മാർക്സിസം – ലെനിനിസത്തിന്റെ അടിസ്ഥാന ഘടകങ്ങളെയാകെ നിഷേധിച്ചുകൊണ്ട് ചില യൂറോപ്യൻ കമ്യൂണിസ്റ്റ് പാർട്ടികളിൽ രൂപംകൊണ്ട ഒരു പ്രവണതയാണ് യൂറോകമ്യൂണിസം. ആ പ്രവണതയുടെ മുഖ്യ ആചാര്യന്മാരിലൊരാളും സ്പാനിഷ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയുമായ സാന്റിയാഗോ കാറില്ലോയുടെ eurocommunism and the state എന്ന കൃതി യൂറോ കമ്യൂണിസത്തിന്റെ മാനിഫെസ്റ്റോ ആയാണ് ആഘോഷിക്കപ്പെട്ടത്. അതിനെ നിശിതമായി വിമർശിച്ചുകൊണ്ടും സിപിഐ എമ്മിന്റെ നിലപാട് വിശദീകരിച്ചുകൊണ്ടും ബി ടി രണദിവെ 1984ൽ സോഷ്യൽ സയന്റിസ്റ്റിൽ എഴുതിയ ദീർഘമായ ലേഖനമാണ് ഞങ്ങളിവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ് മാർക്സിസ്റ്റ് ആശയങ്ങൾ മാർക്സിസം–ലെനിനിസത്തിന്റെ പേരിൽ പ്രചരിപ്പിക്കപ്പെടുന്ന സമകാലിക പശ്ചാത്തലത്തിൽ ബിടിആറിന്റെ ഈ ലേഖനത്തിന് ഏറെ പ്രസക്തിയുണ്ട്.
‘യൂറോകമ്യൂണിസവും ഭരണകൂടവും” എന്ന പുസ്തകത്തിന്റെ രചയിതാവായ സാന്റിയാഗോ കാറില്ലോ, സ്പെയിനിലെ ഫാസിസ്റ്റ് വാഴ്ചയ്ക്കെതിരായ പോരാട്ടത്തിൽ വിപ്ലവകരമായ പങ്കു വഹിച്ച സ്പാനിഷ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയാണ്. 1930കളിലെ ആഭ്യന്തരയുദ്ധത്തിന്റെ കാലത്താണ് ഡൊളോറസ് ഇബാറൂറി – ‘ലാ പാഷനാരിയ’ എന്ന വനിത, സ്പാനിഷ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലേക്ക് ഉയർന്നുവന്നത്. ഒരു ഖനിത്തൊഴിലാളിയുടെ മകളായിരുന്ന അവർ അതിവേഗത്തിൽ നേതൃസ്ഥാനത്തേക്ക് ഉയരുകയായിരുന്നു. ജനറൽ സെക്രട്ടറി ഹൊസെ ഡയാസിനൊപ്പം ചേർന്ന് ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിച്ചിരുന്ന ഇസിസിഐയിലേക്ക്- അവരും തിരഞ്ഞെടുക്കപ്പെട്ടു. ആ കാലത്ത്, ‘ലാ പാഷനാരിയ’ എന്ന അവരുടെ പേര് എല്ലാ കമ്യൂണിസ്റ്റുകാർക്കും പുരോഗമനപ്രവർത്തകർക്കും സുപരിചിതമായിരുന്നു. നിലവിൽ അവർ സ്പാനിഷ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസിഡന്റാണ്.
ഫ്രാങ്കോയുടെ ഫാസിസ്റ്റുവാഴ്ചയ്ക്കെതിരായുള്ള പോരാട്ടത്തിൽ, നമ്മുടെ സ്പാനിഷ് സഖാക്കൾ കഠിനമായ കഷ്ടപ്പാടുകളും യാതനയുമാണ് അനുഭവിച്ചത്; അവരുടെ ധീരതയും സ്പാനിഷ് തൊഴിലാളിവർഗത്തിന്റെയും ജനതയുടെയും വിമോചനത്തിനായുള്ള അവരുടെ കരുത്തുറ്റ പോരാട്ടങ്ങളും മാർക്സിസ്റ്റ്- – ലെനിനിസ്റ്റ് തത്വങ്ങളാൽ നയിക്കപ്പെട്ട തൊഴിലാളിവർഗത്തിന്റെ വിപ്ലവവീര്യത്തെയും ആദർശത്തെയും പൂർണമായും പ്രതിഫലിപ്പിക്കുന്നതായിരുന്നു. എന്നാൽ, സാന്റിയാഗോ കാറില്ലോയുടെ ഈ പുസ്തകം സ്പാനിഷ് തൊഴിലാളിവർഗ്ഗത്തിന്റെ വീരോചിതമായ ഈ പാരമ്പര്യങ്ങളുടെയും ഫാസിസത്തിനെതിരായുള്ള പോരാട്ടത്തിന്റെ നായകസ്ഥാനം ഏറ്റെടുക്കാൻ അവർക്ക് പ്രചോദനമായ വിപ്ലവാദർശത്തിന്റെയും വിചിത്രമായൊരു ആന്റി ക്ലെെമാക്സിനെയാണ് പ്രതിപാദിക്കുന്നത്. കാരണം, ഈ പുസ്തകത്തിൽ കാറില്ലോ മാർക്സിസം-–ലെനിനിസത്തിന്റെ അടിസ്ഥാന തത്വങ്ങളെ നിരാകരിക്കുകയും, ബേൺസ്റ്റീന്റെ ദുഷിച്ച പാരമ്പര്യം പിന്തുടരുന്നതിലൂടെ, തന്റെ കമ്യൂണിസം സ്പാനിഷ്, യൂറോപ്യൻ ലിബറലുകൾക്ക് സ്വീകാര്യമായതാക്കുകയും ചെയ്യുന്നു. ബേൺസ്റ്റീൻ തന്റെ പുസ്തകത്തിൽ സ്പാനിഷ് സോഷ്യലിസ്റ്റായ പാബ്ലോ ഇഗ്ലേഷിയസിനെ ഉദ്ധരിക്കുന്നുണ്ട്. അത് ഇപ്രകാരമാണ്: ‘‘ഏതു തരത്തിലുള്ള ബൂർഷ്വാസിയായാലും, അവർ ഒരു കാര്യം മനസ്സിലാക്കണം: ഭീകരമായ രീതിയിലോ രക്തപ്പുഴ ഒഴുക്കിയോ ഭരണം കൈയടക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, മറിച്ച് നിയമപരമായ മാർഗ്ഗങ്ങളിലൂടെയാണ് ഞങ്ങൾ അത് ചെയ്യാൻ ആഗ്രഹിക്കുന്നത്.’’
