Thursday, January 29, 2026

ad

Homeകവര്‍സ്റ്റോറികേരളത്തിലെ ദാരിദ്ര്യനിർമാർജന 
പരിപാടിയിൽ നിന്നുള്ള സുപ്രധാന പാഠം

കേരളത്തിലെ ദാരിദ്ര്യനിർമാർജന 
പരിപാടിയിൽ നിന്നുള്ള സുപ്രധാന പാഠം

സുമംഗല ദാമോദരൻ (ഡയറക്ടർ, ജൻഡർ ആൻഡ് ഇക്കണോമിക്സ്, ഇന്റർനാഷണൽ
ഡെവലപ്മെന്റ് ഇക്കണോമിക്സ് അസോസിയേറ്റ്സ് (IDEAs)

കേരളം ‘‘അതിദാരിദ്ര്യം’’ തുടച്ചുമാറ്റിയ ഇന്ത്യയിലെ ആദ്യസംസ്ഥാനമായി മാറിയെന്ന് നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.

യൂണിയൻ ഗവൺമെന്റിന്റെ തിങ്ക്ടാങ്കായ നിതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യസൂചിക പ്രകാരം രാജ്യത്തെ ദേശീയ ശരാശരി ദാരിദ്ര്യം 14.95 ശതമാനമായിരിക്കെ കേരളത്തിൽ ഇത് 0.55 ശതമാനം മാത്രമാണ്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ദാരിദ്ര്യനിരക്ക് കേരളത്തിലാണെന്ന് 2023ൽ നിതി ആയോഗിന്റെ പ്രോഗ്രസ് റിവ്യൂ റിപ്പോർട്ട് പുറത്തുവന്ന് രണ്ടുവർഷം പിന്നിടുമ്പോഴാണ് കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുന്നത്.

ഒരു വികസ്വര രാജ്യത്ത് ദാരിദ്ര്യം കെെകാര്യം ചെയ്യുന്നതിൽ കേരളത്തിന്റെ പ്രഖ്യാപനം ഒരു വഴിത്തിരിവായി അംഗീകരിക്കപ്പെടുന്നു; എന്നാൽ അതിദരിദ്രരെ കണ്ടെത്തുന്നതിന് സ്വീകരിച്ച രീതിശാസ്ത്രവും അതിദാരിദ്ര്യത്തിനു നൽകിയ നിർവചനവും ശരിയല്ല എന്ന വിമർശനമുയർന്നു. ശരിക്കുമുള്ള ദാരിദ്ര്യ നിർമാർജന അജൻഡയെ സംബന്ധിച്ചിടത്തോളം ഒരു മുന്നേറ്റമാണോ ഇതെന്നതിനെക്കുറിച്ചും വിമർശനമുയർന്നു.

‘അതിദരിദ്രർ’ ആരെന്ന പദത്തിന്റെ കാര്യത്തിലും എങ്ങനെയാണ് അവരെ കണ്ടെത്തിയതെന്നതിലും അവരെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റാൻ കെെക്കൊണ്ട നടപടികളെന്താണെന്നുമുള്ള കാര്യങ്ങളിൽ കേരളത്തിന്റെ പ്രഖ്യാപനം എന്താണർഥമാക്കുന്നത്? ഇന്ന് മേൽക്കെെ നേടിയിട്ടുള്ള സമീപനത്തിനുള്ള ബദലായി ദാരിദ്ര്യത്തെ കേരളം കെെകാര്യം ചെയ്ത അനുഭവത്തെ ഏതു പരിധി വരെ കണക്കാക്കാനാവും? അതോ ചില വിമർശകർ പറയുന്നതുപോലെ, വെറുമൊരു ഭരണനിർവഹണപരമായ നടപടിയും പൊതുവെ അവ്യക്തമായ ഒരഭ്യാസപ്രകടനവുമാണോ?

ഇതു സംബന്ധിച്ച് ഉയർത്തിക്കാണിക്കേണ്ട നിരവധി പ്രധാന വശങ്ങളുണ്ട്.

