Saturday, December 13, 2025

ad

Homeകവര്‍സ്റ്റോറിആലപ്പുഴ മൈക്രോ പ്ലാൻ
അനുഭവ പാഠങ്ങൾ

ആലപ്പുഴ മൈക്രോ പ്ലാൻ
അനുഭവ പാഠങ്ങൾ

അജിത്കുമാർ ആർ (ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത്)

തിരഞ്ഞെടുപ്പ് കാലത്ത് ആലപ്പുഴ അവലൂക്കുന്നിലെ ഉള്ളാടർ കുടാംബങ്ങളുടെ ദുരവസ്ഥ സംബന്ധിച്ച തീക്ഷ്ണമായ അനുഭവമാണ് (മൂന്ന് സെന്റിലും ഒരു സെന്റിലുമുള്ള വീടുകൾ, പണികൾ പൂർത്തീകരിക്കാത്ത ചോരുന്ന മോശം അവസ്ഥയിലുള്ള വീടുകളും കക്കൂസുകളും, മണ്ണും മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്ന സെറ്റിൽമെന്റിനുള്ളിലൂടെ കടന്നുപോകുന്ന ഓട, മഴക്കാലമായാൽ മതിലുകൾക്കിടയിലൂടെ വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാത്തതുകൊണ്ടുതന്നെ കക്കൂസ് മാലിന്യം കലർന്ന വെള്ളം ഒഴുകിയെത്തുന്ന അവസ്ഥ. ഇതോടൊപ്പം അടിയന്തര ശ്രദ്ധ കിട്ടേണ്ട പ്രശ്നങ്ങളായ തൊഴിൽ, ആരോഗ്യം, മുടങ്ങുന്ന വിദ്യാഭ്യാസം, റേഷൻ, തൊഴിൽ കാർഡുകൾ, ഭൂമിയുടെ അവകാശം തുടങ്ങിയ രേഖകൾ ഇല്ലാത്തത് ഇങ്ങനെ പലതും) 2016-ലെ ബജറ്റിൽ ചിതറിക്കിടക്കുന്ന പട്ടികവർഗ്ഗ കുടുംബങ്ങള്‍ക്കുവേണ്ടി പി.കെ. കാളൻ പദ്ധതി പ്രഖ്യാപിക്കുന്നതിന് ഇടയാക്കിയത്.

കേരളത്തിലെ പൊതുവികസന പുരോഗതികൾക്കിടയിലും പട്ടികവർഗ്ഗ – പട്ടികജാതി വിഭാഗങ്ങൾ ഇപ്പോഴും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഭൂസമ്പത്ത്, ഉപജീവനം എന്നീ മേഖലകളിൽ പിന്നാക്കാവസ്ഥയിലാണ്.

വിശേഷിച്ച് ആലപ്പുഴ ജില്ലയിൽ, ചിതറിത്താമസിക്കുന്ന ആദിവാസി കുടുംബങ്ങൾ (Scattered Tribal Families) എന്ന വിഭാഗം, പരമ്പരാഗത ആദിവാസി കുടിയേറ്റങ്ങളിൽ നിന്ന് അകന്നുനിന്നതിനാൽ, പദ്ധതികളുടെയും സംസ്ഥാന ആനുകൂല്യങ്ങളുടെയും പരിധിക്കു പുറത്താണ് നിലകൊണ്ടിരുന്നത്.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ചിതറി താമസിക്കുന്ന പട്ടികവർഗ കുടുംബങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ അവസരം ലഭിച്ചു. ശാശ്വതമായി പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ നിലവിലുള്ള ആസൂത്രണ പ്രക്രിയ കൊണ്ടും ഒറ്റപ്പെട്ട പദ്ധതികൾ കൊണ്ടും കഴിയില്ലെന്ന് ഉറപ്പായിരുന്നു. 2017 ബജറ്റിൽ ഒരു പ്രത്യേക പദ്ധതി തന്നെ പ്രഖ്യാപിക്കുന്നതും അതിനെ പി കെ കാളൻ കുടുംബക്ഷേമ പദ്ധതി എന്ന് പേരിടുന്നതും അങ്ങനെയാണ്. 25 കോടി രൂപ ഇതിനായി നീക്കിവെച്ചു. 2018ൽ 110 കോടി രൂപയും പ്രഖ്യാപിച്ചു.