കാറില്ലോയുടെ പുസ്തകത്തിന്റെ ഉദ്ദേശ്യവും സാരാംശവും ഇതു തന്നെയാണ്. അദ്ദേഹം സ്വയം ഒരു കമ്യൂണിസ്റ്റായി പ്രഖ്യാപിക്കുന്നു, എന്നാൽ കമ്യൂണിസത്തിന്റെ തത്വങ്ങളോട്, അതിന്റെ വിപ്ലവകരമായ പ്രവർത്തനങ്ങളോട്, ബൂർഷ്വാ വ്യവസ്ഥിതിയോടുള്ള വിദ്വേഷത്തോട് അദ്ദേഹം വിയോജിക്കുന്നു. ലിബറലിസത്തിന്റെ കുപ്പായമണിഞ്ഞ്- സമൂഹത്തിൽ ജീവിക്കാനാണ് അദ്ദേഹം താൽപര്യപ്പെടുന്നത്.
യൂറോകമ്യൂണിസത്തിന്റെ വേരുകൾ:
ബൂർഷ്വാ ദേശീയത
‘യൂറോകമ്യൂണിസത്തിന്റെ ചരിത്രപരമായ വേരുകൾ’ എന്ന അദ്ധ്യായത്തിൽ സ്പാനിഷ് കമ്യൂണിസ്റ്റ് പാർട്ടിയെ അതിന്റെ അന്തർദേശീയ ബന്ധങ്ങളിൽ നിന്ന് വിച്ഛേദിച്ച്, സാർവ്വദേശീയ തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിൽ നിന്ന് യാതൊരു പ്രചോദനവും കെെക്കൊണ്ടിട്ടില്ലാത്ത, ഒരു ദേശീയ പാർട്ടിയായി അവതരിപ്പിക്കാനുള്ള ശ്രമമാണ് വരച്ചിടുന്നത്. ആരെ ആകർഷിക്കാനാണ് ഈ ശ്രമം? സ്പാനിഷ് ബൂർഷ്വാസികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇങ്ങനെ ഒരു ശ്രമം നടത്തുന്നത്. സ്പാനിഷ് കമ്യൂണിസ്റ്റുകാർ ഇപ്പോൾ വിശ്വസിക്കാൻ കൊള്ളാവുന്നവരാണെന്നും അവരുടെ ഉദ്ദേശ്യശുദ്ധിയിൽ സംശയമില്ലെന്നും പറയുന്ന സ്പാനിഷ് ബൂർഷ്വാസിയോടാണിതു പറയുന്നത്.
വാസ്തവത്തിൽ, ആഭ്യന്തരയുദ്ധകാലത്ത് സോവിയറ്റ് സഹായം അഭ്യർത്ഥിക്കുന്നത് സഖ്യകക്ഷികളേക്കാളുപരി സ്പാനിഷ് കമ്യൂണിസ്റ്റുകാർക്ക് സ്വീകാര്യമായിരുന്നില്ല എന്ന് കാറില്ലോ ഒരിടത്തു പറയുന്നുണ്ട്: പാശ്ചാത്യ ശക്തികളുമായി സർക്കാരിന്റെ ബന്ധം മെച്ചപ്പെടുത്താനും സോവിയറ്റ് സഹായങ്ങളെ മാത്രം ആശ്രയിക്കുന്ന സാഹചര്യം അവസാനിപ്പിക്കാനും വേണ്ടി മന്ത്രിസ്ഥാനങ്ങൾ ഉപേക്ഷിക്കാനും സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കാനുമാണ് ആ കാലയളവിൽ കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചിരുന്നത്. ഈ തീരുമാനം നടപ്പാക്കാതിരുന്നത്, സ്പെയിനിലെ പൊരുതുന്ന ജനതയുടെ മനോബലത്തിന് കോട്ടമുണ്ടാകുമെന്ന് നമ്മുടെ കൂട്ടാളികളായ ചിലർ കരുതിയതുകൊണ്ടാണ്”. സ്പെയിനിലെ പൊരുതുന്ന ജനതയ്ക്ക് അവരുടെ യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലായിരുന്നുവെന്നും സഖ്യകക്ഷികൾക്ക് അവരുടെ സാമാന്യബുദ്ധി നഷ്ടപ്പെട്ടിരുന്നില്ല എന്നും വ്യക്തമാണ്.
