‘‘കരുതി പ്രവേശിക്ക, പതിതർ തന്‍ ചുടുചോര– –
ക്കുരുതിയാല്‍ കറ തീർന്നൊരീ സ്ഥലത്തില്‍.’’
പി കൃഷ്ണപിള്ള, ആർ സുഗതന്‍, ടി വി തോമസ്, ജോർജ് ചടയന്‍മുറി, കെ കെ കുഞ്ഞന്‍, പി കെ ചന്ദ്രാനന്ദന്‍ തുടങ്ങിയ നേതാക്കളും പുന്നപ്ര വയലാർ സഖാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടിലെ (സ. വി എസും അന്ത്യവിശ്രമം കൊള്ളുന്നത് ഈ രണഭൂമിയിൽതന്നെ) രക്തസാക്ഷിസ്മാരകത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന ആരെയും ഈ വരികള്‍ ഹർഷപുളകിതരാക്കും. പുന്നപ്ര വയലാർ രക്തസാക്ഷികള്‍ സ്വന്തം ജീവരക്തത്താല്‍ പവിത്രമാക്കിത്തീർത്ത ആ സ്ഥലം ഏതാണ്? ആ സ്മൃതിമണ്ഡപമാണോ? അവർക്ക് ജന്മമേകിയ രണ്ട് ഗ്രാമങ്ങള്‍ മാത്രമാണോ? അല്ല. കൊടിയ ജാത്യാനാചാരങ്ങളും നിർദ്ദയമായ ജന്മിത്വചൂഷണവും മനുഷ്യത്വരഹിതമായ സാമ്രാജ്യത്വവാഴ്ചയുടെ ഒത്താശക്കാരായ നാട്ടുരാജ്യഭരണവും നടമാടിയ പഴയ കേരളക്കരയാകെയാണ്. ഇന്ത്യാഉപഭൂഖണ്ഡത്തിന്റെ തെക്കേ മൂലയിലുള്ള ഈ കൊച്ചു സംസ്ഥാനത്തെ സ്വാഭിമാനത്തിന്റെയും സാമൂഹ്യ നീതിയുടെയും മനുഷ്യപുരോഗതിയുടെയും ആശാവഹമായ ഒരു ബദല്‍ മാതൃകയായി ലോകത്തിനു മുന്നില്‍ ഉയർത്തിക്കാട്ടാന്‍ നമുക്കിന്ന് കഴിയുന്നുണ്ടെങ്കില്‍ അതിന്റെ മൂലധനം അവരുടെ ജീവത്യാഗം കൂടിയാണ്. ചാതുർവർണ്യത്തിന്റെയും അപരവിദ്വേഷരാഷ്ട്രീയത്തിന്റെയും കോർപ്പറേറ്റ് -മതാധിപത്യത്തിന്റെയും നിന്ദ്യപതാകയുമായി ഈ നാട്ടിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്നവരോട് ‘കരുതി പ്രവേശിക്ക’ എന്ന് പുന്നപ്ര വയലാർ നിരന്തരം താക്കീത് ചെയ്യുന്നു; ഗർജ്ജിക്കുന്നു.
