ഈവര്‍ഷം നവംബര്‍ ഒന്നാം തീയതി അതിദരിദ്ര്യ നിര്‍മാര്‍ജനം കൈവരിച്ച സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെടുമ്പോള്‍ രാജ്യത്തിന്റെ തന്നെ സാമൂഹ്യ- സാമ്പത്തിക വികസന ചരിത്രത്തിലെ ആദ്യത്തെ പ്രോജ്ജ്വലമായ ഒരു നേട്ടത്തിനാകും നാം സാക്ഷികളാകുന്നത്. ഇതോടെ ദാരിദ്ര്യവും വിശപ്പും പൂര്‍ണ്ണമായി ഇല്ലായ്മ ചെയ്യാനുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ആര്‍ജ്ജിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്. ദാരിദ്ര്യം എന്ന വിപത്തിനെ തദ്ദേശ ഭരണ സംവിധാനത്തിലൂടെ നേരിടുന്ന പ്രായോഗികവും ചടുലവുമായ ഒരു രീതിശാസ്ത്രത്തിന്റെ വിജയമായും ഈ നേട്ടം അറിയപ്പെടും. കഴിഞ്ഞ 77 വര്‍ഷമായി ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി രാജ്യത്ത് നടന്നതും നടക്കുന്നതുമായ അസംഖ്യം ദാരിദ്ര്യ നിർമാർജന പരിപാടികളുടെ അപര്യാപ്തതകളും ബലഹീനതകളും പരിഹരിക്കുന്നതിനുള്ള പുതിയ മാതൃകയായും കേരളത്തിന്റെ ഈ വികസന പരീക്ഷണം ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. വികസ്വര സമൂഹങ്ങളിലെ ദാരിദ്ര്യവും അസമത്വവും തുടച്ചുനീക്കുന്നതിന് ആഗോള തലത്തില്‍ തന്നെ പ്രയോഗിക്കാവുന്ന ഒരു വികസന സമീപനവും തന്ത്രവുമായി കേരളം ആവിഷ്കരിച്ച ദാരിദ്ര്യ നിർമാർജന യജ്ഞം ഇതിനകംതന്നെ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഈ മാതൃകയുടെ പ്രായോഗികതയും ഇതുണ്ടാക്കിയ മാറ്റങ്ങളുടെ സുസ്ഥിരതയും സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ ഇതേത്തുടര്‍ന്ന് ഉണ്ടാകുമെന്നും ഉറപ്പാണ്.
ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ജനസംഖ്യയുടെ ഏതാണ്ട് 80 ശതമാനം, അതായത്, മൊത്തം 25 കോടിയിലധികം ജനങ്ങള്‍ ദാരിദ്ര്യ രേഖക്ക് താഴെയായിരുന്നു. സ്വാതന്ത്ര്യാനന്തരം പ്രഖ്യാപിക്കപ്പെട്ട വിവിധ ദാരിദ്ര്യ ലഘൂകരണ പദ്ധതികളുടെ ഫലമായി ദേശീയ തലത്തില്‍ ദാരിദ്ര്യം കുറഞ്ഞുവെങ്കിലും ഏതാണ്ട് ഒരേ കാലയളവില്‍ നിലവില്‍ വന്ന മറ്റ് ഏഷ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിൽ ദാരിദ്ര്യ ലഘൂകരണം വളരെ സാവധാനത്തില്‍ മാത്രമാണ് നടന്നിരുന്നതെന്ന് കാണാം. സ്വാതന്ത്ര്യം നേടി നാലര പതിറ്റാണ്ടു കഴിയുമ്പോള്‍ ദേശീയാടിസ്ഥാനത്തില്‍ 45.3 ശതമാനമായിരുന്നു ഇന്ത്യയിലെ ദാരിദ്ര്യം. എന്നാല്‍ കേരളത്തിലാകട്ടെ, ഈ കാലഘട്ടത്തില്‍ ദാരിദ്ര്യനിരക്ക് 25.43 ശതമാനമായി കുറഞ്ഞിരുന്നു. തുടര്‍ന്ന് 2004-–2005 മുതല്‍ 2011-–12 വരെയുള്ള കാലഘട്ടത്തില്‍ 19.7 ശതമാനത്തില്‍ നിന്ന് 7.1 ശതമാനമായും ദാരിദ്ര്യം കുറഞ്ഞു. നിതി ആയോഗിന്റെ 2023 ലെ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം കേരളത്തില്‍ 0.55 ശതമാനം ജനങ്ങളാണ് ദാരിദ്ര്യം അനുഭവിക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ കൈവരിക്കാനാകാത്ത ഈ നേട്ടത്തിനു പിന്നില്‍ കേരളം നടത്തിയ സമഗ്ര വികസന പരിപാടികളായിരുന്നു എന്ന് വ്യക്തമാണ്. ഭൂപരിഷ്കരണവും പൊതുവിദ്യാഭ്യാസ മേഖലയിലെ ഇടപെടലും ആരോഗ്യ മേഖലയിലെ കുതിപ്പും മികച്ച പൊതുവിതരണ സമ്പ്രദായവും ദാരിദ്ര്യം കുറയുന്നതിനുള്ള പ്രധാന കാരണങ്ങളായി മാറി. ജനകീയാസൂത്രണത്തിന്റെ ആവിര്‍ഭാവത്തോടെ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും പരിരക്ഷയും ശ്രദ്ധയും നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ വ്യാപകമായി നിലവില്‍ വന്നതും ദാരിദ്ര്യം കുറയ്ക്കുന്നതിന് വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്.
അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം പൂര്‍ണ്ണമായി നിർമാർജനം ചെയ്യുക എന്നത് 2021 ല്‍ അധികാരത്തില്‍ വന്ന കേരള സർക്കാരിന്റെ പ്രധാന മുൻഗണനകളിൽ ഒന്നായിരുന്നു. സംസ്ഥാനത്ത് വിവിധ കാലയളവുകളിലായി ആവിഷ്കരിക്കപ്പെട്ട ആശ്രയ, അഗതിരഹിത കേരളം തുടങ്ങിയ ദാരിദ്ര്യ ലഘൂകരണ പദ്ധതികളിൽ നിന്ന് ഒഴിവാക്കപ്പെട്ട അതിദരിദ്രരെ തിരിച്ചറിയുകയും വ്യക്തിഗത, -ഗാര്‍ഹിക തലങ്ങളില്‍ അവര്‍ അനുഭവിക്കുന്ന ദാരിദ്ര്യത്തിന്റെ കാരണവും സ്വഭാവവുമനുസരിച്ച് സൂക്ഷ്മമായ ആസൂത്രണത്തിലൂടെ അതിജീവന പദ്ധതികൾ നടപ്പിലാക്കി അതിദാരിദ്ര്യത്തിൽ നിന്ന് അവരെ മുക്തരാക്കുകയും ചെയ്യുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.
ദാരിദ്ര്യ നിര്‍ണ്ണയത്തിന്റെ രീതിശാസ്ത്രം
ദാരിദ്ര്യ നിരക്ക് കണ്ടെത്തുന്നതിന് വ്യത്യസ്ത മാര്‍ഗ്ഗങ്ങളാണ് പരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ഒരു വ്യക്തിക്ക് അടിസ്ഥാനപരമായി ആവശ്യമുള്ള ഭക്ഷ്യ വസ്തുക്കളുടെ വിലയ-്-ക്ക് അനുസൃതമായ വരുമാനമാണ് ദാരിദ്ര്യരേഖയുടെ മാനദണ്ഡം. സ്വാതന്ത്ര്യത്തിനു മുന്‍പ് ദാദാ ബായി നവറോജിയാണ് ഇത്തരത്തില്‍ ദാരിദ്ര്യം കണക്കാക്കുന്നതിനുള്ള മാനദണ്ഡം ആദ്യമായി വികസിപ്പിച്ചതില്‍ പ്രമുഖന്‍. ബ്രിട്ടീഷ് ഭരണം ഇന്ത്യയെ എങ്ങനെയാണ് ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടതെന്ന് വിശദമാക്കുന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ദാരിദ്ര്യരേഖയെ നിര്‍വചിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതു പ്രകാരം 1867-–68 കാലത്തെ വില നിലവാരമനുസരിച്ച് ഒരു വ്യക്തിക്ക് നിലനില്‍പ്പിനായുള്ള ഭക്ഷണത്തിന്റെയും വസ്ത്രം, ഇന്ധനം, പാര്‍പ്പിടം എന്നിവയുടെയും ചെലവ് അടിസ്ഥാനമാക്കി 16 രൂപ മുതല്‍ 35 രൂപ വരെ പ്രതിശീര്‍ഷ വാര്‍ഷിക വരുമാനമാണ് ദാരിദ്ര്യത്തിന്റെ മാനദണ്ഡമായി അദ്ദേഹം കണക്കാക്കിയത്.
പിന്നീട് 1938 ല്‍ നിലവില്‍ വന്ന ദേശീയ പ്ലാനിങ് കമ്മിറ്റിയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചക്ക് പ്രതിവിധികള്‍ നിര്‍ദ്ദേശിക്കാനായി 1944 ല്‍ രൂപീകരിച്ച ഇന്ത്യയിലെ പ്രമുഖ വ്യവസായികളായ ജെ ആര്‍ ഡി ടാറ്റയും ജി ഡി ബിര്‍ളയും ഉള്‍പ്പെട്ട കമ്മിറ്റിയും ദാരിദ്ര്യത്തിന്റെ പരിധി നിര്‍ണ്ണയിക്കുന്നതിനുള്ള വ്യത്യസ്ത വരുമാന നിരക്കുകള്‍ നിര്‍ദ്ദേശിച്ചിരുന്നു. ദേശീയ ആസൂത്രണ കമ്മീഷന്‍ 1962-ല്‍ ദേശീയ തലത്തിലെ ദാരിദ്ര്യ നിരക്ക് കണക്കാക്കുന്നതിനായി രൂപീകരിച്ച പ്രവര്‍ത്തക സമിതിയാണ് ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കും പ്രത്യേകം ദാരിദ്ര്യ രേഖ നിശ്ചയിച്ചത്. തുടര്‍ന്ന് നിലവില്‍ വന്ന വി എം ദണ്ഡേക്കര്‍ കമ്മിറ്റി 1971 ല്‍ ദേശീയ സാമ്പിള്‍ സര്‍വ്വേ വിവരങ്ങള്‍ ഉപയോഗിച്ച് ആദ്യമായി വ്യവസ്ഥാപിതമായ ദാരിദ്ര്യ നിര്‍ണ്ണയം നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഒരു വ്യക്തിക്ക് പ്രതിദിനം 2250 കിലോ കലോറി ഊര്‍ജ്ജം ലഭ്യമാകുന്ന വിധത്തിലുള്ള ഉപഭോഗച്ചെലവുകളുടെ അടിസ്ഥാനത്തില്‍ ദാരിദ്ര്യ രേഖ പുനര്‍നിര്‍ണ്ണയം ചെയ്യുന്ന രീതിയാണ് അവര്‍ നിര്‍ദ്ദേശിച്ചത്. സാമ്പത്തിക വിദഗ്ദ്ധനും കേന്ദ്ര മന്ത്രിയും ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായിരുന്ന യോഗീന്ദര്‍ കെ അലഗിന്റെ നേതൃത്വത്തില്‍ 1979 ല്‍ രൂപീകരിക്കപ്പെട്ട ടാസ്ക് ഫോഴ്സ് വ്യക്തികളുടെ പ്രതിദിന ഊര്‍ജ്ജോപഭോഗം നിര്‍ണ്ണയിക്കുമ്പോള്‍ ഗ്രാമ നഗര വ്യത്യാസം പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടു. ഗ്രാമപ്രദേശങ്ങളില്‍ 2400 കിലോ കലോറിയും നഗരപ്രദേശങ്ങളില്‍ 2100 കിലോ കലോറിയും എന്ന തോതില്‍ പ്രതിശീര്‍ഷ ഊര്‍ജ്ജാവശ്യം നിറവേറ്റുന്നതിനു വേണ്ട ഭക്ഷ്യ വസ്തുക്കള്‍ വാങ്ങുന്നതിനുള്ള ചെലവനുസരിച്ച് ദാരിദ്ര്യ രേഖ നിര്‍വചിക്കുന്ന ഈ രീതിശാസ്ത്രമനുസരിച്ചാണ് ഔദ്യോഗിക ദാരിദ്ര്യ നിര്‍ണ്ണയം ഇന്ത്യയില്‍ ആരംഭിക്കുന്നത്.
