Saturday, June 22, 2024

ad

Homeനിരീക്ഷണംവീണ്ടും ചില പ്ലീനറി തമാശകള്‍

വീണ്ടും ചില പ്ലീനറി തമാശകള്‍

പി എസ് പ്രശാന്ത്

രണഘടനയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ബിജെപിയെ ചെറുത്ത് തോല്‍പിക്കാനുള്ള തന്ത്രങ്ങള്‍ക്ക് ഊടും പാവും നല്‍കി കോണ്‍ഗ്രസ് ഇനി മുതല്‍ പുതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും ജമ്മു കാശ്മീരിനും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി പുനഃസ്ഥാപിക്കും. ഹിമാചല്‍, ഉത്തരാഖണ്ഡ്,ആന്ധ്രാ സംസ്ഥാനങ്ങള്‍ക്ക് കൂടി പ്രത്യേക പദവി എന്നിങ്ങനെ നിരവധി പ്രമേയങ്ങളും,പ്രഖ്യാപനങ്ങളുമായി റായ്പൂരിലെ കോണ്‍ഗ്രസിന്‍റെ പ്ലീനറി സന്മേളനത്തിന് പതിവുപോലെ തിരശ്ശീല വീണു.

കോണ്‍ഗ്രസിന്‍റെ പ്ലീനറി സമ്മേളനം കുറ്റമറ്റ രീതിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി ജനാധിപത്യത്തിന്‍റെ മകുടോദാഹരണമായി സംഘടിപ്പിച്ചിരുക്കുന്നു എന്ന രസകരമായ തമാശ കൂടി സമ്മേളനത്തിന്‍റെ മുഖ്യ സംഘാടകന്‍ കെ സി വേണുഗോപാല്‍ പ്രമേയത്തിലൂടെ അവകാശപ്പെടുകയും ചെയ്തിരിക്കുന്നു.

ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി,ആഭ്യന്തര മന്ത്രി അമിത്ഷാ പോക്കറ്റില്‍ സൂക്ഷിച്ച ഒരു തുണ്ടുകടലാസ് നോക്കി റദ്ദാക്കിയപ്പോള്‍ പാര്‍ലമെന്‍റിനകത്ത് ഉണ്ടായിരുന്ന രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എം പിമാര്‍ എന്തുചെയ്യുകയായിരുന്നു?

അന്ന് കോണ്‍ഗ്രസിന്‍റെ സമുന്നത നേതാവായിരുന്ന ഗുലാം നബി ആസാദിനേയും, ഒമര്‍അബ്ദുള്ളയേയും, മറ്റു ജനനേതാക്കളേയും, കുടുംബാംഗങ്ങളേയും ഉള്‍പ്പെടെ നിരധിപേരെ മാസങ്ങളോളം ബന്ദിയാക്കി രണ്ട് കേന്ദ്ര ഭരണ പ്രദേശമാക്കിയപ്പോള്‍ കോണ്‍ഗ്രസ് എന്ത് പ്രതിഷേധമാണ് രാജ്യത്ത് സംഘടിപ്പിച്ചത്?

അന്ന് പ്രതികരിക്കാതെ നിശബ്ദത പാലിച്ചവര്‍ ജമ്മു കാശ്മീരിന് മാത്രമല്ല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഹിമാചലിനും ആന്ധ്രയ്ക്കും ലഡാക്കിനും വരെ പ്രത്യേക പദവി നല്‍കുമെന്ന് പ്ലീനറിയില്‍ പ്രമേയം പാസ്സാക്കുമ്പോള്‍ ചിരിക്കുകയല്ലാതെ എന്താ ചെയ്ക.!

മതത്തിന്‍റേയും ദേശത്തിന്‍റേയും അടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കുന്ന ‘പൗരത്വ ഭേദഗതി നിയമം’ രാജ്യത്തെ മതന്യൂനപക്ഷങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയപ്പോള്‍ ഇന്ത്യയിലെ വലിയ പാര്‍ട്ടി എന്ന് നടിക്കുന്ന കോണ്‍ഗ്രസ് എവിടെയായിരുന്നു?

ഇന്ത്യയിലെ സര്‍വകലാശാലകളുടെ അക്ഷരമുറ്റത്ത് മതനിരപേക്ഷതയുടെ തീക്ഷ്ണ യൗവ്വനത്താല്‍ മൊട്ടിട്ട് വളര്‍ന്ന ദേശീയ സമരത്തിന്‍റെ പരിസരത്തൊന്നും അന്ന് കോണ്‍ഗ്രസിനെ ആരും കണ്ടിട്ടില്ല.

