‘‘എന്റെ ഏറ്റവും വലിയ ആശങ്ക ഇന്ത്യയിലെ ജനങ്ങളുടെ അജ്ഞതയും ദാരിദ്ര്യവുമാണ്’’: സേവാഗ്രാമത്തിൽ 1938ൽ സി. എഫ്. ആൻഡ്രൂസുമായി നടത്തിയ ഒരു സംഭാഷണത്തിൽ രാഷ്ട്രപിതാവ്- മഹാത്മാ ഗാന്ധി പറഞ്ഞ വാക്കുകളാണിവ. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് മോചനം തേടി നിന്ന ഇന്ത്യയിലെ അന്നത്തെ ജീവിത സാഹചര്യങ്ങൾ അടുത്തുനിന്ന് തൊട്ടറിഞ്ഞ ഗാന്ധിജിയുടെ ഈ വാക്കുകൾ സ്വതന്ത്ര ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും അടിസ്ഥാനപരമായ വികസന വെല്ലുവിളിയെ അടിവരയിട്ട് കാണിക്കുന്നതായിരുന്നു. ഇന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച്- 78 വർഷങ്ങൾ പിന്നിടുന്നു. പക്ഷേ, ഇന്നും ദാരിദ്ര്യം ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വികസന വെല്ലുവിളിയായി തുടരുന്നു. ലോകത്ത് അതിദാരിദ്ര്യം അനുഭവിക്കുന്ന ജനസംഖ്യയുടെ വലിയൊരു ശതമാനവും ഇന്ത്യയിലാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 33 ശതമാനം പേർക്കും പ്രതിദിന വരുമാനം 100രൂപയിൽ കുറവാണ്; 81 ശതമാനം പേർക്കും പ്രതിദിന വരുമാനം 200 രൂപയിൽ താഴെയാണ്. ലോകത്തെ ഏറ്റവും കൂടുതൽ നിരക്ഷരരെയും (ഏകദേശം 37 ശതമാനം) ഏറ്റവും കൂടുതൽ പോഷണക്കുറവ് അനുഭവപ്പെടുന്നവരെയും (ഏകദേശം 25 ശതമാനം) സൃഷ്ടിക്കുന്ന രാജ്യമെന്ന ‘ഖ്യാതി’ ഇന്ത്യക്കാണ്. ചുരുക്കത്തിൽ, സ്വതന്ത്ര ഇന്ത്യയുടെ എട്ട് ദശകങ്ങൾ നീണ്ട നയരൂപീകരണങ്ങളുടെയും നിർവഹണങ്ങളുടെയും ഏറ്റവും പ്രധാനമായ പരാജയം ദാരിദ്ര്യത്തെ തുടച്ചുനീക്കുന്നതിൽ വന്ന പരാജയമാണ്.
ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ
നാൾവഴികൾ
രണ്ട് പ്രധാനപ്പെട്ട വിഷയങ്ങളിൽ വ്യക്തത വരുത്തിക്കൊണ്ടു മാത്രമേ ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ ചരിത്രം പരിശോധിക്കാൻ കഴിയുകയുള്ളൂ. ഒന്ന്, എന്താണ് ദാരിദ്ര്യം? രണ്ട്, ദാരിദ്ര്യത്തെ എങ്ങനെ അളക്കും?
ദാരിദ്ര്യത്തിന് ഒരു ആഗോള നിർവചനം അസാധ്യമാണ്. കാരണം അതെപ്പോഴും ബഹു-മുഖവും വ്യക്തിനിഷ്ഠവുമായ ഒരു പ്രതിഭാസമാണ്. ചിലർ ദാരിദ്ര്യത്തെ വരുമാനത്തിന്റെ അപര്യാപ്തതയായി കണക്കാക്കുമ്പോൾ, മറ്റു ചിലർ ദാരിദ്ര്യത്തെ അടിസ്ഥാന ആവശ്യങ്ങളുടെ അഭാവമായി കണക്കാക്കുന്നു. അതായത് ഭക്ഷണം, വസ്ത്രം, ഭവനം എന്നിങ്ങനെയുള്ള അടിസ്ഥാന ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ. പിന്നെയും മറ്റു ചിലർ ദാരിദ്ര്യത്തെ കേവലമായല്ല, ആപേക്ഷികമായേ കാണാൻ സാധിക്കൂ എന്ന് വാദിക്കുന്നു. ഇങ്ങനെ പലവിധമായ നിർവചനങ്ങൾ ഉള്ളതിനാലും പല നിർവചനങ്ങൾക്കും അടിസ്ഥാനം വ്യക്തിനിഷ്ഠതയായതിനാലും സാമൂഹ്യ ശാസ്ത്രജ്ഞർക്കിടയിൽ ഇതുമായി ബന്ധപ്പെട്ട് പലവിധമായ സംവാദങ്ങൾ നടന്നിട്ടുണ്ട്. പല സംവാദങ്ങൾക്കുമൊടുവിൽ പല രാജ്യങ്ങളും എത്തിച്ചേർന്ന ഒരു തീരുമാനമിതാണ്: ദാരിദ്ര്യത്തെ എളുപ്പത്തിൽ അളക്കാവുന്നതും അത്രതന്നെ എളുപ്പത്തിൽ രണ്ട് പ്രദേശങ്ങളെ ഒരേ വർഷം താരതമ്യം ചെയ്യാവുന്നതും ഒരു പ്രദേശത്തെ തന്നെ രണ്ട് വർഷങ്ങൾക്കിടയിൽ താരതമ്യം ചെയ്യാവുന്നതുമായ തരത്തിൽ വേണം നിർവചിക്കാൻ. അങ്ങനെയാണ് ഭക്ഷണ ഉപഭോഗത്തെ ഒരു അടിസ്ഥാനമായി കണ്ടുകൊണ്ട് ദാരിദ്ര്യത്തെ നിർവചിക്കാൻ കഴിയുമോ എന്ന പരിശോധനകൾ ആരംഭിക്കുന്നത്. ഭക്ഷണം മാത്രമായി എടുക്കുന്നത് മറ്റു പ്രധാന ആവശ്യങ്ങളെ മാറ്റിനിർത്തുന്നു എന്ന വിമർശനം നിലനിൽക്കുമ്പോഴും ജീവിതത്തിനടിസ്ഥാനപരമായി വേണ്ട ഒരു പ്രധാന ഉപഭോഗം എന്ന നിലയിൽ ഭക്ഷണ ഉപഭോഗത്തെ ഒരു മിനിമം നിർവചനമായി എടുക്കാവുന്നതാണ് എന്നായിരുന്നു പൊതുവിലുള്ള ധാരണ. അങ്ങനെ ഒരു പ്രത്യേക അളവ് ഭക്ഷണം ഉപഭോഗം ചെയ്യുന്നതിനുള്ള വരുമാനം ജനങ്ങൾക്കുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നതായി മാറി ദാരിദ്ര്യത്തെ അളക്കുന്നതിന്റെ രീതിശാസ്ത്രം.
രണ്ടാമത്തെ വിഷയം ഈ അളക്കലിന്റെ രീതിശാസ്ത്രത്തിന്റെ വിവിധ മാനങ്ങളായിരുന്നു. ആദ്യത്തെ പ്രശ്നം ദാരിദ്ര്യം അളക്കുന്നതിനുവേണ്ട ദാരിദ്ര്യ രേഖ എവിടെ വരയ്ക്കണം എന്നതായിരുന്നു. 1962ൽ കേന്ദ്രസർക്കാരിന്റെ ഒരു വർക്കിങ് ഗ്രൂപ്പ് വളരെ വ്യത്യസ്തമായ ഒരു രീതിയായിരുന്നു തുടക്കത്തിൽ നിർദ്ദേശിച്ചത്. ഒരാൾക്ക് ഏറ്റവും മിനിമം ഉപഭോഗമായി വേണ്ട ഭക്ഷണം, വസ്ത്രം, ഭവനം, ഇന്ധനം, ആരോഗ്യപരിപാലന സേവനങ്ങൾ എന്നിവയ്ക്ക് ഒരു വില/തുക കണക്കാക്കി ആ വിലയെ/തുകയെ ദാരിദ്ര്യരേഖയായി കാണാം. അങ്ങനെ അഞ്ചു പേരുള്ള ഒരു കുടുംബത്തിന് 1960-–61ലെ വിലകളുടെ അടിസ്ഥാനത്തിൽ ഒരു മാസം 100 രൂപ വേണം എന്ന് കണക്കാക്കപ്പെട്ടു. വിദ്യാഭ്യാസ സേവനങ്ങൾ ഭരണകൂടം സൗജന്യമായി നൽകേണ്ടതാണ് എന്ന് ഭരണഘടനയിൽ ഉള്ളതിനാൽ അതിനുവേണ്ട തുകകൾ ഇതിലേക്ക് ചേർക്കപ്പെട്ടിരുന്നില്ല.
പക്ഷേ ഈ രീതിശാസ്ത്രത്തിൽ നിന്നും മാറി, ഭക്ഷണ ഉപഭോഗത്തിൽ മാത്രം കേന്ദ്രീകരിക്കുന്ന ഒരു പുതിയ രീതിശാസ്ത്രം 1970കളോടുകൂടി നിലവിൽ വന്നു. 1971ൽ പൂനെയിൽ നിന്നുള്ള പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരായിരുന്ന ഡോ വി. എം. ദാണ്ടേക്കർ, ഡോ നീലകണ്ഠ രഥ് എന്നിവർ ഒരു പ്രബന്ധം തയ്യാറാക്കി. അവരുടെ അഭിപ്രായത്തിൽ ഇന്ത്യയിൽ ഒരാൾക്ക് ഒരു ദിവസം വേണ്ടത് 2,250 കിലോ കലോറി ലഭിക്കുന്ന ഭക്ഷ്യവിഭവങ്ങൾ ആണ്. ഈ 2,250 കിലോ കലോറിക്കുള്ള ഭക്ഷ്യവിഭവങ്ങൾ വാങ്ങാനുള്ള ഏകദേശ തുക എത്രയെന്ന് കണക്കാക്കുകയും ജനസംഖ്യയിൽ എത്രപേർക്ക് അത്രയും തുക കയ്യിലുണ്ട് എന്ന് കണക്കാക്കുകയും ചെയ്യാം എന്ന് അവർ അഭിപ്രായപ്പെട്ടു. അങ്ങനെ അവർ ഒരാൾക്ക് ഒരു വർഷം ആവശ്യമായ തുക 1960-–61ലെ വിലകളുടെ അടിസ്ഥാനത്തിൽ ഏകദേശം 180 രൂപ എന്ന് കണക്കാക്കി (അഥവാ പ്രതിമാസം 15 രൂപ). ഇതായിരുന്നു ദാണ്ടേക്കറുടെയും രഥിന്റെയും ദാരിദ്ര്യ രേഖ.
ഇവരുടെ ഈ പ്രബന്ധത്തെ ചുറ്റിപ്പറ്റിയായി പിന്നീട് ഇന്ത്യയിലെ ദാരിദ്ര്യ രേഖയുടെ ഔദ്യോഗികമായ ആവിർഭാവം. 1979ൽ അന്നത്തെ പ്ലാനിങ് കമ്മീഷന്റെ മറ്റൊരു വർക്കിങ്- ഗ്രൂപ്പ് ഈ പ്രബന്ധത്തെ അല്പം പരിഷ്കരിച്ചു. അവർ ഗ്രാമീണ മേഖലയ്ക്കും നഗര മേഖലയ്ക്കും പ്രത്യേകമായി കലോറികളുടെ ആവശ്യം കണക്കാക്കി. ഗ്രാമീണ മേഖലയിൽ താമസിക്കുന്നവർക്ക് പ്രതിദിനം 2,400 കിലോ കലോറിയും നഗര മേഖലയിൽ താമസിക്കുന്നവർക്ക് പ്രതിദിനം 2,100 കിലോ കലോറിയും വേണം. അങ്ങനെ 1973-–74ലെ വിലയനുസരിച്ച് ഗ്രാമീണ മേഖലയിൽ ഒരാൾക്ക് ഒരു മാസം –49.09രൂപയും നഗരമേഖലയിൽ ഒരാൾക്ക് ഒരു മാസം –56.64രൂപയും ആവശ്യം വരും. അന്നുമുതൽ ഗ്രാമീണ-നഗര മേഖലകളിലെ പുതിയ ഔദ്യോഗിക ദാരിദ്ര്യ രേഖകൾ ഈ തുകകളായി.