പരമ്പരാഗതമായി ദാരിദ്ര്യ നിര്‍ണ്ണയത്തിന് ഉപയോഗിച്ചിരുന്ന രീതിശാസ്ത്രത്തിന്റെ ന്യൂനതകള്‍ വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. മുന്‍പു സൂചിപ്പിച്ചതു പോലെ ഭക്ഷണ ലഭ്യതയെയും കലോറി ഉപഭോഗത്തെയും അടിസ്ഥാനമാക്കിയാണ് ദാരിദ്ര്യം നിർണ്ണയിച്ചിരുന്നത്. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ (Below Poverty Line) പട്ടിക തയ്യാറാക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഡങ്ങളായിരുന്നു ഇവ. ദാരിദ്ര്യ നിര്‍ണ്ണയ രീതി പുനരവലോകനം ചെയ്യാന്‍ നിയോഗിക്കപ്പെട്ട ടെന്‍ഡുല്‍കര്‍ കമ്മിറ്റി(2009) യും തുടര്‍ന്നുവന്ന രംഗരാജന്‍ കമ്മിറ്റിയും വെറും ഭക്ഷ്യ ലഭ്യതയ്ക്ക് പുറമേ, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, ഊര്‍ജം, സേവന ലഭ്യത, മുതലായവ കൂടി ദാരിദ്ര്യ നിര്‍ണ്ണയ ചട്ടക്കൂടിൽ ഉൾപ്പെടുത്തി. ഇതോടൊപ്പം ദാരിദ്ര്യം കണക്കാക്കുന്നതിന് എല്ലാ സാമഗ്രികളുടെയും സേവനങ്ങളുടെയും ഒരു നിശ്ചിത കാലയളവിലെ ഉപഭോഗത്തിന്റെ കണക്കുകള്‍ക്കുപകരം വ്യത്യസ്ത കാലയളവുകളിലെ ഉപഭോഗത്തിന്റെ കണക്കുകള്‍ പരിഗണിക്കാനും ആരംഭിച്ചു. ആഗോളതലത്തില്‍ വരുമാനം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ സമഗ്രമായി പരിഗണിക്കുന്ന മാനവ വികസന സൂചകം വികസനം കണക്കാക്കുന്നതിനുള്ള ഒരു പ്രധാന മാനദണ്ഡമായി മാറിയിരിക്കുന്നു.
കേവലം ഭക്ഷ്യവസ്തുക്കളും അടിസ്ഥാനാവശ്യങ്ങളും ലഭിക്കാനാവശ്യമായ വരുമാനത്തിന്റെ അഭാവം എന്നതില്‍ നിന്ന് വ്യത്യസ്തമായി ദാരിദ്ര്യത്തെ അടിസ്ഥാന “കഴിവുകളുടെ’ അഭാവമായി നിർവചിക്കണമെന്ന അമര്‍ത്യാ സെന്നിന്റെ സിദ്ധാന്തമാണ് ദാരിദ്ര്യത്തിന്റെ ബഹുമുഖമായ മാനങ്ങള്‍ അനാവരണം ചെയ്യുന്നതിന് തുടക്കമിട്ടത്. ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം എന്നിങ്ങനെ മൂല്യവത്തായ ജീവിതം നയിക്കുന്നതിനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തിന്റെ നിഷേധമാണ് ദാരിദ്ര്യം എന്ന അദ്ദേഹത്തിന്റെ അഭിപ്രായം ദാരിദ്ര്യ നിർമാർജനത്തിനുള്ള തന്ത്രങ്ങളെക്കുറിച്ചും പുനര്‍വിചിന്തനം നടത്തുന്നതിനിടയാക്കി. വരുമാനം സമഗ്രവികസനമെന്ന ലക്ഷ്യത്തിലേക്കുള്ള ഒരു മാർഗമാണെന്നും അത് ഒരു വ്യക്തിയുടെ യഥാർത്ഥ ക്ഷേമത്തിന്റെ വിശ്വസനീയമായ അളവുകോലല്ലെന്നുമുള്ള അദ്ദേഹത്തിന്റെ വാദം യാന്ത്രികമായ ദാരിദ്ര്യ നിര്‍ണ്ണയ രീതികളുടെ പ്രശ്നങ്ങള്‍ ആഴത്തില്‍ തിരിച്ചറിയാന്‍ സഹായിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള സൗകര്യങ്ങള്‍ തീര്‍ത്തും അപര്യാപ്തമായ ഒരു പ്രദേശത്ത് താമസിക്കുന്ന ഒരു വ്യക്തിക്ക് ആവശ്യത്തിന് വരുമാനമുണ്ടെങ്കിലും അയാൾ ദാരിദ്ര്യം അനുഭവിക്കുന്നുണ്ടാകാം. വരുമാനം എന്ന ഒറ്റ മാനദണ്ഡത്തിനു പകരം മൂല്യവത്തായ ജീവിതത്തിനു വേണ്ട വിവിധ അടിസ്ഥാന ആവശ്യങ്ങളുടെ സംയുക്ത സൂചകമായി ദാരിദ്ര്യത്തെ കണക്കാക്കുന്ന “ബഹുമുഖ ദാരിദ്ര്യ സൂചകം” (Multi-Dimensional Poverty Index) വികസിപ്പിച്ചിരിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിങ്ങനെ മൂന്ന് പ്രധാന മാനങ്ങളാണ് ഇവിടെ പരിഗണിക്കുന്നത്. ഇവയിലോരോന്നിലുമുള്ള നിരവധി ഘടകങ്ങളെ പ്രതിഫലിപ്പിക്കുന്ന സൂചികകള്‍ ഒന്നിച്ചു ചേര്‍ത്താണ് ബഹുമുഖ ദാരിദ്ര്യ സൂചകം കണക്കാക്കുന്നത്. ഈ ഘടക സൂചികകളുടെ വിശകലനത്തിലൂടെ ദാരിദ്ര്യത്തിനു കാരണമാകുന്ന വിവിധ ഘടകങ്ങളുടെ അഭാവം എത്രത്തോളമുണ്ടെന്നു കണ്ടെത്താനാകും. ദാരിദ്ര്യത്തിന്റെ തീവ്രതയും അതിന്റെ കാരണങ്ങള്‍ ഓരോന്നും തിരിച്ചറിയുന്നത് കൃത്യവും സൂക്ഷ്മവുമായ ദാരിദ്ര്യ നിർമാർജന പരിപാടികളും പദ്ധതികളും ആവിഷ്കരിക്കുന്നതിനു സഹായിക്കും.