2017-–18 ബജറ്റ് പ്രസംഗത്തിന്റെ 
പ്രസക്തഭാഗങ്ങൾ
പട്ടികവർഗ മേഖലകൾക്ക് പുറത്ത് എല്ലാ ജില്ലകളിലും ചിന്നിച്ചിതറി താമസിക്കുന്ന ഒറ്റപ്പെട്ട പട്ടികവർഗ കുടുംബങ്ങളുണ്ട്. അവരുടെ എണ്ണം വളരെ കുറവായതിനാൽ പലപ്പോഴും പട്ടികവർഗ്ഗ ഉപപദ്ധതി ഫണ്ട് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കണമെന്നില്ല. ഇത്തരം കുടുംബങ്ങൾ ഓരോന്നിനെയും ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിന് മൈക്രോ പ്ലാനുകൾ തയ്യാറാക്കണം. പരമാവധി നിലവിലുള്ള സ്കീമുകളെ സംയോജിപ്പിക്കുന്ന സമീപനമാണ് ഇതിന് കൈക്കൊള്ളേണ്ടത്. ഈ മൈക്രോ പ്ലാനുകൾ പഞ്ചായത്ത് തലത്തിൽ സംയോജിപ്പിച്ച് സമർപ്പിക്കുന്ന മുറയ്ക്ക് പണം അനുവദിക്കും. ഇതിനായി 25 കോടി രൂപ എടിഎസ് പി യിൽ നിന്ന് നീക്കിവെക്കുന്നു. ഒരു ഭാഗം ചെലവ് തദ്ദേശഭരണ സ്ഥാപനങ്ങളും വഹിക്കണം. പി കെ കാളൻ കുടുംബ പദ്ധതി എന്ന പേരിൽ ആയിരിക്കും ഈ സ്കീം അറിയപ്പെടുക.

മൈക്രോ പ്ലാനിങ് ആണ് പി കെ കാളൻ പദ്ധതിയിൽ വിഭാവനം ചെയ്തത്. ഏറ്റവും ദരിദ്ര കുടുംബങ്ങളെ പ്രത്യേകമെടുത്ത് ഓരോന്നിന്റെയും പ്രശ്നങ്ങളും ആവശ്യങ്ങളും പഠിച്ച് അവ പരിഹരിക്കുന്നതിനുള്ള കാര്യങ്ങളും അവയ്ക്കു വേണ്ടിവരുന്ന ചെലവും രേഖയാക്കുന്നതാണ് മൈക്രോ പ്ലാനിങ്. ആലപ്പുഴ മണ്ഡലത്തിലാണ് ഈ സ്‌കീം മൈക്രോപ്ലാനുകളുടെ അടിസ്ഥാനത്തിൽ പൈലറ്റായി ഫലപ്രദമായി നടപ്പിലാക്കിയത്.

ആരാണ് പി കെ കാളൻ?
ഫോക്‌ലോർ അക്കാദമി ചെയർമാൻ, കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന നേതാവ്, പട്ടികവർഗ്ഗ സംഘടന നേതാവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്-, ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങി ഒട്ടനവധി മേഖലകളിൽ തിളങ്ങിനിന്ന നേതാവായ പി കെ കാളൻ വയനാട്ടിലെ അടിയാൻ പട്ടികവർഗ്ഗ ഗോത്രത്തിൽ പെട്ട ആളായിരുന്നു. അന്ധവിശ്വാസത്തോടും അനാചാരത്തോടും സമരസപ്പെടാത്ത അദ്ദേഹം തന്റെ ഗോത്രത്തിന്റെ അനുഷ്ഠാനകലയായ ഗദ്ദിക പ്രധാന സമരായുധമായി ഉപയോഗിച്ചു ശാസ്ത്രത്തിന്റെയും തുല്യതയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും ചിന്തകൾ ജനങ്ങളിലേക്ക് എത്തിച്ച ആക്റ്റിവിസ്റ്റുകൂടി ആയിരുന്നു.

പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:
1. ചിതറിത്താമസിക്കുന്ന ആദിവാസി കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക

2. കുടുംബതല മൈക്രോ പ്ലാനിങ് മുഖേന ഓരോ കുടുംബത്തിനും പ്രത്യേക വികസന പദ്ധതി തയ്യാറാക്കുക

3. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, സാമൂഹിക സംഘടനകൾ എന്നിവയെ പങ്കാളികളാക്കുന്ന സഹകരണ മാതൃക സൃഷ്ടിക്കുക

4. നിലവിലുള്ള സർക്കാർ പദ്ധതികളുമായി സമന്വയിത പ്രവർത്തനം ഉറപ്പാക്കുക

5. ഈ മാതൃകയെ മറ്റു ജില്ലകളിൽ പ്രയോഗിക്കാവുന്ന വികസനരേഖയായി വികസിപ്പിക്കുക

ബജറ്റ് പ്രഖ്യാപനം ഉണ്ടായെങ്കിലും മൈക്രോ പ്ലാൻ രൂപീകരണം അത്ര എളുപ്പത്തിൽ നടക്കുന്ന ഒന്നായിരുന്നില്ല. ഓരോ കുടുംബത്തെയും പഠന വിധേയമാക്കി, കുടുംബാംഗങ്ങളെ കുറിച്ച് വിശദമായി മനസ്സിലാക്കി, പ്രശ്നങ്ങൾ വിശകലനം ചെയ്ത്, പരിഹാരമാർഗ്ഗങ്ങൾ വിവിധ തലത്തിൽ അന്വേഷിച്ചും ചർച്ച ചെയ്തു തീരുമാനിച്ചും പദ്ധതിയാക്കുക എന്നത് സർക്കാർ സംവിധാനങ്ങൾ മാത്രം ഉപയോഗിച്ച് നടപ്പിലാക്കുവാൻ കഴിയുമായിരുന്നില്ല. ആവശ്യങ്ങൾക്ക് അനുസരിച്ച് ഉരുത്തിരിഞ്ഞു വന്ന ഒരു പഠന രീതിയായിരുന്നു ആലപ്പുഴ നിയമസഭ നിയോജക മണ്ഡലത്തിലെ പട്ടികവർഗ്ഗ കുടുംബാംഗങ്ങൾക്കായി അവലംബിച്ചത്. ഓരോ വീട്ടിലും പരമാവധി സമയം ചെലവഴിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് കുടുംബം നേരിടുന്ന പ്രശ്നങ്ങളിലേക്ക് വ്യക്തമായ വെളിച്ചം വീശുന്ന പ്രാഥമിക പഠനത്തിലെ കണ്ടെത്തലുകൾ പല മേഖലകളിൽ നിന്നുള്ള വിദഗ്ധരുടെ മുമ്പിൽ അവതരിപ്പിച്ചു. അവിടെ ഉരുത്തിരിഞ്ഞ ചർച്ചകളുടെ അടിസ്ഥാനത്തിൽ അധിക വിവരങ്ങൾ കൂടി ശേഖരിച്ച് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. ഏതാനും കുടുംബങ്ങളൊഴിച്ച് ബാക്കി എല്ലാവരും പരമദരിദ്രരായിരുന്നു. ഭൂരിപക്ഷം പേരും അടിസ്ഥാന ആവശ്യങ്ങള്‍ക്ക് നിര്‍വാഹമില്ലാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായിരുന്നു.