പിന്നീട് ഓരോ വർഷം കൂടുമ്പോഴും വിപണി വിലകൾ കൂടുന്നതിനനുസരിച്ച് ദാരിദ്ര്യ രേഖയിൽ മാറ്റം വരുത്തണമല്ലോ. ഇതിനായി സർക്കാർ നിശ്ചയിച്ചത് ഒരു പ്രത്യേക രീതിയായിരുന്നു. ഓരോ വർഷത്തെയും ഉപഭോഗ രീതികൾ അനുസരിച്ച് ദാരിദ്ര്യ രേഖകൾ പുനർനിർണ്ണയിക്കുക എന്നതായിരുന്നു ഏറ്റവും ഉചിതമായ മാർഗ്ഗം. പക്ഷേ അങ്ങനെയല്ല ഔദ്യോഗികമായി നിശ്ചയിച്ചത്. 1973-–74ലെ അതേ ദാരിദ്ര്യ രേഖകൾ തന്നെ പിന്നീട് വന്നിട്ടുള്ള വിലക്കയറ്റത്തിന്റെ അടിസ്ഥാനത്തിൽ ക്രമമായി വർദ്ധിപ്പിച്ച് പോയാൽ മതി എന്നതായിരുന്നു ഔദ്യോഗിക തീരുമാനം. അങ്ങനെ പിന്നീട് വന്ന വർഷങ്ങൾക്കുള്ള പുതിയ ദാരിദ്ര്യ രേഖകൾ 1973-–74ലെ ദാരിദ്ര്യരേഖയ്-ക്ക് മേലുള്ള ഒരു ശതമാനാടിസ്ഥാനത്തിലെ വർദ്ധനവ് മാത്രമായി നിർണ്ണയിക്കപ്പെട്ടു (ഈ തീരുമാനം വലിയ സംവാദങ്ങൾക്ക് വഴിവെട്ടിയിട്ടുണ്ട്; എന്നാൽ അതിവിടെ ചർച്ച ചെയ്യേണ്ടതില്ല). ഏറ്റവും പുതിയതായി ദാരിദ്ര്യ രേഖ നിർണ്ണയിച്ചത് 2009ൽ ഡോ സുരേഷ് ടെണ്ടുൽക്കർ കമ്മിറ്റിയാണ്. അതിനാണ് നിലവിൽ ഔദ്യോഗിക അംഗീകാരമുള്ളത്. അതിനു ശേഷം 2014ൽ ഡോ സി.രംഗരാജൻ കമ്മിറ്റി മറ്റൊരു രീതിശാസ്ത്രം നിർദ്ദേശിച്ചുവെങ്കിലും അതിനു ഇത് വരെയും കേന്ദ്രസർക്കാർ ഔദ്യോഗിക അംഗീകാരം നൽകിയിട്ടില്ല.
അപ്പോഴും ഒരു പ്രശ്നം നിലനിന്നു. ഇന്ത്യയിൽ ഒരു ഔദ്യോഗിക സ്ഥാപനവും കുടുംബങ്ങളുടെ വാർഷിക വരുമാനം കണക്കാക്കുന്നില്ല. ഏറെക്കുറെ പൂർണ്ണമായും അസംഘടിത മേഖലയിൽ പണിയെടുക്കുന്ന കുടുംബങ്ങളുടെ വരുമാനം സർവ്വേകളിലൂടെ കണക്കാക്കുന്നതിന്റെ രീതിശാസ്ത്രപരമായ സങ്കീർണ്ണതകൾ മൂലമാണ് അത് ചെയ്യാത്തത്. അതേസമയം കുടുംബങ്ങളുടെ ഉപഭോഗ ചെലവ് കണക്കാക്കുന്ന സർവ്വേകൾ നിലവിലുണ്ടായിരുന്നു. ഈ സർവ്വേ വഴി കണക്കാക്കപ്പെടുന്ന ഉപഭോഗ ചെലവുകളെ കുടുംബങ്ങളുടെ വരുമാനത്തിന്റെ ഒരു പ്രോക്സി (പ്രതിനിധി) ആയി കണക്കാക്കാം എന്നായിരുന്നു ഔദ്യോഗിക തീരുമാനം. അങ്ങനെ ഒരു കുടുംബം ദാരിദ്ര്യരേഖയ്ക്ക് മുകളിലാണോ താഴെയാണോ എന്നു കണക്കാക്കിയത് ആ കുടുംബത്തിന്റെ ഉപഭോഗ ചെലവ് ദാരിദ്ര്യ രേഖയ്ക്ക് മുകളിലാണോ താഴെയാണോ എന്നു നോക്കിയായി.
ദാരിദ്ര്യ നിർമാർജനത്തിന്
വേണ്ടതെന്ത്?
ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ പ്രത്യേകതകൾ പലതാണ്. ഒന്ന്, ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം നഗരമേഖലയിലെ ദാരിദ്ര്യത്തെക്കാൾ കൂടുതലാണ്. രണ്ട്, ഗ്രാമീണ മേഖലയിൽ ദാരിദ്ര്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് കാർഷിക-–കാർഷികേതര മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളി വിഭാഗങ്ങളാണ്. മൂന്ന്, ഗ്രാമീണ മേഖലയിൽ ദരിദ്രരായ തൊഴിലാളി വിഭാഗങ്ങൾ ഒട്ടുമിക്കവരും അനൗപചാരിക/അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന ക്യാഷ്വൽ തൊഴിലാളികളാണ്. നാല്, ഗ്രാമീണ മേഖലയിലെ ദരിദ്രരിൽ ഭൂരിഭാഗവും ദളിത് അല്ലെങ്കിൽ ആദിവാസി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണ്. അഞ്ച്, സ്ത്രീകൾ നയിക്കുന്ന കുടുംബങ്ങൾക്കുള്ളിലാണ് പുരുഷന്മാർ നയിക്കുന്ന കുടുംബങ്ങളെക്കാൾ കൂടുതൽ ദാരിദ്ര്യം കണ്ടുവരുന്നത്. കാരണം, അസംഘടിത മേഖലയിൽ പുരുഷന്മാർക്ക് കിട്ടുന്ന കൂലിയുടെ ഏകദേശം പകുതി മാത്രമേ സ്ത്രീകൾക്ക് കിട്ടുന്നുള്ളൂ. ആറ്, നഗര മേഖലകളിൽ ദാരിദ്ര്യം അനുഭവിക്കുന്നതിൽ കൂടുതലും നൈപുണ്യം ആവശ്യമില്ലാത്തതും കൂലി കുറഞ്ഞതുമായ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ്. ഗ്രാമീണ മേഖലകളിലെ പോലെ ദളിത്, ആദിവാസി വിഭാഗങ്ങളിൽ മാത്രമല്ല ഇന്ത്യയിൽ ദാരിദ്ര്യം കണ്ടുവരുന്നത്; മറ്റുള്ളവരും പെടും.
ഈ അടിസ്ഥാന വിവരങ്ങളെല്ലാം നമ്മളോട് പറയുന്നത് ദാരിദ്ര്യം എന്നത് വരുമാനത്തിന്റെയോ ഉപഭോഗത്തിന്റെയോ അളവിന്റെ പ്രശ്നം മാത്രമല്ല എന്നാണ്. വരുമാനമോ ഉപഭോഗമോ അളക്കുന്ന പല രീതിശാസ്ത്രങ്ങൾ ഉപയോഗിക്കുമ്പോഴും ദാരിദ്ര്യ നിർമാർജനത്തിന് സമൂഹത്തിൽ ഘടനാപരമായ മാറ്റങ്ങൾ അനിവാര്യമാണ്. ഇത്തരം ഘടനാപരമായിട്ടുള്ള മാറ്റങ്ങൾ നടന്നാൽ മാത്രമേ ദാരിദ്ര്യ നിർമാർജനം സാധ്യമാകുകയുള്ളൂ. ഈ വിഷയം സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പ്രമുഖ നേതാക്കൾക്കൊക്കെ വ്യക്തമായി മനസ്സിലായകാര്യം കൂടിയായിരുന്നു. ഉദാഹരണത്തിന്, 1933ൽ ദാരിദ്ര്യ നിർമാർജനത്തിന് അവശ്യം വേണ്ടതെന്ത് എന്നതിനെക്കുറിച്ച് ജവഹർലാൽ നെഹ്റു ഇപ്രകാരം എഴുതുകയുണ്ടായി: “‘ഇന്ത്യയിലെ കാർഷിക വ്യവസ്ഥ തകർന്നു കഴിഞ്ഞു. ഈ വ്യവസ്ഥയുടെ പുതിയ ഒരു സംഘാടനം അനിവാര്യമായി തീർന്നിരിക്കുന്നു’. അതുപോലെ, 1938ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഹരിപുര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അന്നത്തെ പ്രസിഡന്റ് സുഭാഷ് ചന്ദ്ര ബോസ് പറഞ്ഞതിങ്ങനെ: ‘നമ്മുടെ പ്രധാന പ്രശ്നം നമ്മുടെ രാജ്യത്തുനിന്ന് ദാരിദ്ര്യം എങ്ങനെ തുടച്ചുനീക്കാം എന്നതായിരിക്കും. അതിന് നമ്മുടെ ഭൂവ്യവസ്ഥയിൽ ഒരു സമൂലമായ പരിഷ്കരണം ആവശ്യമാണ്, അതിന് ഭൂപ്രഭുത്വം നിർത്തലാക്കേണ്ടതുണ്ട്; കാർഷിക കടബാധ്യത ഇല്ലാതാക്കേണ്ടിവരും; കൃഷി ശാസ്ത്രീയമായി അടിസ്ഥാനപ്പെടുത്തേണ്ടി വരും. സർക്കാർ ഉടമസ്ഥതയിലും സർക്കാർ നിയന്ത്രണത്തിലുമുള്ള സമഗ്രമായ ഒരു വ്യാവസായിക വികസന പദ്ധതി അനിവാര്യമായിരിക്കും.’’ പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പഞ്ചവത്സര പദ്ധതിയിൽ പ്രതിഫലിച്ചതും ഇതേ ചിന്ത തന്നെ. ദാരിദ്ര്യനിർമാർജനം എന്ന ആശയത്തെ വളരെ അർത്ഥവത്തായി വിശകലനം ചെയ്തതിനു ശേഷം പദ്ധതി രേഖ പറഞ്ഞതിങ്ങനെ: “‘ഇന്ത്യയുടെ ദേശീയ വികസനത്തിലെ ഏറ്റവും അടിസ്ഥാനപരമായ പ്രശ്നം ഭൂമിയുടെ ഉടമസ്ഥതയുടെയും കൃഷിയുടെ ഭാവിയുടെയും വിഷയമായിരിക്കും. വലിയൊരു പരിധിവരെ ഭൂമിയുടെ പ്രശ്നം എങ്ങനെ പരിഹരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സ്വതന്ത്ര ഇന്ത്യയിലെ സാമ്പത്തികവും സാമൂഹികവുമായ സംഘാടനം’’.
ചുരുക്കത്തിൽ, ദാരിദ്ര്യ നിർമാർജനത്തിന് ആവശ്യമായ ഘടനാപരമായ മാറ്റങ്ങളിൽ ഏറ്റവും മുകളിൽ എല്ലാവരും നിർത്തിയത് ഭൂപരിഷ്കരണത്തെത്തന്നെയായിരുന്നു. ഭൂപരിഷ്കരണം നിലവിൽ വരുത്തുന്ന സാമൂഹിക, സാമ്പത്തിക ഘടനയുടെ ജനാധിപത്യപരമായ പരിവർത്തനത്തെ അടിസ്ഥാനമാക്കി വേണം മറ്റു ഘടനാപരമായ മാറ്റങ്ങൾ വരുത്താൻ. പക്ഷേ ഇതു മാത്രം മതിയാവില്ല. വിദ്യാഭ്യാസത്തിലും ആരോഗ്യ മേഖലയിലും പൊതുജീവിത നിലവാരത്തിലും വിപുലമായ മുന്നേറ്റങ്ങൾ അനിവാര്യമാണ്. അങ്ങനെ ഡോ ബി. ആർ. അംബേദ്കർ എഴുതിയ ഇന്ത്യയുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 45ന്റെ തലക്കെട്ട് “കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കൽ’ എന്നതായിരുന്നു. അതിൽ പറഞ്ഞത് ഇപ്രകാരമായിരുന്നു: “‘ഈ ഭരണഘടന നിലവിൽ വന്നതിനുശേഷം 10 വർഷത്തിനുള്ളിൽ 14 വയസ്സ് തികയുന്നതുവരെ എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകാൻ ഭരണകൂടം ശ്രമിക്കണം’’. അതുപോലെ, ആരോഗ്യ മേഖലയിൽ ഒരു അടിസ്ഥാന രേഖയായി എല്ലാവരും കണ്ടത് 1943ൽ നിലവിൽ വന്ന, 1946ൽ സമർപ്പിക്കപ്പെട്ട, ജോസഫ് വില്യം ഭോരെ കമ്മിറ്റിയുടെ നിർദ്ദേശങ്ങളായിരുന്നു. ഇന്ത്യയുടെ എല്ലാ ഗ്രാമീണ പ്രദേശങ്ങളിലും വിപുലമായ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സ്ഥാപനവും അവിടങ്ങളിലൊക്കെ പ്രവർത്തിക്കുന്ന സാമൂഹിക ഡോക്ടർമാരുടെ നിയമനവും ഉൾപ്പെട്ട ഒരു ദീർഘകാല പദ്ധതിയായിരുന്നു ഭോരെ കമ്മിറ്റി നിർദ്ദേശിച്ചത്. “മൂന്നു മില്യൺ പദ്ധതി’ എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട ആ നിർദ്ദേശങ്ങളിൽ എല്ലാ ജില്ലകളിലും 2,500 ബെഡുകളുള്ള തൃതീയ ശ്രേണിയിലെ ഒരു ആശുപത്രിയും, എല്ലാ ബ്ലോക്കുകളിലും 680 ബെഡ്ഡുകളുള്ള ദ്വിതീയ ആരോഗ്യ യൂണിറ്റുകളും, 10,000 മുതൽ 20,000 പേർ വരെ താമസിക്കുന്ന ഗ്രാമീണ കേന്ദ്രങ്ങളിൽ 75 ബെഡ്ഡുകളുള്ള ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും –എന്നതായിരുന്നു നിർദ്ദേശം.
