Saturday, May 9, 2026

ad

Homeകവര്‍സ്റ്റോറിഅതീവ ദാരിദ്ര്യമകന്ന 
നവകേരളം

അതീവ ദാരിദ്ര്യമകന്ന 
നവകേരളം

വകേരള സൃഷ്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പടവിലേക്കാണ് കേരളം ഈ നവംബർ ഒന്നാം തീയതി കാൽവെക്കുന്നത്. കേരളത്തിൽ അതീവദാരിദ്ര്യം പൂർണ്ണമായും തുടച്ചുനീക്കിയതായി പ്രഖ്യാപിച്ചുകൊണ്ടുള്ള വളരെ പ്രധാനപ്പെട്ട നടപടിയിലേക്കാണ് നാം പോകുന്നത്. 2021ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ അധികാരത്തിലേറുമ്പോൾ എടുത്ത ആദ്യത്തെ തീരുമാനമായിരുന്നു അതീവദാരിദ്ര്യം തുടച്ചുനീക്കുക എന്നത്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ആ നേട്ടം കേരളം ഇന്ന് കൈവരിക്കുകയാണ്.
രാജ്യത്ത് ദാരിദ്ര്യനിർമാർജനം എക്കാലവും ചർച്ചാവിഷയമായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു അത്. ഇന്ത്യ സ്വതന്ത്രമായപ്പോൾ മുതൽ ദാരിദ്ര്യ ലഘൂകരണത്തിനും തുടർന്ന് ദാരിദ്ര്യനിർമാർജനത്തിനും വേണ്ടിയുള്ള ഒട്ടേറെ പരിപാടികൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ചില മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും ഇന്നും ദാരിദ്ര്യം രാജ്യത്തെ പ്രധാനപ്പെട്ട പ്രശ്നമായിത്തന്നെ തുടരുകയാണ്. ഇതിനിടയിലാണ് വ്യത്യസ്തമായ വികസന സമീപനത്തിലൂടെ ദാരിദ്ര്യത്തെ ചെറുത്തുതോൽപ്പിക്കാൻ കേരളത്തിനാകുന്നത്.

പെട്ടെന്നൊരു ദിവസം ദാരിദ്ര്യം നിർമാർജനം ചെയ്യുകയായിരുന്നില്ല കേരളത്തില്‍ സംഭവിച്ചത്. കേവലം സ്കീമുകളിലൂടെയും പരിപാടികളിലൂടെയും മാത്രം ദാരിദ്ര്യം നിർമാർജനം ചെയ്യാൻ കഴിയുകയില്ല എന്ന വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് കേരളം മുന്നോട്ടു നീങ്ങിയത്. സ. ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കേരളത്തിന്റെ ഒന്നാം സർക്കാർ അധികാരമേറ്റപ്പോൾ തന്നെ കേരളത്തിന്റെ വികസനപാത ഏത് എന്ന് തീരുമാനിക്കപ്പെട്ടു. ജനങ്ങളെ എല്ലാവരെയും ചേർത്തുകൊണ്ടുള്ള, നീതിപൂർവ്വമായ വിതരണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള നയം ആയിരുന്നു കേരളം കൈക്കൊണ്ടത്. അത് ഒരു പരിധിവരെ മുന്നോട്ടു കൊണ്ടു പോകുവാൻ കഴിഞ്ഞു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭൂഉടമ ബന്ധത്തിൽ വന്ന മാറ്റം തന്നെയാണ്. പ്രത്യേകിച്ച് ഭൂനിയമം സൃഷ്ടിച്ച വ്യത്യാസം, ജന്മി-–കുടിയാൻ ബന്ധങ്ങളിൽ ഉണ്ടായ മാറ്റം ഇവയെല്ലാം അടിസ്ഥാനപരമായ പരിവർത്തനമായി. അവയില്ലാതെ നമുക്ക് ദാരിദ്ര്യം നിർമാർജനം ചെയ്യാൻ കഴിയുകയില്ല എന്ന വ്യക്തമായ കാഴ്ചപ്പാടാണ് കേരളത്തെ നയിച്ചത്. അതുകൊണ്ടുതന്നെയാണ് ഭൂപരിഷ്കരണ നിയമവും അതിനെ തുടർന്നുണ്ടായ നടപടികളും എല്ലാ ന്യൂനതകളും ഉൾക്കൊണ്ടുകൊണ്ടുതന്നെ നമുക്ക് ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നമ്മെ വ്യത്യസ്തമാക്കുന്നതും അതു തന്നെ.