റായ്പൂരിലെ പ്ലീനറി സമ്മേളനത്തില്‍ മതനിരപേക്ഷതയുടെ സംരക്ഷണത്തിന്‍റെ അവകാശം പറയുന്ന രാഹുല്‍,പ്രിയങ്കാ ഗാന്ധി മാരുടെ പൊടി പോലും അവിടെങ്ങും കണികാണാന്‍ പോലുമുണ്ടായിരുന്നില്ല. ഷഹീന്‍ ബാഗിലും ഡല്‍ഹിയിലെ ജുമാ മസ്ജിദിന് മുന്നിലും ഭരണകൂട സഹായത്താല്‍ സംഘപരിവാര്‍ ഭീകരത താണ്ഡവമാടിയപ്പോള്‍ ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ള കോണ്‍ഗ്രസിന്‍റെ കുറ്റകരമായ മൗനം എന്തിനായിരുന്നു.?

രാജ്യം മുഴുവന്‍ സമാരാഗ്നിയായി മാറേണ്ട സമയത്ത് അതിനുമുതിരാതെ റായ്പൂരില്‍ പ്രമേയം പാസാക്കിയിട്ട് എന്ത് കാര്യം. സംഘടിതമായ ചെറുത്തുനില്‍പ്പിന് രാജ്യത്തുടനീളം നേതൃത്വം കോടുക്കേണ്ട കോണ്‍ഗ്രസ് അന്ന് മൃദു ഹിന്ദുത്വത്തിന്‍റെ ദന്തഗോപൂരത്തിലായിരുന്നു.

പൗരത്വ ഭേദഗതിക്കായി പാര്‍ലമെന്‍റിലും കോടതിയിലും കോണ്‍ഗ്രസിന്‍റെ ജിഹ്വയായി മാറിയ കപില്‍ സിബലിനെ ഒറ്റപ്പെടുത്തി ആക്രമിക്കുകയും, കോണ്‍ഗ്രസില്‍ നിന്ന് ചവിട്ടിപ്പുറത്താക്കുകയും ചെയ്തു.

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കുകയും, അയോധ്യ കേസില്‍ അനുകൂല വിധി നേടിയെടുക്കുകയും ചെയ്ത ശേഷമുള്ള സംഘപരിവാറിന്‍റെ അടുത്ത മൂഖ്യ അജന്‍ഡയാണ് ഏകീകൃത സിവില്‍ കോഡ്. എല്ലാ വ്യക്തിഗത നിയമങ്ങള്‍ക്കും പകരം ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ ഇക്കഴിഞ്ഞ ഡിസംബര്‍ 9 ന് ബിജെപി രാജ്യസഭാംഗം കിരോഡി ലാല്‍ മീണ ഒരു സ്വകാര്യ ബില്‍സഭയില്‍ അവതരിപ്പിക്കുകയുണ്ടായി.

വിവാഹം, വിവാഹമോചനം, രക്ഷാകര്‍തൃത്വം, അനന്തരാവകാശം, ദത്തെടുക്കല്‍, പിന്തുടര്‍ച്ചാവകാശം, പരിപാലനം തുടങ്ങി എല്ലാ മതപരമായ ആചാരങ്ങളെയും ഒരു ഏകീകൃത നിയമത്തിന്‍ കീഴില്‍ കൊണ്ട് വരിക എന്നതാണ് ഇതിന്‍റെ പ്രത്യക്ഷമായ ലക്ഷ്യം.രാജ്യത്തിന്‍റെ സാമൂഹിക ഘടനയെ തകര്‍ക്കുന്ന ഈ ബില്ലിനെതിരെ ഇടതുപക്ഷം ഉള്‍പ്പെടെയുള്ള കക്ഷികള്‍ പാര്‍ലമെന്‍റിലെ വോട്ടെടുപ്പില്‍ എതിരായി നിലപാടെടുത്തു. കോണ്‍ഗ്രസിന്‍റെ എം പിമാര്‍ അന്ന് പാര്‍ലമെന്‍റില്‍ ഉണ്ടായിരുന്നില്ലായെന്നത് ആരേയും അത്ഭുതപ്പെടുത്തുന്ന നിലപാടാണ്.

കുറ്റമറ്റ രീതിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയെന്നവകാശപ്പെടുന്നവര്‍ കേരളത്തില്‍ കാട്ടിയ വിക്രിയകള്‍ വാര്‍ത്തകളില്‍ നാം കണ്ടതാണ്. ബൂത്തിലൊ,മണ്ഡലങ്ങളിലൊ,ജില്ലകളിലോ സംഘടനാ തിരഞ്ഞെടുപ്പിന്‍റെ ലാഞ്ചന പോലും ഇവര്‍ നടത്തിയില്ല.

