നമ്മുടെ രാജ്യത്തെ രാഷ്ട്രീയം ഏത് ദിശയിലാണ് സമീപഭാവിയില്‍ നീങ്ങാന്‍ പോകുന്നത് എന്ന സൂചന ഈ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നല്‍കും എന്നാണ് വിലയിരുത്തല്‍. ബിജെപി മൂന്നാം തവണയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുമോ? അതോടെ ഭരണകൂടത്തിന്‍റെ മതനിരപേക്ഷ – ജനാധിപത്യ സ്വഭാവം ഏകമതാധിപത്യത്തിനും ഒരു മതസംഘടനയുടെയും അതിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്വേച്ഛാധിപത്യത്തിനും വഴിമാറേണ്ടിവരുമോ? ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ കഴിഞ്ഞ കുറെ നാളായി വിവിധ വിഭാഗം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്.
രാജ്യം ഏറെക്കാലം ഭരിച്ച കക്ഷിക്ക് ഈ നിര്‍ണായക വേളയില്‍ നിര്‍ണായകമായ പങ്ക് നിര്‍വഹിക്കാന്‍ കഴിയുമോ എന്ന് ആകാംക്ഷയോടെ ചോദിക്കുന്ന നിരവധിപേര്‍ രാജ്യത്തുണ്ട്. അതിനുള്ള ഉത്തരം വരുംമാസങ്ങളിലെ സംഭവവികാസങ്ങള്‍ക്കു മാത്രമേ നല്‍കാനാവൂ. ഒമ്പത് സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. അവയില്‍ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞു. കര്‍ണാടകം, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മിസോറാം, രാജസ്താന്‍, തെലങ്കാന എന്നീ ആറ് സംസ്ഥാനങ്ങളില്‍ മെയ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കും. ഈ തിരഞ്ഞെടുപ്പുകളും അവയുടെ ഫലങ്ങളും ഇടതുപക്ഷവും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കോണ്‍ഗ്രസ് രാജസ്താന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ഭരണകക്ഷിയാണ്. കോണ്‍ഗ്രസ്സില്‍നിന്നു വേര്‍പെട്ടുപോയതാണ് തെലങ്കാനയിലെ ഭരണകക്ഷിയായ ബിആര്‍എസ്. മധ്യപ്രദേശിലും കര്‍ണാടകത്തിലും കോണ്‍ഗ്രസ്സാണ് മുഖ്യ പ്രതിപക്ഷം. മിസോറാം മാത്രമാണ് ഈ വകുപ്പില്‍പെടാത്ത ഏക വടക്കു കിഴക്കന്‍ സംസ്ഥാനം. അതിനാല്‍ ഈ സംസ്ഥാനങ്ങളില്‍ ഭരണം നിലനിര്‍ത്തുന്നതും ചില സംസ്ഥാനങ്ങള്‍ തിരിച്ചുപിടിക്കുന്നതും ലോക്സഭാ തിരഞ്ഞെടുപ്പു നേരിടാന്‍ കോണ്‍ഗ്രസ്സിന് ആത്മവിശ്വാസം നല്‍കുന്ന ഘടകങ്ങളാകാം. മറിച്ചായാല്‍ വിപരീതഫലമുണ്ടാകാം.
ഈ പശ്ചാത്തലത്തിലാണ് റായ്പൂരില്‍ കോണ്‍ഗ്രസിന്‍റെ 85-ാം പ്ലീനറി സമ്മേളനം നടന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ടിട്ടും, നിരവധി സംസ്ഥാനങ്ങളില്‍ അധികാരം നഷ്ടപ്പെട്ടിട്ടും, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാന്‍ കഴിയും എന്ന അമിത വിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യാ നേതൃത്വം. അത് ഒരു കാലത്ത് കേന്ദ്രത്തിലും മിക്ക സംസ്ഥാനങ്ങളിലും ഭരണാധികാരം വഹിച്ച പാര്‍ട്ടിയാണ് എന്നതൊക്കെ ശരി. പക്ഷേ, ദുര്‍ഭരണവും അന്തഃഛിദ്രവുംമൂലം കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമായി; ജനപിന്തുണ വലിയ അളവില്‍ നഷ്ടപ്പെട്ടു. അങ്ങനെയാണ് കോണ്‍ഗ്രസ് 2014ലെ ലോക്സഭയില്‍ പ്രതിപക്ഷ പാര്‍ട്ടിയാകാന്‍ വേണ്ടത്ര അംഗബലം പോലും ഇല്ലാത്ത പാര്‍ട്ടിയായത്. അതുതന്നെയായിരുന്നു 2019ലും കോണ്‍ഗ്രസ്സിന്‍റെ സ്ഥിതി.