ദാരിദ്ര്യനിർമാർജനം സംബന്ധിച്ച് നിരവധി സമീപനങ്ങൾ ഇതിനകം ഉണ്ടായിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇതുമായി ബന്ധപ്പെട്ട് പലതരം സ്കീമുകൾ കൊണ്ടുവരാനും ഇടപെടലുകൾ നടത്താനും ശ്രമിച്ചിട്ടുണ്ടെന്ന് മാത്രമല്ല ദാരിദ്ര്യത്തെക്കുറിച്ചുള്ള നിർവചനങ്ങള്‍, സൂചകങ്ങള്‍, അളവുകോലുകൾ എന്നിവയെല്ലാം വ്യത്യസ്തമായ രീതിയിൽ പ്രതിപാദിച്ചിട്ടുമുണ്ട്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ, കലോറി ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ എന്നിങ്ങനെ പലരീതിയിൽ ദാരിദ്ര്യത്തിന്റെ തോതും ദാരിദ്ര്യ രേഖയും തയ്യാറാക്കപ്പെട്ടിട്ടുണ്ട്.

കേരളത്തെ സംബന്ധിച്ചിടത്തോളം, ഏറ്റവും വലിയ മാറ്റത്തിന് തുടക്കംകുറിക്കുന്നത് 1996ൽ സഖാവ് ഇ കെ നായനാരുടെ നേതൃത്വത്തിൽ വന്ന ഇടത് ജനാധിപത്യമുന്നണി സര്‍ക്കാര്‍ എടുത്ത നടപടികളാണ്. അതില്‍ ഏറ്റവും പ്രധാനം ജനകീയാസൂത്രണമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാനപ്പെട്ട ചുമതലകളിലൊന്നായി ദാരിദ്ര്യ നിർമാർജനം മാറി. ദാരിദ്ര്യ ലഘൂകരണം എന്നതിൽ നിന്നും പടിപടിയായി ദാരിദ്ര്യ നിർമാർജനം എന്നതിലേക്ക് മാറുന്ന രീതിയിലേക്ക് ആ സമീപനം വഴിതെളിച്ചു. അതോടൊപ്പം തന്നെയാണ് 1997 ലെ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവവും. ദാരിദ്ര്യ നിർമാർജനത്തിന്റെ ഏറ്റവും വലിയ ശക്തമായ രൂപമായി കുടുംബശ്രീ പ്രസ്ഥാനം വളർന്നു. ദാരിദ്ര്യ നിർമാർജനം തന്നെയായിരുന്നു അതിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന്. അതുവഴി ഉണ്ടായ നിരവധി ഇടപെടൽ കൂടി ഇന്ന് ഈ നിലയിലേക്ക് എത്തുവാന്‍ സഹായിച്ചു.

അതീവ ദാരിദ്ര്യം ഇല്ലാതാക്കുവാന്‍ ഒരു ഇടപെടൽ ആരംഭിക്കുമ്പോൾ ഏറ്റവും പ്രധാനം അതീവ ദരിദ്രർ ആരെന്ന് കൃത്യമായി കണ്ടെത്തുക എന്നതാണ്. മാത്രവുമല്ല മുൻപുണ്ടായിരുന്ന പല സ്കീമുകളില്‍ നിന്നും പരിപാടികളിൽ നിന്നും പുറന്തള്ളപ്പെട്ടവരായിരിക്കാം അവർ. അവർക്ക് ദാരിദ്ര്യത്തിൽ നിന്നും പുറത്തു വരണമെങ്കിൽ മറ്റു സഹായങ്ങൾ ആവശ്യമുള്ളവരുമായിരിക്കും. അതായത് ഓരോ വ്യക്തിയും ഓരോ കുടുംബവും വ്യത്യസ്തമായിരിക്കും. പൊതു സ്കീമുകള്‍ ഫലപ്രദമാകില്ല. പലപ്പോഴും അത്തരം സ്കീമുകള്‍ പ്രാപ്യമാക്കാന്‍ അവര്‍ക്ക് സ്വയം കഴിവും ഉണ്ടാകില്ല. അവരെ കണ്ട്, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി, ആ പ്രത്യേക പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാനുള്ള നടപടികൾ ഉണ്ടാവണം എന്നതാണ് ഇതിന്റെ അടിസ്ഥാനം. ഈയൊരു സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് അതീവദരിദ്രരെ കണ്ടെത്താനുള്ള പരിപാടി ആരംഭിക്കുന്നത്. വരുന്ന അഞ്ചുവർഷംകൊണ്ട് അവരെ അതീവ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനായി ഓരോ കുടുംബത്തിന്റെയും മൈക്രോ പ്ലാനുകൾ തയ്യാറാക്കി അതീവ ദാരിദ്ര്യത്തെ നേരിടുക എന്നതായിരുന്നു സമീപനം. ആ ലക്ഷ്യമാണ് ഇന്നിവിടെ സാധ്യമാകുന്നത്.