ബഹുമുഖ ദാരിദ്ര്യ സൂചകം മാനദണ്ഡമാക്കി ദാരിദ്ര്യം നിര്‍ണ്ണയിക്കുന്നതിനാണ് നിതി ആയോഗ് ശ്രമിക്കുന്നത്. എന്നാല്‍ ഈ രീതിശാസ്ത്രം ഉപയോഗിച്ച് തയ്യാറാക്കിയ കണക്കുകള്‍ ഉദ്ധരിച്ച് ദാരിദ്ര്യ നിർമാർജനത്തില്‍ കുറഞ്ഞൊരു കാലയളവില്‍ വന്‍ കുതിച്ചു ചാട്ടം ഉണ്ടായിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. ദാരിദ്ര്യം കണക്കാക്കുന്നതിന് ദേശീയ തലത്തില്‍ സ്വീകരിച്ചു പോരുന്ന രീതിശാസ്ത്രത്തെക്കുറിച്ചും അത് വ്യാഖ്യാനിക്കുന്നതിലെ അശാസ്ത്രീയത സംബന്ധിച്ചും നിലവില്‍ ഗൗരവതരമായ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ദാരിദ്ര്യം നിര്‍ണ്ണയിക്കുന്ന രീതിയില്‍ വ്യത്യാസം വരുത്തി, ചില അടിസ്ഥാന വിവരങ്ങള്‍ തമസ്കരിക്കാന്‍ ശ്രമിക്കുന്ന കാര്യം ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. നിതി ആയോഗ് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ദാരിദ്ര്യ നിര്‍ണ്ണയരീതിയുടേയും അതിന്റെ നിര്‍വ്വഹണത്തിലെയും പോരായ്മകള്‍ ഈ ലക്കത്തിലുള്ള ഡോ. രാംകുമാറിന്റെ ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
എന്നാല്‍ കേരളം നടപ്പാക്കിയ അതിദാരിദ്ര്യ നിർമാർജന യജ്ഞം തീര്‍ത്തും വ്യത്യസ്തമാണ്. നമ്മുടെ സംസ്ഥാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക സവിശേഷതകള്‍ പരിഗണിച്ചുകൊണ്ടും ശക്തമായ തദ്ദേശഭരണ സംവിധാനത്തിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുമാണ് ഈ യജ്ഞം വിഭാവനം ചെയ്തത്.
കേരളത്തിലെ ദാരിദ്ര്യ ലഘൂകരണ പദ്ധതികള്‍
നേരത്തേ സൂചിപ്പിച്ചതുപോലെ ഭൂപരിഷ്കരണം, പ്രാഥമിക വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണം എന്നീ മേഖലകളിലെ സക്രിയമായ ഇടപെടലുകളുടെ സംയുക്ത പ്രഭാവമാണ് കേരളത്തിലെ സാമൂഹ്യ സാമ്പത്തിക പുരോഗതിക്ക് വഴിതെളിച്ചതെങ്കിലും ദാരിദ്ര്യ നിർമാർജനം മാത്രം മുന്‍നിര്‍ത്തി നിരവധി സമഗ്രമായ പരിപാടികള്‍ നാം സ്വയം ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്. ദാരിദ്ര്യ നിർമാർജനത്തിനായി കേന്ദ്ര സര്‍ക്കാരുകള്‍ കാലാകാലങ്ങളായി അവതരിപ്പിച്ചിട്ടുള്ള പദ്ധതികളും കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ കേരളം ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. ഉദാഹരണത്തിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഇന്ത്യയില്‍ മികച്ച രീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം.