2014ലെ കടുത്ത പരാജയത്തിനുശേഷവും തങ്ങളുടെ ജനപിന്തുണ നഷ്ടപ്പെടുകയും പാര്‍ട്ടി സംവിധാനം ദുര്‍ബലമാകുകയും ചെയ്തത് കോണ്‍ഗ്രസ് നേതൃത്വം വേണ്ട രീതിയില്‍ ഉള്‍ക്കൊണ്ടില്ല. ആ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്താനാവില്ല എന്ന് 2019ലെ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന വേളയിലും അംഗീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. വിവിധ പാര്‍ട്ടികള്‍ വേറിട്ടുനിന്നു മത്സരിച്ചതുകൊണ്ടാണ് ബിജെപിക്ക് 2014ലും 2019ലും ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞത്. ആ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ലഭിച്ചത് യഥാക്രമം 31 ശതമാനവും 37.36 ശതമാനവും വോട്ടുകള്‍ മാത്രമായിരുന്നു. യുപിഎയിലെ ഘടകകക്ഷികളെല്ലാം യോജിച്ചു മത്സരിച്ചെങ്കില്‍ ബിജെപിക്ക് 2014ല്‍ 282ഉം 2019ല്‍ 353ഉം സീറ്റ് നേടാന്‍ കഴിയുമായിരുന്നില്ല. ആ വസ്തുത തിരിച്ചറിഞ്ഞ് ആവശ്യമായ പരിഹാര നടപടികള്‍ കൈക്കൊണ്ടല്ല 2019ലും കോണ്‍ഗ്രസ് മത്സരിച്ചത്.
ഇതേ രീതി തുടര്‍ന്നാല്‍ തങ്ങള്‍ക്ക് വിജയസാധ്യത ഇല്ലെന്നു കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നു. അതിന്‍റെ പ്രഖ്യാപനമാണ് അവര്‍ റായ്പൂര്‍ സമ്മേളനത്തില്‍ ചെയ്തത്. മതനിരപേക്ഷ – സോഷ്യലിസ്റ്റ് പാര്‍ട്ടികളെ ഒരുമിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ് മുന്‍കയ്യെടുക്കുമെന്ന പ്രഖ്യാപനം അതിനു തെളിവാണ്. തങ്ങളുടെ ഏത് വേലിപ്പത്തലിനെയും നിര്‍ത്തി മത്സരിപ്പിച്ചാല്‍ ജനം വിജയിപ്പിക്കും എന്ന വിശ്വാസം കോണ്‍ഗ്രസ് നേതൃത്വത്തിനു സ്വാതന്ത്ര്യാനന്തര നാളുകളില്‍ ഉണ്ടായിരുന്നു. അതല്ല രാജ്യത്തെ സ്ഥിതിയെന്നു 1967ലെ പൊതുതിരഞ്ഞെടുപ്പില്‍ തന്നെ വ്യക്തമായിരുന്നു. 1977ല്‍ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഇന്ദിരാഗാന്ധി നയിച്ചിട്ടും ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെട്ടു. 1980കളുടെ അവസാനം അത് ആവര്‍ത്തിക്കുന്ന സ്ഥിതി ഉണ്ടായി.
ഈ നൂറ്റാണ്ടിലാകട്ടെ, വിവിധ പാര്‍ട്ടികളുമായി തിരഞ്ഞെടുപ്പിനുശേഷം കൂട്ടുകെട്ടുണ്ടാക്കിയതുകൊണ്ടാണ് 2004ലും 2009ലും കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. 2014ലും 2019ലും മറ്റു പാര്‍ട്ടികളുമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനുമുമ്പ് കൂട്ടുകെട്ട് ഉണ്ടാക്കാതെ ഒറ്റക്ക് മത്സരിച്ചതിനാല്‍ ബിജെപിക്ക് ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞു.