പുന്നപ്ര വയലാർ രക്തസാക്ഷികളുടെ സ്മരണ നാം യാന്ത്രികമായി നിർവ്വഹിക്കുന്ന ഒരു വാർഷിക അനുഷ്ഠാനമല്ല. നാം ഇന്ന് ജീവിക്കുന്ന ലോകത്തും അവരുടെ സ്മരണ ആവേശകരമായ രാഷ്ട്രീയ ഊർജ്ജമായി പ്രവഹിക്കുന്നു. അത് കേവലം ഒരു തൊഴിലാളി പ്രക്ഷോഭമായിരുന്നില്ല. കൂടുതല്‍ കൂലിക്കോ ആനുകൂല്യങ്ങള്‍ക്കോ മാത്രം വേണ്ടിയായിരുന്നില്ല. അതിനുമപ്പുറം തിരുവിതാംകൂറില്‍ ഉത്തരവാദഭരണം സ്ഥാപിക്കാനും സ്വതന്ത്രജനാധിപത്യ ഇന്ത്യയുടെ അവിഭാജ്യ ഭാഗമായിത്തീരാനുമുള്ള അപ്രതിരോധ്യമായ ചരിത്രശക്തിയാണ് ആ തൊഴിലാളരിലൂടെ പ്രവഹിച്ചത്. സാമൂഹ്യ മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണത്തെ ഒരു മർദ്ദക ഭരണകൂടത്തിനും തടഞ്ഞുനിർത്താനാകില്ല എന്നതിന്റെ ദൃഷ്ടാന്തവുമാണ് പുന്നപ്ര വയലാർ. തങ്ങളുടെ നിത്യജീവിത ദുരിതങ്ങള്‍ക്ക് വിധിയെ പഴിച്ച് നാളുകള്‍ തള്ളിനീക്കിയ അസംഘടിതരും അശരണരും വിദ്യാവിഹീനരുമായ പാവങ്ങളായിരുന്നു മറ്റെവിടെയുമെന്നതുപോലെ ആ നാട്ടിലും ജീവിച്ചുവന്നത്. മനുഷ്യോചിതമല്ലാത്ത ഈ ജീവിതം വിധിവിഹിതമല്ലെന്നും അതിനാധാരമായ രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങള്‍ ഉണ്ടെന്നും അവരെ പഠിപ്പിക്കാന്‍ ഒരു പ്രസ്ഥാനമുണ്ടായി. അത് പകർന്നു നല്‍കിയ രാഷ്ട്രീയ ബോധ്യം അവരുടെ കയ്യില്‍ സമരാവേശത്തിന്റെ ആയുധങ്ങളായി. തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളും നാടിന്റെ രാഷ്ട്രീയ അനിവാര്യതകളും രണ്ടല്ലെന്ന് അവർ തിരിച്ചറിഞ്ഞ മുഹൂർത്തത്തില്‍, ഇനിയും കാത്തിരിക്കാനാവില്ലെന്ന് ഉറപ്പായ സന്ദർഭത്തില്‍ മർദ്ദക ഭരണകൂടത്തെ, ചൂഷക സാമൂഹ്യ വ്യവസ്ഥയെ അവർ നേരിട്ട് കടന്നാക്രമിച്ചു. അവരില്‍ അനേകർ കൊലചെയ്യപ്പെട്ടു. അതിലേറെപ്പേർ ജീവച്ഛവങ്ങളായി. പതിതരുടെ ശബ്ദം എന്നെന്നേക്കുമായി അവസാനിച്ചുവെന്ന് ശത്രുക്കള്‍ ആഘോഷിച്ചു. ഇനിയൊരു നൂറുകൊല്ലത്തേക്ക് തിരുവിതാംകൂറില്‍ കമ്യൂണിസം തലപൊക്കില്ലെന്ന് ദിവാന്‍ അട്ടഹസിക്കുകപോലും ചെയ്തു. എന്നാല്‍ ഏറെക്കഴിയുന്നതിനു മുമ്പ് രാജവാഴ്ച എന്നെന്നേക്കുമായി അവസാനിച്ചു. മുറിഞ്ഞമൂക്കുമായി ദിവാന്‍ നാടുവിട്ടോടി. തിരുവിതാംകൂർ ജനാധിപത്യ മതേതര ഇന്ത്യാ റിപ്പബ്ലിക്കിന്റെ ഭാഗമായി. ഏതൊരു കൊടിയാണോ നൂറുകൊല്ലത്തേക്ക് തലപൊക്കില്ലെന്ന് സർ സി പി വ്യാമോഹിച്ചത് ആ ചെങ്കൊടി പത്ത് കൊല്ലം കഴിഞ്ഞപ്പോൾ ഐക്യകേരളത്തിൽ രാഷ്ട്രീയാധികാരം കയ്യാളുന്ന കൊടിയായി പാറി.
