കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സുപ്രധാനമായ അദ്ധ്യായംകുറിച്ച പ്രക്ഷോഭമാണ് പുന്നപ്ര വയലാര്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്വലമായ ഒരദ്ധ്യായമാണത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അനശ്വരമായ ഗ്രാമങ്ങളായി അവ നിലകൊള്ളുന്നു. തൊഴിലാളികളുടെ വര്‍ഗ്ഗബോധവും, ജനാധിപത്യ സങ്കല്‍പനങ്ങളും ജീവിത പരിപ്രേക്ഷ്യങ്ങളും എല്ലാം ചേര്‍ന്നുകൊണ്ടുള്ള പോരാട്ടമായിരുന്നു അത്.
കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ കളിത്തൊട്ടില്‍ ആയിരുന്നു ആലപ്പുഴ. കേരളത്തിലെ ആദ്യകാല തൊഴിലാളി സംഘടനകളുടെ കേന്ദ്രം കൂടിയായിരുന്നു ആലപ്പുഴ. 1938 ഒക്ടോബറില്‍ ആലപ്പുഴയില്‍ കയര്‍ത്തൊഴിലാളി സമരം നടന്നു. രണ്ട് തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചെങ്കിലും ആറേകാല്‍ ശതമാനം കൂലി വര്‍ദ്ധിപ്പിക്കാമെന്നും, തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാമെന്നുമുള്ള ഉറപ്പിലാണ് ആ സമരം പിന്‍വലിച്ചത്. 1938 മുതല്‍ 1946 വരെയുള്ള കാലഘട്ടങ്ങളില്‍ തൊഴിലാളികള്‍ സംഘടിച്ച് ശക്തരാകുന്ന സാഹചര്യവും ഉയര്‍ന്നുവന്നു. ചേര്‍ത്തലയില്‍ മാത്രം 11 ട്രേഡ് യൂണിയനുകള്‍ അക്കാലത്തുണ്ടായിരുന്നു. ഇത്തരത്തില്‍ തൊഴിലാളികള്‍ സംഘടിക്കുകയും സമരസജ്ജരാവുകയും ചെയ്യുന്ന സാഹചര്യമായിരുന്നു ആലപ്പുഴയിലുണ്ടായിരുന്നത്.
തൊഴിലാളി പോരാട്ടങ്ങളുടെ ഈ പശ്ചാത്തലത്തിലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം എന്ന അവസ്ഥയിലേക്ക് നാട് നീങ്ങിയത്. സ്വാതന്ത്ര്യം കിട്ടുന്ന ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു നാട്ടുരാജ്യങ്ങളുടെ ഭാവി. ബ്രിട്ടീഷുകാര്‍ മുന്നോട്ടുവെച്ച കാഴ്ചപ്പാടു പ്രകാരം നാട്ടുരാജ്യങ്ങള്‍ക്ക് മൂന്ന് നിലപാടുകളില്‍ ഏതെങ്കിലും സ്വീകരിക്കാമെന്നതായിരുന്നു. ഒന്നുകില്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമാവാം, അല്ലെങ്കില്‍ പാകിസ്താന്റെ ഭാഗമാകാം, അതുമല്ലെങ്കിൽ രണ്ടു രാഷ്ട്രങ്ങളിലും ചേരാതെ സ്വതന്ത്ര രാജ്യമായി തുടരുകയുമാവാം. രാജ്യത്തെ ശിഥിലമാക്കുകയെന്ന സാമ്രാജ്യത്വ താല്‍പര്യമായിരുന്നു അതിനു പിന്നിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ നാട്ടുരാജ്യങ്ങള്‍ തങ്ങളുടേതായ നിലപാടുകള്‍ പ്രഖ്യാപിച്ച് മുന്നോട്ടുപോയി.