സ്ത്രീകള്‍ വികസന ഇടപെടലിന്റെ 
മുഖ്യ ഏജന്റുമാരാകുന്നു
നിലവിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്നതും ഉപജീവനത്തിനുള്ള തൊഴിലുമായിരുന്നു മുഖ്യ ആവശ്യങ്ങൾ. പല കാരണങ്ങള്‍ കൊണ്ടും, പൊതുവില്‍ പുരുഷന്‍മാര്‍ ഈ‍ ഇടപെടലിനോട് സഹകരിക്കാന്‍ വിമുഖരായിരുന്നു. അതുകൊണ്ട് സ്ത്രീകളെയാണ് വികസന ഇടപെടലിന്റെ മുഖ്യ ഏജന്‍സിയായി കണ്ടത്. സ്ത്രീകളുടെ ഏറ്റവും പ്രധാന പ്രശ്നം തൊഴിലില്ലായ്മ ആയിരുന്നു. നാല്‍പ്പത്തിനാല് ശതമാനം മാത്രമേ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ പോലും അംഗമായിരുന്നുള്ളൂ. പുറത്ത് പോയി ജോലി എടുത്ത് തിരികെ വരുന്ന തൊഴില്‍ സംസ്കാരത്തിന്റെ ഭാഗമായിട്ടുള്ളവര്‍ വിരളമായിരുന്നു. ഇവരെ വീടുകള്‍ക്ക് പുറത്തു തൊഴിലുകളിൽ പങ്കാളികളാക്കുക എന്നതായിരുന്നു അടിസ്ഥാന സമീപനം. ഇതിനായി പഞ്ചായത്തിന്റെ പൊതു സ്ഥലത്ത് പ്രത്യേക കയര്‍ ഫാക്ടറി തന്നെ സ്ഥാപിച്ച് അമ്പത്തിയാറ് സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുകയും തൊഴില്‍ ലഭ്യമാക്കുകയും ചെയ്തു. ഒരു വര്‍ഷത്തെ ഫാക്ടറി അനുഭവം അവരെ അടിമുടി മാറ്റി. വ്യക്തിഗത ഉപജീവന ത്തിലൂന്നി ആരംഭിക്കുന്ന ഒരു തൊഴിലും പരാജയപ്പെടുവാൻ ഇടയാകരുത് എന്ന കൃത്യമായ ബോധ്യം ആസൂത്രണ സമയത്ത് ഉറപ്പുവരുത്തിയിരുന്നു. ഇവയ്ക്ക് ശേഷം കുടുംബ ആരോഗ്യ പ്ലാൻ എന്ന നിലയിലേക്കുള്ള ആവശ്യവും ഉയർന്നുവന്നു. സ്ത്രീകള്‍ തന്നെയാണ് ഇതിന് നേതൃത്വപരമായ പങ്കു വഹിച്ചത്. കിട്ടിയ അവസരങ്ങളൊക്കെ ഉപയോഗപ്പെടുത്തി ആ കുടുംബങ്ങളിലെ സ്ത്രീകൾ തങ്ങളുടെ ബുദ്ധിമുട്ടുകൾ മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിച്ചു. അങ്ങനെ ഓരോ വീടും സന്ദർശിച്ച് കുടുംബാംഗങ്ങളെ പരിശോധിച്ചു കുടുംബതല ആരോഗ്യ പ്ലാൻ രൂപപ്പെടുത്താൻ തീരുമാനിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി വിഭാഗത്തിലെ കുട്ടികളുടേയും അധ്യാപകരുടെയും സഹകരണത്തോടെയാണ് ഇത് സാധ്യമാക്കിയത്.

പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും സ്ത്രീകൾക്ക് മുൻഗണന നൽകിയിരിക്കുന്നു. കുടുംബതല ചർച്ചകളിൽ സ്ത്രീകളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും ഉൾപ്പെടുത്തിയാണ് പ്രവർത്തനപഥങ്ങൾ രൂപപ്പെടുത്തിയത്.