കമ്യൂണിസ്റ്റ് ഇന്റർനാഷണലും സഹോദര പാർട്ടികളും നൽകിയ സഹായത്തോട് നന്ദികേട് കാണിക്കുന്ന ഒരു മനോഭാവമാണ് സ്പെയിനിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായിരുന്നത്. സ്പാനിഷ് പാർട്ടിയെ സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വേർതിരിക്കാനുള്ള അതിമോഹവും, സ്പാനിഷ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാതന്ത്ര്യം എന്ന പേരിൽ ബൂർഷ്വാ ദേശീയതയിലേക്ക് തിരിയാനുമുള്ള പ്രവണതകളുമൊക്കെ യൂറോകമ്യൂണിസത്തിന്റെ ഉറവിടങ്ങളിലൊന്നായി കണക്കാക്കാവുന്നതാണ്. അതിനാൽ, ആഭ്യന്തരയുദ്ധകാലത്ത് സിപിഎസ്-യുവും സോവിയറ്റ് യൂണിയനും നൽകിയ മഹത്തായ സംഭവനകളെക്കുറിച്ചോ, സ്പാനിഷ് റിപ്പബ്ലിക്കിന്റെ പ്രതിരോധത്തിനായി എല്ലാ രാജ്യങ്ങളിലെയും തൊഴിലാളിവർഗത്തെ ഉണർത്താനുള്ള കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ പ്രയത്നങ്ങളെക്കുറിച്ചോ, ഹിറ്റ്ലർക്കെതിരെയുള്ള പോരാട്ടത്തിൽ സോവിയറ്റ് യൂണിയൻ ബലികഴിച്ച ലക്ഷക്കണക്കിന് ജീവനുകളെക്കുറിച്ചോ ആദരവോടെ പരാമർശിക്കുന്നില്ല എന്നതിൽ അത്ഭുതമില്ല. ഫ്രാങ്കോ നടത്തിയ ഫാസിസ്റ്റു വാഴ്ചയ്ക്കെതിരായ പോരാട്ടത്തിൽ സ്പാനിഷ് പാർട്ടിയെക്കുറിച്ച് എഴുതുന്ന ആർക്കെങ്കിലും കമ്യൂണിസ്റ്റ് ഇന്റർനാഷണലും, സഹോദര പാർട്ടികളും, സോവിയറ്റ് യൂണിയനും നൽകിയ സഹായത്തെക്കുറിച്ച് പരാമർശിക്കാതെ അതു ചെയ്യാൻ കഴിയുമോ? ഇത് ലജ്ജയുടെ വിഷയമാണോ, അതോ അഭിമാനത്തിന്റെ വിഷയമാണോ?
ബോൾഷെവിക്കുകളും സ്പെയിനും
കാറില്ലോ തന്റെ പുസ്തകത്തിൽ, പോപുലർ ഫ്രണ്ടിന് നേതൃത്വം വഹിക്കുന്ന കബാല്ലെറോയ്ക്ക് സ്റ്റാലിനും മൊളോട്ടോവ്, വൊറോഷിലോവും ചേർന്ന് ഒപ്പിട്ടയച്ച ഒരു കത്തിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. 1936 ഡിസംബർ 21–ാം തീയതിയിലെ ആ കത്ത്, റിപ്പബ്ലിക്കൻ സർക്കാരിന് സൈനിക ഉപദേഷ്ടാക്കളെ നൽകുന്നത് മാത്രമല്ല ചർച്ച ചെയ്യുന്നത്, വിപ്ലവം പ്രാവർത്തികമാക്കാനുള്ള ഉപദേശവും നൽകുന്നുണ്ട്. കാറില്ലോ തന്റെ പുസ്തകത്തിൽ, വിവിധ കമ്യൂണിസ്റ്റ് പാർട്ടികളും കമ്യൂണിസ്റ്റ് ഇന്റർനാഷണലും വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത സാഹചര്യങ്ങളും അതിനാവശ്യമായ വ്യത്യസ്ത സമീപനങ്ങളും പരിഗണിച്ചിട്ടില്ല എന്നു വാദിക്കുന്നു. എന്നാൽ സ്റ്റാലിൻ കബാല്ലെറോയ്ക്ക് എഴുതിയ കത്ത് ഈ ആരോപണം നിരാകരിക്കുന്നതാണ്: “സ്പാനിഷ് വിപ്ലവം റഷ്യയിലെ വിപ്ലവത്തിൽ നിന്ന് വ്യത്യസ്തമായ ഒരു പാത തുറക്കുന്നു. ഇത് സാമൂഹികവും ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വ്യത്യസ്ത സാഹചര്യങ്ങളാൽ നിർണ്ണയിക്കപ്പെടുന്നു. റഷ്യൻ വിപ്ലവം അഭിമുഖീകരിച്ച അന്തർദേശീയ സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമായ ആവശ്യങ്ങളെയാണ് സ്പെയിനിന് അഭിമുഖീകരിക്കേണ്ടത്. പാർലമെന്ററി മാർഗ്ഗം സ്പെയിനിലെ വിപ്ലവത്തിന് റഷ്യയിലേതിനേക്കാൾ കൂടുതൽ മുതൽക്കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്.’’