കോൺഗ്രസ് സർക്കാരുകളുടെ പല ആസൂത്രണ രേഖകളിലും മുകളിൽ പറഞ്ഞ ആശയങ്ങൾ പേരിന് പ്രതിഫലിച്ചിരുന്നുവെങ്കിലും ദാരിദ്ര്യ നിർമാർജനത്തിന് വേണ്ടതെന്തെന്ന് കൃത്യമായി മനസ്സിലാക്കിയതും അതിനു വേണ്ട നയങ്ങൾ നടപ്പിൽ വരുത്തുന്നതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ആർജ്ജിച്ചതും ഇന്ത്യയിലെ കമ്യൂണിസ്റ്റ് സർക്കാരുകൾ മാത്രമായിരുന്നു. കേരളത്തിലായിരുന്നു ഇത് ആദ്യമായും വ്യക്തമായും അവതരിപ്പിക്കപ്പെട്ടത്. കേരളത്തിലെ, പ്രത്യേകിച്ചും പിന്നാക്കം നിന്ന മലബാർ മേഖലയിലെ, കാർഷിക ബന്ധങ്ങളുടെ അടിസ്ഥാനമായി നിന്നത് ജന്മി വ്യവസ്ഥയായിരുന്നു. ഈ ജന്മി വ്യവസ്ഥ, കാർഷിക ഉത്പാദനത്തെ പിന്നോട്ടടിക്കുന്ന ഒരു സാമ്പത്തിക ഘടകം മാത്രമല്ലെന്നും അതിനൊപ്പം ജാതിയുടെയും വർണ്ണത്തിന്റെയും അടിസ്ഥാനത്തിലുള്ള സാമൂഹ്യ ചൂഷണങ്ങളുടെ ഭൗതിക അടിസ്ഥാനം കൂടിയാണെന്നും ദരിദ്ര-തൊഴിലാളി വിഭാഗങ്ങളെ അടിച്ചമർത്തുകയും അധികാരത്തിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്യുന്നതിനുള്ള ഒരു രാഷ്ട്രീയ ഉപകരണം കൂടിയാണെന്നും കൃത്യമായി വിശകലനം ചെയ്തത് ഇഎംഎസ് ആയിരുന്നു. ഈ പ്രത്യയശാസ്ത്ര അടിത്തറയിൽ നിന്നുകൊണ്ടാണ് കേരളത്തിൽ 1957ൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് സർക്കാരിന്റെ ചുമതലകൾ എന്താവണം എന്നതിനെക്കുറിച്ച് ഒരു സമീപന രേഖ ഇഎംഎസ് അവതരിപ്പിച്ചത്.
ഈ സമീപന രേഖയുടെ ചുവടുപിടിച്ചാണ് 1957ലും പിന്നീട് പലപ്പോഴായും നിലവിൽ വന്ന കമ്യൂണിസ്റ്റ്/ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകൾ അവയുടെ നയങ്ങൾ നിശ്ചയിച്ചതും നടപ്പിലാക്കിയതും. ഇന്ത്യയിലെ ഏറ്റവും വിപുലമായ ഭൂപരിഷ്കരണം നടന്നത് കേരളത്തിലാണ്. സ്വാതന്ത്ര്യം ലഭിക്കും മുൻപുതന്നെ തിരുവിതാംകൂറിലെയും കൊച്ചിയിലെയും ചില വിഭാഗങ്ങൾക്കിടയിൽ മെച്ചപ്പെട്ട വിദ്യാഭ്യാസ നേട്ടങ്ങൾ നിലനിന്നിരുന്നുവെങ്കിലും ബൃഹത്തും ജനകീയവുമായ വിദ്യാഭ്യാസ സേവനങ്ങളുടെ വളർച്ചയുണ്ടായത് 1957ന് ശേഷം മാത്രമാണ്. ഇതുതന്നെയായിരുന്നു ആരോഗ്യ മേഖലയുടെയും സ്ഥിതി. അങ്ങനെ ദാരിദ്ര്യ നിർമാർജനത്തിന് ആവശ്യമായ ഘടനാപരമായ പരിഷ്കാരങ്ങളും മാറ്റങ്ങളും ആദ്യമായും ഏറ്റവും വിപുലമായും നടപ്പിലാക്കിയ സംസ്ഥാനം എന്ന ഖ്യാതി കേരളത്തിനു കൈവന്നു. ഈ വിഷയത്തിലേക്ക് നമുക്ക് അല്പം കഴിഞ്ഞ് മടങ്ങി വരാം.
ഇന്ത്യയിലെ
ദാരിദ്ര്യത്തിന്റെ അവസ്ഥ
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിലെ സാമ്പത്തികനയങ്ങൾ നടപ്പിലായത് വിവിധ പഞ്ചവത്സര പദ്ധതികൾ വഴിയായിരുന്നു. ഈ പദ്ധതികൾക്ക് പ്രധാനപ്പെട്ട ഒരു അനുമാനമുണ്ടായിരുന്നു. ദാരിദ്ര്യ നിർമാർജനത്തിന് പ്രത്യേകമായ ഇടപെടലുകൾ വേണ്ട എന്നും, ത്വരിതമായ വ്യവസായവൽക്കരണം വഴി യുണ്ടാകുന്ന സാമ്പത്തിക വളർച്ച സൃഷ്ടിക്കുന്ന തൊഴിലുകളുടെ ഉത്പാദനം ദാരിദ്ര്യത്തെ സ്വയം നിർമാർജനം ചെയ്തുകൊള്ളും എന്നതുമായിരുന്നു ആ അനുമാനം. ഇത്തരത്തിൽ, മുഖ്യധാരാ വലതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞർ മുന്നോട്ടുവച്ചിരുന്ന “ട്രിക്കിൾ ഡൗൺ’ (കിനിഞ്ഞിറങ്ങൽ) സിദ്ധാന്തമായിരുന്നു ഇന്ത്യയിലെ ആദ്യ പഞ്ചവത്സര പദ്ധതികൾ പിന്തുടർന്നത്. അതായത്, സാമ്പത്തിക വളർച്ച മൂലം ഉണ്ടാകുന്ന ഗുണങ്ങൾ സമയക്രമത്തിൽ സമൂഹത്തിന്റെ താഴേക്കിടയിലേക്ക് കിനിഞ്ഞിറങ്ങിക്കൊള്ളും; അതിനു പ്രത്യേകമായ നയമോ ശ്രദ്ധയോ ആവശ്യമില്ല. അങ്ങനെ, ഒന്നാം പഞ്ചവത്സര പദ്ധതിയിൽ കാർഷിക വളർച്ചയെക്കുറിച്ച് പ്രതിപാദിച്ചിരുന്നുവെങ്കിലും അവശ്യം വേണ്ട വിഭവങ്ങൾ വകയിരുത്തിയിരുന്നില്ല. ദാരിദ്ര്യ നിർമാർജനത്തിന് പ്രത്യേകമായി നിലവിൽ വന്നത് 1952ലെ കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം മാത്രമായിരുന്നു. പിന്നെ, കുടിൽ വ്യവസായങ്ങളെ പുനരുദ്ധരിക്കുന്നതിനുള്ള മറ്റൊരു ചെറിയ പദ്ധതിയും. രണ്ടാം/മൂന്നാം പദ്ധതികളോടുകൂടി ഘന-വ്യവസായ മേഖലയിലെ നിക്ഷേപങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വളർച്ചയിലേക്ക് നയശ്രദ്ധ മാറി. ഗ്രാമീണ പദ്ധതികൾക്കു വേണ്ടി മാറ്റിവച്ചിരുന്ന വകയിരുത്തലുകൾ വെട്ടിക്കുറയ്-ക്കപ്പെട്ടു. ഇതിനിടയിൽ, 1957ൽ സമർപ്പിക്കപ്പെട്ട ബൽവന്ത് റായ് മേത്ത കമ്മിറ്റിയുടെ പ്രധാന നിർദ്ദേശമായിരുന്ന ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ സ്ഥാപനവും നടപ്പിൽ വരാതെ കിടന്നു.
മൂന്നാം പദ്ധതിയുടെ അവസാനത്തോടുകൂടി (അതായത് 1966ഓടു കൂടി) ഈ നയഗതിയുടെ പാപ്പരത്തം വെളിവാക്കപ്പെട്ടു. കാർഷിക വളർച്ചയുടെ മുരടിപ്പിനൊപ്പം പരിഷ്കരിക്കപ്പെടാത്ത ഭൂവ്യവസ്ഥകളും വളരാത്ത വരുമാനങ്ങളും തുടരുന്ന തൊഴിലില്ലായ്മയും നിലയ്ക്കാത്ത സാമൂഹ്യ ചൂഷണത്തിന്റെ പ്രശ്നങ്ങളും രാഷ്ട്രീയ വിഷയങ്ങളായും പ്രതിസന്ധികളായും രൂപപ്പെട്ടു തുടങ്ങി. പഞ്ചവത്സര പദ്ധതികൾക്ക് മൂന്നു വർഷത്തെ അവധി തന്നെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. അഖിലേന്ത്യാ തലത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനുള്ളിൽ ഗുരുതരമായ ഉൾപാർട്ടി സംഘട്ടനങ്ങളും അന്തഃഛിദ്രങ്ങളും പൊട്ടിപ്പുറപ്പെട്ടു.
അങ്ങനെ, 1969ലെ നാലാം പഞ്ചവത്സര പദ്ധതി മുതൽ ദാരിദ്ര്യ നിർമാർജനത്തിന് ഒരു പുതിയ ദിശ കൈവന്നു. സാമ്പത്തിക വളർച്ചയിലും ഘന-വ്യവസായങ്ങളുടെ വികസനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ ദാരിദ്ര്യ നിർമാർജനം ഉണ്ടാവില്ലെന്നും അതിനു പ്രത്യേകം ശ്രദ്ധ വേണമെന്നും തിരിച്ചറിവുണ്ടായി. അങ്ങനെ സാമ്പത്തിക വളർച്ചയ്ക്കൊപ്പം സാമൂഹികനീതിയും എന്ന മുദ്രാവാക്യം നാലും അഞ്ചും ആറും പഞ്ചവത്സര പദ്ധതികൾ മുന്നോട്ടുവച്ചു. അതിന്റെ ഭാഗമായാണ് 1970കളിലെ “ഗരീബി ഹഠാവോ’ എന്ന പേരിൽ അറിയപ്പെട്ട പദ്ധതിയും “ഇരുപതിന പരിപാടി’ എന്നറിയപ്പെട്ട പദ്ധതിയും നിലവിൽ വന്നത്. ഇവയുടെ കീഴിൽ നിലവിൽ വന്നവയാണ് ഇന്റഗ്രേറ്റഡ് റൂറൽ ഡെവലപ്മെന്റ് പ്രോഗ്രാം (ഐആർഡിപി), സ്മാൾ ഫാർമേഴ്സ് ഡെവലപ്മെന്റ് ഏജൻസി, മാർജിനൽ ഫാർമേഴ്സ് ആൻഡ് അഗ്രികൾച്ചറൽ ലേബർ ഡെവലപ്മെന്റ് ഏജൻസി, ഫുഡ് ഫോർ വർക്ക് പ്രോഗ്രാം, നാഷണൽ റൂറൽ എംപ്ലോയ്മെന്റ് പ്രോഗ്രാം (എൻആർഇപി), റൂറൽ ലാൻഡ്ലെസ്സ് എംപ്ലോയ്മെന്റ് ഗ്യാരന്റി പ്രോഗ്രാം (ആർഎൽഇജിപി), ജവഹർ റോസ്ഗാർ യോജന (ജെആർവൈ) എന്നീ പദ്ധതികൾ. അങ്ങനെ മുഖ്യധാരാ വലതുപക്ഷ സാമ്പത്തിക ശാസ്ത്രത്തിന്റെ കിനിഞ്ഞിറങ്ങൽ സിദ്ധാന്തങ്ങളിൽ നിന്നു വഴിമാറി, ഭരണകൂടത്തിന്റെ നേരിട്ടുള്ള ഇടപെടലിലും ചെലവിലും നിക്ഷേപത്തിലും അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഒരു കൂട്ടം നയങ്ങൾ ഇന്ത്യയിൽ നിലവിൽ വന്നു.
ഈ പദ്ധതികൾ നിലവിൽ വന്ന 1970കളുടെ അവസാനത്തിലും 1980കളിലുമാണ് ഇന്ത്യയിൽ ആദ്യമായും വ്യാപകമായും ദാരിദ്ര്യ രേഖയ്ക്ക് കീഴിൽ ജീവിക്കുന്ന ജനങ്ങളുടെ എണ്ണത്തിലും വിഹിതത്തിലും കാര്യമായ കുറവ് അനുഭവപ്പെട്ടു തുടങ്ങിയത്. എന്നാൽ 1990കളുടെ തുടക്കം മുതൽ നടപ്പിലായ സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾ ഈ നേട്ടങ്ങളെ പിന്നോട്ടടിച്ചു. ഉദാരവൽക്കരണ നടപടികൾ നടപ്പിൽ വന്നതോടുകൂടി ഭരണകൂടത്തിന്റെ ഇടപെടലുകൾ പിൻവലിക്കപ്പെട്ടു. നയശ്രദ്ധ വീണ്ടും കിനിഞ്ഞിറങ്ങൽ സിദ്ധാന്തത്തിന് വഴിമാറി. ദാരിദ്ര്യ നിർമാർജനത്തിനും തൊഴിലുകളുടെ ഉൽപാദനത്തിനും വേണ്ടി നിലനിന്നിരുന്ന പല പദ്ധതികളും പരിപൂർണ്ണമായും അടച്ചുപൂട്ടപ്പെട്ടു. തുടർന്ന് പല പദ്ധതികൾക്കുമുള്ള ബജറ്റ് വിഹിതത്തിൽ വെട്ടിക്കുറയ്-ക്കലുകളുണ്ടായി. ചില പഴയ പദ്ധതികൾ പുതിയ പേരുകളിൽ പുനരവതരിച്ചുവെങ്കിലും ബജറ്റ് വിഹിതം കുറഞ്ഞുതന്നെ നിന്നു. ജനസംഖ്യയുടെ വളർച്ചയ്ക്കൊപ്പം തൊഴിലുകളുടെ സൃഷ്ടി നടക്കാത്ത സ്ഥിതി നിലവിൽ വന്നു. കാർഷിക–-കാർഷികേതര മേഖലകളിൽ കൂലിനിരക്കുകളുടെ വർദ്ധനവിലും മാന്ദ്യം രൂപപ്പെട്ടു. സാർവത്രികമായി നിലനിന്നിരുന്ന ഭക്ഷ്യ പൊതുവിതരണ സമ്പ്രദായം പരിഷ്കരിക്കപ്പെട്ട് എപിഎൽ/ബിപിഎൽ വ്യത്യാസങ്ങളോടുകൂടിയുള്ള ഒരു “ടാർഗറ്റഡ്’ പദ്ധതിയായി ചുരുങ്ങി. സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങൾ ബിപിഎൽ കാർഡ് ഉള്ളവർക്ക് മാത്രമായി നൽകുന്ന സ്ഥിതിയുണ്ടായി. വിദ്യാഭ്യാസമേഖലയ്ക്കും ആരോഗ്യമേഖലയ്ക്കുമായി മാറ്റിവച്ചിരുന്ന പദ്ധതിവിഹിതങ്ങൾ കുറഞ്ഞു. ഇതിനിടയിൽ ഭരണഘടനയുടെ 73ഉം, 74ഉം ഭേദഗതികൾ പാസായെങ്കിലും കേരളം ഒഴികെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിലവിൽ വന്നില്ല.