കുടുംബമേഖലയിൽ നിന്നുള്ള സാമ്പത്തിക–സാമൂഹിക ഉന്നമനത്തിന് സ്ത്രീകൾ തന്നെയാണ് മുഖ്യ ഏജൻസി ആയത്.

പഠനവും വിവരശേഖരണവും
പദ്ധതിയുടെ ഭാഗമായി 165 വീടുകൾ സൂക്ഷ്മമായി പഠിക്കുകയും സന്ദർശിക്കുകയും ചെയ്തു.

പ്രാഥമിക പഠനം: കുടംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ കുടുംബങ്ങളുടെ അടിസ്ഥാന വിവരങ്ങൾ ശേഖരിച്ചു.

വിശദ പഠനം: വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധർ ചേർന്ന് കുടുംബങ്ങളുമായി നേരിട്ടുള്ള ആശയവിനിമയം നടത്തി.

സാങ്കേതിക പഠനം: വീടുകളുടെ ഭൗതികസാഹചര്യങ്ങൾ വിലയിരുത്തി എഞ്ചിനീയറിംഗ് വിദഗ്ദ്ധർ വിശദമായ എസ്റ്റിമേറ്റുകൾ തയ്യാറാക്കി.

ഫോട്ടോ ഡോക്യുമെന്റേഷൻ: ഭൗതികവും പാരിസ്ഥിതികവുമായി ബന്ധമുള്ള ചിത്രങ്ങൾ ഉപയോഗിച്ച് യഥാർത്ഥ അവസ്ഥ രേഖപ്പെടുത്തി.

പ്രധാന സവിശേഷതകൾ
1. കുടുംബതല സമീപനം: ഓരോ ആദിവാസി കുടുംബത്തിനും വ്യത്യസ്തമായ ആവശ്യങ്ങളും പ്രശ്നങ്ങളും തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്ന വ്യക്തിഗത പദ്ധതികൾ ആവിഷ്കരിക്കൽ.

2. പങ്കാളിത്ത ആസൂത്രണം: തദ്ദേശ ഭരണസ്ഥാപനങ്ങൾ, കുടുംബശ്രീ, വനിതാസമിതികൾ എന്നിവയുടെ സജീവ സഹകരണത്തോടെ ആസൂത്രണം.

3. സ്ത്രീശാക്തീകരണം: സ്ത്രീകളെ പദ്ധതിയുടെ മുഖ്യ ഏജൻസികളായി വളർത്തിയെടുത്തു.

4. വികേന്ദ്രിത സംവിധാനത്തിന്റെ പ്രയോഗം: പഞ്ചായത്തുകളിലൂടെയും സന്നദ്ധ സംഘടനകളിലൂടെയും സുതാര്യമായ നടപ്പാക്കൽ.

5. ഫീൽഡ് ഡാറ്റയുടെ സമൃദ്ധി: 165 വീടുകളിലെ ആഴത്തിലുള്ള പഠനങ്ങൾ യഥാർത്ഥ അനുഭവങ്ങൾ തെളിയിക്കുന്നു.

6. വിഭാഗാന്തര ഏകോപനം: വകുപ്പുകൾ തമ്മിലുള്ള സംയോജിത പ്രവർത്തന രീതി.

7. പോരായ്മകൾ അപ്പപ്പോൾ പരിഹരിച്ച് പദ്ധതി പ്രവർത്തനങ്ങൾ മുൻപോട്ട് നീക്കിയത് വിശ്വസനീയത വർദ്ധിപ്പിച്ചു.