ഒന്നാമത്തേത്, ഒഴിവാക്കപ്പെടുന്നതിന് പ്രത്യേക കാരണങ്ങളുള്ളതുകൊണ്ടു തന്നെ നിലവിലുള്ള ക്ഷേമപദ്ധതികളിലൊന്നും ഉൾപ്പെട്ടിട്ടില്ലാത്ത വ്യക്തികളും കുടുംബങ്ങളും ഉണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് ‘‘അതിദരിദ്രരെ’’ സംബന്ധിച്ച വിഷയം ഉയർന്നുവന്നത്; ഭവനരാഹിത്യം, മാനസികരോഗം, ജോലി ചെയ്യുന്ന പ്രായത്തിലുള്ള ഒരാളും ഇല്ലാതിരിക്കൽ, സമൂഹത്തിന്റെ അരികുകളിലേക്ക് അവരെ മാറ്റി നിർത്തുന്നതിനിടയാക്കിയ മറ്റു വശങ്ങൾ എന്നിങ്ങനെയുള്ളവയാണ് ആ പ്രത്യേക കാരണങ്ങൾ. പ്രത്യേകിച്ചും, യൂണിയൻ ഗവൺമെന്റിന്റെ അന്തേ-്യാ
ദയ അന്നയോജനയും കേരള സർക്കാരിന്റെ 2002ൽ ആരംഭിച്ച് 2016നു ശേഷം വിപുലപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്ത, അഗതികളായ കുടുംബങ്ങൾക്കു വേണ്ടിയുള്ള ആശ്രയ പദ്ധതിയും ബാധകമായവർക്കു പുറമേയുള്ളവരിലേക്ക് എത്തിച്ചേരുകയായിരുന്നു ലക്ഷ്യം.

ഏറ്റവും പുതിയ കണക്കുപ്രകാരം അന്തേ-്യാദയ അന്നയോജന –പദ്ധതിയ്ക്കർഹമായ 5.9 ലക്ഷം ആളുകളുണ്ട്; ആശ്രയപദ്ധതി ഒരു ലക്ഷം ആളുകൾക്ക് ബാധകമായിട്ടുള്ളതാണ്. മറ്റേത് ഇന്ത്യൻ സംസ്ഥാനത്തെക്കാളും ക്ഷേമപദ്ധതികൾ കൂടുതൽ ആളുകൾക്ക് ബാധകമാക്കിയിട്ടുള്ള (പലപ്പോഴും ഇത് അതിന്റെ പരമാവധിയിൽ എത്തിയിട്ടുമുണ്ട്). കേരളം പോലെയുള്ള ഒരു സമൂഹത്തിൽ ഇൗ വിഭാഗക്കാർ വിട്ടുപോയിട്ടുള്ളത് പരിഹരിക്കപ്പെടേണ്ട ഒരു പ്രത്യേക വെല്ലുവിളി തന്നെയാണ്.

വിവിധ സർക്കാർ ഏജൻസികളെ ഒന്നിച്ചുകൊണ്ടുവരുന്ന വ്യത്യസ്തമായ ഒരു രീതിയെ ആശ്രയിച്ച് അതിദരിദ്രരിലേക്ക് എത്തിച്ചേരാനുള്ള വിപുലമായ സംവിധാനം കെട്ടിപ്പടുക്കുന്നതിൽ കേരളത്തിന്റെ വിജയകരമായ അനുഭവം ശ്രദ്ധേയമാണ്. തദ്ദേശീയ സ്വയംഭരണസ്ഥാപനങ്ങൾക്കും അർഹരായ വ്യക്തികളെയും കുടുംബങ്ങളെയും നേരിട്ട് കണ്ടെത്തിയ പ്രവർത്തകരുടെ വലിയ സംഘങ്ങൾക്കുമൊപ്പം ആരോഗ്യം, പൊതുവിതരണം, ഉന്നതവിദ്യാഭ്യാസം, വനിത –ശിശു വികസനം എന്നിവ ഉൾപ്പെടെയുള്ള ഡിപ്പാർട്ടുമെന്റുകളും പുറമെ, കേരളത്തിലെ ദാരിദ്ര്യനിർമാർജന പരിപാടിയായ കുടുംബശ്രീസ്റ്റേറ്റ് മിഷനും ഉൾപ്പെടെയുള്ളവയെ ഒന്നിച്ചുനിർത്തിയാണ് ഇത് സാധ്യമാക്കിയത്.