സ്റ്റാലിൻ മറ്റൊരു സൗഹൃദപരമായ ഉപദേശവും നൽകുന്നുണ്ട്: കർഷകരെ തൃപ്തിപ്പെടുത്തുകയും പോരാട്ടത്തിൽ പങ്കാളികളാക്കുകയും ചെയ്യുന്ന കൃഷി, നികുതി എന്നിവയെ സംബന്ധിച്ച ഉത്തരവുകൾ പ്രഖ്യാപിക്കുക. “കർഷകരെ, സേനയിലേക്ക് ആകർഷിക്കുന്നതിനും ഫാസിസ്റ്റ് സെെന്യത്തെ നേരിടുന്നതിനും കർഷകരുടെ ഗറില്ലാ സംഘങ്ങൾക്ക് രൂപം നൽകുന്നത് ഒരു നല്ല കാര്യമായിരിക്കും.’’ ചെറുകിട–ഇടത്തരം ബൂർഷ്വാസിയെ സർക്കാരിലേക്ക് അടുപ്പിക്കണമെന്നും റിപ്പബ്ലിക്കൻ പാർട്ടികളുടെ പ്രതിനിധികളെ സർക്കാരിനോടൊപ്പം ചേർത്തു നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഫ്യൂഡൽ-വിരുദ്ധ കാർഷിക ജനാധിപത്യ വിപ്ലവവും ഫാസിസ്റ്റു വിരുദ്ധ പോരാട്ടവും സംയോജിപ്പിക്കുന്നതിനുള്ള ഈ ഉപദേശം നിസ്സംശയമായും ശക്തവും പ്രായോഗികവുമാണ്. കർഷകജനസാമാന്യത്തിന്റെ സായുധമായ കരുത്തിന്റെയും വിജയകരമായ വിപ്ലവ പരിപാടിയുടെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു പാർലമെന്റ് റഷ്യയിലേക്കാൾ കൂടുതൽ സ്പെയിനിലെ വിപ്ലവ മുന്നേറ്റങ്ങൾ കൂടുതൽ ഫലപ്രദമായ നടപടിക്രമമാകാനിടയുണ്ട്.
കാറില്ലോയുടെ വ്യാഖ്യാനം
എന്നാൽ ഈ ഉപദേശത്തെക്കുറിച്ച് കാറില്ലോയ്ക്ക് എന്താണ് പറയാനുള്ളത്? സോവിയറ്റ് പാർട്ടിയുടെ തന്ത്രപരമായൊരു നീക്കം മാത്രമാണിതെന്ന് അദ്ദേഹം കരുതുന്നു. അദ്ദേഹം അഭിപ്രായപ്പെടുന്നു: ‘‘ഈ ആശയങ്ങളെ സോവിയറ്റ് പാർട്ടിയുടെ ഒരു തന്ത്രപരമായ നീക്കമായി കണ്ടവരുണ്ട്-. എന്നാൽ അത് തെറ്റായിരുന്നില്ലെന്നു കാലം തെളിയിച്ചു. ജനാധിപത്യത്തിലൂടെ സോഷ്യലിസത്തിലേക്ക് കടക്കാമെന്ന ആശയം സോവിയറ്റ് യൂണിയന്റെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം കോൺഗ്രസ് അംഗീകരിച്ചിരുന്നു. ഞങ്ങളും ഇത് തന്നെയാണ് ആലോചിച്ചിരുന്നത്.’’
സോവിയറ്റ് പാർട്ടി സത്യസന്ധമായല്ല പ്രവർത്തിക്കുന്നതെന്ന സൂചനയാണ് ഇവിടെയും കാറില്ലോ നൽകുന്നത്. എന്നാൽ സ്പാനിഷ് കമ്യൂണിസ്റ്റുകാർ ജനാധിപത്യത്തിലൂടെയുള്ള സോഷ്യലിസം കൃത്യനിഷ്ഠയോടെ പിന്തുടർന്നുവെന്ന് അദ്ദേഹം പറയുന്നു. സോവിയറ്റ് ആശയങ്ങളിൽ നിന്നു വ്യതിചലിക്കാനുള്ള വ്യഗ്രത കാറില്ലോയുടെ എഴുത്തുകളിൽ പ്രതിപാദിക്കുന്നുണ്ട്. വിപ്ലവ പോരാട്ടത്തിലൂടെ സോഷ്യലിസം സാധ്യമാക്കുക എന്ന സ്റ്റാലിന്റെ ആശയത്തോട് കാറില്ലോ യോജിക്കുന്നില്ല. മറിച്ച്, പാർലമെന്ററി പോരാട്ടത്തിലൂടെയും തിരഞ്ഞെടുപ്പുകളിലൂടെയും മുതലാളിത്തത്തിൽ നിന്ന് സോഷ്യലിസത്തിലേക്കുള്ള സാമൂഹിക പരിവർത്തനം അതായത് പാർലമെന്ററി പാത എന്ന നിലയിലേക്കാണ് സ്റ്റാലിന്റെ ഉപദേശത്തെയാകെ ചുരുക്കിക്കാണുകയാണ് കാറില്ലോ.