തിരുവിതാംകൂര്‍ ബ്രിട്ടീഷുകാരുടെ കീഴിലുള്ള നാട്ടുരാജ്യമായിരുന്നു. അന്ന് ദിവാനായിരുന്ന സര്‍ സി.പി തിരുവിതാംകൂര്‍ അമേരിക്കന്‍ മോഡലിലുള്ള ഒരു രാജ്യമായി മാറുമെന്ന പ്രഖ്യാപനം നടത്തി. രാജ്യത്താകമാനം കൊടുമ്പിരിക്കൊണ്ട സ്വാതന്ത്ര്യ സമരത്തിന്റേയും, ദേശീയ ബോധത്തിന്റേയും കാഴ്ചപ്പാടുകളെ പൂര്‍ണ്ണമായും നിഷേധിക്കുന്ന നിലപാടായിരുന്നു ഇത്. പിന്നീട് അടവ് മാറ്റി ദിവാൻ സര്‍ സി.പി സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ആശയം മുന്നോട്ടുവെച്ചു. കോണ്‍ഗ്രസ് നേതാക്കളെപ്പോലും വരുതിയിലാക്കുന്നതിന് സര്‍ സി.പിക്ക് കഴിഞ്ഞു. എന്നാല്‍, കമ്യൂണിസ്റ്റുകാരും, തൊഴിലാളികളും ഇത്തരത്തിലുള്ള വിഭജനത്തെ ശക്തമായി എതിര്‍ത്തു. രാജാവിനെത്തന്നെ നോക്കുകുത്തിയാക്കി ദിവാന്‍ സര്‍വ്വ സൈന്യാധിപനായി മാറുന്ന സ്ഥിതിയുണ്ടായി.
സ്വതന്ത്ര തിരുവിതാംകൂര്‍ പ്രഖ്യാപനത്തിലേക്ക് നാട് നീങ്ങി. 1946 ജനുവരി 15ന് ദിവാന്‍ സര്‍ സി.പി രാമസ്വാമി അയ്യര്‍ കരട് ഭരണഘടന പുറത്തിറക്കി. രാജ ഭരണവും, ദിവാന്‍ ഭരണവും അവസാനിപ്പിക്കണമെന്ന് നേരത്തേതന്നെ നിലപാടെടുത്ത കമ്യൂണിസ്റ്റുകാര്‍ ഇതിനെതിരെ ശക്തമായി മുന്നോട്ടുവന്നു. ഈ ഘട്ടത്തില്‍ ആലപ്പുഴയിലും, മറ്റ് പ്രദേശങ്ങളിലും തൊഴിലാളി പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ട് വന്നിരുന്നു. വേതന വര്‍ദ്ധന, ക്ഷാമബത്ത, അലവന്‍സുകള്‍ മുതലായ ആവശ്യങ്ങളും, അമേരിക്കന്‍ മോഡലിനെ തിരായുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങളും ഉന്നയിച്ചിരുന്നു. 1946 സെപ്തംബര്‍ 8þന് മൂന്ന് മാസത്തേക്ക് തൊഴിലാളി യോഗങ്ങള്‍ തന്നെ നിരോധിക്കുന്ന നിലയുണ്ടായി. ഇത്തരത്തിലുള്ള എതിര്‍പ്പുകള്‍ അവഗണിച്ച് എടിടിയുസിയുടെ യോഗം ചേര്‍ന്ന് 21 ആവശ്യങ്ങളടങ്ങുന്ന ചാര്‍ട്ടര്‍ മുന്‍നിര്‍ത്തി ഒക്ടോബര്‍ 22 മുതല്‍ പ്രക്ഷോഭം ആരംഭിച്ചു.
ഈ ഘട്ടത്തിലാണ് തൊഴിലാളി പ്രക്ഷോഭങ്ങള്‍ക്കെതിരെ വലിയ തോതിലുള്ള ഇടപെടല്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. യൂണിയന്‍ ഓഫീസുകളെല്ലാം ആക്രമിച്ച് തകര്‍ക്കുന്ന നിലയുണ്ടായി. ഈ സാഹചര്യത്തിലാണ് പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമിക്കുന്നതിനുള്ള തീരുമാനമെടുക്കേണ്ടി വന്നത്. തൊഴിലാളി പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുകയെന്ന നയത്തിന്റെ ഭാഗമായി വയലാറിലെ ക്യാമ്പുകളും പട്ടാളം ആക്രമിച്ചു. നൂറുകണക്കിന് തൊഴിലാളികള്‍ രക്തസാക്ഷികളായി. കടുത്ത മര്‍ദ്ദനം പട്ടാളവും, പൊലീസും നടത്തി. എന്നിട്ടും സ്വതന്ത്ര തിരുവിതാംകൂര്‍ ഉപേക്ഷിച്ച് സര്‍ സി.പി നാടുവിട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടി കൂടുതല്‍ കരുത്തോടെ തിരുവിതാംകൂറില്‍ മുന്നോട്ടുപോയി.