കെപിസിസി ഓഫീസിന്‍റെ അടച്ചിട്ട മുറിയില്‍ പ്രസിഡന്‍റ് കെ സുധാകരനും ഇന്ത്യയില്‍ ഇന്ന് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്ന കെ സി വേണുഗോപാലും വിഡി സതീശനും ചേര്‍ന്നിരുന്നാണ് കേരളത്തിലെ പ്രതിനിധികളുടെ തട്ടിക്കൂട്ട് ലിസ്റ്റ് ഉണ്ടാക്കിയതെന്ന് ആര്‍ക്കാണ് അറിയാത്തത്. പട്ടിക പുറത്തുവന്നപ്പോള്‍ ഓരോ ജില്ലയിലും പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പണിയെടുക്കുന്നവരും,കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ പോലും പട്ടികയ്ക്ക് പുറത്തായി.

സംഘടനയില്‍ തങ്ങളുടെ ഫാന്‍സിനെ മാത്രം തിരുകി കയറ്റി ജനാധിപത്യത്തെ അരുംകൊല ചെയ്തിട്ട് കുറ്റമറ്റ രീതിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയെന്നൊക്കെ അവകാശപ്പെടുന്ന കെ സി വേണുഗോപാലിനേയും സംഘത്തേയും സമ്മതിക്കണം.

താഴെത്തട്ട് വരെ പേരിനെങ്കിലും സംഘടനാ ശേഷിയുള്ള കേരളത്തിലെ സ്ഥിതി ഇതാണെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ എന്തായിരിക്കും കഥ.ഉത്തര്‍പ്രദേശിലും ബീഹാറിലും മറ്റു പല സംസ്ഥാനങ്ങളിലും വോട്ടര്‍ പട്ടികയില്‍ നിന്നും പകര്‍ത്തിയാണ് പി സി സി അംഗങ്ങളെ ചേര്‍ത്തത് എന്നാണ് വാര്‍ത്തകള്‍. മത്സരിക്കുന്ന സമയത്ത് ശശി തരൂരിന് നല്‍കിയ അംഗങ്ങളുടെ പട്ടികയില്‍ അടിസ്ഥാന വിവരങ്ങള്‍ ഇല്ലാതെ പോയത് അതുകൊണ്ടാണ്. വോട്ടര്‍ പട്ടികയുടെ സൂതാര്യതയെ സംബന്ധിച്ച് സംഘടന തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായ വിവാദങ്ങള്‍ വലിയ വാര്‍ത്തകള്‍ ആയിരുന്നു.

കോണ്‍ഗ്രസിനെ രക്ഷിക്കു എന്ന മുദ്രാവാക്യമുയര്‍ത്തി പ്രസിഡന്‍റായി മത്സരിക്കാനിറങ്ങിയ ശശി തരൂര്‍ പ്ലീനറി സമ്മേളനം കഴിയുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെങ്കിലും വരുമോ എന്നത് കണ്ടുതന്നെ അറിയണം. അത്രകണ്ട് മഹനീയമാണ് കോണ്‍ഗ്രസിലെ ജനാധിപത്യ പ്രക്രിയ. മല്ലികാര്‍ജുന ഖാര്‍ഗയെ പ്രസിഡന്‍റായി തിരഞ്ഞെടുത്തതിനുശേഷം നിയമിച്ച അന്‍പതംഗ താല്‍ക്കാലിക സമിതിയില്‍ ശശി തരൂര്‍ എന്ന പേരിന്‍റെ പൊടി പോലും കാണാനുണ്ടായിരുന്നില്ല. സോണിയ, രാഹുല്‍, പ്രിയങ്ക ത്രയത്തിന്‍റെ ആജ്ഞാനുവര്‍ത്തിയായ ഖാര്‍ഗേയെ പ്രസിഡന്‍റായി തിരഞ്ഞെടുക്കാന്‍ ഏ കെ ആന്‍റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ എടുത്ത നിലപാടും രീതിയുമൊക്കെ ജനാധിപത്യ ചരിത്രത്തിലെ “നാഴികക്കല്ലുകളാണ്’.!

പതിവ് തെറ്റാതെ ഈ പ്ലീനറിയിലും രാഹുല്‍ സ്തുതികള്‍ മുഴങ്ങിക്കേള്‍ക്കുന്നു.പ്രിയങ്ക ഗാന്ധിയെ വരവേല്‍ക്കാന്‍ സമ്മേളനനഗരി വരെ രണ്ട് കിലോമീറ്റര്‍ ദൂരത്തോളം 20 ടണ്ണോളം റോസാ പുഷ്പ പാത ഒരുക്കിയിരുന്നു. വിമാനത്താവളം മുതല്‍ പുഷ്പവൃഷ്ടിയും നടത്തിയിരുന്നുവത്രേ.!