പ്രശ്നങ്ങളും തൊഴിൽ പദ്ധതികളും
മൈക്രോ പ്ലാൻ രൂപീകരണവുമായി ബന്ധപ്പെട്ട പഠനപ്രകാരം 435 പേരാണ് ആലപ്പുഴ നിയോജക മണ്ഡലത്തിൽ 18 വയസ്സിനു മുകളിലുള്ളവർ. അവരുടെ ഉപജീവന പ്രശ്നങ്ങൾ അതിസങ്കീർണവും. അതുകൊണ്ടുതന്നെ സ്ത്രീകളുടെ മുഖ്യ ആവശ്യമായിരുന്നു തൊഴിൽ വേണമെന്നത്. തങ്ങൾക്ക് സ്ഥിര വരുമാനം ലഭിച്ചാൽ എല്ലാ കുടുംബങ്ങളിലും ഉയർച്ച ഉണ്ടാകുമെന്നായിരുന്നു വാദം. ഇതിന്റെ പശ്ചാത്തലത്തിൽ 45 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ തൊഴിൽ കണക്ക് പ്രത്യേകം പരിശോധിച്ചു. വിവരങ്ങൾ ചുവടെ:

തൊഴിൽ പദ്ധതികൾ
ഏറ്റവും പ്രധാനപ്പെട്ട തൊഴിൽ ഇടപെടൽ സ്ത്രീകളുടെ കയർ തൊഴിൽ കേന്ദ്രമായിരുന്നു. പല കാരണങ്ങളാലും ദൂരെയുള്ള കേന്ദ്രത്തിൽ വന്നു പണിയെടുക്കുവാൻ കഴിയാത്തവര്‍ക്കായി വ്യക്തിഗത ഉപജീവന തൊഴിൽ പദ്ധതികൾക്ക് മുൻഗണന നൽകി. ഇത്തരം വ്യക്തികൾ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് താഴെപ്പറയുന്ന നടപടികളാണ് സ്വീകരിച്ചത്.

1. നിലവിൽ ഏതെങ്കിലും തൊഴിൽ ചെയ്യുന്നുണ്ടെങ്കിൽ അത് ആധുനികവൽക്കരിക്കുക.

2. മുൻകാല തൊഴിൽ പരിചയവും സാങ്കേതിക ജ്ഞാനവും പരിഗണിച്ചുകൊണ്ട് പുതിയ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുക

3. മേൽപ്പറഞ്ഞ പശ്ചാത്തലം ഇല്ലാത്തവർക്ക് അവരുടെ തൊഴിലാശയങ്ങൾ വിശദമായ പരിശോധനയ്ക്കു ശേഷം മാറ്റങ്ങൾ വരുത്തി തെരഞ്ഞെടുക്കുക.

സമുദായത്തിലെ മരംവെട്ടു തൊഴിലാളികൾക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കത്തക്കവിധത്തിൽ രൂപകൽപ്പന ചെയ്ത സൊസൈറ്റി ആണ് ഉള്ളാട ട്രഡീഷണൽ ക്രാഫ്റ്റ് സൊസൈറ്റി. മരംവെട്ട് തൊഴിലാളികളുടെ സംഘാടനം, സുരക്ഷിത തൊഴിലിനുള്ള പരിശീലനം, അധിക തൊഴിൽ കണ്ടെത്തുന്നതിനുള്ള പിന്തുണ, മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളാണ് ലക്ഷ്യമിട്ടത്. സൊസൈറ്റി രജിസ്ട്രേഷൻ, ചരക്കുസേവന നികുതി രജിസ്ട്രേഷൻ, ബാങ്ക് അക്കൗണ്ട് തുറക്കൽ തുടങ്ങി ഒരു സംഘടനയുടെ പ്രാഥമിക നടപടികളൊക്കെ പൂർത്തീകരിച്ചതിനുശേഷമാണ് ഭാരവാഹികൾ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നത്. എല്ലാ പട്ടികവർഗ്ഗ കുടുംബങ്ങളിലും ഒരാൾൾക്കെങ്കിലും തൊഴിൽ എങ്കിലും ലഭിക്കണമെന്ന കാഴ്ചപ്പാടിലാണ് സൊസൈറ്റി മുന്നോട്ടു നീങ്ങുന്നത്. സുരക്ഷിതമായ രീതിയിൽ മരംവെട്ട്, ക്രാഫ്റ്റ് ഔട്ട്ലെറ്റ്, പച്ചമരുന്ന് സംഭരണം, കർക്കടക കിറ്റ്, കരകൗശല വസ്തുക്കളുടെ നിർമ്മാണം, കൺസ്ട്രക്ഷൻ യൂണിറ്റ്, തടിവള്ള നിർമ്മാണം തുടങ്ങിയവയാണ് സൊസൈറ്റിയുടെ പ്രവർത്തനങ്ങള്‍.