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ തുടക്കത്തില്‍ തന്നെ സ്ത്രീശാക്തീകരണവും ദാരിദ്ര്യ ലഘൂകരണവും ലക്ഷ്യമിട്ടുകൊണ്ടുള്ള കുടുംബശ്രീ പ്രസ്ഥാനത്തിന് നാം തുടക്കം കുറിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ ദാരിദ്ര്യ ലഘൂകരണ പദ്ധതിയാണ് കുടുംബശ്രീ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി കേരളത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളാണ് ദാരിദ്ര്യനിർമാർജനത്തില്‍ സുപ്രധാന പങ്കു വഹിക്കുന്നത്. ഉപജീവന സുരക്ഷ, ഭവന നിര്‍മ്മാണം, കുടിവെള്ളം, ശുചിത്വം, വൈദ്യുതീകരണം എന്നിങ്ങനെ വിവിധ തരത്തിലുള്ള ആസ്തികളും സേവനങ്ങളും ദരിദ്രര്‍ക്കു നല്‍കുന്നതിനുള്ള അസംഖ്യം പദ്ധതികളാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രാദേശികമായി നടപ്പാക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള ഉപപദ്ധതികളിലാകട്ടെ ദാരിദ്ര്യലഘൂകരണത്തിനും ഉപജീവന സുരക്ഷയ്ക്കും സാമൂഹ്യ സുരക്ഷയ്ക്കുമാണ് ഊന്നല്‍ നല്‍കുന്നത്. 2002-–2003 ല്‍ ആരംഭിച്ച ആശ്രയ, 2016 നു ശേഷം നടപ്പാക്കിയ അഗതിരഹിത കേരളം പദ്ധതി എന്നിവയും ദാരിദ്ര്യ ലഘൂകരണത്തിന് മാത്രമായി കേരളം രൂപീകരിച്ച പദ്ധതികളാണ്.
അതിദാരിദ്ര്യത്തിന്റെ തുരുത്തുകള്‍
ജനകീയാസൂത്രണമുള്‍പ്പെടെ ദാരിദ്ര്യ ലഘൂകരണ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മുൻനിരയിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാലും കേരളത്തിൽ അതിദാരിദ്ര്യത്തിന്റെ തുരുത്തുകള്‍ നിലനില്‍ക്കുന്നുവെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് അതിദാരിദ്ര്യം തുടച്ചു മാറ്റാനുള്ള സവിശേഷമായ പരിപാടിക്കു രൂപം നല്‍കിയത്. അതിദാരിദ്ര്യം എന്ന അവസ്ഥയെ സൂക്ഷ്മമായി വിശകലനം ചെയ്താല്‍ ഒരു കാര്യം വ്യക്തമാകും. ദരിദ്രര്‍ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ ലഭിക്കുന്നതില്‍ പ്രയാസമനുഭവിക്കുന്നുണ്ടെങ്കിലും അതു ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒരു പ്രതിഭാസമാകണമെന്നില്ല. ഉദാഹരണത്തിന് ജോലിയില്ലാത്ത ദിവസങ്ങളില്‍ ഭക്ഷണത്തിനുള്ള വരുമാനമുണ്ടാകില്ലെന്നു വരുമെങ്കിലും തൊഴിലവസരങ്ങള്‍ നല്‍കിയാല്‍ ആ പ്രശ്നം പരിഹരിക്കപ്പെടും. സുരക്ഷിതമായ ഒരു താമസസ്ഥലമോ, വൈദ്യസഹായമോ ലഭിച്ചില്ലെങ്കിലും അവര്‍ക്ക് ആ അവസ്ഥയെ അതിജീവിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ അതിജീവനത്തിന്റെ സാദ്ധ്യതകള്‍ തീരെ കുറഞ്ഞ അവസ്ഥയില്‍പ്പെട്ട മനുഷ്യരുണ്ട്. വിവിധ കാരണങ്ങളാല്‍ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാന്‍ തീരെ പ്രാപ്തിയില്ലാത്ത മനുഷ്യരുടെ ജീവിതം പ്രതിസന്ധിയിലകപ്പെടാം. ജോലി ചെയ്യാനുള്ള ശേഷി, അടിസ്ഥാന വരുമാനം, അടിസ്ഥാന ജീവിത സാഹചര്യങ്ങള്‍ എന്നിവയുള്ള ദരിദ്ര കുടുംബങ്ങളെ അതിദാരിദ്ര്യ വിഭാഗത്തില്‍ പെടുത്താന്‍ കഴിയില്ല.
സ്വന്തം ജീവിത സാഹചര്യങ്ങളെക്കുറിച്ച് തിരിച്ചറിയാനോ, അതിജീവന സാദ്ധ്യതകള്‍ അന്വേഷിക്കാനോ, അതു പരിഹരിക്കാനോ കഴിവില്ലാത്തവര്‍, തെരുവില്‍ താമസിക്കുന്ന അനാഥര്‍, ഉപജീവനത്തിനും നിലനില്‍പ്പിനും വേണ്ടി ശാരീരികമോ മാനസികമോ ആയ അദ്ധ്വാനത്തില്‍ ഏര്‍പ്പെട്ട് വരുമാനം നേടാന്‍ കഴിയാത്തവര്‍, ശാരീരിക- – മാനസിക വെല്ലുവിളികള്‍, വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവ കാരണം ദൈനംദിന ജീവിതം സാധാരണ ഗതിയില്‍ നയിക്കാന്‍ കഴിയാത്തവര്‍ എന്നിവരെയാണ് അതിദരിദ്രരായി പരിഗണിക്കാവുന്നത്.
ആസ്തിയും തൊഴില്‍ ശേഷിയുമില്ലാത്തവര്‍ നയിക്കുന്ന കുടുംബങ്ങള്‍, ജോലി ചെയ്യുന്ന അംഗങ്ങളോ വരുമാന മാര്‍ഗ്ഗങ്ങളോ ഇല്ലാതെ കിടപ്പുരോഗികളെ മാത്രം പരിചരിച്ചു ജീവിക്കേണ്ട കുടുംബങ്ങള്‍ എന്നിവരെയും അതിദരിദ്രരുടെ പട്ടികയില്‍പ്പെടുത്താം.
പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയുമൊന്നും ശ്രദ്ധ ലഭിക്കാത്തവിധത്തില്‍ ഒറ്റപ്പെട്ട് ജീവിതം തള്ളിനീക്കേണ്ടി വരുന്ന കുടുംബങ്ങള്‍ പലയിടങ്ങളിലുമുണ്ടാകും. കോവിഡ്, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയവ അതിദരിദ്രരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കും. സര്‍ക്കാരിന്റെ സഹായവും സൂക്ഷ്മ ശ്രദ്ധയുമില്ലാതെ അതിദരിദ്രരുടെ അതിജീവനം സാധ്യമാകില്ല.