രണ്ടാം ലോക യുദ്ധത്തിനുശേഷം ഉണ്ടായ വിപ്ലവ മുന്നേറ്റത്തിന്റെ ഭാഗമായി നടന്ന ബഹുജന സമരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന രൂപം കൈക്കൊണ്ട ഒന്നായാണ് പുന്നപ്ര– വയലാര്‍ സമരത്തെ ഇ എം എസ് വിലയിരുത്തിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്ന ഇ എം എസിന്റെ പ്രസിദ്ധമായ പുസ്തകത്തില്‍ പുന്നപ്ര – വയലാര്‍ സമരത്തിന്റെയും തെലങ്കാന സമരത്തിന്റെയും പൊതുവായ സവിശേഷതകളെക്കുറിച്ച് ഇങ്ങനെ വിലയിരുത്തുന്നുണ്ട്: ‘‘തിരുവിതാംകൂറും ഹൈദരാബാദും നാട്ടുരാജ്യങ്ങളാണ്. രണ്ടിടത്തും ഉത്തരവാദഭരണപ്രക്ഷോഭം മുന്നേറുകയായിരുന്നു. യുദ്ധം തുടങ്ങുന്നതിനു മുമ്പുതന്നെ രൂപം പ്രാപിക്കാന്‍ തുടങ്ങിയതും യുദ്ധകാലത്ത് വളര്‍ച്ച പ്രാപിച്ചതുമായ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടിടത്തും ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റ്, കോണ്‍ഗ്രസ്സ്, മുസ്ലീം ലീഗ് എന്നിവയുടെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ സ്വന്തം പദവി ഉറപ്പിക്കുന്നതിന് രണ്ടിടത്തെയും രാജകീയ ഭരണാധികാരികള്‍ ശ്രമിക്കുകയായിരുന്നു. ഇതിനെതിരായി പ്രക്ഷോഭം വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചുകൊണ്ടിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കമ്യൂണിസ്റ്റിതരരായ ജനാധിപത്യവാദികള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നു’’. (ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം പേജ് 1103)
ഭാഷാടിസ്ഥാനത്തില്‍ ഒന്നായി നില്‍ക്കുന്ന സംസ്ഥാന രൂപീകരണത്തിന് അടിത്തറയിട്ട രക്തരൂഷിതമായ സമരം കൂടിയായിരുന്നു പുന്നപ്ര വയലാര്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ വൈവിധ്യമാര്‍ന്ന മുന്നേറ്റത്തില്‍ സവിശേഷ സ്ഥാനം നേടിയ പ്രക്ഷോഭമാണിത്. ഇന്ത്യയുടെ ഐക്യം തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ മുന്നോട്ടുവച്ച ആശയങ്ങളായിരുന്നു ദ്വിരാഷ്ട്രവാദ സിദ്ധാന്തവും നാട്ടുരാജ്യങ്ങളുടെ സ്വതന്ത്രപദവി എന്ന ആശയവും. സ്വതന്ത്ര രാഷ്ട്രമെന്ന തിരുവിതാംകൂറിന്റെ കാഴ്ചപ്പാടിനെ ചെറുത്ത പുന്നപ്ര വയലാര്‍ സമരത്തെ സാമ്രാജ്യത്വ കാഴ്ചപ്പാടുകള്‍ക്കെതിരായുള്ള പോരാട്ടമെന്ന നിലയില്‍ കാണേണ്ടതുണ്ട്.
പുന്നപ്ര വയലാര്‍ സമരത്തിന് നേതൃത്വം കൊടുത്തത് തൊഴിലാളികളും കര്‍ഷകരുമായിരുന്നു. തൊഴിലാളികള്‍ എന്ന നിലയിലുള്ള അവകാശങ്ങള്‍ ഉയർത്തുന്നതിനൊപ്പം രാഷ്ട്രീയമായ മുദ്രാവാക്യങ്ങളിലേക്ക് അടിസ്ഥാന ജനവിഭാഗങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള ഏറ്റവും ശക്തമായ ഇടപെടലായി പുന്നപ്ര വയലാര്‍ സമരം മാറുകയായിരുന്നു. തൊഴിലാളി പ്രസ്ഥാനത്തിന് കരുത്തു പകരുന്നതിനും ഈ സമരത്തിന് കഴിഞ്ഞു.
