ഇന്നും സജീവമായി അഭിനയരംഗത്ത് നില്‍ക്കുന്ന ഏറനാടിന്‍റെ ധീര പുത്രി നിലമ്പൂര്‍ ആയിഷയെ അനശ്വരമാക്കി കൊണ്ട് ഒരു സിനിമ ചെയ്യാന്‍ തയ്യാറായ ആമിര്‍ പള്ളിക്കല്‍ എന്ന നവാഗത സംവിധായകന് ലാല്‍ സലാം. 13 വയസ്സില്‍ വിപ്ലവ നാടക സംഘത്തില്‍ ചേര്‍ന്ന നിലമ്പൂര്‍ ആയിഷ അന്നും ഇന്നും എന്നും കമ്മ്യൂണിസ്റ്റ് ആണ്. ജീവിതം അവര്‍ക്കു മുന്നില്‍ എത്തിച്ച പരീക്ഷണങ്ങള്‍ നാടകത്തേക്കാള്‍ നാടകീയമായിട്ടും അവര്‍ തളരുകയോ തോല്‍ക്കുകയോ ചെയ്തില്ല. ഈ ലേഖികയോടും തന്‍റെ കഥ ആയിഷ പറഞ്ഞിട്ടുണ്ട്. നിസ്സംഗമായി മറ്റാരോടോ ഒരു സിനിമാ കഥ പറയുന്നതു പോലെ അവര്‍ താന്‍ അനുഭവിച്ച യാതനകള്‍ വിവരിക്കും. പക്ഷെ ഇടര്‍ച്ചയോ പതര്‍ച്ചയോ ആ വാക്കുകളില്‍ ഉണ്ടാവില്ല. ധീരയാണ്, കരുത്തയാണ് നിലമ്പൂര്‍ ആയിഷ.
മലയാളിക്ക് എന്നും അഭിമാനിക്കാവുന്ന ആ തലയെടുപ്പുള്ള വ്യക്തിത്വം വെള്ളിത്തിരയില്‍ എത്തിയപ്പോഴാകാം ഒരുപക്ഷെ പലരും യഥാര്‍ത്ഥ നിലമ്പൂര്‍ ആയിഷയെ തിരിച്ചറിഞ്ഞത്. അതും സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരിലൂടെ.
നിലമ്പൂര്‍ ആയിഷയുടെ ജീവിതം കുട്ടിക്കാലംമുതലേ സംഘര്‍ഷഭരിതമായിരുന്നുവെങ്കിലും കടുത്ത സാമ്പത്തിക പരാധീനത മൂലം സൗദി അറേബ്യയില്‍ ‘ഗദ്ദാമ’ ആയി പോയ കാലം ആണ് സിനിമയില്‍ മുഖ്യമായി ചിത്രീകരിച്ചിരിക്കുന്നത് . പക്ഷെ അവിടെ ഒരു അതിസമ്പന്ന കുടുംബത്തിലെ മമ്മ എന്ന് എല്ലാവരും വിളിക്കുന്ന തറവാട്ടമ്മയുടെ പ്രിയപ്പെട്ടവളായി ആയിഷയ്ക്ക് മാറാന്‍ കഴിഞ്ഞു. അങ്ങനെ ആയിരിക്കുമ്പോഴും തന്‍റെ വിശ്വാസങ്ങള്‍, നിലപാടുകള്‍ ആയിഷ കൈവിടുന്നില്ല. ഈശ്വര വിശ്വാസത്തെ കുറിച്ച് പറയുമ്പോള്‍ മമ്മ പറയുന്നുണ്ട്, ഇതൊന്നും നിന്നോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ, നീ കമ്മ്യൂണിസ്റ്റ് അല്ലെ എന്ന്? കേരളത്തിലെ പാര്‍ട്ടിയെ കുറിച്ച് അപ്പോള്‍ ആയിഷ വിവരിക്കുന്നുമുണ്ട്. പാര്‍ട്ടിയില്‍ വിശ്വാസികളും അവിശ്വാസികളും ഉണ്ടെന്നും അത് വ്യത്യസ്തമാണെന്നും.