അതിദാരിദ്ര്യത്തിലേക്കു
നയിക്കുന്ന ഘടകങ്ങള്‍
ദാരിദ്ര്യനിർമാർജനത്തിന് കുടുംബങ്ങളെയും വ്യക്തികളെയും ദാരിദ്ര്യത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ തിരിച്ചറിയുക പ്രധാനമാണ്. ഏതൊക്കെ ഭൗതിക സൗകര്യങ്ങളുടെയും കഴിവുകളുടെയും അഭാവമാണ് അതിദാരിദ്ര്യത്തിന് വഴിവയ്ക്കുന്നതെന്ന് തിരിച്ചറിഞ്ഞാല്‍ അതു പരിഹരിക്കാനാകും. ഒരു കുടുംബത്തെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന ഘടകങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടാണ് അതിദാരിദ്ര്യ നിർമാർജന പ്രക്രിയ ആരംഭിക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന ആശ്രയ പദ്ധതിയില്‍ നിന്നും ബഹുമുഖ ദാരിദ്ര്യ സൂചകത്തിന്റെ (Multiple Poverty Index) ഘടകങ്ങളില്‍ നിന്നും കണ്ടെത്തിയ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് അതിദരിദ്രരെ തിരിച്ചറിയുന്നതിനുള്ള ചട്ടക്കൂട് വികസിപ്പിച്ചെടുത്തത്. ഗ്രാമ – നഗര വ്യത്യാസമുള്‍പ്പെടെയുള്ള കേരളത്തിലെ ഭൗതിക യാഥാര്‍ഥ്യങ്ങളുമായി താരതമ്യം ചെയ്ത് വിദഗ്ധരുടെ സഹായത്തോടെ ഇവയില്‍ ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. അതിദാരിദ്ര്യം നിര്‍ണ്ണയിക്കുന്നതിന് അവലംബിച്ചിരിക്കുന്ന പ്രധാന മാനദണ്ഡങ്ങൾ ഭക്ഷണം, ആരോഗ്യം, വരുമാനം, താമസസ്ഥലം എന്നിവയാണ്. ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ അതിദാരിദ്ര്യം എന്ന അവസ്ഥ നിർണ്ണയിക്കുന്നതിൽ ഈ ഘടകങ്ങള്‍ ഏറ്റവും പ്രധാനമായതുകൊണ്ടാണ് ഇവ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, ചരിത്രപരമായി സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥയും വിവേചനവും അനുഭവിച്ചിരുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങള്‍, തീരദേശ സമൂഹങ്ങൾ എന്നിവയ്ക്കായി പ്രത്യേക സൂചികകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. എച്ച്ഐവി ബാധിതർ, എൽജിബിടിക്യുഐഎ+, അനാഥർ, നഗര ദരിദ്രർ എന്നിങ്ങനെ സാമൂഹിക അവശതകള്‍ അനുഭവിക്കുന്ന വിഭാഗങ്ങളുടെ അവസ്ഥകളും ഈ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓക്‌സ്‌ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവ്, യുഎൻഡിപി എന്നിവയുമായി സഹകരിച്ച് നിതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചകം, നാഷണൽ ഫാമിലി ഹെൽത്ത് സർവേ 2015–-16 അടിസ്ഥാനമാക്കിയുള്ളതാണ്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മൂന്നു മാനങ്ങളാണ് തുല്യ പ്രാധാന്യത്തോടെ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയ്-ക്ക് 12 ഉപ ഘടകങ്ങളാണുള്ളത്. ഈ സൂചികകളുടെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യ സൂചകം തയ്യാറാക്കിയിരിക്കുന്നത്.
അതിദരിദ്രരെ കണ്ടെത്തുന്ന രീതി
ദരിദ്രര്‍ അനുഭവിക്കുന്ന ക്ലേശ ഘടകങ്ങള്‍ അഥവാ ദുര്‍ബലതകള്‍ പരിഗണിച്ചാണ് അതിദരിദ്രരെ കണ്ടെത്തുന്നത്. ഒന്നിലധികം ക്ലേശ ഘടകങ്ങള്‍ അനുഭവിക്കുന്ന കുടുംബങ്ങൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുന്നു. കടുത്ത ദാരിദ്ര്യം വിലയിരുത്തുന്നതിനുള്ള പൊതുമാനദണ്ഡങ്ങളായി നാല് അടിസ്ഥാന അവകാശങ്ങൾ പരിഗണിക്കപ്പെട്ടിട്ടുണ്ട്. അവ ഭക്ഷണം പോഷകാഹാര ലഭ്യത, ആരോഗ്യം, വരുമാനം, ഒരു വാസസ്ഥലം എന്നിവയാണ്. പൊതുവായ മാനദണ്ഡങ്ങൾക്കു പുറമേ, ചരിത്രപരമായും സാമൂഹികമായും വിവേചനം അനുഭവിച്ചിരുന്ന വിഭാഗങ്ങള്‍ക്കായി പ്രത്യേക മാനദണ്ഡങ്ങളും വികസിപ്പിച്ചെടുത്തിരുന്നു. ഓരോ പ്രധാന മാനദണ്ഡത്തിനും പ്രത്യേക മാനദണ്ഡങ്ങൾക്കും കീഴിൽ അവയുടെ ഉപ മാനദണ്ഡങ്ങളും വികസിപ്പിച്ചെടുത്തിരുന്നു. ഏറ്റവും ദുർബലരായ കുടുംബങ്ങൾക്ക് മുൻഗണന ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.