തദ്ദേശസ്വയംഭരണ 
സ്ഥാപനങ്ങളുടെ പങ്ക്
ഇതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഹിച്ച പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. മുൻപ് സൂചിപ്പിച്ചതുപോലെ ദാരിദ്ര്യ നിർമാർജനത്തിന്റെ പ്രധാനപ്പെട്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയിരുന്നു. അവയെ ശക്തിപ്പെടുത്തുന്ന രീതിയിൽ ആശ്രയ അടക്കമുള്ള പരിപാടികളുംതയ്യാറാക്കപ്പെട്ടിരുന്നു. അവയെല്ലാം കൂടുതൽ ശക്തമാക്കിക്കൊണ്ട് മുന്നോട്ടു പോകേണ്ട ആവശ്യമുണ്ടായിരുന്നു. പിന്നീട് വന്ന എല്ലാ പരിപാടികളിലും കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിർണായകമായ പങ്കാണ് വഹിച്ചുവരുന്നത്.

അതീവ ദരിദ്രരെ കണ്ടെത്താനുള്ള പരിപാടിയുടെ ചട്ടക്കൂട്, പല അനുഭവങ്ങളുടെയും പല രീതിശാസ്ത്രങ്ങളുടെയും കൂട്ടിച്ചേർക്കലാണ്. അതിൽ കുടുംബശ്രീ മുൻപെടുത്തിട്ടുള്ള സമീപനങ്ങള്‍, ആശ്രയ പരിപാടികളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ, മള്‍ട്ടി ഡയമെന്‍ഷനല്‍ പോവര്‍ട്ടി ഇൻഡക്സ് എന്നിവയെല്ലാം കൂട്ടിച്ചേർത്തുകൊണ്ടാണ് അതീവ ദരിദ്രരെ കണ്ടെത്താനുള്ള ചട്ടക്കൂട് തയ്യാറാക്കിയത്. ഇത്തരമൊരു പ്രവര്‍ത്തനം ഇതിനകം നടന്നിട്ടില്ലാത്തതിനാല്‍ ആവശ്യത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തി കൂടുതൽ പ്രായോഗികമായി, കൂടുതൽ വ്യക്തമായി, കൂടുതൽ കൃത്യമായി നടപ്പിലാക്കാനുള്ള ശ്രമമാണ് നടത്തിയത്. പ്രധാനപ്പെട്ട മാറ്റം ആരോഗ്യം, ഭക്ഷണം, വരുമാനം, താമസയോഗ്യമായ വസതി എന്നിവയെല്ലാം ഇതിന്റെ മുഖ്യ മാനദണ്ഡങ്ങളായി കൊണ്ടുവരിക എന്നതാണ്. അതീവദാരിദ്ര്യത്തിന്റെ കാരണം കണ്ടെത്തുന്നതിൽ മാനദണ്ഡങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്നുള്ള തിരിച്ചറിവാണ് ഇങ്ങനെയൊരു സമീപനത്തില്‍ എത്തിച്ചത്. അതുപോലെതന്നെ ചരിത്രപരമായ ഘടകങ്ങൾ – പ്രത്യേകിച്ചും പട്ടികജാതി വിഭാഗങ്ങൾ, പട്ടികവർഗ്ഗ വിഭാഗങ്ങൾ, തീരദേശവാസികൾ എന്നിവർക്കെല്ലാം തന്നെ പ്രത്യേകമായ സൂചകങ്ങള്‍ ഉൾപ്പെടുത്തുന്നു. അനാഥരെന്ന നിലയിൽ കഴിയുന്നവർ, നഗരങ്ങളിലെ ദരിദ്രർ അങ്ങനെയുള്ളവരെയെല്ലാം തന്നെ പ്രത്യേക സൂചകങ്ങളിൽ ഉൾപ്പെടുത്തി. അതോടൊപ്പം നിരവധി ഉപസൂചകങ്ങളും മാനദണ്ഡങ്ങളും ഉൾപ്പെടുത്തി. ചില കാര്യങ്ങളില്‍ പ്രത്യേക മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇതിനായി തയ്യാറാക്കിയ രൂപരേഖയും ചട്ടക്കൂടും മറ്റൊരിടത്തും ഉപയോഗിക്കാത്ത രീതിയിലുള്ളതാണെന്ന് മാത്രമല്ല മറ്റെല്ലാവർക്കും മാതൃകയായ പ്രവർത്തനവും കൂടിയാണ്. ഇതിനായി സ്വീകരിച്ച പ്രക്രിയ തന്നെ രാജ്യത്തെ ഏറ്റവും മാതൃകാപരമായ പ്രവർത്തനങ്ങളിൽ ഒന്നായി മാറ്റപ്പെട്ടു.