ചുരുക്കത്തിൽ, ദാരിദ്ര്യനിർമാർജനത്തിൽ വലിയ തിരിച്ചടികളാണ് ഇന്ത്യയ്ക്ക് 1990കളിൽ അനുഭവപ്പെട്ടത്. ദാരിദ്ര്യം കുറയുന്നതിന്റെ വേഗത കുറഞ്ഞു. ഈ കാലഘട്ടത്തിൽ തന്നെയാണ് ഗ്രാമീണ മേഖലയ്ക്ക് വലിയ തിരിച്ചടിയായ കാർഷിക പ്രതിസന്ധി രൂപപ്പെട്ടു തുടങ്ങിയതും, കർഷക ആത്മഹത്യകൾ ഓരോ വർഷവും വർദ്ധിതമായ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതും. ഭൂമിയുള്ള കൃഷിക്കാർക്കിടയിലും ദാരിദ്ര്യം രൂക്ഷമായി നിൽക്കുന്ന സാഹചര്യമുണ്ടായി. ഒപ്പം, സമ്പദ്ഘടനയിലുണ്ടായ അസമത്വത്തിന്റെ രൂക്ഷമായ വളർച്ചയും ദാരിദ്ര്യനിർമാർജനത്തെ കൂടുതൽ സങ്കീർണ്ണമാക്കി.
ഇതിനൊരു മാറ്റം വന്നത് 2004 മുതലാണ്. “ഇന്ത്യ ഷൈനിങ്’ എന്ന കൃത്രിമ മുദ്രാവാക്യം ഉയർത്തിക്കൊണ്ട് അധികാരത്തിൽ മടങ്ങിവരാൻ ശ്രമിച്ച അടൽ ബിഹാരി വാജ്‌പേയിയുടെ ബിജെപി സർക്കാർ ആ വർഷത്തെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഇടതുപക്ഷ പാർട്ടികളുടെ പിന്തുണയോടെ അധികാരത്തിൽ വന്ന യുപിഎ സർക്കാർ ഒരു നയമാറ്റത്തിന് നിർബന്ധിതമായി. കിനിഞ്ഞിറങ്ങൽ സിദ്ധാന്തത്തിൽ നിന്ന് വഴിമാറി നടക്കാൻ പ്രധാനമന്ത്രിയായ മൻമോഹൻ സിങ്ങും പ്ലാനിങ് കമ്മീഷനിലെ മോൺടെക് സിങ് അലുവാലിയയും വിസമ്മതിച്ചു. എന്നാൽ ദാരിദ്ര്യ നിർമാർജനത്തിന് പ്രത്യേക ശ്രദ്ധ നൽകുന്ന പദ്ധതികൾ വിഭാവനം ചെയ്യുകയും നടപ്പിൽ വരുത്തുകയും ചെയ്യണമെന്ന് ഇടതുപക്ഷ പാർട്ടികൾ ശഠിച്ചു. ഈ ശാഠ്യത്തിനൊടുവിലും കോൺഗ്രസ് പാർട്ടിക്കൊപ്പം നിന്ന പല സിവിൽ സൊസൈറ്റി സംഘടനകളുടെ നിർബന്ധത്തിന് വഴങ്ങിയുമാണ് പ്രധാനപ്പെട്ട ചില പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വനാവകാശ നിയമം, ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം, ഭൂമി ഏറ്റെടുക്കൽ നിയമം എന്നിവയൊക്കെ നിലവിൽ വന്നത് ഇങ്ങനെയായിരുന്നു. ഈ പദ്ധതികൾക്കൊക്കെ നീക്കിവെച്ച ബജറ്റ് വിഹിതം പോരാ എന്ന ഇടതുപക്ഷ വിമർശനം നിലനിന്നപ്പോഴും മെച്ചപ്പെട്ട രീതിയിൽ നടപ്പിൽ വരുത്തപ്പെട്ട പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും ഇത്തരം പദ്ധതികളുടെ ഗുണങ്ങൾ ദാരിദ്ര്യ നിർമാർജനത്തിൽ ദൃശ്യമായിരുന്നു. പൊതുവിൽ, ദാരിദ്ര്യ രേഖയ്ക്ക് താഴെ ജീവിക്കുന്ന ജനങ്ങളുടെ എണ്ണത്തിലും വിഹിതത്തിലും 2004 മുതൽ വീണ്ടും കുറവുകൾ കണ്ടു തുടങ്ങി.
ഇവിടെ തിരിച്ചറിയേണ്ട ഒരു പ്രധാന വിഷയം ഇന്ത്യയിൽ നിലവിൽ നിന്നിരുന്ന ദാരിദ്ര്യത്തിന്റെ ആഴവും പരപ്പുമാണ്. ഈ പദ്ധതികളുടെയൊക്കെ ഒടുക്കത്തിലും (അതായത്, 2010കളുടെ തുടക്കത്തിൽ) ലോകത്ത് അതിദാരിദ്ര്യം അനുഭവിച്ചിരുന്നവരിലെ 33 ശതമാനം പേരും ഇന്ത്യക്കാരായിരുന്നു. ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ള ഇന്ത്യയിലെ ജനങ്ങളുടെ എണ്ണം ചില യൂറോപ്യൻ രാജ്യങ്ങളുടെ മൊത്തം ജനസംഖ്യക്ക് തുല്യമായിരുന്നു. അതായത്, ദാരിദ്ര്യ രേഖയ്ക്ക് കീഴിലുള്ള ജനങ്ങളുടെ എണ്ണം കുറഞ്ഞുവെങ്കിലും ദാരിദ്ര്യത്തിന്റെ ആഴവും ദാരിദ്ര്യ നിർമാർജനത്തിന്റെ വെല്ലുവിളിയും കനത്തതായി തുടർന്നു. അതിനു കാരണം ഭൂപരിഷ്കരണത്തിന്റെ അഭാവവും, ഭൂരഹിത കുടുംബങ്ങളുടെ എണ്ണത്തിലെ വളർച്ചയും, കാർഷിക പ്രതിസന്ധിയും, വിദ്യാഭ്യാസ-–ആരോഗ്യ മേഖലകളിലെ തിരിച്ചടികളുമായിരുന്നു. ഒപ്പം, ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായുള്ള ബജറ്റ് വെട്ടിക്കുറയ്-ക്കലുകൾ തൊഴിലുകളുടെ ഉൽപാദനത്തെയും കൂലിയുടെ വളർച്ചയെയും പ്രതികൂലമായി ബാധിച്ചു.
ഈ സാഹചര്യത്തിലാണ് 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുന്നത്. ഇടതുപക്ഷ പിന്തുണയോടെ യുപിഎ സർക്കാർ കൊണ്ടുവന്ന പല പദ്ധതികളെയും മോദി സർക്കാർ ഒന്നുകിൽ അട്ടിമറിക്കുകയോ അല്ലെങ്കിൽ പേരുമാറ്റി വികൃതമാക്കുകയോ ചെയ്തു. സാമൂഹ്യ മേഖലകളിലേക്കുള്ള ബജറ്റിലെ വകയിരുത്തൽ വർദ്ധിപ്പിക്കാത്ത നവലിബറൽ ഊന്നൽ തുടർന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലെയുള്ള പദ്ധതികളെ വകയിരുത്തൽ വർദ്ധിപ്പിക്കാതെ പിഴിഞ്ഞു. നോട്ട് നിരോധനം, അശാസ്ത്രീയമായ ജിഎസ്ടി പരിഷ്കാരങ്ങൾ, ഗോവധ നിരോധനം എന്നിവ സമ്പദ്ഘടനയിലെ തൊഴിലുകളുടെ ഉൽപാദനത്തെ പിന്നോട്ടടിക്കുക മാത്രമല്ല ചെയ്തത്; നിലവിലുണ്ടായിരുന്ന ലക്ഷക്കണക്കിന് തൊഴിൽശാലകളും ചെറുകിട ഉൽപാദന സംഘങ്ങളും പൂട്ടിപ്പോകാനും കോടിക്കണക്കിന് തൊഴിലുകൾ നഷ്ടപ്പെടാനും ഇടയാക്കി. ഒപ്പം, തൊഴിലാളികളുടെ കൂലിയുടെ (പണപ്പെരുപ്പം കിഴിച്ചുള്ള) വർദ്ധനവ് ആദ്യം നിലയ്ക്കുകയും പിന്നീട് കോവിഡിന് ശേഷം കേവലമായിത്തന്നെ കുറയുകയും ചെയ്തു.
ഈ പുതിയ സാഹചര്യത്തെ മോദി സർക്കാർ നേരിട്ടത് പുതിയ പദ്ധതികൾ കൊണ്ടുവന്നു കൊണ്ടോ സാമൂഹ്യ മേഖലയിലെ ബജറ്റ് വിഹിതങ്ങൾ ഉയർത്തിക്കൊണ്ടോ അല്ല. മറിച്ച്, ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്സ് സംവിധാനത്തെ ദുർബലപ്പെടുത്തി, അവയുടെ വസ്തുനിഷ്ഠമായ പ്രവർത്തനങ്ങളിൽ രാഷ്ട്രീയമായി കൈകടത്തി, കണക്കുകളുടെ അവതരണത്തെ ബുദ്ധിപൂർവ്വം മറച്ചുപിടിച്ചുകൊണ്ടോ തെറ്റായി അവതരിപ്പിച്ചുകൊണ്ടോ പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ശ്രമിച്ചുകൊണ്ടാണ്. ഉദാഹരണത്തിന്, ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ അനീമിയ വളരെ കൂടുതലാണ് എന്ന് “നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ’ എന്ന ഔദ്യോഗിക സർവ്വേ നിരന്തരമായി കാണിച്ചപ്പോൾ ആ സർവ്വേയിൽ നിന്ന് അനീമിയയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തന്നെ ഒഴിവാക്കാനാണ് മോദി സർക്കാർ ശ്രമിച്ചത്. അതിന് വിസ്സമ്മതിച്ച ആ സർവേയുടെ ചുമതല വഹിച്ചിരുന്ന മലയാളിയും പ്രശസ്ത ഡെമോഗ്രാഫറുമായ ഡോ കെ. എസ്. ജെയിംസിനെ കള്ളക്കേസിൽകുടുക്കി സസ്പെൻഡ് ചെയ്തു. പിന്നീട് അദ്ദേഹം സ്വയം രാജിവച്ചു പോയി; ഉടനെ തന്നെ പഴയ കേസുകൾ പിൻവലിക്കുകയും ചെയ്തു. വിവിധ ആഗോള ഏജൻസികൾ കൃത്യമായ രീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ശേഖരിച്ചുവന്ന “ലോക പട്ടിണി സൂചിക’ പോലെയുള്ള കണക്കുകളിൽ ഇന്ത്യയുടെ പ്രകടനവും റാങ്കും മോശമായി വന്നപ്പോൾ അതിനെ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൻ മേലുള്ള പാശ്ചാത്യ രാജ്യങ്ങളുടെ കൈകടത്തലായി വരെ മോദി സർക്കാർ വ്യാഖ്യാനിച്ചു. ഇപ്പോൾ ഇത്തരം ആഗോള സ്ഥാപനങ്ങൾക്കായി നൽകുന്ന കണക്കുകളിലെ കളികൾക്കായി പ്രധാനമന്ത്രിയുടെ ഓഫീസിൽ ഒരു സെൽ തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് ഒരു മാധ്യമം കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്. അങ്ങനെ ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്സ് സംവിധാനത്തിന്റെ പരിപൂർണ്ണമായ രാഷ്ട്രീയവൽക്കരണത്തിനാണ് കഴിഞ്ഞ 11 വർഷമായി ഇന്ത്യ സാക്ഷ്യംവഹിക്കുന്നത്.