ഹിന്ദുത്വ പാര്‍ട്ടിയായ ബിജെപിയെ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ചാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളുടെ ലഘുരൂപം 2014ലെയും 2019ലെയും ബിജെപി സര്‍ക്കാരുകള്‍ ജനസമക്ഷം അവതരിപ്പിച്ചിട്ടുണ്ട്. അത്തരമൊരു സര്‍ക്കാര്‍ രൂപീകരിക്കപ്പെടുന്നത് ഏത് വിധേനയും ഒഴിവാക്കുകയെന്നതാകണം മതനിരപേക്ഷതയോടും പാര്‍ലമെന്‍ററി ജനാധിപത്യത്തോടും പ്രതിബദ്ധതയുള്ള ഏതു പാര്‍ട്ടിയുടെയും മുന്‍ഗണന. മതനിരപേക്ഷ ജനാധിപത്യ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്നാല്‍ അത് ചെയ്യാന്‍ കഴിയും. എന്നാല്‍, തങ്ങളുടെ സങ്കുചിത ലക്ഷ്യം കൈവരിക്കാനുള്ള തത്രപ്പാടില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പല മതനിരപേക്ഷകക്ഷികളും വര്‍ഗീയതയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിന്‍റെ പ്രാധാന്യത്തെ അവഗണിക്കുന്നു. അത് വര്‍ഗീയ – ഫാസിസ്റ്റ് വാഴ്ച ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ ഇടയാക്കും എന്ന് അവര്‍ തിരിച്ചറിയേണ്ടതുണ്ട്.
രാജ്യത്ത് ഇന്ന് ബിജെപിയും കോണ്‍ഗ്രസും പ്രബലകക്ഷികളാണെങ്കിലും അവയ്ക്കു പ്രാമുഖ്യം ലഭിക്കുന്നത് ഓരോ സംസ്ഥാനത്തെയും പ്രാദേശികകക്ഷികള്‍ വേറിട്ടുനില്‍ക്കുന്നതുകൊണ്ടാണ്. പ്രാദേശിക കക്ഷികളില്‍ തമിഴ്നാട്ടിലെ ഡിഎംകെ, തെലങ്കാനയിലെ ബിആര്‍എസ്, ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഒഡീഷയിലെ ബിജെഡി, ബീഹാറിലെ ജെഡിയു – ആര്‍ജെഡി, പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്, ഡല്‍ഹിയിലും പഞ്ചാബിലും എഎപി, കേരളത്തില്‍ എല്‍ഡിഎഫ് എന്നിവ അതാതിടങ്ങളില്‍ ഭരണകക്ഷികളാണ്. ഇവയും യുപിയിലെ എസ്പി, ബിഎസ്പി മുതലായ പാര്‍ട്ടികളും കോണ്‍ഗ്രസും ഉള്‍പ്പെടെ ചേര്‍ന്ന് തിരഞ്ഞെടുപ്പു ധാരണയോ നീക്കുപോക്കോ ഉണ്ടാക്കിയാല്‍, ബിജെപി വളരെ ദയനീയമായി പരാജയപ്പെടുന്ന സ്ഥിതിയുണ്ടാകും.
ഈ നിലപാട് രൂപപ്പെടാതിരിക്കുമ്പോഴാണ് ബിജെപിയുടെ നില അപ്രതിരോധ്യമാകുന്നത്. ഒരുകാലത്ത് കോണ്‍ഗ്രസ്സിന്‍റെയും സ്ഥിതി ഇതായിരുന്നു. പ്രാദേശിക പാര്‍ട്ടികള്‍ ഉയര്‍ന്നുവരികയും അവയും മറ്റു കക്ഷികളുമായി തിരഞ്ഞെടുപ്പ് കൂട്ടുകെട്ട് ഉണ്ടാക്കുകയും ചെയ്തപ്പോഴാണ് 1967ല്‍ കോണ്‍ഗ്രസ് നിരവധി സംസ്ഥാനങ്ങളില്‍ പരാജയപ്പെടുന്ന സ്ഥിതി ഉണ്ടായത്.