പഴഞ്ചന്‍ നാടുവാഴിത്ത സമ്പ്രദായത്തിന്റെ പ്രാകൃതമായ ചൂഷണമാണ് അന്നത്തെ അമ്പലപ്പുഴ – ചേർത്തല താലൂക്കുകളില്‍ നിലനിന്നത്. യുദ്ധകാലത്ത് കൊടുംപട്ടിണിയും മഹാമാരിയും മൂലം ചേർത്തല താലൂക്കില്‍ മാത്രം ഇരുപതിനായിരത്തില്‍പരം പേർ പുഴുക്കളെപ്പോലെ മരിച്ചുവീണു. ഈ ജനതയോട് ഒരു ആശ്വാസവാക്ക് പറയാന്‍പോലും തയ്യാറാകാതിരുന്ന ദിവാന്‍ ഭരണം ഭക്ഷണം ചോദിച്ച് പണിമുടക്കിയ തൊഴിലാളികളെ മർദ്ദിച്ച് നിശബ്ദരാക്കാന്‍ ശ്രമിച്ചു. അഖില തിരുവിതാംകൂർ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സും തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയനും ചേർന്ന് 1946 ആഗസ്റ്റ് 7 ന് 3 ദിവസം നീണ്ടുനിന്ന പൊതുപണിമുടക്ക് നടത്തി. ആലപ്പുഴ, കൊല്ലം, കോട്ടയം, ആലുവ, പുനലൂർ തുടങ്ങിയ തൊഴിലാളി കേന്ദ്രങ്ങളില്‍ പൊലീസ് ക്യാമ്പുകള്‍ തുറന്നു. പൊലീസും ജന്മിമാരുടെ ഗുണ്ടകളും ചേർന്ന് കൊള്ളയും മർദ്ദനവും വ്യാപകമാക്കി. സ്ത്രീകളെ അപമാനിച്ചു. പത്രങ്ങളുടെ വായ അടച്ചുകെട്ടി. പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചു.
തിരുവിതാംകൂറില്‍ ഈ സംഭവവികാസങ്ങള്‍ നടക്കുമ്പോള്‍ ദേശീയ സ്വാതന്ത്ര്യ സമരം അതിന്റെ പരിസമാപ്തിയോടടുക്കുകയായിരുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക (divide and rule) എന്ന തന്ത്രത്തിലൂടെ നിലനിന്ന ബ്രിട്ടീഷ് സാമ്രാജ്യം ഭിന്നിപ്പിച്ച് വിട്ടുപോകുക (divide and leave) എന്ന നവ കൊളോണിയല്‍ തന്ത്രത്തിലേക്ക് മാറിയിരുന്നു. മുസ്ലിം ലീഗിനെയും ഹിന്ദുമഹാസഭയെയും ഉപയോഗിച്ച് ഇന്ത്യയെ വിഭജിക്കാനും പാക്കിസ്ഥാന്‍ എന്ന സ്വതന്ത്ര രാജ്യം രൂപീകരിക്കാനും ഉള്ള അവരുടെ നീക്കം ലോകം കണ്ട ഏറ്റവും ബീഭത്സമായ വർഗീയകലാപത്തിലേക്കും മനുഷ്യക്കുരുതിയിലേക്കും നയിച്ചു. രാജ്യത്തെയും ജനങ്ങളെയും ഭിന്നിപ്പിക്കുകയും വൈദേശിക സാമ്രാജ്യത്വത്തിന് വിടുപണി ചെയ്യുകയും ചെയ്ത അതേ ശക്തികള്‍ സാംസ്കാരിക ദേശീയതയുടെ ആട്ടിന്‍ തോലണിഞ്ഞ് ഇന്നും തങ്ങളുടെ ദൗത്യം നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു. ബ്രിട്ടീഷ് ഭരണകൂടം വർഗീയ വിഭജനത്തോടൊപ്പം എക്കാലത്തും തങ്ങളുടെ ശിങ്കിടികളായിരുന്ന നാട്ടുരാജാക്കന്മാരെ ഉപയോഗിച്ചുകൊണ്ട്, ജന്മം കൊള്ളാന്‍ പോകുന്ന സ്വതന്ത്ര ഇന്ത്യയെ ഗർഭത്തിലേ ദുർബലപ്പെടുത്താന്‍ പദ്ധതിയിട്ടു. വൈസ്രോയി മൗണ്ട് ബാറ്റണോടൊപ്പം ഇന്ത്യയിലെത്തി നാട്ടുരാജാക്കന്മാരുമായി രഹസ്യചർച്ച നടത്തിയ ക്യുപ്ലെന്റ് പ്രഭു കാശ്മീർ, ഭോപ്പാല്‍, ഹൈദരാബാദ് എന്നിവ പോലെ തിരുവിതാംകൂറിനെയും ഒരു സ്വതന്ത്ര രാജ്യമായി നിലനില്‍ക്കാന്‍ പ്രേരിപ്പിച്ചു. ഈ ഗൂഢ പദ്ധതിയുടെ പ്രായോഗിക രൂപമായിരുന്നു സർ സി.പി.രാമസ്വാമി അയ്യരുടെ തലയിൽ കുരുത്ത അമേരിക്കന്‍ മോഡല്‍.

