ഇസ്രയേലുമായും അമേരിക്കയുമായും അടുത്ത സൗഹൃദമുള്ള രാജ്യമാണ് ഖത്തർ. ഗൾഫ് മേഖലയിലെ അമേരിക്കയുടെ ഏറ്റവും വലിയ വേ-്യാമസേനാത്താവളം ഖത്തറിലാണുള്ളത്. സെപ്തംബർ 9ന് ഈ താവളത്തിന് തൊട്ടടുത്തായാണ് ജനവാസ മേഖലയിൽ ഹമാസിന്റെ പ്രതിനിധിസംഘം താമസിച്ചിരുന്ന കെട്ടിടം ലക്ഷ്യമാക്കി ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ച ചർച്ചയ്ക്കായാണ്, അമേരിക്കയുടെകൂടി നിർദേശപ്രകാരം, ഹമാസ് പ്രതിനിധിസംഘം ദോഹയിലെത്തിയത്. അങ്ങനെ സമാധാന ചർച്ചയ്ക്കായി വിളിച്ചുവരുത്തിയവരെയാണ്, കൊലപ്പെടുത്താൻ ഇസ്രയേൽ പദ്ധതി ആസൂത്രണം ചെയ്തത്. ഇസ്രയേലിന്റെ ആക്രമണ നീക്കം അമേരിക്ക അറിഞ്ഞിരുന്നുവെന്നതും ഉറപ്പാണ്. സാമ്രാജ്യത്വ ശക്തികളുടെയും ശിങ്കിടികളുടെയും ചതിയും മനുഷ്യത്വമില്ലായ്മയുമാണ് ഇത് കാണിക്കുന്നത്. മധ്യപൂർവ്വേഷ്യയിൽ ഇസ്രയേലും അമേരിക്കയും നടത്തുന്ന ആക്രമണങ്ങളിലേക്ക് വിരൽചൂണ്ടുന്നതാണ് ഈ ലക്കം കവർസ്റ്റോറി. വിജയ് പ്രഷാദ്, ഡോ. ടി എം തോമസ് ഐസക്, ഒ കെ പരുമല (ഖത്തർ), എ എം ഷിനാസ്, ആര്യ ജിനദേവൻ, രേണു രാമനാഥ്, ഗിരീഷ് ചേനപ്പാടി എന്നിവരാണ് ലേഖകർ.
1948ലാണ് പലസ്തീൻ പ്രദേശത്ത് ഇസ്രയേൽ സ്ഥാപിക്കപ്പെട്ടത്. ഒന്നാം ലോകയുദ്ധാനന്തരം, പല യൂറോപ്യൻ രാജ്യങ്ങളിലായി ചിതറിക്കഴിഞ്ഞിരുന്ന ജൂത സമൂഹത്തെ സാമ്രാജ്യത്വ ശക്തികൾ ഒരുമിച്ചുകൂട്ടി, അക്കാലത്ത് ബ്രിട്ടന്റെ അധീനതയിലായിരുന്ന പലസ്തീൻ പ്രദേശത്തു കൊണ്ടുവന്ന് പാർപ്പുറപ്പിക്കുകയാണുണ്ടായത്. നൂറ്റാണ്ടുകളായി അവിടെ പാർത്തിരുന്ന മനുഷ്യരെയാകെ ആട്ടിയോടിച്ചാണ് ഈ പുതിയ കുടിയേറ്റത്തിന് തുടക്കം കുറിച്ചത്. അപ്പോൾ മുതൽ, അതായത് 1948നു മുൻപുതന്നെ, അറബ് ജൂത സംഘർഷവും തുടങ്ങിക്കഴിഞ്ഞു. പുതിയ കുടിയേറ്റക്കാർ വരുന്നതിനു മുൻപ് തലമുറകളായി അവിടെ ജൂതരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും (ഇവരെല്ലാം അറബികളുമായിരുന്നു) സൗഹൃദത്തോടെ കഴിഞ്ഞിരുന്നതാണ്.
സിയോണിസ്റ്റ് കുടിയേറ്റക്കാർ പലസ്തീൻ മേഖലയിൽ ആധിപത്യം സ്ഥാപിച്ചതുമുതൽ ഭീകരപ്രവർത്തനവും തുടങ്ങി. പലസ്തീൻ പ്രദേശത്തുനിന്ന് അറബികളെ ഉന്മൂലനം ചെയ്യലാണ് സിയോണിസ്റ്റ് ഭീകരരുടെ ലക്ഷ്യം. അന്താരാഷ്ട്ര നിയമങ്ങളെയും സ്വാഭാവിക നീതിയെയും മനുഷ്യത്വത്തെപോലും വെല്ലുവിളിച്ചും ലംഘിച്ചുമാണ് തുടക്കം മുതൽ ഇസ്രയേൽ പ്രവർത്തിക്കുന്നത്. മധ്യപൂർവ മേഖലയിലെ സംഘർഷങ്ങളുടെ മൂലഹേതു മതമോ വംശീയതയോ അല്ല, അതിന്റെ മറപറ്റി ആധിപത്യത്തിനു ശ്രമിക്കുന്ന ആഗോള സാമ്രാജ്യത്വവും മൂലധനശക്തികളുമാണെന്നത് നാം സദാ ഓർത്തിരിക്കണം.
മുതലാളിത്തം സമാധാനത്തിനും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും അടിസ്ഥാനപരമായിത്തന്നെ എതിരാണ്. അതിന് ലാഭം മാത്രമാണ് വേണ്ടത്. കൊള്ളലാഭത്തിനായി അത് ചോരപ്പുഴകളൊഴുക്കും, കൂട്ടക്കുരുതികൾ നടത്തും. പിഞ്ചുകുഞ്ഞുങ്ങളെവരെ കൊന്നൊടുക്കും. ആ മുതലാളിത്തത്തിന്റെ, അതിന്റെ ഉയർന്ന രൂപമായ സാമ്രാജ്യത്വത്തിന്റെ ആധിപത്യത്തിനായുള്ള ഇളകിയാട്ടമാണ് ഇന്ന് പലസ്തീനിലും ഇറാനിലും ലബനനിലും ഖത്തറിലുമടക്കം മധ്യപൂർവ്വ മേഖലയിലാകെ നടക്കുന്നത്. l