ഇടയ്ക്ക് ചില മലയാളികള്‍ ആയിഷയെ തിരിച്ചറിയുന്നത് ആവേശകരമായാണ് സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത് . എന്നാല്‍ മമ്മയും ആ വീട്ടുകാരും ആയിഷയെ അഭിനേത്രി എന്ന തരത്തില്‍ അംഗീകരിക്കുന്നു.
ഇടക്ക് ആയിഷ നാട്ടില്‍ വരുമ്പോഴും പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നുണ്ട്. ചെങ്കൊടി പിടിച്ചു വീടുവീടാന്തരം കയറി ഇറങ്ങുന്ന ആയിഷയെ നാട്ടുകാര്‍ മറക്കുന്നില്ല. പക്ഷെ മമ്മക്ക് വേണ്ടി വീണ്ടും ആയിഷ നാട്ടില്‍ നിന്നും പോകുന്നു.
ഇത്തരത്തില്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ നിലമ്പൂര്‍ ആയിഷയ്ക്ക് ആദരവ് കൊടുത്തത് ഏറ്റവും അഭിനന്ദനാര്‍ഹമാണ്.
അറബി ഭാഷ കൂടി ഉള്‍പ്പെടുത്തി സബ് ടൈറ്റില്‍ നല്‍കിയാണ് സിനിമ തീയേറ്ററില്‍ എത്തിയത്. ഫിലിം ഫെസ്റ്റിവലും OTT സിനിമകളും കണ്ടു ശീലിച്ചവര്‍ക്ക് ഇപ്പോള്‍ അതൊരു ബുദ്ധിമുട്ടാകാന്‍ ഇടയില്ല. സിനിമ എന്ന തരത്തില്‍ അല്‍പ്പം കൂടി രാകിമിനുക്കലുകളാകാം എങ്കിലും പ്രമേയം ആ കുറവ് പരിഹരിക്കും. അനാവശ്യമായ ഗാന, നൃത്ത രംഗങ്ങളും തിരുകികയറ്റിയപോലെ തോന്നുന്ന ചില സംഭാഷണശകലങ്ങളും ഒഴിവാക്കാമായിരുന്നു എന്ന് മാത്രം.
“മാളികപ്പുറത്തമ്മ” സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വല്ലാതെ കൊട്ടിഘോഷിച്ചുകൊണ്ട് അവരുടെ സിനിമയാക്കി മാറ്റുമ്പോള്‍ ആയിഷയ്ക്ക് വേണ്ടത്ര പ്രചാരണം കിട്ടിയില്ല എന്നാണ് തോന്നുന്നത് . യഥാര്‍ത്ഥത്തില്‍ ‘മാളികപ്പുറത്തമ്മ’ ഒരു കുട്ടിയുടെ അദമ്യമായ ഒരു മോഹത്തെക്കുറിച്ചുള്ള സിനിമ മാത്രമാണ്. ശബരിമല വിവാദം ഇതിന്‍റെ മാര്‍ക്കറ്റിംഗ് തന്ത്രം ആക്കി തീര്‍ത്തു എന്ന് മാത്രം. ഒരു കുട്ടിക്ക് വേളാങ്കണ്ണിയില്‍ പോകാനോ താജ്മഹല്‍ കാണാനോ ഉത്സവത്തിനു പോകാനോ ആഗ്രഹിക്കുന്ന പ്രമേയവും ഇതേ രീതിയില്‍ ചെയ്യാം . അതിനപ്പുറം ആ സിനിമക്ക് ഒരു സവിശേഷതയും ഇല്ല. എന്നിട്ടും അത് ആഘോഷിക്കപ്പെടുന്നതിന്‍റെ പിന്നില്‍ സംഘപരിവാര്‍ രാഷ്ട്രീയം ആണ്. ആയിഷ ആഘോഷിക്കപ്പെടാത്തതും രാഷ്ട്രീയം തന്നെയാണ്.♦