ആധുനിക കേരളം രൂപപ്പെടുത്തുന്നതിന് അടിസ്ഥാനമിട്ടത് നവോത്ഥാന പ്രസ്ഥാനങ്ങളാണ്. അതിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് തൊഴിലാളി – കര്‍ഷക പ്രസ്ഥാനങ്ങൾ നടത്തിയ ഇടപെടലാണ് ഇന്നത്തെ കേരളം സൃഷ്ടിക്കുന്നതിന് ഇടയായിട്ടുള്ളത്. മൂന്ന് ഭാഗങ്ങളായി കിടന്ന കേരളത്തെ ഐക്യ കേരളമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ യോജിപ്പിച്ചെടുക്കുന്നതിനും ഈ പോരാട്ടം കരുത്തു പകര്‍ന്നു.
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇടപെടലുകള്‍ക്കും ഇത് കരുത്തു പകര്‍ന്നു. ഭാഷാ സംസ്ഥാനമെന്ന ആശയം രൂപീകരിക്കപ്പെട്ടതോടെ അവ എങ്ങനെയാകണമെന്നതു സംബന്ധിച്ചും പിന്നീട് ചര്‍ച്ചയുണ്ടായി. കൊച്ചി രാജാവിന്റെ നേതൃത്വത്തില്‍ സാമ്രാജ്യത്വവും ജന്മിത്വവും എല്ലാം നിലനില്‍ക്കുന്ന ഐക്യകേരളമെന്ന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുകയും വലതുപക്ഷ രാഷ്ട്രീയ ശക്തികള്‍ അവ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഐക്യ കേരളമെന്നത് അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ കൂടി സംരക്ഷിക്കുന്ന വിധത്തില്‍ രൂപപ്പെടുത്തുക എന്ന കാഴ്ചപ്പാടിലേക്ക് നാടിനെ നയിക്കുന്ന വിധം മുന്നോട്ടുപോയി. കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇടപെടുന്ന പ്രസ്ഥാനം എന്ന രീതിയിലേക്ക് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ പോരാട്ടങ്ങള്‍ കരുത്തുപകര്‍ന്നു. കേരളത്തില്‍ വലതുപക്ഷ ശക്തികള്‍ പലതരത്തില്‍ രൂക്ഷമാക്കാന്‍ ശ്രമിച്ച ജാതി ചിന്തയ്ക്കും വര്‍ഗ്ഗീയമായ ചിന്തകള്‍ക്കും അതീതമായി ജീവിത പ്രശ്നങ്ങളുടെയും രാഷ്ട്രീയമായ സമീപനങ്ങളുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെ സംഘടിപ്പിച്ച് മതനിരപേക്ഷ ബോധത്തിലേക്ക് ജനതയെ ആകെ നയിക്കുന്നതിന് ഈ പോരാട്ടം കരുത്തു പകര്‍ന്നു. നവോത്ഥാന കേരളത്തിന്റെ മുദ്രാവാക്യങ്ങളെ വികസിപ്പിക്കുന്നതിന് ഈ ഇടപെടലിലൂടെ സാധ്യമാവുകയും ചെയ്തു.