ഈ പ്രക്രിയയുടെ നടത്തിപ്പിലും ഒട്ടേറെ മാറ്റങ്ങൾ ഉണ്ട്. സാധാരണഗതിയിൽ പലതരത്തിലാണ് ഇങ്ങനെ ദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയ നടക്കുക. പലപ്പോഴും ഉദ്യോഗസ്ഥരെ മാത്രം ഉപയോഗിച്ചുള്ള സർവേ രീതിയിലുള്ള പ്രവർത്തനങ്ങൾ ആയിരിക്കും. അതല്ലെങ്കിൽ ചില കണക്കുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ആയിരിക്കും. എന്നാൽ ഇവിടെ എടുത്ത സമീപനം പങ്കാളിത്ത രീതിയിൽ എങ്ങനെ ദരിദ്രരെ കണ്ടെത്താം എന്ന പ്രക്രിയയായിരുന്നു. കാരണം സാധാരണയായി ദരിദ്രരെ കണ്ടെത്താനുള്ള സർവേ ഇത്തരമൊരു പ്രക്രിയയിൽ ഫലപ്രദമാകില്ല എന്ന തിരിച്ചറിവാണ് ഇതിലേക്ക് എത്തിച്ചത്. പ്രത്യേകിച്ച് സ്വന്തം പ്രശ്നങ്ങൾ, സ്വന്തം പ്രയാസങ്ങൾ വിളിച്ചുപറയുവാൻ പോലും കഴിവില്ലാത്ത ഒരുപറ്റം ആളുകളെ കണ്ടെത്തുക കൂടിയാണ് ഈ പ്രക്രിയ എന്നതുകൊണ്ടുതന്നെ സാധാരണഗതിയിൽ പൊതുജനം മനസ്സിലാക്കാത്ത പ്രയാസങ്ങൾ കൂടി അറിയേണ്ടതുണ്ട്.

വിവിധ വിഭാഗങ്ങള്‍

സംവർഗം കുടുംബങ്ങളുടെ എണ്ണം
പട്ടികജാതി 12673
പട്ടികവർഗം 3021
തിരിച്ചറിയപ്പെട്ടിട്ടില്ലാത്തവർ 315
മറ്റു സംവർഗങ്ങൾ 47907
ആകെ  64006

ഇതത്ര എളുപ്പമുള്ള പരിപാടി ആയിരുന്നില്ല. എന്നാൽ പങ്കാളിത്ത രീതിയിൽ കേരളം നടത്തിയ ഒട്ടേറെ പ്രവർത്തനങ്ങളുടെ അനുഭവങ്ങൾ ഇതിന് സഹായകമായിരുന്നു. പ്രത്യേകിച്ചും സമ്പൂർണ്ണ സാക്ഷരതയും ജനകീയാസൂത്രണവും കേരളത്തിന് ഇത്തരമൊരു പ്രവർത്തനത്തിനുള്ള അനുഭവങ്ങൾ നല്‍കിയിരുന്നു. പ്രളയകാലത്തും മറ്റു ദുരന്തകാലങ്ങളിലും എത്രമാത്രം ജനകീയ പങ്കാളിത്തമാണ് ഉണ്ടായത് എന്ന അനുഭവവും ഇങ്ങനെ സന്നദ്ധപ്രവർത്തനം നടത്താനുള്ള ജനങ്ങളുടെ, പ്രത്യേകിച്ച് യുവജനങ്ങളുടെ താല്പര്യവും എല്ലാം ഇത്തരമൊരു രീതിക്ക് തുടക്കംകുറിക്കാൻ സഹായകമായി. തീർച്ചയായും കുടുംബശ്രീ ഇതിന്റെ നെടുംതൂണായി പ്രവർത്തിച്ചു. ഈ സമീപനത്തിൽ ഏറ്റവും പ്രധാനം, ജനപ്രതിനിധികളും ജനകീയ സംവിധാനങ്ങളും കുടുംബശ്രീയും പൊതുജനങ്ങളും വിവിധ വകുപ്പുകളും ഉദ്യോഗസ്ഥരും ഒന്നിച്ചുചേർന്ന് നടത്തിയ ഒരു പ്രവർത്തനമായിട്ടാണ് ഇതിനെ കാണേണ്ടത് എന്നതാണ്. ഇങ്ങനെ അതീവ ദാരിദ്ര്യത്തെ കണ്ടെത്തുന്ന പ്രക്രിയയിലും ഇതിന്റെ തുടർ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിലും ഇങ്ങനെയുള്ള കൂട്ടായ പ്രവർത്തനം വലിയതോതിൽ സഹായകമായി. ഇത്തരമൊരു പ്രവർത്തനം ലോകത്തിനുതന്നെ മാതൃകയാണ്.

ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടുന്ന തരത്തിലുള്ള വിപുലമായ ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ ആണ് നാട്ടിലെമ്പാടും സംഘടിപ്പിച്ചത്. അതീവ ദരിദ്രരായിട്ടുള്ള ഓരോരുത്തരെയും കണ്ടെത്താനുള്ള ചർച്ചകളാണ് ഈ ഫോക്കസ് ഗ്രൂപ്പ് ചർച്ചകളില്‍ നടന്നത്. സംസ്ഥാനത്ത് 57,947 ഫോക്കസ് ഗ്രൂപ്പ് ചർച്ചകളാണ് നടത്തിയത്. ഇതൊരു ചരിത്രമാണ്. ഒരു ഫോക്കസ് ഡിസ്കഷനിൽ ശരാശരി 15 പേരെങ്കിലും പങ്കെടുത്തു എന്നതാണ് പ്രധാനം. അതായത് തങ്ങളുടെ അയൽക്കാരിൽ ആരൊക്കെയാണ് ഇങ്ങനെ അതീവ ദരിദ്രര്‍ എന്ന് ഒന്നിച്ചുചേർന്നിരുന്ന് വ്യക്തമായി കണ്ടുപിടിക്കാനുള്ള പ്രക്രിയയാണിത്. ഏതാണ്ട് 1,37,485 പേരാണ് ഇൗ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. എല്ലാ വീടുകളും ജിയോടാഗ് ചെയ്യുകയും ചെയ്തു.

അങ്ങനെ ജിയോടാഗ് ചെയ്ത വീടുകളുടെ എണ്ണം 64,006 ആണ്. ഇത് ഏതാണ്ട് നിതി ആയോഗ് പ്രസിദ്ധീകരിച്ച മൾട്ടി ഡയമെൻഷനല്‍ പോവെര്‍ട്ടി ഇൻഡക്സ് പ്രകാരമുള്ള കണക്കുമായി ചേർന്നുനിൽക്കുന്നതാണ്. അതായത് നമ്മൾ നടത്തിയ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ശരിയായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ.

മെെക്രോപ്ലാനുകൾ 
തയ്യാറാക്കൽ
ഇതുമായി ബന്ധപ്പെട്ട നിരവധി കണക്കുകൾ നമുക്ക് ലഭ്യമാണ്. പ്രത്യേകിച്ച് ഓരോ ജില്ലയിലും എത്രമാത്രം കുടുംബങ്ങളാണ് അതീവ ദാരിദ്ര്യ പട്ടികയിലുള്ളത് എന്നത് കൃത്യമായി ലഭ്യമാക്കാനായി. എന്നുമാത്രമല്ല ഓരോ വിഭാഗത്തിലും എത്ര പേരാണ് അതീവ ദരിദ്രരായുള്ളത് എന്ന കണക്കും വ്യക്തമായി ലഭിക്കുകയുണ്ടായി. ഓരോ തദ്ദേശഭരണ സ്ഥാപനതല അടിസ്ഥാനത്തിലും വാർഡ് അടിസ്ഥാനത്തിലും വരെ ഈ കണക്ക് ലഭ്യമാണ്. അവയൊക്കെ ഭാവിയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സഹായകമാണ്. വിവിധതരത്തിൽ പുറന്തള്ളപ്പെട്ടവരെ കൃത്യമായി കണ്ടെത്താനായി. അവര്‍ എത്രമാത്രം ദാരിദ്ര്യം അനുഭവിക്കുന്നു എന്നും കണ്ടെത്താനായി. എന്നാൽ ഏറ്റവും പ്രധാനം, അവരുടെ അതീവ ദാരിദ്ര്യത്തിന്റെ കാരണമെന്തെന്നും അതിന്റെ അടിസ്ഥാനത്തിൽ മൈക്രോപ്ലാന്‍ തയ്യാറാക്കാനും സഹായകരമായി എന്നതാണ്. ഉദാഹരണമായി, വളരെ സങ്കീർണമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരുടെ കണക്കും അവർ ആരൊക്കെയാണെന്ന വ്യക്തമായ ധാരണയും കിട്ടുന്നതോടുകൂടി പ്രശ്നത്തിൽ നേരിട്ട് ഇടപെടാൻ കഴിയുന്ന രീതിയിൽ നമുക്ക് മൈക്രോപ്ലാനുകള്‍ തയ്യാറാക്കാൻ കഴിയും. വീടില്ലാത്തവർ, തൊഴിൽ ഇല്ലാത്തവർ, തൊഴിലെടുക്കാൻ കഴിയാത്തവർ, ഭക്ഷണ ലഭ്യത സംബന്ധിച്ച പ്രശ്നങ്ങൾ, ഭക്ഷണം തയ്യാറാക്കാന്‍തന്നെ കഴിയാത്തവർ എന്നിവയടക്കമുള്ള കാര്യങ്ങളും വ്യക്തമായി നമുക്ക് ലഭിക്കും. നിരവധി സർക്കാർ പരിപാടികളുണ്ടെങ്കിലും അവ പ്രാപ്യമല്ലാത്തതിനുള്ള കാരണം എന്ത് എന്ന് കണ്ടുപിടിക്കണം. ഉദാഹരണത്തിന് 64006 കുടുംബങ്ങളിൽ 4557 പേർക്ക് ആധാർ കാർഡ് ഇല്ല അല്ലെങ്കിൽ വോട്ടർ കാർഡില്ല അതുമല്ലെങ്കിൽ റേഷൻ കാർഡ് ഇല്ല. അതുകൊണ്ടു തന്നെ പലപ്പോഴും പല സർക്കാർ രേഖകളിലും അവരില്ല . ലഭിക്കേണ്ട പല കാര്യങ്ങളും അവർക്ക് ലഭ്യമാകാനും പ്രയാസം.