കോണ്‍ഗ്രസ് പ്രസിഡന്‍റായി ഖാര്‍ഗേ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും രാഹുലിനും പ്രിയങ്കയ്ക്കും ചുറ്റും വാല്‍നക്ഷത്രങ്ങളായി നേതാക്കളും പ്രവര്‍ത്തകരും ഇപ്പോഴും ചുറ്റിക്കറങ്ങുകയാണ്.

കോണ്‍ഗ്രസില്‍ നടക്കുന്ന പ്ലീനറികളും ശിബിരങ്ങളും ഇന്ത്യയിലുടനീളം തളര്‍ന്നുകിടക്കുന്ന സംഘടനാ സംവിധാനത്തെ കെട്ടിപ്പടുക്കുവാന്‍ ഉതകുന്ന തരത്തിലുള്ളതല്ല. പ്രത്യയശാസ്ത്ര പരമായ നിലപാടോ, നയങ്ങളളോ ലക്ഷ്യമോ ഇല്ലാത്ത അക്കോമഡേഷന്‍ സംവിധാനമായി ഹൈക്കമാന്‍ഡ് മുതല്‍ താഴെത്തട്ടു വരെയുള്ള സംഘടനാ സംവിധാനം മാറിയിരിക്കുന്നു. ഇലക്ഷന്‍ പ്രവര്‍ത്തനം മാത്രം നടത്തി എങ്ങനേയും അധികാരം പിടിക്കുക എന്ന ലക്ഷ്യത്തിലൂടെ മാത്രം സഞ്ചരിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. മഹാനായ സ്വാതന്ത്ര്യ സമര സേനാനി മൗലാന അബുല്‍ കലാം ആസാദിന്‍റെ ചിത്രം പ്ലീനറിയുടെ പരസ്യത്തില്‍ നിന്നും ഒഴിവാക്കിയതും യാദൃച്ഛികമായി തോന്നുന്നില്ല.

മുമ്പും കോണ്‍ഗ്രസില്‍ ഇത്തരം പ്ലീനറികളും, പ്രമേയങ്ങളും, സമിതികളുമൊക്കെ ഒരു പാട് ഉണ്ടായിട്ടുണ്ട്. 1999 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റപ്പോള്‍ എ കെ ആന്‍റണി അധ്യക്ഷനായി ഒരു സമിതിയെ തോല്‍വിയുടെ കാരണങ്ങള്‍ പഠിക്കാന്‍ ചുമതലപ്പെടുത്തി.ലോക്സഭാ സ്ഥാനാര്‍ത്ഥികളെ ആറു മാസം മുന്‍പും, നിയമസഭാ സ്ഥാനാര്‍ത്ഥികളെ മൂന്നു മാസം മുന്‍പും നിശ്ചയിക്കണമെന്ന റിപ്പോര്‍ട്ടും സമിതി നല്‍കി.എന്നാല്‍ അവസാന നിമിഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക എന്ന പതിവ് രീതി ഇപ്പോഴും കോണ്‍ഗ്രസില്‍ മാറ്റമില്ലാതെ തുടരുന്നു.

2007 ല്‍ രാഹുല്‍ ഗാന്ധി ജനറല്‍ സെക്രട്ടറി ആയി ചുമതലയേറ്റപ്പോള്‍ യുവാക്കളേയും മുതിര്‍ന്ന നേതാക്കളേയും ഉള്‍പ്പെടുത്തി പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു സമിതിക്ക് രൂപം നല്‍കി.ആ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് എ ഐ സി സി ഓഫിസില്‍ ഇപ്പോഴും പൊടിപിടിച്ച് വിശ്രമിക്കുന്നു.അതിനു ശേഷവും എ കെ ആന്‍റണി അധ്യക്ഷനായി പലവട്ടം പലസമിതികള്‍ നിയോഗിക്കപ്പെട്ടെങ്കിലും ഒരു കാര്യത്തിലും ഫലം കണ്ടിട്ടില്ല.റായ്പൂരിലെ പ്ലീനറി സമ്മേളനവും പ്രമേയങ്ങളും പ്രഖ്യാപനങ്ങളും ഇതേ ഗതിയില്‍ അവസാനിക്കാനാണ് എല്ലാവിധ സാധ്യതകളും. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

10 + seven =

Most Popular