കേരളത്തിന്റെ വികസന സങ്കല്‍പ്പനങ്ങളും അടിസ്ഥാന ജനവിഭാഗത്തിന്റെ ആവശ്യങ്ങളും പരസ്പരം പൊരുത്തപ്പെടുത്തിക്കൊണ്ടുള്ള വികസന കാഴ്ചപ്പാടിന് രൂപം നല്‍കുന്നതിന് ഇത് ഇടയാക്കി. തൊഴിലാളികളുടെ അടിസ്ഥാന ജീവിത പ്രശ്നങ്ങള്‍ കൂടിയാണ് ഈ പ്രക്ഷോഭത്തിന് കാരണമായിത്തീര്‍ന്നത്. അതുകൊണ്ടു തന്നെ തൊഴിലാളികളുടെ പ്രശ്നങ്ങളെ അവഗണിച്ചുകൊണ്ട് ആര്‍ക്കും മുന്നോട്ടുപോകാനാകില്ലെന്ന ശക്തമായ സന്ദേശവും മുന്നോട്ടുവയ്ക്കുന്നതിന് ഈ പ്രക്ഷോഭത്തിലൂടെ സാധ്യമായി. സംസ്ഥാനത്ത് ആകമാനമുള്ള തൊഴിലാളി പ്രസ്ഥാനത്തിന് കരുത്തും ആവേശവുമായി മാറാന്‍ ഇതിനു കഴിഞ്ഞു. പുന്നപ്ര വയലാറിന്റെ സമര പാഠങ്ങള്‍ ഇന്ത്യയിലെ പോരാട്ടങ്ങള്‍ക്കും കരുത്തായി വര്‍ത്തിച്ചു.
ഭാവി കേരളത്തെ രൂപപ്പെടുത്തുന്ന ഘട്ടത്തില്‍ അടിസ്ഥാന ജനവിഭാഗത്തിന്റെ ആവശ്യങ്ങള്‍ അവഗണിക്കാന്‍ പറ്റാത്ത ഒന്നായി മാറ്റുന്നതിനും ഈ പ്രക്ഷോഭത്തിന് സാധ്യമായിട്ടുണ്ട്. ഇത്തരം പ്രക്ഷോഭങ്ങളുടെ ഊര്‍ജ്ജം സ്വീകരിച്ചുകൊണ്ട് വളര്‍ന്നുവികസിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വികസന സങ്കല്‍പ്പനങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഇത്തരം പോരാട്ടങ്ങള്‍ക്ക് സുപ്രധാനമായ പങ്കുണ്ടെന്ന് കാണാം.
1956ലെ സംസ്ഥാന രൂപീകരണത്തിനുമുമ്പു തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപപ്പെടുത്തിയ വികസന കാഴ്ചപ്പാടില്‍ അടിസ്ഥാന വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ സജീവമായ ഒന്നായി ഉയര്‍ന്നുവന്നു. ‘പുതിയ കേരളം പടുത്തുയര്‍ത്താന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിര്‍ദ്ദേശങ്ങള്‍’ എന്ന വികസന രേഖ പരിശോധിച്ചാല്‍ ഈ കാര്യം വ്യക്തമാകും. 1957ലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രകടനപത്രികയ്ക്ക് ആധാരമായതും ഈ വികസന സങ്കല്‍പ്പനമായിരുന്നു.
1957ലെ ഇ എം എസ് സര്‍ക്കാര്‍ കേരളത്തില്‍ നടത്തിയ പരിഷ്-കാരങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ജന്മിത്വത്തിന്റെ സാമ്പത്തികാടിത്തറ തന്നെ തകര്‍ക്കുന്നതിന് പര്യാപ്തമായവിധം ഭൂപരിഷ്-കരണ നിയമം രൂപപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചു. പൊതുവിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിക്കുന്ന നടപടികള്‍ക്ക് നേതൃത്വം കൊടുക്കാനും ഈ സര്‍ക്കാരിന് കഴിഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും സംസ്ഥാനത്തുടനീളം സംവരണം ഉറപ്പുവരുത്താനുള്ള നിയമനിര്‍മ്മാണത്തിനും കഴിയുകയുണ്ടായി. എം.എസ്.പി പോലുള്ള പൊലീസ് സംവിധാനങ്ങളില്‍ മുസ്ലീം ജനവിഭാഗത്തെ മാറ്റി നിര്‍ത്തിയ നടപടി ഇല്ലാതാക്കാനും ഈ കാലത്ത് കഴിഞ്ഞു. ഇങ്ങനെ അടിസ്ഥാന ജനവിഭാഗത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലേക്കും സാമൂഹ്യനീതിക്ക് വേണ്ടിയുള്ള ഇടപെടലിലേക്കും കേരളം എത്തിച്ചേര്‍ന്നത് ഇത്തരത്തിലുള്ള രാഷ്ട്രീയ പോരാട്ടങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കാഴ്ചപ്പാടിന്റെയും രാഷ്ട്രീയമായ ബോധത്തിന്റെയും ഭാഗം കൂടിയായിരുന്നു.