അതീവദാരിദ്ര്യം ജില്ലാടിസ്ഥാനത്തില്‍
ജില്ല പട്ടിക
ജാതി
പട്ടിക
വർഗം
തിരിച്ചറിയപ്പെട്ടി
ട്ടില്ലാത്തവർ
മറ്റുവിഭാഗ
ങ്ങൾ
ആകെ
ആലപ്പുഴ 734 50 20 2809 3613
എറണാകുളം 1223 124 31 4272 5650
ഇടുക്കി 594 233 17 1821 2665
കണ്ണൂർ 273 226 13 3696 4208
കാസർകോട് 324 300 14 2130 2768
കൊല്ലം 1254 68 41 3098 4461
കോട്ടയം 185 40 7 839 1071
കോഴിക്കോട് 1063 106 22 5582 6773
മലപ്പുറം 1310 358 17 6868 8553
പാലക്കാട് 1588 250 35 4570 6443
പത്തനംതിട്ട 796 54 20 1709 2579
തിരുവനന്തപുരം 1881 140 43 5214 7278
തൃശൂർ 1337 44 28 3604 5013
വയനാട് 201 1028 7 1695 2931
ആകെ 12763 3021 315 47907 64006

ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് മൈക്രോ പ്ലാനുകളിലേക്ക് കടന്നത്. മൂന്ന് തരത്തിലാണ് ഈ പ്ലാനുകൾ തയ്യാറാക്കപ്പെട്ടത്. ഒന്ന്, അടിയന്തരമായി ഇടപെടാൻ കഴിയുന്ന അടിയന്തര സംരക്ഷണ പദ്ധതി. അതിൽ ഭക്ഷണത്തിന്റെ, പ്രത്യേകിച്ചും പോഷക നിലവാരമുള്ള ഭക്ഷണത്തിന്റെ കാര്യത്തിൽ, അതിന്റെ ലഭ്യതയും നൽകലും അടക്കമുള്ള കാര്യങ്ങൾ, റേഷൻ കാർഡ്, ആധാർ കാർഡ്, ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ, വിവിധ തരത്തിലുള്ള സർട്ടിഫിക്കറ്റുകൾ, ബാങ്ക് അക്കൗണ്ടുകൾ, സാമൂഹ്യ ക്ഷേമ പെൻഷനുകൾ ലഭിക്കേണ്ടത് തുടങ്ങിയ എല്ലാ കാര്യങ്ങളും അടിയന്തരമായി ലഭ്യമാക്കാനാവും. അതുപോലെതന്നെയാണ് സാന്ത്വന ചികിത്സ ആവശ്യമുള്ളവർ, മരുന്ന് ആവശ്യമുള്ളവർ, ചികിത്സ ആവശ്യമുള്ളവർ, രോഗികൾക്ക് കൂട്ടിരിപ്പുകാർ ആവശ്യമുള്ളവർ തുടങ്ങി അത്തരം നിരവധി ചെറുതും വലുതുമായ പ്രശ്നങ്ങളും അപ്പോഴപ്പോൾ തന്നെ കൈകാര്യം ചെയ്യുന്നത് അടിയന്തര പദ്ധതിയിലൂടെയാണ്. ഇതിനാവശ്യമായ തുക തദ്ദേശസ്ഥാപനങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും വികസന ഫണ്ടിൽ നിന്നും തനത് ഫണ്ടിൽ നിന്നും അല്ലെങ്കിൽ പ്രത്യേകിച്ച് ഇത്തരം പരിപാടികൾക്കായി മാറ്റിവച്ചിട്ടുള്ള ഫണ്ടില്‍ നിന്നുമായി ലഭ്യമാക്കാൻ കഴിയുന്ന രീതിയിലാണ് ഇവ തയ്യാറാക്കുന്നത്.