ആരോഗ്യം, പട്ടിണി, വരുമാനമാർഗം ലഭ്യത ജീവിത സാഹചര്യങ്ങൾ എന്നിവയിലൂന്നിയുള്ള അതിദാരിദ്ര്യമെന്ന ജീവിതാനുഭവത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ ശ്രമിക്കുന്നതിനുള്ള സൂചികകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ നടപടി. ഈ പരിപാടി നടപ്പാക്കുന്ന പ്രദേശങ്ങളെക്കുറിച്ച് ആഴത്തിൽ അറിയാവുന്ന പ്രാദേശിക നിവാസികളെ ഉൾപ്പെടുത്തിയാണ് ഈ പ്രക്രിയ നടപ്പാക്കിയത്. 2018ലെ പ്രളയകാലവും കോവിഡ് –19 ലോക്ഡൗണും ഉൾപ്പെടെ ദീർഘകാലാനുഭവമുള്ള അസംഖ്യം ആരോഗ്യപ്രവർത്തകരുടെയും സാമൂഹ്യപ്രവർത്തകരുടെയും വളന്റിയർമാരുടെയും അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തിയാണ് ഇത് നിറവേറ്റിയത്.

ഇതിനുംപുറമെ, തെരഞ്ഞെടുക്കപ്പെട്ട ഓരോ ആളിനെയും സംബന്ധിച്ച വിശദാംശങ്ങൾ വെളിച്ചം വീശുന്നത് വ്യക്തികളും കുടുംബങ്ങളും ദാരിദ്ര്യത്തിൽ അകപ്പെട്ടതിന്റെയും തികച്ചും ദരിദ്രരായി തുടരുന്നതിന്റെയും ദരിദ്രാവസ്ഥയെ സംബന്ധിച്ച് സ്ഥാപനപരമായി അംഗീകരിക്കപ്പെട്ട നിലയിൽ പോലും എത്താതെ അതിനും അപ്പുറത്ത് പൂർണമായും സമൂഹത്തിന്റെ ഓരങ്ങളിൽപെട്ട് ജീവിക്കേണ്ടതായി വരുന്നതിന്റെയും കാരണങ്ങളിലേക്കാണ്.

രണ്ടാമത്തേത്, കണ്ടെത്തപ്പെട്ട ഓരോ കുടുംബത്തിനും വേണ്ടി, അതിനു പ്രത്യേകമായുള്ള ദുർബലതകൾ പരിഹരിക്കുന്നതിനുവേണ്ടി, വെവ്വേറെ മെെക്രോ പ്ലാനുകൾ ഈ ഓരോ കുടുംബവും ഉൾപ്പെടുന്ന പഞ്ചായത്ത് വികസിപ്പിച്ചിട്ടുണ്ട്; ആ കുടുംബത്തിന്റെ സവിശേഷമായ ജീവിതസാഹചര്യങ്ങൾക്കനുയോജ്യമായ നടപടികൾ രേഖപ്പെടുത്തുന്ന മെെക്രോ പ്ലാനുകളാണ് അവ.

ഉദാഹരണത്തിന്, ഹൃദയസംബന്ധിയായ പ്രശ്നങ്ങൾ നേരിടുന്ന ഒരാളും മാനസികരോഗ ചികിത്സ ആവശ്യമുള്ള അയാളുടെ ഭാര്യയും മകനും ഉൾപ്പെടുന്ന കുടുംബത്തിന്റെ കാര്യത്തിൽ അവർക്ക് ചികിത്സ നൽകുന്നതിനു പുറമേ, കേരള ലെെഫ് മിഷനുകീഴിൽ ഒരു വീടും ഉപജീവനത്തിനായി മൂന്ന് ആടുകളെ വാങ്ങാൻ 50,000 രൂപയും നൽകുകയുണ്ടായി.