എല്ലാ മാനദണ്ഡങ്ങളും രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് കുടുംബങ്ങളെ പരിഗണിച്ചത്. അതിദാരിദ്ര്യത്തിനു കാരണമായ അതിതീവ്രവും തീവ്രവുമായ ക്ലേശ ഘടകങ്ങള്‍ വേര്‍തിരിച്ചറിയുന്നതിന് ഇത് സഹായകമായി. അതിതീവ്ര ക്ലേശ ഘടകം ബാധിച്ചവരെ സ്വയമേവ അതിദരിദ്രരുടെ പട്ടികയിൽ ഉള്‍പ്പെടുത്തുകയാണുണ്ടായത്. രണ്ട് തീവ്ര ക്ലേശ ഘടകങ്ങള്‍ ബാധിച്ച കുടുംബങ്ങളെയും ഉൾപ്പെടുത്തി. മറുവശത്ത്, രണ്ട് തീവ്ര ക്ലേശ ഘടകങ്ങള്‍ ഒരു അതിതീവ്ര ക്ലേശ ഘടകത്തിനു തുല്യമാണ്. ഏറ്റവും കുറഞ്ഞ അളവിലാണെങ്കിലും ഗുരുതരമായ ക്ലേശ ഘടകങ്ങള്‍ അനുഭവിക്കുന്നവര്‍ സ്വയമേവ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഈ സമീപനത്തിനു കഴിഞ്ഞു.
അതിദാരിദ്ര്യ നിര്‍ണ്ണയത്തിലെ
പ്രാദേശിക ജന പങ്കാളിത്തം
പരമ്പരാഗത ദാരിദ്ര്യ സർവേ രീതി അതിദരിദ്രരെ തിരിച്ചറിയുന്നതിൽ ഫലപ്രദമാകണമെന്നില്ല, കാരണം അവർക്ക് സ്വന്തം അവകാശങ്ങൾക്കായി വാദിക്കാനോ പൊതു ഇടങ്ങളില്‍ സ്വയം പ്രത്യക്ഷപ്പെടാനോ കഴിയില്ല. അതിദരിദ്ര കുടുംബങ്ങളെ തിരിച്ചറിയുന്നതിന് പൊതുസമൂഹത്തില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടാണ് ഈ പ്രശ്നം പരിഹരിച്ചത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ക്ലസ്റ്റര്‍ ചർച്ചകളിലൂടെയാണ് ഓരോ വാര്‍ഡിലുമുള്ള അതിദരിദ്രരെ കണ്ടെത്തിയത്.
വാർഡ് തലത്തിലും അതിനു താഴെയുമുള്ള പങ്കാളിത്ത ചർച്ചകളിലൂടെ, അതിദാരിദ്ര്യം നിര്‍ണ്ണയിക്കുന്ന ഓരോ ക്ലേശ ഘടകത്തിന്റെയും സൂചകങ്ങള്‍ ഉപയോഗിച്ച്, ദാരിദ്ര്യത്തെയും അതിദരിദ്രരെയും വേർതിരിച്ചറിയാനും പങ്കാളിത്ത പ്രക്രിയയിലൂടെ കൂടുതൽ കൃത്യതയോടെ അതിദരിദ്രരെ തിരിച്ചറിയാനും കഴിയുന്ന കാര്യക്ഷമമായ ഒരു രീതി ശാസ്ത്രം വികസിപ്പിച്ചെടുത്തതാണ് ഈ യജ്ഞത്തിന്റെ പ്രധാനപ്പെട്ട സംഭാവനകളിലൊന്ന്.
ക്ലേശ ഘടകങ്ങളും അവയുടെ തീവ്രതയും നിര്‍ണ്ണയിക്കുന്ന രീതിയുടെ ഒരു ഉദാഹരണം താഴെ നല്‍കുന്നു. ഭക്ഷ്യസുരക്ഷയുടെ കാര്യം ശ്രദ്ധിക്കുക. പ്രായാധിക്യം മൂലമോ ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ മൂലമോ സ്വന്തമായി പാചകം ചെയ്യാൻ കഴിയാത്ത അവസ്ഥ ഒരു തീവ്ര ക്ലേശഘടകമായാണ് പരിഗണിച്ചിട്ടുള്ളത്. രോഗമോ അപകടമോ മൂലമുണ്ടായ കടബാധ്യത കാരണം ആസ്തികളും ഉപജീവനമാർഗവും നഷ്ടപ്പെട്ട അവസ്ഥ മറ്റൊരു ക്ലേശ ഘടകമായും പരിഗണിക്കപ്പെടുന്നു.
വാര്‍ഡ് തലത്തില്‍ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ നടത്തിയാണ് അതിദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയ ആരംഭിച്ചത്. ഇതിനു ശേഷം വാർഡ് തല കമ്മിറ്റികൾ അർഹരായ വ്യക്തികളുടെ പട്ടിക അന്തിമമാക്കി വിവിധ തലങ്ങളിലെ പരിശോധനയ്-ക്കും സൂപ്പർ-ചെക്കിങ്ങിനും വിധേയമാക്കിയ ശേഷമാണ് അർഹരായ വ്യക്തികളുടെ കരട് പട്ടിക തയ്യാറാക്കിയത്.
അതിദാരിദ്ര്യ നിര്‍മാര്‍ജന
യജ്ഞത്തിന്റെ നിര്‍വഹണ മാതൃക
അതിദാരിദ്ര്യ നിർമാർജന യജ്ഞത്തിന്റെ നിര്‍വഹണ മാതൃകയും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.