അമേരിക്കന്‍ മോഡല്‍ ഒരു ജനാധിപത്യ ഭരണസംവിധാനമായിരുന്നില്ല. അതായത് അത് ഉത്തരവാദഭരണമായിരുന്നില്ല. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭയുടെ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്ന എക്സിക്യൂട്ടീവ്, രാജാവിനോട് മാത്രം വിധേയത്വമുള്ള തിരഞ്ഞടുക്കപ്പെടാത്ത ദിവാൻ, സഭയുടെ ഏത് തീരുമാനവും വീറ്റോ ചെയ്യാന്‍ അധികാരമുള്ള സ്വേച്ഛാധികാരിയായ രാജാവ് – – അമേരിക്കന്‍ മോഡലിന്റെ ചുരുക്കം ഇതായിരുന്നു. ദേശീയ പ്രസ്ഥാനത്തോട് നാട്ടുരാജാക്കന്മാരെ സഹകരിപ്പിച്ച് കൊണ്ടുപോകുന്നതിനായി വിട്ടുവീഴ്ചയുടേതായ ഒരു സമീപനമായിരുന്നു 1938 ലെ ഹരിപുര സമ്മേളനം വരെയും കോണ്‍ഗ്രസിന്റെ നേതൃത്വം കൈക്കൊണ്ടത്. എന്നാല്‍ നാട്ടുരാജ്യങ്ങളിലും ജനങ്ങളെ സംഘടിപ്പിച്ച് ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി പോരാടാന്‍ ഹരിപുര സമ്മേളനം തീരുമാനിച്ചു. നാട്ടുരാജ്യങ്ങളിലെ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സമിതിയെന്ന നിലയില്‍ നാട്ടുരാജ്യപ്രജാമണ്ഡലം ശക്തിപ്പെട്ടു. എന്നാല്‍ അതിന്റെ ഭാഗമായ തിരുവിതാംകൂർ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പട്ടം താണുപിള്ളയടക്കമുള്ള ദുർബല നേതൃത്വം സർസി.പിയ്ക്കെതിരെ പരസ്യമായി രംഗത്തിറങ്ങാന്‍ അധീരരായിരുന്നു. പക്ഷേ, സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ച് വളർന്നുവന്ന റാഡിക്കല്‍ കോണ്‍ഗ്രസുകാരും സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകാരും അതിവേഗം കരുത്താർജ്ജിച്ച തൊഴിലാളി കർഷക പ്രസ്ഥാനങ്ങളും ചരിത്രപരമായ കടമ നിർവ്വഹിക്കാന്‍ മുന്നോട്ടുവരികതന്നെ ചെയ്തു. ചരിത്രം ഒരു പുതിയ കാഴ്ച കാണുകയായിരുന്നു. അവസരവാദികളായ ബൂർഷ്വാനേതൃത്വം വലിച്ചെറിഞ്ഞ ദേശീയവിമോചനത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിക്കാന്‍ തൊഴിലാളി വർഗവും അതിന്റെ രാഷ്ട്രീയവും മുന്നോട്ടുവരികയായിരുന്നു.