ഫാസിസ്റ്റുകൾക്കെതിരായുള്ള റിപ്പബ്ലിക്കിന്റെ സായുധ സമരത്തിന്റെയും, കാർഷിക വിപ്ലവത്തിന്റെയും ജനാധിപത്യ വിപ്ലവത്തിന്റെയും പൂർത്തീകരണത്തിന്റെയും പശ്ചാത്തലത്തിലാണ് സ്റ്റാലിൻ പാർലമെന്ററി പാതയെക്കുറിച്ച് പറയുന്നത്. എന്നാൽ കാറില്ലോയും ഇരുപതാം കോൺഗ്രസും പാർലമെന്ററി ഭരണം നേടണം എന്ന ആശയത്തിലേക്ക് ആ ഉപദേശത്തെ ചുരുക്കുകയാണ്. ലെനിന്റെ “സോഷ്യൽ ഡെമോക്രസിയുടെ രണ്ട് അടവുകൾ” എന്ന പ്രസിദ്ധമായ കൃതിയെ അടിസ്ഥാനമാക്കിയാണ് സ്റ്റാലിൻ ഈ ഉപദേശം നൽകിയത്. സ്പെയിനിൽ നിലനിന്നിരുന്ന സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇത് തയ്യാറാക്കിയത്. ഇതിൽ കാറില്ലോയ്ക്ക് അസംതൃപ്തി തോന്നാനുള്ള കാരണം എന്താണ്? തന്റെ പുസ്തകത്തിൽ, ഒരു രാജ്യത്തെ പ്രത്യേക സാഹചര്യങ്ങൾക്കനുസരിച്ചു വേണം മാർക്സിസ്റ്റ് ആശയങ്ങൾ നടപ്പാക്കാനെന്ന് കാറില്ലോസ് ആവർത്തിച്ചു ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയായിരിക്കെ സിപിഎസ്-യുവിന്റെ നേതാക്കളോട് അദ്ദേഹം എന്തിനാണ് അസംതൃപ്തി കാണിക്കുന്നത്? കാരണം, കാറില്ലോയ്ക്ക് പാർലമെന്ററി മാർഗ്ഗം മാത്രമാണ് സ്വീകാര്യമായ നയം. എന്നാൽ സ്റ്റാലിനോ സോവിയറ്റ് പാർട്ടിയോ ഇതിനെ അംഗീകരിച്ചില്ലെന്നതാണ് കാറില്ലോയുടെ പ്രശ്നം. എന്തായാലും ഫ്രാങ്കോയ്ക്കെതിരെയുള്ള പോരാട്ടത്തിൽ കാറില്ലോ പാർലമെന്ററി മാർഗ്ഗം പിന്തുടർന്നില്ല; തിരഞ്ഞെടുപ്പുകളും പാർലമെന്ററി പോരാട്ടങ്ങളും സ്പെയിനിലെ ഫാസിസ്റ്റ് ഭരണത്തിന്റെ പതനം സാധ്യമാക്കിയുമില്ല.
വികസിത രാജ്യങ്ങളിൽ വിപ്ലവത്തിന്റെ
‘അനാവശ്യകത’
വികസിത മുതലാളിത്ത രാജ്യങ്ങളിൽ വിപ്ലവം ആവശ്യമില്ല എന്നതാണ് കാറില്ലോയുടെ പുസ്തകത്തിന്റെ കേന്ദ്രവാദം. സ്പെയിനിനേയും പശ്ചിമ ജർമ്മനിയേയും പോലെ വികസിതമാണെങ്കിലും അമേരിക്കയെക്കുറിച്ച് അദ്ദേഹം ഒരിക്കലും പരാമർശിക്കുന്നില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ബൂർഷ്വാ ജനാധിപത്യത്തിന്റെ ഒരു നിയമവും ലംഘിക്കാതെയോ, ഈ ജനാധിപത്യത്തിന്റെ ആധുനിക അശ്വാരൂഢരായ യൂറോകമ്യൂണിസ്റ്റുകളുടെ മനസ്സാക്ഷിയെ ബാധിക്കാതെയോ സമാധാനപരമായി സോഷ്യലിസം സാധ്യമാക്കാവുന്നതാണ്..
