കേരളം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി നവംബർ ഒന്നിന് പ്രഖ്യാപിക്കപ്പെടുകയാണ്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കാര്യത്തിൽ ഇന്ത്യ, പരമ ദരിദ്രരുടെ പ്രദേശമെന്നറിയപ്പെടുന്ന സബ് സഹാറൻ ആഫ്രിക്കയിൽ നിന്ന് ഏറെയൊന്നും അകലെയല്ലായെന്ന അവസ്ഥയുള്ളപ്പോഴാണ് കേരളം ഈ നേട്ടം കെെവരിക്കുന്നത്. ലോക ബാങ്ക് കണക്കുപ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 5.3% അതിദരിദ്രരാണ്. കേരളത്തിലാകട്ടെ 0.4 ശതമാനത്തിലും കുറവാണ്. ആ ചെറിയ ശതമാനം അതിദരിദ്രരെ ക്കൂടി കെെപിടിച്ചുയർത്തിക്കഴിഞ്ഞതിന്റെ പ്രഖ്യാപനമാണ് നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത്. ആ അഭിമാന മുഹൂർത്തവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ ലക്കം കവർസ്റ്റോറി പ്രതിപാദിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുപുറമെ ആർ രാംകുമാർ, ഡോ. ജിജു പി അലക്സ്, ഡോ. ജോയ് ഇളമൺ, ആർ അജിത് കുമാർ എന്നിവരും എഴുതുന്നു.
മുതലാളിത്ത വ്യവസ്ഥയുടെ കൂടപ്പിറപ്പാണ് സ്വത്തിന്റെ കേന്ദ്രീകരണവും മഹാഭൂരിപക്ഷത്തിന്റെ ദാരിദ്ര്യവൽക്കരണവും. അത്തരമൊരു വ്യവസ്ഥ നിലനിൽക്കുന്ന രാജ്യത്തെ ഒരു സംസ്ഥാനത്ത് ദാരിദ്ര്യ ലഘൂകരണവും അതിദാരിദ്ര്യം ഇല്ലാതാക്കലും ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചെടുക്കുന്ന ഒന്നാണ്; അതാണ് പല ലോക പ്രശസ്ത പണ്ഡിതരും കേരളത്തെ ഒരത്ഭുതമായി കാണുന്നത്.
ഈ അത്ഭുതം ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട കാലത്ത് ജനസംഖ്യയിലെ 50 ശതമാനത്തിലധികവും കടുത്ത ദാരിദ്ര്യത്തിലായിരുന്നു. കേരളത്തിലെ ആദ്യത്തെ ഗവൺമെന്റ്, കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ലക്ഷ്യബോധത്തോടെ നടത്തിയ ഇടപെടലുകളാണ് ദാരിദ്ര്യ ലഘൂകരണത്തിനും അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനും തുടക്കമിട്ടത്. ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്-കരണം, പൊതുവിതരണം തുടങ്ങിയ ഒന്നാം ഇ എം എസ് സർക്കാരിന്റെ പരിപാടികളാണ് ദാരിദ്ര്യ നിർമാർജനത്തിൽ വലിയ പങ്കുവഹിച്ചത്. അതിനുംപുറമെ, സംഘടിക്കാനും കൂട്ടായി വിലപേശി അവകാശങ്ങൾ നേടിയെടുക്കാനുമുള്ള ജനാധിപത്യപരമായ ഒരന്തരീക്ഷവും അതോടെ സൃഷ്ടിക്കപ്പെട്ടു. കമ്യൂണിസ്റ്റു പാർട്ടിയുടെയും വർഗ ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന സമരങ്ങളാണ് അതിന് വഴിയൊരുക്കിയ പ്രധാന ഘടകം.
തുടർന്ന് മാറിമാറിവന്ന ഇടതുപക്ഷ സർക്കാരുകളുടെ കാലത്ത് നടപ്പാക്കപ്പെട്ട ക്ഷേമപദ്ധതികളിലൂടെ ഈ ദിശയിൽ വലിയൊരു മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. ജനകീയാസൂത്രണവും കുടുംബശ്രീയും ക്ഷേമപെൻഷനുകളും കേരളത്തിലെ ദാരിദ്ര്യ ലഘൂകരണത്തിൽ വലിയൊരു പങ്കുവഹിച്ചു. 2016ലെ എൽഡിഎഫ് സർക്കാരിന് 2021ൽ ഭരണത്തുടർച്ചയുണ്ടായത് അതിദാരിദ്ര്യ നിർമാർജനത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ അവസരമൊരുക്കി. ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ അതിനുള്ള തീരുമാനമെടുക്കുകയും അതിവേഗം പ്രവർത്തനം ആരംഭിക്കുകയും ചെയ്തതിന്റെ -ഫലമായാണ് 2025 നവംബർ 1ന് അതിദാരിദ്ര്യമില്ലാത്ത കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാവുന്നത്.
140 കോടിയിലേറെ ജനസംഖ്യയുള്ള ജനകീയ ചെെന 2021 ൽ അതിദാരിദ്ര്യമുക്ത രാജ്യമായി പ്രഖ്യാപിക്കപ്പെട്ടത് ആഗോള ദാരിദ്ര്യനിർമാർജന പരിപാടിയിൽ വലിയൊരു മുന്നേറ്റമായി. ജനസംഖ്യ വളരെ കുറവായ സ്കാൻഡിനേവിയൻ രാജ്യങ്ങൾക്കുപുറമെ ചെെനയാണ് അതിദാരിദ്ര്യത്തിൽനിന്ന് മോചിതമായ ഏക രാജ്യം.
അതേസമയം, ആഗോള മുതലാളിത്തത്തിന്റെ കേന്ദ്രങ്ങളായ അമേരിക്കയിലും ബ്രിട്ടനിലും ഫ്രാൻസിലും ജർമനിയിലും ജപ്പാനിലും ദക്ഷിണകൊറിയയിലുമെല്ലാം ദരിദ്രരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കെയാണ് ചെെന ഈ നേട്ടം കെെവരിച്ചത്. സോവിയറ്റ് യൂണിയൻ നിലനിന്നിരുന്നപ്പോൾ ദാരിദ്ര്യമില്ലാതിരുന്ന ആ ഭൂപ്രദേശത്ത് ഇപ്പോൾ ദരിദ്രരുടെ എണ്ണം വർധിച്ചുവരികയാണ്. മുതലാളിത്തം നൽകുന്ന സ്വാതന്ത്ര്യം, പട്ടിണികിടക്കാനുള്ള സ്വാതന്ത്ര്യമാണെന്നർഥം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളം ദാരിദ്ര്യമുക്തമാകുന്നത് ഇവിടെ ഇടതുപക്ഷ രാഷ്ട്രീയത്തിന് മേൽക്കെെ ലഭിച്ചതുകൊണ്ടാണെന്ന് ഇത് വ്യക്തമാക്കുന്നു. l