ഇപ്രകാരം ഉരുത്തിരിഞ്ഞ സമൂർത്തസാഹചര്യങ്ങളാണ് വർഗസമരത്തിന്റെ അനിവാര്യമായ അടുത്തഘട്ടത്തിലേക്ക് നയിച്ചത്. അമേരിക്കന്‍ മോഡലിനെ കമ്യൂണിസ്റ്റ് പാർട്ടിയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും ശക്തിയായി ചെറുത്തു. അമേരിക്കന്‍ മോഡല്‍ വേണ്ടേ വേണ്ട, സ്വതന്ത്ര തിരുവിതാംകൂർ വേണ്ടേ വേണ്ട, ദിവാന്‍ ഭരണവും രാജവാഴ്ചയും അവസാനിപ്പിക്കുക, ഉത്തരവാദ ഭരണവും പ്രായപൂർത്തി വോട്ടവകാശവും കിട്ടിയേ തീരൂ എന്നീ മുദ്രാവാക്യങ്ങള്‍ തിരുവിതാംകൂറിന്റെ ആകാശത്ത് മുഴങ്ങി. 1946 സെപ്തംബർ 25 ന് എ.ഐ.ടി.യു.സി യുടെ ആഭിമുഖ്യത്തില്‍ ഒരു അഖില തിരുവിതാംകൂർ ട്രേഡ് യൂണിയന്‍ യോഗം ടി.വി.തോമസിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടന്നു. മേല്‍പറഞ്ഞ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉള്‍പ്പെടെ 26 അടിയന്തരാവകാശങ്ങള്‍ക്കു വേണ്ടി പൊതുപണിമുടക്കിന് ആഹ്വാനം ചെയ്യാന്‍ യോഗം തയ്യാറായി. ഒക്ടോബർ 7 ന് തിരുവനന്തപുരത്ത് വിളിച്ചുകൂട്ടിയ ത്രികക്ഷി സമ്മേളനത്തില്‍ തൊഴിലാളികളുടെ സാമ്പത്തിക ആനുകൂല്യങ്ങളെല്ലാം അംഗീകരിക്കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ട്രേഡ് യൂണിയന്‍ നേതൃത്വത്തെ പ്രീണിപ്പിക്കാന്‍ സർ സി.പി തീവ്രശ്രമം നടത്തി. ആർത്തിരമ്പി വരുന്ന ജനകീയ പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റിനെ തടഞ്ഞുനിർത്താനുള്ള പാഴ്‌വേലയായിരുന്നു അത്. എന്നാല്‍ മറ്റെല്ലാത്തിനും മേലെ തങ്ങള്‍ ഒന്നാം സ്ഥാനം കല്‍പ്പിക്കുന്നത് രാഷ്ട്രീയമായ ആവശ്യങ്ങള്‍ക്കാണെന്നും അമേരിക്കന്‍ മോഡലും സ്വതന്ത്ര തിരുവിതാംകൂറും അനുവദിക്കുന്ന പ്രശ്നമേയില്ല എന്നും പതറാത്ത ധീരതയോടെ ടി.വി.തോമസ് വ്യക്തമാക്കി. അപ്പോള്‍ ഭക്തിവിലാസത്തിലെ ആ യോഗത്തില്‍ ദിവാന്‍ അയാളുടെ തനിനിറം പുറത്തെടുത്തു. തിരുവിതാംകൂർ രാജ്യത്തിന്റെ പട്ടാളത്തിന്റെയും പൊലീസിന്റെയും എണ്ണവും ശക്തിയും അധികാരധാർഷ്ട്യത്തോടെ ദിവാന്‍ ഓർമ്മിപ്പിച്ചു. അതറിയാമെന്നും അതിനെ നേരിടാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നും സങ്കോചമേതുമില്ലാതെ ടി.വിയും പ്രതിവചിച്ചു (പിൽക്കാലത്ത് ആകാശവാണിയുടെ തിരുവനന്തപുരം നിലയമായി മാറിയ അതേ ഭക്തിവിലാസത്തില്‍ റെക്കാർഡിങ്ങിനും മറ്റുമായി പോയപ്പൊഴെല്ലാം ചോര തിളപ്പിക്കുന്ന ആ രംഗം എന്നെ ആവേശംകൊള്ളിച്ചിട്ടുണ്ട്. സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കളായ പട്ടം താണുപിള്ളയും പി.എസ്.നടരാജപിള്ളയും സി.പിയുടെ പരിഷ്കാരത്തില്‍ സ്വീകാര്യമായ അംശങ്ങളുണ്ട് എന്ന നിലപാടെടുത്തപ്പോള്‍ അതിലെ പുരോഗമനവാദികളായ സി.കേശവനും കുമ്പളത്ത് ശങ്കുപ്പിള്ളയും അമേരിക്കന്‍ മോഡലിനെ തുറന്നെതിർത്തുകൊണ്ട് അതിന്റെ ഭവിഷ്യത്തുകളെ ധീരമായി നേരിട്ടു. ഒക്ടോബർ 10 ന് ചേർത്തലയില്‍ വന്‍തോതില്‍ പൊലീസിന്റെയും – പട്ടാളത്തിന്റെയും ക്യാമ്പുകള്‍ തുടങ്ങി. ജന്മിമാരും നാട്ടുപ്രമാണിമാരും മർദ്ദനം വ്യാപകമാക്കി. ഗുണ്ടകളും 5 രൂപ പൊലീസും വീടുകള്‍ കേറി ആക്രമണം തുടങ്ങിയപ്പോള്‍ നിവൃത്തിയില്ലാതെ ജനങ്ങള്‍ ക്യാമ്പുകളിലേക്ക് മാറി. ഒക്ടോബർ 22 ന് എ.ഐ.ടി.യു.സി പൊതുപണിമുടക്ക് തുടങ്ങി. ഒക്ടോബർ 24 ന് പുന്നപ്രയില്‍ വെടിവയ്പ് നടന്നു. ഒക്ടോബർ 27 ന് ബോട്ടില്‍ വന്നിറങ്ങിയ പട്ടാളക്കാർ വയലാറിലും മേനാശ്ശേരിയിലും ഒളതലയിലും നൂറുകണക്കിനാളുകളെ വെടിവെച്ച് കൊന്നു.