കാറില്ലോയുടെ വാക്കുകളിൽ, “… ഭരണകൂടത്തിന്റെ അധികാരം കൈവരിക്കാതെ, കുത്തക മൂലധനത്തിന് ഹാനികരമായും സ്വന്തം അദ്ധ്വാനത്തിലൂടെ ജീവിക്കുന്ന എല്ലാവർക്കും തുണയായും അധ്വാനിക്കുന്ന ജനങ്ങൾ (തൊഴിലാളിവർഗ്ഗമല്ല) സമൂഹത്തിന്റെ നേതൃശക്തിയായി ഉയരാതെ സമൂഹത്തെ മാറ്റാനാവുമെന്ന് ചിന്തിക്കേണ്ടതില്ല. ‘‘ജനാധിപത്യത്തിന്റെ നിയമങ്ങൾ ലംഘിക്കാതെ, പരമ്പരാഗത ജനാധിപത്യ സ്ഥാപനങ്ങളുടെ ഉള്ളടക്കം മാറ്റി, പുതിയ രൂപങ്ങൾകൊണ്ട് അതിനെ പൂരിപ്പിച്ച് രാഷ്ട്രീയ ജനാധിപത്യത്തെ കൂടുതൽ ഉറപ്പിക്കാമോ എന്നതാണ് ചോദ്യം. വികസിത മുതലാളിത്ത രാജ്യങ്ങളിലെ മറ്റു പാർട്ടികളും ഇത് സാധ്യമാണെന്ന് പ്രഖ്യാപിക്കുന്നു. ഈ രൂപങ്ങളിൽ അധ്വാനിക്കുന്ന ജനതയുടെ ആധിപത്യത്തിന് ഒരുദാഹരണം പോലും ഇല്ലെന്ന വാദത്തിന് ശാസ്ത്രീയമായ മൂല്യമില്ല. കാര്യങ്ങൾ എല്ലായ്-പ്പോഴും ഒരേപോലെയായിരിക്കും എന്ന ഡോഗ്മാറ്റിക്, യാഥാസ്ഥിതിക ആശയവുമായി ഇത് യോജിക്കുന്നു—ചരിത്രം പലതവണ ഇത് തെറ്റാണെന്ന് തെളിയിച്ചിട്ടുണ്ട്.’’ എല്ലാ വികസിത രാജ്യങ്ങളിലും (അമേരിക്ക ഉൾപ്പെടെ) സമാധാനപരമായി സോഷ്യലിസം നേടാമെന്നും, ഇതിനെ ചോദ്യം ചെയ്യുന്ന ഏതൊരാളും ഡോഗ്മാറ്റിക് ആണെന്നും കൽപ്പിച്ചത് സാന്റിയാഗോ കാറില്ലോയാണ്.
വിപ്ലവവും വിപ്ലവാത്മക പോരാട്ടത്തിന്റെ അനിവാര്യതയും ഒഴിവാക്കി, താൻ ഒരു അഹിംസാവാദിയായ കമ്യൂണിസ്റ്റാണെന്ന് ബൂർഷ്വാസിക്ക് ഉറപ്പ് നൽകിയ ശേഷം, കാറില്ലോ ജനാധിപത്യ സോഷ്യലിസത്തിന്റെ പേരിൽ ആകാശക്കോട്ടയായ ഉട്ടോപ്യ സൃഷ്ടിക്കുകയും അത് യഥാർത്ഥത്തിൽ സ്വകാര്യ മൂലധനത്തിനും ബഹുരാഷ്ട്ര കമ്പനികൾക്കും ഒരു പ്രജനന കേന്ദ്രമായി മാറുകയും ചെയ്യുന്നു..
‘ജനാധിപത്യ സോഷ്യലിസം’
സോഷ്യലിസത്തിലേക്കുള്ള അദ്ദേഹത്തിന്റെ ജനാധിപത്യ പാത മിശ്ര സമ്പദ്-വ്യവസ്ഥയുടെയും കുത്തകവിരുദ്ധ സമൂഹത്തിന്റെയും പേരിൽ മുതലാളിത്തത്തിന്റെയും ചൂഷണത്തിന്റെയും നീട്ടിക്കൊണ്ടുപോകൽ അല്ലാതെ മറ്റൊന്നുമല്ല. അതിനാൽ, “സോഷ്യലിസത്തിലേക്കുള്ള ജനാധിപത്യ മാർഗ്ഗം ക്ലാസിക്കൽ മോഡലായി ഞങ്ങൾ കണക്കാക്കുന്നതിൽ നിന്നു വ്യത്യസ്തമായ ഒരു സാമ്പത്തിക പരിവർത്തന പ്രക്രിയയെ കുറിക്കുന്നു എന്നത് തീർച്ചയായും സത്യമാണ്. അതായത്, ഇത് പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും ദീർഘകാല സഹവർത്തിത്വത്തെ കുറിക്കുന്നു. ഞങ്ങളുടെ പ്രോഗ്രാമിൽ പ്രതീക്ഷിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക ജനാധിപത്യത്തിന്റെ ഘട്ടം ഇങ്ങനെയാണ് അതിന്റെ പൂർണ്ണ അർത്ഥം നേടുന്നത്; അത് ഇതുവരെ സോഷ്യലിസം അല്ല, എന്നാൽ ഇത് ഭരണകൂടത്തിനു മേലുള്ള കുത്തക മൂലധനത്തിന്റെ ആധിപത്യവുമല്ല. സ്വകാര്യ സംരംഭങ്ങൾക്കുള്ള പങ്കിനെ അംഗീകരിച്ചുകൊണ്ടുതന്നെ, ഇതിനകം സൃഷ്ടിച്ചുകഴിഞ്ഞ ഉത്പാദന ശക്തികളെയും സാമൂഹ്യ സേവനങ്ങളെയും സാധ്യമായ ഏറ്റവും വലിയ അളവിൽ സംരക്ഷിക്കുന്നത് എങ്ങനെ എന്നതാണ് ഇവിടെയുള്ള ചോദ്യം.’