ദാരിദ്ര്യത്തിലെ
കണക്കുകളിലെ കളി
ഒരു രാജ്യത്തെ ദാരിദ്ര്യ നിരക്ക് കണക്കുകളിൽ കുറച്ചു കാണിക്കാൻ ഏറ്റവും എളുപ്പവഴി എന്താണ്? പൊതുവിൽ ഇന്ത്യ ശീലിച്ച രീതി ദാരിദ്ര്യ രേഖയെ കൃത്രിമമായി കുറച്ചു വയ്ക്കുക എന്നതാണ്. ചരിത്രത്തിലേക്ക് അധികം പോകാതെ നമുക്ക് 2009ൽ നിന്ന് തുടങ്ങാം. ആ വർഷമാണ് ഡോ. സുരേഷ് ടെൻഡുൽക്കർ അധ്യക്ഷനായ ഒരു കമ്മിറ്റി ദാരിദ്ര്യ രേഖയെ കുറിച്ചുള്ള ഒരു റിപ്പോർട്ട് സമർപ്പിച്ചത്. നമ്മൾ നേരത്തെ ചർച്ച ചെയ്ത 1979ലെ വർക്കിംഗ് ഗ്രൂപ്പ് നിർദ്ദേശത്തിൽ നിന്ന് അല്പം വഴിമാറി നടന്ന ടെൻഡുൽക്കർ കമ്മിറ്റി നിർദശിച്ച പുതിയ രീതിശാസ്ത്രം ദാരിദ്ര്യ രേഖയെക്കുറിച്ചുള്ള വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. കാരണം, ആ കമ്മിറ്റി നിർദേശിച്ച ദാരിദ്ര്യ രേഖകൾ പ്രതിദിനം പ്രതിശീർഷ വരുമാനം ഗ്രാമീണ മേഖലകളിൽ 28 രൂപയും നഗരമേഖലകളിൽ 32 രൂപയുമായിരുന്നു. വളരെ പരിമിതം എന്ന് ചിലരും “ഇല്ലായ്‌മാ രേഖ” എന്നോ ദരിദ്രരെ പരിഹസിക്കുന്ന രേഖ എന്നോ ഒക്കെ മറ്റു പലരും വിശേഷിപ്പിച്ച ഈ ദാരിദ്ര്യ രേഖയ്-ക്കെതിരെ ചിലർ സുപ്രീംകോടതിയെ സമീപിക്കുക പോലും ചെയ്തു. എന്നാൽ ഔദ്യോഗികമായി ഈ ദാരിദ്ര്യ രേഖ സർക്കാർ അംഗീകരിച്ചു. ഇത്തരത്തിലുള്ള വളരെ താഴ്ന്ന ഒരു ദാരിദ്ര്യ രേഖ ഉപയോഗിച്ചിട്ടുപോലും ഇന്ത്യയുടെ ജനസംഖ്യയിലെ 25% ത്തിലധികവും ദാരിദ്ര്യ രേഖയ്ക്ക് കീഴിലാണ് എന്നാണ് ടെൻഡുൽക്കർ കമ്മിറ്റി കണക്കുകൂട്ടിയത്. ഇതിനെയാണ് നമ്മൾ നേരത്തെ ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ ആഴം എന്ന് വിശേഷിപ്പിച്ചത്.
2011-–12 മുതൽ ഔദ്യോഗികമായി ഈ ദാരിദ്ര്യ രേഖയാണ് കേന്ദ്രസർക്കാർ ഉപയോഗിച്ചുവന്നത്. ഇതിനുശേഷം നടക്കേണ്ട ഉപഭോഗ ചെലവുകളുടെ സർവ്വേ 2017–-18ൽ ആയിരുന്നു. പ്രസ്തുത സർവ്വേ സംഘടിപ്പിച്ചിരുന്നുവെങ്കിലും അതിന്റെ കണക്കുകളോ റിപ്പോർട്ടോ പുറത്തുവിടാൻ മോദി സർക്കാർ വിസമ്മതിച്ചു. എന്നാൽ ബിസിനസ് സ്റ്റാൻഡേർഡ് പത്രം ഈ റിപ്പോർട്ട് പുറത്തുകൊണ്ടുവന്നു. അപ്പോഴാണ് സർക്കാരിന്റെ വിസമ്മതത്തിന്റെ കാരണം പുറത്തറിഞ്ഞത്: 2011–-12 മുതൽ 2017-–18 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിലെ ഗ്രാമീണ ദാരിദ്ര്യ നിരക്ക് 5 ശതമാനം പോയിന്റ് കണ്ട് വർദ്ധിച്ചിരിക്കുന്നു. നോട്ട് നിരോധനത്തിന്റെ അവസാനം നടന്ന സർവ്വേ ആയതിനാൽ ഈ കണക്കുകൾ ഒട്ടും അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും പുറത്തുവന്നിരുന്നുവെങ്കിൽ സർക്കാരിന് അതൊരു വലിയ അടിയായിരുന്നേനെ.
അങ്ങനെ ദാരിദ്ര്യത്തിന്റെ ഔദ്യോഗിക കണക്കുകൾ ലഭ്യമാകാതെ ഒരു ദശകത്തോളം കടന്നുപോയി. അതിനിടയ്ക്ക് മോദി സർക്കാരിന്റെ അടുപ്പക്കാരായ സാമ്പത്തിക ശാസ്ത്രജ്ഞർ ചില കണക്കിലെ കളികളും നടത്തി നോക്കി. അതിൽ ഒരാൾ ഡോ സുർജിത് ഭല്ല ആയിരുന്നു. 2011-–12ലെ ലഭ്യമായ കണക്കുകളും അതിനുശേഷം ലഭ്യമായ പ്രതിശീർഷ ജിഡിപിയുടെ കണക്കുകളും കൂടി വളരെ അശാസ്ത്രീയമായ രീതിയിൽ സംയോജിപ്പിച്ചുകൊണ്ട് അദ്ദേഹം 2019ലെ ദാരിദ്ര്യനിരക്ക് 1 ശതമാനത്തിൽ താഴെയായിരുന്നുവെന്ന് “കണ്ടുപിടിച്ചു’. എന്നാൽ ദാരിദ്ര്യത്തിന്റെ മേഖലയിൽ ഏറെക്കാലം പണിയെടുത്തിട്ടുള്ള പണ്ഡിതരെല്ലാം ഈ കണക്കിനെ പൂർണ്ണമായും തള്ളിക്കളഞ്ഞു. പക്ഷേ വരാൻ പോകുന്ന മാറ്റങ്ങളുടെ മുൻകൂട്ടിയുള്ള ഒരു അറിയിപ്പായി മാറി ഭല്ലയുടെ പ്രബന്ധം.
പിന്നീട് 2022–-23ലാണ് അടുത്ത ഒരു ഉപഭോഗ സർവ്വേ സംഘടിപ്പിക്കാൻ മോദി സർക്കാർ തയ്യാറാവുന്നത്; 2023-–24ലും മറ്റൊരെണ്ണം നടന്നു. എന്നാൽ 2011-–12ലും അതിനുമുൻപുമൊക്കെ നടന്ന ഉപഭോഗ സർവ്വേകളിൽ നിന്ന് വളരെ വിഭിന്നമായ ഒരു രീതിശാസ്ത്രമുപയോഗിച്ചാണ് ഈ സർവ്വേകൾ സംഘടിപ്പിക്കപ്പെട്ടത്. രണ്ടു പ്രധാന മാറ്റങ്ങൾ എടുത്തു പറയണം. ഒന്നാമതായി, മുൻപ് ഒരു കുടുംബത്തിലേക്ക് ഒരു സന്ദർശനം മാത്രമേ നടത്തിയിരുന്നുള്ളൂവെങ്കിൽ ഇപ്പോൾ ഒരു കുടുംബത്തിലേക്ക് വിവിധ ചരക്കുകളുടെ ഉപഭോഗ ചെലവുകൾ പ്രത്യേകമായി അന്വേഷിക്കുന്നതിന് മൂന്നു തവണ സന്ദർശനം നടത്താൻ ആരംഭിച്ചു. രണ്ടാമതായി, ഉപഭോഗ ചെലവുകളുടെ കൂട്ടത്തിൽ സർക്കാരിന്റെ വിവിധ പദ്ധതികളിൽ നിന്ന് സൗജന്യമായും സബ്സിഡിയോടെയും ലഭ്യമാകുന്ന ഭക്ഷണം, കമ്പ്യൂട്ടർ, ലാപ്ടോപ്, സൈക്കിളുകൾ, സ്കൂൾ യൂണിഫോമുകൾ, പാദരക്ഷകൾ എന്നിവയുടെ ഒക്കെ മൂല്യം വിപണി വിലയിൽ കണക്കാക്കി ഉപഭോഗ ചെലവിനൊപ്പം ചേർക്കാൻ ആരംഭിച്ചു. രീതിശാസ്ത്രത്തിലെ ഈ രണ്ടു പ്രധാന മാറ്റങ്ങളുടെയും ഫലമായി കുടുംബങ്ങളുടെ ഉപഭോഗ ചെലവുകൾ അസാധാരണമായ തോതിൽ വർദ്ധിച്ചു (അതു തന്നെയായിരുന്നു സർക്കാരിന്റെ ഉദ്ദേശ്യവും!). അങ്ങനെ, അത്രതന്നെ അസാധാരണമായ രീതിയിൽ ദാരിദ്ര്യ രേഖയ്-ക്ക് താഴെയുള്ള കുടുംബങ്ങളുടെ എണ്ണം കുറഞ്ഞു. അതുമൂലം 2011-–12ലെ ഉപഭോഗ സർവ്വേയുടെ ഫലവുമായി ഒരുതരത്തിലും 2022-–23ലെയോ 2023–-24ലെയോ സർവേകളുടെ ഫലങ്ങളെ താരതമ്യം ചെയ്യാൻ കഴിയാത്ത സ്ഥിതിയായി. പക്ഷേ ശാസ്ത്രീയമായി താരതമ്യം ചെയ്യാൻ കഴിയുമോ ഇല്ലയോ എന്നുള്ളതൊന്നും മോദി സർക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വിഷയമേ ആയിരുന്നില്ല. അവർക്ക് കൊട്ടിഘോഷിക്കാൻ പാകത്തിന് ഒരു കണക്ക് കയ്യിൽ കിട്ടി എന്നതിൽ മാത്രമായിരുന്നു അവരുടെ ശ്രദ്ധ.
2022-–23ലെയും 2023-–24ലെയും സർവ്വേ കണക്കുകൾ പുറത്തുവന്നയുടൻ മോദി സർക്കാരിന്റെ ആരാധകരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗവും ഡോ സുർജിത്ത് ഭല്ല തന്നെയും പുതിയ വാദവുമായി രംഗത്തെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഗവേഷണ വിഭാഗത്തിന്റെ അഭിപ്രായത്തിൽ ഇന്ത്യയിലെ ദാരിദ്ര്യ നിരക്ക് 2023-–24ൽ ഗ്രാമീണ മേഖലയിൽ വെറും 4.9 ശതമാനവും നഗരമേഖലയിൽ വെറും 4.1 ശതമാനവും ആയിരുന്നു. സുർജിത്ത് ഭല്ലയുടെ അഭിപ്രായത്തിൽ ഗ്രാമീണ മേഖലയിലെ ദാരിദ്ര്യനിരക്ക് വെറും 2.5 ശതമാനവും നഗരമേഖലയിലെ ദാരിദ്ര്യനിരക്ക് വെറും 1 ശതമാനവും ആയിരുന്നു. അങ്ങനെ, ഈ കണക്കിലെ കളികളുടെ അവസാനം, മോദി സർക്കാർ ഇന്ത്യയിലെ അതിദാരിദ്ര്യം പൂർണ്ണമായും തുടച്ചു നീക്കി എന്ന പുതിയ അതീവപരിഹാസ്യമായ വാദം ഉയർന്നുവന്നു.
ബഹുമുഖ ദാരിദ്ര്യ സൂചിക അഥവാ മൾട്ടി ഡൈമെന്‍ഷണല്‍ പോവർട്ടി ഇൻഡക്സ് (എംപിഐ)
2017-–18 വർഷത്തിൽ നടന്ന എൻഎസ്എസിന്റെ ഉപഭോഗ ചെലവ് സർവ്വേ പ്രസിദ്ധീകരിക്കാൻ മോദി സർക്കാർ വിസമ്മതിച്ചിരുന്നു എന്ന് നേരത്തെ പറഞ്ഞുവല്ലോ. അതിനുശേഷം 2022-–23ൽ മാത്രമാണ് പുതിയ രീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സർവ്വേ അനുവദിക്കപ്പെട്ടത്. എന്നാൽ ഇതിനിടയ്ക്കുള്ള കാലഘട്ടത്തിൽ (അതായത് 2011-–12നു ശേഷം) ഇന്ത്യയിൽ ദാരിദ്ര്യവുമായി ബന്ധപ്പെട്ട കണക്കുകൾ ലഭ്യമല്ല എന്ന പൊതുവിമർശനം ആഗോളതലത്തിൽ തന്നെ ഉയർന്നുവന്നിരുന്നു. അത് പരിഹരിക്കുന്നതിനു വേണ്ടി മോദി സർക്കാർ കണ്ടുപിടിച്ച ഒരു വഴിയാണ് ബഹുമുഖ ദാരിദ്ര്യ സൂചികകൾ (എംപിഐ) പ്രസിദ്ധീകരിക്കുക എന്നത്. ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞർ രൂപീകരിച്ച ഒരു സൂചികയാണിത്. ഈ ശാസ്ത്രജ്ഞർക്ക് അവരുടെ സൂചിക മോദി സർക്കാരിനെ കൊണ്ട് അംഗീകരിപ്പിക്കാനും അതുമായി ബന്ധപ്പെട്ട കണക്കുകൾ ഔദ്യോഗികമായി നിതി ആയോഗിനെക്കൊണ്ടു തന്നെ പ്രസിദ്ധീകരിപ്പിക്കുവാനും സാധിച്ചു. പാർലമെന്റിൽ ദാരിദ്ര്യവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ചോദ്യങ്ങൾക്കെല്ലാം മോദി സർക്കാർ കുറേക്കാലം മറുപടിയായി നൽകിയിരുന്നത് ഈ ബഹുമുഖ ദാരിദ്ര്യ സൂചികയുമായി ബന്ധപ്പെട്ട കണക്കുകളായിരുന്നു.
നിതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ സൂചിക ഇന്ത്യയിലെ ദാരിദ്ര്യത്തെ അളക്കുന്നത് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല, വ്യത്യസ്ത അടിസ്ഥാന ആവശ്യങ്ങളിൽ ആളുകൾ എങ്ങനെ പിന്നാക്കം നിൽക്കുന്നു എന്നു നോക്കിയുമാണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മൂന്ന് പ്രധാന മേഖലകളെ, തുല്യപ്രാധാന്യം നൽകി ഈ സൂചിക പരിശോധിക്കുന്നു. പോഷകാഹാരം, ശുദ്ധമായ പാചക ഇന്ധനം, സ്കൂൾ വിദ്യാഭ്യാസം, ശുചിത്വം, പാർപ്പിടം, ബാങ്ക് അക്കൗണ്ട് എന്നിവ പോലുള്ള 12 സൂചകങ്ങൾ ഉപയോഗിച്ചാണ് ഈ മൂന്നു മേഖലകളെ അളക്കുന്നത്. ഈ 12 സൂചകങ്ങളിൽ മൂന്നിലൊന്നിലെങ്കിലും പിന്നാക്കം നിൽക്കുന്ന ഒരു വ്യക്തിയെയോ കുടുംബത്തെയോ “ദരിദ്രർ’ എന്ന് അടയാളപ്പെടുത്തുന്നു. ഇന്ത്യയുടെ (അല്ലെങ്കിൽ ഒരു സംസ്ഥാനത്തിന്റെ) മൊത്തത്തിലുള്ള എംപിഐ സ്കോർ രണ്ട് കാര്യങ്ങൾ സംയോജിപ്പിച്ചാണ് കണക്കാക്കുന്നത്: ഒന്ന്, എത്ര പേർ ദരിദ്രരാണ് എന്നത്. രണ്ട്, ഓരോ ദരിദ്രനും ശരാശരി എത്ര പ്രശ്‌നങ്ങൾ നേരിടുന്നു എന്നത്. അങ്ങനെ വരുമാന നിലവാരത്തിനപ്പുറമുള്ള ദാരിദ്ര്യത്തിന്റെ ചിത്രം ഈ സൂചിക നൽകുന്നുവെന്നാണ് ഇത് നിർമ്മിച്ചവരുടെ അവകാശവാദം.
എന്നാൽ അനവധി പരിമിതികളും പോരായ്മകളുമുള്ള ഒരു രീതിശാസ്ത്രമാണ് ഈ സൂചിക നിർമിക്കാൻ ഉപയോഗിക്കുന്നത്. ഒന്നാമതായി, ബഹുമുഖ ദാരിദ്ര്യ സൂചിക എന്ന പദം തന്നെ തെറ്റിദ്ധാരണാജനകമാണ്. ഈ സൂചിക യഥാർത്ഥത്തിൽ “ദാരിദ്ര്യ’ത്തെ അളക്കുന്നില്ല. മറിച്ച്, പൂർണ്ണമായി വെളിപ്പെടുത്തിയിട്ടില്ലാത്ത മാനദണ്ഡങ്ങൾ ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട ചില സൂചകങ്ങളുടെ “ഇല്ലായ്മയെ’ ഒരു പ്രത്യേക രീതിയിൽ നിർവ്വചിക്കുക മാത്രമാണ് ഈ സൂചിക ചെയ്യുന്നത്.
രണ്ടാമതായി, ഇതിൽ ഉപയോഗിക്കുന്ന സൂചകങ്ങളുടെ തിരഞ്ഞെടുപ്പും ആപേക്ഷികമായ തൂക്കവും (അതായത്, ശരാശരി കണക്കാക്കാൻ ഉപയോഗിക്കുന്ന വെയിറ്റ്) ഇന്ത്യയുടെ വൈവിധ്യമാർന്ന സാമൂഹിക, -സാമ്പത്തിക സാഹചര്യങ്ങളിൽ ദാരിദ്ര്യത്തിന്റെ പ്രത്യേക യാഥാർത്ഥ്യങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളുന്നില്ല. വളരെ പ്രശ്നപൂർണ്ണമായ രീതിയിലാണ് ഭവനം, ആസ്തികൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട സൂചികകൾ നിർവചിച്ചിരിക്കുന്നത്. ഭവന സൂചികയുടെ കാര്യത്തിൽ നിതി ആയോഗ് പറയുന്നത് വീടിന്റെ തറ പ്രകൃതിദത്ത വസ്തുക്കളാൽ നിർമ്മിച്ചതോ മേൽക്കൂരയോ ചുവരുകളോ അടിസ്ഥാന വസ്തുക്കളാൽ നിർമ്മിച്ചതോ ആണെങ്കിൽ ആ കുടുംബത്തിന് മതിയായ ഭവന സൗകര്യങ്ങൾ ഇല്ലെന്നാണ്. എന്നാൽ ആ വീടിന് എത്ര മുറികൾ ഉണ്ടെന്നോ പ്രത്യേകമായ അടുക്കളയുണ്ടോയെന്നോ വീടിന്റെ വിസ്തീർണ്ണം എത്രയെന്നോ പരാമർശിക്കുന്നതേയില്ല. ആസ്തികളുടെ സൂചികയ്-ക്ക് കീഴിൽ റേഡിയോ, ടിവി, ടെലിഫോൺ, കമ്പ്യൂട്ടർ, കാളവണ്ടി, സൈക്കിൾ, മോട്ടോർ ബൈക്ക് അല്ലെങ്കിൽ റഫ്രിജറേറ്റർ എന്നിവ കൈവശം വച്ചിട്ടില്ലെങ്കിൽ, ഒരു കാറോ ട്രക്കോ സ്വന്തമായി ഇല്ലെങ്കിൽ, ആ കുടുംബത്തിന് ഇല്ലായ്മയുണ്ട് എന്ന് പറയുന്നു. എന്നാൽ ഇതൊന്നും ദാരിദ്ര്യത്തിന്റെ ശരിയായ അളവുകോലല്ല എന്ന് പരക്കെ വിമർശനമുണ്ട്. അതുപോലെതന്നെ, ബാങ്ക് അക്കൗണ്ടിന്റെ സൂചികയുടെ കീഴിൽ ബാങ്ക് അക്കൗണ്ട് ഉണ്ടോ ഇല്ലയോ എന്നത് ഒരു കുടുംബത്തിന്റെ ധനപരമായ ഉൾച്ചേർക്കലിന്റെ ഒരു സൂചികയേ അല്ല. ഒരു ബാങ്ക് അക്കൗണ്ട് ഉണ്ട് എന്നുള്ളതുകൊണ്ട് ഒരു കുടുംബത്തിന് ആ അക്കൗണ്ടിൽ പണം ഉണ്ടെന്നോ അല്ലെങ്കിൽ അതുവഴി ആ കുടുംബത്തിന് വായ്പ ലഭിക്കുന്നുണ്ടെന്നോ ഒരുറപ്പും നമ്മുടെ നാട്ടിൽ ഇല്ല എന്നത് ജൻധൻ അക്കൗണ്ടുകളുടെ വിഷയം വഴി പരക്കെ അറിവുള്ളതാണ്.
മേൽപ്പറഞ്ഞ കാരണങ്ങൾ മൂലം ബഹുമുഖ ദാരിദ്ര്യ സൂചികയെ ദാരിദ്ര്യത്തിന്റെ ഒരു അളവുകോലായി പരിഗണിക്കാനേ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. നാഷണൽ സാമ്പിൾ സർവ്വേ കണക്കാക്കുന്ന ദാരിദ്ര്യത്തിന്റെ കണക്കുകൾക്ക് സാമ്പത്തിക ശാസ്ത്രജ്ഞർക്കിടയിൽ ഈ സൂചികയെക്കാളും എത്രയോ അധികം അംഗീകാരവും സ്വീകാര്യതയും നിലവിലുണ്ട്. എന്നാൽ നിലവിലിരുന്ന നാഷണൽ സാമ്പിൾ സർവ്വേ കണക്കുകളെക്കാൾ മെച്ചപ്പെട്ട ഒരു മാറ്റം മോദി സർക്കാരിന്റെ കാലത്തുണ്ടായി എന്ന് ഈ സൂചിക വഴി തെളിയിക്കാൻ കഴിഞ്ഞിരുന്നു എന്ന ഒറ്റക്കാരണത്താൽ ഇതിന് വലിയ ഔദ്യോഗിക അംഗീകാരം സിദ്ധിച്ചു; വലിയ പ്രചാരണം ലഭിച്ചു. 2022-–23ന് ശേഷം നാഷണൽ സാമ്പിൾ സർവേയുടെ പുതിയ രീതിശാസ്ത്രം അനുസരിച്ചുള്ള ഉപഭോഗ ച്ചെലവുകൾ ലഭ്യമായി തുടങ്ങിയപ്പോൾ മോദി സർക്കാർ തന്നെ ഈ ബഹുമുഖ ദാരിദ്ര്യ സൂചികയെക്കുറിച്ച് അധികം വർത്തമാനം പറയാതെയുമായി എന്നത് ഒരു വിരോധാഭാസമായി അവിടെ നിൽക്കുന്നു.
കേരളത്തിന്റെ വ്യത്യസ്ത
നിലയും നിലപാടും
രാഷ്ട്രീയ കൈകടത്തലുകൾ ഉണ്ടായി എന്നും രീതിശാസ്ത്രങ്ങളിൽ അശാസ്ത്രീയമായ മാറ്റങ്ങൾ വരുത്തി എന്നുമൊക്കെ പരക്കെ വിമർശനം നിലനിൽക്കുന്ന നാഷണൽ സാമ്പിൾ സർവേയുടെ കണക്കുകളിലും ബഹുമുഖ ദാരിദ്ര്യ സൂചികയുടെ കണക്കുകളിലും കേരളം ഇന്ത്യയിൽ ഏറ്റവും മുന്നിട്ടുനിൽക്കുന്നു. എന്നു മാത്രമല്ല കാലക്രമേണ ഏറ്റവും കൂടുതൽ സാമൂഹ്യ പുരോഗതി കൈവരിച്ച സംസ്ഥാനം എന്ന ഖ്യാതി നിലനിർത്തുകയും ചെയ്യുന്നു. പട്ടിക ഒന്നിൽ നാഷണൽ സാമ്പിൾ സർവേയുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ ടെൻഡുൽക്കർ കമ്മിറ്റി നിർദ്ദേശിച്ച ദാരിദ്ര്യ രേഖ ഉപയോഗിച്ചുകൊണ്ട് ലഭിക്കുന്ന ദാരിദ്ര്യ നിരക്കിന്റെ കണക്കുകളാണ് നൽകിയിട്ടുള്ളത്. പട്ടിക രണ്ടിൽ നിതി ആയോഗിന്റെ റിപ്പോർട്ടുകളിൽ നിന്നെടുത്ത ബഹുമുഖ ദാരിദ്ര്യ സൂചികകളുടെ കണക്കുകളാണ് നൽകിയിട്ടുള്ളത്.