പുന്നപ്ര വയലാർ ഒരു പ്രാദേശിക കലാപമായിരുന്നില്ല. സ്വതന്ത്ര ഇന്ത്യയെ തുരങ്കം വയ്ക്കാനുള്ള സാമ്രാജ്യപദ്ധതിയ്ക്കെതിരായി രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നടന്ന പോരാട്ടത്തിന്റെ ഭാഗമായിരുന്നു അത്. നാട്ടുരാജാക്കന്മാരുടെ ദേശീയ ഫെഡറേഷനായ നരേന്ദ്രമണ്ഡലത്തിന്റെ ചാന്‍സലറായിരുന്ന ഭോപ്പാല്‍ മഹാരാജാവുമായി സർ സി.പി. ചർച്ച നടത്തിയിരുന്നു എന്നോർക്കണം. സ്വതന്ത്ര ഹൈദരാബാദിനും സ്വതന്ത്ര കാശ്മീരിനും സ്വതന്ത്രഭോപ്പാലിനും വേണ്ടി രാജാക്കന്മാർ നടത്തിയ നീക്കങ്ങളെ പരാജയപ്പെടുത്തിയ ജനകീയ സമരങ്ങളുടെ ഭാഗം തന്നെയായിരുന്നു പുന്നപ്ര വയലാറും. ആ അർത്ഥത്തില്‍ അത് സ്വാതന്ത്ര്യസമരം തന്നെയായിരുന്നു. അതിന്റെ കൂടി ഫലമായിട്ടാണ് ഇന്ന് കാണുന്ന സ്വതന്ത്ര ഇന്ത്യ രൂപമെടുത്തത്. ഈ ചരിത്ര സത്യം അംഗീകരിക്കാന്‍ വിസമ്മതിച്ചവരാണ് 1947 ആഗസ്റ്റ് 15 ന് മുമ്പുതന്നെ ഇന്ത്യ സ്വതന്ത്രയായിക്കഴിഞ്ഞു എന്ന വ്യാജ ചരിത്രവുമായി രംഗത്തുവന്നവർ. അവരാണ് കോണ്‍ഗ്രസ് ബാനറില്‍ പുന്നപ്ര വയലാർ സമരത്തെ പതിമൂന്നര സെന്റ് സമരമെന്ന് അപഹസിച്ചവർ. ചരിത്രവിരുദ്ധമായ ആ നീചപാരമ്പര്യമാണ് പിന്നീട് കുറേക്കാലം കോണ്‍ഗ്രസിനെക്കൊണ്ട് പുന്നപ്രയിലും വയലാറിലും കരിദിനം ആചരിക്കാന്‍ പ്രേരിപ്പിച്ചത്.