കേരളത്തിന്റെ ശക്തമായ വികേന്ദ്രീകൃത ആസൂത്രണ സംവിധാനമാണ് അതിദരിദ്രരെ കൃത്യതയോടെ കണ്ടെത്തുന്നതിനും അവരുടെ വ്യക്തിഗത സൂക്ഷ്മ പദ്ധതികള്‍ തയ്യാറാക്കുന്നതിനും നേതൃത്വം നല്‍കിയത്. ഈ പ്രക്രിയയെ പിന്തുണയ്ക്കുന്നതിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജനകീയ സമിതികൾ സ്ഥാപിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് കമ്മിറ്റിയുടെ ചെയർപേഴ്‌സണായി പ്രവർത്തിക്കണമെന്ന് നിർദ്ദേശിക്കപ്പെട്ടു. ക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരെ വൈസ് ചെയർപേഴ്‌സൺമാരായി ഉൾപ്പെടുത്തി. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സെക്രട്ടറിമാർ കമ്മിറ്റിയുടെ കൺവീനർമാരായും നോഡൽ ഓഫീസർമാരായും പ്രവർത്തിച്ചിരുന്നു. കൂടാതെ ഒരു മുഴുവൻ സമയ ഉദ്യോഗസ്ഥനെയും നിയമിച്ചിരുന്നു.
ഓരോ വകുപ്പും സ്വന്തം നിലയിൽ ഏറ്റെടുക്കേണ്ട നടപടികൾ ക്രോഡീകരിച്ചത് തദ്ദേശഭരണ സ്ഥാപനങ്ങളാണ്. പട്ടികയിൽ ഉള്‍പ്പെട്ട എല്ലാവർക്കും ലഭിക്കേണ്ട എല്ലാ സൗകര്യങ്ങളും സമയബന്ധിതമായി ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയതും തദ്ദേശ ഭരണ സ്ഥാപനങ്ങളാണ്. ഓരോ അതിദരിദ്ര കുടുംബത്തിനും സൂക്ഷ്മ പദ്ധതി നടപ്പാക്കുക എന്ന നവീനമായ ആശയം അവതരിപ്പിക്കാനും ഈ പരിപാടിക്ക് കഴിഞ്ഞു. ഈ പ്രക്രിയ സുഗമമാക്കുന്നതിന് നിരവധി സര്‍ക്കാരുത്തരവുകളും മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടിനു പുറമെ, സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിവിഹിതവും ഇതിനായി വിനിയോഗിച്ചിരുന്നു.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അതിദാരിദ്ര്യത്തിന്റെ ഓരോ ക്ലേശ ഘടകത്തെയും പ്രത്യേകം പരിശോധിക്കുകയും അവ പരിഹരിക്കുന്നതിന് പ്രൊജക്ടുകൾ തയ്യാറാക്കുകയും ചെയ്യുന്ന രീതി ഇന്ത്യയുടെ വികസന ചരിത്രത്തിലെ സവിശേഷമായ ഒരു പ്രക്രിയയായിരിക്കും. അതിദരിദ്രര്‍ സമയബന്ധിതമായി ദാരിദ്ര്യത്തിൽ നിന്ന് കരകയറുന്നു എന്ന് ഉറപ്പാക്കുന്നതിനും അവര്‍ തിരികെ ദാരിദ്ര്യത്തിലേക്ക് പോകാതെ സംരക്ഷിക്കുന്നതിനും തദ്ദേശഭരണ സ്ഥാപനങ്ങൾക്കു മാത്രമേ കഴിയൂ. ഈ പ്രവര്‍ത്തനങ്ങള്‍ അനുദിനം നിരീക്ഷിക്കുന്നതിനും ദിശാവ്യതിയാനമില്ലെന്ന് ഉറപ്പുവരുത്തുന്നതിനും സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ വകുപ്പിനും കഴിഞ്ഞിരുന്നു.
ഘട്ടംഘട്ടമായിട്ടാണ് അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള സൂക്ഷ്മ പദ്ധതികൾ നടപ്പാക്കിത്തുടങ്ങിയത്. എല്ലാവർക്കും പൗരസേവനങ്ങളും തിരിച്ചറിയല്‍ കാര്‍ഡുകളും ലഭ്യമാക്കുക എന്നുള്ളതായിരുന്നു ആദ്യ ഘട്ടം. അത് വളരെ വേഗം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നു. ഭക്ഷണം ആവശ്യമുള്ളവർക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുക, ചികിത്സയും മരുന്നും ആവശ്യമുള്ളവർക്ക് അത് നൽകുക, കിടപ്പുരോഗികൾക്ക് സാന്ത്വന ചികിത്സ നൽകുക, മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുക, ഭവനരഹിതർക്ക് വീടും സ്ഥലവും നിർമ്മിച്ചുകൊടുക്കുക എന്നിങ്ങനെ അതിദാരിദ്ര്യത്തിന് കാരണമായ ക്ലേശ ഘടകങ്ങൾ ഓരോന്നും പരിഹരിക്കുക എന്ന പ്രായോഗിക സമീപനമാണ് ഈ യജ്ഞത്തില്‍ സ്വീകരിച്ചിരുന്നത്. കൃത്യമായി തിട്ടപ്പെടുത്താവുന്ന ഭൗതിക ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി ബൃഹത്തായൊരു ദാരിദ്ര്യ നിർമാർജന പദ്ധതി എങ്ങനെ ആവിഷ്കരിക്കാന്‍ കഴിയും എന്നതിന്റെ മഹത്തായ ഉദാഹരണം കൂടിയാണിത്. ദാരിദ്ര്യ നിർമ്മാർജ്ജനം പൊള്ളയായ വായ്ത്താരിയും കണക്കുകള്‍ മറച്ചുവയ്ക്കുന്ന കണ്‍കെട്ടു വിദ്യയുമല്ലെന്നും, മറിച്ച് ദൃഢമായ കാൽവയ്പുകളോടെ സമീപിക്കേണ്ട വികസന ലക്ഷ്യമാണ് എന്നും തെളിയിക്കാന്‍ കേരളത്തിന്റെ ഈ സുവര്‍ണ്ണനേട്ടത്തിനു കഴിഞ്ഞിരിക്കുന്നു. l
(സംസ്ഥാന ആസൂത്രണ
ബോർഡ് അംഗമാണ് ലേഖകൻ)