മറ്റൊരു കേസിൽ, ഒരു സ്ത്രീയുടെ ഇടിഞ്ഞു പൊളിഞ്ഞ അവസ്ഥയിലായിരുന്ന വീട് പുനർനിർമിക്കുകയും അവർക്ക് ചെറിയൊരു പലവ്യഞ്ജനക്കട തുടങ്ങാൻ 60,000 രൂപ നൽകുകയും ചെയ്തു. മൂന്നാമതൊരു ഉദാഹരണം, കാഴ്ചയില്ലാത്ത, തെരുവിൽ പാട്ടുപാടി ഉപജീവനത്തിനുള്ള വഴിതേടുന്ന ദമ്പതിമാരുടേതാണ്; പെെതൃകമായി അവർക്കു കിട്ടേണ്ട ഭൂമിയിൽ അവർക്കുള്ള വിഹിതം ലഭ്യമാക്കുന്നതിനാണ് അവരെ സഹായിച്ചത്, വളരെ അകലെ എവിടെയോ പ്രവാസിയായി കഴിയുകയും അവരുമായുള്ള ബന്ധം അറ്റുപോവുകയും ചെയ്ത സഹോദരനെ കണ്ടെത്തി, ഭൂമി ഭാഗംവയ്ക്കാനും കെെമാറ്റം ചെയ്യാൻ അയാളുടെ സമ്മതം വാങ്ങി ആ സ്വത്ത് ഭാഗം വച്ചു. ആ ദമ്പതിമാർക്ക് ആ ഭൂമിയിൽ ലെെഫ് മിഷൻ പ്രകാരം വീട് നൽകുകയും അവരുടെ തൊഴിൽ തുടരാൻ സംഗീതോപകരണങ്ങൾ നൽകുകയും ചെയ്തു.

മൊത്തത്തിൽ, പ്രാദേശിക സ്വയംഭരണവകുപ്പിൽനിന്നുള്ള ഡാറ്റാപ്രകാരം 21,263 ആളുകൾക്ക് അവശ്യം വേണ്ട പ്രമാണരേഖകൾ നൽകി; 3913 കുടുംബങ്ങൾക്ക് വീടും 1338 കുടുംബങ്ങൾക്ക് സ്ഥലവും വീടും നൽകി. അതിനും പുറമെ, ഇടതടവില്ലാതെ ഭക്ഷ്യസാധനങ്ങൾ കിട്ടുന്നതിനുള്ള സംവിധാനം– ഭക്ഷ്യകിറ്റുകളും പാചകം ചെയ്ത ഭക്ഷണവും, വീടുകളുടെ അറ്റകുറ്റപ്പണികൾ, മരുന്നുകൾ ലഭ്യമാക്കൽ, അവയവം മാറ്റിവയ്ക്കൽ, പാലിയേറ്റീവ് കെയർ എന്നിവ ഉൾപ്പെടെ രോഗചികിത്സ, ഉപജീവനമാർഗം കണ്ടെത്താനുള്ള പിന്തുണ എന്നിവയെല്ലാം ഉൾപ്പെടുന്ന ഒരുകൂട്ടം നടപടികളാണ് ഈ ആളുകളെ അവരുടെ പരിതാപകരമായ അവസ്ഥയിൽനിന്ന് കരകയറ്റിയത്.

ഗുണഭോക്താക്കളിൽനിന്നുള്ള സാക്ഷ്യപത്രങ്ങളനുസരിച്ച് ഈ ഇടപെടലുകളൊന്നും തീരെ നിസ്സാരമല്ലെന്നു മാത്രമല്ല, തുച്ഛമായ സാമ്പത്തിക കെെമാറ്റങ്ങളെക്കാൾ വളരെ മികച്ചതുമാണ്. ഓരോ പ്രത്യേക കുടുംബത്തിലും കഠിനമായ നിരാലംബത സൃഷ്ടിച്ച സവിശേഷമായ സാഹചര്യത്തെയും പ്രക്രിയയെയും ശ്രദ്ധിച്ചാൽ അവർ അനുഭവിച്ച കഷ്ടപ്പാട് എത്രയും വേഗം പരിഹരിക്കുന്നതിനു വേണ്ട ബഹുമുഖമായ നടപടികൾ സർക്കാർ കെെക്കൊണ്ടതായി കാണാം. സ്ഥാപനപരമായ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഇതിൽ വിവിധ ഡിപ്പാർട്ടുമെന്റുകളുടെയും സ്കീമുകളുടെയും സ്റ്റേക് ഹോൾഡേഴ്സിന്റെയും ഒന്നിച്ചുള്ള ഇടപെടലും ഉൾപ്പെടുന്നതാണ് –പൊതുവെ സർക്കാർ സംവിധാനങ്ങളുടെ പതിവുരീതിയനുസരിച്ച് ബുദ്ധിമുട്ടേറിയ, അസാധ്യമെന്നു പോലും, കരുതപ്പെടുന്ന ഒരു ദൗത്യമാണിത്.