പരിഹാരം കണ്ടെത്തേണ്ട 
പ്രശ്നങ്ങൾ
മൈക്രോപ്ലാനിലൂടെ പ്രശ്നങ്ങൾ സമഗ്രാമായി പരിഹരിക്കുവാൻ ശ്രമിച്ചെങ്കിലും ചിലവ പരിഹരിക്കാനായിട്ടില്ല. റവന്യൂ വകുപ്പിന്റെ സഹകരണം ഭൂമി സംബന്ധമായ തർക്കങ്ങൾ പരിഹരിക്കുവാൻ ആവശ്യമാണ്. മൈക്രോപ്ലാനിന് പുറത്തേക്ക് നീളുന്ന പ്രശ്നങ്ങളായ വഴിയില്ലായ്മ, താമസിക്കുന്ന വസ്തുവിന് മതിയായ രേഖകൾ ഇല്ലാത്തത്, റെയിൽവേ ലൈനിനോട് ചേർന്ന് താമസിക്കുന്ന കുടുംബങ്ങൾ, കുടുംബ ഓഹരിയുടെ വീതം വയ്ക്കൽ, വെള്ളക്കെട്ട്, താമസിക്കുന്ന വസ്തുവിന് അതിർത്തി നിർണയിച്ചു കിട്ടാത്തത് തുടങ്ങിയവ പരിഹരിക്കണമെങ്കിൽ ത്രിതല പഞ്ചായത്തുകളുടെ യോജിച്ചുള്ള പ്രവർത്തനം ആവശ്യമാണ്.

പദ്ധതി വിവരശേഖരണത്തിനുള്ള ഓരോ പഠന സംഘത്തിലും ഉണ്ടാവേണ്ട അംഗങ്ങളുടെ വൈദഗ്ദ്ധ്യം, മൈക്രോ പ്ലാൻ വിവരശേഖരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മൈക്രോപ്ലാൻ തയ്യാറാക്കുന്നതിൽ ബ്ലോക്ക് തല സന്നദ്ധസമിതി, തദ്ദേശ തലത്തിലുള്ള ഉപസമിതികൾ എന്നിവയുടെ പ്രാധാന്യം, പദ്ധതി നിർവഹണത്തിനുള്ള ചുമതല, പരിശീലനത്തിൽ ഊന്നൽ കൊടുക്കേണ്ട കാര്യങ്ങൾ എന്നിവയെപ്പറ്റിയെല്ലാം ഈ ലഘു ഗ്രന്ഥം വിശദമാക്കുന്നു. പദ്ധതിയിലൂടെ സഹായങ്ങൾ ലഭിച്ച വിവിധ ആളുകളുടെ അനുഭവങ്ങളെ മുൻനിർത്തിയുള്ള വിവരങ്ങളും ഇതിന്റെ അവസാനഭാഗത്ത് പ്രതിപാദിക്കുന്നു.

നേട്ടങ്ങൾ
• പട്ടിക വര്‍ഗ്ഗ വിഭാഗത്തിന്റെ മൈക്രോപ്ളാന്‍ തയ്യാറാക്കുന്ന കേരളത്തിലെ ആദ്യ നിയോജക മണ്ഡലമായി ആലപ്പുഴ മാറി.

• കുടുംബതല ഇടപെടലുകൾ വഴി വ്യക്തിഗതമായ വികസനപദ്ധതികൾ രൂപപ്പെട്ടു.