1967ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് ഗവണ്‍മെന്റ് ജന്മിത്വം അവസാനിപ്പിക്കുന്ന കാര്‍ഷിക ഭൂപരിഷ്കരണ ഭേദഗതി നിയമം 1969 ഒക്ടോബറില്‍ അംഗീകരിച്ചു. മാറിവന്ന സാഹചര്യത്തില്‍ അതിശക്തമായ പ്രക്ഷോഭത്തിലൂടെ ജനകീയ മുന്നേറ്റം സൃഷ്ടിച്ച് ജന്മിത്വം അവസാനിപ്പിക്കാനുള്ള നടപടികള്‍ ശക്തിപ്പെടുത്തുകയും ചെയ്തു.
ജന്മിത്വ കേരളത്തില്‍ നിന്ന് നവകേരളത്തിലേക്കുള്ള വളര്‍ച്ചയിലേക്ക് കേരളത്തെ നയിക്കുന്നതിന് ഈ പ്രക്ഷോഭം പ്രധാന പങ്കുവഹിച്ചു. തെക്കന്‍ തിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ത്തിയെടുക്കുന്നതിനും ഇതിടയാക്കി. അടിസ്ഥാന ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ടും, കേരളത്തിന്റെ പൊതുവായ വികസനത്തെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നതിനും ഇടയാക്കുന്ന ഇടപെടലുകള്‍ പാര്‍ടി നടത്തി.

സംസ്ഥാനത്ത് ലഭിച്ച അധികാരമുപയോഗിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ തന്നെ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പോരാട്ടങ്ങളും തുടര്‍ന്നു. അതിദാരിദ്ര്യം ഇല്ലാതാക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. പൊതുജനാരോഗ്യത്തിന്റെ കാര്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്ഥാനം നേടുന്നതിനും ഇത് ഇടയാക്കുകയുണ്ടായി. സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ വലയം തന്നെ സൃഷ്ടിച്ചെടുക്കാനും കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. കേരളത്തെ വൈജ്ഞാനിക സമൂഹ സൃഷ്ടിയിലേക്ക് നയിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ഇടപെടലുകളും വിജ്ഞാന കേരളത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടക്കുകയാണ്. അടിസ്ഥാനസൗകര്യ വികസന കാര്യത്തില്‍ വലിയ മുന്നേറ്റമാണ് കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ ഭരണകാലത്ത് 1,80,000 കോടി രൂപ കേന്ദ്രം നിഷേധിച്ചിട്ടും ജനകീയ താല്‍പര്യങ്ങളുയര്‍ത്തിപ്പിടിച്ച് എൽഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുകയണ്.

ജനകീയ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിന്റെ ഭാഗമായി തുടര്‍ഭരണം എല്‍.ഡി.എഫിന് ലഭിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ ദീര്‍ഘകാല വികസന പദ്ധതികളും തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്. കേരളത്തെ എല്ലാ കാലത്തും പിന്നോട്ടു വലിക്കുന്ന വലതുപക്ഷ ശക്തികളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തെ ജനകീയ ബദല്‍ നയങ്ങളുമായി മുന്നോട്ടുകൊണ്ടുപോവുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്. ആ നേട്ടങ്ങള്‍ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടതുണ്ട്. രാജ്യത്ത് നിലനില്‍ക്കുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ക്കും, വര്‍ഗ്ഗീയ – ഫാസിസ്റ്റ് കാഴ്ചപ്പാടുകള്‍ക്കും ബദലുയര്‍ത്തിക്കൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തുകയെന്നുള്ളത് രാജ്യത്തെ ജനകീയ പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുന്നതിനും പ്രധാനമാണ്. കേരളത്തിന്റെ വികസനത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പോരാട്ടങ്ങള്‍ ഉയര്‍ന്നുവരേണ്ട ഘട്ടം കൂടിയാണിത‍്. അതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് പുന്നപ്രþവയലാര്‍ സമര പോരാളികളുടെ ഓര്‍മ്മകള്‍ നമുക്ക് കരുത്തായി നില്‍ക്കും. l