മൂന്നാമത്തേത്, ഇന്ത്യയിലെ ദാരിദ്ര്യത്തെ സംബന്ധിച്ച് ദീർഘകാലമായി നടക്കുന്ന സംവാദങ്ങളുടെ പശ്ചാത്തലത്തിൽ, പ്രത്യേകിച്ചും ദാരിദ്ര്യരേഖയുടെ അവ്യക്തമായ സ്വഭാവവുമായി ബന്ധപ്പെട്ട ദാരിദ്ര്യത്തിന്റെ ഘടനാപരമായ കാരണങ്ങളെ അവഗണിക്കുന്ന വെറും സ്ഥിതിവിവരക്കണക്കുകളിലേക്ക് ദാരിദ്ര്യനിർമാർജനത്തെചുരുക്കിക്കണ്ടും നടക്കുന്ന സംവാദങ്ങളുടെ പശ്ചാത്തലത്തിൽ, കേരളത്തിലെ അതിദാരിദ്ര്യ നിർമാർജന പ്രക്രിയ പൂർണമായും ഒഴിവാക്കപ്പെട്ടവരിലേക്ക് എത്തിച്ചേരാനുള്ള പ്രധാനപ്പെട്ട ഒരു നീക്കമായി നിൽക്കുന്നു; അതിദരിദ്രരായവരുടെ ആത്മാഭിമാനം വീണ്ടെടുക്കുകയും ചെയ്യുന്നു.
അസമത്വത്തിന്റെയും ദാരിദ്ര്യത്തിന്റെ ബഹുമുഖമായ സങ്കീർണതകളുടെയും അത് മാറാതെ തുടരുന്നതിന്റെയും അടിസ്ഥാനപരമായ പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിൽ പോലും ഈ പ്രതേ-്യക ഇടപെടലിലൂടെ അതിദാരിദ്ര്യത്തിന്റെ സാഹചര്യങ്ങൾ കണ്ടെത്താനുള്ള വ്യക്തമായ മാർഗം ചൂണ്ടിക്കാണിക്കുന്നുണ്ട്; അതിദാരിദ്ര്യം അനുഭവിക്കുന്നവരുടെ ആത്മാഭിമാനവും അന്തസ്സും വീണ്ടെടുക്കാൻ സാധ്യമായ മാർഗങ്ങളിലേക്ക് വിരൽചൂണ്ടുകയും ചെയ്യുന്നു.