അമേരിക്കന്‍ മോഡല്‍ എന്ന വാക്കിന്റെ രാഷ്ട്രീയ അർത്ഥം കഴിഞ്ഞ എട്ട് ദശാബ്ദങ്ങളിലൂടെ വികസിക്കുകയും കൂടുതല്‍ അക്രമാസക്തമാവുകയും ചെയ്തിരിക്കുന്നു. 1945 ല്‍ അതു രൂപമെടുത്തുകൊണ്ടിരുന്ന ഒരു നവസ്വതന്ത്ര രാജ്യത്തെ ദുർബലപ്പെടുത്തുന്നതിനുള്ള കുതന്ത്രമായിരുന്നെങ്കില്‍ പിൽക്കാലത്ത് അത് ചിലിയിലും വിയറ്റ്നാമിലും കൊറിയയിലും അങ്ങനെയേറെ മൂന്നാം ലോക രാജ്യങ്ങളില്‍ തങ്ങളുടെ പാവ ഭരണാധികാരികളെ പ്രതിഷ്ഠിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇടപെടലുകളായിരുന്നു. അഫ്ഗാനിസ്ഥാനില്‍ അത് ജനകീയ സർക്കാരിനെ അട്ടിമറിച്ച് ഒരു പിന്തിരിപ്പന്‍ മതഭരണകൂടത്തിന്റെ സ്ഥാപിക്കലായിരുന്നു. പലസ്തീനില്‍ ആകട്ടെ ഒരു ജനതയെ സ്വന്തം രാജ്യത്ത് അഭയാർത്ഥികളാക്കിയ ഫാസിസ്റ്റ് രാഷ്ട്രത്തിന്റെ സ്ഥാപനവും. ചിലയിടങ്ങളില്‍ സൈനിക മേധാവിത്വത്തിന്റെയും മറ്റുചിലയിടത്ത് കപട ജനാധിപത്യത്തിന്റെയും പൊയ്-മുഖങ്ങള്‍ അത് അണിഞ്ഞുവെന്ന് വരും. ഏത് വേഷം കെട്ടിയാലും ലാഭാർത്ഥിയുടെ ദുർമോഹങ്ങള്‍ക്ക് തദ്ദേശ ജനതയെ അടിമപ്പെടുത്തുന്ന മനുഷ്യദ്രോഹ രാഷ്ട്രീയ ക്രമമാണത്. അമേരിക്കയും ഇസ്രയേലും ചേർന്ന് ആശുപത്രികളെയും വിദ്യാലയങ്ങളെയും ഭവനങ്ങളെയും പൊടിക്കൂമ്പാരങ്ങളാക്കി മാറ്റുകയും കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരുമടക്കമുള്ള സിവിലിയന്മാരെ വംശഹത്യയ്ക്കിരയാക്കുകയും ചെയ്ത ഗാസയിലെ സമീപകാല ദൃശ്യങ്ങള്‍ അമേരിക്കൻ മോഡലിന്റെ ഇന്നത്തെ ക്രൂരമുഖമാണ് അനാവരണം ചെയ്യുന്നത്. സീമാതീതമായ ലാഭാർത്തിയുമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കുമേൽ പ്രതികാരച്ചുങ്കത്തിന്റെ ആയുധം ചുഴറ്റുമ്പോൾ ലോകം കാണുന്നത് അമേരിക്കൻ മോഡലിന്റെ പുത്തൻ യുദ്ധ തന്ത്രങ്ങളാണ്. സാമ്രാജ്യത്വത്തിന്റെയും നവകൊളോണിയലിസത്തിന്റെയും ദുർമോഹങ്ങൾ അവസാനിക്കാത്ത കാലത്തോളം ഇന്നത്തെ ദേശീയ പോരാട്ട ഭൂമിയിൽ ഇന്ത്യയ്ക്ക് വഴികാണിക്കാൻ കേരളം കരുത്താർജിക്കുന്നത് പുന്നപ്ര വയലാറിന്റെ സമര പാഠങ്ങളിൽനിന്നു കൂടി ഊർജം ഉൾക്കൊണ്ടുകൊണ്ടാണ്. നീതിയുടെ നാമ്പുകളെ അടിച്ചമർത്താൻ വന്ന മർദക ചൂഷക ശക്തികൾക്കു മുമ്പിൽ ‘‘മനുജാഭിമാനത്തിൻ കോട്ടയാകാൻ’’ പുന്നപ്ര വയലാറിന് ശക്തിപകർന്നത് മഹത്തായ ഒരു പ്രത്യയശാസ്ത്രമാണ്– മർദ്ദിതവർഗത്തിന്റെ വിമോചന പ്രത്യയശാസ്ത്രമായ മാർക്സിസം. ആ പ്രത്യയശാസ്ത്രത്തെ പുത്തൻകാലത്തിന്റെ വെല്ലുവിളികൾക്ക് ഉത്തരം നൽകാൻ പ്രാപ്തമാകുംവിധത്തിൽ സർഗാത്മകമായി വികസിപ്പിക്കലാണ് പുന്നപ്ര വയലാറിന്റെ പിൻഗാമികൾ ഇന്ന് ഏറ്റെടുക്കേണ്ട കടമ.
പുന്നപ്ര – വയലാർ രക്തസാക്ഷികള്‍ക്ക് മരണമില്ല; ചെറുത്തുനിൽപുകൾ അവസാനിക്കുന്നില്ല. l



