കേരളത്തിലെ സവിശേഷതകളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരള വികസന മാതൃകയുടെ മറ്റൊരു ദൃഷ്ടാന്തം കൂടി നമ്മള്‍ ലോകത്തിനു മുമ്പാകെ ഉയര്‍ത്തിക്കാട്ടുകയാണ്. അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്ന ലക്ഷ്യത്തിലേക്ക് നമ്മള്‍ എത്തുകയാണ്.
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. നിതി ആയോഗിന്റെ 2021 ലെ മള്‍ട്ടി ഡൈമന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്സ് പ്രകാരം 0.7 ശതമാനം മാത്രമായിരുന്നു കേരളത്തിലെ ദാരിദ്ര്യത്തിന്റെ തോത്. സ്ഥിതിവിവര കണക്കുകളുടെ അളവുകോല്‍ പ്രകാരം നെഗ്ലിജിബിള്‍ ഫിഗര്‍ അഥവാ, അവഗണിക്കാവുന്നത് എന്നു പറയാവുന്ന ഒന്ന്. എന്നാല്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരാള്‍പോലും അവഗണിക്കപ്പെടേണ്ട വ്യക്തിയല്ല.
വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും, എല്ലാ വ്യക്തികളിലേക്കും എത്തിച്ചേരണം എന്നതാണ് എൽഡിഎഫ് ഗവൺമെന്റിന്റെ നിലപാട്. അതുകൊണ്ടുതന്നെ അതിദാരിദ്ര്യത്തെ കേരളത്തില്‍ നിന്നും തുടച്ചുനീക്കാനുള്ള ഒരു ബൃഹദ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടു. അതിദാരിദ്ര്യനിര്‍മാര്‍ജനം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള പാത സുഗമമാക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളാകെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ചയായി അധികാരത്തിലെത്തിയ ഈ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ എടുത്ത തീരുമാനങ്ങളില്‍ ഒന്നായിരുന്നു അതിദാരിദ്ര്യ നിര്‍മാര്‍ജനം. അതിന്റെ ഭാഗമായി അതിദരിദ്രരെ കണ്ടെത്തുന്നതിനായി 2021 ജൂലെെയില്‍ സര്‍വ്വേ നടപടികള്‍ ആരംഭിച്ചു. 64,006 കുടുംബങ്ങളിലായി 1,03,099 വ്യക്തികളെ അതിദരിദ്രരായി കണ്ടെത്തി. 2025 നവംബര്‍ ഒന്നിനു മുമ്പ് സംസ്ഥാനത്തെ അതിദാരിദ്ര്യത്തില്‍ നിന്നും മുക്തമാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്.
ഓരോ കുടുംബത്തിന്റെയും അവസ്ഥ പരിഗണിച്ച് മൈക്രോ പ്ലാനുകള്‍ രൂപീകരിച്ചു. ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല പരിപാടികളായി തരംതിരിച്ചാണ് മൈക്രോ പ്ലാനുകള്‍ നടപ്പാക്കിയത്. ഉടന്‍ നല്‍കാവുന്ന സേവനങ്ങളും ആനുകൂല്യങ്ങളും ഹ്രസ്വകാല പദ്ധതികളില്‍ ഉള്‍പ്പെടുത്തി. മൂന്നു മാസം മുതല്‍ രണ്ടു വര്‍ഷം വരെ സമയം വേണ്ടിവരുന്ന ഇടക്കാല പദ്ധതികള്‍ക്കും രൂപം നല്‍കി.
പ്രാഥമിക ഘട്ടത്തില്‍ തന്നെ എല്ലാവര്‍ക്കും ആവശ്യമായ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐ ഡി, ആരോഗ്യ ഇന്‍ഷുറന്‍സ്, ആധാര്‍ കാര്‍ഡ് എന്നിവ ഉള്‍പ്പെടെയുള്ള രേഖകളാണ് ലഭ്യമാക്കിയത്. അതോടൊപ്പം ഓരോ കുടുംബത്തിനും ആവശ്യമായ ഭക്ഷണവും ചികിത്സയും നല്‍കുവാനുള്ള നടപടികളും സ്വീകരിച്ചു. ഭക്ഷ്യക്കിറ്റുകള്‍ നല്‍കിയും കുടുംബശ്രീ മുഖേന പാചകം ചെയ്ത ഭക്ഷണം നല്‍കിയുമാണ് ഭക്ഷണലഭ്യത ഉറപ്പാക്കിയത്. ആരോഗ്യ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ചികിത്സയും മരുന്നും ഉറപ്പാക്കി. വരുമാനമില്ലാതെ കഷ്ടതയനുഭവിക്കുന്ന കുടുംബങ്ങള്‍ക്കു വേണ്ടി പ്രത്യേക വരുമാനദായക പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കി.
സുരക്ഷിതമായ പാര്‍പ്പിടം ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചു. 473 കോടി രൂപയാണ് അതിനായി ചെലവഴിച്ചത്. അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ഭൂരഹിതര്‍ക്ക് ഭൂമി കണ്ടെത്താനുള്ള നടപടികളും സ്വീകരിച്ചു. അത്തരത്തില്‍ 30 ഏക്കറോളം ഭൂമിയാണ് വിതരണത്തിനായി കണ്ടെത്തിയത്. അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഓരോ വകുപ്പും അവരവരുടേതായ സംഭാവന നല്‍കിയിട്ടുണ്ട്.
അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രക്രിയ ഒരു തുടര്‍പ്രവര്‍ത്തനമാണ്. 2025 നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി നമ്മള്‍ മാറുകയാണ്. അത് എക്കാലവും അങ്ങനെ തുടരേണ്ടതുണ്ട്. അതിനുതകുംവിധം എല്ലാ കുടുംബങ്ങള്‍ക്കും ജീവിതം കെട്ടിപ്പടുക്കുന്നതിനും ജീവനോപാധികള്‍ ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അവയെല്ലാം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാന്‍ പൊതുസമൂഹത്തിന്റെയാകെ പിന്തുണ ആവശ്യമാണ്. l