ഇന്റർമീഡിയറി പ്ലാൻ ആണ് മറ്റൊന്ന്. മേൽ സൂചിപ്പിച്ചതിനേക്കാൾ കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമുള്ള സംവിധാനങ്ങളാണ് അതില്‍ ഉദ്ദേശിച്ചിട്ടുള്ളത്. വിവിധ സ്കീമുകളിൽ ഉൾപ്പെടുത്താൻ കഴിയുന്നവർ, വ്യത്യസ്തമായ ചികിത്സ ആവശ്യമുള്ളവർ, സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന രീതിയിൽ ശക്തിപ്പെടുത്തേണ്ടവർ എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടും. ദീര്‍ഘ കാല പദ്ധതിയാണ് മൂന്നാമത്തേത്. അതിലാണ് വീടും അനുബന്ധമായിട്ടുള്ള മറ്റുകാര്യങ്ങളും ഉൾപ്പെടുത്തേണ്ടത്. പഠനം തുടരാനുള്ള പ്രവർത്തനങ്ങൾ, പഠനത്തോടൊപ്പം തന്നെ നൈപുണ്യം വികസിപ്പിക്കാൻ, നിലവിലുള്ളവ വർധിപ്പിക്കാൻ, പുനര്‍ നൈപുണ്യം തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിലൂടെ തൊഴിലിലേക്കും സുസ്ഥിരമായ വികസനത്തിലേക്കും എത്തിക്കുക എന്നതാണ് പദ്ധതി.

പ്രാവർത്തികമാക്കിയത് പുതിയ രീതിശാസ്ത്രം
ആദ്യം സൂചിപ്പിച്ചതുപോലെ തന്നെ സംസ്ഥാനതലം മുതൽ വാര്‍ഡ്‌ വരെയുള്ള നിരവധി പ്രവർത്തന ഗ്രൂപ്പുകളിലൂടെയാണ് ഈ പരിപാടി നടന്നുവരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനം, കുടുംബശ്രീ, വിവിധ വകുപ്പുകൾ, സന്നദ്ധ പ്രവർത്തകർ, സന്നദ്ധ സംഘടനകള്‍ എന്നിങ്ങനെ എല്ലാവരുംകൂടി ഒത്തുചേർന്നുള്ള പ്രവർത്തനങ്ങളാണ് ഇതുവരെ നടന്നു വന്നത്. ഇങ്ങനെയുള്ള കൂട്ടായ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് കേരളത്തിന് അതീവ ദാരിദ്ര്യം നിർമാർജനം ചെയ്യുന്ന ഘട്ടത്തിലേക്ക് എത്താൻ കഴിഞ്ഞത്.

ആരോഗ്യ പ്രശ്നമുള്ളവര്‍

ജില്ല കുടുംബങ്ങളുടെ
എണ്ണം
ആലപ്പുഴ 2330
എറണാകുളം 3768
ഇടുക്കി 1900
കണ്ണൂർ 2533
കാസർകോട് 1641
കൊല്ലം 3151
കോട്ടയം 662
കോഴിക്കോട് 4038
മലപ്പുറം 5019
പാലക്കാട് 3927
പത്തനംതിട്ട 1592
തിരുവനന്തപുരം 5109
തൃശൂർ 3368
വയനാട് 1879
ആകെ  40917

 

വാസയോഗ്യമായ വീടില്ലാത്തവർ

ജില്ല കുടുംബങ്ങളുടെ
എണ്ണം
ആലപ്പുഴ 1010
എറണാകുളം 1324
ഇടുക്കി 773
കണ്ണൂർ 624
കാസർകോട് 742
കൊല്ലം 1529
കോട്ടയം 279
കോഴിക്കോട് 983
മലപ്പുറം 1562
പാലക്കാട് 1380
പത്തനംതിട്ട 593
തിരുവനന്തപുരം 2406
തൃശൂർ 1266
വയനാട് 620
ആകെ  15091

 