• പദ്ധതിയിലൂടെ സ്ത്രീകളുടെ പങ്കാളിത്തം, സാമൂഹിക ഐക്യം, സാങ്കേതിക പങ്കാളിത്തം എന്നിവ ശക്തിപ്പെട്ടു.

• സംസ്ഥാനത്തെവിടെയും ഏത് പദ്ധതിയിലും മൈക്രോപ്ളാന്‍ തയ്യാറാക്കുന്നതിന് ഉപയോഗിക്കാന്‍ കഴിയുന്ന സമഗ്ര രേഖയ്ക്ക് രൂപമായി.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് ജില്ലയിലെ മുഴുവൻ പട്ടികവർഗ്ഗ കുടുംബങ്ങളുടേയും മൈക്രോപ്ളാന്‍ തയ്യാറാക്കുകയാണ്. ഇതില്‍ പ്രവർത്തിക്കുവാൻ പോകുന്ന സന്നദ്ധപ്രവർത്തകർക്ക് പരിശീലനം നല്കുന്നതിനുവേണ്ടിയുള്ള കൈപ്പുസ്തകമായാണ് ആലപ്പുഴ മൈക്രോപ്ലാൻ – അനുഭവ പാഠങ്ങൾ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്നത്.

ആലപ്പുഴ മൈക്രോപ്ലാൻ
ഈ പദ്ധതി കേരളത്തിലെ ജനകീയ ആസൂത്രണ പാരമ്പര്യത്തിനൊരു പുതിയ അധ്യായമാണ്. പട്ടികവർഗ്ഗ സമൂഹങ്ങളുടെ യഥാർത്ഥ ആവശ്യങ്ങളെ അടിസ്ഥാനമാക്കി, കുടുംബതലത്തിൽ മനുഷ്യകേന്ദ്രിതമായ വികസനം സാധ്യമാണെന്ന് ഈ പദ്ധതി തെളിയിക്കുന്നു. സാമൂഹിക നീതി, സ്ത്രീശാക്തീകരണം, തുല്യാവകാശം, മനുഷ്യാഭിമാനം എന്നിവയുടെ സംയോജനമാണ് ഈ മൈക്രോപ്ലാൻ.

കേരളത്തിലെ പ്രാദേശിക വികസന നയങ്ങൾക്ക് ഒരു വഴികാട്ടിയായി ഭാവിയിൽ ഇത് കണക്കാക്കാം.

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഈ പുതുക്കിയ പതിപ്പ് പ്രസിദ്ധീകരിക്കുന്ന വേളയിൽ പദ്ധതിക്ക് നേതൃത്വം നൽകുകയും പുസ്തകത്തിന്റെ കരട് തയ്യാറാക്കുകയും ചെയ്ത ബീന ഗോവിന്ദന്റെ (വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ പ്രഥമ ജില്ലാ മിഷൻ കോർഡിനേറ്റർ) അകാല വേർപാട് സംസ്ഥാനമാകെയുള്ള ഇത്തരം പദ്ധതികൾക്ക് അപരിഹാര്യമായ നഷ്ടം തന്നെയാണ്. 2025 ക്ടോബർ മാസത്തിൽ പ്രസിദ്ധീകരിച്ച ഈ രണ്ടാം പതിപ്പ് അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ബീന ഗോവിന്ദനാണ് സമർപ്പിച്ചിരിക്കുന്നത്. ചുരുക്കത്തിൽ ബീന ഗോവിന്ദനും ഡോ. ടി. എം. തോമസ് ഐസക്കും ചേർന്ന് രചിച്ച ഈ ഗ്രന്ഥം, കേരളത്തിന്റെ സാമൂഹ്യനീതി–വികസന- രാഷ്ട്രീയ തത്വചിന്തയുമായി ചേർത്ത് വായിക്കേണ്ട ഒരു ആധികാരിക ഗ്രന്ഥം കൂടിയാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve − seven =

Most Popular