൻ, വി ശിവൻകുട്ടി എന്നിവരുടെ ലേഖനങ്ങൾക്കുപുറമെ സിഐടിയു ഡൽഹി സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ ഒരു ലഘുലേഖയുടെ സംഗ്രഹവും ഈ വിഷയത്തെ സംബന്ധിച്ച സമഗ്രമായ അറിവ് നൽകുന്നതിന് സഹായകമാണ്.
ലേബർ കോഡുകൾ തൊഴിലാളികൾക്കുവേണ്ടിയുള്ളതാണെന്നും നിലവിലുള്ള കാലഹരണപ്പെട്ടതും സങ്കീർണവുമായ 29 തൊഴിൽ നിയമങ്ങളെ ലളിതമാക്കി നാല് കോഡുകളാക്കുകയാണ് ചെയ്തതെന്നുമുള്ള പ്രചാരണത്തിലൂടെ മാരകമായ ഈ നിയമങ്ങൾക്ക് സമ്മതി നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും യൂണിയൻ ഗവൺമെന്റും. തൊഴിലാളിവർഗം ചോരയും നീരുമൊഴുക്കി പൊരുതി നേടിയ തൊഴിൽ സമയം, മിനിമം വേതനം, തൊഴിൽ സുരക്ഷ, ക്ഷേമപദ്ധതികൾ, സംഘടിക്കാനുള്ള സ്വാതന്ത്ര്യം എന്നീ അവകാശങ്ങളെല്ലാം കവർന്നെടുക്കപ്പെടുകയാണ് ഈ കോഡുകളിലൂടെ. ചിരിച്ചുകൊണ്ട്, മെല്ലെ ചേർത്തുപിടിച്ച് കഴുത്തറുക്കുന്ന വാടകക്കൊലയാളിയുടെ ദൗത്യമാണ് കോർപ്പറേറ്റുകൾക്കുവേണ്ടി മോദി ഗവൺമെന്റ് ഏറ്റെടുത്തിരിക്കുന്നത്. ഈ കടന്നാക്രമണത്തെ ചെറുത്തുതോൽപ്പിക്കുന്നതിന് വസ്തുതകളെന്താണെന്ന് കൃത്യമായി ഓരോ തൊഴിലാളിയും അറിഞ്ഞിരിക്കേണ്ടതുണ്ട്. അവരെ അതിന് പ്രാപ്തരാക്കേണ്ട ബാധ്യത സംഘടനാ പ്രവർത്തകർക്കുമുണ്ട്. അതിനു സഹായകമായ വിധത്തിലാണ് ഞങ്ങൾ ചിന്തയുടെ ഈ ലക്കം തയ്യാറാക്കിയിരിക്കുന്നത്. l