ഇതിലും വ്യക്തമായി എന്തെങ്കിലും പറയാൻ കഴിയുമോ? അധ്വാനത്തിന്റെയും ആ സംസ്കാരത്തിന്റെയും ചേരിക്ക് ഒരു പൂർണ്ണ വികസിത മുതലാളിത്ത രാജ്യത്തിൽ, അധികാരം സമാധാനപരമായി കൈമാറ്റം ചെയ്തശേഷം, പൊതു സ്വകാര്യ മുതലാളിത്ത സംരംഭങ്ങൾ ദീർഘകാലം സഹവർത്തിക്കും. ഒരു വികസിത രാജ്യത്തെ പരിവർത്തന കാലഘട്ടത്തിൽ ഇത്തരമൊരു സഹവർത്തിത്വം ആവശ്യമാണോ? മാർക്സിസം-–ലെനിനിസത്തെക്കുറിച്ച് അൽപ്പമെങ്കിലും പരിചയമുള്ള ഏതൊരാൾക്കും ഇല്ല എന്ന് മറുപടി പറയാൻ കഴിയും. കാറില്ലോയെ സംബന്ധിച്ചിടത്തോളം നിയമപരമായ ബലപ്രയോഗത്തിലൂടെയോ ഏറ്റെടുക്കലിലൂടെയോ ഉത്പാദനോപാധികളെ സാമൂഹ്യവൽക്കരിക്കുന്നത് ജനാധിപത്യരഹിതമാണെന്ന് കരുതുന്നതിനാലാണ് അദ്ദേഹത്തിന്, ഈ ആവശ്യകത ഉണ്ടാകുന്നത്. ഒടുവിൽ ജനാധിപത്യത്തിന് അതിന്റെ യഥാർത്ഥ അർത്ഥം ലഭിച്ചിരിക്കുകയാണ് ഉടമകളുടെ സമ്മതത്തോടെ ഉത്പാദനോപാധികളെ സാമൂഹ്യവൽക്കരിക്കുക; ഭരണകൂടത്തിന്റെ സമാധാനപരമായ ഏറ്റെടുക്കലിലൂടെ ഭരണകൂടത്തിൻമേലുള്ള കുത്തകകളുടെ ആധിപത്യം അവസാനിപ്പിക്കുക; എന്നാൽ ഉത്പാദനോപാധികളുടെ സ്വകാര്യ ഉടമസ്ഥത മാറ്റമില്ലാതെ തുടരുകയും ചെയ്യുക!
കാറില്ലോയുടെ സ്വന്തം വാക്കുകളിൽ: “അതേസമയം, പ്രധാന ലക്ഷ്യം സാമൂഹികവത്കരിക്കുക എന്നതാണ് പരിവർത്തന കാലഘട്ടത്തിൽ അധ്വാനത്തിന്റെയും സംസ്കാരത്തിന്റെയും ശക്തികൾ നിർമിച്ച ചരിത്രപരമായ ചേരിയുടെ ആധിപത്യം ഉറപ്പാക്കുന്നതിന് സാമ്പത്തിക വ്യവസ്ഥയുടെ നിർണായക ഉത്തോലകങ്ങൾ”. പൊതു–സ്വകാര്യ സംരംഭത്തിന്റെ ദീർഘകാല സഹവർത്തിത്വം അംഗീകരിക്കുന്നതിന് വിധേയമായ ഒരു ലക്ഷ്യമാണിത്.
വർഗ്ഗ സഹകരണത്തിനുള്ള
അടിത്തറ
കാറില്ലോയുടെ അഭിപ്രായത്തിൽ, ജനാധിപത്യ ആസൂത്രണം ‘‘പൊതുമേഖലയും സ്വകാര്യ മേഖലയും സംയോജിപ്പിക്കുകയും ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾക്കും ജീവിത നിലവാരത്തിന്റെ സമൂലമായ പുരോഗതിക്കും അനുയോജ്യമായ ഒരു സാമ്പത്തിക മോഡൽ വികസിപ്പിക്കാൻ സാധ്യമാക്കുകയും ചെയ്യും.’’ സ്വകാര്യ സംരംഭങ്ങൾ ക്രമേണ ഒഴിവാക്കപ്പെടുമെന്നു പോലും സൂചനയില്ല. അത് സംയോജിപ്പിക്കപ്പെടും, അതായത് കർശനമായ ജനാധിപത്യ മാനദണ്ഡങ്ങൾ അനുസരിച്ച് പെരുമാറാൻ പരിശീലിപ്പിക്കപ്പെടും. ഉണ്ടാകുമെന്നുറപ്പുള്ള ചൂഷണത്തിന്റെയും വർഗ സഹകരണത്തിന്റെയും മുഴുവൻ ആശയവും ഇനിപ്പറയുന്ന രീതിയിലാണ് വിശദീകരിക്കുന്നത്: ‘‘പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും സഹവർത്തിത്വം എന്നാൽ ആർജ്ജിതമല്ലാത്ത ഇൻക്രിമെന്റും അതിന്റെ ഒരു ഭാഗത്തിന്റെ സ്വകാര്യമായ കെെവശപ്പെടുത്തലും അംഗീകരിക്കലാണ്, അതായത് ഒരു മിശ്രവ്യവസ്ഥയുടെ അസ്തിത്വം. ഈ ആർജ്ജിതമല്ലാത്ത വരുമാനം അമിതമല്ലെന്നും, നികുതി സംവിധാനം വഴി സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഇത് പര്യാപ്തമാണെന്നും ഉറപ്പാക്കാൻ സമൂഹത്തിന് വഴികളുണ്ട്.’’