ഈ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഇനി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങള്‍ കൂടി പുറത്തുവരുന്നതോടെ പുതിയ കൂട്ടുകെട്ടുണ്ടാകാനുള്ള സാധ്യത വലുതാണ്. പ്രാദേശിക പാര്‍ട്ടികളും കോണ്‍ഗ്രസും മറ്റു ദേശീയ പാര്‍ട്ടികളും മൊത്തത്തിലോ അവയില്‍ ചിലതോ തമ്മിലുള്ള കൂട്ടുകെട്ടുകള്‍ ദേശീയാടിസ്ഥാനത്തിലോ സംസ്ഥാനാടിസ്ഥാനത്തിലോ രൂപപ്പെടേണ്ടതുണ്ട്. തിരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള മിനിമം പരിപാടി ദേശീയതലത്തില്‍ ഇപ്പോള്‍ ആവിഷ്കരിക്കുക പ്രയാസമായിരിക്കും. എങ്കിലും അതിന്നാവണം ശ്രമം. ബിജെപിയെ തിരഞ്ഞെടുപ്പില്‍ തോല്‍പിക്കുക എന്ന മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളില്‍ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുക താരതമ്യേന എളുപ്പമായിരിക്കും. എന്നാല്‍, അതിനപ്പുറം രാജ്യത്തെ മതനിരപേക്ഷ – ജനാധിപത്യവാദികളായ പാര്‍ട്ടികളുടെയും വ്യക്തികളുടെയും കൂട്ടായ്മ ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുന്ന ഒരു മുന്നണിക്കുള്ളില്‍ നില്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോ എന്നതാണ് ചോദ്യം.
അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കോണ്‍ഗ്രസ് അതിന്‍റെ നയസമീപനത്തില്‍ കാര്യമായ മാറ്റം വരുത്തേണ്ടിവരും. രാജ്യത്തിന്‍റെ സ്വാതന്ത്ര്യലബ്ധിക്കുശേഷം ഭൂപ്രഭുക്കളെയും മുതലാളിമാരെയും മാത്രം താലോലിച്ച പാര്‍ട്ടിയാണ് അത്. നെഹ്റു ആവഴി സോഷ്യലിസ പ്രഖ്യാപനവും ഇന്ദിരാഗാന്ധി പ്രിവിപേഴ്സ് നിര്‍ത്തലാക്കലും ബാങ്ക് ദേശസാല്‍ക്കരണവും പോലുള്ള നടപടികളും കൈക്കൊണ്ടെങ്കിലും, ആത്യന്തികമായും ആ പാര്‍ട്ടി ചെയ്തത് മുതലാളിത്തത്തെ രാജ്യത്ത് എല്ലാ പ്രോത്സാഹനങ്ങളും നല്‍കി വളര്‍ത്തുകയായിരുന്നു. ആഗോളവല്‍ക്കരണ നയം ലോക മുതലാളിത്തം 1980കളുടെ അവസാനത്തോടെ നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍ നരസിംഹറാവു സര്‍ക്കാര്‍ അത് ഇവിടെയും നടപ്പാക്കി കോണ്‍ഗ്രസ് ലോക മുതലാളിത്തത്തിനു ഒപ്പമാണെന്നു തെളിയിച്ചു. മന്‍മോഹന്‍ സിങ്ങ് ധന – പ്രധാനമന്ത്രിയായിരുന്ന കാലത്ത് നടപ്പാക്കപ്പെട്ടതും ആ നയം തന്നെ. ബിജെപിയുടെ മോദി സര്‍ക്കാര്‍ പിന്തുടര്‍ന്നു വരുന്നതും മൗലികമായി അതേ മുതലാളിത്തനയം തന്നെ. സാമ്പത്തിക നയത്തിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്നു കോണ്‍ഗ്രസ് നയിച്ച സര്‍ക്കാരുകളും ബിജെപി നയിച്ച സര്‍ക്കാരുകളും തെളിയിച്ചു.
മതത്തോടുള്ള സമീപനത്തിന്‍റെ കാര്യത്തിലാണ് കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ മൗലികമായി വ്യത്യാസമുള്ളതായി പറയാറുള്ളത്. ബിജെപി ഹിന്ദുത്വനയത്തിന്‍റെ വക്താക്കളും പ്രയോക്താക്കളുമാണ്. രാജ്യത്തെ ഹിന്ദുത്വ സ്റ്റേറ്റാക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാല്‍ ഹിന്ദുമതത്തിലെ പട്ടികജാതി – പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും മറ്റ് പിന്നോക്കക്കാര്‍ക്കും മറ്റുള്ളവരുടേതുപോലെ തുല്യമായ പൗരാവകാശങ്ങള്‍ നല്‍കുന്നതിന് ബിജെപി എതിരാണ്. അക്കാര്യം ഇതിനകം പല സന്ദര്‍ഭങ്ങളിലും പല ഇടങ്ങളിലും അര്‍ഥശങ്കക്കിടയില്ലാത്തവിധം പ്രകടമാക്കപ്പെട്ടു കഴിഞ്ഞു.