പട്ടിക ഒന്ന്: നാഷണൽ സാമ്പിൾ സർവേ കണക്കുകളുടെ അടിസ്ഥാനത്തിൽ ടെൻഡുൽക്കർ കമ്മിറ്റിയുടെ ദാരിദ്ര്യ രേഖ ഉപയോഗിച്ചു കൊണ്ട് കണക്കാക്കിയ ദാരിദ്ര്യ നിരക്കുകൾ, ജനസംഖ്യയിൽ ദരിദ്രരുടെ വിഹിതം എന്ന കണക്കിൽ, ശതമാനത്തിൽ, 1973-–74 മുതൽ 2022–-23 വരെ
| സംസ്ഥാനങ്ങൾ | 1973-74 | 1977-78 | 1983 | 1987-88 | 1993-94 | 1999-2000 | 2004-05 | 2009-10 | 2011-12 | 2022-23 |
| ആന്ധ്രാ പ്രദേശ് | 48.9 | 39.3 | 28.9 | 25.9 | 22.2 | 15.8 | 29.9 | 21.1 | 9.2 | 1.4 |
| അസം | 51.2 | 57.2 | 40.5 | 36.2 | 40.9 | 36.1 | 34.4 | 37.9 | 32.0 | 4.8 |
| ബീഹാർ | 61.9 | 61.6 | 62.2 | 52.1 | 55.0 | 42.6 | 54.4 | 53.5 | 33.7 | 5.0 |
| ഛത്തീസ്‌ഗഡ് | 49.4 | 48.7 | 39.9 | 21.3 | ||||||
| ഗുജറാത്ത് | 48.2 | 41.2 | 32.8 | 31.5 | 24.2 | 14.1 | 31.8 | 23.0 | 16.6 | 2.4 |
| ഹരിയാന | 35.4 | 29.6 | 21.4 | 16.6 | 25.1 | 8.7 | 24.1 | 20.1 | 11.2 | 4.0 |
| ഹിമാചൽപ്രദേശ് | 26.4 | 32.5 | 16.4 | 15.5 | 28.4 | 7.6 | 22.9 | 9.5 | 8.1 | 0.5 |
| ജാർഖണ്ഡ് | 45.3 | 39.1 | 37.0 | 13.3 | ||||||
| കർണാടക | 54.5 | 48.8 | 38.2 | 37.5 | 33.2 | 20.0 | 33.4 | 23.6 | 20.9 | 1.7 |
| കേരളം | 58.8 | 52.2 | 40.4 | 31.8 | 25.4 | 12.7 | 19.7 | 12.0 | 7.1 | 1.3 |
| മധ്യപ്രദേശ് | 61.8 | 61.8 | 49.8 | 43.1 | 42.5 | 37.4 | 48.6 | 36.7 | 31.7 | 5.5 |
| മഹാരാഷ്ട്ര | 53.2 | 55.9 | 43.4 | 40.4 | 36.9 | 25.0 | 38.1 | 24.5 | 17.4 | 9.6 |
| ഒഡീഷ | 66.2 | 70.1 | 65.3 | 55.6 | 48.6 | 47.2 | 57.2 | 37.0 | 32.6 | 4.5 |
| പഞ്ചാബ് | 28.2 | 19.3 | 16.2 | 13.2 | 11.8 | 6.2 | 20.9 | 15.9 | 8.3 | 0.6 |
| രാജസ്താൻ | 46.1 | 37.4 | 34.5 | 35.2 | 27.4 | 15.3 | 34.4 | 24.8 | 14.7 | 4.8 |
| തമിഴ്നാട് | 54.9 | 54.8 | 51.7 | 43.4 | 35.0 | 21.1 | 28.9 | 17.1 | 11.3 | 0.7 |
| ഉത്തരാഖണ്ഡ് | 32.7 | 18.0 | 11.3 | 1.5 | ||||||
| ഉത്തർ പ്രദേശ് | 57.1 | 49.1 | 47.1 | 41.5 | 40.9 | 31.2 | 40.9 | 37.7 | 29.4 | 4.0 |
| പശ്ചിമബംഗാൾ | 63.4 | 60.5 | 54.9 | 44.7 | 35.7 | 27.0 | 34.3 | 26.7 | 20.0 | 5.6 |
| ഇന്ത്യ | 54.9 | 51.3 | 44.5 | 38.9 | 36.0 | 26.1 | 37.2 | 29.8 | 21.9 | 4.9 |
അവലംബം: ഇന്ത്യയിലെ വിവിധ ദാരിദ്ര്യ പഠനങ്ങൾ.
നാഷണൽ സാമ്പിൾ സർവേയുടെ കണക്കുകൾ കേരളത്തിന്റെ ദാരിദ്ര്യത്തിന്റെ കുറവിനെ ചരിത്രപരമായി വിലയിരുത്താൻ നമ്മെ സഹായിക്കുന്നു. പട്ടിക ഒന്നിൽ 1973-–74ലെ ദാരിദ്ര്യ നിരക്കുകൾ ശ്രദ്ധിക്കാം: കേരളത്തിലെ അന്നത്തെ ദാരിദ്ര്യനിരക്ക് ഏകദേശം 59 ശതമാനമായിരുന്നു. ഇത് അഖിലേന്ത്യാ ശരാശരിയായ ഏകദേശം 55 ശതമാനത്തെക്കാൾ ഉയർന്നതായിരുന്നു. മാത്രമല്ല ഗുജറാത്ത്, ഹരിയാന, കർണാടകം, മഹാരാഷ്ട്ര, രാജസ്താൻ, തമിഴ്നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെക്കാൾ കൂടുതൽ ദാരിദ്ര്യ നിരക്ക് അന്ന് കേരളത്തിലുണ്ടായിരുന്നു. യഥാർത്ഥത്തിൽ, കേരളത്തിന്റെ ദാരിദ്ര്യ നിരക്ക് ബീഹാറിന് അടുത്താണ് കിടന്നിരുന്നത് എന്നു പറയുന്നതാവും കൂടുതൽ ശരി. അടുത്ത വട്ടം സർവ്വേ നടന്ന 1977–-78ൽ സ്ഥിതി അല്പം മെച്ചപ്പെട്ടുവെങ്കിലും അഖിലേന്ത്യാ ശരാശരിയെക്കാളും, എന്തിന് ഉത്തർപ്രദേശിലെ ദാരിദ്ര്യ നിരക്കിനെക്കാളും, ഉയർന്നു തന്നെ നിന്നു കേരളത്തിലെ ദാരിദ്ര്യ നിരക്ക്. ഇതിനുശേഷമാണ് കേരളം ദാരിദ്ര്യ നിരക്കിന്റെ കുറവിൽ അതിന്റെ ഉജ്ജ്വലമായ മുന്നേറ്റമാരംഭിച്ചത്. 1983ഓടുകൂടി ദാരിദ്ര്യ നിരക്ക് 40 ശതമാനത്തിലേക്ക് താഴുകയും 1999-–2000 ആകുമ്പോഴേക്കും ദാരിദ്ര്യ നിരക്ക് വെറും 13 ശതമാനമായി കുറയുകയും ചെയ്തു. 2011–-12 ആയപ്പോഴേക്ക് ദാരിദ്ര്യ നിരക്ക് വെറും 7 ശതമാനത്തിലേക്ക് ചുരുങ്ങി. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിലും ഈ 30 വർഷങ്ങൾക്കുള്ളിൽ ഇത്രയും വർദ്ധിതമായതോതിൽ ദാരിദ്ര്യ നിരക്കിലെ കുറവ് അനുഭവപ്പെട്ടിട്ടില്ല. ആ പ്രകടനം കേരളത്തിന് മാത്രം അവകാശപ്പെട്ടതാണ്. അഖിലേന്ത്യാ ശരാശരിക്ക് മുകളിൽ നിന്ന ദാരിദ്ര്യ നിരക്കിനെ വെറും മൂന്നു ദശകങ്ങൾ കൊണ്ട് അഖിലേന്ത്യാ ശരാശരിയുടെ പകുതിയിൽ താഴെയാക്കിക്കൊണ്ടുവരാൻ കഴിഞ്ഞത് സാമൂഹ്യ മേഖലയിലെ ഒരു ലോകോത്തര നേട്ടമായിത്തന്നെ പരിഗണിക്കപ്പെടേണ്ടതാണ്.
ദാരിദ്ര്യ നിർമാർജനത്തിന്റെ പാതയിൽ പുരോഗമിക്കുന്നതിന് വിവിധ തരം ചൂഷണങ്ങളിൽ അടിസ്ഥാനപ്പെടുത്തിയ സാമൂഹ്യ വിഷയങ്ങളുടെ ഘടനാപരമായ പരിവർത്തനം അനിവാര്യമാണ് എന്ന് നമ്മൾ സൂചിപ്പിച്ചിരുന്നു. കേരളത്തിലാണ് ഈ ഘടനാപരമായ മാറ്റങ്ങൾ ഏറെക്കുറെ പൂർണ്ണതയോടെയും വിജയകരമായും നടപ്പിൽ വരുത്താൻ സാധിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രധാനം ഭൂപരിഷ്കരണം തന്നെ; ഒപ്പം വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും ഭരണകൂട ഇടപെടലുകളുടെ നേതൃത്വത്തിൽ കേരളം കൈവരിച്ച ആശ്ചര്യജനകമായ വികാസങ്ങളും; ഇതിനൊക്കെ പുറമേ ഭരണകൂടത്തിന്റെ തന്നെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെടുകയും ജനാധിപത്യപരമായി നിർവ്വഹിക്കപ്പെടുകയും ചെയ്യുന്ന വിപുലമായ ഒരു സാമൂഹ്യ സുരക്ഷിതത്വ ശൃംഖല; തൊഴിലാളി യൂണിയനുകളുടെയും ചെറുകിട ഉത്പാദകരുടെയും സംഘാടനത്തെ അടിസ്ഥാനപ്പെടുത്തിയ ക്ഷേമനിധി ഫണ്ടുകൾ; സാമൂഹ്യ സുരക്ഷാ പെൻഷനുകൾ; ലൈഫ് പോലെയുള്ള ഭവന പദ്ധതികൾ; ഇവയെല്ലാം ഈ ചരിത്രം സൃഷ്ടിക്കുന്ന മാറ്റങ്ങളുടെ ഭാഗഭാക്കാകുന്നു. ഇതിനും പുറമേ സഹകരണ മേഖലയെ അടിസ്ഥാനപ്പെടുത്തിയ അനവധി സ്ഥാപനങ്ങളും കൂടിച്ചേരുമ്പോൾ എന്തുകൊണ്ട് കേരളത്തിന് ഇത്ര വേഗത്തിൽ ദാരിദ്ര്യം കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞു എന്നതിന്റെ ചിത്രം പൂർണ്ണമാകുന്നു.
2011-–12നു ശേഷം ലഭ്യമായ കണക്ക് 2022-–23ലേതാണ്. ഈ വർഷത്തെ കണക്കാണ് മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യാൻ കഴിയാത്തത് എന്ന് നമ്മൾ മുൻപ് വിലയിരുത്തിയത്. വളരെ പ്രശ്നപൂരിതമായ കണക്കുകൾ ഈ വർഷത്തിലേതായി കാണാം. ബീഹാറിലെ ദാരിദ്ര്യ നിരക്ക് വെറും 5 ശതമാനം. ഉത്തർപ്രദേശിലേത് വെറും 4 ശതമാനം. ഒഡീഷയിൽ വെറും 4.5 ശതമാനം. മധ്യപ്രദേശിൽ വെറും 5.5 ശതമാനം. കേരളത്തിലാകട്ടെ 1.3 ശതമാനം. ദാരിദ്ര്യ നിരക്ക് ഏറ്റവും കുറഞ്ഞുനിൽക്കുന്ന സംസ്ഥാനങ്ങളിൽ കേരളമുണ്ടെങ്കിലും, കേരളത്തിലുള്ളതിനേക്കാൾ കുറവാണ് ഹിമാചൽ പ്രദേശിലെയും തമിഴ്നാട്ടിലെയും ദാരിദ്ര്യനിരക്കുകൾ!
ഈ അസംബന്ധ കണക്കുകൾ മോദി സർക്കാരിന്റേതായി വന്ന രീതിശാസ്ത്രത്തിലെ മാറ്റങ്ങൾ മൂലവും അതുമൂലം ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഉപഭോഗ ചെലവ് ക്രമാതീതമായി ഉയർന്നതിന്റെയും ഫലമാണ്. ഇത് മൂലമാണ് 2011-–12ലെ ദാരിദ്ര്യ നിരക്കുകളുമായി ഒരുതരത്തിലും താരതമ്യം ചെയ്യാൻ കഴിയാത്തതാണ് 2022-–23ലെയും 2023-–24ലെയും കണക്കുകൾ എന്ന് പണ്ഡിതർ വിലയിരുത്തിയിട്ടുള്ളത്. എന്നാൽ മോദി സർക്കാരിന് ഇതൊക്കെ മറച്ചുപിടിച്ചുകൊണ്ട് ഇത്തരമൊരു താരതമ്യം നടത്തിയേ തീരൂ എന്ന ശാഠ്യമാണ്. എന്നാൽ മാത്രമേ മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ദാരിദ്ര്യ നിരക്ക് അസാധാരണമായി കുറഞ്ഞു എന്ന് വാദിക്കാൻ കഴിയൂ. ഇതേ കണക്കുകളെ പിൻപറ്റി തന്നെയാണ് ഇന്ത്യയിൽ തങ്ങൾ അതിദാരിദ്ര്യം അവസാനിപ്പിച്ചു കഴിഞ്ഞു എന്ന് മോദി സർക്കാർ അവകാശവാദമുന്നയിക്കുന്നത്. ശാസ്ത്രീയതയുടെ പിൻബലം ഒട്ടുമില്ലാത്ത ഇത്തരം താരതമ്യങ്ങൾ അഭികാമ്യമോ സ്വീകാര്യമോ അല്ല എന്നാണ് ഇന്ന് ഇന്ത്യയിലെ വസ്തുനിഷ്ഠമായി ചിന്തിക്കുന്ന സാമൂഹ്യ ശാസ്ത്രജ്ഞരും സാമ്പത്തിക ശാസ്ത്രജ്ഞരും ദൃഢമായിത്തന്നെ കരുതുന്നത്. കണക്കുകളിലെ ഈ അസംബന്ധം ഇടതുപക്ഷം തന്നെയും ഔദ്യോഗികമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇനി ബഹുമുഖ ദാരിദ്ര്യ സൂചികയുടെ കാര്യമോ? പട്ടിക രണ്ട് കാണുക. ഇവിടെ കണക്കിലെ കള്ളക്കളികൾ വലുതായി നടന്നിട്ടില്ല. പ്രശ്നങ്ങൾ കൂടുതലും രീതിശാസ്ത്രത്തിന്റെ വസ്തുനിഷ്ഠതയിലാണ്. അതുകൊണ്ടുതന്നെ കേരളത്തിന്റെ പ്രകടനം ബഹുമുഖ ദാരിദ്ര്യ സൂചികകളുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ചതും ഏറ്റവും ഉജ്വലമായ പുരോഗതിയുടെയും ഉദാഹരണമായി നിൽക്കുന്നു. ജനസംഖ്യയിലെ 0.48 ശതമാനം മാത്രമാണ് ഇതനുസരിച്ച് കേരളത്തിലെ ദരിദ്രരുടെ വിഹിതം. തമിഴ്നാട്ടിലും ഹിമാചൽ പ്രദേശിലുമൊക്കെ കേരളത്തേക്കാൾ ദാരിദ്ര്യനിരക്ക് കൂടുതലായി തന്നെയാണ് നിൽക്കുന്നത്. മാത്രമല്ല ബീഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ദാരിദ്ര്യ നിരക്ക് പട്ടിക ഒന്നിൽ കണ്ടതുപോലെ അവിശ്വസനീയമായ രീതിയിൽ താഴ്ന്നു നിൽക്കുകയോ കുറയുകയോ ചെയ്യുന്നില്ല. പക്ഷേ ഇവിടെയും നമ്മൾ നേരത്തെ ഉന്നയിച്ച രീതിശാസ്ത്രപരമായ വിമർശനങ്ങൾ നിലനിൽക്കുന്നുവെന്ന് മാത്രമല്ല, മറ്റൊരു പുതിയ പ്രശ്നം കൂടി ഉടലെടുക്കുകയും ചെയ്യുന്നു.