മുതലാളിത്ത സംരംഭങ്ങൾ ക്രമേണ നിയന്ത്രിക്കപ്പെടാത്ത, മറിച്ച് യഥാർത്ഥത്തിൽ പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു വികസിത രാജ്യത്തെ വിചിത്രമായ പരിവർത്തന ഘട്ടമാണിത്. ഇവിടെ പരാമർശിക്കുന്ന സ്വകാര്യ സംരംഭം ചെറുകിട ഉത്പാദകരുടെ സംരംഭമല്ല, മറിച്ച് ലാഭം കൊയ്യുന്ന ഒരു മുതലാളിത്ത സംരംഭമാണ്. യഥാർത്ഥത്തിൽ, ഇവിടെ നിർദ്ദേശിക്കുന്നത് ഒരുതരം കുത്തകയിതര മുതലാളിത്തമാണ്—പല ലിബറലുകളുടെയും മിഥ്യാധാരണയാണത്. സോഷ്യലിസത്തിന്റെ ജനാധിപത്യ മാതൃക ചൂഷണത്തിനും ലാഭം നേടാനുമുള്ള അടിസ്ഥാന അവകാശങ്ങൾ ഉറപ്പാക്കുന്നു. അതിനാൽ, ഉടമകൾക്ക് തങ്ങളുടെ ചൂഷണാവകാശങ്ങൾ സംരക്ഷിക്കാൻ പൂർണ്ണമായ ‘ജനാധിപത്യ’ അവകാശങ്ങൾ ലഭിക്കും. “ഈ സമ്പദ്ഘടന ഇപ്പോഴും സാമ്പത്തികമായി മിശ്രിതമായിരിക്കും, മാത്രവുമല്ല ഇത് ഒരു രാഷ്ട്രീയ വ്യവസ്ഥയായി മാറുകയും ഉടമകൾക്ക് സാമ്പത്തികമായി സംഘടിക്കുവാൻ മാത്രമല്ല, തങ്ങളുടെ താല്പര്യങ്ങൾക്ക് (അതായത് വർഗ താല്പര്യങ്ങൾക്ക്) പ്രാതിനിധ്യം നൽകുന്ന രാഷ്ട്രീയ പാർട്ടി അഥവാ പാർട്ടി പ്രതിനിധി സംവിധാനം ഒരുക്കുവാനും കഴിയും”; “ഇത് രാഷ്ട്രീയ, സാമ്പത്തിക ബഹുസ്വരതയുടെ അവിഭാജ്യഘടകമായിരിക്കും.”
എന്നാൽ, പതിവുപോലെ, കാറില്ലോ വർഗ്ഗസമരത്തെ മറക്കുന്നില്ല. ‘‘സാമൂഹ്യ സമവായം, കുത്തക മൂലധനം ആധീശാധിപത്യം ചെലുത്തുന്ന ഇന്നത്തെ സമൂഹത്തേക്കാൾ യുക്തിപരമായി കൂടുതൽ വലുതായിരിക്കും. ‘‘എന്നാൽ വർഗ്ഗസമരത്തിന്റെ ഈ പ്രകടനത്തെ ഭയപ്പെടേണ്ടതില്ല. ബൂർഷ്വാസി തന്നെ പരിഹാസ്യരൂപത്തിലെങ്കിലും സോഷ്യലിസം അംഗീകരിക്കുന്ന നിലയിൽ ഇത് ഒരു സൗമ്യവും, മെരുങ്ങിയതും അഹിംസാത്മകവുമായ സംഭവമായിരിക്കും. “സാമൂഹ്യ വ്യത്യാസങ്ങളുടെ (വർഗ്ഗസമരത്തെ കേവലം ‘വ്യത്യാസങ്ങൾ’ എന്ന നിലയിലേക്ക് മാറ്റിയിരുന്നു. അതിജീവനം ഒരു സ്വാഭാവിക പ്രക്രിയയായിരിക്കും (സാമൂഹ്യ-ചരിത്രപരമായ പ്രക്രിയയല്ല), ബലപ്രയോഗത്തിന്റെ ഫലമല്ല (പ്രകൃതി ബലപ്രയോഗത്തെ വെറുക്കുന്നു, നിയമപരമായ ബലപ്രയോഗം പോലും ഉണ്ടാകില്ല), മറിച്ച് ഉത്പാദനശക്തികളുടെയും സാമൂഹ്യ സേവനങ്ങളുടെയും വികാസത്തിന്റെ ഫലമായിരിക്കും. അങ്ങനെ, ഒരു ക്രമാതീത പ്രക്രിയയിലൂടെ, വിദ്യാഭ്യാസത്തിന്റെ പ്രോത്സാഹനത്തോടെ (മഹാത്മാഗാന്ധിയുടെ സിദ്ധാന്തം), ജനങ്ങളിൽ എല്ലാ വിഭാഗങ്ങളും (മുതലാളിമാർ ഉൾപ്പെടെ) സാമൂഹ്യമായ കൂട്ടായ്മയിൽ സംയോജിപ്പിക്കപ്പെടും. l
(തുടരും)
പരിഭാഷ: അഞ്ജലി ഗംഗ