കോണ്‍ഗ്രസ്സിന്‍റെ നയം അതിന്‍റെ പ്രഖ്യാപനങ്ങളിലും രേഖകളിലും ബിജെപിയുടേതില്‍നിന്നു ഭിന്നമാണ്. എന്നാല്‍, പ്രയോഗത്തില്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നയമാണ് പിന്തുടരുന്നത്. ബാബ്റി മസ്ജിദ് ബിജെപി പ്രവര്‍ത്തകര്‍ തകര്‍ക്കുമ്പോള്‍ കോണ്‍ഗ്രസ്സാണ് അധികാരത്തില്‍ ഉണ്ടായിരുന്നത്. മതനിരപേക്ഷതയിലും ന്യൂനപക്ഷ മതസംരക്ഷണത്തിലും ഉറച്ച നിലപാട് ഉണ്ടായിരുന്നെങ്കില്‍, ബാബ്റി മസ്ജിദ് തകര്‍ക്കപ്പെടുന്നത് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിയുമായിരുന്നു. അതുപോലെ രാജ്യത്ത് മതനിരപേക്ഷത സംശയരഹിതമായി നടപ്പാക്കാനും കഴിയുമായിരുന്നു.
എന്നാല്‍, അത്തരമൊരു സംശയാതീതമായ നിലപാട് കോണ്‍ഗ്രസ് ഒരിക്കലും കൈക്കൊണ്ടിരുന്നില്ല എന്നതാണ് വസ്തുത. ഹിന്ദു – മുസ്ലീം ഐക്യം തകര്‍ക്കപ്പെടാനും ഹിന്ദു വര്‍ഗീയതയ്ക്ക് രാജ്യത്ത് മേല്‍ക്കൈ ലഭിക്കാനും ഇടയായത് കോണ്‍ഗ്രസ് പ്രവൃത്തിയില്‍ കൈക്കൊണ്ട ഈ വഴുവഴുപ്പന്‍ നയമാണ്. ആ നയം കോണ്‍ഗ്രസ്സിലെ തന്നെ ഒരു വിഭാഗം ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും നയസമീപനം സ്വീകരിക്കുന്നതിന് ഇടയാക്കി; അവസാനം ബിജെപിയുടെ നിലപാടുകള്‍ അംഗീകരിക്കുന്നതിനും. റായ്പൂരില്‍ കോണ്‍ഗ്രസ് അംഗീകരിച്ച നിലപാടുകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഈ വസ്തുതകള്‍ കൂടി നാം പരിഗണിക്കേണ്ടതുണ്ട്.
കോണ്‍ഗ്രസ്സിന്‍റെ കേന്ദ്ര നേതൃത്വം അതിനു തയ്യാറാണ് എന്നു പറഞ്ഞതായാണ് റായ്പൂരില്‍ നടന്ന സമ്മേളനത്തിന്‍റെ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ അത് പ്രകടമായ നയംമാറ്റമാണ്. 2014ലെ പരാജയത്തിനുശേഷമല്ല, അതിനുമുമ്പും കോണ്‍ഗ്രസ് ബിജെപിയെ എതിര്‍ത്തിരുന്നത് ഹിന്ദുത്വവാദം മൃദുവായി പറഞ്ഞുകൊണ്ടാണ്. അന്നൊന്നും മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്‍റെയും കൊടിക്കൂറയല്ല അത് ഉയര്‍ത്തിയിരുന്നത്. ഇപ്പോള്‍ സോഷ്യലിസ്റ്റായവരുമായി കൂടി സഹകരിക്കാന്‍ തയ്യാറാണ് എന്നാണ് റായ്പൂരില്‍ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞത്. അത് ശരിയാണെങ്കില്‍ അത്രത്തോളം നല്ലത്. ഈ നയംമാറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്തെയും വിവിധ സംസ്ഥാനങ്ങളിലെയും ബിജെപി ഇതര കക്ഷികളുമായി സംവദിക്കുന്നതിനും ബിജെപിയെ തോല്‍പിക്കാന്‍ ശേഷിയുള്ള മുന്നണി മറ്റു പ്രത്യാഘാതങ്ങള്‍ ഉളവാക്കാതെ രൂപീകരിക്കുന്നതിനും കോണ്‍ഗ്രസ് നേതൃത്വം മുന്‍കൈയെടുക്കേണ്ടിവരും. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം റായ്പൂരിനുശേഷവും പഴയ പല്ലവിയും സമീപനവും ആവര്‍ത്തിക്കുന്നതായാണ് കാണുന്നത്. ♦