തൊഴിലും വരുമാനവും പ്രശ്നമായവര്‍

ജില്ല കുടുംബങ്ങളുടെ
എണ്ണം
ആലപ്പുഴ 3281
എറണാകുളം 5200
ഇടുക്കി 2429
കണ്ണൂർ 3794
കാസർകോട് 2456
കൊല്ലം 4134
കോട്ടയം 993
കോഴിക്കോട് 6149
മലപ്പുറം 7763
പാലക്കാട് 5891
പത്തനംതിട്ട 2329
തിരുവനന്തപുരം 6748
തൃശൂർ 4512
വയനാട് 2648
ആകെ  58327

 

ഭക്ഷണം പ്രശ്നമായവര്‍

ജില്ല കുടുംബങ്ങളുടെ
എണ്ണം
ആലപ്പുഴ 2254
എറണാകുളം 2907
ഇടുക്കി 1654
കണ്ണൂർ 1946
കാസർകോട് 1450
കൊല്ലം 3085
കോട്ടയം 643
കോഴിക്കോട് 3031
മലപ്പുറം 3782
പാലക്കാട് 3697
പത്തനംതിട്ട 1509
തിരുവനന്തപുരം 5241
തൃശൂർ 2540
വയനാട് 1691
ആകെ  35430

 

മറ്റെല്ലാവര്‍ക്കും മാതൃകയാകുന്ന രീതിയിലാണ് ഈ പരിപാടി സംഘടിപ്പിക്കപ്പെട്ടത്. പുതിയ രീതിശാസ്ത്രം, പുതിയ ഇടപെടൽ രീതി, പുതിയ പ്രക്രിയകൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇതിനോടൊപ്പം ഉണ്ടായിട്ടുണ്ട്. മാത്രമല്ല, ആദ്യം സൂചിപ്പിച്ചതുപോലെ വ്യക്തമായ കാഴ്ചപ്പാടോടുകൂടി നടത്തിയ പ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിലേക്ക് നമ്മെ എത്തിച്ചത്. ദാരിദ്ര്യത്തെക്കുറിച്ച് കേവലം അക്കാദമിക് തലത്തിലും മറ്റുതലങ്ങളിലും പറഞ്ഞുപോകുന്ന ഒരു പ്രവർത്തനത്തിനപ്പുറം, ഇടപെട്ട് മാറ്റമുണ്ടാക്കുക എന്ന പ്രവർത്തനത്തിലേക്കാണ് സർക്കാർ എത്തിയത്. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ ഏറ്റെടുത്തത്. 2021ൽ സര്‍ക്കാര്‍ ആദ്യമായി എടുത്ത തീരുമാനം ഭരണ കാലയളവില്‍ തന്നെ നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്തി എന്നതാണ് ഏറ്റവും പ്രധാനം. എല്ലാവരെയും കൂട്ടിച്ചേർത്തുകൊണ്ട്, പരാതികൾ ഒഴിവാക്കി, വളരെ ശാസ്ത്രീയമായി, വ്യക്തമായി, കൃത്യമായി ഈ പരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞു എന്നതും നേട്ടമാണ്. കേരളത്തിലെ ആദ്യത്തെ സർക്കാർ ഏറ്റെടുത്ത് തെളിച്ച വികസന പാത കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് 1996ൽ ജനകീയാസൂത്രണവും 1997ൽ കുടുംബശ്രീയും തുടർന്ന് നവകേരളത്തിനായുള്ള നിരവധി പ്രവർത്തനങ്ങളും കൂട്ടിച്ചേർത്തുകൊണ്ടാണ് അതീവദാരിദ്ര്യം നിർമാർജനം ചെയ്യുന്ന, ഇന്ന് ലോകത്തിന് മാതൃകയായ സംസ്ഥാനമായി കേരളം മാറുന്നത്. ഒരാളും പിന്തള്ളപ്പെട്ടുപോകരുത് എന്ന നവകേരള കർമ്മ പരിപാടിയുടെ അടിസ്ഥാന കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ പ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിലേക്ക് നമ്മെ എത്തിച്ചത്. നവകേരള നിർമിതി ഒരു നിർണായക നേട്ടംകൂടി കെെവരിച്ചുകൊണ്ടാണ് ഇപ്പോൾ മുമ്പോട്ടുപോകുന്നത്. ഇനിയും മുമ്പോട്ട് പോകേണ്ടതുണ്ട്. ഇപ്പോൾ നാം നേടിയ നേട്ടങ്ങള്‍, അതിനായുള്ള പ്രവർത്തനങ്ങൾ നിലനിർത്തുകയും അഭംഗുരം തുടരുകയും ചെയ്യേണ്ടതിന്റെയുംഅതിനുള്ള സംവിധാനം നിലനിർത്തേണ്ടതിന്റെയു ആവശ്യകതയും കൂടിയാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × five =

Most Popular