വിമർശകർ ‘അതിദരിദ്രർ’ എന്ന പദപ്രയോഗത്തെ രൂക്ഷമായ ദാരിദ്ര്യം അനുഭവിക്കുന്ന വിഭാഗത്തോട് തുല്യതപ്പെടുത്തുന്നതിനെ ചോദ്യംചെയ്യുകയാണ്; രൂക്ഷമായ ദാരിദ്ര്യമെന്നത് അന്തേ-്യാദയ അന്നയോജനയിലൂടെ കെെകാര്യം ചെയ്യുന്ന, ഇപ്പോൾ നിലവിലുള്ള സ്ഥിതി വിവരപരമായി നിർവചിക്കപ്പെട്ടിട്ടുള്ള വിഭാഗമാണ് എന്നാണ് അവർ വാദിക്കുന്നത്. ‘‘തീവ്രദരിദ്രർ’’ എന്ന വിഭാഗത്തോട് ഒരു പരിധിവരെ ഒത്തുപോകുന്നതാണ് ആശ്രയപദ്ധതിയിലെ നിരാലംബതയെക്കുറിച്ചുള്ള നിർവചനം. 64,006 കുടുംബങ്ങൾ മാത്രമാണ് അതിദാരിദ്ര്യം അനുഭവിക്കുന്നതെന്നും അവരുടെ അവസ്ഥ പരിഹരിച്ചുവെന്നും പ്രഖ്യാപിക്കുന്നത് തീവ്രദാരിദ്ര്യം ഉന്മൂലനം ചെയ്യുന്നതു സംബന്ധിച്ച് അവ്യക്തത സൃഷ്ടിക്കുന്നുവെന്നും അത് ഭരണപരമായ അഭ്യാസവും പ്രചരണതന്ത്രവുമാണെന്നുമാണ് വിമർശകർ അഭിപ്രായപ്പെടുന്നത്.

നേരത്തെയുള്ള നിർവചനങ്ങളുമായി പൊരുത്തപ്പെടാത്തതും നിലവിലുള്ള ഇടപെടലുകൾക്കു വേണ്ടി ഉപയോഗപ്പെടുത്തിയിട്ടുള്ള വിഭാഗങ്ങളുമായ ‘‘തീവ്ര ദരിദ്രർ’’ എന്ന വിഭാഗത്തെ ‘‘അതിദരിദ്രരാ’’യി സ്വമേധയാ അടയാളപ്പെടുത്തുന്നത് നിശ്ചയമായും തിരുത്തേണ്ടതാണ്. അതിനുപുറമെ ‘‘അതിദരിദ്രർ’’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിഭാഗത്തിന്റെ എണ്ണം കണക്കാക്കിയിട്ടുള്ളതിൽ ഏതെങ്കിലും വിധത്തിലുള്ള അപാകതയുണ്ടായാൽ അതുപരിഹരിക്കുന്നതിന് ഇപ്പോൾ നടത്തിയ പ്രക്രിയ ആവർത്തിക്കുകയോ ഒറ്റത്തവണ ഇടപെടൽ എന്നതിനപ്പുറം അടുത്ത ചില വർഷങ്ങളിലേക്ക് കൂടി നീട്ടുകയോ ചെയ്യാവുന്നതാണ്.

ഇപ്പോഴത്തെ നടപടി ചൂണ്ടിക്കാണിക്കുന്നത് വിവിധ തരത്തിലുള്ള കഷ്ടപ്പാടുകൾ അനുഭവിക്കുന്ന, ഏറ്റവുമധികം ഓരങ്ങളിലേക്ക് തള്ളിനീക്കപ്പെട്ട, നയപരമായ പ്രക്രിയകളുടെ കണ്ണിൽപെടാത്ത ആളുകളെ കണ്ടെത്തുന്നതിൽ എൽഡിഎഫ് സർക്കാർ പ്രകടിപ്പിച്ച പ്രതിബദ്ധതയാണ്; സാമൂഹ്യപങ്കാളിത്തത്തിലൂടെയും സവിശേഷമായ പ്രാദേശികാവസ്ഥ മനസ്സിലാക്കിയുമാണ് ഇവരെ കണ്ടെത്തിയത്. ഇനിയുള്ള കാലത്ത് കൂടുതൽ സമഗ്രമായ ഇടപെടലുകളിലേക്ക് ഇതിനെ മാറ്റാൻ കഴിയുന്ന വിധം സ്ഥാപനപരമായ പ്രക്രിയകളിൽ ദാരിദ്ര്യത്തെ മനസ്സിലാക്കുന്നതിനുള്ള ഒരു സംവേദനക്ഷമത കൊണ്ടുവരുന്നുമുണ്ട്. l
(scrol.inൽ സുമംഗല ദാമോദരൻ എഴുതിയ Beyond Statistics: The more important lesson from Keralas Poverty eradication initiative എന്ന ലേഖനത്തിന്റെ പരിഭാഷ) 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × five =

Most Popular