പട്ടിക രണ്ട്: ബഹുമുഖ ദാരിദ്ര്യ സൂചികയുടെ അടിസ്ഥാനത്തിൽ കണക്കാക്കിയ ദാരിദ്ര്യ നിരക്കുകൾ, ജനസംഖ്യയിൽ ദരിദ്രരുടെ വിഹിതം എന്ന കണക്കിൽ, ശതമാനത്തിൽ, 2005–-06 മുതൽ 2022-23 വരെ
| സംസ്ഥാനങ്ങൾ | 2005-06 | 2015-16 | 2019-21 | 2022-23 |
| ആന്ധ്രാ പ്രദേശ് | 48.80 | 11.77 | 6.06 | 4.19 |
| അസം | 60.78 | 32.65 | 19.35 | 14.47 |
| ബീഹാർ | 78.28 | 51.89 | 33.76 | 26.59 |
| ഛത്തീസ്‌ഗഡ് | 69.78 | 29.90 | 16.37 | 11.71 |
| ഗുജറാത്ത് | 39.79 | 18.47 | 11.66 | 9.03 |
| ഹരിയാന | 41.84 | 11.88 | 7.07 | 5.30 |
| ഹിമാചൽ പ്രദേശ് | 32.23 | 7.59 | 4.93 | 3.88 |
| ജാർഖണ്ഡ് | 74.04 | 42.10 | 28.81 | 23.34 |
| കർണാടക | 46.71 | 12.77 | 7.58 | 5.67 |
| കേരളം | 12.31 | 0.70 | 0.55 | 0.48 |
| മധ്യപ്രദേശ് | 69.44 | 36.57 | 20.63 | 15.01 |
| മഹാരാഷ്ട്ര | 40.07 | 14.80 | 7.81 | 5.48 |
| ഒഡീഷ | 63.84 | 29.34 | 15.68 | 11.07 |
| പഞ്ചാബ് | 26.66 | 5.57 | 4.75 | 4.35 |
| രാജസ്ഥാൻ | 64.15 | 28.86 | 15.31 | 10.77 |
| തമിഴ്‌നാട് | 36.54 | 4.76 | 2.20 | 1.43 |
| ഉത്തരാഖണ്ഡ് | 40.38 | 17.67 | 9.67 | 6.92 |
| ഉത്തർ പ്രദേശ് | 69.52 | 37.68 | 22.93 | 17.40 |
| പശ്ചിമ ബംഗാൾ | 57.60 | 21.29 | 11.89 | 8.60 |
| ഇന്ത്യ | 55.34 | 24.85 | 14.96 | 11.28 |
അവലംബം: നിതി ആയോഗ്
ദാരിദ്ര്യ നിരക്ക് സാധാരണയായി കണക്കാക്കുന്നത് സാമ്പിൾ സർവേകളിൽ നിന്നാണ്. ബഹുമുഖ ദാരിദ്ര്യ സൂചികയ്-ക്ക് അടിസ്ഥാനമായ കണക്കുകൾ വരുന്നത് “നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ’ എന്ന സാമ്പിൾ സർവ്വേയിൽ കൂടിയാണെങ്കിൽ ഉപഭോഗ സർവേ ഫലങ്ങൾ കിട്ടുന്ന “നാഷണൽ സാമ്പിൾ സർവ്വേ’ ചരിത്രപരമായിത്തന്നെ ഒരു സാമ്പിൾ സർവ്വേയാണ്. സമൂഹത്തിൽ ഇത്ര പേർ ദരിദ്രരാണ് എന്ന് ഇവ നമ്മളോട് പറയുന്നുണ്ടെങ്കിലും ആരൊക്കെയാണ് ആ ദരിദ്രർ എന്ന് ഈ കണക്കുകൾ നമുക്ക് കാണിച്ചു തരുന്നില്ല. ഇതിനെയാണ് സാമ്പത്തിക ശാസ്ത്രത്തിലും സ്റ്റാറ്റിസ്റ്റിക്സിലും ഒക്കെ “എസ്റ്റിമേഷനും” (കണക്കെടുപ്പ്) “ഐഡന്റിഫിക്കേഷനും’ (തിരിച്ചറിയൽ) തമ്മിലുള്ള വ്യത്യാസം എന്ന് വിളിക്കുന്നത്. ശതമാന ക്കണക്ക് മാത്രം കയ്യിലുള്ളതുകൊണ്ട് ദരിദ്രരുടെ തിരിച്ചറിയൽ സാധ്യമാകുന്നില്ല. അതിന് പ്രത്യേകമായ മറ്റൊരു സെൻസസ് സർവ്വേ തന്നെ വേണ്ടിവരും. എന്നാൽ മാത്രമേ ആരൊക്കെയാണ് ദരിദ്രർ എന്ന് കണ്ടെത്താനും ആവശ്യമായ പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കാനും സാധിക്കുകയുള്ളൂ.
ചുരുക്കത്തിൽ രണ്ടു പ്രശ്നങ്ങൾ ഉയർന്നുവരുന്നു. ഒന്ന്, നാഷണൽ സാമ്പിൾ സർവേ പോലെയുള്ള കണക്കുകളെ കുറിച്ച് രാഷ്ട്രീയമായ കൈകടത്തലുകളില്ലാതെ ശാസ്ത്രീയമായ താരതമ്യങ്ങൾ സാധ്യമാണോ എന്നതിനെക്കുറിച്ചും വിമർശനങ്ങളുണ്ട്. രണ്ട്, ബഹുമുഖ ദാരിദ്ര്യ സൂചിക പോലെയുള്ള കണക്കുകളുടെ വസ്തുനിഷ്ഠതയെ കുറിച്ച് രീതിശാസ്ത്രപരമായ വിമർശനങ്ങൾ ഉണ്ട്. മാത്രമല്ല, ഈ രണ്ട് സ്രോതസ്സുകളും തരുന്നത് ശതമാന ക്കണക്കുകൾ മാത്രമാണ്.
ഇവിടെയാണ് കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വഴി മാറി നടക്കാൻ തീരുമാനിച്ചത്. ദരിദ്രരെ തിരിച്ചറിയുന്നതിന് സെൻസസ് അടിസ്ഥാനത്തിലുള്ള ഒരു സർവ്വേ കൂടിയേ തീരൂ. അങ്ങനെയെങ്കിൽ അത് ശാസ്ത്രീയമായി ഡിസൈൻ ചെയ്ത്, വിപുലമായി സംഘടിപ്പിച്ച്, ജനകീയാടിസ്ഥാനത്തിൽ വിശകലനം നടത്തി, ഒരു സംസ്ഥാനതല ക്യാമ്പയിനായിത്തന്നെ മാറ്റിക്കൂടേ? അതുവഴി അതിദരിദ്ര കുടുംബങ്ങളെ കൃത്യതയോടെ കൂടി തിരിച്ചറിഞ്ഞ്, അവരെ ആ അവസ്ഥയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതികൾ വിഭാവനം ചെയ്തു കൂടേ? അതുവഴി മുകളിലെ രണ്ട് സാമ്പിൾ സർവ്വകളിലും ഉള്ള പല പ്രശ്നങ്ങളെയും മറികടക്കാം; ഒപ്പം അതിദരിദ്രരെ കണ്ടെത്തുകയും ചെയ്യാം. ഇതാണ് കേരളം കഴിഞ്ഞ നാലുവർഷമായി നടപ്പിലാക്കിയത്. ഈ പ്രവർത്തനത്തിന്റെ വിശദമായ വിവരണങ്ങൾ ഈ ലക്കത്തിൽ തന്നെയുള്ള മറ്റു ലേഖനങ്ങളിൽ ലഭ്യമാണ്; അതിലേക്കിവിടെ കടക്കുന്നില്ല. ഈ ചരിത്രപരമായ പ്രവർത്തനത്തിന്റെ പര്യവസാനമാണ് 2025 നവംബർ ഒന്നിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്താൻ പോകുന്ന പ്രഖ്യാപനം. കുടുംബശ്രീയുടെ ജനകീയ സർവേ വഴി കണ്ടെത്തിയ 64,006 കുടുംബങ്ങളെ പ്രത്യേകമായ മൈക്രോപ്ലാനുകൾ തയ്യാറാക്കി അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കിയതിന്റെ പ്രഖ്യാപനം. കേരളത്തിന്റെ ലോകശ്രദ്ധ നേടിയ സാമൂഹ്യ നേട്ടങ്ങളുടെ സമ്പന്നമായ പട്ടികയിലേക്ക് ഒരു പൊൻതൂവൽ കൂടി അന്ന് കൂട്ടിച്ചേർക്കപ്പെടും.
ദാരിദ്ര്യ നിർമാർജനം, ഒരു തുടർപ്രക്രിയ
2025 നവംബർ ഒന്നിന്റെ പ്രഖ്യാപനത്തോടു കൂടി കേരളത്തിലെ ദാരിദ്ര്യ നിർമാർജനത്തിന്റെ പ്രശ്നം എന്നെന്നേക്കുമായി അവസാനിച്ചു എന്ന് ഒരുതരത്തിലും അർത്ഥമാകുന്നില്ല. ദാരിദ്ര്യം എന്ന പ്രതിഭാസത്തിന്റെ സ്വഭാവ വിശേഷമാണ് അതിനു കാരണം. ഒരു തലത്തിലെ ദാരിദ്ര്യം അവസാനിപ്പിച്ചു കഴിയുമ്പോൾ അതിന് മുകളിലെ പുതിയൊരു തലത്തിലെ ദാരിദ്ര്യം അവസാനിപ്പിക്കേണ്ടതിന്റെ ചുമതല സമൂഹത്തിൽ നിക്ഷിപ്തമാകുന്നു. കേരളത്തിന്റെ പ്രതിശീർഷ വരുമാനം ഉയർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ കുറച്ചുകൂടി ഉയർന്ന ദാരിദ്ര്യരേഖ നിശ്ചയിച്ചുകൊണ്ട്, അതിന്റെ അടിസ്ഥാനത്തിൽ കണക്കാക്കപ്പെടുന്ന പുതിയൊരു കൂട്ടം ദരിദ്രരെ തിരിച്ചറിഞ്ഞ്, അവരെ ആ അവസ്ഥയിൽ നിന്ന് പുറത്തേക്ക് നയിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിക്കേണ്ടതുണ്ട്. അതും കഴിയുമ്പോൾ അതിന്റെയും ഉയർന്ന ഘട്ടത്തിലേക്ക് നമുക്ക് പ്രവേശിക്കേണ്ടി വരും. അങ്ങനെ ദാരിദ്ര്യനിർമാർജനം എന്നത് സമൂഹത്തിന്റെ വികാസത്തിനൊപ്പം തുടരുന്ന ഒരു പ്രക്രിയയായി നിലകൊള്ളും. വർഗ്ഗസമൂഹത്തിന്റെ അവസാനം വരെയും.
ഒപ്പം, ദാരിദ്ര്യത്തിന്റെ പ്രശ്നത്തെ അസമത്വത്തിന്റെ പ്രശ്നവുമായി കൂട്ടിക്കെട്ടിയും വിശകലനങ്ങളും പരിഹാരമാർഗ്ഗങ്ങളുടെ തേടലുകളും തുടരേണ്ടി വരും. അങ്ങനെ, “കേവലമായ’ ദാരിദ്ര്യരേഖ എന്ന ചിന്തയിൽ നിന്നു മാറി “ആപേക്ഷികമായ’ ദാരിദ്ര്യത്തിന്റെ അവസാനവും പുരോഗമനത്തിന്റെ ഭാഗമാവണം. ഉള്ളവന്റെ പ്രതിശീർഷ വരുമാനവും ഇല്ലാത്തവന്റെ പ്രതിശീർഷ വരുമാനവും തമ്മിലുള്ള ദൂരം ദാരിദ്ര്യത്തിന്റെ ഒരു സൂചിക തന്നെയാണ്. ആ ദൂരം നിരന്തരമായി കുറച്ചു കൊണ്ടുവരുന്നതും ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമാവേണ്ടതുണ്ട്. അപ്പോഴാണ് ഉയർന്ന ജനാധിപത്യ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു സമൂഹം ജന്മമെടുക്കുന്നത്. അത് വർഗ്ഗത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിലുള്ള സമൂഹത്തിലെ ബഹുമുഖമായ ചൂഷണങ്ങൾ അവസാനിപ്പിക്കേണ്ട വിപ്ലവ പ്രവർത്തനത്തിന്റെ അന്തിമമായ ലക്ഷ്യം കൂടിയാണ്. കേരളമല്ലാതെ മറ്റേത് സമൂഹമാണ് ഇവിടെ ഈ മാർഗ്ഗത്തിൽ ഇന്ത്യയ്ക്കൊരു വഴികാട്ടി? l
(സംസ്ഥാന ആസൂത്രണ ബോർഡ്
അംഗമാണ് സാമ്പത്തിക
ശാസ്ത്രജ്ഞനായ ലേഖകൻ)



